അഡ്വ. ദിനേശ് മേനോൻ... എന്റെ സിനിമയിലെ പ്രായംകുറഞ്ഞ നായകൻ: ബാലചന്ദ്രമേനോൻ
അഡ്വ. ദിനേശ് മേനോൻ... എന്റെ സിനിമയിലെ പ്രായംകുറഞ്ഞ നായകൻ: ബാലചന്ദ്രമേനോൻ
സ്വന്തം ലേഖകൻ Wed, 22 Nov 2023 01:08AM IST

"ശേഷം കാഴ്‌ചയിൽ' സിനിമയുടെ സെറ്റിൽ സംവിധായകൻ ബാലചന്ദ്രമേനോനൊപ്പം ദിനേശ് മേനോൻ (മാസ്‌റ്റർ സുജിത്)
കൊച്ചി> വേദനാജനകവും അവിശ്വസനീയവുമായ വിയോഗം എന്നാണ് തന്റെ സിനിമകളിലെ ഏറ്റവും പ്രായംകുറഞ്ഞ നായകനായിരുന്ന അഡ്വ. ഐ ദിനേശ് മേനോനെ അനുസ്‌മരിച്ച് സംവിധായകൻ ബാലചന്ദ്രമേനോൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. പുഞ്ചിരി സമ്മാനിച്ച് "ശേഷം കാഴ്‌ചയിൽ' സിനിമയുടെ സെറ്റിൽ ഓടിനടന്ന, എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറിയ കുസൃതിക്കാരൻ മാസ്‌റ്റർ സുജിത്തിനെക്കുറിച്ചുള്ള ഓർമകളും അദ്ദേഹം പങ്കിട്ടു.
ഫെയ്‌സ്‌ബുക് കുറിപ്പിൽനിന്ന്: ഞാനോർത്തുപോകുന്നു. "കാര്യം നിസ്സാരം’ സിനിമയുടെ അഭൂതപൂർവമായ വിജയത്തിനുശേഷം നസീർ സാറിനെവച്ച് ഒരു പടം ഉടനെ നിർമിക്കാൻ പലരും മുന്നോട്ടുവന്നു. എന്റെ തീരുമാനമായിരുന്നു, ഒരു പുതുമുഖമാകണം അടുത്ത നായകൻ എന്ന്. അങ്ങിനെയാണ് ഒരു വികൃതിയായ (കുസൃതിയായ ?) ഒരു സ്കൂൾ വിദ്യാർഥിയെ അന്വേഷിച്ചുതുടങ്ങിയത്. അപ്പോൾ എന്റെ മനസ്സിലേക്ക് സുഹൃത്തായ വി കെ വി മേനോന്റെ മകൻ മാസ്റ്റർ സുജിത്തിന്റെ മുഖം തെളിഞ്ഞുവന്നു. അങ്ങിനെ എന്റെ സിനിമകളിലെ ‘ഏറ്റവും പ്രായംകുറഞ്ഞ നായകൻ' പിറന്നു!
"ശേഷം കാഴ്ചയിൽ’ ചിത്രത്തെ പ്രേക്ഷകർ നെഞ്ചോടുചേർത്തത് സുജിത്തിന്റെ നിർമലമായ മുഖത്തോടുള്ള ആഭിമുഖ്യംകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. എപ്പോഴും ഒരു നറുപുഞ്ചിരി ഏവർക്കും സമ്മാനിച്ച് നടന്ന ആ ബാലൻ ഷൂട്ടിങ് തീർന്നപ്പോഴേക്കും ഏവരുടെയും കണ്ണിലുണ്ണിയായി–- ബാലചന്ദ്രമേനോൻ കുറിക്കുന്നു.
ദിനേശ് മേനോന്റെ അച്ഛന്റെ മരണത്തോടെ ബാലചന്ദ്രമേനോന് ആ കുടുംബവുമായുള്ള നിരന്തരബന്ധമില്ലാതായി. "പാടാൻ എന്ത് സുഖം’ എന്ന പേരിൽ മ്യൂസിക് ആൽബത്തിന്റെ പ്രകാശനവേളയിലാണ് ഒടുവിൽ തമ്മിൽ കണ്ടത്. "ശേഷം കാഴ്ചയിൽ" ഷൂട്ടിങ് വേളയിലെ ഒരുപിടി ഓർമകൾ സമ്മാനിച്ചിട്ടാണ് സുജിത് പോയത്. ആ നല്ല ഓർമകളിലൂടെ സുജിത് എന്നും എന്റെ മനസ്സിന്റെ മേച്ചിൽപ്പുറത്തുണ്ടാകുമെന്ന് മേനോൻ കുറിച്ചു.
തിങ്കളാഴ്‌ച അന്തരിച്ച ദിനേശ് മേനോന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ ചൊവ്വ പകൽ 11.30ന് രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ചിറ്റൂർ റോഡിലെ ഇയ്യാട്ടിൽ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ഹൈക്കോടതി ജഡ്‌ജിമാർ ഉൾപ്പെടെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു.
No comments:
Post a Comment