Tuesday, November 28, 2023

രാവണഭ്രമം

 





*രാവണഭ്രമം*


ആളൊരു രാവണനായിരിന്നു.  പക്ഷെ പങ്ങിയും പതുമിയും പലപ്പോഴും സ്വയംനിഷ്കാസിതനായും അദൃശ്യരൂപനായിതുടരാൻ ശ്രമിച്ചു; താൻകാരണം മാത്രം പരശതം കോടീശ്വരനും വിശ്വപ്രശസ്തനുമായ  ഉറ്റസുഹൃത്തിൻറെ മേലങ്കിയുടെ പിന്നണിയിൽ തന്നെ മനഃപ്പൂർവമെന്നപോലെ തുടർന്നു, ജീവിതകാലം മുഴുവനും, തൊണ്ണൂറ്റിയൊമ്പത് വർഷം !  പക്ഷെ സൂര്യതേജസ്സ് അങ്ങനെ എത്രനാൾ തുടരാൻ പ്രകൃതി അനുവദിക്കും ? അടുത്തവരും അറിഞ്ഞവരും ചേർത്തുപിടിച്ചു, കൊട്ടിഘോഷിച്ചു, പ്രപഞ്ചമാകെ പരസ്യപ്പെടുത്തി, വാഴ്ത്തി.


ഇന്ന് രാവിലെ ചാർളി മംഗർ മരിച്ചു ! മരണമേ നിനക്കും ആപ്രഭയെ കെടുത്താൻ ആവില്ല, ആ ഒറ്റകാരണംകൊണ്ട് അത് ഇനിയുമിനിയും ആളിക്കത്തും - യുക്തിബോധ സാമാന്യചിന്തകൾ ഉയർത്തികൊണ്ടേയിരിക്കും.


ജനസഹസ്രങ്ങൾക്കും വിപണി-ഫിനാൻസ് മുതലാളിത്ത വിരുദ്ധചേരിയിലുള്ള ഒരാൾക്കും, പ്രകൃതി-പരിസ്ഥിതിസ്നേഹിക്കുമൊക്കെ ആശാവഹമായ പ്രവർത്തിയോ മൂർത്തിയോ അല്ല മംഗർ.  പക്ഷെ മനുഷ്യചിന്തയുടെ കൂർത്തയുക്തിയുടെ വികാസത്തിന് അദ്ദേഹം നൽകിയ പാഠങ്ങൾ വലുതാണ്.  ശത്രുവിന്റെ മികവ് മനസ്സിലാക്കുകയാണ് യുദ്ധത്തിലെ ആദ്യപടി.  അതിനാൽ മംഗർ പഠനവിധയേമാകണം.


ചരിത്രംകണ്ട ഏറ്റവും ഉദാത്തമായ സുഹൃത്‌ബന്ധം മാർക്സ്- ഏംഗൽസിന്റേതാണ് എന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ മറുപക്ഷത്ത് അത് വാറൻ ബഫറ്റ്‌ - ചാർളി മംഗർ എന്നവരാണ്.  ജീവിതകാലം മുഴുവനും പിണങ്ങാതെ, ഒത്തുപോവുക, അപരനെ നിരന്തരം തിരുത്തിയും വാനോളം ഉയർത്തിയും താങ്ങിയും ജീവിക്കുക, അർപ്പണബോധത്തോടെ തങ്ങളുടെ പൊതുലക്ഷ്യം നേടാൻ പരിശ്രമം തുടരുക.  ഏംഗൽസ് മാർക്സിനെ അതിജീവിച്ചെങ്കിൽ മംഗർ അല്പം നേരത്തെ വിടവാങ്ങി.  വ്യതാസം നിലനിർത്തണമെന്ന വാശിയുള്ളതു പോലെ.


ബഫറ്റ്‌ തുടർന്നിരുന്ന ബീഡികുറ്റി [cigarbutt] നിക്ഷേപ രീതിയെ പാടെമാറ്റി, ഉന്നതഗുണനിലവാരമുള്ള കമ്പനിയുടെ ഓഹരികൾ യുക്തമായവിലക്ക് വാങ്ങി ദീർഘകാലം നിലനിർത്തി വളരെ ഉയർന്നലാഭം നേടാനുള്ള  വഴികാട്ടിയത് മംഗറായിരിന്നു.  സീസ് ക്യാൻഡീസ്‌ [See's Candies] എന്ന ചെറിയൊരു കമ്പനി 25 ദശലക്ഷം ഡോളറിന് 1972ൽ വാങ്ങി നാളിന്നുവരെ 2,000 ദശലക്ഷം വില്പനവരുമാനം നേടിയ തീരുമാനത്തിന്റെ പൂർണമായ തീരുമാനത്തിൽനിന്ന് തുടങ്ങിയതാണ് ഇന്നത്തെ ബെർക്ക്ഷെയർ എന്ന ബഫറ്റ്‌ കമ്പനിയുടെ വളർച്ച.  പിന്നീട് അങ്ങോട്ട് ഈ ദ്വിരാക്ഷസർ വാങ്ങിക്കൂട്ടിയ കമ്പനികൾക്കും മൂലധനകുന്നുകൂട്ടലിനും പരിധികളില്ലാത്ത വളർച്ചയുണ്ടായി.  ഇപ്പോൾ 1,60,000 ദശലക്ഷം കാശായി നീക്കിയിരിപ്പും 7,85,000 ദശലക്ഷം കമ്പോളമൂല്യവും ബെർക്ക്ഷെയറിനുണ്ട്. ഒരു ഓഹരിയുടെ വില 5,46,000 ഡോളർ ! ആഗോളമാർക്കറ്റിൽ ഏറ്റവുമധികം വിലയുള്ള ഒരോഹരി !   


മുതലാളിത്തത്തെ പൂർണമായും പിന്താങ്ങുകയും, അമേരിക്കൻ വ്യപാര-കച്ചവട-സൈനിക നടപടികളെ നിർബാധം, നിരന്തരം പിന്തുണച്ചപ്പോൾ തന്നെ, അമേരിക്കയുടെ  ചൈനാവിരുദ്ധ - യുദ്ധക്കൊതി ചെയ്തികളെ ഈ ഇരുവർ, സവിശേഷമായും മംഗർ പരസ്യമായി എതിർത്തു, തന്റെ നിലാപാടുകൾ യുക്തിസഹമായി പറഞ്ഞു.  എല്ലാവർഷവും മെയ് മാസത്തിൽ നടത്തിവരുന്ന ബെർക്ക്ഷെയർ കമ്പനിയുടെ വാർഷികപൊതുയോഗം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്.  യോഗത്തിന് ഒരുമാസം മുൻപ് തന്നെ വാർഷികാവലോകനം പുറത്തിറക്കും.  ഇന്നുവരെയുള്ള മാറ്റങ്ങൾ, കമ്പനിതുടങ്ങിയ മുതലുള്ള മൂല്യവർദ്ധനവൊ ഇടിവോ വെളിവാകും.  കണക്കിലെകളിക്കൾക്ക് പുറത്തുള്ള ലളിതമായ സത്യാവസ്ഥ തുറന്നുപറയും.  അമേരിക്കയിലെ നെബ്രാസ്‌ക പ്രവിശ്യയിലെ ഒമാഹയിൽ ചേരുന്ന ഈ സമ്മേളനം ലോകമുതലാളിത്തതല്പരരുടെ മെക്കയായി കണക്കാപ്പെടുന്നു.  ഓഹരിയുടമകളുടെ ചോദ്യങ്ങൾക്ക് വാറനും മംഗറും ഉത്തരം നൽകുന്നു.  രസകരമായ കാര്യം ഈ ചോദ്യങ്ങൾ പത്രപ്രവർത്തകരുടെ ഒരുകമ്മിറ്റിക്കാണ് നേരത്തെ കിട്ടുക; അവർ തിരഞ്ഞെടുത്ത ചോദ്യങ്ങൾ ഇവർ രണ്ടുപേരുമറിയുന്നത് ചോദിക്കുമ്പോൾ മാത്രവും ! നിലവിലെ മുതലാളിത്ത-വിപണി കാര്യങ്ങളും മറ്റും മനസ്സിലാക്കാൻ നിക്ഷേപകലോകം ഉറ്റുനോക്കുന്ന വാർഷികറിപ്പോർട്ടും പൊതുയോഗവും ചോദ്യോത്തരപരിപാടിയുമായി മാറിയ ഇതും മംഗറിന്റെ ആശയവും, അദ്ദേഹത്തിൻറെ ബുദ്ധിവൈഭവം തിളങ്ങിക്കാണുന്ന വേദിയുമാണ്.  പലപ്പോഴും മംഗർ ബഫറ്റ്‌ പറഞ്ഞതിനേക്കാൾ കൂടുതലൊന്നുമില്ല എന്നാണ് പറയാറെങ്കിലും, എപ്പോഴെങ്കിലും കൂട്ടിച്ചേർക്കുന്ന വാക്കുകളും വരികളും വലിയപ്രസക്തി നേടും. വെബ്ബിടങ്ങളിൽ ഈ യോഗങ്ങളുടെ പൂർണവീഡിയോ ലഭ്യമാണ്.  വാണിജ്യ-ഫിനാൻസ് വിദ്യാർത്ഥികൾക്ക് വലിയൊരു പഠനകൂട്ടും.


ഇങ്ങനെനെയൊക്കയാണെങ്കിലും മുതലാളിത്തവെറിയുടെ സന്തതസഹചാരിയായ ചങ്ങാത്ത ഏർപാടിനെ ഒരിക്കൽപോലും ഇവർ ആശ്രയിച്ചില്ല എന്നത് എടുത്തുപറയേണ്ടതാണ്.  ഒരുചില്ലികാശ് പോലും ഇത്തരത്തിൽ വഞ്ചനയിലൂടെയോ പറ്റികലിലൂടെയോ നേടിയില്ല, ശ്രമിച്ചില്ല.  ഇന്നത്തെ ലോകസാഹചര്യത്തിൽ ഇത് അത്ഭുതമാണ്, വേറിട്ടവഴിയുമാണ്.  നിലവിലെ ലോകരാജ്യങ്ങളിലെ വമ്പന്മാർ ഒട്ടുമുക്കാൽ എല്ലാവരും ഈ ചങ്ങാത്ത മുതലാളിത്തത്തിലൂടെയാണ് അതിസമ്പന്നരായത്, തുടരുന്നതും.  രാമൻ ഭരിച്ചാലും രാവണൻ ഭരിച്ചാലും ഈ ഒക്കചങ്ങാതിമാർ അരങ്ങുവാഴുന്നു, അരിയിട്ടുവാഴുന്നു.


ചാർളിയും വാറനും ലളിതജീവിതത്തിൻ്റെ ഉത്തമഉദാഹരണങ്ങളാണ്.  ചെറിയവീട്, ചെറിയകാർ, ചെലവ് കുറഞ്ഞ നിത്യജീവിതം - ചുരുക്കത്തിൽ സാമ്പത്തീക ഉറപ്പിന് മംഗർ നിരന്തരം പറയുന്ന മണ്ടത്തരമെന്ന് തോന്നാവുന്ന, എന്നാൽ നിത്യസത്യമായ വാചകം, "വരുമാനത്തിനുള്ളിൽ ജീവിക്കുക, വിഡ്ഢിത്തരങ്ങൾ കാട്ടാതിരിക്കുക, സമ്പാദ്യം വളർത്തുക", സ്വജീവിതത്തിൽ പകർത്തി വലിയ സാമ്പത്തികവിജയം നേടിയവർ.  ആ സമ്പാദ്യം ഏറെക്കുറെ പൂർണമായും അവരവുടെ കാലശേഷം ജീവകാരുണ്യപ്രവർത്തികൾക്കായി നീക്കിവെക്കുകയും ചെയ്തു.


ഡിസംബർകൂടി കഴിഞ്ഞുകിട്ടിയിരുനെങ്കിൽ മംഗർ നൂറുവയസ്സ് തികച്ചേനെ.  1924 ജനുവരി ഒന്നിനായിരുന്നു ജനനം.  പതിനേഴാം വയസ്സിൽ പഠനം നിർത്തി പട്ടാളത്തിൽ ചേർന്നു.  ശാരീരിക പരിമിതികൾ കാരണം കാലാവസ്ഥാവിഭാഗത്തിൽ ജോലി.  പിന്നീട് നിയമം പഠിച്ച മംഗർ നല്ലൊരു വക്കീലായി.  സ്വന്തമായി ഒരു വക്കീൽ കൂട്ടായ്മ കമ്പനിയും തുടങ്ങി.  ആയിടെയാണ് ബഫറ്റുമായി പരിചയപ്പെട്ടത് - ആദ്യ ഇടപെടൽത്തന്നെ ചരിത്രമോർത്തുവെക്കുന്ന ഒരു സുഹൃത്‌ബന്ധത്തിന്റെ കാഹളംമുഴക്കി.  പിന്നീട് അങ്ങോട്ട് ജീവിതത്തിലെ വലിയൊരു പങ്ക് ബഫറ്റിനും അവരുടെ നിക്ഷേപ സംരംഭത്തിനും.  വിജയങ്ങളുടെ വീരപാട്ടുകൾക്ക് ചരിത്രം കാതോർത്തിരുന്നു. ആദ്യഭാര്യയുടെ വേർപാട്, ആദ്യകുഞ്ഞിന്റെ മരണം, ഒരുകണ്ണിലെ കാഴ്ച പൂർണമായും നഷ്ടപ്പെടൽ അങ്ങനെ എന്നെനിർത്തി പിന്തിരിഞ്ഞോടാൻ വേണ്ടതൊക്കെ !  പക്ഷെ മനുഷ്യ നിശ്ചയദാർഢ്യത്തിന്റെ മുൻപിൽ വിധി നിരന്തരം തോല്കുമെന്നുറക്കെ പ്രഖ്യാപിക്കുവാൻ മംഗറും ചേർന്നുനിന്നു.  


ലോകം മംഗറിനെ കാര്യമായിഎടുത്തത് 1995 ജൂൺ മാസത്തിലെ "തെറ്റായ മനുഷ്യവിലയിരുത്തുകളുടെ മനഃശാസ്ത്രം" എന്ന തലകെട്ടിൽ നടത്തിയ ഹാർവാഡ് സർവ്വകലാശാലയിലെ പ്രസംഗത്തിൽ നിന്നാണ്.  ഇന്നും അത് പലവുരു കാണുകയും ചർച്ചചെയ്യപെടുകയും ചെയ്യുന്നു.  പൂർണമായും ഇവിടെ കിട്ടും https://www.youtube.com/watch?v=Jv7sLrON7QY .  ഈ പ്രസംഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിലെ പട്ടികപ്രമാണവും, തെറ്റായ തീരുമാങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളും ചൂണ്ടിക്കാട്ടുന്നു.  ഇതിൽപൊതുവേ സാമ്പത്തീക കാര്യങ്ങൾ അല്ലാന്നെതും, മനുഷ്യപ്രശ്നങ്ങളാൽ നിറഞ്ഞതുമാണെന്നത് കൗതുകം ഉണർത്തും.  അറ്റംമുറിക്കാതെയുള്ള കുറിക്കുകൊള്ളുന്ന വാക്കുകൾ ഉപയോഗിക്കാൻ മംഗർ ഒരിക്കലും മടിച്ചിരുന്നില്ല, അന്നും എന്നും.


ശാസ്ത്രത്തിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും തത്വദർശനം എന്നുപറയുംപോലെ മുതലാളിത്തത്തിന്റെ ഉപാസകനും മനുഷ്യപ്രശ്നങ്ങൾ അന്യമാവാൻ വയ്യ.  മനുഷ്യനെ മുതലാളിത്തത്തിനും വേണം, കാരണം മനുഷ്യനാണ് മൂലം !  മംഗറിനും അങ്ങനെയാവാതെ വയ്യ.  മനുഷ്യനെകുറിച്ചു വ്യസനിച്ചവരാരും മരിക്കാറില്ല. 





 

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive