പാലിയം സത്യഗ്രഹം
സ്വാതന്ത്ര്യലബ്‌ധിക്കുശേഷവും വഴിനടക്കാനുള്ള അവകാശത്തിന് പൊരുതിയ കേരളത്തിന്റെ ചരിത്രം ... കൊടുങ്കാറ്റായ പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ സമരഭടൻ എ ജി വേലായുധൻ രക്തസാക്ഷിയായി.
കൊച്ചി രാജാക്കന്മാരുടെ മന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരുടെ തറവാട്, ക്ഷേത്രം എന്നിവയ്‌ക്കുമുന്നിലൂടെയുള്ള വഴിയിൽ നടപ്പവകാശത്തിനായിരുന്നു സമരം. അഹിന്ദുക്കൾക്ക് നടക്കാമായിരുന്ന വഴിയിൽ അവർണരെ അനുവദിച്ചില്ല. 1946ൽ എറണാകുളത്ത് ചേർന്ന അവകാശപ്രഖ്യാപനസമ്മേളനം പാലിയത്ത് വഴിനടപ്പ് അവകാശമായി ഉന്നയിച്ചു. കർമസമിതി രൂപീകരിച്ച് പാലിയത്തച്ചനെകണ്ട് സംസാരിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് 1947 ഡിസംബർ നാലിന് സ്‌റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് മാറ്റപ്പാടം മൈതാനത്ത് സി കേശവൻ സമരം ഉദ്‌ഘാടനം ചെയ്‌തു. പാലിയം സ്വകാര്യ റോഡാണെന്ന് അവകാശപ്പെട്ട് പാലിയത്തച്ചന്മാർ കോടതിയിൽനിന്ന് നിരോധന ഉത്തരവ് വാങ്ങി. അതിന്റെ പേരിൽ പ്രതിഷേധക്കാരെ മർദിച്ചു, അറസ്‌റ്റിലാക്കി.
അതുകൊണ്ടൊന്നും സമരം ഇല്ലാതായില്ല. രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക സംഘടനകൾ ചേർന്ന് പാലിയം സമരസമിതി രൂപീകരിച്ച് ശക്തമാക്കി. ആര്യാ പള്ളത്തിന്റെ നേതൃത്വത്തിൽ അന്തർജനങ്ങളും കൊടുങ്ങല്ലൂർ കോവിലകത്തെ ഏതാനും തമ്പുരാക്കളും സമരമുഖത്തെത്തി. തൃപ്പൂണിത്തുറയിൽനിന്ന് കൊച്ചി രാജകുടുംബാംഗങ്ങളായ രവിവർമ തമ്പുരാനും കേരളവർമയും പാലിയത്തേക്ക് മാർച്ച് ചെയ്‌ത് പൊലീസ് മർദനം ഏറ്റുവാങ്ങി. 1948ൽ കൊച്ചിയിൽ അവർണർക്ക് വഴിനടപ്പവകാശവും ക്ഷേത്രപ്രവേശനവും അനുവദിച്ച് അധികാരികൾക്ക് ഉത്തരവിറക്കേണ്ടിവന്നു.
No comments:
Post a Comment