Wednesday, December 22, 2021

ചരിത്രസ്‌മ‌രണകൾ നിറഞ്ഞ്‌ പറവൂർ കോടതി; 210-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന്‌ തുടക്കം

 പറവൂർ > ചരിത്രസ്‌മ‌രണകൾ നിറഞ്ഞുനിൽക്കുന്ന പറവൂർ കോടതി 210ന്റെ നിറവിൽ. പട്ടണത്തിന് അഭിമാനമായി തലയുയർത്തിനിൽക്കുന്ന പ്രൗഢമായ കോടതി മന്ദിരം നാടിന്റെ അടയാളമാണ്. 1811ൽ പറവൂരും ആലങ്ങാടും ആലുവയും ഉൾപ്പെടുന്ന ‘ആലങ്ങാട് മുഖം’ പ്രവിശ്യക്കുവേണ്ടി അന്നത്തെ തിരുവിതാംകൂർ മഹാറാണി വിളംബരം ചെയ്‌ത് സ്ഥാപിച്ചതാണ് കോടതി.


1811 മുതൽ 1873 വരെ ആലുവ യുസി കോളേജിലെ കച്ചേരിമാളികയിലാണ് പ്രവർത്തിച്ചത്. ഇവിടെ കുറ്റവാളികളെ തൂക്കിലേറ്റിയിരുന്നു. 1873ൽ പറവൂരിലേക്ക് മാറ്റി. ജില്ലാ ജഡ്‌ജിയുടെ ഡഫേദാറുടെ യൂണിഫോമിന്റെ ബെൽറ്റിൽ ഇപ്പോഴും ആലങ്ങാട് കോടതി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പൈതൃക കോടതികളിൽ ഒന്നാണിത്. ഇടുക്കി ജില്ലയിലെ മൂന്നാർവരെയുള്ള കിഴക്കൻ മേഖലയുൾപ്പെടെ വിപുലമായ പ്രദേശമായിരുന്നു അധികാരപരിധി. എറണാകുളത്ത് കോടതി വന്നതോടെ മേഖലകൾ ചുരുങ്ങി.


കാലത്തെ വെല്ലുന്ന അത്ഭുതം


പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് കോടതിസമുച്ചയം. ഒരു കോൽ വണ്ണത്തിലും 16 കോൽ നീളത്തിലുമുള്ള ചെങ്കൽത്തൂണുകളിലാണ് മന്ദിരം നിൽക്കുന്നത്. സിമന്റ് ലഭ്യമല്ലാത്ത കാലത്ത് മണലും കുമ്മായവും ചേർത്ത് പതംവരുത്തി 10 ദിവസം പഴുപ്പിക്കാൻ കൂട്ടിയിട്ട് 10-ാംദിവസം കടുക്ക, ചെമ്പരത്തി, ഉഴിഞ്ഞാവള്ളി എന്നിവ ചതച്ചുചേർത്ത് തയ്യാറാക്കിയ കുമ്മായക്കൂട്ടിൽ പണിത കെട്ടിടം കാലത്തെ വെല്ലുന്ന അത്ഭുതമാണ്.


ഇംഗ്ലണ്ടിൽനിന്ന് കൊണ്ടുവന്ന ഇരുമ്പുതുലാനുകൾ ഉപയോഗിച്ചാണ് മച്ച് ഉറപ്പിച്ചിരിക്കുന്നത്. കോണിപ്പടികളും മരത്തിലാണ്. താലൂക്ക് ഓഫീസ്, രജിസ്ട്രാർ ഓഫീസ് എന്നിവയും മന്ദിരത്തിൽ പ്രവർത്തിക്കുന്നു. രണ്ടുനൂറ്റാണ്ടിലധികം പഴക്കമുള്ള ഫർണിച്ചറും പുതുമ നഷ്ടമാകാതെയുണ്ട്. രണ്ടുവീതം ജില്ലാ കോടതിയും സബ് കോടതിയും ഒന്നുവീതം മുൻസിഫ് മജിസ്ട്രേട്ട്, മജിസ്ട്രേട്ട്‌, എംഎസിടി കോടതികളുമാണ്‌ ഇവിടെയുള്ളത്. കുടുംബകോടതി, പോക്സോ കോടതി, ലാൻഡ് അക്വിസിഷൻ കോടതികൾക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.


നീതിമേളയുടെ ആദ്യവേദി


ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സുപ്രീംകോടതി ജ‍ഡ്ജിയായിരിക്കെ 1984ൽ ഇന്ത്യയിൽ ആദ്യമായി നീതിമേള നടന്നതും 1989ൽ ലോക് അദാലത്ത് ആദ്യമായി നടന്നതും ഇവിടെയാണ്. വിദ്യാർഥികളിലും ജനങ്ങളിലും നിയമബോധമുണ്ടാക്കാൻ മലയാളത്തിൽ നിയമപാഠം തയ്യാറാക്കി പ്രകാശിപ്പിച്ചതും പറവൂരിലാണ്.


ആഘോഷങ്ങൾക്ക്‌ 
ഇന്ന് തുടക്കം


കോടതിയുടെ 210-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ബുധൻ വൈകിട്ട് അഞ്ചിന് ജസ്റ്റിസ് സി ജയചന്ദ്രൻ ലോഗോ പ്രകാശിപ്പിക്കും. കച്ചേരിമൈതാനത്ത് 210 നക്ഷത്രങ്ങൾ തെളിക്കും. ജില്ലാ ജഡ്‌ജി മുരളി ഗോപാല പണ്ടാല മുഖ്യപ്രഭാഷണം നടത്തും.


ജനുവരി ഒന്നിന് കോടതിയുടെ രൂപവും ചരിത്രസംഭവങ്ങളും ആലേഖനം ചെയ്‌ത 210 കിലോഗ്രം തൂക്കമുള്ള കേക്ക് ജഡ്‌ജിമാരും അഭിഭാഷകരും ജീവനക്കാരും ചേർന്ന് നിർമിക്കും. കോടതിയുടെ ചരിത്രവും പ്രാധാന്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആഘോഷ കമ്മിറ്റി വർക്കിങ്‌ ചെയർമാൻ റാഫേൽ ആന്റണി, ജനറൽ കൺവീനർമാരായ എം എ കൃഷ്ണകുമാർ, പി എ അയൂബ് ഖാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive