Tuesday, November 14, 2023

കഥ തെളിക്കുന്ന ദൃശ്യസഞ്ചാരങ്ങൾ

കഥ തെളിക്കുന്ന ദൃശ്യസഞ്ചാരങ്ങൾ-ജിതിൻ കെ സി എഴുതുന്നു

സിനിമയുടെയും എഴുത്തിന്റെയും, അവ നിർമിക്കപ്പെട്ടു കഴിഞ്ഞാലുള്ള നിഷ്ക്രിയാ(Passiveness)വസ്ഥയെ മറികടക്കാൻ ശേഷിയുള്ള ഒരു തുറവി (Openness) വായനക്കാരിൽ സൃഷ്ടിക്കപ്പെടുമ്പോൾ വായനയിൽ വല്ലാത്തൊരു സ്വാതന്ത്ര്യം വായനക്കാർ അനുഭവിക്കുന്നു. ഹരീഷിന്റെ കഥകളിൽ ഈ തുറവി മറയില്ലാതെ തെളിഞ്ഞുനിൽപ്പുണ്ട്.

നിരന്തരമായി കഥയെഴുതുകയും സ്വീകാര്യതയിലും ആ നൈരന്തര്യം പിന്തുടരുകയും ചെയ്യുക എന്നത് ചുരുക്കം ചില എഴുത്തുകാർക്ക് മാത്രം ലഭിക്കുന്ന സവിശേഷതയാണ്. പുതിയ തലമുറയിലും പുതുതലമുറയ്‌ക്കും അത്തരത്തിൽ ഏറെ സ്വീകാര്യനായ കഥയെഴുത്താളരുടെ പന്തിയിൽ നിശ്ചയമായും എസ് ഹരീഷുണ്ട്, അത്ര പുറകിലല്ലാതെ തന്നെ.

എല്ലാക്കാലത്തേതുമെന്ന പോലെ കാഴ്ചയിലും വായനയിലും ഒരു തലമുറ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമാണിത്‌. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച ഒരു തലമുറ, അവരുടെ യുവത്വത്തിന്റെ കാലമായ ഇന്ന് വായിക്കുകയും, സിനിമ കാണുകയും, പാട്ടു കേൾക്കുകയും ചെയ്യുന്ന, ഒരർഥത്തിൽ ഒരു പുതിയ ഭാവുകത്വത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന,   പണി തീരാത്തതെങ്കിലും ഒരു സംസ്കാരത്തെ നിർണയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് എസ് ഹരീഷ് എന്ന എഴുത്തുകാരൻ സജീവമായി കഥകൾ എഴുതുന്നത്.

Gen z (ജൻ സി/ ജനറേഷൻ സി) എന്ന് വിളിക്കുന്ന ഈ പുതു തലമുറയിലും വലിയ സ്വീകാര്യതയുള്ള എഴുത്തുകാരനാണ് ഹരീഷ്. നിശ്ചയമായും അദ്ദേഹം തിരക്കഥയെഴുതിയ സിനിമകൾ ആ പേരിനെ അവർക്കിടയിൽ സജീവമാക്കുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെയാണ്, പക്ഷേ, വായനയിൽ സജീവമായി നിൽക്കുന്ന പല തലമുറയിൽപ്പെട്ട ആളുകളുമായി കഥ പറയാൻ അനായാസം കഥാകൃത്തിന്‌ കഴിയുന്നത് എന്ന് തോന്നാറുണ്ട്.  അതീവ ലളിതമായാണ് വാക്കുകളെ ഉപയോഗിക്കുന്നത്. വാക്കിനു വേണ്ട നേരമ്പോക്കല്ല കഥ, കഥയിലാണ് വാക്കുരുവം കൊള്ളുന്നത്. കഥയെഴുത്തുകാരന്റെ കൈത്തഴക്കത്തേക്കാൾ കഥപറച്ചിലുകാരന്റെ വഴക്കമാണ് അദ്ദേഹത്തെ  വലയം ചെയ്തിരിക്കുന്നത്. വായിക്കുന്ന മാധ്യമം പലതാണ്. അത് പേപ്പർ പ്രിന്റോ ഡിജിറ്റലോ ആയേക്കാം.

ഒരാൾ ആ മാധ്യമത്തിനകത്തു നിന്ന് കഥ പറയുന്ന തോന്നലിലേക്ക് വായനയെ പരിവർത്തനം ചെയ്യുന്നുണ്ട് ഹരീഷ്. ആ കഥകൾ വാക്കിന്റെ ഘടനയോ, വാക്കു കൊണ്ടുള്ള കണ്ണുകെട്ടി കളിയോ വാക്കിനെ മാത്രം ഊന്നിയോ അല്ല നാം അനുഭവിക്കുന്നത് എന്നതിന്റെ കാരണം കഥ വായിക്കുമ്പോൾ ലഭിക്കുന്ന ഈ കേൾവിയാണ്.

കഥപറച്ചിലിന്റെ രസവിദ്യ

കഥയെഴുതി അവസാനിപ്പിക്കാൻ ബുദ്ധിമുട്ടിയ കഥാപ്രസംഗക്കാരനായ സദാശിവൻ കഥ പറഞ്ഞവസാനിപ്പിക്കുന്ന ഒരു സന്ദർഭം ഹരീഷിന്റെ ‘വലിയ ചുടുകാട്' എന്ന കഥയിൽ കാണാം. വെള്ളത്തിൽ മത്സ്യം പോലെയാണ് കാഥികൻ എന്ന് ആ കഥയിലൊരിടത്ത് ഹരീഷും സദാശിവനും പറയുന്നുണ്ട്. കഥ വായിക്കുന്ന ഒരാളെക്കാൾ കഥ കേൾക്കുന്ന ഒരാളെ സങ്കൽപ്പിച്ചെഴുതുന്ന കഥകളാണ് ഹരീഷിന്റേത് എന്ന് തോന്നിക്കുന്ന ഒഴുക്ക് ഉടനീളം  അദ്ദേഹത്തിന്റെ കഥകളിൽ കാണാം. നമ്മുടെ ഒരുകാലത്തെ ജനപ്രിയ സാഹിത്യം, ഒരു വ്യക്തിയിൽ/ നായകനിൽ/ പ്രൊട്ടഗോണിസ്റ്റിൽ വല്ലാതെ കേന്ദ്രീകരിച്ചിരുന്നു.

സിനിമയും ഈ കയറു പൊട്ടിക്കാതെ ആ നൂലറ്റം പിടിച്ച് ആഖ്യാനം ചെയ്യപ്പെട്ടവയായിരുന്നു. ഒരു ഒറ്റയാൾ സിനിമയിലും സാഹിത്യത്തിലും ഉണ്ടായിരുന്നു. അയാൾ ഒരു സ്ഥലത്തു നിന്ന് യാത്ര തുടങ്ങുകയും പലവഴികളിലൂടെ യാത്ര ചെയ്ത് ഒരവസാന ബിന്ദുവിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. ‘എ' എന്ന പോയിന്റിൽ നിന്ന് ‘ബി'യിലൂടെ ‘സി' യിൽ അവർ നിശ്ചയമായും എത്തിയെങ്കിൽ മാത്രമാണ്‌ കഥയ്‌ക്ക് വ്യാപക സ്വീകാര്യത ലഭിച്ചിരുന്നത്. ഈ അടഞ്ഞ ഘടനയാണ് ജനപ്രിയ സാഹിത്യത്തെയും സിനിമയെയും ഉരുവപ്പെടുത്തിയിരുന്നത്, മറ്റൊരർഥത്തിൽ അതിന്റെ സ്വീകാര്യതയെ നിർണയിച്ചിരുന്നത്.

എസ്‌ ഹരീഷ്‌ 
ഫോട്ടോ: ഹക്‌സർ ആർ കെ

വായനയിൽ ജനാധിപത്യം സാധ്യമാവുന്നത് എപ്പോഴായിരിക്കും? നിശ്ചയമായും വായനയിൽ ജനാധിപത്യം സാധ്യമാണ്. അത് വായിക്കുന്നവർക്ക് ആ പ്രക്രിയയിൽ ഒരു ഇടപെടൽ ശേഷി ലഭിക്കുമ്പോഴാണ്. സിനിമയുടെയും എഴുത്തിന്റെയും, അവ നിർമിക്കപ്പെട്ടു

കഴിഞ്ഞാലുള്ള നിഷ്ക്രിയാ (Passiveness) വസ്ഥയെ മറികടക്കാൻ ശേഷിയുള്ള ഒരു തുറവി (Openness) വായനക്കാരിൽ സൃഷ്ടിക്കപ്പെടുമ്പോൾ വായനയിൽ വല്ലാത്തൊരു സ്വാതന്ത്ര്യം വായനക്കാർ അനുഭവിക്കുന്നു. ഹരീഷിന്റെ കഥകളിൽ ഈ തുറവി മറയില്ലാതെ തെളിഞ്ഞുനിൽപ്പുണ്ട്. യാഥാർഥ്യത്തിൽ നിന്ന് സ്വല്പം തെന്നിമാറുകയോ യാഥാർഥ്യത്തിന്റെ തന്നെ ഉപോത്പന്ന (spin-off) മാവുകയോ ചെയ്യുന്ന കഥാപാത്രങ്ങൾ യഥാർഥ പശ്ചാത്തലത്തിൽ ഇടപെടുമ്പോഴുണ്ടാവുന്ന ഫിക്‌ഷന്റെ എല്ലാ കൗതുകവും കൗശലവും ഈ കഥകളിലുണ്ട്.

തീർപ്പുകളിലേക്കെത്താതിരിക്കുകയും തീർപ്പില്ലായ്മയെ ആശ്രയിക്കുകയും ചെയ്യുന്ന കഥപറച്ചിലിന്റെ രസവിദ്യ ഹരീഷിൽ ഉറഞ്ഞുനിൽക്കുന്നു. ഈ തീർപ്പില്ലായ്മയാണ് നമുക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം വായനയിൽ തരുന്നത്. പുതിയ കഥകളിൽ ഒന്നായ ‘ചൂണ്ടക്കാരൻ' വാസ്തവത്തിൽ തീർപ്പില്ലായ്മയുടെ ഒരു പ്രത്യയശാസ്ത്രത്തെ തന്നെ വിശദീകരിക്കുന്നുണ്ട്. ഒരാൾ ചൂണ്ടയിടാൻ പോവുന്നു എന്ന, നേരത്തെ സൂചിപ്പിച്ച പോയിന്റ്  ‘എ' മാത്രമാണ് കഥയിലുള്ളത്. ബാക്കി വഴി പൂരിപ്പിക്കുന്നത് നമ്മളാണ്. ചൂണ്ടയിട്ടാൽ മീൻ കിട്ടുമോ എന്നത് ഒട്ടും തീർപ്പില്ലാത്ത ഒരു കാര്യമാണ്. ഈ തീർച്ചക്കുറവിനെ ഉടനീളം ആഖ്യാനത്തിൽ എഴുത്തുകാരൻ ഉപയോഗിക്കുന്നു.

നമ്മുടെ ജീവിതത്തിൽ നിരന്തരമായി ഈ തീർച്ചക്കുറവുണ്ട്. നമ്മുടെ പ്രതീക്ഷകളാൽ ആവരണം ചെയ്യപ്പെട്ട തീർപ്പില്ലായ്മകൾ. അവിടെ ആസന്നമായ ഒരുപാട് ഉത്തരങ്ങളിലേക്ക് നമ്മൾ എടുത്തെറിയപ്പെടുകയോ എടുത്തു ചാടുകയോ ചെയ്തേക്കാം. വിചിത്രം (Weirdo) എന്ന് മറ്റുള്ളവർക്ക് തോന്നുകയും നമ്മളിൽ മാത്രം വിശദീകരിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളെ നമുക്ക് കൂട്ടുപിടിക്കേണ്ടി വരും. നമുക്ക് മനസ്സിലാവുന്ന ഒരു തീർപ്പും, മറ്റൊരാൾക്ക് അസംബന്ധമായ ഒരു തീർപ്പില്ലായ്മയും മനുഷ്യരിൽ ഒളിഞ്ഞു കിടക്കുന്നു.

വിനോയ്‌ തോമസ്‌

നമ്മുടെ ചിന്തയും യാഥാർഥ്യവും തമ്മിൽ അപ്പോൾ ഒരു വെച്ചുമാറൽ നടക്കുന്നു. ചിന്ത നടക്കുകയും യാഥാർഥ്യം പുറകിലാവുകയും ചെയ്യുന്നു. ഒരു പ്രതലത്തിൽ തന്നെ ഒരു മനുഷ്യൻ രണ്ടോ അതിലധികം മനുഷ്യനോ ആയി മാറുകയും പരസ്പരം ഇടയുകയും ചെയ്യുന്നു. ഈ extended  റിയാലിറ്റിയിലാണ്‌ ഹരീഷ്, മാനുഷികമായ യുക്തികൊണ്ട് നാം നമ്മളിൽ ഒളിച്ചു വെച്ചിരിക്കുന്ന വൈചിത്ര്യ(Weirdo)  ത്തെ തുറന്നു വിടുന്നത്.

വെള്ളത്തിൽ ചൂണ്ട തൊടും മുമ്പു തന്നെ മീനിനെ കിട്ടിയാലുണ്ടാവുന്ന പരിസരത്തെയാണ് ‘ചൂണ്ടക്കാരനി'ൽ വിശദീകരിക്കുന്നത്. ഉദ്വേഗഭരിതമായ മീൻപിടിത്ത സന്ദർഭത്തിനും ശേഷം ലഭിച്ചേക്കാവുന്ന സന്ദർഭങ്ങളെ തുടക്കത്തിലേ തന്നെ spoi ചെയ്യുന്നുണ്ട് ഹരീഷ്. ഒരിക്കൽ സംഭവിച്ച യാദൃച്ഛികമായ കാര്യങ്ങൾ വീണ്ടും സംഭവിച്ചേക്കുമെന്ന വിചിത്രവും അസംബന്ധവുമായ ഒരു കല്പനയെ ചൂണ്ടക്കാരനും വായനക്കാരും ഒരുമിച്ച് കൂടെക്കൊണ്ടു നടക്കുന്നുണ്ട്.

യാദൃച്ഛികതകളുടെ ഈ കളി അതീവ രസകരമാണെന്നും തന്നെ കഥയെഴുതാൻ പ്രേരിപ്പിക്കുന്നത് ഈ യാദൃച്ഛികതയാണെന്നും ഹരീഷ് തന്നെ കരുതുന്നുണ്ട്. ഓരോ തവണ ചൂണ്ട നീട്ടിയെറിയുമ്പോഴും മീൻ കിട്ടിയ ഒരു യാദൃച്ഛിക സന്ദർഭത്തെ പുനരവതരിപ്പിക്കാനാണ് ചൂണ്ടക്കാരൻ ശ്രമിക്കുന്നത്. അതാകട്ടെ, യാഥാർഥ്യത്തിൽ നിന്ന് തെന്നിയുള്ള, മറ്റൊരു സ്ഥലകാലത്തെ വായനക്കാർക്കു മുന്നിൽ തുറക്കുന്നു.

ചൂണ്ട വലിക്കുമ്പോൾ യാദൃച്ഛികമായ മീൻ കിട്ടിയ സന്ദർഭം അപ്രത്യക്ഷമാവുകയും മീനില്ല എന്ന യാഥാർഥ്യം വെളിപ്പെടുകയും ചെയ്യുന്നു. അത്രയും നേരം ചൂണ്ടക്കാരനെയും വായനക്കാരെയും നയിക്കുന്നത് മുമ്പെങ്ങോ വിജയിച്ച ഒരു സന്ദർഭമാണ്. ചൂണ്ട തിരിച്ചു വലിക്കുമ്പോൾ ഒരേ സമയം വലിഞ്ഞു കയറുന്നത് വായനക്കാരും എഴുത്തുകാരനുമാവുന്ന സുന്ദരമായ അനുഭൂതിയിലാണ് ഹരീഷിന്റെ രസവിദ്യയിലെ ഒടിവിദ്യ.

ലിജോ ജോസ്
പെല്ലിശ്ശേരി 

എസ് ഹരീഷ് തിരക്കഥയെഴുതുകയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം'. ഈ ചിത്രത്തിലും ഇതേ ഒടിവിദ്യ പ്രയോഗിക്കുന്ന എഴുത്തുകാരനെ കാണാം. രണ്ടുതരം സ്ഥലകാലങ്ങളിൽ ജീവിക്കുന്ന / ജീവിച്ചിരുന്ന രണ്ട് മനുഷ്യരാണ് ജെയിംസും സുന്ദരവും.

അവർ ഒരു ഉടലിൽ സംഗമിക്കുന്നു. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പുരുഷന്മാരുടെ വസ്ത്രധാരണമായ അരക്കയ്യൻ ഷർട്ടും മുണ്ടും അഴിച്ചുവെച്ച് ഒരു വട്ടലുങ്കി ഉടുക്കുമ്പോൾ, ജെയിംസ് സുന്ദരനായി മാറുന്നു. എഴുത്തുകാരൻ പ്രയോഗിച്ച ഇതേ വഴിയിൽ എളുപ്പം കാണിയും എത്തിച്ചേരുന്നു. റിയാലിറ്റിയിൽ നിന്ന് തെന്നിമാറുന്ന സന്ദർഭങ്ങളെ നമ്മളറിയാതെ തന്നെ നമ്മളിൽ കൊരുത്തിടുന്ന കഥാവൈഭവം നാം അനുഭവിക്കുന്നു.

സുന്ദരം തിരിച്ച് ജെയിംസായി മാറുമ്പോഴും,'പോവാം…’ എന്ന് അയാൾ പറയുമ്പോഴും യുക്തിയിൽ നിന്നു കൊണ്ടു തന്നെ ഒരു വൈചിത്ര്യത്തെ സ്വീകരിക്കാൻ കാണി തയ്യാറാവുന്നുണ്ട്. അതിനു കാരണം അത്രയും നേരമുള്ള കഥയുടെ സഞ്ചാരത്തിൽ ഹരീഷ് തുറന്നിടുന്ന വാതിലുകളാണ്.

യുക്തിയും യുക്തിരാഹിത്യവും വിശദീകരിക്കാൻ എഴുത്തുകാരൻ മെനക്കെടുന്നില്ല. അത് സ്വീകരിക്കപ്പെടുന്ന കാണിയുടെ ഇഷ്ടത്തിന് വിട്ടുതരികയും അവരുടെ വിചിത്ര ബുദ്ധിയിൽ അമിതമായി വിശ്വസിക്കുകയും ചെയ്യുന്നു ഹരീഷ്.

നൻപകൽ നേരത്ത് മയക്കത്തിൽ മമ്മൂട്ടി

പ്രസവിച്ച ഉടനെ പട്ടിക്കുഞ്ഞുങ്ങളെ കുഴിച്ചിടുകയും, പീറ്റർ സാർ എന്ന മറ്റൊരു വിചിത്ര മനുഷ്യനൊപ്പം ചരമക്കോളത്തിൽ നിന്ന് വെട്ടിയ മനുഷ്യരുടെ ചരമ പ്രായം കൊണ്ട് കാർഡു വെട്ടിക്കളിക്കുന്ന ജോപ്പനും(കഥ: നിര്യാതരായി) വളർത്താനായി പട്ടിക്കുഞ്ഞിനെക്കൊണ്ട് കാറിൽ നാട്ടിലൂടെ പാഞ്ഞു പോവുന്ന റിട്ടയേഡ് പട്ടാളക്കാരനായ എൻ കെ കുറുപ്പുമെല്ലാം ഹരീഷിന്റെ കഥകളിൽ നിന്ന് കണ്ടെടുക്കാവുന്ന Extended റിയാലിറ്റികളാണ്. യാഥാർഥ്യത്തോട് വിചിത്രമായി പ്രതികരിക്കുന്ന കഥാപാത്രങ്ങൾ മറ്റൊരു അനുഭൂതിയെയും തുറവിയെയും വായനക്കാരിൽ നിറയ്ക്കുന്നു.

യാദൃച്ഛിക സന്ദർഭങ്ങളെ തിരക്കഥയിൽ ഉൾച്ചേർക്കുക എന്നത് ഏറെ ശ്രമകരമാണ്. വായനയിൽ വായനക്കാർക്ക് ലഭിക്കുന്ന തുറവി, സ്ക്രീനിൽ പരിമിതപ്പെടുന്നതിനാലാണത്. ‘ഇതെങ്ങനെ സംഭവിച്ചു' എന്ന യുക്തിബോധം കാണിയെ നിരന്തരം വേട്ടയാടും. വായനയിൽ ആ വേട്ടക്ക് അത്ര ശക്തി പോരാ.

ജെയിംസിനെ ഒരുറക്കത്തിന്റെ ഇടവേളക്കപ്പുറം സുന്ദരമാക്കുകയും ജെയിംസിന് എന്തുപറ്റി എന്ന യുക്തിചിന്തയിൽ നിന്ന് കാണിയെ മോചിപ്പിക്കുകയും ചെയ്യേണ്ട ഇരട്ടിപ്പണി തിരക്കഥാകൃത്തിൽ ബാധ്യതയാവുന്നു. കഥ കേൾക്കുന്നവർ, 'അതെന്താണ്' എന്ന സ്വാഭാവിക ചോദ്യം തൊടുക്കുന്നതിന് തൊട്ടു മുമ്പ് യാദൃച്ഛികതയിലേക്ക് കാണിയെ ഉന്തുകയും സ്വയം നീങ്ങുകയും ചെയ്യുന്നതാണ് ഹരീഷിന്റെ കഥപറച്ചിലിന്റെ രസവിദ്യ

മാവോയിസ്റ്റും ജല്ലിക്കട്ടും

സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഏദൻ എന്ന ചിത്രത്തിന്റെ അവലംബിത തിരക്കഥ എസ് ഹരീഷിന്റേതാണ്. ആദം, നിര്യാതരായി, ചപ്പാത്തിലെ കൊലപാതകം എന്നീ കഥകൾ ചേർന്നാണ് ഏദൻ തിരക്കഥയാവുന്നത്.

2019ൽ പുറത്തിറങ്ങിയ ജല്ലിക്കട്ട് എന്ന ചിത്രമാണ് സിനിമാ കാണികൾക്കിടയിൽ എസ് ഹരീഷ് എന്ന തിരക്കഥാകൃത്തിനെ കൂടുതൽ പരിചിതമാക്കുന്നത്. 

 എന്നാൽ2019ൽ പുറത്തിറങ്ങിയ ജല്ലിക്കട്ട് എന്ന ചിത്രമാണ് സിനിമാ കാണികൾക്കിടയിൽ എസ് ഹരീഷ് എന്ന തിരക്കഥാകൃത്തിനെ കൂടുതൽ പരിചിതമാക്കുന്നത്. ജല്ലിക്കട്ട് എന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന് ചലച്ചിത്ര മേളകളിൽ വലിയ സ്വീകാര്യത ലഭിച്ചു.എന്നാൽ

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ജല്ലിക്കട്ട് കാണാൻ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമാഖ്യാനത്തെ തന്നെ വഴിതിരിച്ചു വിട്ട ചിത്രമായി ജല്ലിക്കട്ടിനെ കരുതാം. സാഹിത്യത്തിന്റെ പാഠത്തിനെ അതിലെ ആഖ്യാന ചാരുതയെ സിനിമക്കായി ലിജോ ഉപയോഗിക്കുന്നത് ഈ ഘട്ടത്തിലാണ്.

എസ് ഹരീഷിന്റെ കഥകളിൽ വാക്കിനേക്കാളേറെ ദൃശ്യം ( visual)  ഉറഞ്ഞുകിടക്കുന്നതായി കാണാം. കഥ പറച്ചിലുകാർക്ക് നിശ്ചയമായും കൂടുതലായി ആശ്രയിക്കേണ്ടത് ദൃശ്യത്തെത്തന്നെയാണ്. ദൃശ്യ സങ്കൽപ്പത്തിനു പുറത്തേക്ക് ആഖ്യാനത്തെ കയറഴിച്ചു വിടാതിരിക്കാൻ എസ് ഹരീഷ് ബോധപൂർവം ശ്രമിക്കുന്നതായി നമുക്ക് കാണാം. മാവോയിസ്റ്റ് എന്ന കഥയിൽ ഒരു ദൃശ്യാഖ്യാനം ഉണ്ടാവുകയും ലിജോ അത് കണ്ടെടുക്കുകയും ചെയ്യുന്നതിനാലാണ് ജല്ലിക്കട്ട് എന്ന സിനിമ ഉരുവപ്പെടുന്നത്.

ഒരു ജോലിയും നാളിതുവരെ ചെയ്യാതെ, അപേക്ഷിക്കാത്ത സർക്കാർ ജോലിയുടെ അപ്പോയിന്റ്മെന്റ് ഓർഡർ കാത്തു കഴിഞ്ഞ് പിന്നീട് മാവോയിസ്റ്റ് ചമഞ്ഞ പ്രഭാകരന്റെ വീട്ടിലേക്ക് കാലൻ വർക്കി എത്തുന്നതാണ്

ജി പി രാമചന്ദ്രൻ

മാവോയിസ്റ്റിലെ ആദ്യ സന്ദർഭം. ക്ലോക്ക് സൂചി നീങ്ങുന്ന ശബ്ദ പശ്ചാത്തലത്തിൽ ആളുകൾ ഉറങ്ങുകയും ഉണർന്നു കിടക്കുകയും ചെയ്യുന്ന മൊണ്ടാഷുകളുടെ വേഗത്തിലുള്ള കട്ടുകളിൽ നിന്നാണ് ജല്ലിക്കട്ട് ആരംഭിക്കുന്നത്. ചലച്ചിത്ര നിരൂപകനായ ജി പി രാമചന്ദ്രൻ, ഈ വേഗ കട്ടുകളെ പോത്തിറച്ചി വെട്ടുന്ന വേഗതയായി നിരീക്ഷിക്കുന്നുണ്ട്.

മാവോയിസ്റ്റിൽ, സ്ഥലത്തെ കശാപ്പുകാരനായ കാലൻ വർക്കിയുടെ    കശാപ്പുശാലയിൽ നിന്ന് ഒരു പോത്തും ഒരു എരുമയും ഓടി രക്ഷപ്പെടുന്ന സന്ദർഭമാണ് ഉള്ളത്‌. രക്ഷപ്പെട്ട പോത്ത്, ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് വന്നതാണ്. ജോഗയ്യ എന്ന കർഷകന്റെ പോത്താണത്. പഠനകാലത്ത് വിപ്ലവ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞുപോയ തന്റെ മകൻ ഭാനുവിന്റെ പേര് തന്നെ അയാൾ പോത്തിനും നൽകുന്നു. ജോഗയ്യയുടെ ഭാനു, വർക്കിയുടെ കശാപ്പുശാലയിൽ നിന്ന് ഓടുന്നതാണ് മാവോയിസ്റ്റിന്റെ ആഖ്യാന കേന്ദ്രം.

സിനിമയിൽ പോത്തിന്റെ ഫ്ലാഷ് ബാക്കില്ല. ഒരു പോത്ത് കയറു പൊട്ടിച്ചോടുകയും അതിനു പിന്നാലെ ഒരു നാട് മൊത്തം ഓടുകയും ചെയ്യുന്നു എന്ന സിനിമാക്കാരുടെ ഭാഷയിലെ വൺ ലൈൻ

സഞ്ജു സുരേന്ദ്രൻ 

ആകർഷണത്തെയാണ്/ സന്ദർഭത്തെയാണ് ജല്ലിക്കട്ട് ആശ്രയിക്കുന്നത്. മാവോയിസ്റ്റിൽ പോത്തിനെ/എരുമയെ വെട്ടുന്നത് കാലൻ വർക്കി എന്ന കശാപ്പുകാരനാണ്. അയാൾക്ക് കാലൻ എന്ന വിശേഷണം ലഭിക്കുന്നത് പോത്തുമായി ബന്ധമുള്ള കാലൻ എന്ന അർഥത്തിലല്ല, മറിച്ച് അസാമാന്യമാം വിധം നീളമുള്ള അയാളുടെ കാലുകൾ കാരണമാണ്.

എന്നാൽ കാലനുമായുള്ള താദാത്മ്യത്തെ ഹരീഷ് നിരസിക്കുന്നില്ല. അതിന് കഥാകൃത്ത് കാണുന്ന സൂത്രവിദ്യ രസകരമാണ്. കശാപ്പിനായി കൊണ്ടുവന്ന മൃഗത്തിനെ നഷ്ടമായ മുൻ സന്ദർഭങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. അതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അക്കാലത്തെ കശാപ്പുകാരായ വർക്കിയുടെ അപ്പനും അപ്പന്റപ്പനും മരണം വരിക്കുന്നുണ്ട്. മരണം കാത്തു കിടക്കുന്ന അന്നാട്ടിലെ ഒരു വൃദ്ധൻ ജനലരികിൽ ഓടിയ പോത്തിനെ കാണുകയും തൽക്ഷണം മരിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ കശാപ്പിനായി വരുത്തിയ പോത്തിന്റെ മാംസ/ പണ നഷ്ടത്തേക്കാൾ അയാളെ പിന്തുടരുന്നത് ഈ മരണഭയമാണ്.

ഇവിടെയെല്ലാം ഹരീഷ്, യാദൃച്ഛികവും വിചിത്രവും അപ്പോൾ തന്ന നടന്നേക്കാവുന്നതുമായ ഒരു സന്ദർഭത്തെയാണ് സൃഷ്ടിക്കുന്നത്. നടക്കാൻ സാധ്യത കുറവെങ്കിലും പൂർണമായും തള്ളിക്കളയാനാവാത്ത കാര്യങ്ങളിലാണ് ഹരീഷ്, ഫിക്‌ഷന്റെ ചിറകു വിടർത്തുന്നത്.

മരണഭയത്തിലാണ്/ മരണഭയം കൊണ്ടാണ് പോത്തും എരുമയും ഓടുന്നത്. പുറകെ ഓടുന്ന വർക്കിക്കും, മറ്റു നാട്ടുകാർക്കും ഉള്ളതും മരണഭയം തന്നെ. ഇരയെയും വേട്ടക്കാരനെയും ചൂഴ്ന്നു നിൽക്കുന്നത് ഒരേ വൈകാരികത തന്നെയാണ്. അപ്പോൾ അവർക്ക് പരസ്പരം വെച്ചു മാറാനാവുന്നു. പോത്ത് ഇരയും ചിലപ്പോൾ വേട്ടക്കാരനുമാകുന്നു. പിന്നാലെ ഓടുന്ന ബഹുജനവും അതുപോലെ.

ഏദൻ സിനിമയിൽ  ശ്രീ നന്ദിനി

ഹിംസയുടെ ഭിന്നഭാവങ്ങളിലേക്കാണ് മാവോയിസ്റ്റും ജല്ലിക്കട്ടും ഒരുപോലെ എത്തിനോക്കുന്നത്. പോത്തോടിയ സന്ദർഭത്തെ മനുഷ്യർ ഹിംസയുടെ നടത്തിപ്പിനായി ഉപയോഗിക്കുന്നുണ്ട്. അവശ്യ സമയത്ത് പണം പലിശക്കു നൽകുന്ന തമിഴനെ പോത്തോടുന്ന ബഹളത്തിനിടയിൽ പോത്തിനു മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നത് അയാളിൽ നിന്ന് പണം വാങ്ങിയവർ തന്നെയാണ്.

തന്റെ വീടിന് ജപ്തി നോട്ടീസ് പതിച്ച ബാങ്കിലേക്ക് നക്സലൈറ്റ് പ്രഭാകരൻ പോത്തിനെ ഓടിച്ചു കയറ്റുന്നു. തന്നെ പൊലീസിനൊറ്റിയ പന്തുകളിക്കാരൻ രാമനെ, പോത്തിനെ വെടിവെയ്‌ക്കാൻ നാട്ടിലെത്തിയ കുട്ടച്ചൻ പോത്തു കുത്തും പോലെ കൂർപ്പിച്ച മരക്കമ്പുകൾ കൊണ്ട് കുത്തിക്കൊല്ലുന്നു.

കിണറ്റിൽ വീഴുന്ന പോത്തിനെയും പുൽമേട്ടിൽ ബന്തവസ്സാക്കപ്പെടുന്ന എരുമയെയും കൈയിൽ കിട്ടിയ എല്ലാ സാമഗ്രികൾ കൊണ്ടും ആളുകൾ ആക്രമിക്കുന്നുണ്ട്. ചേറിൽ പുതഞ്ഞുപോയ പോത്തിന് മുകളിലേക്ക് ആളുകൾ ഒന്നടങ്കം ആക്രോശത്തേടെ ചാടി വീഴുന്ന രംഗം ജല്ലിക്കട്ടിലുമുണ്ട്.

ആരിലാണ് ഹിംസ പ്രവർത്തിക്കുന്നത് എന്ന തീർപ്പിലേക്കല്ല, മറിച്ച് ഹിംസയുടെ ഭിന്നതകളെക്കുറിച്ചുള്ള ചിന്തയെയാണ് ഹരീഷ് കാണിയിലേക്കും വായനക്കാരിലേക്കും പ്രവഹിപ്പിക്കുന്നത്.

മനുഷ്യൻ മൃഗമായും മൃഗം മനുഷ്യനായും ഉള്ള വെച്ചുമാറൽ പ്രത്യക്ഷത്തിൽ ജല്ലിക്കട്ടിലോ മാവോയിസ്റ്റിലോ ഇല്ല. എന്നാൽ അടിസ്ഥാനപരമായി അഥവാ ഹിംസാപരമായി ഈ വെച്ചുമാറൽ സംഭവിക്കുന്നുണ്ട്. മാവോയിസ്റ്റ് എന്ന കഥ ഒരു സിനിമക്കായി കുറെ ഇമേജുകളെ തുറന്നിടുന്നുണ്ട്.

ഇമേജുകൾക്കൊപ്പം ഒരു ശബ്ദപഥത്തെക്കൂടി മാവോയിസ്റ്റ് തുറക്കുന്നു. നിശ്ചയമില്ലാത്തതും വ്യക്തമല്ലാത്തതും ഉയർന്നതുമായ ഒരു ശബ്ദശൃംഖല (commotion) മാവോയിസ്റ്റിനെ ചൂഴ്ന്നു നിൽപ്പുണ്ട്. ഈ ശബ്ദത്തെ കേൾക്കുന്നതുകൊണ്ട് കൂടിയാണ് മാവോയിസ്റ്റ് ജല്ലിക്കട്ട് എന്ന സിനിമയായി പരിഭാഷപ്പെടുന്നത്.

പോത്തിനെ പിടിക്കാൻ വലിയ ബഹളത്തോടെയാണ് ബഹുജനം പായുന്നത്. പോത്തോടിയതിൽപിന്നെ നിശ്ശബ്ദമായ ആ ഗ്രാമത്തിന് ഒച്ചയുടെ വലിയൊരാവരണം എടുത്തണിയേണ്ടി വരുന്നു. പിന്നീടവർ വലിയ ശബ്ദത്തിലാണ് പരസ്പരം സംസാരിക്കുന്നത് പോലും. ഭീതിയിലും വെറുപ്പിലും ഹിംസയിലും പൊതിഞ്ഞ വലിയ ശബ്ദം. പോത്തിനെക്കാൾ കൂടുതൽ സമയം ഓടുന്നത് ബഹുജനമാണ്. ചിലർ ലക്ഷ്യം വെച്ചും, മറ്റു ചിലർ ലക്ഷ്യമില്ലാതെയും. കിണറ്റിൽ വീണ പോത്തിനെ എടുക്കാൻ ശ്രമിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്.

ഒരു ഉത്സവപ്പറമ്പിനെ ദ്യോതിപ്പിക്കുന്ന സീൻ. ആളുകൾ കൂട്ടം കൂടി പല വിനോദങ്ങളിലും മദ്യപാനത്തിലും വരെ ഏർപ്പെടുന്ന ഒരു വലിയ പശ്ചാത്തലം. പോത്ത് ഓടി നാടിനെ മൊത്തം വിറപ്പിച്ച സന്ദർഭത്തിന്റെ ക്ലൈമാക്സിനെ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിൽ നിസ്സംഗതയോടെയാണ് നാട്ടുകാർ സമീപിക്കുന്നത്.

മലയോര ഗ്രാമപ്രദേശങ്ങൾ അടക്കം ഗ്രാമത്തിന്റെ നൈർമല്യം, വിശുദ്ധി, നന്മ തുടങ്ങിയ വ്യാജവും യാഥാർഥ്യത്തിൽനിന്ന് അകന്നതും അടർത്തിയതുമായ ചില മധ്യവർഗാനുഭൂതികളെ ഉപജീവിച്ചുകൊണ്ടു മാത്രമേ ഗ്രാമത്തെ ഒരു പരിസരമാക്കി ചിത്രീകരിക്കാൻ മുഖ്യധാരാ സിനിമ ശ്രമിച്ചിട്ടുള്ളു. എന്നാൽ ഇവിടെ, ഹിംസയുടെ ഒരു സന്ദർഭത്തിനായി കാത്തുകെട്ടിക്കിടക്കുന്ന നാട്ടുവാസികളെ ഹരീഷ് ആവിഷ്കരിക്കുന്നു. കയറു പൊട്ടിച്ച് പോത്തോടുമ്പോൾ ബഹുജനത്തിന്റെ ഹിംസയും കെട്ടുപൊട്ടിച്ചോടുന്നു.

‘ചുരുളി’ യിൽ നിന്ന്‌ 

ഹിംസയുടെ ഈ ഭിന്നഭാവത്തെ ഫലപ്രദമായി സംയോജിപ്പിച്ച മറ്റൊരു ചിത്രം അദ്ദേഹം വിനോയ് തോമസുമൊത്ത് എഴുതി, ലിജോ ജോസ് പല്ലിശ്ശേരി തന്നെ സംവിധാനം ചെയ്ത ചുരുളി എന്ന ചിത്രമാണ്. ചുരുളിക്കും കേരള രാജ്യാന്തര മേളയിൽ വലിയ തിരക്ക് അനുഭവപ്പെട്ടു.

ജല്ലിക്കട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ മൂന്ന് ചിത്രങ്ങളിലും എസ് ഹരീഷ് തിരക്കഥയിൽ പങ്കാളിയോ തിരക്കഥാകൃത്തോ ആണ്. ഈ മൂന്ന് ചിത്രങ്ങളും കേരള രാജ്യാന്തരമേളയുടെ ചരിത്രത്തിലെ തന്നെ മലയാള സിനിമയ്ക്ക് ലഭിച്ച വലിയ സ്വീകാര്യതയുടെ നാഴികക്കല്ലുകളാണ്.

യുവാക്കളും യുവതികളും അടങ്ങിയ യുവതലമുറയാണ് ഈ ചിത്രങ്ങൾ കാണാൻ വലിയ ക്യൂ ഉരുവപ്പെടുത്തിയത്. ഈ യുവതലമുറയുടെ മുൻതലമുറയോടും ഇവരോടും അനായാസകരമായി അയാൾ ഇടപെടുന്നു.

ചുരുളി എന്ന സാങ്കൽപ്പികമായ ഒരു കാടിനകത്തുള്ള സെറ്റിൽമെന്റിലേക്കാണ് ഷാജീവൻ, ആന്റണി എന്നീ രണ്ട് അണ്ടർകവർ പൊലീസുകാർ വരുന്നത്. ചുരുളിയെ mainland  മായി ബന്ധിപ്പിക്കുന്നത് പൊട്ടിവീഴാറായ ഒരു പാലമാണ്.

ആ പാലം കടക്കുന്നതോടുകൂടി mainland ൽ നിന്നും പൊതുസ്വഭാവത്തിൽ നിന്നും ആളുകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയോ അവരവരുടെ സ്വത്വത്തിലേക്ക് മാറുകയോ ചെയ്യുന്നു. ഷാജീവനും ആന്റണിയും തങ്ങൾ സഞ്ചരിച്ച ജീപ്പിൽ അതുവരെ കണ്ട അതിസാധാരണക്കാരായ മനുഷ്യരെയല്ല പാലം കടന്നുകഴിഞ്ഞപ്പോൾ കാണുന്നത്. അവർ കൂടുതൽ ഹിംസാത്മകമായ മനുഷ്യരൂപങ്ങളായി മാറിയിരിക്കുന്നു.

ഷാജീവനും ആന്റണിയും മൈലാടും പറമ്പിൽ ജോയി എന്ന കുറ്റവാളിയെ തിരഞ്ഞാണ് ചുരുളിയിൽ എത്തുന്നത്. ജോയി എന്നയാൾ ചെയ്ത കുറ്റം ബാലപീഡനവും കാട്ടുമൃഗങ്ങളെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു എന്നതാണ്. സിനിമയുടെ വഴിയിൽ ഷാജീവൻ ഒരു ചെറിയ പയ്യനെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വ്യക്തമായ സൂചനയുണ്ട്.

ആന്റണി വെടിയിറച്ചിക്കായി കാട്ടിൽ പോവുകയും വേട്ടയാടുകയും ചെയ്യുന്ന രംഗവും ഉണ്ട്. മയിലാടും പറമ്പിൽ ജോയ് എന്ന ക്രിമിനലിൽ ആരോപിക്കാവുന്ന രണ്ടു കുറ്റങ്ങളും അയാളെ തേടി വന്ന പൊലീസുകാരും ചെയ്യുന്നുണ്ട്. കള്ള് ഷാപ്പാണ് ചുരുളിയുടെ ഒരു മധ്യകേന്ദ്രം. അവിടെയുള്ള എല്ലാ ആളുകളും ഷാപ്പിലാണ് ഒത്തുകൂടുന്നത്. ഇതേ ഷാപ്പ് തന്നെ ഒരു അവസരത്തിൽ പുണ്യകർമങ്ങൾ നടക്കുന്ന പള്ളിയും അൾത്താരയും ആയി മാറുന്നുണ്ട്.

ഇങ്ങനെ തിന്മയുടെ കലർപ്പുകളെ അതി സൂക്ഷ്മവും അത്ഭുതകരവുമായി കണ്ണിചേർക്കുന്നുണ്ട് ചുരളിയിൽ. ചൂണ്ടക്കാരനിലെ ചൂണ്ടക്കാരനെ പോലെ തന്നെ അനിശ്ചിതത്വങ്ങളും അസ്ഥിരതകളും യാഥാർഥ്യമെങ്കിലും യാഥാർത്ഥ്യത്തിൽ നിന്ന് അകന്നതുമായ സന്ദർഭങ്ങളെയാണ് ചുരുളിയിലും ആവിഷ്കരിക്കുന്നത്. രാവണൻ കോട്ടയായേക്കാവുന്ന ഒരു കഥാഖ്യാനത്തെ ലളിതമായി അവതരിപ്പിക്കുന്ന രീതി ചുരുളിയിലും ഹരീഷ് പിന്തുടരുന്നു.

ഹിംസയുടെ വിചിത്രമായ ഒരു അനുഭവത്തെ ചുരുളിയിൽ നിവർത്തിയിടുന്നുണ്ട് ഹരീഷ്. ചിത്രത്തിൽ ഒരു രംഗത്തിൽ ഇവിടെ എല്ലാവരും ക്രിമിനലുകളാണ് എന്ന് ഷാജീവൻ പറയുന്നുണ്ട്. ഒരു പൊതു യുക്തിയിൽ അല്ലെങ്കിൽ mainland  യുക്തിയിൽ അത് ശരിയായി നമുക്ക് തോന്നാം. എന്നാൽ ചുരുളിയെ സംബന്ധിച്ച് mainland  ൽ നിന്നുവന്ന ഷാജീവനും ആന്റണിയും ആണ് ക്രിമിനലുകൾ. രണ്ടുതരം അന്യതകളെയും രണ്ടുതരം ഉൾപ്പിരിവുകളെയും ഒരേ പരിസരത്ത് ആഖ്യാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളെയും യാദൃച്ഛികതകളെയും ഒരു മുത്തശ്ശിക്കഥയുടെ ലാഘവത്തിൽ പറഞ്ഞുവെയ്‌ക്കുന്നത് ഹരീഷ് എന്ന കഥ പറച്ചിലുകാരനിലേ വഴക്കമാണ്.

കഥയിലും സിനിമയിലും ഇക്കാലംകൊണ്ട് പ്രീതിയാർജ്ജിച്ച ആഖ്യാനങ്ങളോട് ആശ്രയമോ നിരാശ്രയമോ ഹരീഷിനില്ല. സാധാരണത്വത്തിൽ അസാധാരണത്വത്തെയും യാഥാർഥ്യത്തിൽ അയഥാർഥത്തെയും അയാൾ കഥയിലൂടെ പരിഭാഷപ്പെടുത്തുന്നു. യാഥാർഥ്യത്തിൽ നിന്ന് അല്പം അകന്നു നിൽക്കുന്ന മറ്റൊരു യാഥാർഥ്യത്തിൽ ഫിക്‌ഷന്റെ രസകരമായ നൂലുകളെ കണ്ടെടുക്കുന്ന കഥാകാരനാണ് എസ് ഹരീഷ്.

തനിക്ക് പരിചിതമായതും അപരിചിതമായതും ആയ സന്ദർഭങ്ങളെ ഒരേ അളവിൽ ഹരീഷ് കഥകളിൽ നിറയ്ക്കുന്നു. നമുക്ക് പരിചിതമല്ലെങ്കിൽ കൂടിയും പരിചിതമായേക്കാവുന്ന ഒരു പരിസരവും സന്ദർഭവും ഹരീഷിനെ വായനക്കാരിലേക്ക് അടുപ്പിക്കുന്നു. അപ്പോൾ തന്നെ ഏറ്റവും ലളിതമായ കഥയുടെ നീരുറവയെ ഹരീഷ് നിരന്തരം തുറന്നുവിടുന്നു.

തനിക്ക് പരിചിതമായതും അപരിചിതമായതും ആയ സന്ദർഭങ്ങളെ ഒരേ അളവിൽ ഹരീഷ് കഥകളിൽ നിറയ്ക്കുന്നു. നമുക്ക് പരിചിതമല്ലെങ്കിൽ കൂടിയും പരിചിതമായേക്കാവുന്ന ഒരു പരിസരവും സന്ദർഭവും ഹരീഷിനെ വായനക്കാരിലേക്ക് അടുപ്പിക്കുന്നു. അപ്പോൾ തന്നെ ഏറ്റവും ലളിതമായ കഥയുടെ നീരുറവയെ ഹരീഷ് നിരന്തരം തുറന്നുവിടുന്നു.

പുതിയ കാലത്തിനോടും അത് ആവശ്യപ്പെടുന്ന ആഖ്യാനത്തോടും എളുപ്പത്തിൽ എഴുത്തുകാരൻ ലയിക്കുന്നു. കഥയുടെയും സിനിമയുടെയും സന്ദർഭത്തിലേക്ക് വിദഗ്ധനായ ഒരു ചൂണ്ടക്കാരനെപ്പോലെ അയാൾ ചൂണ്ട എറിയുന്നു. ഒട്ടും കാത്തിരിപ്പിക്കാതെ കാണിയും വായനക്കാരും ആ ചൂണ്ടയിൽ കൊളുത്തുന്നു. കഥ പറച്ചിലിന്റെ ഈ ലളിത സൂത്രവാക്യമാണ് എസ് ഹരീഷിനെ പ്രസക്തമാക്കുന്നത്. വായനയുടെ തുറവിക്ക് വിരാമങ്ങളും വിലങ്ങുകളും നിഷേധിക്കുകയും നിരസിക്കുകയും ചെയ്യുന്ന രസവിദ്യ കൊണ്ട് തന്നെ ഹരീഷിന്റെ കഥ പറച്ചിൽ കേൾക്കാൻ വലിയ പ്രതീക്ഷയോടെ വലിയൊരു കൂട്ടം കാത്തിരിക്കുന്നു.

(ദേശാഭിമാനി വാരികയിൽ നിന്ന്) 

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive