Wednesday, September 11, 2024

മഹാകവി ചങ്ങമ്പുഴയുടെ ജന്മദിനമാണ് ഒക്ടോബർ പത്താംതീയതി

*മഹാകവി ചങ്ങമ്പുഴയുടെ ജന്മദിനമാണ് ഒക്ടോബർ പത്താംതീയതി* ഏറെക്കുറെ പൂർണ്ണമായ കൃതികൾ ഇവിടെ കാണാം - https://postimg.cc/ZCbMMKYK ഒരു മേഘ ജ്യോതിസ്സുതന്നെയായിരുന്നു ചങ്ങമ്പുഴ—കേരളമൊട്ടാകെ പ്രകാശംവീശിയ ഒരു ക്ഷണപ്രഭാവിളയാട്ടം. ഏതാണ്ടൊരത്ഭുതം തന്നെയായിരുന്നു അതു്—ആ വരവും വിലാസവും വിലയവും. മുപ്പത്താറെണ്ണുന്നതിനു മുൻപേ, ആ നന്മ നിറഞ്ഞ ഹൃദയം നിഷ്പന്ദമായിപ്പോയി! കീറ്റ്സ് ഇരുപത്തിയഞ്ചിൽ മരണമടഞ്ഞു. ഷെല്ലി യും ബയറണും നാൽപതു തികച്ചില്ല. ചങ്ങമ്പുഴ യും അവരുടെ ചേരിയിൽ ചേർന്നു. അസാധാരണമായ വളർച്ച അൽപ്പായുസ്സിൽ അവസാനിക്കുമായിരിക്കാം. ഒറ്റക്കുതിപ്പുകൊണ്ടു്, ഇങ്ങനെ ഇടവും വലവും നോക്കാതെ പെട്ടെന്നു ജനഹൃദയങ്ങളിലേയ്ക്കു പാഞ്ഞുചെന്ന മറ്റൊരു കവിയുണ്ടെന്നു തോന്നുന്നില്ല. കൗമാരദശ കഴിഞ്ഞപ്പോഴേയ്ക്കും ഉണ്ടായ ആ ഒറ്റക്കുതിപ്പാണു് രമണൻ. “ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ പാരിൽ പരക്ലേശവിവേകമുള്ളൂ” എന്ന ചൊല്ലു് ചങ്ങമ്പുഴയെ സംബന്ധിച്ചിടത്തോളം നൂറുശതമാനവും അർത്ഥവത്താണു്. ഇത്ര സ്വാഭാവികമായി ആർജ്ജവസുന്ദരമായ മനസ്സോടെ പരക്ലേശവിവേകം പ്രകാശിപ്പിച്ചിട്ടുള്ളവർ ചുരുക്കമാകുന്നു. ജീവിത ക്ലേശങ്ങളുള്ള ഒരു സാഹിത്യകാരൻ തിരുവിതാംകൂർ ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനുള്ള പദ്ധതികളാലോചിച്ചു ഞാനുൾപ്പെടെ പലരും കാലം നീട്ടിക്കൊണ്ടിരുന്നു. ചങ്ങമ്പുഴ പദ്ധതിനിർമ്മാണത്തിനൊന്നും കാത്തിരുന്നില്ല. ഉടൻ അയച്ചു കൊടുത്തു അപ്പോൾ കൈവശമുണ്ടായിരുന്ന നൂറുരൂപ. “ഒന്നുകിൽ ഈശ്വരൻ അല്ലെങ്കിൽ രാജാവു്, അതുമല്ലെങ്കിൽ പൂർവ്വ സൂരികൾ—ചിലപ്പോൾ ഇവരെല്ലാംതന്നെ ഒത്തു ചേർന്നൊരു സംഘമായി സാഹിത്യകാരന്റെ മുൻപിലങ്ങനെ വിലങ്ങടിച്ചുനിൽക്കുന്നു! അവരെ കാണാത്ത ഭാവംനടിച്ചു കടന്നുപോകാനുള്ള കരൾക്കരുത്തു സാഹിത്യകാരനുണ്ടാകുന്നില്ല. കാവടിപോലെ വളഞ്ഞുപൊങ്ങുന്ന ആ നട്ടെല്ലു കാമ്യമായ വിനയത്തിന്റെ വിജയദണ്ഡമായി വാഴ്ത്തപ്പെടുകയും ഗതാനുഗതികരായ ആരാധകന്മാരാൽ ആ മാമൂൽതന്നെ തുടർച്ചയായി ആവർത്തിക്കപ്പെടുകയും ചെയ്യുന്നു.” കോട്ടയത്തുവച്ചു നടന്ന പുരോഗമനസാഹിത്യസമ്മേളനത്തിൽ ചങ്ങമ്പുഴ വായിച്ച അധ്യക്ഷ പ്രബന്ധത്തിലെ ഒരു ഭാഗമാണിതു് അദ്ദേഹത്തിന്റെ വിചാര ഗതിയുടെ സ്വഭാവവും സ്വത്രന്തതയും ആ പ്രബന്ധത്തിൽ ആദ്യന്തം പ്രതിഫലിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ സുമധുരഗാനങ്ങൾക്കു മാറ്റുകൂട്ടുവാനും ഈ സ്വതന്ത്ര ചിന്ത ഉപകരിച്ചിട്ടുണ്ടു്. വിഷാദാത്മകങ്ങളായ പ്രണയഗാനങ്ങൾകൊണ്ടുമാത്രം തൃപ്തിപ്പെടാതെ അദ്ദേഹം കൊള്ളരുതാത്തതൊക്കെ ‘ചുട്ടെരിക്കാൻ’ കൂടി സന്നദ്ധനായതു് ഇതുകൊണ്ടാണു്. [അവലംബം - ചങ്ങമ്പുഴ—ഒരനുസ്മരണം / കുറ്റിപ്പുഴ കൃഷ്ണപിള്ള]

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive