Friday, April 15, 2022

ലീലാതിലകം...

 


നാലുകെട്ടും നടുമുറ്റവുമുള്ള മഹാരാജാസിലെ പല ക്ലാസ് മുറികളും ചെറിയൊരു പാതാളഛായയിൽ നേർത്ത ഇരുൾ നിറഞ്ഞുകിടന്നു. ഒന്നാം വർഷ എംഎ ക്ലാസ് അത്തരത്തിലൊന്നായിരുന്നു. എന്നാൽ ആ ഇരുട്ടകറ്റി ഹൃദ്യമായ ഒരു ചിരിയോടെയാണ് ലീലാവതി ടീച്ചർ കടന്നുവന്നത്. ടീച്ചറുടെ വാഗ്‌പ്രവാഹത്തിൽ ഞങ്ങൾ ഏതൊക്കെയോ കരകളിലടിഞ്ഞു.

ലീലാവതി ടീച്ചറെപ്പറ്റി ഗ്രേസി എഴുതുന്നു




എഴുപതുകളുടെ മധ്യത്തിലാണ് ഞാൻ മഹാരാജാസ് കോളേജിൽനിന്ന് പടിയിറങ്ങിയത്. ഇനി വെറുമൊരു പൂർവവിദ്യാർത്ഥിനിയായിത്തീരുമല്ലോ എന്ന നഷ്ടബോധത്തിന്റെ ഭാരം നെഞ്ചിലമർന്നു.
ഞാൻ പ്രീഡിഗ്രിക്ക് പഠിച്ചത് പ്രാർത്ഥനാനിരതമായി നിൽക്കുന്ന ഒരു കുന്നിന്റെ നെറുകയിലെ കോളേജിലാണ്. അതിന്റെ ഒരു പകുതിയിൽ മാത്രമേ പെൺകുട്ടികൾക്ക്‌ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളു. മറുപകുതി ആൺകുട്ടികളുടെ വിഹാരകേന്ദ്രമായിരുന്നു. അതുകൊണ്ട് കോളേജിന്റെ ആകാശത്ത് ചുടുനെടുവീർപ്പുകൾ ഘനീഭവിച്ചുനിന്നു. മലയാളം ബിഎയ്‌ക്ക്‌ ചേർന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജാകട്ടെ ഒരു വരൾച്ച ബാധിത പ്രദേശമായിരുന്നു.

ഡോ. എം ലീലാവതി

ഡോ. എം ലീലാവതി

മഹാരാജാസിന്റെ ഗേറ്റ് കടന്നതും ഒരു കുളിർമ വന്ന് എന്നെ പൊതിഞ്ഞു. നഗരമധ്യത്തിൽ പഴമയുടെ രാജകീയ പ്രൗഢിയോടെ തലയുയർത്തിനിന്ന മഹാരാജാസിന്റെ ക്യാമ്പസിൽ പേരറിയാത്ത ഒട്ടേറെ മരങ്ങൾ ഇലമർമ്മരങ്ങൾകൊണ്ട് സ്വാഗതമോതി. മരച്ചുവടുകളിലെ ആണും പെണ്ണും ഇടകലർന്ന കൂട്ടങ്ങളിൽ ചുറ്റിയടിച്ച് സ്വാതന്ത്ര്യത്തിന്റെ കാറ്റ് പൊട്ടിച്ചിരിക്കുന്നത് കണ്ടു. നാലുകെട്ടും നടുമുറ്റവുമുള്ള മഹാരാജാസിലെ പല ക്ലാസ് മുറികളും ചെറിയൊരു പാതാളഛായയിൽ നേർത്ത ഇരുൾ നിറഞ്ഞുകിടന്നു.

മഹാരാജാസ് കോളേജ്

മഹാരാജാസ് കോളേജ്

ഒന്നാം വർഷ എംഎ ക്ലാസ് അത്തരത്തിലൊന്നായിരുന്നു. എന്നാൽ ആ ഇരുട്ടകറ്റി ഹൃദ്യമായ ഒരു ചിരിയോടെയാണ് ലീലാവതി ടീച്ചർ കടന്നുവന്നത്. ടീച്ചറുടെ വാഗ്പ്രവാഹത്തിൽ ഞങ്ങൾ ഏതൊക്കെയോ കരകളിലടിഞ്ഞു.

ലീലാവതി ടീച്ചറും ഭർത്താവ്‌  സി പി മേനോനും

ലീലാവതി ടീച്ചറും ഭർത്താവ്‌ സി പി മേനോനും

സാഹിത്യവും വ്യാകരണവും ഒരേ വൈദഗ്‌ധ്യത്തോടെ കൈകാര്യം ചെയ്ത് ടീച്ചർ ഞങ്ങളെ വിസ്മയിപ്പിച്ചു. ആശാൻ കവിത പഠിപ്പിക്കുമ്പോഴാകട്ടെ മനോവിജ്ഞാനീയവും കലർത്തും. ക്ലാസ് തീരുമ്പോൾ ലോകസഞ്ചാരം കഴിഞ്ഞെത്തുന്ന അനുഭൂതിയാണുണ്ടാവുക. അറിവ് മാത്രമല്ല, മാതൃവാത്സല്യവും ടീച്ചർ പകർന്നുതന്നു. ഒരു കോളേജധ്യാപികയാവാനുള്ള എന്റെ മോഹം അതോടെ ഉറച്ചുകിട്ടി. ചില സ്വകാര്യവ്യഥകൾ പങ്കിടാൻ മാത്രമുള്ള ഒരടുപ്പം എനിക്ക് ടീച്ചറോടുണ്ടായിരുന്നു. സി പി മേനോൻ പ്രണയിച്ചതും ടീച്ചറുടെ പ്രാരബ്ധങ്ങൾ തീരുംവരെ കാത്തിരുന്നതുമൊക്കെ എന്നോടും സന്ദർഭവശാൽ പങ്കുവച്ചിട്ടുണ്ട്.
ഞങ്ങൾ രണ്ടാം വർഷ എംഎ ക്ലാസിലേക്ക് കടന്നപ്പോഴാണ് ടീച്ചർക്ക് ഡോക്ടറേറ്റ് കിട്ടിയത്. അന്നൊക്കെ ഗവേഷണ പ്രബന്ധം ഇംഗ്ലീഷിൽ എഴുതണം. അനുമോദന ചടങ്ങിൽ ടീച്ചറുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തെ സഹപ്രവർത്തകർ പ്രശംസിച്ചു. സംസ്‌കൃതത്തിലും ടീച്ചർക്ക് അഗാധമായ പാണ്ഡിത്യമുണ്ടെന്ന് ആരോ ഓർമപ്പെടുത്തി.

അഭിമാനപൂരിതമായ ഹൃദയത്തോടെ ഞങ്ങളതൊക്കെ കേട്ട് സദസ്സിലിരുന്നു. അതിലേറെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയും ടീച്ചറെ അനുമോദിക്കാൻ ഞങ്ങൾക്കും ഒരവസരമുണ്ടായി. ടീച്ചർക്ക് എഴുത്തച്ഛൻ പുരസ്‌കാരം കിട്ടിയപ്പോൾ വീട്ടിലെത്തി പൊന്നാടയണിയിച്ചും  പഴയകാലത്തെ ഓർമകൾ പങ്കുവച്ചും ഞങ്ങളത് ആഘോഷിച്ചു. എന്റെ പഠിപ്പ് കഴിഞ്ഞപ്പോൾ ജോലിക്കുവേണ്ടിയുള്ള അലച്ചിലായി. അതിനിടയിൽ അപൂർവമായിട്ടാണെങ്കിലും ഞാൻ ടീച്ചർക്ക് കത്തുകളയച്ചിരുന്നു. ജോലിസാധ്യത കുറവായിരുന്ന അക്കാലത്ത് പലരും പാരലൽ കോളേജുകളെ ശരണം പ്രാപിച്ചു. ഞാനും അവിടെത്തന്നെ ചെന്നടിഞ്ഞു. രണ്ടുമൂന്ന് കൊല്ലം കഴിഞ്ഞപ്പോഴേക്ക് എനിക്ക് നന്നേ മുഷിഞ്ഞു. കൊടിയ ഒരു വ്യർത്ഥതാബോധം എന്നെ തീണ്ടി. കൂട്ടുകാരികളും സ്വന്തം അനുജത്തി തന്നെയും വിവാഹം കഴിഞ്ഞ് അകന്നുപോയപ്പോൾ ഞാൻ കടുത്ത ഏകാന്തതയിൽ പെട്ടുപോവുകയുംചെയ്തു. അതുവരെയും വിവാഹം കഴിക്കണോ, വേണ്ടയോ എന്ന് ശങ്കിച്ചുനിന്ന ഞാൻ മുന്നുംപിന്നും നോക്കാതെ ഒരു പുറജാതിക്കാരന്റെ ജീവിതത്തിലേക്ക് കടന്നുചെന്നു.

ലീലാവതി ടീച്ചർക്ക്‌ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചപ്പോൾ ഗ്രേസിയുൾപ്പെടെയുള്ള 1972‐74 ബാച്ചിലെ മലയാളം എംഎ വിദ്യാർത്ഥികൾ വസതിയിലെത്തി ആദരിക്കുന്നു

ലീലാവതി ടീച്ചർക്ക്‌ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചപ്പോൾ ഗ്രേസിയുൾപ്പെടെയുള്ള 1972‐74 ബാച്ചിലെ മലയാളം എംഎ വിദ്യാർത്ഥികൾ വസതിയിലെത്തി ആദരിക്കുന്നു

പേറും പെറപ്പുമൊക്കെ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് അധ്യാപികയാവാനുള്ള മോഹം മാത്രമല്ല, എഴുത്തുകാരിയാവാനുള്ള മോഹവും ക്ലാവുപിടിച്ചുപോയി എന്ന്. ഞാൻ എല്ലാവരിൽനിന്നും ഒഴിഞ്ഞുമാറി. ടീച്ചർക്ക് കത്തെഴുതാതെയായി. എന്നിട്ടും ഒരിക്കൽ എനിക്ക് ടീച്ചറെ അഭിമുഖീകരിക്കേണ്ടിവന്നു. ആലുവയിലെ ഒരു ക്രിസ്ത്യൻ കോളേജിൽ ഇന്റർവ്യൂവിന് ചെല്ലുമ്പോൾ ലീലാവതി ടീച്ചറായിരുന്നു സബ്ജക്ട്‌ എക്‌സ്‌പർട്ട്. പുറജാതിക്കാരനെ കല്യാണം കഴിച്ച എന്നെ കമ്യൂണിറ്റി ക്വോട്ടയിൽ പരിഗണിക്കാൻ പാടില്ലെന്ന് ആരോ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. അതുകൊണ്ട് ഇന്റർവ്യൂവിന്‌ വരുമ്പോൾ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എനിക്ക് അറിയിപ്പ് കിട്ടി. ഞാനിപ്പോഴുമൊരു ക്രിസ്ത്യാനി തന്നെയാണോ എന്ന് മാനേജ്‌മെന്റ് പ്രതിനിധി സംശയിച്ചു. എന്റെ അപ്പൻ ഇടവക പള്ളിയിൽ നിന്നൊരു സർട്ടിഫിക്കറ്റ് വാങ്ങിച്ച് അയച്ചുതന്നിരുന്നു.

ലീലാവതി ടീച്ചർ. പഴയകാല ചിത്രം

ലീലാവതി ടീച്ചർ. പഴയകാല ചിത്രം

ഞാനത് പുറത്തെടുത്ത് നീട്ടി. അതിലൊന്ന് കണ്ണോടിച്ച് ഇക്കൊല്ലം എത്രപ്രാവശ്യം പള്ളിയിൽപോയി എന്ന് ചാട്ടുളിപോലൊരു ചോദ്യം എന്റെ നേർക്കെറിഞ്ഞു.

പെൺകരുണ വഴിയുന്ന മുഖമുള്ള ക്രിസ്തുവിനോട് പ്രണയത്തോളം പോന്ന ഒരു വികാരം നെഞ്ചേറ്റിനടന്നിട്ടും ഞാൻ പള്ളിയിൽ പോകാറുണ്ടായിരുന്നില്ല. എന്റെ നിസ്സഹായത കണ്ട് ടീച്ചർ ഇടപെട്ടു. എന്നോട് ക്ലാസെടുക്കാൻ പറഞ്ഞു. ഞാൻ ഒ എൻ വി കുറുപ്പിന്റെ ചോറൂണുൽനിന്ന് ചില വരികൾ ചൊല്ലി ക്ലാസെടുത്തു. പക്ഷേ, മതത്തിന്റെ പ്രതിനിധി കൈയൊഴിഞ്ഞ എന്നെ രക്ഷിക്കാൻ ടീച്ചർക്കും കഴിഞ്ഞില്ല. എനിക്കുവേണ്ടി ടീച്ചർ നടത്തിയ ഒരേയൊരു ഇടപെടൽ അങ്ങനെ പാഴായിപ്പോയി.

എങ്കിലും ആലുവയിൽതന്നെയുള്ള മറ്റൊരു കോളേജിൽ ഞാൻ അധ്യാപികയായി. മുടങ്ങിപ്പോയ കഥയെഴുത്ത് പതുക്കെ വീണ്ടെടുത്തു. എന്റെ ആദ്യ കഥാസമാഹാരമായ ‘പടിയിറങ്ങിപ്പോയ പാർവ്വതി' എറണാകുളം പ്രസ്‌ക്ലബ്ബിൽ വച്ച് പ്രകാശനം ചെയ്തത് ടീച്ചറായിരുന്നു. കഥകളെ പ്രശംസിക്കുന്നതിൽ ടീച്ചർ ഒരു പിശുക്കും കാണിച്ചില്ല. താറാവുകളെ അരയന്നമാക്കുമെന്നാണല്ലോ ടീച്ചറെക്കുറിച്ചുള്ള പ്രധാന ആരോപണം തന്നെ! കുട്ടികൃഷ്‌ണമാരാരെ വിമർശിക്കാനുള്ള ധൈര്യം കാണിച്ച് നിരൂപണരംഗത്തേക്ക് കടന്നുവന്ന ടീച്ചർ എന്തുകൊണ്ടോ മണ്ഡനനിരൂപണത്തിലാണ് ചുവടുറപ്പിച്ചത്.

ഒ എൻ വി  പുരസ്കാരം അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചപ്പോൾ

ഒ എൻ വി പുരസ്കാരം അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചപ്പോൾ

ഏത് കൃതിയുടെയും മേന്മകൾ മാത്രം തേടിപ്പിടിക്കുമ്പോൾ സമഗ്രവും യാഥാർഥവുമായ വിലയിരുത്തൽ എങ്ങനെ സാധ്യമാകും? നിരൂപകന്റെ തൂലികയ്‌ക്ക് നല്ല മൂർച്ചവേണം. അത് പക്ഷേ, ഇന്നത്തെ ചില നിരൂപകരെപ്പോലെ, അപരന്റെ നെഞ്ചത്ത് കുത്തിയിറക്കാനുള്ളതാകരുത്.

സുഗതകുമാരി

സുഗതകുമാരി

സാഹിത്യകൃതികളെ മണ്ഡനപരമായും ഖണ്ഡനപരമായും സമീപിക്കുമ്പോൾ മാത്രമേ നിരൂപണത്തിന് വിശ്വാസ്യതയുണ്ടാവുകയുള്ളൂ. ഇതൊക്കെയാണെങ്കിലും നിരൂപണരംഗത്തേക്ക് സ്ത്രീകൾ കടന്നുവരാൻ മടിച്ചിരുന്ന കാലത്ത് ടീച്ചർ ഒരു സാഹസസഞ്ചാരമാണ് നടത്തിയത് എന്ന കാര്യത്തിൽ തർക്കമൊട്ടില്ലതാനും. ഇപ്പോഴും നിരൂപണ രംഗത്ത് സ്ത്രീസാന്നിധ്യം തീരെയില്ലെന്നുതന്നെ പറയാം.
ടീച്ചറുടെ മൂത്തമകൻ വിവാഹം കഴിച്ചത് മാധവിക്കുട്ടിയുടെ ഏട്ടന്റെ മകൾ ബാലാമണിയെയാണ്. ആ വിവാഹത്തിന്റെ ക്ഷണം കിട്ടിയ അപൂർവം ശിഷ്യരിലൊരാളായിരുന്നു ഞാൻ. അവിടെവച്ചാണ് പ്രിയകവി സുഗതകുമാരിയെ ഞാൻ ആദ്യമായി കാണുന്നത്. കൗതുകാദരങ്ങളോടെ നോക്കിനിന്ന എന്നെ കവി തിരിച്ചറിഞ്ഞപ്പോൾ എന്റെ ഹൃദയം ആഹ്ലാദത്താൽ കവിഞ്ഞു. അവിടെ പ്രത്യക്ഷപ്പെട്ട വേറെയും ചില സാഹിത്യകാരന്മാരെ അകലെ നിന്ന് കണ്ടു.

മാധവിക്കുട്ടി

മാധവിക്കുട്ടി

എന്റെ മകളുടെ വിവാഹക്ഷണം സ്വീകരിച്ച് ഒരു സഹായിയോടൊപ്പമാണ് ടീച്ചർ എത്തിച്ചേർന്നത്. ചെറുതല്ലാത്തൊരു തുക മകൾക്ക് സമ്മാനിക്കുകയും ചെയ്തു. പഴയ എംഎ ക്ലാസിലെ ശിഷ്യരോടൊപ്പംനിന്ന് ഫോട്ടോയെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കുറ്റബോധംകൊണ്ട് എന്റെ തലകുനിഞ്ഞുപോയി. ഞാൻ അങ്ങോട്ട് പറയേണ്ടതായിരുന്നുവല്ലോ അത്. പക്ഷേ, ആ തിരക്കിനിടയിൽ ഇങ്ങനെ ചില ഔചിത്യമില്ലായ്‌മയൊക്കെ പറ്റിപ്പോവുമെന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു. പോരാത്തതിന് ഒറ്റമകളെ ഏറെ ദൂരെ വിവാഹം കഴിച്ചയക്കുന്നതുകൊണ്ട് എനിക്ക് കുറച്ച് വേവലാതിയുണ്ടായിരുന്നുതാനും.
ഭർത്താവിന്റെ വിയോഗത്താൽ പകച്ചുനിന്ന ടീച്ചറെക്കുറിച്ചുള്ള ഓർമ എന്നിൽനിന്നൊരിക്കലും ഒഴിഞ്ഞുപോകുകയില്ല. ടീച്ചറുടെ കൈയിൽ മുറുകെ പിടിച്ച് ഒന്നും മിണ്ടാനാവാതെ ഇരുന്ന എന്നെ തൊട്ടടുത്തുനിന്ന ആർക്കോ പരിചയപ്പെടുത്തിയതിങ്ങനെ: ‘ഇതാരാണെന്ന് അറിയാമോ? വലിയ ഒരു കഥയെഴുത്തുകാരിയാണ്! ' സത്യമായും ഞാൻ ഞെട്ടിപ്പോയി! ടീച്ചറുടെ സമനിലതെറ്റി എന്ന് എനിക്കപ്പോൾ തീർച്ചപ്പെട്ടു.

ലീലാവതി ടീച്ചർ (നടുവിൽ) സഹപാഠികൾക്കൊപ്പം

ലീലാവതി ടീച്ചർ (നടുവിൽ) സഹപാഠികൾക്കൊപ്പം

ആശ്വസിപ്പിക്കാനറിയില്ലെങ്കിലും ഒരാഴ്‌ച കഴിഞ്ഞ് ഞാൻ ടീച്ചറെ ഫോണിൽ വിളിച്ചു. ആരാണെന്ന് ടീച്ചർ ഒച്ചപൊന്തിച്ചു. ഗ്രേസിയാണ് ടീച്ചറെ! എന്ന് ഞാൻ വിനയപൂർവം അറിയിച്ചു. ഏത് ഗ്രേസി എന്ന് ഓർമയുടെ സ്‌പർശം പോലുമില്ലാത്ത മറ്റൊരു ചോദ്യത്തിന്റെ മുനമ്പിൽ ഞാൻ സ്തബ്ധയായി നിന്നു! ടീച്ചറിന്റെ ശിഷ്യയാണെന്ന് പതറിയ ശബ്ദത്തിൽ ഞാൻ മറുപടി പറഞ്ഞു. ആ! എനിക്കറിയില്ല!  എന്ന് തീരെ മയമില്ലാതെ പറഞ്ഞ് ടീച്ചർ ഫോൺ താഴെവച്ചു. ഒരു ഭാര്യയ്‌ക്ക് എങ്ങനെയാണ് സ്വയം മറന്നിത്രമേൽ ഭർത്താവിനെ സ്‌നേഹിക്കാനാവുക എന്ന് അതിശയിച്ച് ഞാൻ ഏറെനേരം നിശ്ചലയായി നിന്നുപോയി.
പ്രേംജിയുടെ മകൻ നീലൻ അമൃത ടിവിക്കുവേണ്ടി ലീലാവതി ടീച്ചറെ ഇന്റർവ്യു ചെയ്യുന്ന പരിപാടിയിൽ എന്നെയും കൂട്ടി.

ഞാൻ എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ എന്റെ ഉള്ളിൽ പകർത്തിയെടുത്താണ് ടീച്ചറെ അഭിമുഖീകരിച്ചത്. എന്റെ ചെറിയ ചോദ്യങ്ങൾക്ക് ടീച്ചർ സമൃദ്ധമായി മറുപടി തന്നു. പിന്നാലെ ചായ പകർന്ന് തന്നപ്പോൾ ടീച്ചറുടെ ചെറിയമ്മ എന്തോ പിണക്കത്തിലാണെന്ന മട്ടിൽ ഒന്നും മിണ്ടാതെ അകന്നുനിന്നു. ഭർതൃ സഹോദരിയും സ്വന്തം ചെറിയമ്മയും തന്റെ എഴുത്ത് ജീവിതത്തെ വല്ലാതെ അലോസരപ്പെടുത്തിയ കാര്യം വെളിപ്പെടുത്താൻ ടീച്ചർക്ക് അപ്പോൾ മടിയേതുമുണ്ടായില്ല. അച്ഛനമ്മമാരോടും കൂടപ്പിറപ്പുകളോടും ചെറിയമ്മയോടും ഭർതൃസഹോദരിയോട്‌ പോലുമുള്ള കടമകളൊക്കെയും ചെയ്തുതീർത്ത ഒരപൂർവ ജന്മമാണല്ലോ ടീച്ചറുടേത്.

ഞാൻ പിന്നെ ഒരമ്മൂമ്മയുടെ ബാധ്യതകളിലേക്ക് മടങ്ങി. പേരക്കുട്ടികൾക്ക് കഥ പറഞ്ഞുകൊടുത്ത് ബാലസാഹിത്യകാരിയുമായി. ആ വിഭാഗത്തിൽ ആദ്യത്തെ കഥാസമാഹാരമായി ‘വാഴ്‌ത്തപ്പെട്ട പൂച്ച' പ്രകാശിപ്പിച്ചതും ടീച്ചർ തന്നെ. ആലുവ ടൗൺഹാളിൽ ലൈബ്രറി കൗൺസിലിന്റെ പുസ്തകമേള ഉദ്ഘാടനംചെയ്യുന്നത് ടീച്ചറാണ് എന്നറിഞ്ഞപ്പോഴാണ് എന്റെ പൂച്ചപ്പുസ്തകം പ്രകാശിപ്പിക്കുന്ന കാര്യം ആലോചനയിലെത്തിയത്.

ഡോ. എം ലീലാവതി         ഫോട്ടോ: രാജേഷ്‌ ചാലോട്‌

ഡോ. എം ലീലാവതി ഫോട്ടോ: രാജേഷ്‌ ചാലോട്‌

നിർഭാഗ്യവശാൽ ടീച്ചറെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. എങ്കിലും ടീച്ചറുടെ ശിഷ്യവാത്സല്യത്തിൽ വിശ്വാസമർപ്പിച്ച് ഒരു ബാനർ ഉണ്ടാക്കി ഉദ്ഘാടനവേദിയിൽ സ്ഥാപിച്ചു. ടീച്ചറെ സ്വീകരിക്കാൻ പ്രവേശന കവാടത്തിൽതന്നെ നിലയുറപ്പിക്കുകയും ചെയ്തു. ടീച്ചറുടെ കൈകൾ സ്‌നേഹപൂർവം കവർന്ന് ക്ഷമാപണത്തോടെ ബാനർ ചൂണ്ടിക്കാട്ടി. ടീച്ചർക്ക് കൈമാറിയ പുസ്തകത്തിലെ ചില കഥകൾ കിട്ടിയ സമയം കൊണ്ട് വായിക്കുന്നത് കണ്ട് ഹൃദയംകൊണ്ട് ഞാൻ നമിച്ചുപോയി.

പതിവ് രീതിയിൽ ടീച്ചർ കഥകളെ ഏറെ പ്രശംസിച്ചു. വാഴ്‌ത്തപ്പെട്ട പൂച്ച എങ്ങനെയാണ് വീഴ്‌ത്തപ്പെട്ട പൂച്ചയായിത്തീർന്നതെന്ന് വിശദീകരിച്ച് ഊറിച്ചിരിച്ചു. അങ്ങനെ ചടങ്ങ് ഭംഗിയായി കലാശിക്കുകയും ചെയ്തു. ‘വാഴ്‌ത്തപ്പെട്ട പൂച്ച'യ്‌ക്ക്‌ 2020ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്‌കാരം കിട്ടിയപ്പോൾ ഞാൻ ടീച്ചറെ വിളിച്ചു. അപ്പോഴേക്കും ടീച്ചറുടെ ശ്രവണശേഷി മിക്കവാറും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. നിരാശയായി എനിക്ക് പിൻവാങ്ങേണ്ടിവന്നു.

ടീച്ചർ എന്നെ സങ്കടപ്പെടുത്തിയത് മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ആത്മകഥ പ്രസിദ്ധപ്പെടുത്തിയപ്പോഴാണ്. പലപ്പോഴും ആവർത്തനം കടന്നുവന്നു. ഓർമശക്തി മങ്ങിത്തുടങ്ങിയാൽപ്പിന്നെ മനുഷ്യരുടെ അവസ്ഥ എത്ര ദയനീയമാണെന്ന് എന്റെ ഉള്ള് കലങ്ങി. നിരാഭരണയും ക്ഷീണിതയുമായി ടീച്ചറെ ഒരു ഫോട്ടോയിൽ കണ്ടപ്പോഴാകട്ടെ നെഞ്ചിൽനിന്ന് കുമിളകളുയർന്ന് തൊണ്ടയിൽ തടഞ്ഞുതകർന്നു. എനിക്ക് ടീച്ചറെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി. പക്ഷേ, ഈ ഭയങ്കരവ്യാധി മനുഷ്യരെ കെട്ടിപ്പിടിക്കാനോ സന്ദർശിക്കാൻപോലുമോ അനുവദിക്കുകയില്ലല്ലോ!.



Thursday, April 14, 2022

ശങ്കരേട്ടൻ ദ ഷോ മാൻ

 

കൂടാരത്തിലെ ഒരു സർക്കസും ആരും കണ്ടുതീർത്തിട്ടുണ്ടാകില്ല. തലമുറകളുടെ മനസ്സിൽ  അത്ഭുതങ്ങളുടെ ട്രപ്പീസുകളി തുടരുകയാണ്‌ ഇന്നും.  ചരിത്രവും  സാഹസികതയും ഇഴചേർന്ന അതേ അത്ഭുതങ്ങളുടെ ജീവിതത്തുടർച്ചയാണ്‌ ഇന്ത്യൻ സർക്കസിന്റെ ഇതിഹാസനായകൻ ജെമിനി ശങ്കരന്റേത്‌. കളിക്കാരനായി തുടങ്ങി ജെമിനി, ജംബോ സർക്കസുകളുടെ ഉടമയായി തിളങ്ങിയ സർക്കസ്‌  ആചാര്യന്റെ ജീവിതത്തിലൂടെ...


98–-ാം വയസ്സിലും കർമനിരതനാണ്‌ നാട്ടുകാരുടെ പ്രിയപ്പെട്ട ശങ്കരേട്ടൻ. ആരോഗ്യരഹസ്യം എന്തെന്ന്‌ ചോദിച്ചാൽ കൂപ്പുകൈകളോടെ ശങ്കരേട്ടന്റെ ഉത്തരം ഇത്രമാത്രം: ആർക്കും ഒരു ദ്രോഹവും ചെയ്‌തില്ല. എല്ലാവരെയും സ്‌നേഹിച്ചു. പരമാവധി സഹായിച്ചു. തെറ്റായ കാര്യം ആരുപറഞ്ഞാലും അത്‌ മനസ്സിൽ വച്ചില്ല. ദിവസവും പുലർച്ചെ അഞ്ചിന്‌ എഴുന്നേൽക്കും. ഒന്നരമണിക്കൂർ വ്യായാമം. വസ്‌ത്രങ്ങൾ സ്വയം അലക്കും. സന്തോഷമുള്ള ഓർമകൾ മാത്രം മനസ്സിൽ സൂക്ഷിക്കും. എപ്പോഴും സന്തോഷമായിരിക്കുക. ഇതാണ്‌ തന്റെ ആരോഗ്യരഹസ്യമെന്ന്‌ ശങ്കരേട്ടൻ പതിയെ പറയും. 

കീലേരിയുടെ ശങ്കരൻ

ആധുനിക ഇന്ത്യൻ സർക്കസിന്റെ പിതാവ്‌ കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ കാൽതൊട്ട്‌ വന്ദിച്ച്‌ കളരിയിൽ ഇറങ്ങിയതാണ്‌ എം വി ശങ്കരൻ. സാഹസികമായ അഭ്യാസമുറകളിലൂടെ കാണികളെ എന്നും വിസ്‌മയിപ്പിച്ചു. കണക്ക്‌ തെറ്റാത്ത ചാട്ടത്തിലൂടെയും മലക്കംമറിഞ്ഞും തമ്പിന്റെ കൈയടി നേടി. ജീവിതത്തിലും സർക്കസിലും ഒരിക്കലും ചുവടുതെറ്റിയില്ല. അഞ്ചുവർഷം സർക്കസിലെ ട്രപ്പീസ്‌ താരമായിരുന്നു. സർക്കസ്‌ ഉടമയുടെ വേഷത്തിലും തിളങ്ങി. സർക്കസ്‌ കൂടാരവുമായി സഞ്ചരിക്കാത്ത നഗരങ്ങളില്ല. ഇന്ത്യൻ സർക്കസിന്റെ അംബാസഡറായി ഒട്ടേറെ വിദേശരാജ്യങ്ങളും സന്ദർശിച്ചു. ഇപ്പോൾ സർക്കസ്‌ നടത്തിപ്പ്‌ മക്കളായ അജയ്‌ ശങ്കറിനെയും അശോക്‌ ശങ്കറിനെയും രേണു ശങ്കറിനെയും ഏൽപ്പിച്ച്‌ വിശ്രമത്തിലാണ്‌ അദ്ദേഹം. 

ഇന്ത്യൻ സർക്കസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഷോമാന്മാരിൽ ഒരാളാണ്‌ നമ്മുടെ മുന്നിൽ. ആധുനിക ഇന്ത്യൻ സർക്കസിന്റെ ആചാര്യൻ. ജംബോ, ജെമിനി സർക്കസ്‌ സ്ഥാപകൻ എം വി ശങ്കരൻ. ഇന്ത്യൻ സർക്കസിന്റെ 125–-ാം വാർഷികം  ഡൽഹി താൽകത്തോറ സ്‌റ്റേഡിയത്തിൽ ആഘോഷിച്ചപ്പോൾ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാർഡ്‌ നൽകി രാജ്യം ആദരിച്ചയാൾ.

കൊളശേരി ബോർഡ് സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ നാട്ടിൽ പ്രദർശനത്തിനെത്തിയ കിട്ടുണ്ണി സർക്കസാണ്‌ തമ്പിനോട്‌ ശങ്കരന്റെ മനസ്സ്‌ അടുപ്പിച്ചത്‌. ഒറ്റത്തൂണുള്ള ചെറിയൊരു തമ്പ്‌. ഒരണയാണ്‌ കിട്ടുണ്ണി സർക്കസിന്‌. കത്തിയേറാണ്‌ വലിയ അഭ്യാസം. അതിനു മാത്രം ഭാര്യയെ കൂട്ടുപിടിക്കും. പെട്രോമാക്‌സിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട അഭ്യാസം മനസ്സിൽ തട്ടി. വെസ്‌റ്റേൺ സർക്കസുമായി എത്തിയ കണാരൻ അഭ്യാസിയുടെ തവളക്കളിയായിരുന്നു മറ്റൊരു കൗതുകം. ഒരു ദിവസം ടിക്കറ്റെടുക്കാതെ തമ്പിലേക്ക്‌ പാഞ്ഞുകയറി. കളികണ്ടുകൊണ്ടിരിക്കെ തമ്പിൽനിന്ന്‌ പുറത്താക്കി. സർക്കസിൽ കമ്പംകയറാൻ അതും കാരണമായി.

കളരി ശങ്കരൻ

കളരി അഭ്യസിക്കലാണ്‌ സർക്കസിലേക്കുള്ള എളുപ്പവഴിയെന്ന്‌ തോന്നിയപ്പോൾ വീടിനടുത്ത കുഞ്ഞമ്പു ഗുരുക്കളുടെ കളരിയിലാണ്‌ ആദ്യമെത്തിയത്‌. മെയ്‌ക്കരുത്തു നേടി വല്യ സർക്കസുകാരൻ ആകണമെന്നായിരുന്നു ആഗ്രഹം. ഏഴാംക്ലാസ്‌ കഴിഞ്ഞപ്പോൾ കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ അരികിലേക്ക്‌. തലശേരി ബാസൽ മിഷൻ സ്‌കൂളിലെ  കായിക അധ്യാപകനായിരുന്നു കീലേരി. ശരീരം വളഞ്ഞ്‌ ബാലൻസ്‌ എടുപ്പിക്കുന്നതാണ്‌ ആദ്യപാഠം. വളയാം, നിവരാം, പറക്കാം, മലക്കുത്തം മറിയാം... മനസ്സ്‌ വിചാരിക്കുന്നതുപോലെ ശരീരംകൊണ്ട്‌ ചെയ്യാവുന്ന വിദ്യയാണ്‌ സർക്കസ്‌ എന്ന്‌ തിരിച്ചറിയുന്നത്‌ കീലേരിയുടെ കളരിയിൽനിന്നാണ്‌. 

‘‘സർക്കസുകാർ അന്ന്‌ വല്യപൈസക്കാരാണ്‌. 100 രൂപയുടെ നോട്ട്‌ കീശയിലുണ്ടാകും. സർക്കസ്‌ പഠിക്കാൻ പോകുന്നതുകൊണ്ട്‌ വീട്ടിൽ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. അച്ഛൻ കവിണിശേരി രാമൻനായർ സ്‌കൂൾ അധ്യാപകനായിരുന്നു. ഏഴുരൂപയാണ്‌ ശമ്പളം. മാഷുടെ ശമ്പളത്തേക്കാൾ കൂടുതൽ സർക്കസുകാർക്ക്‌ കിട്ടുമെന്ന്‌ അച്ഛനും അറിയാമായിരുന്നു’’–-ശങ്കരേട്ടൻ സർക്കസിലേക്കുള്ള വഴി ഓർത്തെടുത്തു. 

പട്ടാളം ശങ്കരൻ

അന്നത്തെ പല ചെറുപ്പക്കാരെയുംപോലെ ജെമിനി ശങ്കരനും പട്ടാളത്തിൽ ചേർന്നു. മദ്രാസിലായിരുന്നു ആദ്യ നിയമനം. വയർലെസ്‌ ഒബ്‌സർവർ പോസ്റ്റിൽ. അലഹബാദിൽ ആറുമാസം ട്രെയിനിങ്. രണ്ടാംലോക  യുദ്ധം നടക്കുന്ന സമയമാണ്‌. വിമാനത്തിന്റെ ഒച്ച കേൾക്കുമ്പോൾ അറിയിക്കണം. തുടക്കത്തിൽ 18 രൂപയായിരുന്നു ശമ്പളം. 15 രൂപയും വീട്ടിലയക്കും. പിന്നീട്‌ ശമ്പളം 55 രൂപയായി. അലഹബാദിലെ പരിശീലനംകഴിഞ്ഞ് കൊൽക്കത്ത ഡയമണ്ട്  ഹാർബറിൽ നിയമനം. ജപ്പാൻ ഇട്ട ബോംബ്‌ ചെളിയിൽ വീണതിനാൽ അപകടം സംഭവിക്കാതെ പോയതാണ്‌ അക്കാലത്തെ ഓർമ. 



പട്ടാളത്തിൽനിന്ന്‌ നേരെ മടങ്ങിയത്‌ കീലേരിയുടെ ശിഷ്യൻ എം കെ രാമൻ ടീച്ചറുടെ സർക്കസ്‌ കളരിയിലേക്ക്‌.  ജെമിനി ശങ്കരന്റെ പിറവി അവിടെയാണ്‌. ഒരു വർഷം അഭ്യാസം പഠിച്ചശേഷം തിരികെ കൊൽക്കത്തയിലേക്ക്. കൊൽക്കത്തയിലെ ബോസ്‌ ലയൺ സർക്കസിൽ അരങ്ങേറ്റം. ബാർകളി, ട്രപ്പീസ് തുടങ്ങി പ്രധാന നമ്പരുകളെല്ലാം അവതരിപ്പിച്ചു. 300 രൂപ ശമ്പളം. നാട്ടിലെ തഹസിൽദാർക്കു പോലും അത്രയും വലിയ ശമ്പളം അന്നുണ്ടായിരുന്നില്ല.

കൊൽക്കത്ത തെരുവുകളിൽ വിഭജനത്തിന്റെ പേരിൽ ഹിന്ദുവും മുസ്ലിമും പരസ്പരം വെട്ടിമരിച്ച നാളുകളായിരുന്നു അത്. ആ കറുത്ത നാളുകൾക്ക്‌ സാക്ഷിയാണ്‌ ശങ്കരേട്ടൻ. ഹിന്ദു–-മുസ്ലിം ലഹളയുടെ കൊടുംഭീതിയിൽ കൊൽക്കത്ത വിറങ്ങലിച്ചു നിന്നപ്പോഴും സർക്കസ്‌ പ്രദർശനത്തെ അത്‌ കാര്യമായി ബാധിച്ചില്ല. എം വി ശങ്കരന്റെ പ്രകടനംകണ്ട് റെയ്മൺ ഗോപാലൻ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്‌തു. അങ്ങനെ രണ്ടു വർഷം നാഷണൽ സർക്കസിൽ.  

സർക്കസ്‌ ഉടമ ശങ്കരൻ

1951 ആഗസ്‌ത്‌ 15ന്‌ ഗുജറാത്തിലെ സൂറത്തിനടുത്ത ബില്ലിമോറയിൽനിന്നാണ്‌ സ്വന്തം സർക്കസുമായുള്ള യാത്ര ജെമിനി ശങ്കരൻ തുടങ്ങിയത്‌. ശമ്പളത്തിൽനിന്ന്‌ മിച്ചംവച്ച തുകകൊണ്ട്‌ സുഹൃത്ത്‌ സഹദേവനൊപ്പം 6000 രൂപയ്‌ക്ക്‌ വാങ്ങിയ സർക്കസ്‌ കമ്പനി. തന്റെ നക്ഷത്രത്തെ അനുസ്‌മരിച്ച്‌ സർക്കസിന്‌ ജെമിനിയെന്ന പേരും നൽകി. ആദ്യ പ്രദർശനം വൻവിജയമായി. പിന്നീടങ്ങോട്ട്‌ അതിശയകരമായ വളർച്ച. ഓരോ വർഷവും പുതിയ ഐറ്റവും ആരും കാണാത്ത മൃഗങ്ങളെയും തമ്പിലെത്തിച്ചു. സൈക്ലിസ്റ്റ്‌ കുഞ്ഞിക്കണ്ണൻ, സർക്കസ്‌ ഉടമ കെ എസ്‌ മേനോൻ എന്നിവരെല്ലാം പിന്നീട്‌ പാർട്‌ണർമാരായി. ഓരോ സ്ഥലത്തും ഒന്നും ഒന്നരയും മാസം നീളുന്ന പ്രദർശനം.

ട്രപ്പീസിലെ അപകടകരവും അത്ഭുതപ്പെടുത്തുന്നതുമായ മുഹൂർത്തങ്ങളിൽ തനിക്ക്‌ ശ്വാസംനിലച്ചു പോകുന്നതായി തോന്നിയെന്ന്‌ ജെമിനി ശങ്കരനോട്‌ പറഞ്ഞത്‌ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹർലാൽ നെഹ്‌റു. ഡൽഹിയിലെ പ്രദർശനം ഉദ്‌ഘാടനം ചെയ്‌താണ്‌ നെഹ്‌റു സർക്കസ്‌ കണ്ടത്‌.  എല്ലാ മന്ത്രിമാരോടും സർക്കസ്‌ കാണാൻ നെഹ്‌റു അഭ്യർഥിച്ചതും ചരിത്രം. മദ്രാസിൽ പ്രദർശനം ഉദ്‌ഘാടനം മുഖ്യമന്ത്രി എം ജി ആർ. ബംഗാളിൽ മൈതാനം കിട്ടാതെ വന്നപ്പോൾ ജ്യോതി ബസുവിന്‌ ഇ എം എസ്‌ നൽകിയ കത്താണ്‌ തുണയായത്‌.

സർക്കസിലെ അഭ്യാസമുറകൾ കണ്ട്‌ തുള്ളിച്ചാടി ആഹ്ലാദം പങ്കിട്ട ഒരു രാഷ്‌ട്രത്തലവൻ ശങ്കരേട്ടന്റെ സ്‌മരണയിലുണ്ട്‌. സാംബിയൻ പ്രസിഡന്റ്‌ കെന്നത്ത്‌കൗണ്ടയാണ്‌ അത്‌. പല ഐറ്റവും അവതരിപ്പിച്ചാൽ എഴുന്നേറ്റു നിന്ന്‌ കുട്ടിയെപ്പോലെ തുള്ളിച്ചാടും. മാർട്ടിൻ ലൂഥർകിങ്‌, ഇന്ദിര ഗാന്ധി, എ കെ ജി, ജ്യോതിബസു, യൂറി ഗഗാറിൻ, രാജേന്ദ്രപ്രസാദ്‌, എസ്‌ രാധാകൃഷ്‌ണൻ, സാക്കിർ ഹുസൈൻ, ലാൽ ബഹാദൂർ ശാസ്‌ത്രി, മൊറാർജി ദേശായി, ദലൈലാമ... ശങ്കരേട്ടന്റെ തമ്പിൽ എത്തിയവരിൽ ചിലർ മാത്രമാണ്‌ ഇത്‌.  ആഫ്രിക്ക, കെനിയ, കുവൈത്ത്‌, ഇറാഖ്‌, ഇറാൻ, ഇറ്റലി, ഫ്രാൻസ്‌, ലബനൺ, ജപ്പാൻ തുടങ്ങി എത്രയോ രാജ്യങ്ങളിൽ സർക്കസുമായി യാത്രചെയ്‌തു. റഷ്യ, ബെൽജിയം, ഇറ്റലി, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെ ഇന്ത്യൻ സർക്കസിലെ അഭ്യാസികളാക്കിയതും ശങ്കരേട്ടൻ തന്നെ.

മോസ്കോ ഇന്റർനാഷണൽ സർക്കസ് ഷോയിൽ പങ്കെടുക്കാൻ രാജ്യം നിയോഗിച്ച 12 അംഗസംഘത്തിൽ ശങ്കരേട്ടനും ഉണ്ടായിരുന്നു. നയതന്ത്ര പാസ്‌പോർട്ട്‌ നൽകിയാണ്‌ റഷ്യ ഇന്ത്യൻ സർക്കസ്‌ താരങ്ങളെ സ്വീകരിച്ചത്‌. പട്ടിണിപ്പാവങ്ങളായ കലാകാരന്മാർക്ക്‌ വിഐപി പരിഗണനയായിരുന്നു സോവിയറ്റ്‌ യൂണിയനിൽ. വലിയ ഹോട്ടലിലായിരുന്നു താമസ സൗകര്യം. മൂന്നു മാസം റഷ്യയിൽ സർക്കസ്‌ അവതരിപ്പിച്ചു. 

അക്കാലത്ത്‌ തമ്പിൽ അഞ്ഞൂറോളം കലാകാരന്മാരും ഉണ്ടായിരുന്നു. 18 ആന, 40 സിംഹം, 15 പുലി, സീബ്ര, ഒറാങ്കുട്ടാൻ, ഹിപ്പപൊട്ടാമസ്‌ തുടങ്ങി അനേകം മൃഗങ്ങളും. ജാംനഗർ രാജാവ്‌ സമ്മാനിച്ചതായിരുന്നു നാല്‌ കുതിരയും നാല്‌ സിംഹത്തെയും. പ്രത്യേക ട്രെയിനിലായിരുന്നു പുതിയ കളിസ്ഥലത്തേക്കുള്ള സർക്കസ്‌ ട്രൂപ്പിന്റെ യാത്ര. ജെമിനിയുടെ ജൈത്രയാത്രയ്‌ക്കിടെ തകരാൻ തുടങ്ങിയ മറ്റൊരു സർക്കസ്‌ കമ്പനികൂടി ഏറ്റെടുക്കേണ്ടിവന്നു. അതാണ്‌ പിന്നീട്‌ പ്രസിദ്ധമായ ജംബോ സർക്കസായത്‌.

തമ്പിന്റെ മനസ്സ്‌ തൊട്ട സർക്കസിന്റെ തമ്പുരാനാണ്‌ എല്ലാ അർഥത്തിലും ജെമിനി ശങ്കരൻ. കൂടാരത്തിലെ കളിക്കാരുമായി വലുപ്പച്ചെറുപ്പമില്ലാതെ അദ്ദേഹം ഇടപഴകി. ഓരോ ചെറിയ പ്രശ്‌നത്തിലും ശ്രദ്ധപതിഞ്ഞു. മൃഗങ്ങളെയും ഗാഢമായി സ്നേഹിച്ചു. കേരള ഹോസ്‌പിറ്റൽ ഫെഡറേഷൻ എംഡി ടി ഹരിദാസ്‌ പറയുന്നത്‌ കേൾക്കുക: ‘‘സർക്കസിൽ മൃഗങ്ങളുടെ പ്രദർശനം നിരോധിച്ച കാലം. സർക്കസ്‌ തമ്പുകളിലെ എല്ലാ മൃഗങ്ങളെയും അദ്ദേഹം വയനാട്ടിലേക്ക് കൊണ്ടുവന്നു സംരക്ഷിച്ചു. ഒരു ദിവസം ശങ്കരേട്ടനൊപ്പം അവിടെ പോയി. ശങ്കരേട്ടനെ കണ്ടപ്പോൾ സിംഹവും  പുലിയുമെല്ലാം പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് സ്നേഹം പ്രകടിപ്പിച്ചു. വയനാട്ടിലെ സ്വന്തം എസ്‌റ്റേറ്റിൽ ലക്ഷങ്ങൾ മുടക്കിയാണ്‌ നാലുവർഷം മൃഗങ്ങളെ പരിപാലിച്ചത്‌. അതിനും നിയന്ത്രണം വന്നതോടെ പ്രതിഫലം വാങ്ങാതെ വനംവകുപ്പിന്‌ കൈമാറി. ഒരു മൃഗശാലയിൽ ഉള്ളതിനേക്കാൾ മൃഗങ്ങളുണ്ടായിരുന്നു.

സിനിമാ ശങ്കരൻ

ജെമിനിയുടെയും ജംബോയുടെയും തമ്പുകളിൽ സിനിമക്കാർ പലരും എത്തിയിട്ടുണ്ട്‌. രാജ്‌ കപൂറിന്റെ മേരാ നാം ജോക്കർ സിനിമ ചിത്രീകരണം മൂന്നു മാസത്തോളം ജെമിനിയുടെ ടെന്റിലായിരുന്നു. കമലഹാസന്റെ അപൂർവ സഹോദരങ്ങൾ ചിത്രീകരിച്ചത്‌ ശങ്കരേട്ടന്റെ തമ്പിൽത്തന്നെ. സർക്കസ്‌ തമ്പിൽ മൂന്നു മാസം രാമു കാര്യാട്ടും താമസിച്ചു. പി ഭാസ്‌കരനുമായി ചേർന്ന്‌ ‘ശ്രീമദ്‌ ഭഗവത്‌ഗീത’ എന്ന സിനിമ എടുത്തതും മറ്റൊരു സാഹസികത. സാമ്പത്തിക നേട്ടമൊന്നും സിനിമ സമ്മാനിച്ചില്ലെങ്കിലും നിർമാതാവ്‌ എന്ന പേര്‌ ലഭിച്ചു.

എ കെ ജിയുടെ നിർദേശപ്രകാരം ഡി എം പൊറ്റക്കാടുമായി ചേർന്ന്‌ മറ്റൊരു സിനിമയ്‌ക്കും പദ്ധതിയിട്ടു; കരാറുമായി. ചങ്ങമ്പുഴയുടെ രമണനെ ആസ്‌പദമാക്കിയുള്ള കഥയായിരുന്നു. പല കാരണത്താൽ ആ സിനിമ ഉപേക്ഷിച്ചെന്ന്‌ ശങ്കരേട്ടൻ പറഞ്ഞു. കവി പി ഭാസ്‌കരനുമായി ഗാഢസൗഹൃദമായിരുന്നു. സർക്കസ്‌ കണ്ടശേഷം വയലാർ എഴുതിയ പാട്ടും കാസറ്റും എവിടെയോ നഷ്ടപ്പെട്ടു. എ കെ ജി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. 1992ൽ സർക്കസിൽനിന്ന് ശങ്കരേട്ടൻ പൂർണമായും വിടപറഞ്ഞു. വല്ലപ്പോഴും സർക്കസ്‌ ടെന്റിൽ പോയി, ഓർമകൾ അഴിച്ചുപണിയും.



Thursday, April 07, 2022

ഗ്രന്ഥപ്പുര - കേരളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേഖകളുടെ ശേഖരം


 



പ്രിയരെ

ഗ്രന്ഥപ്പുര (https://shijualex.in/) എന്ന തൻ്റെ സൈറ്റിൽ കൂടെ ഷിജു അലക്സ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനു മേലായി നടത്തി വന്നിരുന്ന ഡിജിറ്റൈസേഷൻ പ്രവർത്തനത്തെ പറ്റി അറിവുള്ളവരാണ ല്ലോ നമ്മളെല്ലാം . ഈ ഫേസ് ബുക്ക് ഗ്രൂപ്പിൽ നിങ്ങളൊക്കെ അംഗങ്ങളായി ചേർന്നത് ആ പദ്ധതിയുടെ പ്രാധാന്യം അറിയുന്നത് കൊണ്ടും ആ രേഖകൾ ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടും എന്നുള്ളത് കൊണ്ടും അല്ലെങ്കിൽ ഈ പുരാതന രേഖകൾ വരും തലമുറയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ സംരക്ഷിക്കപ്പെടണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ആണല്ലോ.
എന്നാൽ 2021 ഡിസംബർ 16 ന് ഈ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന https://shijualex.in/kerala-documents-digitization.../ വിവിധ കാരണങ്ങൾ കൊണ്ട് കേരള രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പൊതുവായ പ്രദർശനവും എന്ന പദ്ധതി തൽക്കാലം നിർത്തുന്നതായി ഷിജു അറിയിക്കുക ഉണ്ടായി. അതിനു അദ്ദേഹം നിരവധി കാരണങ്ങൾ പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ആ കാരണങ്ങൾ എല്ലാം തന്നെ ഷിജുവിന്റെ പ്രവര്ത്തികൾ വളരെ അടുത്ത് നിന്ന് കണ്ട ഒരാൾ എന്ന നിലയിൽ വളരെ ഗൌരവം ഉള്ളതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയും ഷിജു എടുത്ത തീരുമാനത്തെ പൂർണ്ണമായി മാനിക്കുകയും ചെയ്യുന്നു .നിങ്ങളിൽ പലരും അതേ രീതിയിൽ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട് എന്ന് ഈ പോസ്റ്റിൽ (https://www.facebook.com/groups/grandappura/posts/1772237689632362/) വന്ന കമെൻ്റുകൾ സൂചിപ്പിക്കുന്നു.

ഇത്തരം ഒരു പദ്ധതി നിലനിന്നു പോകേണ്ടതിൻ്റെ ആവശ്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ഞങ്ങൾ കുറച്ചു പേർ (https://shijualex.in/credits/) ഭാഗികമായെങ്കിലും ഷിജുവിനെ കഴിഞ്ഞ കാലങ്ങളിൽ വിവിധ രീതിയിൽ പിന്തുണച്ചത്. എന്നാൽ ഇപ്പോൾ ഷിജുവിൻ്റെ സന്നദ്ധപ്രവർത്തനം അവസാനിച്ചതോടെ ഈ പദ്ധതി അതിൻ്റെ സ്വാഭാവിക മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. അത് വളരെ സങ്കടകരവും അടുത്ത തലമുറയോട് നമ്മൾ ചെയ്യുന്ന വലിയ ഒരു അനിതീയും ആയിരിക്കുമത്.
ഷിജു തൻ്റെ വിടവാങ്ങൽ പോസ്റ്റ് ഇട്ടതിനു ശെഷം ധാരാളം പേർ സ്വകാര്യമായി മെയിലുകൾ വഴിയും ഫോൺ വഴിയും സോഷ്യൽ മീഡിയ വഴിയും ഷിജുവിനെ ബന്ധപ്പെട്ട് ഈ പദ്ധതി തുടർന്ന് കൊണ്ട് പോകാൻ പ്രേരിപ്പിക്കുകയും അതിന് വേണ്ട സഹായങ്ങൾ തരാം എന്നു പറയുകയും ചെയ്യുകയുണ്ടായി . ചിലർ പബ്ലിക്കായി പോസ്റ്റുകളും എഴുതിയിരുന്നു. അതിനെ പറ്റി ഷിജു ഈ അടുത്ത കാലത്ത് എഴുതിയ പോസ്റ്റ് ഇവിടെ കാണാം https://www.facebook.com/shijualexonline/posts/10157832610212255

മുകളിലെ പോസ്റ്റിൽ സൂചിപ്പിച്ച പോലെ ബാംഗ്ലൂരിലുള്ള ഷിജുവിൻ്റെ ഞാനടക്കമുള്ള ചില സുഹൃത്തുക്കൾ, "കേരള രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പൊതുവായ പ്രദർശനവും" എന്ന പദ്ധതി പുനർജീവിപ്പിക്കാൻ ശ്രമിക്കുന്നു. ഷിജുവിനെ ഇനി കൂടുതൽ ബുദ്ധിമുട്ടിക്കാതെ എന്നാൽ ഇത്രനാളത്തെ ഷിജുവിൻ്റെ പ്രവർത്തന പരിചയത്തെ ഉപയോഗിച്ചു കൊണ്ട് ഒരു പബ്ലിക്ക് പ്രൊജക്ട് ആയി മുൻപോട്ട് പോകാനാണ് ഞങ്ങൾ നോക്കുന്നത്. എന്നാൽ അതിനു സമൂഹത്തിൻ്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സഹകരണം ആവശ്യമാണ്. ഇത്തരം ഒരു പൊതു പദ്ധതിയിൽ ഞങ്ങളുമായി സാമ്പത്തികമായും സാങ്കേതികമായും സഹകരിക്കാൻ താല്പര്യമുള്ള ആളുകൾ ദയവായി jissojose@gmail.com എന്ന എൻ്റെ ഇമെയിൽ വിലാസത്തിലേക്ക് ഒരു മെയിൽ അയക്കാമോ?

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive