Tuesday, September 10, 2024

ഓണം - ഓണാഘോഷം

എല്ലാ ആഘോഷങ്ങളും നല്ലതാണ്; വിശിഷ്യാ ഓണാഘോഷം. ഓണം തന്നെ എല്ലാരും ഒന്നുപോലെ എന്നാണല്ലോ - ഒന്നിനും കുറവില്ലാത്ത കാലം വരട്ടെ; പക്ഷെ അതുവരെ ഒന്നിന് പോലും ഇല്ലാത്തവരെയും സ്മരിക്കണം. എന്തെങ്കിലുമൊക്കെ അവരുമായി പങ്കുവെക്കേണ്ടേ ? ANTC യും ചെയ്തു / ചെയ്യുമെന്നുതന്നെ കരുതാം, കാരണം അവർ നമ്മുടെ തുടക്കമാണ്, താങ്ങാണ്, തുണയാണ്. ആഘോഷങ്ങൾ വെറും സ്വയാഘോഷങ്ങളാവുന്ന കാലമാണിത് - അവനവനിലേക്ക് മാത്രമായി ചുരുങ്ങുന്ന സെല്ഫിക്കാലം. ചരിത്ര-പ്രകൃതി-നിർമ്മിത ദൃശ്യങ്ങൾപോലും പൃഷ്ടംകാട്ടിയാണ് പടമെടുപ്പ്. ചരിത്രാതീതകാലംതൊട്ട് ആഘോഷങ്ങൾ ഒന്നിച്ചൊന്നായി, കൂട്ടമായി കൂട്ടരുമായി, കൂട്ടംകൂടിയാണ്; ആരെയും ഒഴിവാക്കാറില്ല. ചേരാൻ കഴിയാത്തവർക്ക് നല്കിയിട്ടാണ് ആഘോഷക്കാർ സ്വയംഭുജിക്കാറ്. അടിച്ചു പൊളിച്ചു തീർക്കുന്നതിന്റെ, കുടിക്കുംതീനിക്കും വകയിരുത്തുന്നതിന്റെ ഒരു ചെറിയപങ്ക് അതൊന്നുമില്ലാത്തവന്റെ അവകാശമായി കാണാൻ തുടങ്ങണം. ഇത് പറയണം, ആവശ്യപ്പെടണം, ഇല്ലെപിന്നെ നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വാതോരാതെ ഊറ്റംകൊള്ളുകയും സ്വന്തം അപ്പനപ്പൂപ്പഅമ്മൂമ്മമാർ ആ കാലങ്ങളിൽ എന്തെടുക്കുകയായിരിന്നു എന്നന്വേഷിക്കാത്ത പോലെ തുടരാം. ഓണത്തിനെ കുറിച്ചുള്ള അത്ര പതിവില്ലാതെ ആലോചനകൾ ഇങ്ങനെയൊക്കെയാണ്:- ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എന്‍.വി കൃഷ്ണവാര്യര്‍ പറഞ്ഞുവെച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസീറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ഗോത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസീറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്കുമുമ്പ് തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടുകൂടിയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി തെളിവായി സൂചിപ്പിക്കുന്നുണ്ട്. മലബാര്‍ മാന്വലിന്റെ കര്‍ത്താവ് ലോഗന്റെ അഭിപ്രായത്തില്‍ എ.ഡി 825 മുതലാണ് ഓണം ആഘോഷിച്ചുതുടങ്ങിയത്. മഹാബലിയുടെ ഓര്‍മക്കായ് ഭാസ്‌കരന്‍ രവിവര്‍മ്മയാണ് ഇത് ആരംഭിച്ചതെന്നും ലോഗന്‍ അഭിപ്രായപ്പെടുന്നു. കേരളചരിത്ര കര്‍ത്താവ് കെ.കെ കൃഷ്ണപിഷാരടി എ.ഡി 620നും 670നും ഇടയില്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരി അല്‍ബിറൂണിയും 1154ല്‍ വന്ന ഈജിപ്ഷ്യന്‍ സഞ്ചാരി അല്‍ ഇദ്‌രീസിയും 1159ല്‍ ഫ്രഞ്ച് സഞ്ചാരി ബെഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്. പതിനാലം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഉണ്ണുനൂലി സന്ദേശത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദ്ദണ്ഡ ശാസ്ത്രികളുടെ കൃതികളിലും ഓണത്തെകുറിച്ച് പരാമര്‍ശമുണ്ട്. 1286ല്‍ മതപ്രചരണാര്‍ഥം കേരളത്തിലെത്തിയ ഫ്രയര്‍ ഒഡോറിക്കും 1347ല്‍ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവുകളെപ്പറ്റി തങ്ങളുടെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. വറുതിയുടെ നാളുകള്‍ക്ക് ശേഷം വൈദേശിക നാവികര്‍ നാട്ടിലെത്തുന്നതിനോടുള്ള സന്തോഷ സൂചകമായി സംഘടിപ്പിക്കുന്ന ചടങ്ങാണിതെന്നും അതിന്റെ സ്വഭാവം പഠനവിധേയമാക്കിയാല്‍ ബോധ്യപ്പെടും. കേരളത്തില്‍ പണ്ടുമുതല്‍ക്കേ ഇടവമാസം മുതല്‍ കര്‍ക്കിടകം അവസാനിക്കുന്നത് വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങള്‍ നടക്കുമായിരുന്നില്ല. ഇത് മൂലം കുരുമുളക് നശിച്ചു പോവുമെന്നതിനാലും കപ്പലുകള്‍ക്ക് സഞ്ചാരം ദുഷ്‌കരമാകുമെന്നതിനാലും കപ്പലോട്ടവും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇടപെടലുകളും നിര്‍ത്തിവെക്കും. കപ്പലുകളെല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളില്‍ കാത്തിരിക്കും. പിന്നീട് വ്യാപാരം ആരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോടുകൂടിയാണ്. സാഹസികരായ നാവികര്‍ വിദേശത്ത് നിന്ന് പൊന്നുകൊണ്ടുവരുന്നതിനെ സൂചിപ്പിക്കാനായാണ് ഇക്കാലത്ത് പൊന്നിന്‍ ചിങ്ങമാസം എന്നു പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകളാണ്. ചിങ്ങമാസത്തിലെ പൗര്‍ണമി നാളില്‍ കപ്പലുകള്‍ കടലിലിറക്കുന്നതും നാളികേരവും പഴങ്ങളും കടലിലെറിഞ്ഞ് ആഹ്‌ളാദം പങ്കുവെക്കുന്നതും വിദേശവ്യാപാരികളെ സ്വീകരിക്കുന്നതുമായ സംഭവങ്ങള്‍ അകനാനൂറ് എന്ന കൃതിയില്‍ വായിക്കാന്‍ കഴിയും.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive