ആളൊരു രാവണനായിരിന്നു. പക്ഷെ പങ്ങിയും പതുമിയും പലപ്പോഴും സ്വയംനിഷ്കാസിതനായും അദൃശ്യരൂപനായിതുടരാൻ ശ്രമിച്ചു; താൻകാരണം മാത്രം പരശതം കോടീശ്വരനും വിശ്വപ്രശസ്തനുമായ ഉറ്റസുഹൃത്തിൻറെ മേലങ്കിയുടെ പിന്നണിയിൽ തന്നെ മനഃപ്പൂർവമെന്നപോലെ തുടർന്നു, ജീവിതകാലം മുഴുവനും, തൊണ്ണൂറ്റിയൊമ്പത് വർഷം ! പക്ഷെ സൂര്യതേജസ്സ് അങ്ങനെ എത്രനാൾ തുടരാൻ പ്രകൃതി അനുവദിക്കും ? അടുത്തവരും അറിഞ്ഞവരും ചേർത്തുപിടിച്ചു, കൊട്ടിഘോഷിച്ചു, പ്രപഞ്ചമാകെ പരസ്യപ്പെടുത്തി, വാഴ്ത്തി.
ഇന്ന് രാവിലെ ചാർളി മംഗർ മരിച്ചു ! മരണമേ നിനക്കും ആപ്രഭയെ കെടുത്താൻ ആവില്ല, ആ ഒറ്റകാരണംകൊണ്ട് അത് ഇനിയുമിനിയും ആളിക്കത്തും - യുക്തിബോധ സാമാന്യചിന്തകൾ ഉയർത്തികൊണ്ടേയിരിക്കും.
ജനസഹസ്രങ്ങൾക്കും വിപണി-ഫിനാൻസ് മുതലാളിത്ത വിരുദ്ധചേരിയിലുള്ള ഒരാൾക്കും, പ്രകൃതി-പരിസ്ഥിതിസ്നേഹിക്കുമൊക്കെ ആശാവഹമായ പ്രവർത്തിയോ മൂർത്തിയോ അല്ല മംഗർ. പക്ഷെ മനുഷ്യചിന്തയുടെ കൂർത്തയുക്തിയുടെ വികാസത്തിന് അദ്ദേഹം നൽകിയ പാഠങ്ങൾ വലുതാണ്. ശത്രുവിന്റെ മികവ് മനസ്സിലാക്കുകയാണ് യുദ്ധത്തിലെ ആദ്യപടി. അതിനാൽ മംഗർ പഠനവിധയേമാകണം.
ചരിത്രംകണ്ട ഏറ്റവും ഉദാത്തമായ സുഹൃത്ബന്ധം മാർക്സ്- ഏംഗൽസിന്റേതാണ് എന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ മറുപക്ഷത്ത് അത് വാറൻ ബഫറ്റ് - ചാർളി മംഗർ എന്നവരാണ്. ജീവിതകാലം മുഴുവനും പിണങ്ങാതെ, ഒത്തുപോവുക, അപരനെ നിരന്തരം തിരുത്തിയും വാനോളം ഉയർത്തിയും താങ്ങിയും ജീവിക്കുക, അർപ്പണബോധത്തോടെ തങ്ങളുടെ പൊതുലക്ഷ്യം നേടാൻ പരിശ്രമം തുടരുക. ഏംഗൽസ് മാർക്സിനെ അതിജീവിച്ചെങ്കിൽ മംഗർ അല്പം നേരത്തെ വിടവാങ്ങി. വ്യതാസം നിലനിർത്തണമെന്ന വാശിയുള്ളതു പോലെ.
ബഫറ്റ് തുടർന്നിരുന്ന ബീഡികുറ്റി [cigarbutt] നിക്ഷേപ രീതിയെ പാടെമാറ്റി, ഉന്നതഗുണനിലവാരമുള്ള കമ്പനിയുടെ ഓഹരികൾ യുക്തമായവിലക്ക് വാങ്ങി ദീർഘകാലം നിലനിർത്തി വളരെ ഉയർന്നലാഭം നേടാനുള്ള വഴികാട്ടിയത് മംഗറായിരിന്നു. സീസ് ക്യാൻഡീസ് [See's Candies] എന്ന ചെറിയൊരു കമ്പനി 25 ദശലക്ഷം ഡോളറിന് 1972ൽ വാങ്ങി നാളിന്നുവരെ 2,000 ദശലക്ഷം വില്പനവരുമാനം നേടിയ തീരുമാനത്തിന്റെ പൂർണമായ തീരുമാനത്തിൽനിന്ന് തുടങ്ങിയതാണ് ഇന്നത്തെ ബെർക്ക്ഷെയർ എന്ന ബഫറ്റ് കമ്പനിയുടെ വളർച്ച. പിന്നീട് അങ്ങോട്ട് ഈ ദ്വിരാക്ഷസർ വാങ്ങിക്കൂട്ടിയ കമ്പനികൾക്കും മൂലധനകുന്നുകൂട്ടലിനും പരിധികളില്ലാത്ത വളർച്ചയുണ്ടായി. ഇപ്പോൾ 1,60,000 ദശലക്ഷം കാശായി നീക്കിയിരിപ്പും 7,85,000 ദശലക്ഷം കമ്പോളമൂല്യവും ബെർക്ക്ഷെയറിനുണ്ട്. ഒരു ഓഹരിയുടെ വില 5,46,000 ഡോളർ ! ആഗോളമാർക്കറ്റിൽ ഏറ്റവുമധികം വിലയുള്ള ഒരോഹരി !
മുതലാളിത്തത്തെ പൂർണമായും പിന്താങ്ങുകയും, അമേരിക്കൻ വ്യപാര-കച്ചവട-സൈനിക നടപടികളെ നിർബാധം, നിരന്തരം പിന്തുണച്ചപ്പോൾ തന്നെ, അമേരിക്കയുടെ ചൈനാവിരുദ്ധ - യുദ്ധക്കൊതി ചെയ്തികളെ ഈ ഇരുവർ, സവിശേഷമായും മംഗർ പരസ്യമായി എതിർത്തു, തന്റെ നിലാപാടുകൾ യുക്തിസഹമായി പറഞ്ഞു. എല്ലാവർഷവും മെയ് മാസത്തിൽ നടത്തിവരുന്ന ബെർക്ക്ഷെയർ കമ്പനിയുടെ വാർഷികപൊതുയോഗം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്. യോഗത്തിന് ഒരുമാസം മുൻപ് തന്നെ വാർഷികാവലോകനം പുറത്തിറക്കും. ഇന്നുവരെയുള്ള മാറ്റങ്ങൾ, കമ്പനിതുടങ്ങിയ മുതലുള്ള മൂല്യവർദ്ധനവൊ ഇടിവോ വെളിവാകും. കണക്കിലെകളിക്കൾക്ക് പുറത്തുള്ള ലളിതമായ സത്യാവസ്ഥ തുറന്നുപറയും. അമേരിക്കയിലെ നെബ്രാസ്ക പ്രവിശ്യയിലെ ഒമാഹയിൽ ചേരുന്ന ഈ സമ്മേളനം ലോകമുതലാളിത്തതല്പരരുടെ മെക്കയായി കണക്കാപ്പെടുന്നു. ഓഹരിയുടമകളുടെ ചോദ്യങ്ങൾക്ക് വാറനും മംഗറും ഉത്തരം നൽകുന്നു. രസകരമായ കാര്യം ഈ ചോദ്യങ്ങൾ പത്രപ്രവർത്തകരുടെ ഒരുകമ്മിറ്റിക്കാണ് നേരത്തെ കിട്ടുക; അവർ തിരഞ്ഞെടുത്ത ചോദ്യങ്ങൾ ഇവർ രണ്ടുപേരുമറിയുന്നത് ചോദിക്കുമ്പോൾ മാത്രവും ! നിലവിലെ മുതലാളിത്ത-വിപണി കാര്യങ്ങളും മറ്റും മനസ്സിലാക്കാൻ നിക്ഷേപകലോകം ഉറ്റുനോക്കുന്ന വാർഷികറിപ്പോർട്ടും പൊതുയോഗവും ചോദ്യോത്തരപരിപാടിയുമായി മാറിയ ഇതും മംഗറിന്റെ ആശയവും, അദ്ദേഹത്തിൻറെ ബുദ്ധിവൈഭവം തിളങ്ങിക്കാണുന്ന വേദിയുമാണ്. പലപ്പോഴും മംഗർ ബഫറ്റ് പറഞ്ഞതിനേക്കാൾ കൂടുതലൊന്നുമില്ല എന്നാണ് പറയാറെങ്കിലും, എപ്പോഴെങ്കിലും കൂട്ടിച്ചേർക്കുന്ന വാക്കുകളും വരികളും വലിയപ്രസക്തി നേടും. വെബ്ബിടങ്ങളിൽ ഈ യോഗങ്ങളുടെ പൂർണവീഡിയോ ലഭ്യമാണ്. വാണിജ്യ-ഫിനാൻസ് വിദ്യാർത്ഥികൾക്ക് വലിയൊരു പഠനകൂട്ടും.
ഇങ്ങനെനെയൊക്കയാണെങ്കിലും മുതലാളിത്തവെറിയുടെ സന്തതസഹചാരിയായ ചങ്ങാത്ത ഏർപാടിനെ ഒരിക്കൽപോലും ഇവർ ആശ്രയിച്ചില്ല എന്നത് എടുത്തുപറയേണ്ടതാണ്. ഒരുചില്ലികാശ് പോലും ഇത്തരത്തിൽ വഞ്ചനയിലൂടെയോ പറ്റികലിലൂടെയോ നേടിയില്ല, ശ്രമിച്ചില്ല. ഇന്നത്തെ ലോകസാഹചര്യത്തിൽ ഇത് അത്ഭുതമാണ്, വേറിട്ടവഴിയുമാണ്. നിലവിലെ ലോകരാജ്യങ്ങളിലെ വമ്പന്മാർ ഒട്ടുമുക്കാൽ എല്ലാവരും ഈ ചങ്ങാത്ത മുതലാളിത്തത്തിലൂടെയാണ് അതിസമ്പന്നരായത്, തുടരുന്നതും. രാമൻ ഭരിച്ചാലും രാവണൻ ഭരിച്ചാലും ഈ ഒക്കചങ്ങാതിമാർ അരങ്ങുവാഴുന്നു, അരിയിട്ടുവാഴുന്നു.
ചാർളിയും വാറനും ലളിതജീവിതത്തിൻ്റെ ഉത്തമഉദാഹരണങ്ങളാണ്. ചെറിയവീട്, ചെറിയകാർ, ചെലവ് കുറഞ്ഞ നിത്യജീവിതം - ചുരുക്കത്തിൽ സാമ്പത്തീക ഉറപ്പിന് മംഗർ നിരന്തരം പറയുന്ന മണ്ടത്തരമെന്ന് തോന്നാവുന്ന, എന്നാൽ നിത്യസത്യമായ വാചകം, "വരുമാനത്തിനുള്ളിൽ ജീവിക്കുക, വിഡ്ഢിത്തരങ്ങൾ കാട്ടാതിരിക്കുക, സമ്പാദ്യം വളർത്തുക", സ്വജീവിതത്തിൽ പകർത്തി വലിയ സാമ്പത്തികവിജയം നേടിയവർ. ആ സമ്പാദ്യം ഏറെക്കുറെ പൂർണമായും അവരവുടെ കാലശേഷം ജീവകാരുണ്യപ്രവർത്തികൾക്കായി നീക്കിവെക്കുകയും ചെയ്തു.
ഡിസംബർകൂടി കഴിഞ്ഞുകിട്ടിയിരുനെങ്കിൽ മംഗർ നൂറുവയസ്സ് തികച്ചേനെ. 1924 ജനുവരി ഒന്നിനായിരുന്നു ജനനം. പതിനേഴാം വയസ്സിൽ പഠനം നിർത്തി പട്ടാളത്തിൽ ചേർന്നു. ശാരീരിക പരിമിതികൾ കാരണം കാലാവസ്ഥാവിഭാഗത്തിൽ ജോലി. പിന്നീട് നിയമം പഠിച്ച മംഗർ നല്ലൊരു വക്കീലായി. സ്വന്തമായി ഒരു വക്കീൽ കൂട്ടായ്മ കമ്പനിയും തുടങ്ങി. ആയിടെയാണ് ബഫറ്റുമായി പരിചയപ്പെട്ടത് - ആദ്യ ഇടപെടൽത്തന്നെ ചരിത്രമോർത്തുവെക്കുന്ന ഒരു സുഹൃത്ബന്ധത്തിന്റെ കാഹളംമുഴക്കി. പിന്നീട് അങ്ങോട്ട് ജീവിതത്തിലെ വലിയൊരു പങ്ക് ബഫറ്റിനും അവരുടെ നിക്ഷേപ സംരംഭത്തിനും. വിജയങ്ങളുടെ വീരപാട്ടുകൾക്ക് ചരിത്രം കാതോർത്തിരുന്നു. ആദ്യഭാര്യയുടെ വേർപാട്, ആദ്യകുഞ്ഞിന്റെ മരണം, ഒരുകണ്ണിലെ കാഴ്ച പൂർണമായും നഷ്ടപ്പെടൽ അങ്ങനെ എന്നെനിർത്തി പിന്തിരിഞ്ഞോടാൻ വേണ്ടതൊക്കെ ! പക്ഷെ മനുഷ്യ നിശ്ചയദാർഢ്യത്തിന്റെ മുൻപിൽ വിധി നിരന്തരം തോല്കുമെന്നുറക്കെ പ്രഖ്യാപിക്കുവാൻ മംഗറും ചേർന്നുനിന്നു.
ലോകം മംഗറിനെ കാര്യമായിഎടുത്തത് 1995 ജൂൺ മാസത്തിലെ "തെറ്റായ മനുഷ്യവിലയിരുത്തുകളുടെ മനഃശാസ്ത്രം" എന്ന തലകെട്ടിൽ നടത്തിയ ഹാർവാഡ് സർവ്വകലാശാലയിലെ പ്രസംഗത്തിൽ നിന്നാണ്. ഇന്നും അത് പലവുരു കാണുകയും ചർച്ചചെയ്യപെടുകയും ചെയ്യുന്നു. പൂർണമായും ഇവിടെ കിട്ടും https://www.youtube.com/watch?v=Jv7sLrON7QY . ഈ പ്രസംഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിലെ പട്ടികപ്രമാണവും, തെറ്റായ തീരുമാങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളും ചൂണ്ടിക്കാട്ടുന്നു. ഇതിൽപൊതുവേ സാമ്പത്തീക കാര്യങ്ങൾ അല്ലാന്നെതും, മനുഷ്യപ്രശ്നങ്ങളാൽ നിറഞ്ഞതുമാണെന്നത് കൗതുകം ഉണർത്തും. അറ്റംമുറിക്കാതെയുള്ള കുറിക്കുകൊള്ളുന്ന വാക്കുകൾ ഉപയോഗിക്കാൻ മംഗർ ഒരിക്കലും മടിച്ചിരുന്നില്ല, അന്നും എന്നും.
ശാസ്ത്രത്തിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും തത്വദർശനം എന്നുപറയുംപോലെ മുതലാളിത്തത്തിന്റെ ഉപാസകനും മനുഷ്യപ്രശ്നങ്ങൾ അന്യമാവാൻ വയ്യ. മനുഷ്യനെ മുതലാളിത്തത്തിനും വേണം, കാരണം മനുഷ്യനാണ് മൂലം ! മംഗറിനും അങ്ങനെയാവാതെ വയ്യ. മനുഷ്യനെകുറിച്ചു വ്യസനിച്ചവരാരും മരിക്കാറില്ല.
അഡ്വ. ദിനേശ് മേനോൻ... എന്റെ സിനിമയിലെ പ്രായംകുറഞ്ഞ നായകൻ: ബാലചന്ദ്രമേനോൻ
അഡ്വ. ദിനേശ് മേനോൻ... എന്റെ സിനിമയിലെ പ്രായംകുറഞ്ഞ നായകൻ: ബാലചന്ദ്രമേനോൻ
സ്വന്തം ലേഖകൻ Wed, 22 Nov 2023 01:08AM IST
"ശേഷം കാഴ്ചയിൽ' സിനിമയുടെ സെറ്റിൽ സംവിധായകൻ ബാലചന്ദ്രമേനോനൊപ്പം ദിനേശ് മേനോൻ (മാസ്റ്റർ സുജിത്)
കൊച്ചി> വേദനാജനകവും അവിശ്വസനീയവുമായ വിയോഗം എന്നാണ് തന്റെ സിനിമകളിലെ ഏറ്റവും പ്രായംകുറഞ്ഞ നായകനായിരുന്ന അഡ്വ. ഐ ദിനേശ് മേനോനെ അനുസ്മരിച്ച് സംവിധായകൻ ബാലചന്ദ്രമേനോൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. പുഞ്ചിരി സമ്മാനിച്ച് "ശേഷം കാഴ്ചയിൽ' സിനിമയുടെ സെറ്റിൽ ഓടിനടന്ന, എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറിയ കുസൃതിക്കാരൻ മാസ്റ്റർ സുജിത്തിനെക്കുറിച്ചുള്ള ഓർമകളും അദ്ദേഹം പങ്കിട്ടു.
ഫെയ്സ്ബുക് കുറിപ്പിൽനിന്ന്: ഞാനോർത്തുപോകുന്നു. "കാര്യം നിസ്സാരം’ സിനിമയുടെ അഭൂതപൂർവമായ വിജയത്തിനുശേഷം നസീർ സാറിനെവച്ച് ഒരു പടം ഉടനെ നിർമിക്കാൻ പലരും മുന്നോട്ടുവന്നു. എന്റെ തീരുമാനമായിരുന്നു, ഒരു പുതുമുഖമാകണം അടുത്ത നായകൻ എന്ന്. അങ്ങിനെയാണ് ഒരു വികൃതിയായ (കുസൃതിയായ ?) ഒരു സ്കൂൾ വിദ്യാർഥിയെ അന്വേഷിച്ചുതുടങ്ങിയത്. അപ്പോൾ എന്റെ മനസ്സിലേക്ക് സുഹൃത്തായ വി കെ വി മേനോന്റെ മകൻ മാസ്റ്റർ സുജിത്തിന്റെ മുഖം തെളിഞ്ഞുവന്നു. അങ്ങിനെ എന്റെ സിനിമകളിലെ ‘ഏറ്റവും പ്രായംകുറഞ്ഞ നായകൻ' പിറന്നു! "ശേഷം കാഴ്ചയിൽ’ ചിത്രത്തെ പ്രേക്ഷകർ നെഞ്ചോടുചേർത്തത് സുജിത്തിന്റെ നിർമലമായ മുഖത്തോടുള്ള ആഭിമുഖ്യംകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. എപ്പോഴും ഒരു നറുപുഞ്ചിരി ഏവർക്കും സമ്മാനിച്ച് നടന്ന ആ ബാലൻ ഷൂട്ടിങ് തീർന്നപ്പോഴേക്കും ഏവരുടെയും കണ്ണിലുണ്ണിയായി–- ബാലചന്ദ്രമേനോൻ കുറിക്കുന്നു.
ദിനേശ് മേനോന്റെ അച്ഛന്റെ മരണത്തോടെ ബാലചന്ദ്രമേനോന് ആ കുടുംബവുമായുള്ള നിരന്തരബന്ധമില്ലാതായി. "പാടാൻ എന്ത് സുഖം’ എന്ന പേരിൽ മ്യൂസിക് ആൽബത്തിന്റെ പ്രകാശനവേളയിലാണ് ഒടുവിൽ തമ്മിൽ കണ്ടത്. "ശേഷം കാഴ്ചയിൽ" ഷൂട്ടിങ് വേളയിലെ ഒരുപിടി ഓർമകൾ സമ്മാനിച്ചിട്ടാണ് സുജിത് പോയത്. ആ നല്ല ഓർമകളിലൂടെ സുജിത് എന്നും എന്റെ മനസ്സിന്റെ മേച്ചിൽപ്പുറത്തുണ്ടാകുമെന്ന് മേനോൻ കുറിച്ചു. തിങ്കളാഴ്ച അന്തരിച്ച ദിനേശ് മേനോന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ ചൊവ്വ പകൽ 11.30ന് രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു. ചിറ്റൂർ റോഡിലെ ഇയ്യാട്ടിൽ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു.
പഠിച്ച എസ്സ് ആർ വി സർക്കാർ സ്കൂളിലെ അദ്ധ്യാപകൻ - എത്രയും ആദരവോടെ ജീവിതാന്ത്യം വരെ ഓർക്കേണ്ട, ഗുരുവും പുസ്തകങ്ങളുടെ-അറിവിൻ്റെ-ശാസ്ത്ര വിശാലലോകം ആദ്യമായി കാണിച്ചുതന്ന ആ മഹാമനീഷി - *സേതുമാധവൻ സാർ* ആണ് ആദ്യമായി റോബോട്ടുകളെ കുറിച്ചും, ഐസക് ആസിമോവിനെ കുറിച്ചും കേൾപ്പിച്ചത്. പിന്നീട് അങ്ങോട്ട് ഒരുപാട് കാലം ആസിമോവ് ഭ്രമം ആയിരിന്നു. എറണാകുളത്തെ പബ്ലിക് ലൈബ്രറിയിൽ പോയാൽ ഓനെ തപ്പി നടക്കും.
[ ജനതിക കുഴപ്പമാവാം മകനും ആസിമോവ് പ്രിയങ്കരൻ തന്നെ. ]
https://en.wikipedia.org/wiki/Isaac_Asimov
റോബോട്ടുകളുടെ ചരിത്രം എന്ന Dr മനോജ് കോമത്തിന്റെ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിച്ചപ്പോൾ ഇതൊക്കെ ഓർത്തു. ആദിഗുരുവിനു വീണ്ടും പ്രണാമം. 🙏
ലേഖനത്തിലെ ചില വിവരങ്ങൾ :-
- ‘റോബോട്ട്’ എന്നു പേരിട്ട് കൃത്രിമ മനുഷ്യനെ അവതരിപ്പിച്ചതിന്റെ ബഹുമതി ചെക്കോസ്ലാവാക്യൻ നാടകകൃത്ത് കാപെക്കിനാണ് (Karel Kapek). 1921-ൽ അദ്ദേഹം രംഗത്തെത്തിച്ച ‘Rossum’s Universal Robots’ എന്ന നാടകമായിരുന്നു അതിനു നിമിത്തമായത്. അവയ്ക്ക് ശാസ്ത്രീയ പരിവേഷം നൽകിയത് പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഐസക് അസിമോവിന്റെ തൂലികയാണ്.
അസിമോവിന്റെ റോബോട്ട് നിയമങ്ങൾ:-
- ഒന്നാം നിയമം: ഒരു റോബോട്ട് ഏതെങ്കിലും മനുഷ്യന് ഹാനി വരുത്തുകയോ സ്വയം ഹാനി വരുത്താൻ മനുഷ്യരെ അനുവദിക്കുകയോ ഇല്ല.
- രണ്ടാം നിയമം: ഒരു റോബോട്ട്, മനുഷ്യർ നല്കുന്ന നിർദേശങ്ങൾ, ഒന്നാം നിയമം അനുസരിച്ചുകൊണ്ട്, പാലിച്ചിരിക്കണം.
- മൂന്നാം നിയമം: ഒരു റോബോട്ട്, ഒന്നാമത്തെയും രണ്ടാമത്തെയും നിയമങ്ങൾ അനുസരിച്ചുകൊണ്ട് സ്വയം സംരക്ഷണം അനുവർത്തിക്കണം.
പൽച്ചക്ര സംവിധാനത്തിലുള്ള യന്ത്രപ്പാവകൾക്ക് പിന്നാലെ വായുമർദ നിയന്ത്രിതവും (Pneumatic) ദ്രവമർദ നിയന്ത്രിതവും (hydraulic) ആയ നിർമ്മിതികളുടെ വരവായി. വിക്ടോറിയൻ കാലഘട്ടത്തിൽ ആവിയന്ത്രത്തിന്റെ തത്വം സ്വാംശീകരിച്ച പാവകൾ പുറത്തു വന്നു.
ശ്രദ്ധേയമായ നാമമാണ് ഗ്രേ വാൾട്ടറുടേത് (Grey Walter). ഒരു ന്യൂറോളജിസ്റ്റായിരുന്ന അദ്ദേഹം സർക്യൂട്ടുകളുപയോഗിച്ച് ഡോ. വാൾട്ടർ 1948-ൽ നിർമ്മിച്ച എൽമർ (Elmar), എൽസി (Elsie) എന്നീ ഇഴയുന്ന റോബോട്ടുകൾ എഞ്ചിനീയർമാരുടെ പ്രശംസ നേടി. ശിരസ്സിൽ പ്രകാശസംവേദകങ്ങൾ ഘടിപ്പിച്ച ഇവ പ്രകാശം കാണുന്ന ദിശയിലേക്ക് ഇഴഞ്ഞു ചെല്ലുമായിരുന്നു. 1950-കളുടെ മധ്യത്തോടെ ‘റോബോട്ടിക്സ്’ പ്രത്യേക ശാഖയായി ഉരുത്തിരിഞ്ഞു.
സെമികണ്ടക്ടർ ഇലക്ട്രോണിക്സ് വന്നതോടുകൂടി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒതുക്കമുള്ള സർക്യൂട്ടുകൾ ഉണ്ടാക്കാമെന്നായി. ‘നിർമ്മിത ബുദ്ധി’ (Artificial Intelligence) എന്ന സങ്കല്പവും റോബോട്ട് രൂപകല്പനക്ക് വലിയ ഊർജമേകി. ട്രാൻസിസ്റ്റർ സങ്കേതം ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പ്രോസസറുകളുടെയും നിർമ്മിതബുദ്ധി പ്രോഗ്രാമിങ്ങിന്റെയും ആവിർഭാവം ‘റോബോട്ട്’ എന്ന സ്വപ്നത്തെ പ്രായോഗിക തലത്തിലേക്ക് എത്തിക്കുക തന്നെ ചെയ്തു.
സയൻസ് ഫിക്ഷന്റെ ഭാവനാലോകത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുവന്ന റോബോട്ടുകൾ എന്ന സാങ്കേതിക സാധ്യതയുടെ ചരിത്രം വിവരിക്കുന്നു. നിർമ്മിക്കപ്പെടുന്ന റോബോട്ടുകൾ അനുസരിക്കേണ്ട അസിമോവ് രൂപപ്പെടുത്തിയ മൂന്നു നിയമങ്ങൾ പരിചയപ്പെടുത്തുകയും റോബോട്ടിക്സ് എന്ന ശാസ്ത്ര-സാങ്കേതിക ശാഖയുടെ വളർച്ച, വിവിധ കാലത്തു നിർമ്മിക്കപ്പെട്ട റോബോട്ടുകളുടെ വിവരണങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്യുന്ന ലേഖനത്തിന്റെ ഒന്നാംഭാഗം.
സ്വയം പ്രവർത്തിക്കുന്ന യന്ത്രപ്പാവകൾ പണ്ടു മുതലേ കഥകളിലും ഐതിഹ്യങ്ങളിലുമുണ്ടായിരുന്നു. ജഡവസ്തുക്കൾക്കും പാവകൾക്കും ജീവൻ വെച്ചു വരുന്ന നിരവധി കഥകൾ ഇതിഹാസങ്ങളിലും പുരാണങ്ങളിലും പഴങ്കഥകളിലും മിത്തുകളിലും ഒക്കെ കാണാം. പിനോക്യോ എന്ന മരപ്പാവയും അറബിക്കഥയിലെ യന്ത്രക്കുതിരയും പെരുന്തച്ചന്റെ ചരിത്രത്തിലെ പാലത്തിന്മേൽ കയറി വെളളം തുപ്പുന്ന ശില്പവും ഒക്കെ നമ്മെ രസിപ്പിച്ചിട്ടുണ്ട്. സയൻസ് ഫിക്ഷൻ എന്ന ശാസ്ത്ര കല്പിതകഥകളുടെ ഭാവനാലോകത്തു നിന്നും നമുക്കിടയിലേക്ക് ഇറങ്ങി വന്ന സാങ്കേതിക സത്യങ്ങളാണ് റോബോട്ടുകൾ. ആദ്യകാലത്ത് മനുഷ്യാകാരമുള്ള തകരക്കൂടിന്റെ രൂപമായിരുന്നു ഇവയ്ക്ക്. അതുകൊണ്ടുതന്നെ ‘യന്ത്രമനുഷ്യർ’ എന്ന് വ്യവഹാരഭാഷയിൽ അവയെ വിളിച്ചു പോന്നു. പക്ഷേ, ആധുനിക റോബോട്ടുകൾക്ക് മനുഷ്യരൂപം നിർബന്ധമില്ല. പല രൂപത്തിൽ പല ഘടനയിൽ അവ ലഭ്യമാണ്. അതിനാൽ, ‘റോബോട്ടുകൾ’ എന്ന പേരിൽത്തന്നെ അവയുടെ ചരിത്രം പിന്തുടരാം.
ആധുനിക കാലത്ത് ‘റോബോട്ട്’ എന്നു പേരിട്ട് കൃത്രിമ മനുഷ്യനെ അവതരിപ്പിച്ചതിന്റെ ബഹുമതി ചെക്കോസ്ലാവാക്യൻ നാടകകൃത്ത് കാപെക്കിനാണ് (Karel Kapek). 1921-ൽ അദ്ദേഹം രംഗത്തെത്തിച്ച ‘Rossum’s Universal Robots’ എന്ന നാടകമായിരുന്നു അതിനു നിമിത്തമായത്. അവയ്ക്ക് ശാസ്ത്രീയ പരിവേഷം നൽകിയത് പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഐസക് അസിമോവിന്റെ തൂലികയാണ്. 1942-ലെ ‘Run Around’ തൊട്ട് സാങ്കേതിക പൂർണ്ണതയുള്ള യന്ത്രമനുഷ്യർ കഥാപാത്രങ്ങളായി വരുന്ന ഒരു കൂട്ടം ശാസ്ത്ര കല്പിത (Science Fiction) കഥകൾ അദ്ദേഹം മെനഞ്ഞു. ഇതെല്ലാം സമാഹരിച്ച് 1951-ൽ ‘I Robot’ എന്ന പുസ്തകവും പുറത്തിറക്കി. റോബോട്ടുകളുടെ അപാര സാധ്യതകളും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും അവയുടെ സാമൂഹികപ്രസക്തിയും എല്ലാം ഇതിൽ തെളിഞ്ഞു കാണാം. റോബോട്ടുകളെക്കുറിച്ചു പഠിക്കാൻ ഒരു പ്രത്യേക ശാസ്ത്ര ശാഖ (‘റോബോട്ടിക്സ്’) വിഭാവനം ചെയ്തതും അദ്ദേഹം തന്നെ. ഒരു ഉത്തമ റോബോട്ട് എങ്ങനെയിരിക്കണം എന്നതിനുള്ള നിർവചനങ്ങൾക്ക് ശാസ്ത്രലോകം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.
നിർമ്മിക്കപ്പെടുന്ന റോബോട്ട് ലക്ഷണമൊത്തതായിരിക്കാൻ അസിമോവ് മൂന്നു നിയമങ്ങൾ രൂപപ്പെടുത്തിവച്ചിട്ടുണ്ട്.
ഒന്നാം നിയമം: ഒരു റോബോട്ട് ഏതെങ്കിലും മനുഷ്യന് ഹാനി വരുത്തുകയോ സ്വയം ഹാനി വരുത്താൻ മനുഷ്യരെ അനുവദിക്കുകയോ ഇല്ല.
രണ്ടാം നിയമം: ഒരു റോബോട്ട്, മനുഷ്യർ നല്കുന്ന നിർദേശങ്ങൾ, ഒന്നാം നിയമം അനുസരിച്ചുകൊണ്ട്, പാലിച്ചിരിക്കണം.
മൂന്നാം നിയമം: ഒരു റോബോട്ട്, ഒന്നാമത്തെയും രണ്ടാമത്തെയും നിയമങ്ങൾ അനുസരിച്ചുകൊണ്ട് സ്വയം സംരക്ഷണം അനുവർത്തിക്കണം.
റോബോട്ടിക്സ് രൂപംകൊണ്ടശേഷം ആറു പതിറ്റാണ്ടുകൾക്കിപ്പുറം നിന്നുകൊണ്ട് റോബോട്ടുകളെ ഇപ്രകാരം നിർവചിക്കാം. ‘‘മനുഷ്യരിലും മൃഗങ്ങളിലും കണ്ടുവരുന്ന അംഗചലനങ്ങൾ, പരിസരാവബോധം, ഗ്രഹണശേഷി ഇവ സ്വായത്തമാക്കി മനുഷ്യശേഷിക്കു പകരമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന യന്ത്രങ്ങളാണ് (Machines) റോബോട്ടുകൾ. ഇവ മനുഷ്യന്റെ ജീവിതം സുഖകരമാക്കുകയും സമൂഹത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്നു’‘. ഇന്നത്തെ ഒരു ആധുനിക റോബോട്ടിൽ യന്ത്രവൽക്കരണം (Mechanisation), സ്വയം പ്രവർത്തനം (Automation), നിർമ്മിതബുദ്ധി (Artificial Intelli-gence) ഇവ സമ്മേളിക്കുന്നു.
മനുഷ്യരൂപത്തിലും അല്ലാതെയുമുള്ള സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങൾ നിർമ്മിക്കപ്പെട്ടു തുടങ്ങിയത് മധ്യകാലഘട്ടത്തിൽ യൂറോപ്പിലാണ്. ഈ സംരംഭങ്ങൾക്കു തുടക്കം കുറിച്ചതു വിശ്രുത ചിത്രകാരനായ ലിയോണാർദോ ദാവിഞ്ചിയും. 1495-ൽ അദ്ദേഹം പടച്ചട്ടയണിഞ്ഞ യോദ്ധാവിന്റെ രൂപത്തിലുള്ള നടക്കുന്ന യന്ത്രത്തിനു രൂപം നൽകി. ‘ഓട്ടോമേറ്റ’ (Automata) എന്നറിയപ്പെട്ട യന്ത്രപ്പാവ നിർമ്മാണ പ്രസ്ഥാനം ഉടലെടുത്തു. യൂറോപ്പിൽ പതിനേഴാം നൂറ്റാണ്ടോടെ കടന്നു വന്ന വ്യാവസായിക വിപ്ലവവും എഞ്ചിനീയറിങ് വിദ്യകളും കൂടുതൽ മികച്ച യന്ത്രപ്പാവകളുണ്ടാക്കാനുള്ള പ്രേരണയായി. ഇതിൽ എടുത്തു പറയേണ്ടത് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലെ വോക്കാൻസൺ (Jacques de Vau-canson) എന്ന ഫ്രഞ്ച് എഞ്ചിനീയറുടെ പാവകളാണ്. ഓടക്കുഴലും വാദ്യോപകരണങ്ങളും വായിക്കാൻ കെല്പുള്ള പാവകൾ ജനശ്രദ്ധ നേടി. അതിലേറെ അദ്ദേഹത്തെ പ്രശസ്തനാക്കിയത് ചിറകടിക്കുകയും കൂവുകയും ചെയ്യുന്ന യന്ത്രത്താറാവിന്റെ നിർമ്മിതിയാണ്. 400 ഘടകങ്ങളുള്ള ഈ ലോഹപ്പക്ഷി ധാന്യം കൊത്തിത്തിന്നുകയും വയറ്റിലെ അരപ്പുയന്ത്രം വഴി ദഹിപ്പിച്ച് വിസർജിക്കുകയും ചെയ്യുമായിരുന്നു. സ്വിറ്റ്സർലന്റിലെ ഘടികാര നിർമ്മാതാവായിരുന്ന പിയറി ജാക്ഡ്രോസ് (Pierre Jaquet-Droz) ജീവസ്സുറ്റ മനുഷ്യപ്പാവകൾ നിർമ്മിച്ച് ഈ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഇവ എഴുതാനും വരയ്ക്കാനും പിയാനോ മീട്ടാനും കഴിവുള്ളവയായിരുന്നു. രാജാക്കന്മാരെ വിസ്മയിപ്പിച്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കലായിരുന്നു ഈ പ്രവർത്തനങ്ങൾക്കു പിന്നിലെ പ്രധാന ചോദന.
പൽച്ചക്ര സംവിധാനത്തിലുള്ള യന്ത്രപ്പാവകൾക്ക് പിന്നാലെ വായുമർദ നിയന്ത്രിതവും (Pneumatic) ദ്രവമർദ നിയന്ത്രിതവും (hydraulic) ആയ നിർമ്മിതികളുടെ വരവായി. വിക്ടോറിയൻ കാലഘട്ടത്തിൽ ആവിയന്ത്രത്തിന്റെ തത്വം സ്വാംശീകരിച്ച പാവകൾ പുറത്തു വന്നു. വൈദ്യുതിയുടെയും വൈദ്യുത-കാന്തിക പ്രേരണത്തിന്റെയും കണ്ടുപിടിത്തം പുതിയ സാധ്യതകൾ തുറന്നിട്ടു. അകലെ നിന്നു നിയന്ത്രിക്കാവുന്ന ‘ഓട്ടോമേറ്റ’ (automata) ആദ്യമായി വികസിപ്പിച്ചെടുക്കുന്നത് ടെസ്ലയാണ് (Nicolas Tesla). 1898-ൽ റേഡിയോ തരംഗങ്ങളുപയോഗിച്ചുള്ള വിദൂരനിയ്രന്തിത നൗക (Remotely controlled boat) ന്യൂയോർക്കിലെ ഒരു എക്സിബിഷനിൽ പ്രദർശിപ്പിച്ച് അദ്ദേഹം ജനങ്ങളെ വിസ്മയിപ്പിച്ചു. നിരവധി പേറ്റന്റുകളും കരസ്ഥമാക്കി.
മനുഷ്യശരീരാകൃതിയിലുള്ള, ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ലോഹരൂപങ്ങളിൽ ആദ്യത്തേത് ലണ്ടനിൽ 1928-ലെ എഞ്ചിനീയറിങ് മേളയിൽ അവതരിപ്പിക്കപ്പെട്ട ‘എറിക്ക്’ (Eric) ആണ്. ബ്രിട്ടീഷ് ആർമിയിൽ ക്യാപ്റ്റനായിരുന്ന റിച്ചാർഡ്സ് (WH Richards) ആയിരുന്നു ഇതിനു പിന്നിൽ. ഇരിക്കുന്ന നിലയിലുള്ള ഈ യന്ത്രമനുഷ്യൻ എഴുന്നേറ്റു നിന്ന് മറ്റുള്ളവരെ വന്ദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തിരുന്നു. അന്ന് പുതുതായി പ്രചാരത്തിൽ വന്ന മാർക്കോണിയുടെ റേഡിയോ സങ്കേതം ഉപയോഗപ്പെടുത്തിയാണ് ‘എറിക്ക്’ സംഭാഷണം നടത്തിയത്. അടുത്ത വർഷം റിച്ചാർഡ്സ് ഇതിനെ പ്രദർശിപ്പിച്ചുകൊണ്ട് അമേരിക്കയിൽ പര്യടനം നടത്തി. ദുരൂഹസാഹചര്യത്തിൽ ‘എറിക്ക്’ അപ്രത്യക്ഷമാവുകയും ‘ജോർജ്’ എന്ന പേരിൽ റിച്ചാർഡ്സ് വേറൊരു പകർപ്പ് ഉണ്ടാക്കി പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിൽനിന്നും പ്രചോദനമുൾക്കൊണ്ട് ഒഹയോയിലെ വൈദ്യുതോപകരണ നിർമ്മാതാവായ വെസ്റ്റിങ് ഹൗസ് (Westinghouse) ‘ഇലക്ട്രോ’ (Elektro) എന്ന തകരക്കൂടു മനുഷ്യനെ നിർമ്മിച്ച് 1933-ൽ ന്യൂയോർക്കിലെ വേൾഡ് ഫെയറിൽ പ്രദർശിപ്പിച്ചു. എഴടി ഉയരവും 120 കിലോ ഭാരവുമുള്ള ഈ ഭീമന് കുറച്ചു ദൂരം നടക്കാനും ഏതാനും വാചകങ്ങൾ സംസാരിക്കാനും (എഡിസന്റെ ഗ്രാമഫോൺ സങ്കേതം വഴി) സാധിച്ചിരുന്നു. ചെറിയൊരു ഉല (bellows) ഘടിപ്പിച്ച ‘ശ്വാസകോശം’ വഴി പുകവലിച്ചും ബലൂൺ വീർപ്പിച്ചും ഇലക്ട്രോ ജനങ്ങളെ രസിപ്പിച്ചു. തൊട്ടടുത്ത വർഷം അതിനു കൂട്ടായി സ്പാർക്കോ (Sparko) എന്ന് കുരയ്ക്കുകയും ചാടുകയും ചെയ്യുന്ന യന്ത്രപ്പട്ടിയും നിർമ്മിക്കപ്പെട്ടു.
അസിമോവിന്റെ ശാസ്ത്രകഥകളുടെ ആവേശത്തിൽ ഇലക്ട്രോണിക് സർക്യൂട്ടുകൾ അടിസ്ഥാനപ്പെടുത്തി സംവേദനശീലം കാട്ടുന്ന, പരിസരത്തോടു പ്രതികരിക്കുന്ന റോബോട്ടുകളുണ്ടാക്കാൻ ധാരാളംപേർ മുന്നിട്ടിറങ്ങി. ഇതിൽ ശ്രദ്ധേയമായ നാമമാണ് ഗ്രേ വാൾട്ടറുടേത് (Grey Walter). ഒരു ന്യൂറോളജിസ്റ്റായിരുന്ന അദ്ദേഹം സർക്യൂട്ടുകളുപയോഗിച്ച് ഡോ. വാൾട്ടർ 1948-ൽ നിർമ്മിച്ച എൽമർ (Elmar), എൽസി (Elsie) എന്നീ ഇഴയുന്ന റോബോട്ടുകൾ എഞ്ചിനീയർമാരുടെ പ്രശംസ നേടി. ശിരസ്സിൽ പ്രകാശസംവേദകങ്ങൾ ഘടിപ്പിച്ച ഇവ പ്രകാശം കാണുന്ന ദിശയിലേക്ക് ഇഴഞ്ഞു ചെല്ലുമായിരുന്നു. 1950-കളുടെ മധ്യത്തോടെ ‘റോബോട്ടിക്സ്’ പ്രത്യേക ശാഖയായി ഉരുത്തിരിഞ്ഞു. നിശ്ചിത പ്രവർത്തനങ്ങൾക്കായി മാത്രം നിർമ്മിക്കപ്പെട്ട മെക്കാനിക്കൽ യന്ത്ര സംവിധാനത്തിലുപരിയായി ‘അനുസരണയുള്ള’ (പ്രോഗ്രാമബിൾ) ഇനം യന്ത്രങ്ങളായിരുന്നു അതിന്റെ ലക്ഷ്യം. അന്നു വികസിച്ചു വരുന്നുണ്ടായിരുന്ന ഇലക്ട്രോണിക്സും കമ്പ്യൂട്ടർ സാങ്കേതികവിദ്യയും റോബോട്ടിക്സിന് ശക്തി പകർന്നു. സെമികണ്ടക്ടർ ഇലക്ട്രോണിക്സ് വന്നതോടുകൂടി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒതുക്കമുള്ള സർക്യൂട്ടുകൾ ഉണ്ടാക്കാമെന്നായി. ‘നിർമ്മിത ബുദ്ധി’ (Artificial Intelligence) എന്ന സങ്കല്പവും റോബോട്ട് രൂപകല്പനക്ക് വലിയ ഊർജമേകി. ട്രാൻസിസ്റ്റർ സങ്കേതം ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പ്രോസസറുകളുടെയും നിർമ്മിതബുദ്ധി പ്രോഗ്രാമിങ്ങിന്റെയും ആവിർഭാവം ‘റോബോട്ട്’ എന്ന സ്വപ്നത്തെ പ്രായോഗിക തലത്തിലേക്ക് എത്തിക്കുക തന്നെ ചെയ്തു.
അമേരിക്കൻ എഞ്ചിനീയറായ ജോർജ് ഡെവോൾ (George De-vol)) 1954-ൽ യന്ത്രക്കൈയുടെ രൂപത്തിലുള്ള ആദ്യത്തെ പ്രോഗ്രാമബിൾ റോബോട്ട് സൃഷ്ടിച്ച് പേറ്റന്റ് കരസ്ഥമാക്കി. വസ്തുക്കൾ പെറുക്കിയെടുക്കുക, തരം തിരിക്കുക, അടുക്കിവെക്കുക, തുടങ്ങിയ ജോലികൾ ചെയ്യാൻ ചിട്ടപ്പെടുത്തി വെക്കാവുന്ന ഈ യന്ത്രത്തിന് ‘യൂണിവേഴ്സൽ ഓട്ടോമേഷൻ’ എന്നാണ് സാങ്കേതിക നാമം. അതിന്റെ പരിഷ്കൃത മാതൃക 1962-ൽ ‘യൂനിമേറ്റ്’ (Unimate) എന്ന പേരിൽ വ്യാവസായിക ആവശ്യത്തിനായി പുറത്തിറക്കി. ഫാക്ടറികളിൽ ഉപയോഗിക്കപ്പെട്ട ആദ്യത്തെ റോബോട്ടായിരുന്നു അത്. ജനറൽ മോട്ടോർസിന്റെ കാർ സംയോജന വിഭാഗത്തിൽ (Assembly Unit) ഇതു വളരെ വിജയകരമായി പരീക്ഷിക്കപ്പെട്ടു. അപകടകരവും ബുദ്ധിമുട്ടുള്ളതുമായ ജോലികൾ (വെൽഡിങ്, സ്പ്രേയിങ്, ലോഹങ്ങളുടെ ഊതിക്കാച്ചൽ) കൃത്യമായും ഇടതടവില്ലാതെയും ചെയ്യുവാൻ ഫലപ്രദമെന്നു തെളിഞ്ഞതോടെ യൂണിവേഴ്സൽ ഓട്ടോമേഷൻ റോബോട്ടുകൾക്ക് വ്യവസായ മേഖലയിൽ പുതിയ വാതായനങ്ങൾ തുറന്നു കിട്ടി.
ബാഹ്യ നിർദേശം അറിഞ്ഞു പെരുമാറുന്ന യന്ത്രങ്ങൾക്ക് യഥേഷ്ടം ചലിക്കാനും പരസ്പരമറിഞ്ഞു സ്വയം പ്രവർത്തിക്കാനും പറ്റിയാലേ അവയെക്കൊണ്ടു കൂടുതൽ പ്രയോജനമുണ്ടാകൂ എന്ന് ഈ മേഖലയിലുള്ളവർക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കാൻ പരിശ്രമിച്ചിരുന്ന മക്കാർത്തിയും (John McCarthy) മിൻസ്കിയും (Marvin Minsky) 1959-ൽ ഈ വഴിക്കുള്ള പര്യവേഷണങ്ങൾ തുടങ്ങിവച്ചു. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) സ്ഥാപിക്കപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലായിരുന്നു ഇവരുടെ പരീക്ഷണങ്ങൾ. ഏതാനും വർഷങ്ങൾക്കകം സ്റ്റാൻഫഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എഡിൻബ്റോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും ഇത്തരം സംരംഭങ്ങളാരംഭിച്ചു. ഈ രംഗത്ത് ശോഭിച്ച മറ്റൊരു ഗവേഷണ കേന്ദ്രമാണ് കാർനെഗി-മെല്ലൺ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് ഇൻസ്റ്റിറ്റ്യൂട്ട്. ജപ്പാനിൽ, വസേദാ സർവകലാശാലയിലെ ഇച്ചിരോ കാട്ടോ (Ichiro Kato), ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഷീഗോ ഹിരോസെ (Shiego Hirose) എന്നിവർ റോബോട്ടിക്സ് ഗവേഷണത്തിന് അടിത്തറ പാകി. 1960-കളുടെ ഒടുവിലായപ്പോൾ ഈ സംഘങ്ങളെല്ലാം ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കാഴ്ചവച്ചു കഴിഞ്ഞിരുന്നു.
പരിമിതമെങ്കിലും കാണാനുള്ള കഴിവും തിരിച്ചറിയൽ ശേഷിയും സന്നിവേശിപ്പിച്ച ‘ഷേക്കി’ (Sha-key) റോബോട്ട് ആയിരുന്നു സ്റ്റാൻഫോർഡിന്റെ സംഭാവന. പൊതുവായ പ്രവൃത്തികൾക്കായി പ്രോഗ്രാം ചെയ്തെടുക്കാവുന്ന ആദ്യത്തെ ചലിക്കുന്ന റോബോട്ട്. മനുഷ്യന്റെ കൈവഴക്കം സമർഥമായി അനുകരിക്കുന്ന റോബോട്ടിക് കൈകൾ സൃഷ്ടിച്ചെടുത്ത് ഷീൻമാൻ (Victor Shienmann) ഈ രംഗത്തു സ്ഥാനമുറപ്പിച്ചു.
1970-ലാണ് പ്രശസ്തമായ സ്റ്റാൻഫഡ് കാർട്ട്’ (Stanford Cart) ഇറങ്ങുന്നത്. തടസ്സങ്ങൾ തിരിച്ചറിഞ്ഞു തട്ടാതെ മുട്ടാതെ സ്വയം നീങ്ങുന്നൊരു ‘ബുദ്ധിയുള്ള തള്ളുവണ്ടി’ ആയിരുന്നു അത്. അന്യഗ്രഹങ്ങളിലേക്കു ചെന്ന് ഉപരിതലം പര്യവേഷണം ചെയ്യുന്നതു മുന്നിൽ കണ്ടായിരുന്നു അതിന്റെ രൂപകല്പന. എഡിൻബ്റോയിലെ ഗവേഷകർ 1973-ൽ ക്യാമറക്കണ്ണുകളും രണ്ടു കൈകളുമുള്ള ‘ഫ്രെഡ്ഡി’യെ സൃഷ്ടിച്ചെടുത്തു. നിരത്തിവച്ച വസ്തുക്കളോ ഉപകരണങ്ങളോ ‘കണ്ടു മനസ്സിലാക്കി’ ആവശ്യമായത് കൃത്യമായി എടുക്കാനും നിർദിഷ്ട സ്ഥാനത്ത് അടുക്കിവെക്കാനും അതിന് സാമർഥ്യമുണ്ടായിരുന്നു. വസേദാ സർവകലാശാലയിൽ ഇരുകാലിൽ ചലിക്കുന്ന മനുഷ്യഘടനയിലുള്ള (Anthropomorphic) റോബോട്ട് വികസിപ്പിച്ചെടുക്കപ്പെട്ടു. WABOT എന്നറിയപ്പെട്ട ഈ മോഡൽ പല ആവശ്യങ്ങൾക്കായി പിന്നീടു പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഷഡ്പദങ്ങളുടെയും ഉരഗങ്ങളുടെയും ചലനമനുകരിക്കുന്ന റോബോട്ടുകളാണ് ടോക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിർമ്മിക്കപ്പെട്ടത്. ജപ്പാൻ ഗവണ്മെന്റ് റോബോട്ടിക്സ് ഗവേഷണത്തെ വൻതോതിൽ പ്രോത്സാഹിപ്പിച്ചു.
വ്യാവസായിക ആവശ്യങ്ങൾക്കായുള്ള റോബോട്ടുകൾ ധാരാളമായി രൂപകല്പന ചെയ്യപ്പെടുന്നുണ്ടായിരുന്നു. അമേരിക്കയിൽ മിലാക്രോൺ കമ്പനി (Milacron, Cinci-nati) ഇറക്കിയ T3, യൂനിമേഷൻ കമ്പനിയുടെ PUMA (Programma-ble Universal Manipulation Arm) എന്നിവ ആവശ്യാനുസരണം പ്രോഗ്രാം ചെയ്ത് ഫാക്ടറികളിൽ ഉപയോഗിക്കാവുന്ന യന്ത്ര ക്കൈകളായിരുന്നു. 1970-കളുടെ മധ്യത്തോടെ മനുഷ്യന് നേരിട്ടു ചെയ്യാനാവാത്ത കാര്യങ്ങൾ യാഥാർഥ്യമാക്കുന്ന തലത്തിലേക്ക് റോബോട്ടിക് സാങ്കേതികവിദ്യ വളർന്നു. അണുപ്രസരണ ശേഷിയുള്ള (Radio-active) വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് മുഖ്യ ഉദാഹരണം.
1976-ലെ വൈക്കിങ് (Viking) ചൊവ്വാഗ്രഹ പര്യവേക്ഷണ ദൗത്യങ്ങളിൽ ഉപരിതല സാമ്പിളുകൾ ശേഖരിക്കുവാനായി റോബോട്ടിക് കൈകൾ ഘടിപ്പിച്ചിരുന്നു. 1980-കൾ തൊട്ട് ഘടനയിലും പ്രവർത്തനത്തിലും കുടുതൽ മികവോടെ റോബോട്ടിക്സ് വിവിധങ്ങളായ മേഖലകളിലേക്ക് പടർന്നു കയറി.
ദേശീയ പത്രദിനമായ ഇന്ന് ഒരു വിവരവിജ്ഞാനം പങ്കുവെക്കട്ടെ.
മലയാള മനോരമ എന്ന് ആ പത്രത്തിന് പേരിട്ടത് വില്വട്ടത്ത് രാഘവൻ നമ്പ്യാർ എന്ന പണ്ഡിതകവിയായിരുന്നു. ഇതിനുള്ള തെളിവ് ലഭിക്കുന്നത് അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മനോരമ പ്രസിദ്ധീകരിച്ച കുറിപ്പിൽ നിന്നാണ്.
"മനോരമ ജനിക്കുന്നതിനു വളരെ മുമ്പുതന്നെ അതിന്റെ വാസഗൃഹത്തിൽ എത്തുകയും അതിന്റെ ജനന സമയത്തു കൂടി ഹാജരായി ഇരിക്കുകയും അപ്പോൾ സമയം തീർച്ചപ്പെടുത്തുകയും തലക്കുറി കുറിക്കുകയും ജാതകം, നാമകരണം മുതലായ ക്രിയകൾക്കുകൂടി സഹായിക്കുകയും അതിനെ ആജീവനാന്തം പുത്രീ നിർവിശേഷമായ-വാത്സല്യത്തോടുകൂടി ലാളിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ടി രിക്കുകയും ചെയ്ത ആ മഹാന്റെ ദുഃഖത്തെ മനോരമ എങ്ങനെ സഹിക്കും?"
1888 മാർച്ച് 14നു് ഈ സ്ഥാപനം മലയാള മനോരമ എന്ന പേരിൽ രജിസ്റ്റർ നടത്തുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായാണ് പ്രസിദ്ധീകരണ രംഗത്തേക്ക് ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്. വറുഗീസ് മാപ്പിളയായിരുന്നു പ്രഥമ പത്രാധിപർ. 1890 മാർച്ച് 22-ന് കോട്ടയത്തു നിന്ന് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു
https://tinyurl.com/bdepjzrd
---
കണ്ടത്തിൽ വറുഗീസ് മാപ്പിളയ്ക്കു പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്തയും കേരളവർമ വലിയ കോയിത്തമ്പുരാനും ശ്രീമൂലം തിരുനാൾ മഹാരാജാവും ചെയ്ത സഹായം അവിസ്മരണീയമത്രേ. മലയാള മനോരമ എന്ന പേരു നിശ്ചയിക്കുന്നതിൽ വലിയ കോയിത്തമ്പുരാനു പങ്കുണ്ട്. ഒരു പേരു നിർദേശിക്കാന് കണ്ടത്തിൽ വറുഗീസ് മാപ്പിള പലർക്കും എഴുതിയിരുന്നു. *കിട്ടിയ പേരുകളിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത് സിഎംഎസ് ഹൈസ്കൂളിലെ മലയാളം മുൻഷി വിൽവട്ടത്ത് രാഘവൻ നമ്പ്യാർ അയച്ച ‘മലയാള മനോരമ’ എന്ന പേരാണ്*. വലിയ കോയിത്തമ്പുരാൻ അതേ പേരുതന്നെ തിരഞ്ഞെടുക്കുകയായിരുന്നു. തിരുവിതാംകൂർ രാജമുദ്ര തന്നെ ഈഷദ്ഭേദത്തോടെ മലയാള മനോരമയുടെ ആദർശമുദ്രയായി ഉപയോഗിക്കുവാനുള്ള അനുമതി നൽകിയത് ശ്രീമൂലം തിരുനാൾ മഹാരാജാവാണ്. ആദ്യത്തെ പത്രമാഫിസിനുള്ള കെട്ടിടം നൽകിയത് പുലിക്കോട്ടിൽ രണ്ടാമന് മെത്രാപ്പൊലീത്തയാണ്.
ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ കേരളത്തിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന തച്ചുശാസ്ത്ര ഗ്രന്ഥമാണ് മനുഷ്യാലയചന്ദ്രിക. തിരുമംഗലത്ത് നീലകണ്ഠനാണ് ഇതു രചിച്ചത്. മാതംഗലീല, കാവ്യോല്ലാസം എന്നീ ഉൽകൃഷ്ടകൃതികളുടെ കർത്താവു കൂടിയായ തിരുമംഗലത്ത് നീലകണ്ഠൻ കേളല്ലൂർ ചോമാതിരിയുടെ ശിഷ്യനായിരുന്നുവെന്നും ജീവിതകാലം കൊല്ലവർഷം എട്ടാം നൂറ്റാണ്ടാണെന്നും കരുതപ്പെടുന്നു.
മനുഷ്യാലയചന്ദ്രികക്ക് വില്വട്ടത്ത് രാഘവൻ നമ്പ്യാർ, പാലോളി ചോയിവൈദ്യർ നീലകണ്ഠനാചാരി തുടങ്ങി പലരും വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്.
കഥ തെളിക്കുന്ന ദൃശ്യസഞ്ചാരങ്ങൾ-ജിതിൻ കെ സി എഴുതുന്നു
സിനിമയുടെയും എഴുത്തിന്റെയും, അവ നിർമിക്കപ്പെട്ടു കഴിഞ്ഞാലുള്ള നിഷ്ക്രിയാ(Passiveness)വസ്ഥയെ മറികടക്കാൻ ശേഷിയുള്ള ഒരു തുറവി (Openness) വായനക്കാരിൽ സൃഷ്ടിക്കപ്പെടുമ്പോൾ വായനയിൽ വല്ലാത്തൊരു സ്വാതന്ത്ര്യം വായനക്കാർ അനുഭവിക്കുന്നു. ഹരീഷിന്റെ കഥകളിൽ ഈ തുറവി മറയില്ലാതെ തെളിഞ്ഞുനിൽപ്പുണ്ട്.
നിരന്തരമായി കഥയെഴുതുകയും സ്വീകാര്യതയിലും ആ നൈരന്തര്യം പിന്തുടരുകയും ചെയ്യുക എന്നത് ചുരുക്കം ചില എഴുത്തുകാർക്ക് മാത്രം ലഭിക്കുന്ന സവിശേഷതയാണ്. പുതിയ തലമുറയിലും പുതുതലമുറയ്ക്കും അത്തരത്തിൽ ഏറെ സ്വീകാര്യനായ കഥയെഴുത്താളരുടെ പന്തിയിൽ നിശ്ചയമായും എസ് ഹരീഷുണ്ട്, അത്ര പുറകിലല്ലാതെ തന്നെ.
എല്ലാക്കാലത്തേതുമെന്ന പോലെ കാഴ്ചയിലും വായനയിലും ഒരു തലമുറ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമാണിത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച ഒരു തലമുറ, അവരുടെ യുവത്വത്തിന്റെ കാലമായ ഇന്ന് വായിക്കുകയും, സിനിമ കാണുകയും, പാട്ടു കേൾക്കുകയും ചെയ്യുന്ന, ഒരർഥത്തിൽ ഒരു പുതിയ ഭാവുകത്വത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന, പണി തീരാത്തതെങ്കിലും ഒരു സംസ്കാരത്തെ നിർണയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് എസ് ഹരീഷ് എന്ന എഴുത്തുകാരൻ സജീവമായി കഥകൾ എഴുതുന്നത്.
Gen z (ജൻ സി/ ജനറേഷൻ സി) എന്ന് വിളിക്കുന്ന ഈ പുതു തലമുറയിലും വലിയ സ്വീകാര്യതയുള്ള എഴുത്തുകാരനാണ് ഹരീഷ്. നിശ്ചയമായും അദ്ദേഹം തിരക്കഥയെഴുതിയ സിനിമകൾ ആ പേരിനെ അവർക്കിടയിൽ സജീവമാക്കുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെയാണ്, പക്ഷേ, വായനയിൽ സജീവമായി നിൽക്കുന്ന പല തലമുറയിൽപ്പെട്ട ആളുകളുമായി കഥ പറയാൻ അനായാസം കഥാകൃത്തിന് കഴിയുന്നത് എന്ന് തോന്നാറുണ്ട്. അതീവ ലളിതമായാണ് വാക്കുകളെ ഉപയോഗിക്കുന്നത്. വാക്കിനു വേണ്ട നേരമ്പോക്കല്ല കഥ, കഥയിലാണ് വാക്കുരുവം കൊള്ളുന്നത്. കഥയെഴുത്തുകാരന്റെ കൈത്തഴക്കത്തേക്കാൾ കഥപറച്ചിലുകാരന്റെ വഴക്കമാണ് അദ്ദേഹത്തെ വലയം ചെയ്തിരിക്കുന്നത്. വായിക്കുന്ന മാധ്യമം പലതാണ്. അത് പേപ്പർ പ്രിന്റോ ഡിജിറ്റലോ ആയേക്കാം.
ഒരാൾ ആ മാധ്യമത്തിനകത്തു നിന്ന് കഥ പറയുന്ന തോന്നലിലേക്ക് വായനയെ പരിവർത്തനം ചെയ്യുന്നുണ്ട് ഹരീഷ്. ആ കഥകൾ വാക്കിന്റെ ഘടനയോ, വാക്കു കൊണ്ടുള്ള കണ്ണുകെട്ടി കളിയോ വാക്കിനെ മാത്രം ഊന്നിയോ അല്ല നാം അനുഭവിക്കുന്നത് എന്നതിന്റെ കാരണം കഥ വായിക്കുമ്പോൾ ലഭിക്കുന്ന ഈ കേൾവിയാണ്.
കഥപറച്ചിലിന്റെ രസവിദ്യ
കഥയെഴുതി അവസാനിപ്പിക്കാൻ ബുദ്ധിമുട്ടിയ കഥാപ്രസംഗക്കാരനായ സദാശിവൻ കഥ പറഞ്ഞവസാനിപ്പിക്കുന്ന ഒരു സന്ദർഭം ഹരീഷിന്റെ ‘വലിയ ചുടുകാട്' എന്ന കഥയിൽ കാണാം. വെള്ളത്തിൽ മത്സ്യം പോലെയാണ് കാഥികൻ എന്ന് ആ കഥയിലൊരിടത്ത് ഹരീഷും സദാശിവനും പറയുന്നുണ്ട്. കഥ വായിക്കുന്ന ഒരാളെക്കാൾ കഥ കേൾക്കുന്ന ഒരാളെ സങ്കൽപ്പിച്ചെഴുതുന്ന കഥകളാണ് ഹരീഷിന്റേത് എന്ന് തോന്നിക്കുന്ന ഒഴുക്ക് ഉടനീളം അദ്ദേഹത്തിന്റെ കഥകളിൽ കാണാം. നമ്മുടെ ഒരുകാലത്തെ ജനപ്രിയ സാഹിത്യം, ഒരു വ്യക്തിയിൽ/ നായകനിൽ/ പ്രൊട്ടഗോണിസ്റ്റിൽ വല്ലാതെ കേന്ദ്രീകരിച്ചിരുന്നു.
സിനിമയും ഈ കയറു പൊട്ടിക്കാതെ ആ നൂലറ്റം പിടിച്ച് ആഖ്യാനം ചെയ്യപ്പെട്ടവയായിരുന്നു. ഒരു ഒറ്റയാൾ സിനിമയിലും സാഹിത്യത്തിലും ഉണ്ടായിരുന്നു. അയാൾ ഒരു സ്ഥലത്തു നിന്ന് യാത്ര തുടങ്ങുകയും പലവഴികളിലൂടെ യാത്ര ചെയ്ത് ഒരവസാന ബിന്ദുവിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. ‘എ' എന്ന പോയിന്റിൽ നിന്ന് ‘ബി'യിലൂടെ ‘സി' യിൽ അവർ നിശ്ചയമായും എത്തിയെങ്കിൽ മാത്രമാണ് കഥയ്ക്ക് വ്യാപക സ്വീകാര്യത ലഭിച്ചിരുന്നത്. ഈ അടഞ്ഞ ഘടനയാണ് ജനപ്രിയ സാഹിത്യത്തെയും സിനിമയെയും ഉരുവപ്പെടുത്തിയിരുന്നത്, മറ്റൊരർഥത്തിൽ അതിന്റെ സ്വീകാര്യതയെ നിർണയിച്ചിരുന്നത്.
വായനയിൽ ജനാധിപത്യം സാധ്യമാവുന്നത് എപ്പോഴായിരിക്കും? നിശ്ചയമായും വായനയിൽ ജനാധിപത്യം സാധ്യമാണ്. അത് വായിക്കുന്നവർക്ക് ആ പ്രക്രിയയിൽ ഒരു ഇടപെടൽ ശേഷി ലഭിക്കുമ്പോഴാണ്. സിനിമയുടെയും എഴുത്തിന്റെയും, അവ നിർമിക്കപ്പെട്ടു
കഴിഞ്ഞാലുള്ള നിഷ്ക്രിയാ (Passiveness) വസ്ഥയെ മറികടക്കാൻ ശേഷിയുള്ള ഒരു തുറവി (Openness) വായനക്കാരിൽ സൃഷ്ടിക്കപ്പെടുമ്പോൾ വായനയിൽ വല്ലാത്തൊരു സ്വാതന്ത്ര്യം വായനക്കാർ അനുഭവിക്കുന്നു. ഹരീഷിന്റെ കഥകളിൽ ഈ തുറവി മറയില്ലാതെ തെളിഞ്ഞുനിൽപ്പുണ്ട്. യാഥാർഥ്യത്തിൽ നിന്ന് സ്വല്പം തെന്നിമാറുകയോ യാഥാർഥ്യത്തിന്റെ തന്നെ ഉപോത്പന്ന (spin-off) മാവുകയോ ചെയ്യുന്ന കഥാപാത്രങ്ങൾ യഥാർഥ പശ്ചാത്തലത്തിൽ ഇടപെടുമ്പോഴുണ്ടാവുന്ന ഫിക്ഷന്റെ എല്ലാ കൗതുകവും കൗശലവും ഈ കഥകളിലുണ്ട്.
തീർപ്പുകളിലേക്കെത്താതിരിക്കുകയും തീർപ്പില്ലായ്മയെ ആശ്രയിക്കുകയും ചെയ്യുന്ന കഥപറച്ചിലിന്റെ രസവിദ്യ ഹരീഷിൽ ഉറഞ്ഞുനിൽക്കുന്നു. ഈ തീർപ്പില്ലായ്മയാണ് നമുക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം വായനയിൽ തരുന്നത്. പുതിയ കഥകളിൽ ഒന്നായ ‘ചൂണ്ടക്കാരൻ' വാസ്തവത്തിൽ തീർപ്പില്ലായ്മയുടെ ഒരു പ്രത്യയശാസ്ത്രത്തെ തന്നെ വിശദീകരിക്കുന്നുണ്ട്. ഒരാൾ ചൂണ്ടയിടാൻ പോവുന്നു എന്ന, നേരത്തെ സൂചിപ്പിച്ച പോയിന്റ് ‘എ' മാത്രമാണ് കഥയിലുള്ളത്. ബാക്കി വഴി പൂരിപ്പിക്കുന്നത് നമ്മളാണ്. ചൂണ്ടയിട്ടാൽ മീൻ കിട്ടുമോ എന്നത് ഒട്ടും തീർപ്പില്ലാത്ത ഒരു കാര്യമാണ്. ഈ തീർച്ചക്കുറവിനെ ഉടനീളം ആഖ്യാനത്തിൽ എഴുത്തുകാരൻ ഉപയോഗിക്കുന്നു.
നമ്മുടെ ജീവിതത്തിൽ നിരന്തരമായി ഈ തീർച്ചക്കുറവുണ്ട്. നമ്മുടെ പ്രതീക്ഷകളാൽ ആവരണം ചെയ്യപ്പെട്ട തീർപ്പില്ലായ്മകൾ. അവിടെ ആസന്നമായ ഒരുപാട് ഉത്തരങ്ങളിലേക്ക് നമ്മൾ എടുത്തെറിയപ്പെടുകയോ എടുത്തു ചാടുകയോ ചെയ്തേക്കാം. വിചിത്രം (Weirdo) എന്ന് മറ്റുള്ളവർക്ക് തോന്നുകയും നമ്മളിൽ മാത്രം വിശദീകരിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളെ നമുക്ക് കൂട്ടുപിടിക്കേണ്ടി വരും. നമുക്ക് മനസ്സിലാവുന്ന ഒരു തീർപ്പും, മറ്റൊരാൾക്ക് അസംബന്ധമായ ഒരു തീർപ്പില്ലായ്മയും മനുഷ്യരിൽ ഒളിഞ്ഞു കിടക്കുന്നു.
നമ്മുടെ ചിന്തയും യാഥാർഥ്യവും തമ്മിൽ അപ്പോൾ ഒരു വെച്ചുമാറൽ നടക്കുന്നു. ചിന്ത നടക്കുകയും യാഥാർഥ്യം പുറകിലാവുകയും ചെയ്യുന്നു. ഒരു പ്രതലത്തിൽ തന്നെ ഒരു മനുഷ്യൻ രണ്ടോ അതിലധികം മനുഷ്യനോ ആയി മാറുകയും പരസ്പരം ഇടയുകയും ചെയ്യുന്നു. ഈ extended റിയാലിറ്റിയിലാണ് ഹരീഷ്, മാനുഷികമായ യുക്തികൊണ്ട് നാം നമ്മളിൽ ഒളിച്ചു വെച്ചിരിക്കുന്ന വൈചിത്ര്യ(Weirdo) ത്തെ തുറന്നു വിടുന്നത്.
വെള്ളത്തിൽ ചൂണ്ട തൊടും മുമ്പു തന്നെ മീനിനെ കിട്ടിയാലുണ്ടാവുന്ന പരിസരത്തെയാണ് ‘ചൂണ്ടക്കാരനി'ൽ വിശദീകരിക്കുന്നത്. ഉദ്വേഗഭരിതമായ മീൻപിടിത്ത സന്ദർഭത്തിനും ശേഷം ലഭിച്ചേക്കാവുന്ന സന്ദർഭങ്ങളെ തുടക്കത്തിലേ തന്നെ spoi ചെയ്യുന്നുണ്ട് ഹരീഷ്. ഒരിക്കൽ സംഭവിച്ച യാദൃച്ഛികമായ കാര്യങ്ങൾ വീണ്ടും സംഭവിച്ചേക്കുമെന്ന വിചിത്രവും അസംബന്ധവുമായ ഒരു കല്പനയെ ചൂണ്ടക്കാരനും വായനക്കാരും ഒരുമിച്ച് കൂടെക്കൊണ്ടു നടക്കുന്നുണ്ട്.
യാദൃച്ഛികതകളുടെ ഈ കളി അതീവ രസകരമാണെന്നും തന്നെ കഥയെഴുതാൻ പ്രേരിപ്പിക്കുന്നത് ഈ യാദൃച്ഛികതയാണെന്നും ഹരീഷ് തന്നെ കരുതുന്നുണ്ട്. ഓരോ തവണ ചൂണ്ട നീട്ടിയെറിയുമ്പോഴും മീൻ കിട്ടിയ ഒരു യാദൃച്ഛിക സന്ദർഭത്തെ പുനരവതരിപ്പിക്കാനാണ് ചൂണ്ടക്കാരൻ ശ്രമിക്കുന്നത്. അതാകട്ടെ, യാഥാർഥ്യത്തിൽ നിന്ന് തെന്നിയുള്ള, മറ്റൊരു സ്ഥലകാലത്തെ വായനക്കാർക്കു മുന്നിൽ തുറക്കുന്നു.
ചൂണ്ട വലിക്കുമ്പോൾ യാദൃച്ഛികമായ മീൻ കിട്ടിയ സന്ദർഭം അപ്രത്യക്ഷമാവുകയും മീനില്ല എന്ന യാഥാർഥ്യം വെളിപ്പെടുകയും ചെയ്യുന്നു. അത്രയും നേരം ചൂണ്ടക്കാരനെയും വായനക്കാരെയും നയിക്കുന്നത് മുമ്പെങ്ങോ വിജയിച്ച ഒരു സന്ദർഭമാണ്. ചൂണ്ട തിരിച്ചു വലിക്കുമ്പോൾ ഒരേ സമയം വലിഞ്ഞു കയറുന്നത് വായനക്കാരും എഴുത്തുകാരനുമാവുന്ന സുന്ദരമായ അനുഭൂതിയിലാണ് ഹരീഷിന്റെ രസവിദ്യയിലെ ഒടിവിദ്യ.
എസ് ഹരീഷ് തിരക്കഥയെഴുതുകയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം'. ഈ ചിത്രത്തിലും ഇതേ ഒടിവിദ്യ പ്രയോഗിക്കുന്ന എഴുത്തുകാരനെ കാണാം. രണ്ടുതരം സ്ഥലകാലങ്ങളിൽ ജീവിക്കുന്ന / ജീവിച്ചിരുന്ന രണ്ട് മനുഷ്യരാണ് ജെയിംസും സുന്ദരവും.
അവർ ഒരു ഉടലിൽ സംഗമിക്കുന്നു. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പുരുഷന്മാരുടെ വസ്ത്രധാരണമായ അരക്കയ്യൻ ഷർട്ടും മുണ്ടും അഴിച്ചുവെച്ച് ഒരു വട്ടലുങ്കി ഉടുക്കുമ്പോൾ, ജെയിംസ് സുന്ദരനായി മാറുന്നു. എഴുത്തുകാരൻ പ്രയോഗിച്ച ഇതേ വഴിയിൽ എളുപ്പം കാണിയും എത്തിച്ചേരുന്നു. റിയാലിറ്റിയിൽ നിന്ന് തെന്നിമാറുന്ന സന്ദർഭങ്ങളെ നമ്മളറിയാതെ തന്നെ നമ്മളിൽ കൊരുത്തിടുന്ന കഥാവൈഭവം നാം അനുഭവിക്കുന്നു.
സുന്ദരം തിരിച്ച് ജെയിംസായി മാറുമ്പോഴും,'പോവാം…’ എന്ന് അയാൾ പറയുമ്പോഴും യുക്തിയിൽ നിന്നു കൊണ്ടു തന്നെ ഒരു വൈചിത്ര്യത്തെ സ്വീകരിക്കാൻ കാണി തയ്യാറാവുന്നുണ്ട്. അതിനു കാരണം അത്രയും നേരമുള്ള കഥയുടെ സഞ്ചാരത്തിൽ ഹരീഷ് തുറന്നിടുന്ന വാതിലുകളാണ്.
യുക്തിയും യുക്തിരാഹിത്യവും വിശദീകരിക്കാൻ എഴുത്തുകാരൻ മെനക്കെടുന്നില്ല. അത് സ്വീകരിക്കപ്പെടുന്ന കാണിയുടെ ഇഷ്ടത്തിന് വിട്ടുതരികയും അവരുടെ വിചിത്ര ബുദ്ധിയിൽ അമിതമായി വിശ്വസിക്കുകയും ചെയ്യുന്നു ഹരീഷ്.
പ്രസവിച്ച ഉടനെ പട്ടിക്കുഞ്ഞുങ്ങളെ കുഴിച്ചിടുകയും, പീറ്റർ സാർ എന്ന മറ്റൊരു വിചിത്ര മനുഷ്യനൊപ്പം ചരമക്കോളത്തിൽ നിന്ന് വെട്ടിയ മനുഷ്യരുടെ ചരമ പ്രായം കൊണ്ട് കാർഡു വെട്ടിക്കളിക്കുന്ന ജോപ്പനും(കഥ: നിര്യാതരായി) വളർത്താനായി പട്ടിക്കുഞ്ഞിനെക്കൊണ്ട് കാറിൽ നാട്ടിലൂടെ പാഞ്ഞു പോവുന്ന റിട്ടയേഡ് പട്ടാളക്കാരനായ എൻ കെ കുറുപ്പുമെല്ലാം ഹരീഷിന്റെ കഥകളിൽ നിന്ന് കണ്ടെടുക്കാവുന്ന Extended റിയാലിറ്റികളാണ്. യാഥാർഥ്യത്തോട് വിചിത്രമായി പ്രതികരിക്കുന്ന കഥാപാത്രങ്ങൾ മറ്റൊരു അനുഭൂതിയെയും തുറവിയെയും വായനക്കാരിൽ നിറയ്ക്കുന്നു.
യാദൃച്ഛിക സന്ദർഭങ്ങളെ തിരക്കഥയിൽ ഉൾച്ചേർക്കുക എന്നത് ഏറെ ശ്രമകരമാണ്. വായനയിൽ വായനക്കാർക്ക് ലഭിക്കുന്ന തുറവി, സ്ക്രീനിൽ പരിമിതപ്പെടുന്നതിനാലാണത്. ‘ഇതെങ്ങനെ സംഭവിച്ചു' എന്ന യുക്തിബോധം കാണിയെ നിരന്തരം വേട്ടയാടും. വായനയിൽ ആ വേട്ടക്ക് അത്ര ശക്തി പോരാ.
ജെയിംസിനെ ഒരുറക്കത്തിന്റെ ഇടവേളക്കപ്പുറം സുന്ദരമാക്കുകയും ജെയിംസിന് എന്തുപറ്റി എന്ന യുക്തിചിന്തയിൽ നിന്ന് കാണിയെ മോചിപ്പിക്കുകയും ചെയ്യേണ്ട ഇരട്ടിപ്പണി തിരക്കഥാകൃത്തിൽ ബാധ്യതയാവുന്നു. കഥ കേൾക്കുന്നവർ, 'അതെന്താണ്' എന്ന സ്വാഭാവിക ചോദ്യം തൊടുക്കുന്നതിന് തൊട്ടു മുമ്പ് യാദൃച്ഛികതയിലേക്ക് കാണിയെ ഉന്തുകയും സ്വയം നീങ്ങുകയും ചെയ്യുന്നതാണ് ഹരീഷിന്റെ കഥപറച്ചിലിന്റെ രസവിദ്യ
മാവോയിസ്റ്റും ജല്ലിക്കട്ടും
സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഏദൻ എന്ന ചിത്രത്തിന്റെ അവലംബിത തിരക്കഥ എസ് ഹരീഷിന്റേതാണ്. ആദം, നിര്യാതരായി, ചപ്പാത്തിലെ കൊലപാതകം എന്നീ കഥകൾ ചേർന്നാണ് ഏദൻ തിരക്കഥയാവുന്നത്.
2019ൽ പുറത്തിറങ്ങിയ ജല്ലിക്കട്ട് എന്ന ചിത്രമാണ് സിനിമാ കാണികൾക്കിടയിൽ എസ് ഹരീഷ് എന്ന തിരക്കഥാകൃത്തിനെ കൂടുതൽ പരിചിതമാക്കുന്നത്.
എന്നാൽ2019ൽ പുറത്തിറങ്ങിയ ജല്ലിക്കട്ട് എന്ന ചിത്രമാണ് സിനിമാ കാണികൾക്കിടയിൽ എസ് ഹരീഷ് എന്ന തിരക്കഥാകൃത്തിനെ കൂടുതൽ പരിചിതമാക്കുന്നത്. ജല്ലിക്കട്ട് എന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന് ചലച്ചിത്ര മേളകളിൽ വലിയ സ്വീകാര്യത ലഭിച്ചു.എന്നാൽ
കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ജല്ലിക്കട്ട് കാണാൻ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമാഖ്യാനത്തെ തന്നെ വഴിതിരിച്ചു വിട്ട ചിത്രമായി ജല്ലിക്കട്ടിനെ കരുതാം. സാഹിത്യത്തിന്റെ പാഠത്തിനെ അതിലെ ആഖ്യാന ചാരുതയെ സിനിമക്കായി ലിജോ ഉപയോഗിക്കുന്നത് ഈ ഘട്ടത്തിലാണ്.
എസ് ഹരീഷിന്റെ കഥകളിൽ വാക്കിനേക്കാളേറെ ദൃശ്യം ( visual) ഉറഞ്ഞുകിടക്കുന്നതായി കാണാം. കഥ പറച്ചിലുകാർക്ക് നിശ്ചയമായും കൂടുതലായി ആശ്രയിക്കേണ്ടത് ദൃശ്യത്തെത്തന്നെയാണ്. ദൃശ്യ സങ്കൽപ്പത്തിനു പുറത്തേക്ക് ആഖ്യാനത്തെ കയറഴിച്ചു വിടാതിരിക്കാൻ എസ് ഹരീഷ് ബോധപൂർവം ശ്രമിക്കുന്നതായി നമുക്ക് കാണാം. മാവോയിസ്റ്റ് എന്ന കഥയിൽ ഒരു ദൃശ്യാഖ്യാനം ഉണ്ടാവുകയും ലിജോ അത് കണ്ടെടുക്കുകയും ചെയ്യുന്നതിനാലാണ് ജല്ലിക്കട്ട് എന്ന സിനിമ ഉരുവപ്പെടുന്നത്.
ഒരു ജോലിയും നാളിതുവരെ ചെയ്യാതെ, അപേക്ഷിക്കാത്ത സർക്കാർ ജോലിയുടെ അപ്പോയിന്റ്മെന്റ് ഓർഡർ കാത്തു കഴിഞ്ഞ് പിന്നീട് മാവോയിസ്റ്റ് ചമഞ്ഞ പ്രഭാകരന്റെ വീട്ടിലേക്ക് കാലൻ വർക്കി എത്തുന്നതാണ്
മാവോയിസ്റ്റിലെ ആദ്യ സന്ദർഭം. ക്ലോക്ക് സൂചി നീങ്ങുന്ന ശബ്ദ പശ്ചാത്തലത്തിൽ ആളുകൾ ഉറങ്ങുകയും ഉണർന്നു കിടക്കുകയും ചെയ്യുന്ന മൊണ്ടാഷുകളുടെ വേഗത്തിലുള്ള കട്ടുകളിൽ നിന്നാണ് ജല്ലിക്കട്ട് ആരംഭിക്കുന്നത്. ചലച്ചിത്ര നിരൂപകനായ ജി പി രാമചന്ദ്രൻ, ഈ വേഗ കട്ടുകളെ പോത്തിറച്ചി വെട്ടുന്ന വേഗതയായി നിരീക്ഷിക്കുന്നുണ്ട്.
മാവോയിസ്റ്റിൽ, സ്ഥലത്തെ കശാപ്പുകാരനായ കാലൻ വർക്കിയുടെ കശാപ്പുശാലയിൽ നിന്ന് ഒരു പോത്തും ഒരു എരുമയും ഓടി രക്ഷപ്പെടുന്ന സന്ദർഭമാണ് ഉള്ളത്. രക്ഷപ്പെട്ട പോത്ത്, ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് വന്നതാണ്. ജോഗയ്യ എന്ന കർഷകന്റെ പോത്താണത്. പഠനകാലത്ത് വിപ്ലവ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞുപോയ തന്റെ മകൻ ഭാനുവിന്റെ പേര് തന്നെ അയാൾ പോത്തിനും നൽകുന്നു. ജോഗയ്യയുടെ ഭാനു, വർക്കിയുടെ കശാപ്പുശാലയിൽ നിന്ന് ഓടുന്നതാണ് മാവോയിസ്റ്റിന്റെ ആഖ്യാന കേന്ദ്രം.
സിനിമയിൽ പോത്തിന്റെ ഫ്ലാഷ് ബാക്കില്ല. ഒരു പോത്ത് കയറു പൊട്ടിച്ചോടുകയും അതിനു പിന്നാലെ ഒരു നാട് മൊത്തം ഓടുകയും ചെയ്യുന്നു എന്ന സിനിമാക്കാരുടെ ഭാഷയിലെ വൺ ലൈൻ
ആകർഷണത്തെയാണ്/ സന്ദർഭത്തെയാണ് ജല്ലിക്കട്ട് ആശ്രയിക്കുന്നത്. മാവോയിസ്റ്റിൽ പോത്തിനെ/എരുമയെ വെട്ടുന്നത് കാലൻ വർക്കി എന്ന കശാപ്പുകാരനാണ്. അയാൾക്ക് കാലൻ എന്ന വിശേഷണം ലഭിക്കുന്നത് പോത്തുമായി ബന്ധമുള്ള കാലൻ എന്ന അർഥത്തിലല്ല, മറിച്ച് അസാമാന്യമാം വിധം നീളമുള്ള അയാളുടെ കാലുകൾ കാരണമാണ്.
എന്നാൽ കാലനുമായുള്ള താദാത്മ്യത്തെ ഹരീഷ് നിരസിക്കുന്നില്ല. അതിന് കഥാകൃത്ത് കാണുന്ന സൂത്രവിദ്യ രസകരമാണ്. കശാപ്പിനായി കൊണ്ടുവന്ന മൃഗത്തിനെ നഷ്ടമായ മുൻ സന്ദർഭങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. അതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അക്കാലത്തെ കശാപ്പുകാരായ വർക്കിയുടെ അപ്പനും അപ്പന്റപ്പനും മരണം വരിക്കുന്നുണ്ട്. മരണം കാത്തു കിടക്കുന്ന അന്നാട്ടിലെ ഒരു വൃദ്ധൻ ജനലരികിൽ ഓടിയ പോത്തിനെ കാണുകയും തൽക്ഷണം മരിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ കശാപ്പിനായി വരുത്തിയ പോത്തിന്റെ മാംസ/ പണ നഷ്ടത്തേക്കാൾ അയാളെ പിന്തുടരുന്നത് ഈ മരണഭയമാണ്.
ഇവിടെയെല്ലാം ഹരീഷ്, യാദൃച്ഛികവും വിചിത്രവും അപ്പോൾ തന്ന നടന്നേക്കാവുന്നതുമായ ഒരു സന്ദർഭത്തെയാണ് സൃഷ്ടിക്കുന്നത്. നടക്കാൻ സാധ്യത കുറവെങ്കിലും പൂർണമായും തള്ളിക്കളയാനാവാത്ത കാര്യങ്ങളിലാണ് ഹരീഷ്, ഫിക്ഷന്റെ ചിറകു വിടർത്തുന്നത്.
മരണഭയത്തിലാണ്/ മരണഭയം കൊണ്ടാണ് പോത്തും എരുമയും ഓടുന്നത്. പുറകെ ഓടുന്ന വർക്കിക്കും, മറ്റു നാട്ടുകാർക്കും ഉള്ളതും മരണഭയം തന്നെ. ഇരയെയും വേട്ടക്കാരനെയും ചൂഴ്ന്നു നിൽക്കുന്നത് ഒരേ വൈകാരികത തന്നെയാണ്. അപ്പോൾ അവർക്ക് പരസ്പരം വെച്ചു മാറാനാവുന്നു. പോത്ത് ഇരയും ചിലപ്പോൾ വേട്ടക്കാരനുമാകുന്നു. പിന്നാലെ ഓടുന്ന ബഹുജനവും അതുപോലെ.
ഹിംസയുടെ ഭിന്നഭാവങ്ങളിലേക്കാണ് മാവോയിസ്റ്റും ജല്ലിക്കട്ടും ഒരുപോലെ എത്തിനോക്കുന്നത്. പോത്തോടിയ സന്ദർഭത്തെ മനുഷ്യർ ഹിംസയുടെ നടത്തിപ്പിനായി ഉപയോഗിക്കുന്നുണ്ട്. അവശ്യ സമയത്ത് പണം പലിശക്കു നൽകുന്ന തമിഴനെ പോത്തോടുന്ന ബഹളത്തിനിടയിൽ പോത്തിനു മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നത് അയാളിൽ നിന്ന് പണം വാങ്ങിയവർ തന്നെയാണ്.
തന്റെ വീടിന് ജപ്തി നോട്ടീസ് പതിച്ച ബാങ്കിലേക്ക് നക്സലൈറ്റ് പ്രഭാകരൻ പോത്തിനെ ഓടിച്ചു കയറ്റുന്നു. തന്നെ പൊലീസിനൊറ്റിയ പന്തുകളിക്കാരൻ രാമനെ, പോത്തിനെ വെടിവെയ്ക്കാൻ നാട്ടിലെത്തിയ കുട്ടച്ചൻ പോത്തു കുത്തും പോലെ കൂർപ്പിച്ച മരക്കമ്പുകൾ കൊണ്ട് കുത്തിക്കൊല്ലുന്നു.
കിണറ്റിൽ വീഴുന്ന പോത്തിനെയും പുൽമേട്ടിൽ ബന്തവസ്സാക്കപ്പെടുന്ന എരുമയെയും കൈയിൽ കിട്ടിയ എല്ലാ സാമഗ്രികൾ കൊണ്ടും ആളുകൾ ആക്രമിക്കുന്നുണ്ട്. ചേറിൽ പുതഞ്ഞുപോയ പോത്തിന് മുകളിലേക്ക് ആളുകൾ ഒന്നടങ്കം ആക്രോശത്തേടെ ചാടി വീഴുന്ന രംഗം ജല്ലിക്കട്ടിലുമുണ്ട്.
ആരിലാണ് ഹിംസ പ്രവർത്തിക്കുന്നത് എന്ന തീർപ്പിലേക്കല്ല, മറിച്ച് ഹിംസയുടെ ഭിന്നതകളെക്കുറിച്ചുള്ള ചിന്തയെയാണ് ഹരീഷ് കാണിയിലേക്കും വായനക്കാരിലേക്കും പ്രവഹിപ്പിക്കുന്നത്.
മനുഷ്യൻ മൃഗമായും മൃഗം മനുഷ്യനായും ഉള്ള വെച്ചുമാറൽ പ്രത്യക്ഷത്തിൽ ജല്ലിക്കട്ടിലോ മാവോയിസ്റ്റിലോ ഇല്ല. എന്നാൽ അടിസ്ഥാനപരമായി അഥവാ ഹിംസാപരമായി ഈ വെച്ചുമാറൽ സംഭവിക്കുന്നുണ്ട്. മാവോയിസ്റ്റ് എന്ന കഥ ഒരു സിനിമക്കായി കുറെ ഇമേജുകളെ തുറന്നിടുന്നുണ്ട്.
ഇമേജുകൾക്കൊപ്പം ഒരു ശബ്ദപഥത്തെക്കൂടി മാവോയിസ്റ്റ് തുറക്കുന്നു. നിശ്ചയമില്ലാത്തതും വ്യക്തമല്ലാത്തതും ഉയർന്നതുമായ ഒരു ശബ്ദശൃംഖല (commotion) മാവോയിസ്റ്റിനെ ചൂഴ്ന്നു നിൽപ്പുണ്ട്. ഈ ശബ്ദത്തെ കേൾക്കുന്നതുകൊണ്ട് കൂടിയാണ് മാവോയിസ്റ്റ് ജല്ലിക്കട്ട് എന്ന സിനിമയായി പരിഭാഷപ്പെടുന്നത്.
പോത്തിനെ പിടിക്കാൻ വലിയ ബഹളത്തോടെയാണ് ബഹുജനം പായുന്നത്. പോത്തോടിയതിൽപിന്നെ നിശ്ശബ്ദമായ ആ ഗ്രാമത്തിന് ഒച്ചയുടെ വലിയൊരാവരണം എടുത്തണിയേണ്ടി വരുന്നു. പിന്നീടവർ വലിയ ശബ്ദത്തിലാണ് പരസ്പരം സംസാരിക്കുന്നത് പോലും. ഭീതിയിലും വെറുപ്പിലും ഹിംസയിലും പൊതിഞ്ഞ വലിയ ശബ്ദം. പോത്തിനെക്കാൾ കൂടുതൽ സമയം ഓടുന്നത് ബഹുജനമാണ്. ചിലർ ലക്ഷ്യം വെച്ചും, മറ്റു ചിലർ ലക്ഷ്യമില്ലാതെയും. കിണറ്റിൽ വീണ പോത്തിനെ എടുക്കാൻ ശ്രമിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്.
ഒരു ഉത്സവപ്പറമ്പിനെ ദ്യോതിപ്പിക്കുന്ന സീൻ. ആളുകൾ കൂട്ടം കൂടി പല വിനോദങ്ങളിലും മദ്യപാനത്തിലും വരെ ഏർപ്പെടുന്ന ഒരു വലിയ പശ്ചാത്തലം. പോത്ത് ഓടി നാടിനെ മൊത്തം വിറപ്പിച്ച സന്ദർഭത്തിന്റെ ക്ലൈമാക്സിനെ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിൽ നിസ്സംഗതയോടെയാണ് നാട്ടുകാർ സമീപിക്കുന്നത്.
മലയോര ഗ്രാമപ്രദേശങ്ങൾ അടക്കം ഗ്രാമത്തിന്റെ നൈർമല്യം, വിശുദ്ധി, നന്മ തുടങ്ങിയ വ്യാജവും യാഥാർഥ്യത്തിൽനിന്ന് അകന്നതും അടർത്തിയതുമായ ചില മധ്യവർഗാനുഭൂതികളെ ഉപജീവിച്ചുകൊണ്ടു മാത്രമേ ഗ്രാമത്തെ ഒരു പരിസരമാക്കി ചിത്രീകരിക്കാൻ മുഖ്യധാരാ സിനിമ ശ്രമിച്ചിട്ടുള്ളു. എന്നാൽ ഇവിടെ, ഹിംസയുടെ ഒരു സന്ദർഭത്തിനായി കാത്തുകെട്ടിക്കിടക്കുന്ന നാട്ടുവാസികളെ ഹരീഷ് ആവിഷ്കരിക്കുന്നു. കയറു പൊട്ടിച്ച് പോത്തോടുമ്പോൾ ബഹുജനത്തിന്റെ ഹിംസയും കെട്ടുപൊട്ടിച്ചോടുന്നു.
ഹിംസയുടെ ഈ ഭിന്നഭാവത്തെ ഫലപ്രദമായി സംയോജിപ്പിച്ച മറ്റൊരു ചിത്രം അദ്ദേഹം വിനോയ് തോമസുമൊത്ത് എഴുതി, ലിജോ ജോസ് പല്ലിശ്ശേരി തന്നെ സംവിധാനം ചെയ്ത ചുരുളി എന്ന ചിത്രമാണ്. ചുരുളിക്കും കേരള രാജ്യാന്തര മേളയിൽ വലിയ തിരക്ക് അനുഭവപ്പെട്ടു.
ജല്ലിക്കട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ മൂന്ന് ചിത്രങ്ങളിലും എസ് ഹരീഷ് തിരക്കഥയിൽ പങ്കാളിയോ തിരക്കഥാകൃത്തോ ആണ്. ഈ മൂന്ന് ചിത്രങ്ങളും കേരള രാജ്യാന്തരമേളയുടെ ചരിത്രത്തിലെ തന്നെ മലയാള സിനിമയ്ക്ക് ലഭിച്ച വലിയ സ്വീകാര്യതയുടെ നാഴികക്കല്ലുകളാണ്.
യുവാക്കളും യുവതികളും അടങ്ങിയ യുവതലമുറയാണ് ഈ ചിത്രങ്ങൾ കാണാൻ വലിയ ക്യൂ ഉരുവപ്പെടുത്തിയത്. ഈ യുവതലമുറയുടെ മുൻതലമുറയോടും ഇവരോടും അനായാസകരമായി അയാൾ ഇടപെടുന്നു.
ചുരുളി എന്ന സാങ്കൽപ്പികമായ ഒരു കാടിനകത്തുള്ള സെറ്റിൽമെന്റിലേക്കാണ് ഷാജീവൻ, ആന്റണി എന്നീ രണ്ട് അണ്ടർകവർ പൊലീസുകാർ വരുന്നത്. ചുരുളിയെ mainland മായി ബന്ധിപ്പിക്കുന്നത് പൊട്ടിവീഴാറായ ഒരു പാലമാണ്.
ആ പാലം കടക്കുന്നതോടുകൂടി mainland ൽ നിന്നും പൊതുസ്വഭാവത്തിൽ നിന്നും ആളുകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയോ അവരവരുടെ സ്വത്വത്തിലേക്ക് മാറുകയോ ചെയ്യുന്നു. ഷാജീവനും ആന്റണിയും തങ്ങൾ സഞ്ചരിച്ച ജീപ്പിൽ അതുവരെ കണ്ട അതിസാധാരണക്കാരായ മനുഷ്യരെയല്ല പാലം കടന്നുകഴിഞ്ഞപ്പോൾ കാണുന്നത്. അവർ കൂടുതൽ ഹിംസാത്മകമായ മനുഷ്യരൂപങ്ങളായി മാറിയിരിക്കുന്നു.
ഷാജീവനും ആന്റണിയും മൈലാടും പറമ്പിൽ ജോയി എന്ന കുറ്റവാളിയെ തിരഞ്ഞാണ് ചുരുളിയിൽ എത്തുന്നത്. ജോയി എന്നയാൾ ചെയ്ത കുറ്റം ബാലപീഡനവും കാട്ടുമൃഗങ്ങളെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു എന്നതാണ്. സിനിമയുടെ വഴിയിൽ ഷാജീവൻ ഒരു ചെറിയ പയ്യനെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വ്യക്തമായ സൂചനയുണ്ട്.
ആന്റണി വെടിയിറച്ചിക്കായി കാട്ടിൽ പോവുകയും വേട്ടയാടുകയും ചെയ്യുന്ന രംഗവും ഉണ്ട്. മയിലാടും പറമ്പിൽ ജോയ് എന്ന ക്രിമിനലിൽ ആരോപിക്കാവുന്ന രണ്ടു കുറ്റങ്ങളും അയാളെ തേടി വന്ന പൊലീസുകാരും ചെയ്യുന്നുണ്ട്. കള്ള് ഷാപ്പാണ് ചുരുളിയുടെ ഒരു മധ്യകേന്ദ്രം. അവിടെയുള്ള എല്ലാ ആളുകളും ഷാപ്പിലാണ് ഒത്തുകൂടുന്നത്. ഇതേ ഷാപ്പ് തന്നെ ഒരു അവസരത്തിൽ പുണ്യകർമങ്ങൾ നടക്കുന്ന പള്ളിയും അൾത്താരയും ആയി മാറുന്നുണ്ട്.
ഇങ്ങനെ തിന്മയുടെ കലർപ്പുകളെ അതി സൂക്ഷ്മവും അത്ഭുതകരവുമായി കണ്ണിചേർക്കുന്നുണ്ട് ചുരളിയിൽ. ചൂണ്ടക്കാരനിലെ ചൂണ്ടക്കാരനെ പോലെ തന്നെ അനിശ്ചിതത്വങ്ങളും അസ്ഥിരതകളും യാഥാർഥ്യമെങ്കിലും യാഥാർത്ഥ്യത്തിൽ നിന്ന് അകന്നതുമായ സന്ദർഭങ്ങളെയാണ് ചുരുളിയിലും ആവിഷ്കരിക്കുന്നത്. രാവണൻ കോട്ടയായേക്കാവുന്ന ഒരു കഥാഖ്യാനത്തെ ലളിതമായി അവതരിപ്പിക്കുന്ന രീതി ചുരുളിയിലും ഹരീഷ് പിന്തുടരുന്നു.
ഹിംസയുടെ വിചിത്രമായ ഒരു അനുഭവത്തെ ചുരുളിയിൽ നിവർത്തിയിടുന്നുണ്ട് ഹരീഷ്. ചിത്രത്തിൽ ഒരു രംഗത്തിൽ ഇവിടെ എല്ലാവരും ക്രിമിനലുകളാണ് എന്ന് ഷാജീവൻ പറയുന്നുണ്ട്. ഒരു പൊതു യുക്തിയിൽ അല്ലെങ്കിൽ mainland യുക്തിയിൽ അത് ശരിയായി നമുക്ക് തോന്നാം. എന്നാൽ ചുരുളിയെ സംബന്ധിച്ച് mainland ൽ നിന്നുവന്ന ഷാജീവനും ആന്റണിയും ആണ് ക്രിമിനലുകൾ. രണ്ടുതരം അന്യതകളെയും രണ്ടുതരം ഉൾപ്പിരിവുകളെയും ഒരേ പരിസരത്ത് ആഖ്യാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളെയും യാദൃച്ഛികതകളെയും ഒരു മുത്തശ്ശിക്കഥയുടെ ലാഘവത്തിൽ പറഞ്ഞുവെയ്ക്കുന്നത് ഹരീഷ് എന്ന കഥ പറച്ചിലുകാരനിലേ വഴക്കമാണ്.
കഥയിലും സിനിമയിലും ഇക്കാലംകൊണ്ട് പ്രീതിയാർജ്ജിച്ച ആഖ്യാനങ്ങളോട് ആശ്രയമോ നിരാശ്രയമോ ഹരീഷിനില്ല. സാധാരണത്വത്തിൽ അസാധാരണത്വത്തെയും യാഥാർഥ്യത്തിൽ അയഥാർഥത്തെയും അയാൾ കഥയിലൂടെ പരിഭാഷപ്പെടുത്തുന്നു. യാഥാർഥ്യത്തിൽ നിന്ന് അല്പം അകന്നു നിൽക്കുന്ന മറ്റൊരു യാഥാർഥ്യത്തിൽ ഫിക്ഷന്റെ രസകരമായ നൂലുകളെ കണ്ടെടുക്കുന്ന കഥാകാരനാണ് എസ് ഹരീഷ്.
തനിക്ക് പരിചിതമായതും അപരിചിതമായതും ആയ സന്ദർഭങ്ങളെ ഒരേ അളവിൽ ഹരീഷ് കഥകളിൽ നിറയ്ക്കുന്നു. നമുക്ക് പരിചിതമല്ലെങ്കിൽ കൂടിയും പരിചിതമായേക്കാവുന്ന ഒരു പരിസരവും സന്ദർഭവും ഹരീഷിനെ വായനക്കാരിലേക്ക് അടുപ്പിക്കുന്നു. അപ്പോൾ തന്നെ ഏറ്റവും ലളിതമായ കഥയുടെ നീരുറവയെ ഹരീഷ് നിരന്തരം തുറന്നുവിടുന്നു.
തനിക്ക് പരിചിതമായതും അപരിചിതമായതും ആയ സന്ദർഭങ്ങളെ ഒരേ അളവിൽ ഹരീഷ് കഥകളിൽ നിറയ്ക്കുന്നു. നമുക്ക് പരിചിതമല്ലെങ്കിൽ കൂടിയും പരിചിതമായേക്കാവുന്ന ഒരു പരിസരവും സന്ദർഭവും ഹരീഷിനെ വായനക്കാരിലേക്ക് അടുപ്പിക്കുന്നു. അപ്പോൾ തന്നെ ഏറ്റവും ലളിതമായ കഥയുടെ നീരുറവയെ ഹരീഷ് നിരന്തരം തുറന്നുവിടുന്നു.
പുതിയ കാലത്തിനോടും അത് ആവശ്യപ്പെടുന്ന ആഖ്യാനത്തോടും എളുപ്പത്തിൽ എഴുത്തുകാരൻ ലയിക്കുന്നു. കഥയുടെയും സിനിമയുടെയും സന്ദർഭത്തിലേക്ക് വിദഗ്ധനായ ഒരു ചൂണ്ടക്കാരനെപ്പോലെ അയാൾ ചൂണ്ട എറിയുന്നു. ഒട്ടും കാത്തിരിപ്പിക്കാതെ കാണിയും വായനക്കാരും ആ ചൂണ്ടയിൽ കൊളുത്തുന്നു. കഥ പറച്ചിലിന്റെ ഈ ലളിത സൂത്രവാക്യമാണ് എസ് ഹരീഷിനെ പ്രസക്തമാക്കുന്നത്. വായനയുടെ തുറവിക്ക് വിരാമങ്ങളും വിലങ്ങുകളും നിഷേധിക്കുകയും നിരസിക്കുകയും ചെയ്യുന്ന രസവിദ്യ കൊണ്ട് തന്നെ ഹരീഷിന്റെ കഥ പറച്ചിൽ കേൾക്കാൻ വലിയ പ്രതീക്ഷയോടെ വലിയൊരു കൂട്ടം കാത്തിരിക്കുന്നു.