Thursday, May 12, 2022

ഹിംസയും അധികാരവും; ശ്രീലങ്കൻ ജീവിതത്തെ അടുത്തറിഞ്ഞ എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണൻ എഴുതുന്നു

 

ചരിത്രത്തിലെ  ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്‌ ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.  പ്രസിഡന്റ് ഗോതബായ രജപക്‌സെക്കെതിരെ നിരായുധരായി, നിർഭയരായി, സമാധാനപരമായി പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഭരണകൂടം. ശ്രീലങ്കൻ ജീവിതത്തെയും സംസ്‌കാരത്തെയും അടുത്തറിഞ്ഞ്‌ അടയാളപ്പെടുത്തിയ എഴുത്തുകാരൻ ആ രാജ്യത്തിന്റെ പൊള്ളുന്ന സമകാലിക യാഥാർഥ്യങ്ങളെ വിലയിരുത്തുന്നു.
 

ടി ഡി രാമകൃഷ്ണൻ

ടി ഡി രാമകൃഷ്ണൻ

ഭൂരിപക്ഷമാളുകളും മതഭ്രാന്തരോ ഭീരുക്കളോ സ്വാർത്ഥരോ ആയൊരു സമൂഹത്തിൽ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവർ വിഡ്ഢികളായിരിക്കാം. പക്ഷേ, ഞങ്ങൾക്ക് ആ സ്വപ്നത്തിനുവേണ്ടി ജീവൻ ബലികഴിക്കാതിരിക്കാനാവില്ല. സ്വാതന്ത്ര്യത്തേക്കാൾ വലുതായി ഞങ്ങൾക്കൊന്നുമില്ല. ഏകാധിപതിയുടെ കൈയിൽ നിന്ന് അധികാരം പിടി ച്ചെടുക്കാനായി കൊളംബ് നഗരത്തിലേക്ക് ജനങ്ങളിരമ്പി വരുന്നൊരു ദിവസം ഞങ്ങളിപ്പോഴും സ്വപ്നം കാണുന്നുണ്ട്. അതിനുവേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിന് ഞങ്ങളുടെ ജീവത്യാഗം പ്രചോദനമാകുമെന്ന പ്രതീക്ഷയോടെ... എല്ലാ സുഹൃത്തുക്കൾക്കും ഗുഡ്ബൈ...
മീനാക്ഷി രാജരത്തിനം.

‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യിൽ മുകളിലുദ്ധരിച്ച വരികളെഴുതുമ്പോൾ, സേവ് ശ്രീലങ്ക ഫ്രം ഫാസിസം (SSF)എന്ന സംഘടനയുടെ നേതൃത്വത്തിൽ, കൊളംബ്‌ നഗരത്തിലേക്ക് ജനങ്ങളിരമ്പി വരുന്നത് വെറും ഭാവന മാത്രമായിരുന്നു.  എസ്‌എസ്‌എഫ്‌ എന്ന സംഘടന തന്നെ ഭാവനയായിരുന്നു. യഥാർഥത്തിൽ മഹീന്ദ രജപക്‌സെയുടെ സ്വേച്ഛാധിപത്യ ഭരണത്തെ എതിർക്കുന്ന ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും എഴുത്തുകാരുമടങ്ങിയ ഒരു ചെറിയ ഗ്രൂപ്പ് മാത്രമാണുണ്ടായിരുന്നത്. കാൽനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിൽ വേലുപ്പിള്ളൈ പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിഴ്പുലികളെ ഉന്മൂലനം ചെയ്ത് വിജയശ്രീലാളിതനായ മഹീന്ദ രജപക്‌സെ, തനിക്കെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളെയും ക്രൂരമായി അടിച്ചമർത്തി, പ്രസിഡന്റ് പദത്തിൽ സർവാധിപതിയായിരുന്ന് ഭരണം നടത്തുന്ന കാലമായിരുന്നു അത്.

ശ്രീലങ്കയിൽ സമാധാനത്തിനുവേണ്ടി സംസാരിക്കാൻ ശ്രമിക്കുന്നവരൊക്കെ ക്രൂരമായ ഭയത്തിന്റെ നിഴലിലായിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം ഈ ചുട്ടുപൊള്ളുന്ന ഏപ്രിൽ മാസത്തിൽ പ്രസിഡന്റ് ഗോതബായ രജപക്‌സെക്കെതിരെ, GotaGo Home! എന്ന മുദ്രാവാക്യം വിളിച്ച് ഗോൾ ഫേസ് ഗ്രീൻ ബീച്ചിൽ പതിനായിരങ്ങൾ തടിച്ചുകൂടിയിരിക്കുകയാണ്. നിരായുധരായി, നിർഭയരായി, സമാധാനപരമായി പ്രതിഷേധിക്കുന്ന ആ ജനക്കൂട്ടത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഭരണകൂടം.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എഴുതാൻ വേണ്ടിയുള്ള അന്വേഷണങ്ങളുമായി നടക്കുന്ന കാലത്ത് ശ്രീലങ്കയിൽ സമാധാനത്തിനുവേണ്ടി സംസാരിക്കുന്നവരെ കണ്ടെത്തുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കണ്ടുമുട്ടിയ സിംഹളരും തമിഴരും ഒരുപോലെ ഹിംസയുടെ ഭാഷയാണ് സംസാരിച്ചിരുന്നത്. സിംഹളർ ആഭ്യന്തരയുദ്ധം ജയിച്ചതിന്റെ ഉന്മാദത്തിലും തമിഴർ പ്രതികാരം ചെയ്യാനുള്ള ആവേശത്തിലും ഹിംസയെ ന്യായീകരിച്ചുകൊണ്ടിരുന്നു.

സമൂഹം പൂർണമായും വംശീയമായി ധ്രുവീകരിക്കപ്പെട്ടിരുന്നു. അതിനിടയിലാണ് ‘No more Tears Sister’ എന്ന രജനി തിരണഗാമയെക്കുറിച്ചുള്ള ഡോക്യുമെന്ററി കാണാനിടയായത്. അതുമായി ബന്ധപ്പെട്ട ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ, ശ്രീലങ്കയിൽ സമാധാനം ആഗ്രഹിക്കുന്ന, വയലൻസിനെ നിശിതമായി വിമർശിക്കുന്ന ചെറുതെങ്കിലും ഒരു വിഭാഗം ആളുകളുണ്ടെന്ന് മനസ്സിലായി. അവർ ഭയന്ന് നിശ്ശബ്ദരായിരിക്കുകയായിരുന്നു.

ഈ സാമ്പത്തിക പ്രതിസന്ധി അവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയിരിക്കുന്നു. രൂക്ഷമായ വിലക്കയറ്റവും ക്ഷാമവും നിത്യജീവിതത്തെ ദുസ്സഹമാക്കിയതോടെ അവരിൽ ബഹുഭൂരിപക്ഷവും വംശവെറിയുപേക്ഷിച്ച് സാധാരണ മനുഷ്യരായിരിക്കുന്നു. അവരാണ് ഇപ്പോൾ പ്രസിഡന്റ് രാജിവെച്ച് പുറത്തു പോകണമെന്നാവശ്യപ്പെട്ട്  Gota GoHome!  എന്ന സമാധാനപരമായ പ്രതിഷേധവുമായി ഗോൾ ഫേസിലും രാജ്യത്തെ മറ്റു പട്ടണങ്ങളിലെ തെരുവുകളിലും ഇറങ്ങിയിരിക്കുന്നത്.

ശ്രീലങ്ക ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ്‌ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വിദേശനാണ്യശേഖരത്തിൽ സംഭവിച്ച ഗണ്യമായ ഇടിവ് കാരണം അവശ്യസാധനങ്ങളൊന്നും ഇറക്കുമതി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പണപ്പെരുപ്പം മുപ്പത് ശതമാനത്തിലെത്തിയിരിക്കുന്നു. നിത്യോപയോഗസാധനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും അതിരൂക്ഷമായ വിലക്കയറ്റവും ക്ഷാമവുമാണ്. പെട്രോൾ പമ്പുകളിലും കുക്കിങ് ഗ്യാസ് വിതരണ കേന്ദ്രങ്ങളിലും നീണ്ട ക്യൂവാണ്. ജീവൻരക്ഷാ മരുന്നുകൾ പോലും കിട്ടാനില്ല. മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ ആശുപത്രികളിൽ അത്യാവശ്യ സർജറികൾപോലും മാറ്റിവെക്കേണ്ടി വരുന്നു. ദിവസത്തിൽ പന്ത്രണ്ടും പതിമൂന്നും മണിക്കൂർ പവർ കട്ടാണ്. കടലാസിന്റെ ക്ഷാമം കാരണം സ്‌കൂൾ പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പൊറുതി മുട്ടിയ ജനങ്ങൾ GotaGoHome! മുദ്രാവാക്യവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.  

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഏഷ്യയിൽ ജപ്പാൻ കഴിഞ്ഞാൽ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു ശ്രീലങ്ക. ഏഴരപ്പതിറ്റാണ്ട്‌ പിന്നിട്ടപ്പോൾ ചൈനയും സിംഗപ്പൂരും ദക്ഷിണ കൊറിയയും മലേഷ്യയുമൊക്കെ ശ്രീലങ്കയെ പിന്നിലാക്കി ബഹുദൂരം മുന്നോട്ടു പോയെങ്കിലും ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്‌സുകൾ ഉൾപ്പെടെ പ്രധാനപ്പെട്ട പല സൂചികകളിലും തുടർന്നും ശ്രീലങ്കയ്‌ക്ക് മോശമല്ലാത്ത സ്ഥാനം നിലനിർത്താൻ കഴിഞ്ഞിരുന്നു. എന്നാൽ കാൽനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തരയുദ്ധം

പ്രഭാകരൻ

പ്രഭാകരൻ

ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. തമിഴ് വിമോചനപ്പുലികളുടെ ആക്രമണങ്ങൾ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. രാജ്യത്തിന്റെ ബജറ്റിൽ മിലിട്ടറിക്കുവേണ്ടി വലിയൊരു വിഹിതം മാറ്റിവെക്കേണ്ടി വന്നു.

ഭരണകൂടത്തിന്റെ ശ്രദ്ധ പൂർണമായും വിഘടനവാദത്തെ നേരിടുന്നതിലായി. സ്വാഭാവികമായും ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോളുണ്ടായിരുന്ന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനോ നിലനിർത്താൻ പോലുമോ കഴിയാതെയായി. അപ്പോഴും ടൂറിസം, തേയിലക്കയറ്റുമതി, പ്രവാസികൾ അയയ്‌ക്കുന്ന വിദേശനാണ്യം എന്നിവയിലൂടെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാതെ ശ്രീലങ്കയ്‌ക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ 2005 ൽ മഹീന്ദ രജപക്‌സെ പ്രസിഡന്റ് പദത്തിലെത്തിയതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.

രാജ്യത്തെ തമിഴ് വിഘടനവാദികളുടെ ഭീകരപ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കു മായി മോചിപ്പിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ മഹീന്ദ രജപക്‌സെ,

മഹീന്ദ രജപക്‌സെ

മഹീന്ദ രജപക്‌സെ

ഇത്തരം സൈനിക ഓപ്പറേഷനുകളിൽ പുലർത്തേണ്ട എല്ലാ മാനുഷിക പരിഗണനകളും ഉപേക്ഷിച്ച്, ഒരു ലക്ഷത്തോളം നിരപരാധികളെ കൊലയ്‌ക്കുകൊടുത്തും മൂന്ന് ലക്ഷത്തോളം പേരെ നിത്യദുരിതത്തിലാഴ്‌ത്തിയുമാണ് തന്റെ ലക്ഷ്യം നിറവേറ്റിയത്. കണക്കറ്റ പണവും അതിനായി ചെലവഴിച്ചു. അന്ന് എല്ലാ ഉപദേശവും നൽകി കൂട്ടു നിന്നത് ഡിഫൻസ് സെക്രട്ടറിയായ റിട്ടയേർഡ് ലെഫ്. കേണൽ ഗോതബായ രജപക്‌സെയായിരുന്നു. അദ്ദേഹമാണ് ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയും.

ആഭ്യന്തരയുദ്ധം വിജയിച്ചെങ്കിലും മഹീന്ദരജപക്‌സെക്കും സർക്കാരിനുമെതിരെ ഗുരുതരമായ യുദ്ധക്കുറ്റാരോപണങ്ങൾ

ഗോതബായ രജപക്‌സെ

ഗോതബായ രജപക്‌സെ

ഉയർന്നുവന്നു. തമിഴ്പുലികളുടെ പ്രവർത്തന ചരിത്രം അതിലും ഹിംസാത്മകമായതുകൊണ്ട് മാത്രമാണ് മഹീന്ദയ്‌ക്കെതിരെയുള്ള ആരോപണങ്ങൾക്ക് ആഗോളതലത്തിൽ വലിയ പിന്തുണ ലഭിക്കാതെ പോയത്. എല്ലാ യുദ്ധങ്ങളേയും പോലെ കാൽനൂറ്റാണ്ട് നീണ്ടു നിന്ന ആഭ്യന്തരയുദ്ധം ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഗുരുതരമായ പരിക്കുകളേൽപ്പിച്ചു. 

യുദ്ധം ജയിക്കുന്നതു പോ ലെ മിലട്ടറി ബുദ്ധിയുപയോഗിച്ച് നടപ്പാക്കാൻ കഴിയുന്ന കാര്യമല്ല രാഷ്ട്രത്തിന്റെ പുനർനിർമാണം. ലോകത്തിൽ ഏത് രാജ്യത്തായാലും യുദ്ധാനന്തര പുനർനിർമാണം വൻശക്തികൾക്ക് വലിയ താൽപ്പര്യമുള്ള വിഷയമാണ്. അവരും അവരുടെ മൾട്ടി നാഷണൽ കമ്പനികളും വലിയ ഓഫറുകളുമായി വരും. എത്ര വേണമെങ്കിലും വായ്‌പയും തരും. വായ്‌പകൾക്ക് കാണാവുന്നതും അല്ലാത്തതുമായ നിരവധി ചരടുകളുണ്ടാകും.

അവരുമായി ഇടപെടുമ്പോൾ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെങ്കിൽ ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത കടക്കെണിയിൽപ്പെട്ടുപോകും. മഹീന്ദ രജപക്‌സെയും സംഘവും ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് മാത്രമല്ല അവയിൽ നിന്ന് പ്രസിഡന്റിനും കുടുംബത്തിനും പരമാവധി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ഹംബകൊട്ടെ തുറമുഖം ഉൾപ്പെടെയുള്ള വലിയ ഇൻഫ്രാട്രക്ചർ പ്രൊജക്ടുകളിലേക്ക് ചൈനയുടെ സാമ്പത്തികസഹായത്തോടെ എടുത്തുചാടി. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്ന ആ പ്രൊജക്ടുകൾ പിന്നീട് വലിയ ബാധ്യതയായി മാറി. ഇക്കാര്യങ്ങളെല്ലാം മഹീന്ദ രജപക്‌സെ പ്രസിഡന്റായിരുന്ന 2005 ‐ 2010 കാലഘട്ടത്തിലാണ് നടന്നത്.  

ആഭ്യന്തരയുദ്ധം കാരണം തകർന്നുപോയ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉൽപ്പാദന രംഗവുമായി ബന്ധപ്പെടുത്തി പുനഃരുജ്ജീവിപ്പിക്കുന്നതിൽ മഹീന്ദ രജപക്‌സെ സർക്കാരിന് കൃത്യമായൊരു പദ്ധതിയുണ്ടായിരുന്നില്ല. ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ക്ഷീരോൽപ്പാദന മേഖലയിൽപ്പോലും ഇറക്കുമതി കുത്തകകളുടെ താൽപ്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്.

ബംഗ്ലാദേശിലെപ്പോലെ വലിയ സാധ്യതകളുണ്ടായിരുന്ന ഫാർമസ്യൂട്ടിക്കൽസിലും വസ്ത്രനിർമാണ രംഗത്തും വേണ്ടത്ര ഊന്നൽ നൽകിയതുമില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരെ ഉപയോഗിച്ച് ഐ ടി രംഗത്തും ശ്രീലങ്കയ്‌ക്ക് വലിയ  സാധ്യതയുണ്ടായിരുന്നു. എന്നാൽ ടൂറിസത്തിൽ മാത്രമാണ് മഹീന്ദ കാര്യമായി ശ്രദ്ധിച്ചത്. അതിലൂടെ വലിയതോതിൽ വിദേശനാണ്യം നേടാമെന്നും സമ്പദ്‌വ്യവസ്ഥയെ ബലപ്പെടുത്താമെന്നും അദ്ദേഹം വിശ്വസിച്ചു. 2013 ൽ കൊളംബിൽ വെച്ച് നടന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ ശ്രീലങ്ക ഫ്യൂച്ചർ ഡെസ്റ്റിനേഷൻ എന്ന സെഷനിൽ കീ നോട്ട് അഡ്രസ്സ് ചെയ്യാൻ മഹീന്ദ ക്ഷണിച്ചത് ക്രൗൺ കാസിനോ ഗ്രൂപ്പിന്റെ തലവനായ ജെയിംസ് പാക്കറെയാണ്.

ജെയിംസ്‌ പാക്കർ

ജെയിംസ്‌ പാക്കർ

ആദ്യമായി വൺ ഡേ ക്രിക്കറ്റ് തുടങ്ങിയ കെറി പാക്കറുടെ മകനാണ് ജെയിംസ് പാക്കർ. തന്റെ പ്രഭാഷണത്തിലുടനീളം കൊളംബോയെ എങ്ങനെ മക്കാവു പോലെയൊരു ഗാംബ്ലിങ്‌ കേന്ദ്രമാക്കി മാറ്റാമെന്നും അതാണ് ശ്രീലങ്കയുടെ വികസന സാധ്യതയെന്നുമാണ് പാക്കർ പറഞ്ഞത്. പാക്കറുടെ ക്രൗൺ ഗ്രൂപ്പിന് കൊളംബോവിൽ കാസിനോ തുടങ്ങാൻ മഹീന്ദ അനുമതി നൽകുകയും ചെയ്തു. 2015 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഹീന്ദ പരാജയപ്പെട്ടപ്പോൾ അധികാരത്തിൽ വന്ന സിരിസേന ആ ലൈസൻസ് റദ്ദാക്കുകയായിരുന്നു. മഹീന്ദ രജപക്‌സെയുടെ അനുജനും ധനകാര്യമന്ത്രിയുമായിരുന്ന ബേസിൽ രജപക്‌സെയുടെ ബുദ്ധിയാണതിന് പിന്നിൽ പ്രവർത്തിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള രജപക്‌സെ സഹോദരന്മാരുടെ സങ്കൽപ്പം അങ്ങനെയായിരുന്നു. 

 മഹീന്ദ രജപക്‌സെ 2015 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുണ്ടായ പ്രധാന കാരണം പൊതുവെ കരുതുന്നതുപോലെ ആഭ്യന്തരയുദ്ധത്തിൽ നടത്തിയ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളല്ല. ഭരണത്തിലെ സ്വജനപക്ഷപാതവും അഴിമതിയുമായിരുന്നു. രജപക്‌സെ കുടുംബത്തിലെ 39 പേർ അധികാരത്തിന്റെ വിവിധ തട്ടുകളിലുണ്ടായിരുന്നു. അവരിൽ പലരും തങ്ങളുടെ മേഖലകളിൽ വേണ്ടത്ര യോഗ്യതയുള്ളവരോ കഴിവു തെളിയിച്ചിട്ടുള്ളവരോ പക്വതയോടെ വകുപ്പുകൾ കൈകാര്യം ചെയ്യാൻ പറ്റുന്നവരോ ആയിരുന്നില്ല.

ബേസിൽ  രജപക്‌സെ

ബേസിൽ രജപക്‌സെ

ഗോതബായ തന്നെ ദീർഘവീക്ഷണമില്ലാത്ത എടുത്തു ചാട്ടക്കാരനായിരുന്നു. ധനകാര്യ മന്ത്രി ബേസിൽ രജപക്‌സെ കടുത്ത അഴിമതിക്കാരനും വേണ്ടത്ര ഉത്തരവാദിത്തബോധത്തോടെ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തയാളുമായിരുന്നു. താൻ ഒപ്പുവയ്‌ക്കുന്ന ഓരോ ബില്ലിനും പത്ത് ശതമാനം കമ്മീഷൻ വാങ്ങിയത് കാരണം അദ്ദേഹം മിസ്റ്റർ ടെൻ പെർസെന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്.

ഗോതയും ബേസിലും യു എസ്‌ പൗരത്വമുള്ളവരായിരുന്നു. 2019ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമ്പോളാണ് ഗോത യു എസ് പൗരത്വം ഉപേക്ഷിക്കുന്നത്.  ഇവർക്ക് താഴെയുള്ള ഓരോ രജപക്‌സെ കുടുംബക്കാരനും അവരവരുടെ സ്ഥാനത്തിരുന്ന് അഴിമതിയും സ്വജനപക്ഷപാതവുമാണ് നടത്തിയത്. രാജ്യത്തെ ബജറ്റിന്റെ 70 ശതമാനവും അങ്ങനെ ഒരു കുടുംബത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഈ കാരണങ്ങൾ കൊണ്ട് സ്വന്തം പാർടിയിലുള്ളവർ സിരിസേനയുടെ നേതൃത്വത്തിൽ പുറത്തുപോയതാണ് 2015 ലെ തെരഞ്ഞെടുപ്പിൽ മഹീന്ദ രജപക്‌സെ പരാജയപ്പെടാൻ കാരണം.

കുറച്ചുകാലം പുറത്തുനിൽക്കേണ്ടി വന്നെങ്കിലും ശ്രീലങ്കൻ രാഷ്ട്രീയത്തിൽ അസാമാന്യ മാനിപ്പുലേറ്റീവ് സ്കിൽസുള്ള മഹീന്ദ രജപക്‌സെ 2019 ൽ പ്രധാനമന്ത്രിയായും ഗോതബായ പ്രസിഡന്റായും അധികാരത്തിലേക്ക് തിരികെയെത്തി.

സിരിസേന

സിരിസേന

2015ലെ പത്തൊമ്പതാം ഭരണഘടനാ ഭേദഗതി പ്രകാരം ഒരു പൗരന് രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനം വഹിക്കാൻ പാടില്ലാത്തതുകൊണ്ട് മാത്രം മഹീന്ദ ആ സ്ഥാനത്തേക്ക് സഹോദരനായ ഗോതബായയെ കൊണ്ടുവരികയായിരുന്നു. പക്ഷേ പ്രസിഡന്റ് സ്ഥാനമേറ്റതിന് ശേഷമുള്ള ഗോതയുടെ പ്രവർത്തനങ്ങൾ വലിയ പ്രശ്നങ്ങളാണ് ക്ഷണിച്ചുവരുത്തിയത്.

2019 ൽ പ്രസിഡന്റ് സ്ഥാനത്തെത്തിയതിന് ശേഷം ഗോതബായ രജപക്‌സെ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ പോപ്പുലിസ്റ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്തെ ഇപ്പോഴത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. VATപതിനഞ്ച് ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി കുറച്ചതിന് പുറമേ കോർപ്പറേറ്റ് ടാക്‌സുൾപ്പെടെ മറ്റ് നികുതികളെല്ലാം ഗണ്യമായി കുറച്ചു. ഇതുകാരണം സർക്കാരിന്റെ നികുതി വരുമാനം കുറഞ്ഞത് പരിഹരിക്കാൻ  വലിയതോതിൽ കറൻസി പ്രിന്റ് ചെയ്തിറക്കി. ധനകാര്യമന്ത്രി ബേസിൽ രജപക്‌സെയും സെൻട്രൽ ബാങ്ക് ഗവർണർ അജിത് കബ്രാളും ഇതിനെല്ലാം കൂട്ടുനിന്നു. ഇതിനോടൊപ്പം നടപ്പാക്കിയ നിർബന്ധിത ജൈവകൃഷിയും കാര്യങ്ങൾ കൂടുതൽ വഷളാക്കി. രാസവള ഇറക്കുമതിക്ക് ചെലവാകുന്ന വിദേശനാണ്യം ലാഭിക്കാൻ വേണ്ടിയായിരുന്നു നിർബന്ധിത ജൈവ കൃഷി നടപ്പാക്കിയത്. അരിയുൾപ്പെടെ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനത്തിൽ വലിയ ഇടിവു വന്നതോടെ അത് തിരിച്ചടിച്ചു. അരിയുൾപ്പടെ ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായി. പ്രധാന കയറ്റുമതി വിഭവമായ തേയിലയുടെ ഉൽപ്പാദനം പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞു.


ശ്രീലങ്കൻ പാർലമെന്റിന്‌ മുന്നിൽ പ്രതിഷേധക്കാർ കെട്ടിയ ടെന്റുകൾ

കോവിഡ് കാരണം ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ സമ്പദ്‌ വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലായി. വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു. 2021 സപ്തംബറിൽ പ്രസിഡന്റ് ഗോതബായ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ മിലിട്ടറിയെ ചുമതലപ്പെടുത്തി. പക്ഷേ, അതുകൊണ്ടൊന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ കൂടുതൽ വഷളാവുകയാണ് ചെയ്തത്.  

ചൈനയും ഇന്ത്യയും ബംഗ്ലാദേശുമടക്കമുള്ള അയൽരാജ്യങ്ങളുടെ സഹായത്തോടെ ഈ പ്രതിസന്ധി മറികടക്കാമെന്നാണ് ഗോതബായ കരുതിയത്. ഇന്ത്യയും ബംഗ്ലാദേശും കറൻസി സ്വാപ്പിലൂടെയും ഭക്ഷ്യവസ്തുക്കളും മരുന്നുകളും അയച്ചുകൊടുത്തും സഹായിക്കുന്നുമുണ്ട്. ചൈനയുടെ ഭാഗത്തുനിന്ന് വലിയ സഹായമൊന്നും ലഭിച്ചതായി റിപ്പോർട്ടുകളില്ല. എന്നാൽ ഇത്തരം ചെറിയ സഹായങ്ങൾകൊണ്ടൊ ന്നും രക്ഷപ്പെടാവുന്ന അവസ്ഥയിലല്ല ശ്രീലങ്ക. സ്വാഭാവികമായും പന്ത് അന്താരാഷ്ട്ര നാണയ നിധിയുടെ കോർട്ടിൽ തന്നെയെത്തി. വിശദമായ ചർച്ചകൾക്ക് ശേഷം ശ്രീലങ്കയെ രക്ഷിക്കാനുള്ള ഒരു പ്ലാൻ ഐഎംഎഫ്‌  അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സർക്കാരിന് കടുത്ത സാമ്പത്തിക അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടി വരും. അത് ജനജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.

‘നോമോർ ടിയേഴ്‌സ്‌ സിസ്റ്റർ’ എന്ന ഡോക്യുമെന്ററിയിൽ നിന്ന്‌

‘നോമോർ ടിയേഴ്‌സ്‌ സിസ്റ്റർ’ എന്ന ഡോക്യുമെന്ററിയിൽ നിന്ന്‌

ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ മഹീന്ദ രജപക്‌സെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവെച്ചിരിക്കുകയാണ്. സെൻട്രൽ ബാങ്ക് ഗവർണറും സ്ഥാനമൊഴിഞ്ഞു. പക്ഷേ പ്രധാനമന്ത്രി സ്ഥാനത്ത് മഹീന്ദ രജപക്‌സെ തുടരുകയാണ്. എല്ലാ പാർടികളുടേയും പ്രതിനിധികളെയുൾപ്പെടുത്തി ഒരു ഇടക്കാല സർക്കാർ രൂപീകരിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ ഈ പ്രശ്നങ്ങൾക്ക് കാരണക്കാരനായ മഹീന്ദ രജപക്‌സെയുടെ കീഴിൽ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർടികൾ തയ്യാറാകുന്നില്ല. മഹീന്ദ രജപക്‌സെ താൻ യാതൊരു കാരണവശാലും രാജിവെക്കില്ലെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. ഗോതബായ അദ്ദേഹത്തെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാമോയെന്ന് ശ്രമിക്കുകയാണ്.

ശ്രീലങ്കൻ പതാകയുമായി പ്രതിഷേധിക്കുന്ന ഒരു കുടുംബം

ശ്രീലങ്കൻ പതാകയുമായി പ്രതിഷേധിക്കുന്ന ഒരു കുടുംബം

ശ്രീലങ്കയിൽ, സാമ്പത്തിക പ്രതിസന്ധി എങ്ങിനെ മറികടക്കുമെന്നതിനേക്കാൾ പ്രാധാന്യത്തോടെ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ഇപ്പോൾ അധികാരത്തിൽ നിന്ന് പുറത്തുപോയാൽ കനത്ത വില നൽകേണ്ടി വരുമെന്ന് അറിയാവുന്ന മഹീന്ദയും ഗോതബായയും എങ്ങനെയും പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമങ്ങളിലാണ്. ഈ പശ്ചാത്തലത്തിലാണ് ഗോൾ ഫേസിൽ നടക്കുന്ന പ്രതിഷേധസമരങ്ങളെ നമ്മൾ കാണേണ്ടത്.

വളരെ വ്യത്യസ്തമായൊരു പ്രതിഷേധ സമരമാണ് ഇപ്പോൾ ഗോൾ ഫേസ് ഗ്രീനിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാർടിയുടെ നേതൃത്വത്തിലല്ല. Gota Go Home! എന്ന ഒറ്റ മുദ്രാവാക്യമാണ് അവിടെ മുഴങ്ങിക്കേൾക്കുന്നത്.

ബുദ്ധഭിക്ഷുക്കളുടെ പ്രതിഷേധം

ബുദ്ധഭിക്ഷുക്കളുടെ പ്രതിഷേധം

സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ജീവിതം ദുസ്സഹമായ സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുൾപ്പെട്ട മനുഷ്യരാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി കടപ്പുറത്തേക്ക് ഒഴുകിയെത്തുന്നത്.

നന്ദ മാലിനി

നന്ദ മാലിനി

അതിൽ വിദ്യാർഥികളും അധ്യാപകരും ഐ ടി പ്രൊഫഷണലുകളും തെരുവു കച്ചവടക്കാരും മുതൽ ബുദ്ധസന്യാസിമാർ വരെയുണ്ട്. പലരും കുടുംബമായി കൊച്ചുകുട്ടികളെയും കൂടെക്കൂട്ടിയാണ് അവിടേക്ക് വരുന്നത്. നൃത്തവും സംഗീതവും നാടകവുമെല്ലാം അവിടെ അരങ്ങേറുന്നുണ്ട്. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഗൗരവമായ ചർച്ചകളും നടക്കുന്നുണ്ട്. അതിൽ നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരായ പ്രൊഫഷണലുകളുടെ സജീവ സാന്നിധ്യമുണ്ട്. അഴിമതിക്കാരും സ്വജനപക്ഷപാതികളുമായ നേതാക്കന്മാർക്ക് തങ്ങളുടെ രാജ്യത്തെ വിട്ടുകൊടുക്കാൻ പറ്റില്ലെന്ന് അവർ ഉറപ്പിച്ച് പറയുന്നത് കേൾക്കാം. ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഗോൾ ഫേസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് The Reign  പോലെ ചില ഡോക്യുമെന്ററികളും പുറത്തുവന്നിട്ടുണ്ട്.

ഗോൾ ഫേസ് പ്രതിഷേധത്തിന് ഓരോ ദിവസം കഴിയുന്തോറും ജനപിന്തുണ വർധിക്കുകയാണ്. സിംഹള, തമിഴ്, മുസ്ലീം എന്നീ വംശീയ വ്യത്യാസങ്ങളില്ലാതെ, എല്ലാവരും ദേശീയ പതാകയുമായി ഞാൻ ശ്രീലങ്കനാണെന്ന് പറഞ്ഞാണ് പ്രതിഷേധത്തിനെത്തുന്നത്. അവർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാൻ സന്നദ്ധ സംഘ ടനകളുണ്ട്. വായിക്കേണ്ടവർക്ക് പുസ്തകങ്ങളുമായി ഒരു ലൈബ്രറി തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. ശ്രീലങ്കയിലെ പ്രശസ്തരായ സംഗീതജ്ഞരും കലാകാരന്മാരും കായിക

 സനത് ജയസൂര്യ

സനത് ജയസൂര്യ

താരങ്ങളുമെല്ലാം അതിൽ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത ഗായിക നന്ദ മാലിനിയും ക്രിക്കറ്റ് താരം സനത് ജയസൂര്യയുമടക്കം സെലിബ്രിറ്റികളുടെ വലിയൊരു നിരയും ഗോൾ ഫേസിലേക്കെത്തിയിരുന്നു. ശ്രീലങ്കയിലേയും വിദേശത്തേയും മാധ്യമപ്രവർത്തകർ അതെല്ലാം വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടുണീഷ്യയിലും ഈജിപ്തിലും മുല്ലപ്പൂവിപ്ലവകാലത്ത് നടന്ന സമരങ്ങളുമായി പല കാര്യങ്ങളിലും ഗോൾ ഫേസ് പ്രതിഷേധത്തിന് സാദ്യശ്യമുണ്ട്. ഹോസ്‌നി മുബാറക്കിനെതിരെ കിഫായ ( Enough!) എന്ന മുദ്രാവാക്യമായിരുന്നെങ്കിൽ ഇവിടെ Got aGo Home! എന്നാണെന്ന വ്യത്യാസമേയുള്ളൂ.

 സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം മഹീന്ദ രജപക്‌സെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്‌സെയെ  ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങളും അതോടൊപ്പം നടക്കുന്നുണ്ട്. ഭരണകക്ഷിയിലെ കുറെ എംപിമാർ തങ്ങളെ പിന്തുണയ്‌ക്കുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. എന്നാൽ തന്ത്രശാലികളായ രജപക്‌സെ സഹോദരന്മാരെ അധികാരത്തിൽ നിന്ന് പുറത്താക്കുക അത്ര എളുപ്പമല്ല. പ്രതിഷേധക്കാർ തീവ്രവാദികളും അനാർക്കിസ്റ്റുകളുമാണെന്ന് മഹീന്ദ പരോക്ഷമായി ആരോപണമുന്നയിച്ചിട്ടുണ്ട്.

സജിത് പ്രേമദാസ

സജിത് പ്രേമദാസ

ഐഎംഎഫിന്റെ സഹായത്തിലൂടെ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് നേരിയൊരു അയവുവന്നാൽ മഹീന്ദയും ഗോതയും ചേർന്ന് പ്രതിഷേധക്കാരെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. നിരപരാധികൾ കൊല്ലപ്പെടുന്നതിൽ യാതൊരു മനപ്രയാസവുമില്ലാത്ത ഭരണാധികാരികളാണ് അവർ രണ്ടുപേരുമെന്ന് തമിഴ്പുലികൾക്കെതിരെയുള്ള നടപടിയിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ.

 ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യുടെ ഇംഗ്ലീഷ് പരിഭാഷ 2019 ൽ ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ ലഭിച്ചത് ശ്രീലങ്കയിൽ നിന്നായിരുന്നു. അവരിൽ ഹഷിത അഭയവർധനയെന്ന ആക്ടിവിസ്റ്റ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചു ‘Rajapaksas wont go that easly. You know them- as exactly depicted in Anadal Devanayaki’.


(ദേശാഭിമാനി വാരികയിൽ നിന്ന്)

Tuesday, May 10, 2022

200 വര്‍ഷങ്ങള്‍ക്കു മുന്‍പ് (1822 ല്‍) - മലയാളം

200 വര്‍ഷങ്ങള്‍ക്കു മുന്‍പ് (1822 ല്‍) തിരുവിതാംകൂര്‍ റീജന്റ് റാണി ഗൗരി പാര്‍വതി ബായി ഹൈറേഞ്ചില്‍ ഏലക്കൃഷി വ്യാപകമാക്കുവാനായി 997 മേടം 15നു പുറപ്പെടുവിച്ച തിരുവെഴുത്തു വിളംബരത്തില്‍നിന്നുള്ള വിവരങ്ങളിലേക്കാണ്.

ഈ രാജകീയ വിളംബരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

'ROYAL PROCLAMATION

Dated 15th Medam 997 M. E.  (28 April 1822)

(Huzur Central Vernacular Records, page 337,338)

997-മാണ്ട് മേടമാസം 15, തിരുവെഴുത്തു വിളംബരം

ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസില്‍ദാരനും തൊടുപുഴ മണ്ഡപത്തുംവാതുക്കല്‍ തഹസില്‍ദാരനും കൂടിയിരുന്നു മേലെഴുതിയ മലകളിലുള്ള ഏലത്തോട്ടം ഇടപെട്ട കാര്യങ്ങളും മലഞ്ചരക്ക് ഇടപെട്ട കാര്യങ്ങളും വ്യാജ ചരക്കുകള്‍ ഇടപെട്ട കാര്യങ്ങളും വിചാരിച്ചു വഴുക്കപ്പാറ, കൂടല്ലൂര്‍, കമ്പം തലമല, കൊമ്പാതലമല, തേവാര തലമല ബൊഡിനായ്ക്കന്‍ തലമല ഈ ആറു വഴികളിലും കൂടെ വ്യാജച്ചരക്കുകള്‍ പോകയും പുകയില മുതലായതു വരാതെയും കാവലിന് നിയമിച്ചിരിക്കുന്നത് ആളുകളെയും അതാതു സ്ഥലങ്ങളില്‍ ആക്കി അടിയാര്‍ കുടിയാര്‍ മുതലായ ആളുകള്‍ക്ക് ഒന്നിനും മുട്ട് കൂടാതെ അവര്‍ക്കു ആവശ്യമുള്ള കോപ്പുകള്‍ ഒക്കെയും വരുത്തി തൊടുപുഴ പെരിയാറു നേര്യമംഗലം മഞ്ഞപ്പാറ മല ഈ മൂന്നു സ്ഥലത്തും മെട്ടും ഇട്ടു കൊടുപ്പിക്കത്തക്കവണ്ണം കച്ചവടക്കാരെയും ആക്കി പണ്ടാരവക കാര്യങ്ങള്‍ നേരും വിശ്വാസത്തോടും കൂടെ കുടിയാനവന്മാര്‍ ഉള്‍പ്പെട്ട ആളുകള്‍ നടക്കുന്നത് വിചാരിച്ചു യാതൊരു വകക്കും ഒരു കുറവ് കൂടാതെ വേണ്ടും പ്രകാരം അവരെ രക്ഷിച്ചു കൊള്ളത്തക്കവണ്ണവും തഹസില്ദാരന്മാര്‍ മുതലായ ഉദ്യോഗസ്ഥന്മാര്‍ക്ക് ഒക്കെയും ഉത്തരവ് കൊടുത്തു ശട്ടം കെട്ടിയിരിക്കുന്നു.

പണ്ടാരവകക്ക് മുതല്‍ക്കൂടി വരുവാന്‍ തക്കവണ്ണം ഏലത്തോട്ടത്തില്‍ വര്‍ധനയായിട്ടു വരേണ്ടുന്നത് കുടിയാനവന്മാരുടെ പ്രയത്‌നത്താല്‍ വേണ്ടുന്നതാകകൊണ്ടു വര്‍ഷകാലം തുടങ്ങുന്നതിനു മുമ്പില്‍ കാടുവെട്ടുവാനുള്ളതും തോട്ടം വീശുവാനുള്ളതും വഴി വെട്ടുവാനുള്ളതും മറ്റും ഏതെല്ലാം വേലകള്‍ ചെയ്‌വാനുണ്ടോ ആയതു ഒന്നിനും കുറവ് കൂടാതെ ചെയ്തു വിളവെടുപ്പിനു സമയമായാല്‍ മുന്‍പില്‍ക്കൂടി തഹസില്ദാരന്മാര്‍ മുതലായവരെ ബോധിപ്പിച്ചു വിളവെടുത്തു നല്ലതുപോലെ ഉണക്കി രാശിമേനിയാക്കി പണ്ടകശാലയില്‍ ഏല്പിച്ചു പറ്റുചീട്ടി  വാങ്ങിച്ചുകൊള്ളുകയും വേണം.

കുടിയാനവന്മാര്‍ ഏല്‍പ്പിക്കുന്ന ഏലക്കയ്ക്കും മലഞ്ചരക്കുകള്‍ക്കും വിലയുടെ തിട്ടം മുന്‍പില്‍ നടന്നുവന്നതിന്‍വണ്ണം തന്നെ ഇനിയും നടത്തിക്കയും ചെയ്യും.

മേലെഴുതിയ കുടിയാനവന്മാരുള്‍പ്പെട്ട ആളുകളെ നല്ലപോലെ രക്ഷിക്കണമെന്ന് നമുക്ക് ഏറ്റവും മനസ്സായിരിക്കുന്നതിനാല്‍ അവര്‍ക്കു വേണ്ടുന്ന വസ്തുക്കള്‍ക്ക് ദൂരദേശങ്ങളില്‍ ചെന്ന് ബുദ്ധിമുട്ടി വാങ്ങിച്ചു കൊണ്ടുവരുവാന്‍ ആവശ്യമില്ലാഴികകൊണ്ടു ആയതിനു മേലെഴുതിയ പ്രകാരം കച്ചവടക്കാരെ ആക്കി അവര്‍ക്കു വേണ്ടുന്ന അരി ജൗളി ഉപ്പു കറുപ്പു കഞ്ചാ മുതലായ സകലമാന വസ്തുക്കളും ഒട്ടും മുടക്കം കൂടാതെ കൊടുക്കത്തക്കവണ്ണം ചട്ടം കെട്ടിയിരിക്കുന്നതാകകൊണ്ടു അതില്‍ എന്തെങ്കിലും കുറവ് വന്നു എങ്കില്‍ ഉടന്‍തന്നെ തഹസില്‍ദാരന്‍ മുതല്‍ പേരെ ബോധിപ്പിച്ചാല്‍ ഒരു വകക്കും കുറവ് വരാതെ അയാളുകള്‍ വിചാരിച്ചു ചട്ടം കെട്ടുകയും ചെയ്യും.

നാട്ടില്‍ ഉണ്ടാകുന്ന മലഞ്ചരക്കുകളും മുളകും മറുനാട്ടില്‍ പോകാതെയും മറുനാട്ടിന്‍ നിന്ന് പുകയില ഈ നാട്ടില്‍ വരാതെയും സൂക്ഷിക്കുന്നത് വലിയ കാര്യമാകകൊണ്ടു അപ്രകാരം യാതൊന്നും നടക്കാതെ ഇരിക്കത്തക്കവണ്ണം കുടിയാനവന്മാര്‍ ഏറിയ താല്പര്യത്തോടുംകൂടെ ദൃഷ്ടി വെച്ച് സൂക്ഷിച്ചു മലവഴികളില്‍ ആക്കിയിരിക്കുന്ന കാവല്‍ക്കര്‍ക്കു വേണ്ടുന്ന സഹായങ്ങളും ചെയ്തു ജാഗ്രതയായിട്ടു വിചാരിച്ചു നടന്നുകൊള്ളുകയും വേണം.ഇതില്‍ യാതൊരു വ്യത്യാസങ്ങളും നടത്തിയാല്‍ ആയാളുകളെ കഠിനമായിട്ടുള്ള ശിക്ഷ ചെയ്യിക്കയും ചെയ്യും.

മേലെഴുതിയ മലകളില്‍ ഏലത്തോട്ടങ്ങള്‍ വെട്ടി ഉണ്ടാക്കുന്നതിനു ഏറിയ സ്ഥലങ്ങള്‍ കിടപ്പുള്ള പ്രകാരം കേള്‍വിപ്പെട്ടിരിക്കകൊണ്ടും കുടിയാനവന്മാര്‍ നല്ലതുപോലെ പ്രയാസപ്പെട്ടു പണ്ടാരവകക്ക് കൂടുതല്‍ വരുവാന്‍ തക്കവണ്ണം കാടുകള്‍ വെട്ടി തോട്ടങ്ങള്‍ അധികമായിട്ടു ഉണ്ടാക്കിയാല്‍ അതിനു തക്കവണ്ണമുള്ള അനുഭവങ്ങള്‍ അവര്‍ക്കു ചെയ്യുന്നതുമല്ലാതെ കുടിയാനവന്മാര്‍ പണ്ടാരവകക്ക് ഗുണമായിട്ടു നടക്കുന്നതിനു തക്കപോലെ അവരെ വളരെ മാനമായിട്ടു രക്ഷിക്കയും ചെയ്യും.''

Saturday, May 07, 2022

വീണ്ടും ചില ലിപികാര്യങ്ങൾ

വളർന്നുകൊണ്ടിരിക്കുന്ന ഒരു ഭാഷയിൽ ഉണ്ടായി വരുന്ന പുതുരീതികളുടെ നേർക്കെല്ലാം അബദ്ധം, ശൈലീഭംഗം എന്നും മറ്റും പറഞ്ഞ് നെറ്റി ചുളിക്കുന്നത് വിവേകിതയാവില്ല. അവയെ തടയാൻ നിൽക്കുന്നവൻ അപഹാസപൂർവം പിന്തള്ളപ്പെടുകയല്ലാതെ ആ ഭാഷ അതുകൊണ്ടു പിൻവാങ്ങി നിന്നു എന്നു വരില്ലതാനും.

lകുട്ടികൃഷ്ണമാരാര്: മലയാളശൈലി

ആറു മലയാളിക്ക് നൂറു മലയാളം എന്നാണല്ലോ പറയാറ്. പറച്ചിലിന്‍റെ കാര്യത്തിലെന്നപോലെ എഴുത്തിന്‍റെ കാര്യത്തിലും കാര്യങ്ങളുടെ കിടപ്പ് അത്രത്തോളമില്ലെങ്കിലും അതിനടുത്തുതന്നെയാണ്. ഈ ബഹുത്വത്തെക്കുറിച്ച് വി.ആർ. പ്രബോധചന്ദ്രൻ പറയുന്നതിങ്ങനെ: ''ഡോക്ടറുടെയും എൻജിനീയറുടെയും കർഷകന്‍റെയും തൊഴിലാളിയുടെയും... ഭാഷ ഒന്നുതന്നെയെങ്കിലും സൂക്ഷ്മാംശങ്ങളിൽ ഇവ വേർതിരിഞ്ഞേ ഇരിക്കൂ. അതേസമയം ഇവരുടെയെല്ലാം ഭാഷാ വിശേഷങ്ങൾക്ക് പൊതുവായ പല അംശങ്ങൾ ഉണ്ട് താനും... വഴങ്ങും സ്ഥിരത (flexible stability) എന്ന ഗുണം ഏതു ജീവൽഭാഷയുടെയും സവിശേഷതയാണെന്ന് ഭാഷാശാസ്ത്രം പറയുന്നു.'' വഴക്കം എന്നത് ആ വാക്കിന്‍റെ എല്ലാ അർഥത്തിലും പ്രധാനമാണ് ഭാഷയുടെ കാര്യത്തിൽ. മലയാളം സംസാരത്തിന്‍റെ കാര്യത്തിൽ വളരെയധികമായും എഴുത്തിന്‍റെ കാര്യത്തിൽ ഒട്ടൊക്കെയും ഈ വഴങ്ങുംദൃഢത പുലർത്തുന്നുണ്ട്. എന്നാൽ, മലയാളം എഴുത്തിന്‍റെയും ലിപി ഉപയോഗങ്ങളുടെയും കാര്യത്തിൽ വഴക്കം കുറച്ചധികമാവുകയും ദൃഢത കുറഞ്ഞു പോവുകയും ചെയ്യുന്നു എന്നൊരു പരാതി കുറേയായി പലയിടങ്ങളിൽനിന്നും ഉയരുന്നുണ്ടായിരുന്നു. മലയാളം പഠിക്കുന്ന കുട്ടികൾക്ക് അക്ഷരം പഠിക്കാനില്ലെന്നും അത് ഭാഷാപഠനത്തിന്‍റെയും ഭാഷാപ്രയോഗങ്ങളുടെയും കാര്യത്തിലുള്ള പ്രാഥമിക ദൃഢത ഇല്ലാതാക്കി എന്നുമായിരുന്നു പരാതികൾ. അത് ഒട്ടൊക്കെ ശരിയാണെന്ന് തോന്നിയിട്ടാവണം കേരള സർക്കാർ വീണ്ടും ഒരു ലിപി പരിഷ്കരണവുമായി വരുന്നത്. തോന്നിയിട്ട് എന്നേ പറയാനാവൂ. തോന്നൽ ശരിയാണോ എന്ന് അന്വേഷണങ്ങളെന്തെങ്കിലും നടന്നതായി അറിവില്ല.

ആദ്യകാല ലിപിരൂപങ്ങൾ

ആംസ്റ്റർഡാമിൽനിന്ന് 1678ൽ പുറത്തിറക്കിയ ഹോർത്തൂസ് മലബാറിക്കസ് ഒന്നാം വാല്യത്തിലാണ് ആദ്യമായി മലയാള ലിപി അച്ചടിച്ചത്. എന്നാൽ, അതിൽ ഓരോ അക്ഷരത്തിനും അച്ചുകൾ ഉണ്ടാക്കുകയല്ല, മറിച്ച് സസ്യങ്ങളുടെ പേരുകളും മറ്റും ചിത്രങ്ങൾ പോലെ ബ്ലോക്കുകളുണ്ടാക്കി അച്ചടിക്കുകയായിരുന്നു. എങ്കിലും അച്ചടി മഷി പുരണ്ട ആദ്യ മലയാള ലിപിരൂപം ഹോർത്തൂസിലേതുതന്നെ. 1772ൽ റോമിൽനിന്ന് പുറത്തിറക്കിയ സംക്ഷേപ വേദാർഥമാണ് അച്ചുകളുണ്ടാക്കി അടിച്ച ആദ്യ മലയാളപുസ്തകം. സംക്ഷേപവേദാർഥ കർത്താവായ ഫാ. ക്ലമന്റ് പിയാനിയൂസ് ആണ് ചതുരവടിവിലുള്ള ഈ ലിപികൾ തയാറാക്കിയതെന്നു കരുതുന്നു. അക്കൊല്ലംതന്നെ റോമിൽനിന്ന് പ്രസിദ്ധീകരിച്ച ആൽഫബെത്തും െഗ്രന്ഥോനിക്കാ മലബാറിക്കവും 1791ൽ പ്രസിദ്ധീകരിച്ച പഴഞ്ചൊൽമാലയും ഇതേ ലിപികളിലാണ് അച്ചടിച്ചിട്ടുള്ളത്. 1799ൽ ബോംബെയിൽനിന്ന് പ്രസിദ്ധീകരിച്ച റോബർട്ട് ഡ്രമ്മണ്ടിന്‍റെ ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജിലും ഇതേ ലിപിരൂപങ്ങൾതന്നെയാണ്. ഇവയിലെ ലിപിരൂപങ്ങളെക്കുറിച്ച് വിശദപഠനങ്ങൾ നടന്നിട്ടുണ്ട്.

ഉരുട്ടിയെഴുതുന്ന മലയാളം

ചതുരവടിവിൽ ഒരേ നിരപ്പിലും ഒരേ വലുപ്പത്തിലുമുള്ള ലിപികളാണ് സംക്ഷേപവേദാർഥത്തിൽ. ചിഹ്നങ്ങൾ, ചന്ദ്രക്കല തുടങ്ങിയവയൊന്നുമില്ല. ഏ എന്ന സ്വരത്തിന് ദീർഘചിഹ്നമില്ല. ചതുരവടിവിൽനിന്ന് ഉരുണ്ട അക്ഷരരൂപങ്ങളിലേക്ക് മലയാളത്തെ ചിട്ടപ്പെടുത്തിയത് ബെഞ്ചമിൻ ബെയ്ലിയാണ്. നാരായം പിടിച്ച് ഓലയിൽ എഴുതുന്ന രീതി മാറി പേന പിടിച്ച് കടലാസിൽ എഴുതുന്ന രീതി വന്നതോടെയാവണം ഉരുട്ടിയെഴുതുന്നത് മലയാളത്തിന്‍റെ സ്വാഭാവികതയായി മാറിയത്. എഴുത്തിന്‍റെ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റംതന്നെയാണ് ലിപിരൂപങ്ങളിൽ മാറ്റം കൊണ്ടുവന്നത്.

മലയാളം അക്ഷരങ്ങൾക്ക് ഇണങ്ങുക പഴയ വട്ടെഴുത്തിനോടു ജനിതകബന്ധമുള്ള ഉരുണ്ട ആകാരമാണെന്ന ഉൾത്തെളിച്ചം ബെയ്ലിക്കുണ്ടായിരുന്നു. അക്ഷരങ്ങൾക്ക് അവയവപ്പൊരുത്തമുള്ള രൂപം നൽകിയതും അദ്ദേഹമാണ്. ബെയ്ലി തയാറാക്കിയ നിഘണ്ടുവിന്‍റെ പേര് സൂചിപ്പിക്കുന്നതുപോലെ ഹൈ ആൻഡ് കൊളോക്കിയൽ എന്ന് രണ്ടു തരം മലയാളങ്ങളുണ്ടായിരുന്നതിനെ സമരസപ്പെടുത്തുകയും ആധുനിക മലയാളത്തിലേക്ക് നയിക്കുകയും ചെയ്തു ബെയ്ലി. ഇങ്ങനെ സമരസപ്പെടുത്തിയ മലയാള ഗദ്യത്തിന് സാർവത്രിക സ്വീകാര്യതയുള്ള ഒരു മുഖം നൽകാൻ അദ്ദേഹം തയാറാക്കിയ ലിപിരൂപങ്ങൾ വലിയ സഹായമാണ് ചെയ്തത്. ആയിരത്തോളം അച്ചുകളുണ്ടാക്കിയാണ് ബെയ്ലി അച്ചടി നടത്തിയതെന്ന് ഡോ. ബാബു ചെറിയാൻ കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ മലയാളത്തിന്‍റെ വികാസത്തിന് ആ ലിപിരൂപങ്ങളാണ് അടിത്തറയായത്.

1822-24 കാലത്താണ് ബെഞ്ചമിൻ ബെയ്ലി മലയാള ലിപികൾക്ക് അച്ച് തയാറാക്കിയത്. അങ്ങനെയെങ്കിൽ 2022 ആധുനിക മലയാള ലിപിയുടെ 200ാം വാർഷികംകൂടിയാണെന്ന് വെറുതേ ഒരു കൗതുകവുമുണ്ട്.

ലിപി പരിഷ്കരണ ശ്രമങ്ങൾ

1956ലും 1971ലും മുമ്പ് ഔദ്യോഗിക തലത്തിലുള്ള ലിപിപരിഷ്കരണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ലിനോടൈപ്പിൽ അച്ചടിക്കുന്നതിനു വേണ്ടിയും പിന്നീട് അച്ചടിയിലെ സൗകര്യത്തിനു വേണ്ടിയുമാണ് പരിഷ്കരണശ്രമങ്ങൾ നടന്നത്. ഇപ്പോൾ പക്ഷേ, അങ്ങനെയൊരു പ്രശ്നമൊന്നുമില്ല. ഏതു തരത്തിലുള്ള ലിപിയെയും ഉൾക്കൊള്ളാനുള്ള വൈപുല്യവും വൈദഗ്ധ്യവും മലയാളത്തിനു നേടിക്കൊടുക്കാൻ സന്നദ്ധ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ എത്ര അക്ഷരങ്ങളുണ്ട് എന്ന ചർച്ചയിൽനിന്ന് നമ്മുടെ അക്കാദമിക് പണ്ഡിതലോകത്തിന് ഇപ്പോളും പുറത്തു കടക്കാനായിട്ടില്ല. എന്നാൽ, യൂണികോഡിൽ മലയാളത്തിന് എത്ര കോഡ് പോയന്റുകൾ ഉണ്ട് എന്ന കാര്യത്തിൽ തർക്കങ്ങളേയില്ല. പ്രാചീന രേഖകൾ തപ്പിയെടുത്ത് പല സാധ്യതകളിൽ ഉപയോഗിക്കാവുന്ന കിടയറ്റ ഫോണ്ടുകൾ തയാറാക്കിയും പ്രാചീന കൃതികൾ തപ്പിയെടുത്ത് ഡിജിറ്റൈസ് ചെയ്ത് ആർക്കൈവൽ ഗ്രന്ഥപ്പുരകൾ ഒരുക്കിയും ഒക്കെ സന്നദ്ധ പ്രവർത്തകരും സാങ്കേതിക വിദഗ്ധരും ചേർന്നാണ് ഡിജിറ്റൽ ലോകത്ത് മലയാളത്തിന് ഭദ്രസ്ഥാനമുറപ്പിച്ചത്. മുണ്ടാണിയും മാഹാണിയും പഴയ മലയാളം അക്കങ്ങളും ഋ... ഋൂ... ലു... ലൂ... തുടങ്ങിയവയും ...ംരം.. എന്ന് ഈ കാരം എഴുതിയിരുന്ന രീതിയും എല്ലാം ഉണ്ട് 118 കോഡ് പോയന്റുകളുള്ള യൂണികോഡ് മലയാളത്തിൽ.

എല്ലാം ഒരുക്കിയത് സന്നദ്ധപ്രവർത്തകർ

ഇന്ന് കമ്പ്യൂട്ടറിൽ മലയാളം എങ്ങനെയും എഴുതാവുന്ന നിലയുണ്ട്. പഴയ ലിപിയോ പുതിയ ലിപിയോ ഏതും ഉപയോഗിക്കാനാവും. വേണ്ടത്ര ഫോണ്ടുകൾ കിട്ടാനുണ്ട്. ഇവയെല്ലാം ഒരുക്കിയത് ഭാഷാ സാങ്കേതിക വിദഗ്ധരും സന്നദ്ധ പ്രവർത്തകരുമാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, രചന, സായാഹ്ന ഫൗണ്ടേഷൻ തുടങ്ങിയവരുടെ ഇടപെടലുകൾ ഇക്കാര്യത്തിൽ ഏറെ പ്രധാനമാണ്. യൂണികോഡിൽ മലയാളം എൻകോഡിങ് നടന്നിരുന്ന കാലത്ത് ബ്ലോഗിലും മറ്റുമായി മലയാള ഭാഷാവേദിയിൽ നടന്നിരുന്നത് യുദ്ധംതന്നെയായിരുന്നു. അന്നൊന്നും അക്കാര്യങ്ങൾ സർക്കാറോ അക്കാദമികരോ അറിഞ്ഞിരുന്നതേയില്ല. യൂണികോഡ് വ്യവസ്ഥയിലേക്ക് മലയാള ലിപികളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ വലിയ പങ്കു വഹിച്ചത് സി.ജെ. സിബു, സന്തോഷ് തോട്ടിങ്ങൽ തുടങ്ങി ഏതാനും ഭാഷാസാങ്കേതിക വിദഗ്ധരാണ്. മലയാളം ലിപികളുടെ ആവിഷ്കാര സാധ്യതകൾ പരമാവധി ഉൾപ്പെടുത്തി, പ്രാചീന ലിപിരൂപങ്ങൾക്കെല്ലാം സ്ഥാനം നൽകി, സമഗ്രമായ വിധത്തിൽ മലയാളം യൂണികോഡിൽ എൻകോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, പഴയ ലിപിയിലോ പുതിയ ലിപിയിലോ കൂട്ടക്ഷരങ്ങൾ ചേർത്തോ വിട്ടുവിട്ടോ ഒക്കെ സൈബർലോകത്ത് മലയാളം എഴുതാൻ നമുക്ക് കഴിയും. അതിനു തക്ക ഫോണ്ടുകൾ ഉണ്ടായിരുന്നാൽ മതി.

അങ്ങനെയൊരു സാധ്യത വന്നതോടെയാണ് ലിപികളുടെ കാര്യത്തിൽ വഴക്കത്തോടൊപ്പം ദൃഢതയും ആവശ്യമാണ് എന്ന തോന്നലുയർന്നത്. ഇപ്പോൾ സർക്കാർ ഔദ്യോഗികമായി ഒരു ലിപി പരിഷ്കരണ സമിതിയെ നിയോഗിക്കുകയും ആ സമിതി പ്രാഥമികമായി ചില നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിന് അംഗീകാരം നൽകിയിരിക്കുന്നതാകട്ടെ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയും.

ഭാഷയുടെ കാര്യത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി തീരുമാനമെടുക്കുന്നതും നിയമമുണ്ടാക്കുന്നതുമൊക്കെ ഒരർഥത്തിൽ നോക്കിയാൽ തമാശയാണ്. ഭാഷ സർക്കാറിേന്റതല്ലല്ലോ, നമ്മുടേതല്ലേ! അതിനുമേൽ അധികാരികൾ നമ്മൾതന്നെയാണ്. നമ്മുടെ ഭാഷയിൽ ലിപിപരമായി നടക്കുന്ന സംവാദങ്ങൾ പൊതു സമൂഹത്തിന്‍റെയും അധികാരികളുടെയും ശ്രദ്ധയാകർഷിക്കാൻപോന്നതായിരുന്നു എന്നു വേണം കരുതാൻ. മലയാളം എഴുത്തിന്‍റെയും കൈകാര്യംചെയ്യലിന്‍റെയും കാര്യത്തിൽ കുറച്ചു കാലമായി പൊതുസമൂഹത്തിൽ നടന്ന ചില ചർച്ചകളാവാം ഇടപെട്ടുകളയാൻ സർക്കാറിനെ േപ്രരിപ്പിച്ചത്. അതിൽ ചില കാരണങ്ങൾ ഇവയാണെന്നു തോന്നുന്നു:

1. കേരളത്തിൽ മലയാളം പഠിക്കുന്ന വിദ്യാർഥികളിൽ ഒരു വിഭാഗത്തിന് അക്ഷരങ്ങൾ പൂർണമായി എഴുതാനോ വായിക്കാനോ അറിയില്ല എന്ന് ചില അന്വേഷകർ കണ്ടെത്തിയതിനെ തുടർന്നുണ്ടായ പുകിലുകളും സംവാദങ്ങളും.

2. പുതിയ ലിപിയിലും പഴയ ലിപിയിലും രണ്ടും ചേർന്ന രൂപത്തിലുമായി പല മട്ടിൽ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വരുന്നത്.

3. പരസ്യങ്ങൾ, പോസ്റ്ററുകൾ, സിനിമാപ്പേരുകൾ, പുസ്തകപ്പേരുകൾ തുടങ്ങിയവയിലൊക്കെ ഒരു നിശ്ചയമില്ലായൊന്നിനും എന്ന മട്ടിൽ ലിപികൾ ഉപയോഗിക്കാൻ തുടങ്ങിയത്.

ആരൂഢമുറപ്പിച്ചവർ

ആധുനികകാലത്ത് നമ്മുടെ ഭാഷയുടെ വ്യവസ്ഥകൾ വിവരിക്കാൻ വലിയ പരിശ്രമങ്ങൾ നടത്തുകയും ആരൂഢമുറപ്പിക്കുകയും ചെയ്ത മഹാപ്രതിഭകളായി ചിലരുണ്ട്. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി, ജോർജ് മാത്തൻ, എ.ആർ. രാജരാജവർമ തുടങ്ങിയവരായിരിക്കും പ്രാതസ്മരണീയർ. ഇവരെയൊക്കെ മലയാളികൾ പൊതുവേ അംഗീകരിക്കുന്നുമുണ്ടല്ലോ. എന്നാൽ, ഭാഷാപഠനരീതിയിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലിസ്റ്റൻ ഗാർത്ത് വേറ്റിനെപ്പോലുള്ളവർ വിസ്മൃതിയിലാണ്ടുപോവുകയും ചെയ്തു. പിൽക്കാലത്ത് ഭാഷയിലും ലിപിവ്യവസ്ഥയിലും വലിയ അധികാര പ്രയോഗങ്ങൾ നടത്തിയ രണ്ടു പേർ ഇ.എം.എസും എൻ.വി.കൃഷ്ണവാര്യരുമാണ്. നമ്മുടെ കാലത്ത് ഭാഷാസംവാദങ്ങളിൽ മുകളിൽനിന്ന് ഇടപെടുന്ന അധികാരത്തിന്‍റെ രീതിശാസ്ത്രം പ്രയോഗിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേർ ഇവരാണെന്നു തോന്നുന്നു.

പൂനെ ഡെക്കാൻ കോളജിലെ മുൻ അധ്യാപകനും പുരാരേഖാ വിദഗ്ധനുമായ ഡോ. എസ്.ജെ. മംഗലം, എൽ.എ. രവിവർമ തുടങ്ങിയവരാണ് മലയാള ലിപികളുടെ വികാസ പരിണാമങ്ങളെക്കുറിച്ച് ആധികാരിക ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ചിലർ. വട്ടെഴുത്തിലും, കുറഞ്ഞ അളവിൽ കോലെഴുത്തിലും നിലനിന്നുപോന്ന മലയാള ഭാഷ ഗ്രന്ഥലിപിയിലേക്ക് മാറുന്നത് വലിയ സാംസ്കാരിക- രാഷ്ട്രീയ അധിനിവേശത്തിന്‍റെ (അല്ലെങ്കിൽ ഇടപെടലിന്‍റെ) ഫലമാണെന്ന് ഡോ. എസ്.ജെ. മംഗലം സൂചിപ്പിക്കുന്നുണ്ട്. സംസ്കൃതത്തിന്‍റെ കടന്നുകയറ്റം നമ്മുടെ ലിപികളെ ആകെത്തന്നെ മാറ്റിക്കളഞ്ഞു. ഇംഗ്ലീഷാവിഷ്ടമാണ് മലയാളം എന്ന് പറയുമ്പോഴും നമ്മുടെ ലിപികളിലൊന്നും തൊട്ടുകളിക്കാനായിട്ടില്ല ആംഗലഭാഷക്ക്. ഗ്രന്ഥലിപിയിലെയും വട്ടെഴുത്തിലെയും അക്ഷരങ്ങൾ കൂടിക്കലർന്ന് ആധുനിക മലയാള അക്ഷരമാല രൂപപ്പെട്ടതെങ്ങനെ എന്ന് എസ്.ജെ. മംഗലം വിവരിക്കുന്നുണ്ട്. കലർപ്പും കൂടിക്കുഴയലും മലയാളത്തിന് ജന്മകാലം മുതലേ ഉണ്ടെന്നു ചുരുക്കം. അതാണ് മലയാളത്തിന്‍റെ ബലവും.

കലർപ്പിന്‍റെ ജനിതകം

തമിഴ്, ഹിന്ദി തുടങ്ങി ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളെ അപേക്ഷിച്ച് പല മട്ടിലുള്ള കലർപ്പുകൾ ഉണ്ടായിട്ടുള്ള ഭാഷയാണ് മലയാളം. അത്തരം ഇടപെടലുകൾക്ക് വഴങ്ങാനും കലരാനുമുള്ള ഒരു ജനിതകം മലയാളത്തിനുണ്ട്. വാക്കുകളെയും വ്യാകരണഘടകങ്ങളെയുമൊക്കെ ബെല്ലും േബ്രക്കുമില്ലാതെ കൂട്ടിക്കലർത്തിയാണല്ലോ മലയാളത്തിലെ മഹാരചനകൾ മിക്കതുമുണ്ടായത്. പല തരം ലിപിരൂപങ്ങൾ മുന്നിലുള്ളപ്പോൾ അവയെ കൂട്ടിക്കലർത്തി തോന്നുംപടി ഉപയോഗിക്കാനുള്ള ത്വര മലയാളം എഴുതുന്നവർക്ക് ഉണ്ടായത് ഭാഷയുടെ ആ ജനിതകത്തിൽ നിന്നുതന്നെ ആയിരിക്കണം. 'ഉൂണ്' എന്നൊരു ബോർഡ് തൃപ്പൂണിത്തുറക്കടുത്ത് ഒരു കള്ളുഷാപ്പിനു മുന്നിൽ കണ്ടിട്ടുണ്ട്. ഉകാര ദീർഘമായി ൂ എന്ന ചിഹ്നം മറ്റെല്ലായിടത്തും എഴുതാമെങ്കിൽ പിന്നെ ഉകാരത്തിനൊപ്പവും അത് ചേർക്കാമല്ലോ എന്ന് ബോർഡെഴുതിയയാൾ തീരുമാനിച്ചു എന്നു മാത്രം. അതല്ല രീതി എന്നു പറയാം. എന്നാൽ അതു തെറ്റ് ആണെന്ന് എങ്ങനെ പറയും!

71ലെ പരിഷ്കരണം

1971ലെ ലിപി പരിഷ്കരണത്തിന്‍റെ പേരിൽ ഉണ്ടാ(ക്കി)യ പൊല്ലാപ്പുകൾ അരനൂറ്റാണ്ടു പിന്നിട്ടിട്ടും ഒഴിഞ്ഞുപോയിട്ടില്ല. സ്വരചിഹ്നങ്ങളും വലിയൊരു പങ്ക് കൂട്ടക്ഷരങ്ങളും വേർതിരിച്ച് എഴുതുന്നതായിരുന്നു അന്നത്തെ പുതിയ ലിപിയുടെ രീതി. ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നിവ തനി മലയാള പദങ്ങളിൽ സാർവത്രികമായി കാണുന്നതിനാൽ അവ കൂട്ടിയെഴുതണമെന്നും, മറ്റുള്ളവ ഏറെയും സംസ്കൃതത്തിൽനിന്നു വരുന്നവയാണെന്നും, അവ ചന്ദ്രക്കലയിട്ട് വേർതിരിച്ച് എഴുതണം എന്നും ആയിരുന്നു അന്നത്തെ നിർദേശം. കൈയെഴുത്തിൽ പഴയ ലിപി നിലനിർത്തണം എന്നു നിർദേശിക്കുകയും ചെയ്തിരുന്നു. അച്ചടിയിലും പാഠപുസ്തകത്തിലും പുസ്തകങ്ങളിലും പുതിയ ലിപിയും, നോട്ടുപുസ്തകത്തിൽ പഴയ ലിപിയുമായി.

പക്ഷേ, കുഴമറിച്ചിൽ വന്നത് അവിടെയല്ല. മലയാളം ടൈപ്പ് റൈറ്ററുകൾ വന്നതോടെ, ആകെ കിട്ടാവുന്ന വളരെക്കുറച്ച് ടൈപ്പുകൾ ഉപയോഗിച്ച് മലയാളം അടിക്കേണ്ടി വന്നു. അപ്പോളാണ് മലയാളം കുഴങ്ങിപ്പോയത്. വർത് തമാനപ് പത്റം എന്നും വട് ട ക് കാട് ടു വീട ്ടിൽ കുട് ടപ് പൻ ചേട ്ടൻ എന്നുമൊക്കെ ടൈപ്പ് റൈറ്റിങ്ങിൽ വന്നതിന്‍റെ പഴി മുഴുവൻ ചെന്നുവീണത് 1971ലെ ലിപി പരിഷ്കരണത്തിലേക്കും അതുവഴി പുതിയ ലിപിയിലേക്കുമായിരുന്നു.

ഇഞ്ചി എന്ന് കൂട്ടക്ഷരം ചേർത്തും മഞ്ജരി എന്ന് കൂട്ടക്ഷരം ചന്ദ്രക്കലയിട്ട് വിടർത്തിയും എഴുതുന്നതാണ് 1971ലെ ലിപി പരിഷ്കരണത്തിന്‍റെ സ്വഭാവമായിരുന്നത്. ഇങ്ങനെയുണ്ടായ കലക്കങ്ങൾ ഒട്ടൊക്കെയൊന്നു പരിഹരിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോളത്തെ ലിപിപരിഷ്കരണനീക്കം എന്നാണ് ഇതുവരെയുള്ള വിവരണങ്ങളിൽനിന്ന് മനസ്സിലാകുന്നത്.

1971ലെ ലിപി പരിഷ്കരണംകൊണ്ട് കുഴമറിച്ചിലുകൾ മാത്രമല്ല ഉണ്ടായത്. ർ എന്നതിനു പകരം തൊട്ടടുത്ത അക്ഷരത്തിനു മുകളിൽ ചെറിയൊരു കുത്തുവര (ഗോപി രേഫം) ഇടുന്ന രീതി ഇല്ലാതായത് ആ പരിഷ്കരണത്തോടെയാണ്. സൂർയ്യൻ, ആർയ്യൻ എന്നൊക്കെ എഴുതുന്ന രീതി ഇപ്പോൾ തീരെ ഇല്ലാതായിട്ടുണ്ടല്ലോ.

യ്, ര്, ല്, വ് എന്നീ മധ്യമങ്ങൾ ചേർന്നു വരുന്ന കൂട്ടക്ഷരങ്ങൾക്ക് വ്യഞ്ജനങ്ങളിൽ നിന്ന് വേറിട്ട ചിഹ്നം (ഉപലിപി) നൽകി എഴുതണം എന്നതായിരുന്നു 1971ലെ മറ്റൊരു നിർദേശം. അതിൽ ര്/റ് ചേർത്തെഴുതാം എന്നാണ് പുതിയ നിർദേശത്തിൽ കാണുന്നത്.

അച്ചടിയിൽ പുതിയ ലിപിയും മറ്റിടങ്ങളിൽ പഴയ ലിപിയും എന്നായിരുന്നു 71ലെ ലിപി പരിഷ്കരണകാലത്തെ സമീപനം. അടുത്തിടെ, പൂർണമായും പഴയ ലിപിയിലുള്ള ചില ഫോണ്ടുകൾ വരുകയും അച്ചടിയിലേക്കു കൂടി പഴയ കൂട്ടുലിപികൾ മടങ്ങിവരുകയും ചെയ്തു. കാലിഗ്രഫിയിൽ വിളയാടുന്ന പുതിയ പല കലാകാരന്മാരും പഴയതോ പുതിയതോ എന്നൊന്നും നോക്കാതെ, തികഞ്ഞ സ്വാതന്ത്ര്യത്തോടെ ലിപികൾ എടുത്തു പെരുമാറാനും തുടങ്ങി. അതോടെ ലിപിപരമായി മുമ്പേ ഉണ്ടായിരുന്ന കലക്കംകൂടി ആകെ കലങ്ങിമറിഞ്ഞ അവസ്ഥയായി.

ഉകാരത്തിന്‍റെ പ്രകാരങ്ങൾ

പഴയ ലിപിയിൽ ഏറ്റവുമധികം വൈവിധ്യമുണ്ടായിരുന്നത് വ്യഞ്ജനങ്ങളോടൊപ്പം ഉ കാരങ്ങൾ (ഹ്രസ്വവും ദീർഘവും) കൂടിച്ചേരുന്നതിലായിരുന്നു.

മലയാളത്തിലെ ഉകാര ചിഹ്നങ്ങൾ എന്നൊരു പ്രബന്ധത്തിൽ കാവ്യ മനോഹർ അത് വിശദമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. കുനിപ്പ്, വാല്, ചുരുട്ട്, കുണുക്ക് എന്നിങ്ങനെ നാലു തരത്തിലാണ് ഉ കാരങ്ങൾ വ്യഞ്ജനങ്ങളോടു ചേരുന്നത്. ഉ കാര ദീർഘമാകട്ടെ ഒരു വ്യഞ്ജനത്തോടു തന്നെ പല മട്ടിൽ ചേരും. കുനിപ്പിട്ട വളപ്പ്, കുനിപ്പിട്ട വാല്, ചുരുട്ടു വാല്, ഇരട്ടക്കുണുക്ക് എന്നിങ്ങനെയാണ് ഉ കാരദീർഘം വ്യഞ്ജനത്തോടു ചേരുന്ന മാതൃകകൾ. ക്ലമന്റ് പാതിരി, ഡ്രമ്മണ്ട്, ജോസഫ് പീറ്റ്, മാത്തൻ തുടങ്ങിയവർ വളരെ മുമ്പേ ഇത് ഈ പേരുകളോടെയല്ലെങ്കിലും കൃത്യമായിത്തന്നെ പട്ടികപ്പെടുത്തിയിരുന്നതാണ്.

പഴയ ലിപിയിൽ വ്യഞ്ജനങ്ങളോട് സ്വരം കൂട്ടിച്ചേർക്കുമ്പോൾ പുതിയ ലിപിരൂപം ഉണ്ടാവുന്നത് ഉ, ഊ, ഋ എന്നിവക്കു മാത്രമായിരുന്നു. ആ (ഠാ), ഇ (ഠി), ഈ (ഠീ), എ (ഠെ), ഏ (ഠേ), ഐ (ഠൈ), ഒ (ഠൊ), ഓ (ഠോ), ഔ (ഠൗ), അം (ഠം), അഃ (ഠഃ) എന്നിവക്കെല്ലാം പഴയ ലിപിയിലും സ്വരചിഹ്നം വേറിട്ടുതന്നെയാണ് എഴുതിയിരുന്നത്. 1971ലെ പുതിയ ലിപിയിൽ അവക്കൊപ്പം ഉ, ഊ, ഋ എന്നിവ ചേരുന്ന ചിഹ്നങ്ങൾ കൂടി വേർപെടുത്തി എന്ന വ്യത്യാസമേ വരുത്തിയിരുന്നുള്ളൂ.

ഇപ്പോൾ നിർദേശിച്ചിട്ടുള്ള മാറ്റത്തിലും ഉ, ഊ എന്നിവയെ മറ്റു സ്വരങ്ങൾപോലെ വ്യഞ്ജനത്തിൽനിന്ന് വേർപെടുത്തി ഒരേ മട്ടിൽ എഴുതാമെന്നാണ് പറയുന്നത്. മറ്റു പിടിവാശികളൊന്നുമില്ലെങ്കിൽ സാധാരണ നിലക്ക്, സ്വീകാര്യമായ നിർദേശമാണിത്.

ഋ, യ, ര, റ

ഋ വിന്‍റെ ഉപലിപി (ഠൃ) മാത്രം വേർപെടുത്താതെ, ചേർത്തെഴുതാനാണ് ഇപ്പോളത്തെ നിർദേശം. ബാക്കിയെല്ലാ സ്വരങ്ങളും വിട്ടെഴുതാമെങ്കിൽ ഋ മാത്രം വിടാതെ ചേർത്തെഴുതുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല! ഋ വിന്‍റെ ചിഹ്നവും (ഠൃ) യയുടെ ചിഹ്നവും (ഠ്യ) തമ്മിൽ തെറ്റിപ്പോകാനുള്ള സാധ്യത ഒഴിവാക്കാനാണെത്ര ഇത്.

റ്/ര് എന്നതിന്‍റെ ഉപചിഹ്നവും ചേർത്തെഴുതാനാണ് പറയുന്നത് (ഠ്ര) കൂട്ടക്ഷരങ്ങൾ ചേർത്തെഴുതാൻ നിർദേശിക്കുന്നിടത്ത് ഇത് വലിയൊരു കൂട്ടിക്കുഴച്ചിലല്ലേ ഉണ്ടാക്കുക എന്ന് സംശയം. സ്ത്രീ, രാഷ്ട്രീയം, പൗണ്ഡ്രകം തുടങ്ങി പല വാക്കുകളിലും നെടുങ്കൻ കൂട്ടക്ഷരമാവും. പാഠപുസ്തകങ്ങളിൽ അവ ചേർത്തുവരുകയും ചേർത്തുമാത്രമേ എഴുതാവൂ എന്ന് കുട്ടികൾ പഠിക്കുകയും ചെയ്യുന്നതിലേ ഒരു രസക്കേടുള്ളൂ. ചേർത്തും എഴുതാം എന്നായാൽ തരക്കേടില്ല. സകല കൂട്ടക്ഷരങ്ങളും കൂട്ടിത്തന്നെ എഴുതുമ്പോൾ, പഠിച്ചുതുടങ്ങുന്നവർക്ക് ഒരു പ്രശ്നമുണ്ടാവാം. ഇന്ന ഇന്ന അക്ഷരങ്ങൾ കൂടിച്ചേർന്നുണ്ടായ കൂട്ടക്ഷരത്തിന്‍റെ ലിപിയാണിത് എന്ന് പ്രത്യേകം മനസ്സിലാക്കണം. ഉദാഹരണത്തിന്: ണ്+ട=ണ്ട എന്ന് മനസ്സിലാക്കുന്നത് ഉച്ചാരണത്തിലും അർഥബോധനത്തിലും പ്രധാനംതന്നെയാണ്. കൂട്ടക്ഷരങ്ങൾ ഓരോന്നിന്‍റെയും കൂട്ട് മലയാളം പഠിക്കുന്നവർക്ക് അറിയാൻ കഴിയണം.

ചില വാദമുഖങ്ങളൊക്കെ തുറക്കുന്നതാണെങ്കിലും, ലിപിരൂപങ്ങളുടെ കാര്യത്തിൽ പൊതുവേ സ്വീകരിക്കാവുന്നവയാണ് സമിതിയുടേതായി വന്ന നിർദേശങ്ങളിലുള്ളത്.

മാധ്യമത്തിന്‍റെ വൈദഗ്ധ്യം

മാധ്യമം, അധ്യാപകൻ, വിദഗ്ധൻ, വിദ്യാർഥി, പ്രാർഥന തുടങ്ങിയ വാക്കുകളിലൊക്കെ ഉച്ചാരണത്തിലോ അർഥത്തിലോ വ്യത്യാസങ്ങളുണ്ടാക്കാത്ത അക്ഷരങ്ങൾ ഒഴിവാക്കാം എന്ന് നിർദേശിക്കുന്നുണ്ട്. പി.കെ. ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ 'മാധ്യമം' വളരെ മുമ്പേ സ്വീകരിച്ചതാണ് ഈ രീതി. മിക്ക പത്രസ്ഥാപനങ്ങളും ഇപ്പോൾ ഇങ്ങനെയാണ് എഴുതുന്നതും. ഉച്ചാരണമില്ലാത്തതും അർഥപരമായി ആവശ്യമില്ലാത്തതുമായ അക്ഷരങ്ങൾ ഒരു വാക്കിൽ വേണ്ടെന്നു വെക്കുന്നതുകൊണ്ട് എന്തെങ്കിലും തകരാറുള്ളതായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഗൃധ്രം എന്നെഴുതിയാലും ഗൃദ്ധ്രം എന്നെഴുതിയാലും സംഭവം കഴുകൻതന്നെയായിരിക്കും. അന്യൻ, ശക്തി, രക്തം, തത്വം തുടങ്ങി നിരവധി വാക്കുകളിൽ ''അക്ഷരം ഒറ്റയായി എഴുതപ്പെടുകയും ഇരട്ടയായി ശബ്ദിക്കപ്പെടുകയും നടപ്പാകുന്നു'' എന്നാണ് ജോർജ് മാത്തൻ എഴുതിയിട്ടുള്ളത്. തത്വം, മഹത്വം, മിതത്വം, ബഹുത്വം, സ്വത്വം തുടങ്ങിയവയിൽ ഇരട്ടിപ്പ് ആവശ്യമില്ല എന്ന് സർക്കാർ ഉത്തരവുണ്ട് എന്നു പറയാം ഇനി എന്നത് ഒരു സൗകര്യമാണ്. പലതും പലമട്ടിലുള്ളവയിൽ, എവിടെയെങ്കിലും ഒരു തീർപ്പു വേണം എന്നുള്ളവർക്ക് അതിനുള്ള ഇടമായി ഔദ്യോഗിക നിർദേശങ്ങൾ സ്വീകരിക്കാം എന്നതാണ് വലിയൊരു സൗകര്യം.

മലയാള ലിപികളെക്കുറിച്ചോ അക്ഷരങ്ങളെക്കുറിച്ചോ പറയുമ്പോൾത്തന്നെ ഝ, ഋ തുടങ്ങി പ്രായേണ ഉപയോഗം കുറഞ്ഞ ചിലവയെക്കുറിച്ചു പറഞ്ഞ് പരിഹാസമുണർത്താനുള്ള ശ്രമങ്ങൾ കാണാറുണ്ട്. എന്തിനാണ് ഇത്തരം 'യൂസ്ലെസ്' ലിപികൾ എന്നാണ് അത്തരക്കാരുടെ ചോദ്യം. ഝഷം ൈഫ്ര എന്നും ഋഷഭം റോസ്റ്റ് എന്നുമൊക്കെയുള്ള യൂസ്ലെസ് പരിഹാസങ്ങൾ അങ്ങനെ വരുന്നതാണ്. ഋവിന്‍റെ ദീർഘം, ...ലു... അതിന്‍റെ ദീർഘം എന്നിങ്ങനെ അക്ഷരപ്പട്ടികയിൽനിന്നും ലിപിമാലയിൽനിന്നും മാറ്റിനിർത്തിയാൽ തരക്കേടൊന്നുമില്ലാത്തവയെ മാറ്റിനിർത്തിയത് ഔദ്യോഗിക തീരുമാനത്തിന്‍റെകൂടി ഫലമായിട്ടാണ്. ഇടപെടലുകൾ വെറുതേയല്ല എന്നർഥം. അതേസമയം, യൂണികോഡിൽ അവയും എൻകോഡ് ചെയ്തിട്ടുണ്ട് എന്നത് പഠന, ഗവേഷണ കാര്യങ്ങളിൽ വലിയ നേട്ടവുമാണ്.

സ്വർണവും വർഗവും കൽപ്പനയും

ർ, ൽ, ൾ എന്നിവക്കു ശേഷം വരുന്ന അക്ഷരങ്ങളിൽ ഇരട്ടിപ്പു വേണോ വേണ്ടയോ എന്നതിൽ അഭിപ്രായ ഭേദങ്ങൾ ഒട്ടേറെയുണ്ട്. ർ കഴിഞ്ഞ് ഇരട്ടിപ്പ് വേണ്ട എന്ന അഭിപ്രായക്കാരനായിരുന്നു ഇ.എം.എസ്. 'ദേശാഭിമാനി'യുടെ സ്റ്റൈൽ പാർടി, ചർച എന്നൊക്കെ ആയിരുന്നല്ലോ.

ഇക്കാര്യത്തിൽ പുതിയ സമിതി ചില നിർദേശങ്ങൾ വെക്കുന്നുണ്ട്.

1. ർ, ൽ, ൾ എന്നിവക്കു ശേഷം ഖരാക്ഷരങ്ങൾ വരുമ്പോൾ ഉച്ചാരണത്തിൽ ഇരട്ടിപ്പുണ്ടെങ്കിൽ അവ എഴുതിക്കാണിക്കണം. ഉദാ: തമ്മിൽച്ചേരുക, നീർത്തുള്ളി, കർക്കശം, നീർക്കുമിള, കർത്തവ്യം, കർപ്പൂരം, ഇവൾക്ക്, അവൾക്ക്, കൽക്കരി.

2. പദങ്ങൾക്ക് ഉച്ചാരണത്തിൽ ഇരട്ടിപ്പില്ലെങ്കിൽ അവ ഒഴിവാക്കണം.

ഉദാ: വാർതിങ്കൾ, വേർപാട്, പുലർകാലം, തുടർപഠനം.

3. ർ കഴിഞ്ഞാൽ അതിഖരം, മൃദു, ഘോഷം എന്നിവ പ്രധാന അക്ഷരമായി വന്നാൽ ഇരട്ടിപ്പ് ആവശ്യമില്ല.

ഉദാ: സർവകലാശാല, പോർവിളി, അർഥം, വിദ്യാർഥി, പ്രാർഥന, മൂർഛ, നിർധനൻ.

4. ർ എന്നതിനു ശേഷം അനുസ്വാരത്തിന് ഇരട്ടിപ്പ് വേണം.

ഉദാ: കവർന്നു, വിടർന്നു, മർമ്മ, ധർമ്മ, വർണം...

ർ കഴിഞ്ഞാൽ ഖരാക്ഷരങ്ങൾക്കും നകാരത്തിനും മാത്രമേ ഇരട്ടിപ്പ് വേണ്ടൂ എന്നാണ് ഇപ്പോൾ കൂടുതൽ പ്രചാരമുള്ള രീതി. വർമ, സ്വർണം, വർഗം എന്നൊക്കെ. 'ദേശാഭിമാനി'യുടെ സ്റ്റൈൽ പ്രഭാവർമ എന്നാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ പുസ്തകങ്ങളിൽ പ്രഭാവർമ്മ എന്നും.

ഇക്കാര്യങ്ങളിലൊക്കെ മാറിയും മറിഞ്ഞുമുള്ള രീതികളാണ് കാലങ്ങളായി പ്രചാരത്തിലുള്ളത്.

അര നൂറ്റാണ്ടിന്‍റെ ഇടവേളക്കു ശേഷം

ലിപി പരിഷ്കരണത്തിന് പുതിയൊരു സമിതി വന്നു എന്നതും അവർ ചില നിർദേശങ്ങൾ വെച്ചു എന്നതും നല്ലൊരു കാര്യമാണെന്നാണ് തോന്നുന്നത്. അരനൂറ്റാണ്ടിന്‍റെ നെടുങ്കൻ ഇടവേളക്കു ശേഷമേ അങ്ങനെയൊന്നുണ്ടായുള്ളൂ എന്നതാണ് സങ്കടകരം. ഈ നിർദേശങ്ങൾ ആചന്ദ്രതാരം നിലനിൽക്കാനുള്ളവയോ സമ്പൂർണമോ ആണെന്ന് ആരും കരുതുകയില്ലല്ലോ. ഭാഷ നാൾ തോറും വളരുന്നതാണ്. നവയൗവനത്തിൽ തുടരുന്നതുമാണ്. കാമധേനുവിനു പിന്നാലെ നടന്ന ദിലീപനെപ്പോലെ ഭാഷക്കൊപ്പം നടക്കുകയാണ് ഭാഷാപ്രവർത്തകരുടെ രീതി. ഞങ്ങളുണ്ടാക്കിയ രീതിയാണ് ഏറ്റവും മികച്ചത്, അതു കാണാൻ ഭയങ്കര ഭംഗിയാണ് എന്നൊക്കെ പലർക്കും തോന്നിയേക്കും. നളചരിതത്തിൽ പറയുന്നുണ്ട്:

ഞാനെന്നുമെനിക്കുള്ളതെന്നും എല്ലാവർക്കും തോന്നും

അതുമായം, അതമേയം, അതു മായുന്നതുമല്ലുലകിൽ.

ഡിജിറ്റൽ മലയാളത്തിന് സമിതി വേണം

ഇപ്പോഴത്തെ നിലക്ക് ഇത്തരത്തിലൊരു ലിപി പരിഷ്കരണ സമിതി മതിയാവില്ല നമുക്ക് എന്നതാണ് പ്രധാനമായി തോന്നുന്നത്. ഡിജിറ്റൽ മലയാളത്തിനായി ഒരു വിദഗ്ധ സമിതിയുണ്ടാവുകയാണ് വേണ്ടത്. പല മട്ടിൽ ഉപയോഗിക്കാവുന്ന ഫോണ്ടുകൾ തയാറാക്കുക, വിക്കിപോലുള്ള വലിയ പ്ലാറ്റ്ഫോമുകളിൽ മലയാളത്തിന്‍റെ നില മെച്ചപ്പെടുത്തുക, സ്വതന്ത്ര ഉപയോഗം അനുവദിക്കുന്ന സ്പെൽചെക്ക് പോലുള്ള സൗകര്യങ്ങൾ വികസിപ്പിക്കുക, പഴയ രേഖകളുടെയും പുസ്തകങ്ങളുടെയുമൊക്കെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുക തുടങ്ങി ഡിജിറ്റൽ മലയാളത്തിന് ഊടുറപ്പ് നൽകുന്ന പ്രവൃത്തികൾക്ക് സർക്കാറും അക്കാദമികളും ഇനിയെങ്കിലും ശ്രദ്ധ നൽകേണ്ടതാണ്.

സന്നദ്ധപ്രവർത്തകരും സാങ്കേതികവിദഗ്ധരും വൈകാരികോത്സാഹത്തോടെ വലിയ കാര്യങ്ങൾ ചെയ്തതുകൊണ്ടു മാത്രമാണ് ഡിജിറ്റൽ മലയാളം ഇന്ന് തല ഉയർത്തി നിൽക്കുന്നത്. സ്വന്തംനിലക്ക് ഫോണ്ടുകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും തയാറാക്കാൻ ശേഷിയുള്ള വളരെക്കുറച്ച് സ്ഥാപനങ്ങളേ മലയാളത്തിലുള്ളൂ. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളിൽ സർക്കാറിന്‍റെ ശ്രദ്ധയുണ്ടാവുന്നത് സ്വാഗതാർഹമാണ്. ഇനി അഥവാ സർക്കാറിന്‍റെ ഇടപെടൽ അധികാരപരമാണെന്നു വന്നാൽ ആര് വകവെക്കാൻ! ലിപി തെറ്റിച്ചെഴുതിയാൽ പെറ്റിക്കേസ് എടുക്കുകയൊന്നുമില്ലല്ലോ!

Friday, April 15, 2022

ലീലാതിലകം...

 


നാലുകെട്ടും നടുമുറ്റവുമുള്ള മഹാരാജാസിലെ പല ക്ലാസ് മുറികളും ചെറിയൊരു പാതാളഛായയിൽ നേർത്ത ഇരുൾ നിറഞ്ഞുകിടന്നു. ഒന്നാം വർഷ എംഎ ക്ലാസ് അത്തരത്തിലൊന്നായിരുന്നു. എന്നാൽ ആ ഇരുട്ടകറ്റി ഹൃദ്യമായ ഒരു ചിരിയോടെയാണ് ലീലാവതി ടീച്ചർ കടന്നുവന്നത്. ടീച്ചറുടെ വാഗ്‌പ്രവാഹത്തിൽ ഞങ്ങൾ ഏതൊക്കെയോ കരകളിലടിഞ്ഞു.

ലീലാവതി ടീച്ചറെപ്പറ്റി ഗ്രേസി എഴുതുന്നു
എഴുപതുകളുടെ മധ്യത്തിലാണ് ഞാൻ മഹാരാജാസ് കോളേജിൽനിന്ന് പടിയിറങ്ങിയത്. ഇനി വെറുമൊരു പൂർവവിദ്യാർത്ഥിനിയായിത്തീരുമല്ലോ എന്ന നഷ്ടബോധത്തിന്റെ ഭാരം നെഞ്ചിലമർന്നു.
ഞാൻ പ്രീഡിഗ്രിക്ക് പഠിച്ചത് പ്രാർത്ഥനാനിരതമായി നിൽക്കുന്ന ഒരു കുന്നിന്റെ നെറുകയിലെ കോളേജിലാണ്. അതിന്റെ ഒരു പകുതിയിൽ മാത്രമേ പെൺകുട്ടികൾക്ക്‌ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളു. മറുപകുതി ആൺകുട്ടികളുടെ വിഹാരകേന്ദ്രമായിരുന്നു. അതുകൊണ്ട് കോളേജിന്റെ ആകാശത്ത് ചുടുനെടുവീർപ്പുകൾ ഘനീഭവിച്ചുനിന്നു. മലയാളം ബിഎയ്‌ക്ക്‌ ചേർന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജാകട്ടെ ഒരു വരൾച്ച ബാധിത പ്രദേശമായിരുന്നു.

ഡോ. എം ലീലാവതി

ഡോ. എം ലീലാവതി

മഹാരാജാസിന്റെ ഗേറ്റ് കടന്നതും ഒരു കുളിർമ വന്ന് എന്നെ പൊതിഞ്ഞു. നഗരമധ്യത്തിൽ പഴമയുടെ രാജകീയ പ്രൗഢിയോടെ തലയുയർത്തിനിന്ന മഹാരാജാസിന്റെ ക്യാമ്പസിൽ പേരറിയാത്ത ഒട്ടേറെ മരങ്ങൾ ഇലമർമ്മരങ്ങൾകൊണ്ട് സ്വാഗതമോതി. മരച്ചുവടുകളിലെ ആണും പെണ്ണും ഇടകലർന്ന കൂട്ടങ്ങളിൽ ചുറ്റിയടിച്ച് സ്വാതന്ത്ര്യത്തിന്റെ കാറ്റ് പൊട്ടിച്ചിരിക്കുന്നത് കണ്ടു. നാലുകെട്ടും നടുമുറ്റവുമുള്ള മഹാരാജാസിലെ പല ക്ലാസ് മുറികളും ചെറിയൊരു പാതാളഛായയിൽ നേർത്ത ഇരുൾ നിറഞ്ഞുകിടന്നു.

മഹാരാജാസ് കോളേജ്

മഹാരാജാസ് കോളേജ്

ഒന്നാം വർഷ എംഎ ക്ലാസ് അത്തരത്തിലൊന്നായിരുന്നു. എന്നാൽ ആ ഇരുട്ടകറ്റി ഹൃദ്യമായ ഒരു ചിരിയോടെയാണ് ലീലാവതി ടീച്ചർ കടന്നുവന്നത്. ടീച്ചറുടെ വാഗ്പ്രവാഹത്തിൽ ഞങ്ങൾ ഏതൊക്കെയോ കരകളിലടിഞ്ഞു.

ലീലാവതി ടീച്ചറും ഭർത്താവ്‌  സി പി മേനോനും

ലീലാവതി ടീച്ചറും ഭർത്താവ്‌ സി പി മേനോനും

സാഹിത്യവും വ്യാകരണവും ഒരേ വൈദഗ്‌ധ്യത്തോടെ കൈകാര്യം ചെയ്ത് ടീച്ചർ ഞങ്ങളെ വിസ്മയിപ്പിച്ചു. ആശാൻ കവിത പഠിപ്പിക്കുമ്പോഴാകട്ടെ മനോവിജ്ഞാനീയവും കലർത്തും. ക്ലാസ് തീരുമ്പോൾ ലോകസഞ്ചാരം കഴിഞ്ഞെത്തുന്ന അനുഭൂതിയാണുണ്ടാവുക. അറിവ് മാത്രമല്ല, മാതൃവാത്സല്യവും ടീച്ചർ പകർന്നുതന്നു. ഒരു കോളേജധ്യാപികയാവാനുള്ള എന്റെ മോഹം അതോടെ ഉറച്ചുകിട്ടി. ചില സ്വകാര്യവ്യഥകൾ പങ്കിടാൻ മാത്രമുള്ള ഒരടുപ്പം എനിക്ക് ടീച്ചറോടുണ്ടായിരുന്നു. സി പി മേനോൻ പ്രണയിച്ചതും ടീച്ചറുടെ പ്രാരബ്ധങ്ങൾ തീരുംവരെ കാത്തിരുന്നതുമൊക്കെ എന്നോടും സന്ദർഭവശാൽ പങ്കുവച്ചിട്ടുണ്ട്.
ഞങ്ങൾ രണ്ടാം വർഷ എംഎ ക്ലാസിലേക്ക് കടന്നപ്പോഴാണ് ടീച്ചർക്ക് ഡോക്ടറേറ്റ് കിട്ടിയത്. അന്നൊക്കെ ഗവേഷണ പ്രബന്ധം ഇംഗ്ലീഷിൽ എഴുതണം. അനുമോദന ചടങ്ങിൽ ടീച്ചറുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തെ സഹപ്രവർത്തകർ പ്രശംസിച്ചു. സംസ്‌കൃതത്തിലും ടീച്ചർക്ക് അഗാധമായ പാണ്ഡിത്യമുണ്ടെന്ന് ആരോ ഓർമപ്പെടുത്തി.

അഭിമാനപൂരിതമായ ഹൃദയത്തോടെ ഞങ്ങളതൊക്കെ കേട്ട് സദസ്സിലിരുന്നു. അതിലേറെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയും ടീച്ചറെ അനുമോദിക്കാൻ ഞങ്ങൾക്കും ഒരവസരമുണ്ടായി. ടീച്ചർക്ക് എഴുത്തച്ഛൻ പുരസ്‌കാരം കിട്ടിയപ്പോൾ വീട്ടിലെത്തി പൊന്നാടയണിയിച്ചും  പഴയകാലത്തെ ഓർമകൾ പങ്കുവച്ചും ഞങ്ങളത് ആഘോഷിച്ചു. എന്റെ പഠിപ്പ് കഴിഞ്ഞപ്പോൾ ജോലിക്കുവേണ്ടിയുള്ള അലച്ചിലായി. അതിനിടയിൽ അപൂർവമായിട്ടാണെങ്കിലും ഞാൻ ടീച്ചർക്ക് കത്തുകളയച്ചിരുന്നു. ജോലിസാധ്യത കുറവായിരുന്ന അക്കാലത്ത് പലരും പാരലൽ കോളേജുകളെ ശരണം പ്രാപിച്ചു. ഞാനും അവിടെത്തന്നെ ചെന്നടിഞ്ഞു. രണ്ടുമൂന്ന് കൊല്ലം കഴിഞ്ഞപ്പോഴേക്ക് എനിക്ക് നന്നേ മുഷിഞ്ഞു. കൊടിയ ഒരു വ്യർത്ഥതാബോധം എന്നെ തീണ്ടി. കൂട്ടുകാരികളും സ്വന്തം അനുജത്തി തന്നെയും വിവാഹം കഴിഞ്ഞ് അകന്നുപോയപ്പോൾ ഞാൻ കടുത്ത ഏകാന്തതയിൽ പെട്ടുപോവുകയുംചെയ്തു. അതുവരെയും വിവാഹം കഴിക്കണോ, വേണ്ടയോ എന്ന് ശങ്കിച്ചുനിന്ന ഞാൻ മുന്നുംപിന്നും നോക്കാതെ ഒരു പുറജാതിക്കാരന്റെ ജീവിതത്തിലേക്ക് കടന്നുചെന്നു.

ലീലാവതി ടീച്ചർക്ക്‌ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചപ്പോൾ ഗ്രേസിയുൾപ്പെടെയുള്ള 1972‐74 ബാച്ചിലെ മലയാളം എംഎ വിദ്യാർത്ഥികൾ വസതിയിലെത്തി ആദരിക്കുന്നു

ലീലാവതി ടീച്ചർക്ക്‌ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചപ്പോൾ ഗ്രേസിയുൾപ്പെടെയുള്ള 1972‐74 ബാച്ചിലെ മലയാളം എംഎ വിദ്യാർത്ഥികൾ വസതിയിലെത്തി ആദരിക്കുന്നു

പേറും പെറപ്പുമൊക്കെ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് അധ്യാപികയാവാനുള്ള മോഹം മാത്രമല്ല, എഴുത്തുകാരിയാവാനുള്ള മോഹവും ക്ലാവുപിടിച്ചുപോയി എന്ന്. ഞാൻ എല്ലാവരിൽനിന്നും ഒഴിഞ്ഞുമാറി. ടീച്ചർക്ക് കത്തെഴുതാതെയായി. എന്നിട്ടും ഒരിക്കൽ എനിക്ക് ടീച്ചറെ അഭിമുഖീകരിക്കേണ്ടിവന്നു. ആലുവയിലെ ഒരു ക്രിസ്ത്യൻ കോളേജിൽ ഇന്റർവ്യൂവിന് ചെല്ലുമ്പോൾ ലീലാവതി ടീച്ചറായിരുന്നു സബ്ജക്ട്‌ എക്‌സ്‌പർട്ട്. പുറജാതിക്കാരനെ കല്യാണം കഴിച്ച എന്നെ കമ്യൂണിറ്റി ക്വോട്ടയിൽ പരിഗണിക്കാൻ പാടില്ലെന്ന് ആരോ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. അതുകൊണ്ട് ഇന്റർവ്യൂവിന്‌ വരുമ്പോൾ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എനിക്ക് അറിയിപ്പ് കിട്ടി. ഞാനിപ്പോഴുമൊരു ക്രിസ്ത്യാനി തന്നെയാണോ എന്ന് മാനേജ്‌മെന്റ് പ്രതിനിധി സംശയിച്ചു. എന്റെ അപ്പൻ ഇടവക പള്ളിയിൽ നിന്നൊരു സർട്ടിഫിക്കറ്റ് വാങ്ങിച്ച് അയച്ചുതന്നിരുന്നു.

ലീലാവതി ടീച്ചർ. പഴയകാല ചിത്രം

ലീലാവതി ടീച്ചർ. പഴയകാല ചിത്രം

ഞാനത് പുറത്തെടുത്ത് നീട്ടി. അതിലൊന്ന് കണ്ണോടിച്ച് ഇക്കൊല്ലം എത്രപ്രാവശ്യം പള്ളിയിൽപോയി എന്ന് ചാട്ടുളിപോലൊരു ചോദ്യം എന്റെ നേർക്കെറിഞ്ഞു.

പെൺകരുണ വഴിയുന്ന മുഖമുള്ള ക്രിസ്തുവിനോട് പ്രണയത്തോളം പോന്ന ഒരു വികാരം നെഞ്ചേറ്റിനടന്നിട്ടും ഞാൻ പള്ളിയിൽ പോകാറുണ്ടായിരുന്നില്ല. എന്റെ നിസ്സഹായത കണ്ട് ടീച്ചർ ഇടപെട്ടു. എന്നോട് ക്ലാസെടുക്കാൻ പറഞ്ഞു. ഞാൻ ഒ എൻ വി കുറുപ്പിന്റെ ചോറൂണുൽനിന്ന് ചില വരികൾ ചൊല്ലി ക്ലാസെടുത്തു. പക്ഷേ, മതത്തിന്റെ പ്രതിനിധി കൈയൊഴിഞ്ഞ എന്നെ രക്ഷിക്കാൻ ടീച്ചർക്കും കഴിഞ്ഞില്ല. എനിക്കുവേണ്ടി ടീച്ചർ നടത്തിയ ഒരേയൊരു ഇടപെടൽ അങ്ങനെ പാഴായിപ്പോയി.

എങ്കിലും ആലുവയിൽതന്നെയുള്ള മറ്റൊരു കോളേജിൽ ഞാൻ അധ്യാപികയായി. മുടങ്ങിപ്പോയ കഥയെഴുത്ത് പതുക്കെ വീണ്ടെടുത്തു. എന്റെ ആദ്യ കഥാസമാഹാരമായ ‘പടിയിറങ്ങിപ്പോയ പാർവ്വതി' എറണാകുളം പ്രസ്‌ക്ലബ്ബിൽ വച്ച് പ്രകാശനം ചെയ്തത് ടീച്ചറായിരുന്നു. കഥകളെ പ്രശംസിക്കുന്നതിൽ ടീച്ചർ ഒരു പിശുക്കും കാണിച്ചില്ല. താറാവുകളെ അരയന്നമാക്കുമെന്നാണല്ലോ ടീച്ചറെക്കുറിച്ചുള്ള പ്രധാന ആരോപണം തന്നെ! കുട്ടികൃഷ്‌ണമാരാരെ വിമർശിക്കാനുള്ള ധൈര്യം കാണിച്ച് നിരൂപണരംഗത്തേക്ക് കടന്നുവന്ന ടീച്ചർ എന്തുകൊണ്ടോ മണ്ഡനനിരൂപണത്തിലാണ് ചുവടുറപ്പിച്ചത്.

ഒ എൻ വി  പുരസ്കാരം അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചപ്പോൾ

ഒ എൻ വി പുരസ്കാരം അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചപ്പോൾ

ഏത് കൃതിയുടെയും മേന്മകൾ മാത്രം തേടിപ്പിടിക്കുമ്പോൾ സമഗ്രവും യാഥാർഥവുമായ വിലയിരുത്തൽ എങ്ങനെ സാധ്യമാകും? നിരൂപകന്റെ തൂലികയ്‌ക്ക് നല്ല മൂർച്ചവേണം. അത് പക്ഷേ, ഇന്നത്തെ ചില നിരൂപകരെപ്പോലെ, അപരന്റെ നെഞ്ചത്ത് കുത്തിയിറക്കാനുള്ളതാകരുത്.

സുഗതകുമാരി

സുഗതകുമാരി

സാഹിത്യകൃതികളെ മണ്ഡനപരമായും ഖണ്ഡനപരമായും സമീപിക്കുമ്പോൾ മാത്രമേ നിരൂപണത്തിന് വിശ്വാസ്യതയുണ്ടാവുകയുള്ളൂ. ഇതൊക്കെയാണെങ്കിലും നിരൂപണരംഗത്തേക്ക് സ്ത്രീകൾ കടന്നുവരാൻ മടിച്ചിരുന്ന കാലത്ത് ടീച്ചർ ഒരു സാഹസസഞ്ചാരമാണ് നടത്തിയത് എന്ന കാര്യത്തിൽ തർക്കമൊട്ടില്ലതാനും. ഇപ്പോഴും നിരൂപണ രംഗത്ത് സ്ത്രീസാന്നിധ്യം തീരെയില്ലെന്നുതന്നെ പറയാം.
ടീച്ചറുടെ മൂത്തമകൻ വിവാഹം കഴിച്ചത് മാധവിക്കുട്ടിയുടെ ഏട്ടന്റെ മകൾ ബാലാമണിയെയാണ്. ആ വിവാഹത്തിന്റെ ക്ഷണം കിട്ടിയ അപൂർവം ശിഷ്യരിലൊരാളായിരുന്നു ഞാൻ. അവിടെവച്ചാണ് പ്രിയകവി സുഗതകുമാരിയെ ഞാൻ ആദ്യമായി കാണുന്നത്. കൗതുകാദരങ്ങളോടെ നോക്കിനിന്ന എന്നെ കവി തിരിച്ചറിഞ്ഞപ്പോൾ എന്റെ ഹൃദയം ആഹ്ലാദത്താൽ കവിഞ്ഞു. അവിടെ പ്രത്യക്ഷപ്പെട്ട വേറെയും ചില സാഹിത്യകാരന്മാരെ അകലെ നിന്ന് കണ്ടു.

മാധവിക്കുട്ടി

മാധവിക്കുട്ടി

എന്റെ മകളുടെ വിവാഹക്ഷണം സ്വീകരിച്ച് ഒരു സഹായിയോടൊപ്പമാണ് ടീച്ചർ എത്തിച്ചേർന്നത്. ചെറുതല്ലാത്തൊരു തുക മകൾക്ക് സമ്മാനിക്കുകയും ചെയ്തു. പഴയ എംഎ ക്ലാസിലെ ശിഷ്യരോടൊപ്പംനിന്ന് ഫോട്ടോയെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കുറ്റബോധംകൊണ്ട് എന്റെ തലകുനിഞ്ഞുപോയി. ഞാൻ അങ്ങോട്ട് പറയേണ്ടതായിരുന്നുവല്ലോ അത്. പക്ഷേ, ആ തിരക്കിനിടയിൽ ഇങ്ങനെ ചില ഔചിത്യമില്ലായ്‌മയൊക്കെ പറ്റിപ്പോവുമെന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു. പോരാത്തതിന് ഒറ്റമകളെ ഏറെ ദൂരെ വിവാഹം കഴിച്ചയക്കുന്നതുകൊണ്ട് എനിക്ക് കുറച്ച് വേവലാതിയുണ്ടായിരുന്നുതാനും.
ഭർത്താവിന്റെ വിയോഗത്താൽ പകച്ചുനിന്ന ടീച്ചറെക്കുറിച്ചുള്ള ഓർമ എന്നിൽനിന്നൊരിക്കലും ഒഴിഞ്ഞുപോകുകയില്ല. ടീച്ചറുടെ കൈയിൽ മുറുകെ പിടിച്ച് ഒന്നും മിണ്ടാനാവാതെ ഇരുന്ന എന്നെ തൊട്ടടുത്തുനിന്ന ആർക്കോ പരിചയപ്പെടുത്തിയതിങ്ങനെ: ‘ഇതാരാണെന്ന് അറിയാമോ? വലിയ ഒരു കഥയെഴുത്തുകാരിയാണ്! ' സത്യമായും ഞാൻ ഞെട്ടിപ്പോയി! ടീച്ചറുടെ സമനിലതെറ്റി എന്ന് എനിക്കപ്പോൾ തീർച്ചപ്പെട്ടു.

ലീലാവതി ടീച്ചർ (നടുവിൽ) സഹപാഠികൾക്കൊപ്പം

ലീലാവതി ടീച്ചർ (നടുവിൽ) സഹപാഠികൾക്കൊപ്പം

ആശ്വസിപ്പിക്കാനറിയില്ലെങ്കിലും ഒരാഴ്‌ച കഴിഞ്ഞ് ഞാൻ ടീച്ചറെ ഫോണിൽ വിളിച്ചു. ആരാണെന്ന് ടീച്ചർ ഒച്ചപൊന്തിച്ചു. ഗ്രേസിയാണ് ടീച്ചറെ! എന്ന് ഞാൻ വിനയപൂർവം അറിയിച്ചു. ഏത് ഗ്രേസി എന്ന് ഓർമയുടെ സ്‌പർശം പോലുമില്ലാത്ത മറ്റൊരു ചോദ്യത്തിന്റെ മുനമ്പിൽ ഞാൻ സ്തബ്ധയായി നിന്നു! ടീച്ചറിന്റെ ശിഷ്യയാണെന്ന് പതറിയ ശബ്ദത്തിൽ ഞാൻ മറുപടി പറഞ്ഞു. ആ! എനിക്കറിയില്ല!  എന്ന് തീരെ മയമില്ലാതെ പറഞ്ഞ് ടീച്ചർ ഫോൺ താഴെവച്ചു. ഒരു ഭാര്യയ്‌ക്ക് എങ്ങനെയാണ് സ്വയം മറന്നിത്രമേൽ ഭർത്താവിനെ സ്‌നേഹിക്കാനാവുക എന്ന് അതിശയിച്ച് ഞാൻ ഏറെനേരം നിശ്ചലയായി നിന്നുപോയി.
പ്രേംജിയുടെ മകൻ നീലൻ അമൃത ടിവിക്കുവേണ്ടി ലീലാവതി ടീച്ചറെ ഇന്റർവ്യു ചെയ്യുന്ന പരിപാടിയിൽ എന്നെയും കൂട്ടി.

ഞാൻ എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ എന്റെ ഉള്ളിൽ പകർത്തിയെടുത്താണ് ടീച്ചറെ അഭിമുഖീകരിച്ചത്. എന്റെ ചെറിയ ചോദ്യങ്ങൾക്ക് ടീച്ചർ സമൃദ്ധമായി മറുപടി തന്നു. പിന്നാലെ ചായ പകർന്ന് തന്നപ്പോൾ ടീച്ചറുടെ ചെറിയമ്മ എന്തോ പിണക്കത്തിലാണെന്ന മട്ടിൽ ഒന്നും മിണ്ടാതെ അകന്നുനിന്നു. ഭർതൃ സഹോദരിയും സ്വന്തം ചെറിയമ്മയും തന്റെ എഴുത്ത് ജീവിതത്തെ വല്ലാതെ അലോസരപ്പെടുത്തിയ കാര്യം വെളിപ്പെടുത്താൻ ടീച്ചർക്ക് അപ്പോൾ മടിയേതുമുണ്ടായില്ല. അച്ഛനമ്മമാരോടും കൂടപ്പിറപ്പുകളോടും ചെറിയമ്മയോടും ഭർതൃസഹോദരിയോട്‌ പോലുമുള്ള കടമകളൊക്കെയും ചെയ്തുതീർത്ത ഒരപൂർവ ജന്മമാണല്ലോ ടീച്ചറുടേത്.

ഞാൻ പിന്നെ ഒരമ്മൂമ്മയുടെ ബാധ്യതകളിലേക്ക് മടങ്ങി. പേരക്കുട്ടികൾക്ക് കഥ പറഞ്ഞുകൊടുത്ത് ബാലസാഹിത്യകാരിയുമായി. ആ വിഭാഗത്തിൽ ആദ്യത്തെ കഥാസമാഹാരമായി ‘വാഴ്‌ത്തപ്പെട്ട പൂച്ച' പ്രകാശിപ്പിച്ചതും ടീച്ചർ തന്നെ. ആലുവ ടൗൺഹാളിൽ ലൈബ്രറി കൗൺസിലിന്റെ പുസ്തകമേള ഉദ്ഘാടനംചെയ്യുന്നത് ടീച്ചറാണ് എന്നറിഞ്ഞപ്പോഴാണ് എന്റെ പൂച്ചപ്പുസ്തകം പ്രകാശിപ്പിക്കുന്ന കാര്യം ആലോചനയിലെത്തിയത്.

ഡോ. എം ലീലാവതി         ഫോട്ടോ: രാജേഷ്‌ ചാലോട്‌

ഡോ. എം ലീലാവതി ഫോട്ടോ: രാജേഷ്‌ ചാലോട്‌

നിർഭാഗ്യവശാൽ ടീച്ചറെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. എങ്കിലും ടീച്ചറുടെ ശിഷ്യവാത്സല്യത്തിൽ വിശ്വാസമർപ്പിച്ച് ഒരു ബാനർ ഉണ്ടാക്കി ഉദ്ഘാടനവേദിയിൽ സ്ഥാപിച്ചു. ടീച്ചറെ സ്വീകരിക്കാൻ പ്രവേശന കവാടത്തിൽതന്നെ നിലയുറപ്പിക്കുകയും ചെയ്തു. ടീച്ചറുടെ കൈകൾ സ്‌നേഹപൂർവം കവർന്ന് ക്ഷമാപണത്തോടെ ബാനർ ചൂണ്ടിക്കാട്ടി. ടീച്ചർക്ക് കൈമാറിയ പുസ്തകത്തിലെ ചില കഥകൾ കിട്ടിയ സമയം കൊണ്ട് വായിക്കുന്നത് കണ്ട് ഹൃദയംകൊണ്ട് ഞാൻ നമിച്ചുപോയി.

പതിവ് രീതിയിൽ ടീച്ചർ കഥകളെ ഏറെ പ്രശംസിച്ചു. വാഴ്‌ത്തപ്പെട്ട പൂച്ച എങ്ങനെയാണ് വീഴ്‌ത്തപ്പെട്ട പൂച്ചയായിത്തീർന്നതെന്ന് വിശദീകരിച്ച് ഊറിച്ചിരിച്ചു. അങ്ങനെ ചടങ്ങ് ഭംഗിയായി കലാശിക്കുകയും ചെയ്തു. ‘വാഴ്‌ത്തപ്പെട്ട പൂച്ച'യ്‌ക്ക്‌ 2020ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്‌കാരം കിട്ടിയപ്പോൾ ഞാൻ ടീച്ചറെ വിളിച്ചു. അപ്പോഴേക്കും ടീച്ചറുടെ ശ്രവണശേഷി മിക്കവാറും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. നിരാശയായി എനിക്ക് പിൻവാങ്ങേണ്ടിവന്നു.

ടീച്ചർ എന്നെ സങ്കടപ്പെടുത്തിയത് മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ആത്മകഥ പ്രസിദ്ധപ്പെടുത്തിയപ്പോഴാണ്. പലപ്പോഴും ആവർത്തനം കടന്നുവന്നു. ഓർമശക്തി മങ്ങിത്തുടങ്ങിയാൽപ്പിന്നെ മനുഷ്യരുടെ അവസ്ഥ എത്ര ദയനീയമാണെന്ന് എന്റെ ഉള്ള് കലങ്ങി. നിരാഭരണയും ക്ഷീണിതയുമായി ടീച്ചറെ ഒരു ഫോട്ടോയിൽ കണ്ടപ്പോഴാകട്ടെ നെഞ്ചിൽനിന്ന് കുമിളകളുയർന്ന് തൊണ്ടയിൽ തടഞ്ഞുതകർന്നു. എനിക്ക് ടീച്ചറെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി. പക്ഷേ, ഈ ഭയങ്കരവ്യാധി മനുഷ്യരെ കെട്ടിപ്പിടിക്കാനോ സന്ദർശിക്കാൻപോലുമോ അനുവദിക്കുകയില്ലല്ലോ!.Thursday, April 14, 2022

ശങ്കരേട്ടൻ ദ ഷോ മാൻ

 

കൂടാരത്തിലെ ഒരു സർക്കസും ആരും കണ്ടുതീർത്തിട്ടുണ്ടാകില്ല. തലമുറകളുടെ മനസ്സിൽ  അത്ഭുതങ്ങളുടെ ട്രപ്പീസുകളി തുടരുകയാണ്‌ ഇന്നും.  ചരിത്രവും  സാഹസികതയും ഇഴചേർന്ന അതേ അത്ഭുതങ്ങളുടെ ജീവിതത്തുടർച്ചയാണ്‌ ഇന്ത്യൻ സർക്കസിന്റെ ഇതിഹാസനായകൻ ജെമിനി ശങ്കരന്റേത്‌. കളിക്കാരനായി തുടങ്ങി ജെമിനി, ജംബോ സർക്കസുകളുടെ ഉടമയായി തിളങ്ങിയ സർക്കസ്‌  ആചാര്യന്റെ ജീവിതത്തിലൂടെ...


98–-ാം വയസ്സിലും കർമനിരതനാണ്‌ നാട്ടുകാരുടെ പ്രിയപ്പെട്ട ശങ്കരേട്ടൻ. ആരോഗ്യരഹസ്യം എന്തെന്ന്‌ ചോദിച്ചാൽ കൂപ്പുകൈകളോടെ ശങ്കരേട്ടന്റെ ഉത്തരം ഇത്രമാത്രം: ആർക്കും ഒരു ദ്രോഹവും ചെയ്‌തില്ല. എല്ലാവരെയും സ്‌നേഹിച്ചു. പരമാവധി സഹായിച്ചു. തെറ്റായ കാര്യം ആരുപറഞ്ഞാലും അത്‌ മനസ്സിൽ വച്ചില്ല. ദിവസവും പുലർച്ചെ അഞ്ചിന്‌ എഴുന്നേൽക്കും. ഒന്നരമണിക്കൂർ വ്യായാമം. വസ്‌ത്രങ്ങൾ സ്വയം അലക്കും. സന്തോഷമുള്ള ഓർമകൾ മാത്രം മനസ്സിൽ സൂക്ഷിക്കും. എപ്പോഴും സന്തോഷമായിരിക്കുക. ഇതാണ്‌ തന്റെ ആരോഗ്യരഹസ്യമെന്ന്‌ ശങ്കരേട്ടൻ പതിയെ പറയും. 

കീലേരിയുടെ ശങ്കരൻ

ആധുനിക ഇന്ത്യൻ സർക്കസിന്റെ പിതാവ്‌ കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ കാൽതൊട്ട്‌ വന്ദിച്ച്‌ കളരിയിൽ ഇറങ്ങിയതാണ്‌ എം വി ശങ്കരൻ. സാഹസികമായ അഭ്യാസമുറകളിലൂടെ കാണികളെ എന്നും വിസ്‌മയിപ്പിച്ചു. കണക്ക്‌ തെറ്റാത്ത ചാട്ടത്തിലൂടെയും മലക്കംമറിഞ്ഞും തമ്പിന്റെ കൈയടി നേടി. ജീവിതത്തിലും സർക്കസിലും ഒരിക്കലും ചുവടുതെറ്റിയില്ല. അഞ്ചുവർഷം സർക്കസിലെ ട്രപ്പീസ്‌ താരമായിരുന്നു. സർക്കസ്‌ ഉടമയുടെ വേഷത്തിലും തിളങ്ങി. സർക്കസ്‌ കൂടാരവുമായി സഞ്ചരിക്കാത്ത നഗരങ്ങളില്ല. ഇന്ത്യൻ സർക്കസിന്റെ അംബാസഡറായി ഒട്ടേറെ വിദേശരാജ്യങ്ങളും സന്ദർശിച്ചു. ഇപ്പോൾ സർക്കസ്‌ നടത്തിപ്പ്‌ മക്കളായ അജയ്‌ ശങ്കറിനെയും അശോക്‌ ശങ്കറിനെയും രേണു ശങ്കറിനെയും ഏൽപ്പിച്ച്‌ വിശ്രമത്തിലാണ്‌ അദ്ദേഹം. 

ഇന്ത്യൻ സർക്കസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഷോമാന്മാരിൽ ഒരാളാണ്‌ നമ്മുടെ മുന്നിൽ. ആധുനിക ഇന്ത്യൻ സർക്കസിന്റെ ആചാര്യൻ. ജംബോ, ജെമിനി സർക്കസ്‌ സ്ഥാപകൻ എം വി ശങ്കരൻ. ഇന്ത്യൻ സർക്കസിന്റെ 125–-ാം വാർഷികം  ഡൽഹി താൽകത്തോറ സ്‌റ്റേഡിയത്തിൽ ആഘോഷിച്ചപ്പോൾ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാർഡ്‌ നൽകി രാജ്യം ആദരിച്ചയാൾ.

കൊളശേരി ബോർഡ് സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ നാട്ടിൽ പ്രദർശനത്തിനെത്തിയ കിട്ടുണ്ണി സർക്കസാണ്‌ തമ്പിനോട്‌ ശങ്കരന്റെ മനസ്സ്‌ അടുപ്പിച്ചത്‌. ഒറ്റത്തൂണുള്ള ചെറിയൊരു തമ്പ്‌. ഒരണയാണ്‌ കിട്ടുണ്ണി സർക്കസിന്‌. കത്തിയേറാണ്‌ വലിയ അഭ്യാസം. അതിനു മാത്രം ഭാര്യയെ കൂട്ടുപിടിക്കും. പെട്രോമാക്‌സിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട അഭ്യാസം മനസ്സിൽ തട്ടി. വെസ്‌റ്റേൺ സർക്കസുമായി എത്തിയ കണാരൻ അഭ്യാസിയുടെ തവളക്കളിയായിരുന്നു മറ്റൊരു കൗതുകം. ഒരു ദിവസം ടിക്കറ്റെടുക്കാതെ തമ്പിലേക്ക്‌ പാഞ്ഞുകയറി. കളികണ്ടുകൊണ്ടിരിക്കെ തമ്പിൽനിന്ന്‌ പുറത്താക്കി. സർക്കസിൽ കമ്പംകയറാൻ അതും കാരണമായി.

കളരി ശങ്കരൻ

കളരി അഭ്യസിക്കലാണ്‌ സർക്കസിലേക്കുള്ള എളുപ്പവഴിയെന്ന്‌ തോന്നിയപ്പോൾ വീടിനടുത്ത കുഞ്ഞമ്പു ഗുരുക്കളുടെ കളരിയിലാണ്‌ ആദ്യമെത്തിയത്‌. മെയ്‌ക്കരുത്തു നേടി വല്യ സർക്കസുകാരൻ ആകണമെന്നായിരുന്നു ആഗ്രഹം. ഏഴാംക്ലാസ്‌ കഴിഞ്ഞപ്പോൾ കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ അരികിലേക്ക്‌. തലശേരി ബാസൽ മിഷൻ സ്‌കൂളിലെ  കായിക അധ്യാപകനായിരുന്നു കീലേരി. ശരീരം വളഞ്ഞ്‌ ബാലൻസ്‌ എടുപ്പിക്കുന്നതാണ്‌ ആദ്യപാഠം. വളയാം, നിവരാം, പറക്കാം, മലക്കുത്തം മറിയാം... മനസ്സ്‌ വിചാരിക്കുന്നതുപോലെ ശരീരംകൊണ്ട്‌ ചെയ്യാവുന്ന വിദ്യയാണ്‌ സർക്കസ്‌ എന്ന്‌ തിരിച്ചറിയുന്നത്‌ കീലേരിയുടെ കളരിയിൽനിന്നാണ്‌. 

‘‘സർക്കസുകാർ അന്ന്‌ വല്യപൈസക്കാരാണ്‌. 100 രൂപയുടെ നോട്ട്‌ കീശയിലുണ്ടാകും. സർക്കസ്‌ പഠിക്കാൻ പോകുന്നതുകൊണ്ട്‌ വീട്ടിൽ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. അച്ഛൻ കവിണിശേരി രാമൻനായർ സ്‌കൂൾ അധ്യാപകനായിരുന്നു. ഏഴുരൂപയാണ്‌ ശമ്പളം. മാഷുടെ ശമ്പളത്തേക്കാൾ കൂടുതൽ സർക്കസുകാർക്ക്‌ കിട്ടുമെന്ന്‌ അച്ഛനും അറിയാമായിരുന്നു’’–-ശങ്കരേട്ടൻ സർക്കസിലേക്കുള്ള വഴി ഓർത്തെടുത്തു. 

പട്ടാളം ശങ്കരൻ

അന്നത്തെ പല ചെറുപ്പക്കാരെയുംപോലെ ജെമിനി ശങ്കരനും പട്ടാളത്തിൽ ചേർന്നു. മദ്രാസിലായിരുന്നു ആദ്യ നിയമനം. വയർലെസ്‌ ഒബ്‌സർവർ പോസ്റ്റിൽ. അലഹബാദിൽ ആറുമാസം ട്രെയിനിങ്. രണ്ടാംലോക  യുദ്ധം നടക്കുന്ന സമയമാണ്‌. വിമാനത്തിന്റെ ഒച്ച കേൾക്കുമ്പോൾ അറിയിക്കണം. തുടക്കത്തിൽ 18 രൂപയായിരുന്നു ശമ്പളം. 15 രൂപയും വീട്ടിലയക്കും. പിന്നീട്‌ ശമ്പളം 55 രൂപയായി. അലഹബാദിലെ പരിശീലനംകഴിഞ്ഞ് കൊൽക്കത്ത ഡയമണ്ട്  ഹാർബറിൽ നിയമനം. ജപ്പാൻ ഇട്ട ബോംബ്‌ ചെളിയിൽ വീണതിനാൽ അപകടം സംഭവിക്കാതെ പോയതാണ്‌ അക്കാലത്തെ ഓർമ. പട്ടാളത്തിൽനിന്ന്‌ നേരെ മടങ്ങിയത്‌ കീലേരിയുടെ ശിഷ്യൻ എം കെ രാമൻ ടീച്ചറുടെ സർക്കസ്‌ കളരിയിലേക്ക്‌.  ജെമിനി ശങ്കരന്റെ പിറവി അവിടെയാണ്‌. ഒരു വർഷം അഭ്യാസം പഠിച്ചശേഷം തിരികെ കൊൽക്കത്തയിലേക്ക്. കൊൽക്കത്തയിലെ ബോസ്‌ ലയൺ സർക്കസിൽ അരങ്ങേറ്റം. ബാർകളി, ട്രപ്പീസ് തുടങ്ങി പ്രധാന നമ്പരുകളെല്ലാം അവതരിപ്പിച്ചു. 300 രൂപ ശമ്പളം. നാട്ടിലെ തഹസിൽദാർക്കു പോലും അത്രയും വലിയ ശമ്പളം അന്നുണ്ടായിരുന്നില്ല.

കൊൽക്കത്ത തെരുവുകളിൽ വിഭജനത്തിന്റെ പേരിൽ ഹിന്ദുവും മുസ്ലിമും പരസ്പരം വെട്ടിമരിച്ച നാളുകളായിരുന്നു അത്. ആ കറുത്ത നാളുകൾക്ക്‌ സാക്ഷിയാണ്‌ ശങ്കരേട്ടൻ. ഹിന്ദു–-മുസ്ലിം ലഹളയുടെ കൊടുംഭീതിയിൽ കൊൽക്കത്ത വിറങ്ങലിച്ചു നിന്നപ്പോഴും സർക്കസ്‌ പ്രദർശനത്തെ അത്‌ കാര്യമായി ബാധിച്ചില്ല. എം വി ശങ്കരന്റെ പ്രകടനംകണ്ട് റെയ്മൺ ഗോപാലൻ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്‌തു. അങ്ങനെ രണ്ടു വർഷം നാഷണൽ സർക്കസിൽ.  

സർക്കസ്‌ ഉടമ ശങ്കരൻ

1951 ആഗസ്‌ത്‌ 15ന്‌ ഗുജറാത്തിലെ സൂറത്തിനടുത്ത ബില്ലിമോറയിൽനിന്നാണ്‌ സ്വന്തം സർക്കസുമായുള്ള യാത്ര ജെമിനി ശങ്കരൻ തുടങ്ങിയത്‌. ശമ്പളത്തിൽനിന്ന്‌ മിച്ചംവച്ച തുകകൊണ്ട്‌ സുഹൃത്ത്‌ സഹദേവനൊപ്പം 6000 രൂപയ്‌ക്ക്‌ വാങ്ങിയ സർക്കസ്‌ കമ്പനി. തന്റെ നക്ഷത്രത്തെ അനുസ്‌മരിച്ച്‌ സർക്കസിന്‌ ജെമിനിയെന്ന പേരും നൽകി. ആദ്യ പ്രദർശനം വൻവിജയമായി. പിന്നീടങ്ങോട്ട്‌ അതിശയകരമായ വളർച്ച. ഓരോ വർഷവും പുതിയ ഐറ്റവും ആരും കാണാത്ത മൃഗങ്ങളെയും തമ്പിലെത്തിച്ചു. സൈക്ലിസ്റ്റ്‌ കുഞ്ഞിക്കണ്ണൻ, സർക്കസ്‌ ഉടമ കെ എസ്‌ മേനോൻ എന്നിവരെല്ലാം പിന്നീട്‌ പാർട്‌ണർമാരായി. ഓരോ സ്ഥലത്തും ഒന്നും ഒന്നരയും മാസം നീളുന്ന പ്രദർശനം.

ട്രപ്പീസിലെ അപകടകരവും അത്ഭുതപ്പെടുത്തുന്നതുമായ മുഹൂർത്തങ്ങളിൽ തനിക്ക്‌ ശ്വാസംനിലച്ചു പോകുന്നതായി തോന്നിയെന്ന്‌ ജെമിനി ശങ്കരനോട്‌ പറഞ്ഞത്‌ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹർലാൽ നെഹ്‌റു. ഡൽഹിയിലെ പ്രദർശനം ഉദ്‌ഘാടനം ചെയ്‌താണ്‌ നെഹ്‌റു സർക്കസ്‌ കണ്ടത്‌.  എല്ലാ മന്ത്രിമാരോടും സർക്കസ്‌ കാണാൻ നെഹ്‌റു അഭ്യർഥിച്ചതും ചരിത്രം. മദ്രാസിൽ പ്രദർശനം ഉദ്‌ഘാടനം മുഖ്യമന്ത്രി എം ജി ആർ. ബംഗാളിൽ മൈതാനം കിട്ടാതെ വന്നപ്പോൾ ജ്യോതി ബസുവിന്‌ ഇ എം എസ്‌ നൽകിയ കത്താണ്‌ തുണയായത്‌.

സർക്കസിലെ അഭ്യാസമുറകൾ കണ്ട്‌ തുള്ളിച്ചാടി ആഹ്ലാദം പങ്കിട്ട ഒരു രാഷ്‌ട്രത്തലവൻ ശങ്കരേട്ടന്റെ സ്‌മരണയിലുണ്ട്‌. സാംബിയൻ പ്രസിഡന്റ്‌ കെന്നത്ത്‌കൗണ്ടയാണ്‌ അത്‌. പല ഐറ്റവും അവതരിപ്പിച്ചാൽ എഴുന്നേറ്റു നിന്ന്‌ കുട്ടിയെപ്പോലെ തുള്ളിച്ചാടും. മാർട്ടിൻ ലൂഥർകിങ്‌, ഇന്ദിര ഗാന്ധി, എ കെ ജി, ജ്യോതിബസു, യൂറി ഗഗാറിൻ, രാജേന്ദ്രപ്രസാദ്‌, എസ്‌ രാധാകൃഷ്‌ണൻ, സാക്കിർ ഹുസൈൻ, ലാൽ ബഹാദൂർ ശാസ്‌ത്രി, മൊറാർജി ദേശായി, ദലൈലാമ... ശങ്കരേട്ടന്റെ തമ്പിൽ എത്തിയവരിൽ ചിലർ മാത്രമാണ്‌ ഇത്‌.  ആഫ്രിക്ക, കെനിയ, കുവൈത്ത്‌, ഇറാഖ്‌, ഇറാൻ, ഇറ്റലി, ഫ്രാൻസ്‌, ലബനൺ, ജപ്പാൻ തുടങ്ങി എത്രയോ രാജ്യങ്ങളിൽ സർക്കസുമായി യാത്രചെയ്‌തു. റഷ്യ, ബെൽജിയം, ഇറ്റലി, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെ ഇന്ത്യൻ സർക്കസിലെ അഭ്യാസികളാക്കിയതും ശങ്കരേട്ടൻ തന്നെ.

മോസ്കോ ഇന്റർനാഷണൽ സർക്കസ് ഷോയിൽ പങ്കെടുക്കാൻ രാജ്യം നിയോഗിച്ച 12 അംഗസംഘത്തിൽ ശങ്കരേട്ടനും ഉണ്ടായിരുന്നു. നയതന്ത്ര പാസ്‌പോർട്ട്‌ നൽകിയാണ്‌ റഷ്യ ഇന്ത്യൻ സർക്കസ്‌ താരങ്ങളെ സ്വീകരിച്ചത്‌. പട്ടിണിപ്പാവങ്ങളായ കലാകാരന്മാർക്ക്‌ വിഐപി പരിഗണനയായിരുന്നു സോവിയറ്റ്‌ യൂണിയനിൽ. വലിയ ഹോട്ടലിലായിരുന്നു താമസ സൗകര്യം. മൂന്നു മാസം റഷ്യയിൽ സർക്കസ്‌ അവതരിപ്പിച്ചു. 

അക്കാലത്ത്‌ തമ്പിൽ അഞ്ഞൂറോളം കലാകാരന്മാരും ഉണ്ടായിരുന്നു. 18 ആന, 40 സിംഹം, 15 പുലി, സീബ്ര, ഒറാങ്കുട്ടാൻ, ഹിപ്പപൊട്ടാമസ്‌ തുടങ്ങി അനേകം മൃഗങ്ങളും. ജാംനഗർ രാജാവ്‌ സമ്മാനിച്ചതായിരുന്നു നാല്‌ കുതിരയും നാല്‌ സിംഹത്തെയും. പ്രത്യേക ട്രെയിനിലായിരുന്നു പുതിയ കളിസ്ഥലത്തേക്കുള്ള സർക്കസ്‌ ട്രൂപ്പിന്റെ യാത്ര. ജെമിനിയുടെ ജൈത്രയാത്രയ്‌ക്കിടെ തകരാൻ തുടങ്ങിയ മറ്റൊരു സർക്കസ്‌ കമ്പനികൂടി ഏറ്റെടുക്കേണ്ടിവന്നു. അതാണ്‌ പിന്നീട്‌ പ്രസിദ്ധമായ ജംബോ സർക്കസായത്‌.

തമ്പിന്റെ മനസ്സ്‌ തൊട്ട സർക്കസിന്റെ തമ്പുരാനാണ്‌ എല്ലാ അർഥത്തിലും ജെമിനി ശങ്കരൻ. കൂടാരത്തിലെ കളിക്കാരുമായി വലുപ്പച്ചെറുപ്പമില്ലാതെ അദ്ദേഹം ഇടപഴകി. ഓരോ ചെറിയ പ്രശ്‌നത്തിലും ശ്രദ്ധപതിഞ്ഞു. മൃഗങ്ങളെയും ഗാഢമായി സ്നേഹിച്ചു. കേരള ഹോസ്‌പിറ്റൽ ഫെഡറേഷൻ എംഡി ടി ഹരിദാസ്‌ പറയുന്നത്‌ കേൾക്കുക: ‘‘സർക്കസിൽ മൃഗങ്ങളുടെ പ്രദർശനം നിരോധിച്ച കാലം. സർക്കസ്‌ തമ്പുകളിലെ എല്ലാ മൃഗങ്ങളെയും അദ്ദേഹം വയനാട്ടിലേക്ക് കൊണ്ടുവന്നു സംരക്ഷിച്ചു. ഒരു ദിവസം ശങ്കരേട്ടനൊപ്പം അവിടെ പോയി. ശങ്കരേട്ടനെ കണ്ടപ്പോൾ സിംഹവും  പുലിയുമെല്ലാം പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് സ്നേഹം പ്രകടിപ്പിച്ചു. വയനാട്ടിലെ സ്വന്തം എസ്‌റ്റേറ്റിൽ ലക്ഷങ്ങൾ മുടക്കിയാണ്‌ നാലുവർഷം മൃഗങ്ങളെ പരിപാലിച്ചത്‌. അതിനും നിയന്ത്രണം വന്നതോടെ പ്രതിഫലം വാങ്ങാതെ വനംവകുപ്പിന്‌ കൈമാറി. ഒരു മൃഗശാലയിൽ ഉള്ളതിനേക്കാൾ മൃഗങ്ങളുണ്ടായിരുന്നു.

സിനിമാ ശങ്കരൻ

ജെമിനിയുടെയും ജംബോയുടെയും തമ്പുകളിൽ സിനിമക്കാർ പലരും എത്തിയിട്ടുണ്ട്‌. രാജ്‌ കപൂറിന്റെ മേരാ നാം ജോക്കർ സിനിമ ചിത്രീകരണം മൂന്നു മാസത്തോളം ജെമിനിയുടെ ടെന്റിലായിരുന്നു. കമലഹാസന്റെ അപൂർവ സഹോദരങ്ങൾ ചിത്രീകരിച്ചത്‌ ശങ്കരേട്ടന്റെ തമ്പിൽത്തന്നെ. സർക്കസ്‌ തമ്പിൽ മൂന്നു മാസം രാമു കാര്യാട്ടും താമസിച്ചു. പി ഭാസ്‌കരനുമായി ചേർന്ന്‌ ‘ശ്രീമദ്‌ ഭഗവത്‌ഗീത’ എന്ന സിനിമ എടുത്തതും മറ്റൊരു സാഹസികത. സാമ്പത്തിക നേട്ടമൊന്നും സിനിമ സമ്മാനിച്ചില്ലെങ്കിലും നിർമാതാവ്‌ എന്ന പേര്‌ ലഭിച്ചു.

എ കെ ജിയുടെ നിർദേശപ്രകാരം ഡി എം പൊറ്റക്കാടുമായി ചേർന്ന്‌ മറ്റൊരു സിനിമയ്‌ക്കും പദ്ധതിയിട്ടു; കരാറുമായി. ചങ്ങമ്പുഴയുടെ രമണനെ ആസ്‌പദമാക്കിയുള്ള കഥയായിരുന്നു. പല കാരണത്താൽ ആ സിനിമ ഉപേക്ഷിച്ചെന്ന്‌ ശങ്കരേട്ടൻ പറഞ്ഞു. കവി പി ഭാസ്‌കരനുമായി ഗാഢസൗഹൃദമായിരുന്നു. സർക്കസ്‌ കണ്ടശേഷം വയലാർ എഴുതിയ പാട്ടും കാസറ്റും എവിടെയോ നഷ്ടപ്പെട്ടു. എ കെ ജി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. 1992ൽ സർക്കസിൽനിന്ന് ശങ്കരേട്ടൻ പൂർണമായും വിടപറഞ്ഞു. വല്ലപ്പോഴും സർക്കസ്‌ ടെന്റിൽ പോയി, ഓർമകൾ അഴിച്ചുപണിയും.Thursday, April 07, 2022

ഗ്രന്ഥപ്പുര - കേരളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേഖകളുടെ ശേഖരം


 പ്രിയരെ

ഗ്രന്ഥപ്പുര (https://shijualex.in/) എന്ന തൻ്റെ സൈറ്റിൽ കൂടെ ഷിജു അലക്സ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനു മേലായി നടത്തി വന്നിരുന്ന ഡിജിറ്റൈസേഷൻ പ്രവർത്തനത്തെ പറ്റി അറിവുള്ളവരാണ ല്ലോ നമ്മളെല്ലാം . ഈ ഫേസ് ബുക്ക് ഗ്രൂപ്പിൽ നിങ്ങളൊക്കെ അംഗങ്ങളായി ചേർന്നത് ആ പദ്ധതിയുടെ പ്രാധാന്യം അറിയുന്നത് കൊണ്ടും ആ രേഖകൾ ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടും എന്നുള്ളത് കൊണ്ടും അല്ലെങ്കിൽ ഈ പുരാതന രേഖകൾ വരും തലമുറയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ സംരക്ഷിക്കപ്പെടണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ആണല്ലോ.
എന്നാൽ 2021 ഡിസംബർ 16 ന് ഈ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന https://shijualex.in/kerala-documents-digitization.../ വിവിധ കാരണങ്ങൾ കൊണ്ട് കേരള രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പൊതുവായ പ്രദർശനവും എന്ന പദ്ധതി തൽക്കാലം നിർത്തുന്നതായി ഷിജു അറിയിക്കുക ഉണ്ടായി. അതിനു അദ്ദേഹം നിരവധി കാരണങ്ങൾ പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ആ കാരണങ്ങൾ എല്ലാം തന്നെ ഷിജുവിന്റെ പ്രവര്ത്തികൾ വളരെ അടുത്ത് നിന്ന് കണ്ട ഒരാൾ എന്ന നിലയിൽ വളരെ ഗൌരവം ഉള്ളതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയും ഷിജു എടുത്ത തീരുമാനത്തെ പൂർണ്ണമായി മാനിക്കുകയും ചെയ്യുന്നു .നിങ്ങളിൽ പലരും അതേ രീതിയിൽ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട് എന്ന് ഈ പോസ്റ്റിൽ (https://www.facebook.com/groups/grandappura/posts/1772237689632362/) വന്ന കമെൻ്റുകൾ സൂചിപ്പിക്കുന്നു.

ഇത്തരം ഒരു പദ്ധതി നിലനിന്നു പോകേണ്ടതിൻ്റെ ആവശ്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ഞങ്ങൾ കുറച്ചു പേർ (https://shijualex.in/credits/) ഭാഗികമായെങ്കിലും ഷിജുവിനെ കഴിഞ്ഞ കാലങ്ങളിൽ വിവിധ രീതിയിൽ പിന്തുണച്ചത്. എന്നാൽ ഇപ്പോൾ ഷിജുവിൻ്റെ സന്നദ്ധപ്രവർത്തനം അവസാനിച്ചതോടെ ഈ പദ്ധതി അതിൻ്റെ സ്വാഭാവിക മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. അത് വളരെ സങ്കടകരവും അടുത്ത തലമുറയോട് നമ്മൾ ചെയ്യുന്ന വലിയ ഒരു അനിതീയും ആയിരിക്കുമത്.
ഷിജു തൻ്റെ വിടവാങ്ങൽ പോസ്റ്റ് ഇട്ടതിനു ശെഷം ധാരാളം പേർ സ്വകാര്യമായി മെയിലുകൾ വഴിയും ഫോൺ വഴിയും സോഷ്യൽ മീഡിയ വഴിയും ഷിജുവിനെ ബന്ധപ്പെട്ട് ഈ പദ്ധതി തുടർന്ന് കൊണ്ട് പോകാൻ പ്രേരിപ്പിക്കുകയും അതിന് വേണ്ട സഹായങ്ങൾ തരാം എന്നു പറയുകയും ചെയ്യുകയുണ്ടായി . ചിലർ പബ്ലിക്കായി പോസ്റ്റുകളും എഴുതിയിരുന്നു. അതിനെ പറ്റി ഷിജു ഈ അടുത്ത കാലത്ത് എഴുതിയ പോസ്റ്റ് ഇവിടെ കാണാം https://www.facebook.com/shijualexonline/posts/10157832610212255

മുകളിലെ പോസ്റ്റിൽ സൂചിപ്പിച്ച പോലെ ബാംഗ്ലൂരിലുള്ള ഷിജുവിൻ്റെ ഞാനടക്കമുള്ള ചില സുഹൃത്തുക്കൾ, "കേരള രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പൊതുവായ പ്രദർശനവും" എന്ന പദ്ധതി പുനർജീവിപ്പിക്കാൻ ശ്രമിക്കുന്നു. ഷിജുവിനെ ഇനി കൂടുതൽ ബുദ്ധിമുട്ടിക്കാതെ എന്നാൽ ഇത്രനാളത്തെ ഷിജുവിൻ്റെ പ്രവർത്തന പരിചയത്തെ ഉപയോഗിച്ചു കൊണ്ട് ഒരു പബ്ലിക്ക് പ്രൊജക്ട് ആയി മുൻപോട്ട് പോകാനാണ് ഞങ്ങൾ നോക്കുന്നത്. എന്നാൽ അതിനു സമൂഹത്തിൻ്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സഹകരണം ആവശ്യമാണ്. ഇത്തരം ഒരു പൊതു പദ്ധതിയിൽ ഞങ്ങളുമായി സാമ്പത്തികമായും സാങ്കേതികമായും സഹകരിക്കാൻ താല്പര്യമുള്ള ആളുകൾ ദയവായി jissojose@gmail.com എന്ന എൻ്റെ ഇമെയിൽ വിലാസത്തിലേക്ക് ഒരു മെയിൽ അയക്കാമോ?

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive