Sunday, August 18, 2024

നൂറും അറുപതും

 

*നൂറും അറുപതും*


ചേർന്നാൽ നൂറ്റിയറുപത് - തേജസ്സ് ടോസ്ട്മാസ്റ്റേഴ്സ് [ടോ.മാ. എന്ന് ചുരുക്കം] യോഗം - വീണ്ടും ഒരുയോഗം ! യോഗവൈഭവം.



മീരാൻ ഇബ്രാഹിമാണ് യോഗത്തിലെ പ്രധാന  ടോ.മാ. [ പ്രടോമാ എന്നാവാം ചുറുക്കികെട്ടേണ്ടത്].


ഇത്രയും പേർ പങ്കെടുത്തു, ആവശ്യത്തിന് അതിഥികളും, അനൂപ് അനിലിനെ വരെ അതിഥി ദേവോഭവ: ആക്കി. വീണ്ടും വീണും വരുന്ന അതിഥികളെ അംഗങ്ങളാക്കണം എന്നാണ് നിധിൻ പ്രവാച: അനൂപാദി-അബ്‌ദുൾ-ശബരീഷ്-ഷൈനുകൾ ഒന്നിച്ചു ശ്രവിച്ചനുസരിക്കണമെന്നപേക്ഷ. അതാണ് ജെന്നിസിന് പറ്റിയപെറ്റ്; എന്നിട്ടോ ഉടൻ തന്നെ vpe വിളിച്ചൊരു പതക്കവും കൊടുത്തു "പദപരിചയനിപുണൻ".


*അധികാരാനുരാഗം* എന്നായിരുന്നു വിഷയം.  ഒരാളും ഇതുവരെ കേട്ടിട്ടില്ല, ഇനിയൊട്ടു അങ്ങോട്ട് കേൾക്കുകയുമില്ല എന്നവിധത്തിലൊരു ഐതീഹ്യമാലാകഥകളിലെ മാതങ്കവീരന്മാരെ കുറിച്ചുപറയുംപോലെ - പക്ഷെ വിഷയം പറഞ്ഞുവന്നപ്പോൾ ചിലയിടങ്ങളിലും ചിലർക്കെങ്കിലുമൊക്കെ ചിലതൊക്കെ മിന്നി, മിന്മിനി, മിഴിരണ്ടിലും.  പ്രടോമാക്ക് വാചകത്തിലും കസർത്തിലും നർമ്മോയുക്തിയിലും പണ്ടേക്കുറവില്ല; ആവശ്യത്തിന് ആവശ്യമുള്ളസ്ഥലത്ത് വേണ്ടവണ്ണമിട്ട് കലർത്തി, കളരിപ്പയറ്റും കളരിക്ക്പുറത്തും ചിലാശാന്മാരുടെ നെഞ്ചത്തുമൊക്കെ കുതിയുംകയറ്റിയും തൻ്റെ  പ്രടോമാപണി ഏറെക്കുറെ ഭംഗിയാക്കി, ഭംഗമില്ലാതെയാക്കി, ഭാസുരമാക്കി, മീരാപ്രഭുവിന്റെ ഭാസുരി പോലും ................എന്തൊആക്കി.  ഒരുപ്രാസത്തിനുപറഞ്ഞതായി, അങ്ങനെപൊതിഞ്ഞും പതുക്കനെപതുങ്ങിയുമാണ് പറയേണ്ടത് എന്ന് ടോ.മാ. നിർബന്ധനിബന്ധനാപ്രസൂതികാവിവരണം.


കാലഭൈരവനായി സകലതിനെയും  സകലരെയും നിലംപരിശ്ശാക്കുന്ന ഏർപ്പാട് മിഥുനം, കർക്കിടകം, ചിങ്ങംവരെ മിന്നിക്കാവുന്ന അലങ്കാരചായങ്ങളുള്ള കണ്ണാടിവീർപ്പിച്ചഗോളങ്ങളുമായി vpe ഇടയ്ക്കിടെ തിളങ്ങി.  മിടുക്കൻ, മിടുമിടുക്കൻ, മിട്ടായിമോഹറൻ ! ഒരെണ്ണത്തെയും പുറത്താകാതെ കാത്തുരക്ഷിച്ചു;  കരുണാകരൻ, ആശ്രിതവത്സൻ, കണ്ണിലും മെയ്യിലും ചുടുചോരയുള്ളവൻ - പയ്യൻ.  എന്തൊക്കയോനെ കാത്തിരിക്കുന്നവോആവോ ?



പിന്നെ തയ്യാറായി, തയ്യാറാക്കിയ പ്രസംഗങ്ങളുമായി പ്രശാന്തമനോജ്ഞമായി അവതരിപ്പിക്കാനെത്തി [ചെയ്തുവോ എന്നത് ഇവിടെ വിഷയമല്ല, വിഷമല്ല, വിഷമവുമല്ല - കാരണം, മറന്നുപോകരുത് ഇത് ടോ.മാ. ആണ്, ആകുന്നു, ആയിരിക്കും, എന്നുമെന്നേക്കും - ആമേൻ !].  സി എച് [കേട്ടാ പഴയമൂപ്പരുടെ കാര്യമാണ് ഓർമ്മവരിക - പക്ഷെ രൂപത്തിലും ഭാവത്തിലും ഭാവാഭിനയത്തിലുമൊന്നും ഒരുയോജിപ്പുമില്ല എന്നനിശ്ചയം] വാദപ്രതിവാദ മത്സരങ്ങളുടെ നടത്തിപ്പ്-രീതി-ജയവിജയ-സൂത്രങ്ങൾ ഉരുവിട്ട്, ഒരുപാട് നന്നാകേണ്ട എന്നുകരുതി തിരശ്ശീലയിൽ തെളിയേണ്ട ചിലതൊക്കെ തെറ്റിയും ഇട്ടുമിടാതെയും ക്രമംതെറ്റിച്ചുമൊക്കെ അണിയറപ്രവർത്തകർ ആവുന്നത്ര ശ്രമിച്ചു - അഭിനന്ദനങ്ങൾ.  മനസിലാക്കേണ്ടത്, പെറ്റതള്ളയെപോലും വിശ്വസിക്കരുത് പ്രാസംഗിക്കാൻപോകുംമ്പോൾ എന്നവടക്കൻകളരിമുറകളിലെ എഴുത്താകുറിപ്പുകളാണ്.  ഒന്നുചെയ്തുനോക്കിയിട്ടു വേണം ധൈര്യമായിറങ്ങാൻ - ഇതുകല്യാണസൗഗന്ധികമൊന്നുമല്ലല്ലോ ?


പിന്നെ ഭിഷഗ്വരനായി, അപ്പോത്തിക്കിരിയായി, പ്രസംഗത്തിൽ പ്രശാന്തായി.  ശരീരവും ശാരീരവുമോകെ എടുത്തുവിലസി. എറിയുകയും എറിഞ്ഞുടക്കുകയുമോക്കെ. ഇല്ലാത്ത സരസ്വതീനദിയെ വരെ വലിച്ചെഴച്ചുകൊണ്ടുവന്നു നിർത്തി, ഭൂമിപ്പെണ്ണിനെ ആവോളും രക്ഷിപ്പാൻ ആവശ്യത്തിനുടുതുണി നല്കി, പഴിച്ചും പഴിപറഞ്ഞും പയ്യാരംപറഞ്ഞും സദസ്സിനെകൊണ്ടെന്തെങ്കിലുമോക്കെ നല്ലത് ചെയ്യിച്ചെഅടങ്ങു എന്നവാശിയോടെ തന്നെ തൻപണി അതിഥിതൊഴിലാളികണക്കെ ആവത് ചെയ്തു, തീർത്തു, ബാക്കിനിർത്തി, പെറുക്കിയെടുത്തുകൊണ്ടും പയ്യനെ, പമ്മിപ്പമ്മി ഇനിയൊക്കെ വിശകലനവിശാരദന്റെ പണിയെന്നമട്ടിൽ തിരിച്ചുവന്നു സദസ്സ്യനായി സുസ്മേരവദനനനായി തുടർന്നു - മറ്റേവൻവരുന്നവരെ അങ്ങനെയാവാം, അതിനു ടോ.മാ. യിൽ വിരോധമില്ല.


പിന്നീട് പിന്നീട് ചായ, പയംപൊരി, അടാതികൾ - തീറ്റയും കുടിയും കുടിച്ചതൊക്കെയല്പാല്പമായി ഒഴിച്ചുതീർക്കലും, ലോഹ്യ-ലോഹാദി-ഇണക്കപുതുക്കലുകളും.  ചിലവിദ്വാന്മാർ സമയംതെറ്റാതെ തന്നെ ഇതിനായിത്തന്നെ എത്തി, ചേർന്നു, ചേർന്നനിന്ന് നിശ്ചലചിത്രമാക്കി, പടംപിടിച്ചു, പാഠം പഠിച്ചു.



എടുത്തോ - പിടിച്ചോ - പറഞ്ഞോ പംക്തിയുമായി സോജാരാജകുമാരിയുടെ വരവായി. അതുമിതുംമറ്റേതുമൊക്കെ അതിഥിഅംഗങ്ങളെകൊണ്ട് പറയിച്ചു, ഒപ്പിച്ചു, പറഞ്ഞത് സംഗ്രഹിച്ചു - വേണ്ടുംവണ്ണം ഒക്കെയാക്കി.  പരിചയകസർത്ത്, അഹോ ഭയങ്കരം !


ആഹാ , അങ്ങനെയോ ...എന്നാൽ ഞാനുമെന്നമട്ടിൽ പാതിമെയ്യ്‌ക്കൊടുത്തവൻ പൊൻജാതിക്കീഴല്ലെന്നുറപ്പിക്കാൻ സുന്ദരശബ്‍ദത്തിനുടമായവൻ [അങ്ങനെയാണ് ശബ്ദതാരാവലി, ആവണം, ആയെപെറ്റൂ - വെറുതെ, ചുമ്മാ] ആരൊക്കെ എന്നൊക്കെ എവിടൊക്കെ എന്തൊക്കെ പ്രസംഗിച്ചുവെന്നായി - എന്തുപറഞ്ഞാലുമില്ലേലും മിട്ടായുമായി - പോരെപൂരം.  ദോഷൈകദൃക്കുകൾ ചിലതൊക്കെ ഒപ്പിക്കാൻശ്രമിച്ചു, പക്ഷെ ഒന്നുംവിലപോയില്ല.  പോവില്ല, പോവാനനുവദിക്കില്ല, ടോ.മാ. ആണോ കളി ?]


അനന്തരം വിശകലനാട്ടം കളിയായി, കാര്യമായി, കുശാലായി.  തൊട്ടുംതൊടാതെയും, നുള്ളിയുമെന്നാൽ നോവിക്കാതെയും,  ചിരിച്ചും ചിരിയൊതുക്കിയുമൊക്കെ ബോബാധി നിധിനാധി ഗംഗാധരവേഷങ്ങൾ പച്ചയും താടിയും കരിയുംകറുപ്പുംചുവപ്പുമൊക്കെ കാട്ടി, കാട്ടിത്തന്നു.



യോഗവാസനത്തിനുശേഷം ഔദ്യോഗികകാര്യപരിപാടി, കണക്കിലെ കളികളെന്ന ചിത്രീകരണവും ഉണ്ടായി.  അംഗങ്ങളല്ലാത്തവർമുഴുവനും പുറത്ത്, പുറത്താക്കി, പടിയടച്ചു, മറ്റത്തുവെച്ചില്ല. വീണ്ടും മറ്റൊരു സുന്ദരശബ്ദൻ, സുമുഖൻ, സുശീലൻ, സ്വകീശ നന്നാക്കാതെ കയ്യിലെകാശ് പുതിയ ഖജാൻജിയെ - അതും അതേശബ്ദൻ - ഏല്പിച്ചു.  പരിശോധന, അനുമതി, സദസ്സിന്റെ കാര്യകാരണാനടത്തിപ്പ് രീതികൾ, ഒക്കെ ശരിയാക്കി, ഇപ്പൊ ശരിയാക്കി തരാം. ഇപ്പൊ.

---

ഏതിനും ഇങ്ങനെയോക്കെ തന്നെ ചേരുംപടിചേർത്ത് ഇനിയുമിനിയും മുന്നോട്ട് എന്നാക്രോശിച് കൂടെയുള്ളവർക്കും ഇല്ലാത്തവർക്കും ദുരന്തപൂരിതർക്കും ആലംബഹീനർക്കുമൊക്കെ കഴിവതുചെയ്യുമെന്നാവർത്തിച്ചു തന്നെ പോകാം - ഉറങ്ങാൻമുൻപ് ഇനിയുമൊത്തിരി കാതം താണ്ടാനുള്ളതാണ്, അമാന്തിക്കണ്ട.

നന്ദി. എല്ലാവർക്കും. 

---





No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive