*ഇതും ഒരു പഴയകാല ഓർമ്മ*
റിയാദ് ക്ലബ് - ഇന്നത്തെ കാല്പന്തുകളി ക്ലബ്ബല്ല.
മുപ്പത് കൊല്ലം മുൻപ്, അന്നത്തെ റിയാദ് നഗരപരിധിയിൽ നിന്നൊരു മുപ്പത് കിലോമീറ്ററോളം ദൂരെ, ഒളിമ്പിക് സൈസ് നീന്തൽ കുളംവരെ ഉണ്ടായിരുന്ന ഒരു സ്പോർട്സ് ക്ലബ്, അല്ലേൽ ഇന്നത്തെ ജിം !
അംഗത്വം വേണം അവിടെത്തെ സൗകര്യങ്ങൾ ഉപയോഗിക്കാൻ - സ്ക്വാഷ് / ടെന്നീസ് / ക്രിക്കറ്റ് / അത്ലറ്റിക്സ് എന്നുവേണ്ട എല്ലാ അൽഗുൽത്തുകളും, അന്താരാഷ്ട്ര സൗകര്യങ്ങളോടെ. അംഗത്വം സൗജന്യവും.
ഇത്രയും ദൂരം അന്ന് പോയിവരിക എളുപ്പവുമല്ല, സ്വന്തമായിട്ടൊരു കാറുമില്ല.
അപ്പോപ്പിന്നെ ശരണം കൂട്ടുക്കാർ തന്നെ.
കിട്ടി ഒരുത്തനെ, ദില്ലിവാലാ - സെയിൽസിൽ ജോലി, നാല് മണിയോടെ ഓന്റെ പണികഴിയും [ആ പണിയല്ല], ഏറെക്കുറെ ഈയുള്ളവന്റെയും. പിന്നെ ഒരു വിടലാണ് റിയാദ് ക്ലബ്ബിലേക്ക് - ഔൻ ഓടിക്കും, പാട്ടുംകേട്ട് അങ്ങനെയിരിക്കും. പിന്നെ കുറേശ്ശ കുറേശ്ശ എന്നെ അത്യാവശ്യ അറബിയും, എഴുത്തും വായനയുമൊക്കെ അവൻ പഠിപ്പിക്കും, മിക്കവാറും കമ്പനി ബോർഡുകൾ വായിപ്പിച്ച്. രാജീവ് എന്നായിരുന്നു പേര്, അൽ അലാലി ബ്രാന്റായിരുന്നു വിറ്റിരുന്നത് എന്നാണ് ഓർമ്മ. പിന്നീട് ഔനുമായി ഒരു സൗദി പൗരനെ കാണാൻ പോയി, ഇന്ത്യയിലെ മുന്തിയിനം ചില മസാലപ്പൊടികൾ ഇറക്കുമതി ചെയ്തു വിൽക്കാൻ. ആരുടെയോ പുണ്യത്തിന് ആ ചർച്ചകൾ കാര്യമായ പുരോഗതിയുണ്ടാക്കിയില്ല, ഭാഗ്യം !
രാജീവ് കമ്പനിയുടെ നേരിട്ടുള്ള സെയിൽസ് മാനേജരാണ്. ടൈ കെട്ടണമെന്ന് നിഷ്കർഷ കഫീലിന്. ഈയുള്ളവന് കണ്ടകൗപീനത്തിന്റെ ആദ്യകുരുക്കുകൾ വശമാക്കിത്തന്നതും ആ പഹയൻ തന്നെ ! ഒരുദിവസം, ചൂടുകാരണം, നെക്‌ടൈ അഴിച്ചുവെച്ച് ആപ്പീസിലേക്ക് കയറിയ രാജീവിനെ സ്വീകരിച്ചത് എംഡിയായ കഫീൽ - പോരെപൂരം. അറിയാവുന്ന എല്ലാഭാഷയിലും ആവശ്യത്തിനും അനാവശ്യത്തിനും ചീത്തകേട്ടൂ - ടൈ എന്നമാരണത്തിന്റെ കച്ചവടസാധ്യതകളെക്കുറിച്ചൊരു ക്‌ളാസുംകിട്ടി. ടൈ ഇട്ടാൽ മാന്യതയും കച്ചവടവും വർധിക്കുമെന്നുള്ള പുത്തനറിവും ലഭിച്ചൂ രാജീവിന്. ആമീൻ.
പിറ്റേദിവസം ആപ്പീസിൽ ഞെട്ടിയത് കഫീലിനാണ് ! രാവിലത്തെ പ്രീസെയിൽസ് മീറ്റിംഗ് കഴിഞ് ഇറങ്ങിയ രാജീവിന്റെ പിന്നിലുമൊരു നെക്ടൈ ! തിരിച്ചു വിളിച്ച എംഡിയോട് ഒരു കൂസലുംകൂടാതെ രാജീവ് പറഞ്ഞു, സെയിൽസും മാന്യത്തെയും ഇരട്ടിക്കാനുള്ള വിദ്യ പരീക്ഷിച്ചതാണെന്ന്. കച്ചവടത്തിൽ ഒരുകുറവും വരുത്താത്ത മിടുക്കനായതിനാൽ പണിപോയില്ല.
പിന്നീട് ഔന് കല്യാണമായി, ദില്ലിക്കാരി സുന്ദരി. വരവും കാണലും കുറഞ്ഞു. പെണ്ണുകെട്ടിയാൽ അങ്ങനെയൊക്കെത്തന്നെ വേണമല്ലോ ? അതാണല്ലോ നാട്ടിലെ നടപ്പ്, ഓട്ടം, ഇരിപ്പ്. എനിക്കൊരു നല്ലസുഹൃത്തും ഡ്രൈവറും നഷ്ടമായി. കുടുംബവുമായി പിന്നെ നടരാജ സർവീസ് തന്നെ. രാജീവ് നല്ലവനായിരിന്നു, പെട്രോൾ പോലും അടിക്കാനുള്ള കാശ് മേടിക്കാറുണ്ടായിരുന്നില്ല.
എവിടെയോ എന്തൊരോ അവനിപ്പോ ?! ഏതിനും ഇതുവായിക്കാൻ സാധ്യതയില്ല, പിന്നെ മലയാളത്തിലാണ് എന്ന സമാധാനവും.
പിന്നീട് കുറച്ചുകഴിഞ് റസൂലും കെകെയുഎച് മുരളീധരനും പിടികൂടി. വല്ലാണ്ട് മുറുക്കി വരിഞ്ഞു, വാരിപ്പുണർന്നു, ഒരൊന്നര തരം ദൃതരാഷ്ട്രാലിംഗനം ! പിന്നീട് റിയാദ് ക്ലബ് പോയിട്ട്, ഭാര്യയെയും കുട്ടികളെയും വരെ നേരെചൊവ്വേ കാണാൻ പറ്റിയിട്ടില്ല.
---
പിൻകുറിപ്പ് - സംഘടനാ നേതാകാളെയൊക്കെ കൊണ്ടുപോയി തല്ലുവാങ്ങികൊടുത്ത കഥ ഇതുവരെയാരും എഴുതിയോ പറഞ്ഞോ പാടിയോ കണ്ടില്ല ?!
No comments:
Post a Comment