Wednesday, December 06, 2023

കഥകളി വ്യാഖ്യാനത്തിനുപയോഗിക്കുന്ന ഭാഷ !

 

കഥകളി വ്യാഖ്യാനത്തിനുപയോഗിക്കുന്ന ഭാഷ !


*കല്യാണസൗഗന്ധികം കഥകളി - പാഠവും രംഗപാഠവും ഒരു വിമർശാത്മക പഠനം*


ഡോ. പി. വേണുഗോപാലൻ, കേളീരവം, IKKF 2022 



ഗന്ധമാദനപർവതത്തിനു സമീപം ഓരോരോ പുണ്യാശ്രമംതോറും സഞ്ചരിക്കുന്ന കാലത്താണ്, ഭീമൻ പാഞ്ചാലിയുടെ ആവശ്യപ്രകാരം സൗഗന്ധികപുഷ്പം തേടിപ്പോയ “സൗഗന്ധികാഹരണ” കഥ സംഭവിക്കുന്നത്. ഇതേ കാലത്ത് മധ്യമപാണ്ഡവനായ അർജുനൻ അതിനടുത്തുതന്നെയുള്ള കൈലാസസാനുക്കളിൽ ചെന്ന് ശ്രീപരമേശ്വരനെ തപസ്സു ചെയ്ത് പാശുപതാസ്ത്രം നേടി, പിതാവായ ദേവേന്ദ്രനാലും സത്കൃതനായി സ്വർഗവാസികൾക്കും സുഖവിതരണം ചെയ്യുന്നു. വരാനിരിക്കുന്ന കുരുക്ഷേത്രയുദ്ധത്തിലേക്ക് പാണ്ഡവന്മാർക്ക് വേണ്ടുന്ന ശക്തിസമ്പാദനമാണ് ഭീമാർജുനന്മാർ രണ്ടുപേരുടെയും പൂർവോത്തരദിക്കിലേക്കുള്ള ഈ യാത്രകളുടെ ഫലം. അർജുനൻ കഠിനമായ തപസ്സുകൊണ്ട്, ആരെ തപം ചെയ്തുവോ ആ ഭഗവാനോടു തന്നെ ഘോരമായ യുദ്ധം ചെയ്ത് പരാജിതനായിട്ടുമാണ് ഇഷ്ടവരം നേടുന്നത്. എന്നുവച്ചാൽ ലോകൈകധനുർധരൻ എന്ന അർജുനന്റെ പാരിച്ച ദുർമ്മദമടക്കിയിട്ടാണ്, അതിനായി കാട്ടാളവേഷം ധരിച്ചുവന്ന് യുദ്ധം ചെയ്ത ചന്ദ്രശേഖരൻ അഹങ്കാരമെല്ലാം നശിച്ച വിജയനു വരമരുളുന്നത്. ഭീമനാകട്ടെ അർജുനനെപ്പോലെ തപസ്സിനൊന്നും പുറപ്പെട്ടതല്ല; ഏതെങ്കിലും ശക്തിസമ്പാദനത്തിനുള്ള ആലോചനപോലും ആ യാത്രയിലില്ല. അല്ലെങ്കിൽത്തന്നെ ഭീമപരാക്രമനായ ഈ വായുപുത്രന് ഇനി എന്തുശക്തി സമ്പാദിക്കാൻ! 'ശത്രുക്കളെ വിരവിൽ ഒക്കെ ജയിപ്പതിന്' താനൊരാൾ പോരും എന്ന ആത്മവിശ്വാസം അയാൾക്കുണ്ട്. അതിലൊരു ആശങ്കയും അയാളുടെ ചിന്തയിലേ ഇല്ല. പൂ പറിച്ചുകൊണ്ടു വന്നു കൊടുത്ത് വനവാസ ദുഃഖം അനുഭവിക്കുന്ന പ്രിയതമയെ ഒന്നു സന്തോഷിപ്പിക്കണം, അത്രതന്നെ.


കൗരവരെ വകവരുത്തുവാൻ താൻ ഒരുത്തൻപോരും എന്ന് സ്വബലവീര്യങ്ങളിൽ അഹന്തകൊണ്ടിരിക്കുന്ന പരുഷമൂർത്തിയായ ഭീമസേനനോടാണ്, മുടിയിൽ ചൂടാനല്ല. പ്രതികാരവാഞ്ചരയാൽ അഴിച്ചിട്ടിരിക്കുന്ന മുടിക്ക് അല്ലെങ്കിൽത്തന്നെ പൂവെന്തിന്? - കാമ്യകാശ്രമത്തിലെ പൂജയ്ക്കായി ഈ വിശിഷ്ടപുഷ്പം കുറച്ചധികം പറിച്ചുകൊണ്ടു വന്നുതരാൻ പാഞ്ചാലി ആവശ്യപ്പെട്ടത്. കാറ്റിൽ പറന്നു വീണ് കൈയിൽ കിട്ടിയ ആ ഒരു പൂവുണ്ടല്ലോ, അത് മൂത്ത കെട്ടിയോന് സമ്മാനിക്കാനാണ് പാഞ്ചാലിയുടെ തീരുമാനം, അത് കൊണ്ട്  "വേഗം പോയി ഈ പൂവ് കുറേ പറിച്ചുകൊണ്ടുവന്നാലും" എന്ന അഭിമതം കേട്ടപാതി ... ഭീമന് ഒട്ടുംചേരാത്ത   ഒരു പ്രവൃത്തിക്കാണ് നിയോഗിച്ചതെങ്കിലും....നേട്ടം ചെറുതല്ല. 




ഭൂവനകണ്ടകനായ ദശകണ്ഠനുപോലും പേടിസ്വപ്നമാകുമാറ് ലങ്കചുട്ടെരിച്ച കരുത്തനായ മറ്റൊരു മരുത്സുതൻ്റെ സഹായം കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവന്മാർക്ക് സ്വാധീനമായത്, ഭാര്യക്ക് പൂവുതേടിയുള്ള ഭീമന്റെ ഈ യാത്രയിലാണെന്നോർക്കുമ്പോൾ, കേവലം ആകസ്മികമായി ഭവിച്ച ഈ ശക്തിസമ്പാദനത്തിന് അർജുനൻ വളരെ പണിപ്പെട്ട് നേടിയ പാശുപതാസ്ത്രത്തെക്കാൾ മാധുര്യമുണ്ട്.


ഏതാണ്ട് ഒരേകാലത്ത് സംഭവിച്ച ഇരുവരുടെയും വരലബ്ധിയിലേക്കു നയിച്ച സംഭവങ്ങൾക്കുള്ള സമാനതകൾ രസകരമായി തോന്നുന്നു. ഇരുവരും അവരുടെ വരദാതാക്കളോടേറ്റുമുട്ടിയാണ് വരം നേടുന്നത്. കൈരാതമൂർത്തിയായി വന്ന കൈലാസനാഥനെ തിരിച്ചറിയാതെയാണ് അർജുനൻ കാട്ടാളന്റെ ധാർഷ്ട്യം സഹിക്കാതെ ഏറ്റുമുട്ടിയത്. സവ്യസാചിയായ ഗാണ്ഡീവധന്വാവ് നിരായുധനാക്കപ്പെട്ട് ദ്വന്ദ്വയുദ്ധത്തിൽ പിഷ്ടപേഷിതനായി. വഴിമുടക്കിക്കിടന്ന വാനരൻ തന്റെ ജ്യേഷ്ഠനായ ഹനൂമാനാണെന്ന്തിരിച്ചറിയാതെ ഭീമനും ചെന്നേറ്റുമുട്ടി നാണംകെട്ട് പരാജയപ്പെടുന്നു. യാതൊരു ധാർഷ്ട്യവും കൂടാതെ ഒന്നനങ്ങാൻ വയ്യാതെ വഴിമുടക്കിക്കിടന്ന വൃദ്ധവാനരനെ കണ്ടിട്ട് കോപം പെരുത്ത് വഴിമാറിത്തരാത്ത ഇവനെ എടുത്തു തുക്കിയെറിഞ്ഞ് മുന്നോട്ടു പോകുമെന്നു പറഞ്ഞ് വാലിൽ പിടികൂടിയിട്ട് (മഹാഭാരതത്തിൽ ഗദ ഉപയോഗിക്കുന്നില്ല) ഒരു രോമം പോലും ഇളക്കാൻ തനിക്ക് ശക്തിയില്ലെന്നു തിരിച്ചറിഞ്ഞ് ഭീമനും അർജുനനെപ്പോലെ സകലഗർവവും നശിച്ച് നിലംപതിച്ചു. ഇന്ദ്രപുത്രന്റെയും വായൂപുത്രന്റെയും കോപസാഹസങ്ങളെ ശ്രീപരമേശ്വരനാകട്ടെ, ശ്രീഹനൂമാനാകട്ടെ, ഉള്ളിലടക്കിയ ചിരിയോടെ, പുറമേ പ്രകടിപ്പിക്കാത്ത നിറഞ്ഞ സ്നേഹവാൽസല്യങ്ങളോടെയാണ് നേരിടുന്നത്. ശിവൻ്റെ സമ്മതത്തോടെ കാട്ടാളനാരിയായി കൂടെപ്പോന്ന ശ്രീപാർവതി, സംഹാരമൂർത്തി കോപം കൊണ്ട് വല്ല സാഹസവും പ്രവർത്തിച്ചു പോകുമോ എന്നു ഭയന്ന് അതിൽനിന്ന് നിവർത്തിപ്പാൻ ബദ്ധപ്പെടുന്നതുകണ്ടിട്ടും തിരിച്ചറിവില്ലാതെ, പുലഭ്യം പറയുന്ന പാർഥൻ്റെ അഹന്തയോളം വരില്ല വൃദ്ധവാനരത്തോടേറ്റുമുട്ടിയ വൃകോദരന്റെ ബലഗർവം. എതിരാളി നിസ്സാരനായ ഒരു കുരങ്ങൻ എന്ന വിചാരത്തോടെ ഗർവിഷ്ഠനായി ധിക്കാരവാക്കുകൾ പറയുന്നുണ്ടെങ്കിലും താനെടുത്ത് മാറ്റിവയ്ക്കാൻ തുടങ്ങിയ വാനരപുച്ഛത്തിലെ ഒരു രോമം പോലും ഇളക്കാൻ തനിക്ക് കഴിവില്ലെന്നു മനസ്സിലായപ്പോൾ എത്ര പെട്ടെന്നാണയാൾ പ്രത്യുൽപന്നമതിയാകുന്നത്!



അനിലസുതന്മാരായ ഈ ജ്യേഷ്ഠാനുജന്മാരുടെ ആകസ്മികമായ കൂടിക്കാഴ്ചയ്ക്ക് സന്ദർഭമൊരുക്കിയത് പാഞ്ചാലി ആണെന്നു പറയാമെങ്കിലും, അതിനു പിന്നിൽ പ്രവർത്തിച്ച ശക്തി അച്ഛനായ വായുഭഗവാൻ തന്നെ. വിശിഷ്ടമായ സൗഗന്ധികപുഷ്പം ഒരെണ്ണം പാഞ്ചാലിയുടെ മുമ്പിൽ കൊണ്ടുവന്നിട്ട് ഈ പൂക്കൾ ധാരാളം വേണമെന്ന മോഹമുയർത്തിയ ഗന്ധവാഹൻ, ആ കാറ്റിന്റെ മണം പിടിച്ച് പൂതേടിപ്പോയ സ്വസന്താനത്തെ, തന്റെ ആദ്യ പുത്രനായ ഹനൂമാൻ തപസ്സു ചെയ്യുന്ന കദളീവനത്തിലെത്തിക്കുന്നതിലെ പുത്രവാൽസല്യം സുഖദമായ ഒരനുഭവമാണ്. ഭീമന്റെ ബലവീര്യങ്ങളെത്ര നിസ്സാരമാണെന്നു ബോധ്യപ്പെടുത്താനും, യഥാർത്ഥ ബലമെന്തെന്ന തത്ത്വം അവനെ അറിയിക്കുവാനും, വരാനിരിക്കുന്ന കുരുക്ഷേത്രയുദ്ധത്തിൽ ഹനൂമാൻ്റെ അദൃശ്യസാന്നിധ്യസഹായം ഉറപ്പാക്കാനും.....

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive