ഇതാണ് നീലകണ്ഠന്റെ കുറിപ്പ് - മറുപടി കുറിപ്പ് താഴെ കൊടുക്കുന്നു
ആരാണ് സിൽവർ ലൈൻ പാതയുടെ യഥാർത്ഥ ഉടമസ്ഥർ?
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
by സിആർ നീലകണ്ഠൻ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരു പക്ഷെ ഇതുവരെ മറച്ചുവെക്കപ്പെട്ടതും കേരളത്തിന്റെ പൊതുസമൂഹം ചർച്ച ചെയ്യാതെ പോയതുമായ ഒരു മേഖലയാണിത്. ഡോ. തോമസ് ഐസക്കടക്കം ഈ പദ്ധതതിയെ പിന്താങ്ങുന്നവരെല്ലാം പറയുന്നത് ഇത് കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ പൂർണ ഉടമസ്ഥതയിലുള്ള പദ്ധതിയാണ് എന്നാണ്. അതുകൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ ഒരു പൊതു ആവശ്യമുള്ള പദ്ധതിക്കുവേണ്ടി എന്ന രീതിയിൽ അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു പിപിപി അഥവാ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതി ആണ്.
ഡിപിആർ സെക്ഷൻ 17 പദ്ധതിക്ക് വേണ്ട ധനസമാഹരണം എങ്ങനെ എന്ന് വ്യക്തമാക്കുന്നുണ്ട്. ആരായിരിക്കും ഈ ആസ്തികളുടെ ഉടമസ്ഥർ? ആർക്കായിരിക്കും ഇതിന്റെ ബാധ്യത? -അഥവാ ആരുടെ സ്ഥാപനമായിരിക്കും ഇത്? കെആർഡിസിഎൽ എന്ന സ്ഥാപനം കേന്ദ്ര റെയിൽവേ ബോർഡിനും സംസ്ഥാനസർക്കാറിനും യഥാക്രമം 49 :51 എന്ന അനുപാതത്തിൽ ഓഹരി ഉടമസ്ഥതയുള്ള സ്ഥാപനമാണ്. എന്നാൽ അവരാണോ ഈ പദ്ധതിയുടെ യാഥാർഥ ഉടമസ്ഥർ? അങ്ങനെയാണ് അനുകൂലികൾ പ്രചരിപ്പിക്കുന്നത്. അതാണ് ഇവിടെ പരിശോധിക്കുന്നത് .
ഡിപിആറിലെ സെക്ഷൻ 17 ൽ കൊടുത്തിരിക്കുന്ന പട്ടിക 17.1 പറയുന്നത് ഇങ്ങനെയാണ്. രണ്ട് മൂന്ന് തരത്തിലാണ് പ്രതീക്ഷിത ചിലവായ 63940.67 കോടി രൂപ സമാഹരിക്കുന്നത്. അതിൽ ഓഹരിയുണ്ട്, വായ്പയുണ്ട്. പിന്നെ കുറച്ചു പണം കേന്ദ്ര സംസ്ഥാനനികുതിയിളവായിരിക്കും. പലതും പ്രതീക്ഷകൾ മാത്രം. കേന്ദ്ര സർക്കാർ പണമായി 2150 കോടി രൂപയും ഭൂമിയായി 975 കോടി രൂപയും ഓഹരിയായി മുതൽ മുടക്കും. (ഇതിൽ രൂപയായി ഒരു പൈസയും നൽകില്ലെന്ന് അവർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട് എന്നത് മറ്റൊരു വിഷയം) . സംസ്ഥാനസർക്കാറിന്റ ഭാഗമായി 3252.56 കോടി രൂപ നൽകും. ഇതും ഓഹരിയാണ്. കൂടാതെ സ്വകാര്യ ഓഹരികളായി പൊതു കമ്പോളത്തിൽ നിന്നും 4251.71 കോടി രൂപ പിരിക്കും. കേന്ദ്രസർക്കാർ നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഓഹരിത്തുക കിട്ടിയാൽ മൊത്തം 10630.27 കോടി രൂപ ആകും. ബാക്കി ഈ പദ്ധതിയുടെ പണം മിക്കവാറും കടമാണ്. വിദേശ ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വായ്‌പ 33699.80 കോടി രൂപയാകും . ബാക്കി കിഫ്‌ബി പോലുള്ള സംസ്ഥാനസ്ഥാപനങ്ങളിൽ നിന്നുമാകും. ഇതൊക്കെ പഴയ കണക്കാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിദേശനാണയമൂല്യത്തിലെ വർധനവും നാട്ടിലെ വിഭവങ്ങളുടെ വിലവര്ധനവും പരിഗണിച്ചാൽ വായ്പായുടെ അളവ് ഇനിയും വളരെയധികം കൂടും. ഓഹരിയുടെ പങ്കു വളരെ കുറയും. അന്താരഷ്ട്രവായ്പയുടെ ജാമ്യക്കാരായി തങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്ര പറഞ്ഞു കഴിഞ്ഞു. മുഴുവൻ ബാധ്യതയും സംസ്ഥാനത്തിനു തന്നെ. കേന്ദ്രം ചില നികുതി ഇളവുകൾ നല്കുമെന്നുള്ള പ്രതീക്ഷയിലാണ് ഡിപിആർ. അതിൽ ഒരു വിധ ഉറപ്പും ഇല്ല. അല്ലാത്തപക്ഷം ആ അധിക ബാധ്യതയും (ഏകദേശം 3188 കോടി)സംസ്ഥാനത്തിന് വരും.
ഇനിയാണ് ട്വിസ്റ്റ് വരുന്നത്. മേല്പറഞ്ഞ വായ്പകളും മൂലധവും മുടക്കി ലഭിച്ച ആസ്തികൾ ( നാട്ടുകാരിൽ നിന്നും പിടിച്ചെടുത്തതും മറ്റു സർക്കാർ ഭൂമികളുമടക്കം അയ്യായിരത്തോളം ഏക്കർ ഭൂമി, നിർമ്മാണത്തിനാവശ്യമായ പണം, കടം കൊണ്ട് ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ മുതലായവ) മൊത്തമായി മറ്റൊരു സ്ഥാപനത്തിന്- എസ്‌പിവിക്ക് ( സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) കൈമാറുന്നു. അവരായിരിക്കും ഇതിന്റെ മുഴുവൻ ഉടമസ്ഥർ. ഈ കമ്പനിയുടെ ഘടന എന്താണെന്ന് ഡിപിആർ പറയുന്നു. പുതിയ കമ്പനിയിൽ കേവലം 26 ശതമാനം മാത്രമേ കെ ആർ ഡിസിഎല്ലിന് ഉണ്ടാകൂ. അതിൽ തന്നെ ഈ കൂട്ട് കച്ചവടത്തിൽ റെയിൽവേയുടെ പങ്കു പരമാവധി കുറക്കണമെന്നു റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുമുണ്ട്. അതായത് ഇതൊരു സർക്കാർ സ്ഥാപനമല്ല, മറിച്ച് 74 ശതമാനം സ്വകാര്യ ഓഹരി മൂലധനമുള്ള കമ്പനിയാണ്. അയ്യായിരത്തിലധികം ഏക്കർ ഭൂമി ദീർഘകാലത്തേക്ക് ( 99 വര്ഷം) സർക്കാർ ഈ കമ്പനിക്കു പാട്ടത്തിനു കൊടുക്കും. ഈ ഭൂമി ഈടായി നൽകി കമ്പനി മറ്റൊരു വായ്പ എടുക്കും. കമ്പനി വലിയ നഷ്ടത്തിൽ പോയാലും ഇവർക്ക് പ്രശനമില്ല. ആ വായ്പ തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്കിന് ചെയ്യാവുന്നത് ഈ ഭൂമി പിടിച്ചെടുക്കലാണ്. പാട്ടത്തിനെടുത്ത ഭൂമി ഈട് നൽകി വായ്‌പ എടുക്കുന്നതിനു ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥരായ കെആർഡിസിഎൽ അനുമതി നൽകിയാൽ മതി. ഇതൊക്കെ സാധ്യമാണോയെന്നു ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ വല്ലാർപാടം അന്താരഷ്ട്ര കണ്ടെയ്നർ ടെർമിനൽ, വിഴിഞ്ഞം ടെർമിനൽ തുടങ്ങിയവ എന്താണ് ചെയ്തതെന്ന് പരിശോധിച്ചാൽ മതി. അതാണ് മാതൃക.
പൊതുകമ്പോളത്തിൽ നിന്നും ഓഹരിയടക്കം പലരെയും ഈ കമ്പനിയിൽ ഓഹരിക്കാർ ആക്കും. അംബാനിയും അദാനിയും വരെ ഉണ്ടാകാം. എന്നാൽ വിദശവായ്പയടക്കം മേല്പറഞ്ഞ ഒരു ബാധ്യതയും അവർക്കില്ല താനും. കാരണം വായ്പക്ക് ജാമ്യക്കാർ സർക്കാരാണ്, ജനങ്ങളാണ്. സ്വകാര്യ ഓഹരി ഉടമകൾക്കു ബാധ്യത അവർ ഓഹരിക്കായി മുടക്കുന്ന ചെറിയൊരു തുക മാത്രം. പക്ഷെ ഉടമസ്ഥത 74 ശതമാനം ആസ്തികൾക്കും മേലെയുണ്ടാകും. ഇതിനെയാണ് പിപിപിഎന്ന് വിളിക്കുന്നത്.
ഇവിടെ വലിയൊരു കൊള്ള നടത്തുന്നതിന്റെ കഥ നാം കാണുന്നു. ഇടതുസർക്കാർ ആയതിനാൽ പിപിപി എന്ന് നേരിട്ട് പറയാതെ ഇതിനു വിളിക്കുന്ന ഓമനപ്പേരാണ് സിയാൽ മാതൃക. അവിടെയും ജനങ്ങളുടെ ഭൂമി ചെറിയ വിലക്ക് വാങ്ങി സ്വകാര്യ കമ്പനിക്കു നൽകി. അവർ അത് റിയൽ എസ്റ്റേറ്റ് വിലക്ക് മറിച്ച് വിറ്റു വൻ ലാഭം ഉണ്ടാക്കി . ഒരു ഔദാര്യം അവർ ചെയ്യുന്നു. കേവലം 26 ശതമാന മാത്രം ഓഹരിയുള്ള സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ മുഖ്യമന്ത്രിയെ ഡയറക്ടർ ബോർഡിന്റെ അധ്യക്ഷനാക്കും. ഇവിടെയും അതുണ്ടാകാം.
രണ്ടാമത്തെ മറ്റൊരു വെട്ടിപ്പ് സ്ഥാപനം കൂടിയുണ്ട്. സ്മാർട്ട് സിറ്റികൾക്കെന്ന പേരിൽ സർക്കാരിന്റെ കൈവശം വരുന്ന പതിനായിരക്കണക്കിനേക്കർ ഭൂമി ഇതുപോലെ മറ്റൊരു കറക്ക് കമ്പനിക്കു നൽകും. അവിടെയും ഇത് തന്നെയാകും രീതി. സർക്കാരാണ് ഭൂമി ഏറ്റെടുക്കുന്നതിന്റെ മുഴുവൻ സാമൂഹ്യ സാമ്പത്തിക ബാധ്യതകളും വഹിക്കുന്നത്. ആ ഭൂമി മൂലധനമായുള്ള കമ്പനിയുടെ ഓഹരികളിൽ 74 ശതമാനവും സ്വകാര്യ മേഖലക്കായിരിക്കും. അവർ ആ ഭൂമി വലിയ വിലക്ക് മറിച്ച് വിൽക്കുകയോ 99 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു നൽകുകയോ ചെയ്യും.
സിൽവർ ലൈൻ വലിയ നഷ്ടത്തിലാകും എന്നറിയാം. അതിന്റെ നഷ്ടം നികത്താൻ ഈ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ലാഭത്തിലെ ഒരു പങ്കു ആദ്യം പറഞ്ഞ കമ്പനിക്കു നൽകും എന്ന ഒരു വാചകം ഡിപിആറിൽ ഉണ്ട്. നിയമപരമായി അതെങ്ങനെ സാധ്യമാകും എന്നതൊക്കെ മറ്റൊരു വിഷയം. സ്വകാര്യ മേഖലക്ക് 74 ശതമാനം ഉടമസ്ഥതയുള്ള ഒരു കമ്പനി എങ്ങനെ പ്രവർത്തിയ്ക്കണം എന്ന് സർക്കാരിന് പറയാൻ കഴിയുമോ? സർക്കാർ നൽകുന്ന ഭൂമിയിൽ വ്യാപാരം നടത്തുന്നവർ നിലവിലുള്ള സ്വാകാര്യ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും ഒരു വെല്ലുവിളിയാണല്ലോ. ചുരുക്കത്തിൽ നാട്ടിലെ ജനങ്ങളുടെ സമ്പത്തും ബാധ്യതകളും കൊണ്ട് കുറച്ചു പേര് സമ്പന്നരാകുന്ന ഇടപാടിനാണ് ക്രോണി മുതലാളിത്തത്തിന്റെ കാലത്തു പിപിപി എന്ന് വിളിക്കുന്നതെന്നും ഇത് സ്വതന്ത്രമുതലാളിത്തം എന്നതിന്റെ തത്വങ്ങൾക്ക് പോലും എതിരാണെന്നും രണ്ട് പതിറ്റാണ്ട് മുമ്പ് നാടാകെ പ്രസംഗിച്ച, നമ്മളെയൊക്കെ പഠിപ്പിച്ച തോമസ് ഐസക്ക് അടക്കമുള്ളവർ ഈ കൊള്ളയെ ന്യായീകരിക്കുകയാണ്. ഈ പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ബാധ്യതകൾ മുഴുവൻ ജനങ്ങൾക്ക് മാത്രം.
ഈ വസ്തുതകൾ പുറത്തു വന്നാൽ ഭൂമി ഏറ്റെടുക്കൽ അത്ര എളുപ്പമാകില്ല. പൊതു സ്ഥാപനത്തിന് വേണ്ടിയുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നതെന്ന ധാരണയിലാണ് കോടതികൾ പോലും ഇതിനെ പിന്തുണക്കാൻ തയ്യാറാകുന്നത്. എന്നാൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ നിയമവ്യവസ്ഥകൾ വ്യത്യസ്തമാണ്. ഭൂമിനഷ്ടപ്പെടുന്നവരുടെ 70 ശതമാനം അറിവോടെയുള്ള സമ്മതം (INFORMRD CONSENT) വേണം. സാമൂഹ്യാഘാത പഠനം അതിനു ശേഷമാകും നടത്തുക. ഇത് കോടതിയെ എങ്ങനെ ബോധ്യപ്പെടുത്തതാണ് കഴിയും എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി.
സി.ആർ.നീലകണ്ഠൻ.
-------------------------------------
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
ഇതിൽ പറയുന്ന കുറെ കാര്യങ്ങൾ ശരിയാണ്, മറ്റു ചിലവ അർദ്ധശരിയും. അത് പോലെ തന്നെ ചിലവ ഈ വിഷയമായി ബന്ധപ്പെട്ടതും, മറ്റുചിലവ വെറുതെ നിരത്തിവെക്കുന്നതും.
ഉടമസ്ഥത - അതാണല്ലോ പ്രധാന പരമാർശ വിഷയം. ഇത്തരം ഏർപ്പാടുകളിലെ വേണ്ട ഉടമസ്ഥാവകാശം എന്തായിരിക്കണം ? പൂർണമായി സർക്കാർ ? പൂർണമായി സ്വകാര്യം ? അല്ല സഹകരണ പ്രസ്ഥാനം ?
നീലകണ്ഠനെ പോലെയുള്ളവർ ഈ നിലപാട് ഒരിക്കലും വ്യക്തമാക്കില്ല; സ്വന്തം നിലപാട് പോലും പറയില്ല. പിന്നെ ഇദ്ദേഹവും ഒരു രാഷ്ട്രീയക്കാരൻ തന്നെ ! ആപ്പാണ് - aap. എന്നാൽ നടനം സ്വതന്ത്ര-നിക്ഷ്പക്ഷ കക്ഷി എന്നാണ്. അത് സാരമില്ല, അത് വ്യക്തിപരമാണ്. പക്ഷെ ഒരു വ്യകതി എന്തുകൊണ്ട് ഒരു നിലപാട് എടുക്കുന്നു, പറയുന്നു, പരത്തുന്നു എന്നത് മനസ്സിലാക്കാൻ അത്തരത്തിലുള്ള പശ്ചാത്തല വിവരം സഹായിക്കും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഏറെക്കുറെ ഈ പറയുന്ന പി-പി-പി സംവിധാനം തന്നെ. ഇന്ന്, പലകൈകൾ മാറിമറിഞ്ഞ ശേഷം സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയഉടമ യൂസഫ് അലി ആണ്. കേരളത്തിലെ പല വലിയ പദ്ധതികളിലും അത്തരത്തിലുള്ളവയാണ് എന്ന് പൊതുവെ അറിവുള്ളതാണ്.
ഏറ്റവും നന്ന് പൂർണമായും സർക്കാർ ഉടമസ്ഥത തന്നെയാണ്; പക്ഷെ ഇന്നത്തെ വിപണി-മുതലാളിത്ത സമ്പത് വ്യവസ്ഥയിൽ ഇത് അസാധ്യമായി കൊണ്ടിരിക്കുന്നു. പണം തന്നെ വലിയ പ്രശ്നം. ദേശീയ പതാക വാഹകൻ എന്ന് വിളിച്ചിരുന്ന എയർ ഇന്ത്യ പൂർണമായും ടാറ്റക്ക്; തിരുവനന്തപുരം വിമാനത്താവളം പൂർണമായും അദാനിക്ക്; ഹിന്ദുസ്ഥാൻ ലാറ്റക്സ് ഉടൻ പൂർണമായും സ്വകാര്യമായി വിൽക്കും - അതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന് മാധ്യമങ്ങൾ പറയുന്നു.
കേരളത്തിൽ വ്യവസായിക ഇടനാഴി; IT പാർക്കുകൾ; വിനോദസഞ്ചാര കേന്ദ്രങ്ങൾ; സീപ്ലെൻ തുടങ്ങി നിരവധി കാര്യങ്ങൾ പറയപ്പെടുന്നു; എല്ലാം ഏറെക്കുറെ ഈ പി പി പി മോഡൽ തന്നെ. സ്ഥലം സർക്കാരിന്റെ; അല്ലെങ്കിൽ ഏറ്റെടുത്തു കൊണ്ടുകണം. പലപ്പോഴും വികസിപ്പിച്ചും കൊടുക്കണം - നടത്തിപ്പും ഉടമസ്ഥതയും നിശ്ചിത കാലത്തേക്ക് സ്വകാര്യ കമ്പനികൾക്കും. പിന്നീട് ഒരുകാലത്തും തിരിച്ചു കിട്ടില്ല എന്നതാണ് സത്യം. എത്രപേർക്കറിയാം കളമ്മശേരിയിലെ പ്രീമിയർ ടയർ എന്നസ്ഥാപനത്തിന് നിശ്ചയ കാലയളവിന് ആ പരിപാടിക്ക് മാത്രം നൽകിയ സ്ഥലം ഇന്ന് അവർ അപ്പോളോ ടയർ എന്നസ്ഥാപനത്തിന് ഒരുവർഷം 60 കോടി പാട്ടത്തിന് നൽകിയിരിക്കുന്നു എന്ന് ? പ്രീമിയർ ടയർ ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനമാണ്; അവരുടെ വാർഷിക കണക്കുകൾ പൊതുയിടങ്ങളിൽ കിട്ടും - നോക്കാം - അറിയാം. സർക്കാരിന് ഒരു .......മില്ല ! PTL Enterprises Ltd., (formerly known as Premier Tyres Ltd.) ("PTL") was incorporated as a public limited company in the year 1959. The tyres manufacturing facility of PTL at Kalamassery, Kerala, is leased out to ApolloTyres Limited on long term basis. All production is done by Apollo Tyres Limited. https://www.bseindia.com/bseplus/AnnualReport/509220/68587509220.pdf
ഇതിലൊന്നും നീലകണ്ഠൻ നിലപാട് എടുക്കയോ, സമരത്തിന് ഇറങ്ങുകയോ ചെയ്യുന്നില്ല; അതുകൊണ്ട് കെറെയിൽ പദ്ധതിയിൽ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുകൂടാ എന്നല്ല; മറിച് നിലപാടിലെ വൈരുധ്യം കാണണം എന്നുമാത്രം.
വിമർശനങ്ങൾ ഉയർത്തുമ്പോൾ; ചോദ്യം ചെയ്യുമ്പോൾ മറ്റ് പോംവഴികളും നിര്ദേശിക്കണം - അതാണ് നല്ല കീഴ്വഴക്കം - ഇവിടെത്തെ കുറിപ്പിൽ അതില്ല. കേന്ദ്ര റയിൽവെയുടെ പങ്ക് പരമാവധി കുറക്കണം എന്ന് കാണുന്നു. അപ്പോൾ അവരോട് പൂർണമായും സഹകരിക്കണം എന്നാണോ പറയേണ്ടത് ? അതിനോടുള്ള നിലപാടെന്ത് ?
നഷ്ടത്തിലാകും - ശരിയാണ്, ആയിരിക്കാം - അപ്പോൾ നഷ്ടത്തിലുള്ളവ വേണ്ട ? ksrtc, metro, water authority, kseb, govt hospital, സർക്കാർ സ്‌കൂൾ [srv അടക്കം] വേണ്ട ? ലാഭ-നഷ്ടം എന്ന കണ്ണടയിലൂടെ മാത്രം കണ്ടാൽ നീലകണ്ഠൻ തന്നെ പറയുന്ന കാര്യങ്ങൾ ശരിയല്ല എന്നുവരും. കാരണം ഒരുപാട് ലാഭം കിട്ടിയാൽ ഇത്തരം ഏർപ്പാടുകൾ നടത്താം എന്നാണോ നിലപാട് ?
ചങ്ങാത്ത-മുതലാളിത്തം - crony capitalism - ശരിയായ നിരീക്ഷണം - അതുതന്നെ ! മേല്പറഞ്ഞതിലൊക്കെ അതുതന്നെ ! ആ രീതിയോടല്ല എതിർപ്പ്; അതിന്റെ ചില പരിപാടികളിൽ മാത്രം - അവിടയാണ് പ്രശ്നം. മുതലാളിത്ത രീതിയിൽ നിന്ന് ഇന്നത്തെ രീതിയിൽ ഇത്തരം കൊടുത്തു-വാങ്ങലുകളിൽ നിന്ന് രക്ഷപെടാൻ ആവില്ല - അവയിലെ ചിലകാര്യങ്ങളെ മാത്രം എതിർത്തുകൊണ്ട് ! കാരണം amazon, flipkart, reliance, paytm എന്നിവയൊക്കെ ഈ എതിർക്കപെടുന്ന കൂട്ടരുടെ കയ്യിൽ തന്നെ. പലതിന്റെയും വലിയ ശതമാനം ഓഹരി ചീനക്കാർക്കും സൗദികൾക്കും അമേരിക്കക്കാർക്കും സ്വന്തം ! ഇവരോടൊക്കെ നമ്മുടെ സർക്കാരുകൾക്ക് എതിർപ്പാണ്താനും. പല മാധ്യമ സ്ഥാപനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.
നമുക്ക് ചിലതൊക്കെ ചെയ്യാൻ കഴിയും; കഴിയണം. srvയുടെ കാര്യം തന്നെ നോക്കാം ?! എന്താണ് മുന്നോട്ടുള്ള വഴി ? നമുക്ക് എന്താണ് ചെയ്യാൻ കഴിയുക ? ഒരു നീലകണ്ഠനും സർക്കാർ സ്‌കൂളുകൾ നിലനിർത്തുകയും നടത്തികൊണ്ടുപോകുകയും ചെയ്യുന്ന കാര്യങ്ങൾ പറയില്ല, ചെയ്യില്ല. നമ്മുടെ കൂടെയുള്ളവർ തന്നെ ചെയ്യണം. അതിൽവേണം ശ്രദ്ധ - ചെയ്തു കാണിക്കണം; മാറ്റങ്ങൾ ഉണ്ടാക്കണം. ഇല്ലെങ്കിൽ ഇതും, മറ്റ് പൊതുസ്വത്തുക്കൾ പോലെ അന്യാധീനപ്പെട്ടു പോകും. കണ്ണായസ്ഥലത്തിന് ചുറ്റം പി പി പി അല്ലെങ്കിൽ മറ്റൊരു എ ബി സി ഏർപാടുമായി കഴുകന്മാർ പറന്നുതുടങ്ങിയിട്ടുണ്ട് ! ഷോപ്പിങ് കോംപ്ലക്സ്; മാൾ എന്നൊക്കെ വികസന സൂത്രമന്ത്രങ്ങൾ ഉരുവിടും - ലാഭനഷ്ട പുരാണങ്ങളും.
ഇന്നേ എതിർക്കണം - പരിപാടികൾ ആസൂത്രണം ചെയ്യണം - സർക്കാരിന്റെ ഉറപ്പ് നേടണം - ഇല്ലേൽ പിന്നീട് ചരിത്രത്തിന്റെ ഇടവഴികളിൽ ഇതും ആരാൻ കൊണ്ടുപോകും, ഉറപ്പ്.