വളർന്നുകൊണ്ടിരിക്കുന്ന ഒരു ഭാഷയിൽ ഉണ്ടായി വരുന്ന പുതുരീതികളുടെ നേർക്കെല്ലാം അബദ്ധം, ശൈലീഭംഗം എന്നും മറ്റും പറഞ്ഞ് നെറ്റി ചുളിക്കുന്നത് വിവേകിതയാവില്ല. അവയെ തടയാൻ നിൽക്കുന്നവൻ അപഹാസപൂർവം പിന്തള്ളപ്പെടുകയല്ലാതെ ആ ഭാഷ അതുകൊണ്ടു പിൻവാങ്ങി നിന്നു എന്നു വരില്ലതാനും.
lകുട്ടികൃഷ്ണമാരാര്: മലയാളശൈലി
ആറു മലയാളിക്ക് നൂറു മലയാളം എന്നാണല്ലോ പറയാറ്. പറച്ചിലിന്‍റെ കാര്യത്തിലെന്നപോലെ എഴുത്തിന്‍റെ കാര്യത്തിലും കാര്യങ്ങളുടെ കിടപ്പ് അത്രത്തോളമില്ലെങ്കിലും അതിനടുത്തുതന്നെയാണ്. ഈ ബഹുത്വത്തെക്കുറിച്ച് വി.ആർ. പ്രബോധചന്ദ്രൻ പറയുന്നതിങ്ങനെ: ''ഡോക്ടറുടെയും എൻജിനീയറുടെയും കർഷകന്‍റെയും തൊഴിലാളിയുടെയും... ഭാഷ ഒന്നുതന്നെയെങ്കിലും സൂക്ഷ്മാംശങ്ങളിൽ ഇവ വേർതിരിഞ്ഞേ ഇരിക്കൂ. അതേസമയം ഇവരുടെയെല്ലാം ഭാഷാ വിശേഷങ്ങൾക്ക് പൊതുവായ പല അംശങ്ങൾ ഉണ്ട് താനും... വഴങ്ങും സ്ഥിരത (flexible stability) എന്ന ഗുണം ഏതു ജീവൽഭാഷയുടെയും സവിശേഷതയാണെന്ന് ഭാഷാശാസ്ത്രം പറയുന്നു.'' വഴക്കം എന്നത് ആ വാക്കിന്‍റെ എല്ലാ അർഥത്തിലും പ്രധാനമാണ് ഭാഷയുടെ കാര്യത്തിൽ. മലയാളം സംസാരത്തിന്‍റെ കാര്യത്തിൽ വളരെയധികമായും എഴുത്തിന്‍റെ കാര്യത്തിൽ ഒട്ടൊക്കെയും ഈ വഴങ്ങുംദൃഢത പുലർത്തുന്നുണ്ട്. എന്നാൽ, മലയാളം എഴുത്തിന്‍റെയും ലിപി ഉപയോഗങ്ങളുടെയും കാര്യത്തിൽ വഴക്കം കുറച്ചധികമാവുകയും ദൃഢത കുറഞ്ഞു പോവുകയും ചെയ്യുന്നു എന്നൊരു പരാതി കുറേയായി പലയിടങ്ങളിൽനിന്നും ഉയരുന്നുണ്ടായിരുന്നു. മലയാളം പഠിക്കുന്ന കുട്ടികൾക്ക് അക്ഷരം പഠിക്കാനില്ലെന്നും അത് ഭാഷാപഠനത്തിന്‍റെയും ഭാഷാപ്രയോഗങ്ങളുടെയും കാര്യത്തിലുള്ള പ്രാഥമിക ദൃഢത ഇല്ലാതാക്കി എന്നുമായിരുന്നു പരാതികൾ. അത് ഒട്ടൊക്കെ ശരിയാണെന്ന് തോന്നിയിട്ടാവണം കേരള സർക്കാർ വീണ്ടും ഒരു ലിപി പരിഷ്കരണവുമായി വരുന്നത്. തോന്നിയിട്ട് എന്നേ പറയാനാവൂ. തോന്നൽ ശരിയാണോ എന്ന് അന്വേഷണങ്ങളെന്തെങ്കിലും നടന്നതായി അറിവില്ല.
ആദ്യകാല ലിപിരൂപങ്ങൾ
ആംസ്റ്റർഡാമിൽനിന്ന് 1678ൽ പുറത്തിറക്കിയ ഹോർത്തൂസ് മലബാറിക്കസ് ഒന്നാം വാല്യത്തിലാണ് ആദ്യമായി മലയാള ലിപി അച്ചടിച്ചത്. എന്നാൽ, അതിൽ ഓരോ അക്ഷരത്തിനും അച്ചുകൾ ഉണ്ടാക്കുകയല്ല, മറിച്ച് സസ്യങ്ങളുടെ പേരുകളും മറ്റും ചിത്രങ്ങൾ പോലെ ബ്ലോക്കുകളുണ്ടാക്കി അച്ചടിക്കുകയായിരുന്നു. എങ്കിലും അച്ചടി മഷി പുരണ്ട ആദ്യ മലയാള ലിപിരൂപം ഹോർത്തൂസിലേതുതന്നെ. 1772ൽ റോമിൽനിന്ന് പുറത്തിറക്കിയ സംക്ഷേപ വേദാർഥമാണ് അച്ചുകളുണ്ടാക്കി അടിച്ച ആദ്യ മലയാളപുസ്തകം. സംക്ഷേപവേദാർഥ കർത്താവായ ഫാ. ക്ലമന്റ് പിയാനിയൂസ് ആണ് ചതുരവടിവിലുള്ള ഈ ലിപികൾ തയാറാക്കിയതെന്നു കരുതുന്നു. അക്കൊല്ലംതന്നെ റോമിൽനിന്ന് പ്രസിദ്ധീകരിച്ച ആൽഫബെത്തും െഗ്രന്ഥോനിക്കാ മലബാറിക്കവും 1791ൽ പ്രസിദ്ധീകരിച്ച പഴഞ്ചൊൽമാലയും ഇതേ ലിപികളിലാണ് അച്ചടിച്ചിട്ടുള്ളത്. 1799ൽ ബോംബെയിൽനിന്ന് പ്രസിദ്ധീകരിച്ച റോബർട്ട് ഡ്രമ്മണ്ടിന്‍റെ ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജിലും ഇതേ ലിപിരൂപങ്ങൾതന്നെയാണ്. ഇവയിലെ ലിപിരൂപങ്ങളെക്കുറിച്ച് വിശദപഠനങ്ങൾ നടന്നിട്ടുണ്ട്.
ഉരുട്ടിയെഴുതുന്ന മലയാളം
ചതുരവടിവിൽ ഒരേ നിരപ്പിലും ഒരേ വലുപ്പത്തിലുമുള്ള ലിപികളാണ് സംക്ഷേപവേദാർഥത്തിൽ. ചിഹ്നങ്ങൾ, ചന്ദ്രക്കല തുടങ്ങിയവയൊന്നുമില്ല. ഏ എന്ന സ്വരത്തിന് ദീർഘചിഹ്നമില്ല. ചതുരവടിവിൽനിന്ന് ഉരുണ്ട അക്ഷരരൂപങ്ങളിലേക്ക് മലയാളത്തെ ചിട്ടപ്പെടുത്തിയത് ബെഞ്ചമിൻ ബെയ്ലിയാണ്. നാരായം പിടിച്ച് ഓലയിൽ എഴുതുന്ന രീതി മാറി പേന പിടിച്ച് കടലാസിൽ എഴുതുന്ന രീതി വന്നതോടെയാവണം ഉരുട്ടിയെഴുതുന്നത് മലയാളത്തിന്‍റെ സ്വാഭാവികതയായി മാറിയത്. എഴുത്തിന്‍റെ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റംതന്നെയാണ് ലിപിരൂപങ്ങളിൽ മാറ്റം കൊണ്ടുവന്നത്.
മലയാളം അക്ഷരങ്ങൾക്ക് ഇണങ്ങുക പഴയ വട്ടെഴുത്തിനോടു ജനിതകബന്ധമുള്ള ഉരുണ്ട ആകാരമാണെന്ന ഉൾത്തെളിച്ചം ബെയ്ലിക്കുണ്ടായിരുന്നു. അക്ഷരങ്ങൾക്ക് അവയവപ്പൊരുത്തമുള്ള രൂപം നൽകിയതും അദ്ദേഹമാണ്. ബെയ്ലി തയാറാക്കിയ നിഘണ്ടുവിന്‍റെ പേര് സൂചിപ്പിക്കുന്നതുപോലെ ഹൈ ആൻഡ് കൊളോക്കിയൽ എന്ന് രണ്ടു തരം മലയാളങ്ങളുണ്ടായിരുന്നതിനെ സമരസപ്പെടുത്തുകയും ആധുനിക മലയാളത്തിലേക്ക് നയിക്കുകയും ചെയ്തു ബെയ്ലി. ഇങ്ങനെ സമരസപ്പെടുത്തിയ മലയാള ഗദ്യത്തിന് സാർവത്രിക സ്വീകാര്യതയുള്ള ഒരു മുഖം നൽകാൻ അദ്ദേഹം തയാറാക്കിയ ലിപിരൂപങ്ങൾ വലിയ സഹായമാണ് ചെയ്തത്. ആയിരത്തോളം അച്ചുകളുണ്ടാക്കിയാണ് ബെയ്ലി അച്ചടി നടത്തിയതെന്ന് ഡോ. ബാബു ചെറിയാൻ കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ മലയാളത്തിന്‍റെ വികാസത്തിന് ആ ലിപിരൂപങ്ങളാണ് അടിത്തറയായത്.
1822-24 കാലത്താണ് ബെഞ്ചമിൻ ബെയ്ലി മലയാള ലിപികൾക്ക് അച്ച് തയാറാക്കിയത്. അങ്ങനെയെങ്കിൽ 2022 ആധുനിക മലയാള ലിപിയുടെ 200ാം വാർഷികംകൂടിയാണെന്ന് വെറുതേ ഒരു കൗതുകവുമുണ്ട്.
ലിപി പരിഷ്കരണ ശ്രമങ്ങൾ
1956ലും 1971ലും മുമ്പ് ഔദ്യോഗിക തലത്തിലുള്ള ലിപിപരിഷ്കരണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ലിനോടൈപ്പിൽ അച്ചടിക്കുന്നതിനു വേണ്ടിയും പിന്നീട് അച്ചടിയിലെ സൗകര്യത്തിനു വേണ്ടിയുമാണ് പരിഷ്കരണശ്രമങ്ങൾ നടന്നത്. ഇപ്പോൾ പക്ഷേ, അങ്ങനെയൊരു പ്രശ്നമൊന്നുമില്ല. ഏതു തരത്തിലുള്ള ലിപിയെയും ഉൾക്കൊള്ളാനുള്ള വൈപുല്യവും വൈദഗ്ധ്യവും മലയാളത്തിനു നേടിക്കൊടുക്കാൻ സന്നദ്ധ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ എത്ര അക്ഷരങ്ങളുണ്ട് എന്ന ചർച്ചയിൽനിന്ന് നമ്മുടെ അക്കാദമിക് പണ്ഡിതലോകത്തിന് ഇപ്പോളും പുറത്തു കടക്കാനായിട്ടില്ല. എന്നാൽ, യൂണികോഡിൽ മലയാളത്തിന് എത്ര കോഡ് പോയന്റുകൾ ഉണ്ട് എന്ന കാര്യത്തിൽ തർക്കങ്ങളേയില്ല. പ്രാചീന രേഖകൾ തപ്പിയെടുത്ത് പല സാധ്യതകളിൽ ഉപയോഗിക്കാവുന്ന കിടയറ്റ ഫോണ്ടുകൾ തയാറാക്കിയും പ്രാചീന കൃതികൾ തപ്പിയെടുത്ത് ഡിജിറ്റൈസ് ചെയ്ത് ആർക്കൈവൽ ഗ്രന്ഥപ്പുരകൾ ഒരുക്കിയും ഒക്കെ സന്നദ്ധ പ്രവർത്തകരും സാങ്കേതിക വിദഗ്ധരും ചേർന്നാണ് ഡിജിറ്റൽ ലോകത്ത് മലയാളത്തിന് ഭദ്രസ്ഥാനമുറപ്പിച്ചത്. മുണ്ടാണിയും മാഹാണിയും പഴയ മലയാളം അക്കങ്ങളും ഋ... ഋൂ... ലു... ലൂ... തുടങ്ങിയവയും ...ംരം.. എന്ന് ഈ കാരം എഴുതിയിരുന്ന രീതിയും എല്ലാം ഉണ്ട് 118 കോഡ് പോയന്റുകളുള്ള യൂണികോഡ് മലയാളത്തിൽ.
എല്ലാം ഒരുക്കിയത് സന്നദ്ധപ്രവർത്തകർ
ഇന്ന് കമ്പ്യൂട്ടറിൽ മലയാളം എങ്ങനെയും എഴുതാവുന്ന നിലയുണ്ട്. പഴയ ലിപിയോ പുതിയ ലിപിയോ ഏതും ഉപയോഗിക്കാനാവും. വേണ്ടത്ര ഫോണ്ടുകൾ കിട്ടാനുണ്ട്. ഇവയെല്ലാം ഒരുക്കിയത് ഭാഷാ സാങ്കേതിക വിദഗ്ധരും സന്നദ്ധ പ്രവർത്തകരുമാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, രചന, സായാഹ്ന ഫൗണ്ടേഷൻ തുടങ്ങിയവരുടെ ഇടപെടലുകൾ ഇക്കാര്യത്തിൽ ഏറെ പ്രധാനമാണ്. യൂണികോഡിൽ മലയാളം എൻകോഡിങ് നടന്നിരുന്ന കാലത്ത് ബ്ലോഗിലും മറ്റുമായി മലയാള ഭാഷാവേദിയിൽ നടന്നിരുന്നത് യുദ്ധംതന്നെയായിരുന്നു. അന്നൊന്നും അക്കാര്യങ്ങൾ സർക്കാറോ അക്കാദമികരോ അറിഞ്ഞിരുന്നതേയില്ല. യൂണികോഡ് വ്യവസ്ഥയിലേക്ക് മലയാള ലിപികളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ വലിയ പങ്കു വഹിച്ചത് സി.ജെ. സിബു, സന്തോഷ് തോട്ടിങ്ങൽ തുടങ്ങി ഏതാനും ഭാഷാസാങ്കേതിക വിദഗ്ധരാണ്. മലയാളം ലിപികളുടെ ആവിഷ്കാര സാധ്യതകൾ പരമാവധി ഉൾപ്പെടുത്തി, പ്രാചീന ലിപിരൂപങ്ങൾക്കെല്ലാം സ്ഥാനം നൽകി, സമഗ്രമായ വിധത്തിൽ മലയാളം യൂണികോഡിൽ എൻകോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, പഴയ ലിപിയിലോ പുതിയ ലിപിയിലോ കൂട്ടക്ഷരങ്ങൾ ചേർത്തോ വിട്ടുവിട്ടോ ഒക്കെ സൈബർലോകത്ത് മലയാളം എഴുതാൻ നമുക്ക് കഴിയും. അതിനു തക്ക ഫോണ്ടുകൾ ഉണ്ടായിരുന്നാൽ മതി.
അങ്ങനെയൊരു സാധ്യത വന്നതോടെയാണ് ലിപികളുടെ കാര്യത്തിൽ വഴക്കത്തോടൊപ്പം ദൃഢതയും ആവശ്യമാണ് എന്ന തോന്നലുയർന്നത്. ഇപ്പോൾ സർക്കാർ ഔദ്യോഗികമായി ഒരു ലിപി പരിഷ്കരണ സമിതിയെ നിയോഗിക്കുകയും ആ സമിതി പ്രാഥമികമായി ചില നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിന് അംഗീകാരം നൽകിയിരിക്കുന്നതാകട്ടെ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയും.
ഭാഷയുടെ കാര്യത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി തീരുമാനമെടുക്കുന്നതും നിയമമുണ്ടാക്കുന്നതുമൊക്കെ ഒരർഥത്തിൽ നോക്കിയാൽ തമാശയാണ്. ഭാഷ സർക്കാറിേന്റതല്ലല്ലോ, നമ്മുടേതല്ലേ! അതിനുമേൽ അധികാരികൾ നമ്മൾതന്നെയാണ്. നമ്മുടെ ഭാഷയിൽ ലിപിപരമായി നടക്കുന്ന സംവാദങ്ങൾ പൊതു സമൂഹത്തിന്‍റെയും അധികാരികളുടെയും ശ്രദ്ധയാകർഷിക്കാൻപോന്നതായിരുന്നു എന്നു വേണം കരുതാൻ. മലയാളം എഴുത്തിന്‍റെയും കൈകാര്യംചെയ്യലിന്‍റെയും കാര്യത്തിൽ കുറച്ചു കാലമായി പൊതുസമൂഹത്തിൽ നടന്ന ചില ചർച്ചകളാവാം ഇടപെട്ടുകളയാൻ സർക്കാറിനെ േപ്രരിപ്പിച്ചത്. അതിൽ ചില കാരണങ്ങൾ ഇവയാണെന്നു തോന്നുന്നു:
1. കേരളത്തിൽ മലയാളം പഠിക്കുന്ന വിദ്യാർഥികളിൽ ഒരു വിഭാഗത്തിന് അക്ഷരങ്ങൾ പൂർണമായി എഴുതാനോ വായിക്കാനോ അറിയില്ല എന്ന് ചില അന്വേഷകർ കണ്ടെത്തിയതിനെ തുടർന്നുണ്ടായ പുകിലുകളും സംവാദങ്ങളും.
2. പുതിയ ലിപിയിലും പഴയ ലിപിയിലും രണ്ടും ചേർന്ന രൂപത്തിലുമായി പല മട്ടിൽ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വരുന്നത്.
3. പരസ്യങ്ങൾ, പോസ്റ്ററുകൾ, സിനിമാപ്പേരുകൾ, പുസ്തകപ്പേരുകൾ തുടങ്ങിയവയിലൊക്കെ ഒരു നിശ്ചയമില്ലായൊന്നിനും എന്ന മട്ടിൽ ലിപികൾ ഉപയോഗിക്കാൻ തുടങ്ങിയത്.
ആരൂഢമുറപ്പിച്ചവർ
ആധുനികകാലത്ത് നമ്മുടെ ഭാഷയുടെ വ്യവസ്ഥകൾ വിവരിക്കാൻ വലിയ പരിശ്രമങ്ങൾ നടത്തുകയും ആരൂഢമുറപ്പിക്കുകയും ചെയ്ത മഹാപ്രതിഭകളായി ചിലരുണ്ട്. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി, ജോർജ് മാത്തൻ, എ.ആർ. രാജരാജവർമ തുടങ്ങിയവരായിരിക്കും പ്രാതസ്മരണീയർ. ഇവരെയൊക്കെ മലയാളികൾ പൊതുവേ അംഗീകരിക്കുന്നുമുണ്ടല്ലോ. എന്നാൽ, ഭാഷാപഠനരീതിയിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലിസ്റ്റൻ ഗാർത്ത് വേറ്റിനെപ്പോലുള്ളവർ വിസ്മൃതിയിലാണ്ടുപോവുകയും ചെയ്തു. പിൽക്കാലത്ത് ഭാഷയിലും ലിപിവ്യവസ്ഥയിലും വലിയ അധികാര പ്രയോഗങ്ങൾ നടത്തിയ രണ്ടു പേർ ഇ.എം.എസും എൻ.വി.കൃഷ്ണവാര്യരുമാണ്. നമ്മുടെ കാലത്ത് ഭാഷാസംവാദങ്ങളിൽ മുകളിൽനിന്ന് ഇടപെടുന്ന അധികാരത്തിന്‍റെ രീതിശാസ്ത്രം പ്രയോഗിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേർ ഇവരാണെന്നു തോന്നുന്നു.
പൂനെ ഡെക്കാൻ കോളജിലെ മുൻ അധ്യാപകനും പുരാരേഖാ വിദഗ്ധനുമായ ഡോ. എസ്.ജെ. മംഗലം, എൽ.എ. രവിവർമ തുടങ്ങിയവരാണ് മലയാള ലിപികളുടെ വികാസ പരിണാമങ്ങളെക്കുറിച്ച് ആധികാരിക ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ചിലർ. വട്ടെഴുത്തിലും, കുറഞ്ഞ അളവിൽ കോലെഴുത്തിലും നിലനിന്നുപോന്ന മലയാള ഭാഷ ഗ്രന്ഥലിപിയിലേക്ക് മാറുന്നത് വലിയ സാംസ്കാരിക- രാഷ്ട്രീയ അധിനിവേശത്തിന്‍റെ (അല്ലെങ്കിൽ ഇടപെടലിന്‍റെ) ഫലമാണെന്ന് ഡോ. എസ്.ജെ. മംഗലം സൂചിപ്പിക്കുന്നുണ്ട്. സംസ്കൃതത്തിന്‍റെ കടന്നുകയറ്റം നമ്മുടെ ലിപികളെ ആകെത്തന്നെ മാറ്റിക്കളഞ്ഞു. ഇംഗ്ലീഷാവിഷ്ടമാണ് മലയാളം എന്ന് പറയുമ്പോഴും നമ്മുടെ ലിപികളിലൊന്നും തൊട്ടുകളിക്കാനായിട്ടില്ല ആംഗലഭാഷക്ക്. ഗ്രന്ഥലിപിയിലെയും വട്ടെഴുത്തിലെയും അക്ഷരങ്ങൾ കൂടിക്കലർന്ന് ആധുനിക മലയാള അക്ഷരമാല രൂപപ്പെട്ടതെങ്ങനെ എന്ന് എസ്.ജെ. മംഗലം വിവരിക്കുന്നുണ്ട്. കലർപ്പും കൂടിക്കുഴയലും മലയാളത്തിന് ജന്മകാലം മുതലേ ഉണ്ടെന്നു ചുരുക്കം. അതാണ് മലയാളത്തിന്‍റെ ബലവും.
കലർപ്പിന്‍റെ ജനിതകം
തമിഴ്, ഹിന്ദി തുടങ്ങി ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളെ അപേക്ഷിച്ച് പല മട്ടിലുള്ള കലർപ്പുകൾ ഉണ്ടായിട്ടുള്ള ഭാഷയാണ് മലയാളം. അത്തരം ഇടപെടലുകൾക്ക് വഴങ്ങാനും കലരാനുമുള്ള ഒരു ജനിതകം മലയാളത്തിനുണ്ട്. വാക്കുകളെയും വ്യാകരണഘടകങ്ങളെയുമൊക്കെ ബെല്ലും േബ്രക്കുമില്ലാതെ കൂട്ടിക്കലർത്തിയാണല്ലോ മലയാളത്തിലെ മഹാരചനകൾ മിക്കതുമുണ്ടായത്. പല തരം ലിപിരൂപങ്ങൾ മുന്നിലുള്ളപ്പോൾ അവയെ കൂട്ടിക്കലർത്തി തോന്നുംപടി ഉപയോഗിക്കാനുള്ള ത്വര മലയാളം എഴുതുന്നവർക്ക് ഉണ്ടായത് ഭാഷയുടെ ആ ജനിതകത്തിൽ നിന്നുതന്നെ ആയിരിക്കണം. 'ഉൂണ്' എന്നൊരു ബോർഡ് തൃപ്പൂണിത്തുറക്കടുത്ത് ഒരു കള്ളുഷാപ്പിനു മുന്നിൽ കണ്ടിട്ടുണ്ട്. ഉകാര ദീർഘമായി ൂ എന്ന ചിഹ്നം മറ്റെല്ലായിടത്തും എഴുതാമെങ്കിൽ പിന്നെ ഉകാരത്തിനൊപ്പവും അത് ചേർക്കാമല്ലോ എന്ന് ബോർഡെഴുതിയയാൾ തീരുമാനിച്ചു എന്നു മാത്രം. അതല്ല രീതി എന്നു പറയാം. എന്നാൽ അതു തെറ്റ് ആണെന്ന് എങ്ങനെ പറയും!
71ലെ പരിഷ്കരണം
1971ലെ ലിപി പരിഷ്കരണത്തിന്‍റെ പേരിൽ ഉണ്ടാ(ക്കി)യ പൊല്ലാപ്പുകൾ അരനൂറ്റാണ്ടു പിന്നിട്ടിട്ടും ഒഴിഞ്ഞുപോയിട്ടില്ല. സ്വരചിഹ്നങ്ങളും വലിയൊരു പങ്ക് കൂട്ടക്ഷരങ്ങളും വേർതിരിച്ച് എഴുതുന്നതായിരുന്നു അന്നത്തെ പുതിയ ലിപിയുടെ രീതി. ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നിവ തനി മലയാള പദങ്ങളിൽ സാർവത്രികമായി കാണുന്നതിനാൽ അവ കൂട്ടിയെഴുതണമെന്നും, മറ്റുള്ളവ ഏറെയും സംസ്കൃതത്തിൽനിന്നു വരുന്നവയാണെന്നും, അവ ചന്ദ്രക്കലയിട്ട് വേർതിരിച്ച് എഴുതണം എന്നും ആയിരുന്നു അന്നത്തെ നിർദേശം. കൈയെഴുത്തിൽ പഴയ ലിപി നിലനിർത്തണം എന്നു നിർദേശിക്കുകയും ചെയ്തിരുന്നു. അച്ചടിയിലും പാഠപുസ്തകത്തിലും പുസ്തകങ്ങളിലും പുതിയ ലിപിയും, നോട്ടുപുസ്തകത്തിൽ പഴയ ലിപിയുമായി.
പക്ഷേ, കുഴമറിച്ചിൽ വന്നത് അവിടെയല്ല. മലയാളം ടൈപ്പ് റൈറ്ററുകൾ വന്നതോടെ, ആകെ കിട്ടാവുന്ന വളരെക്കുറച്ച് ടൈപ്പുകൾ ഉപയോഗിച്ച് മലയാളം അടിക്കേണ്ടി വന്നു. അപ്പോളാണ് മലയാളം കുഴങ്ങിപ്പോയത്. വർത് തമാനപ് പത്റം എന്നും വട് ട ക് കാട് ടു വീട ്ടിൽ കുട് ടപ് പൻ ചേട ്ടൻ എന്നുമൊക്കെ ടൈപ്പ് റൈറ്റിങ്ങിൽ വന്നതിന്‍റെ പഴി മുഴുവൻ ചെന്നുവീണത് 1971ലെ ലിപി പരിഷ്കരണത്തിലേക്കും അതുവഴി പുതിയ ലിപിയിലേക്കുമായിരുന്നു.
ഇഞ്ചി എന്ന് കൂട്ടക്ഷരം ചേർത്തും മഞ്ജരി എന്ന് കൂട്ടക്ഷരം ചന്ദ്രക്കലയിട്ട് വിടർത്തിയും എഴുതുന്നതാണ് 1971ലെ ലിപി പരിഷ്കരണത്തിന്‍റെ സ്വഭാവമായിരുന്നത്. ഇങ്ങനെയുണ്ടായ കലക്കങ്ങൾ ഒട്ടൊക്കെയൊന്നു പരിഹരിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോളത്തെ ലിപിപരിഷ്കരണനീക്കം എന്നാണ് ഇതുവരെയുള്ള വിവരണങ്ങളിൽനിന്ന് മനസ്സിലാകുന്നത്.
1971ലെ ലിപി പരിഷ്കരണംകൊണ്ട് കുഴമറിച്ചിലുകൾ മാത്രമല്ല ഉണ്ടായത്. ർ എന്നതിനു പകരം തൊട്ടടുത്ത അക്ഷരത്തിനു മുകളിൽ ചെറിയൊരു കുത്തുവര (ഗോപി രേഫം) ഇടുന്ന രീതി ഇല്ലാതായത് ആ പരിഷ്കരണത്തോടെയാണ്. സൂർയ്യൻ, ആർയ്യൻ എന്നൊക്കെ എഴുതുന്ന രീതി ഇപ്പോൾ തീരെ ഇല്ലാതായിട്ടുണ്ടല്ലോ.
യ്, ര്, ല്, വ് എന്നീ മധ്യമങ്ങൾ ചേർന്നു വരുന്ന കൂട്ടക്ഷരങ്ങൾക്ക് വ്യഞ്ജനങ്ങളിൽ നിന്ന് വേറിട്ട ചിഹ്നം (ഉപലിപി) നൽകി എഴുതണം എന്നതായിരുന്നു 1971ലെ മറ്റൊരു നിർദേശം. അതിൽ ര്/റ് ചേർത്തെഴുതാം എന്നാണ് പുതിയ നിർദേശത്തിൽ കാണുന്നത്.
അച്ചടിയിൽ പുതിയ ലിപിയും മറ്റിടങ്ങളിൽ പഴയ ലിപിയും എന്നായിരുന്നു 71ലെ ലിപി പരിഷ്കരണകാലത്തെ സമീപനം. അടുത്തിടെ, പൂർണമായും പഴയ ലിപിയിലുള്ള ചില ഫോണ്ടുകൾ വരുകയും അച്ചടിയിലേക്കു കൂടി പഴയ കൂട്ടുലിപികൾ മടങ്ങിവരുകയും ചെയ്തു. കാലിഗ്രഫിയിൽ വിളയാടുന്ന പുതിയ പല കലാകാരന്മാരും പഴയതോ പുതിയതോ എന്നൊന്നും നോക്കാതെ, തികഞ്ഞ സ്വാതന്ത്ര്യത്തോടെ ലിപികൾ എടുത്തു പെരുമാറാനും തുടങ്ങി. അതോടെ ലിപിപരമായി മുമ്പേ ഉണ്ടായിരുന്ന കലക്കംകൂടി ആകെ കലങ്ങിമറിഞ്ഞ അവസ്ഥയായി.
ഉകാരത്തിന്‍റെ പ്രകാരങ്ങൾ
പഴയ ലിപിയിൽ ഏറ്റവുമധികം വൈവിധ്യമുണ്ടായിരുന്നത് വ്യഞ്ജനങ്ങളോടൊപ്പം ഉ കാരങ്ങൾ (ഹ്രസ്വവും ദീർഘവും) കൂടിച്ചേരുന്നതിലായിരുന്നു.
മലയാളത്തിലെ ഉകാര ചിഹ്നങ്ങൾ എന്നൊരു പ്രബന്ധത്തിൽ കാവ്യ മനോഹർ അത് വിശദമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. കുനിപ്പ്, വാല്, ചുരുട്ട്, കുണുക്ക് എന്നിങ്ങനെ നാലു തരത്തിലാണ് ഉ കാരങ്ങൾ വ്യഞ്ജനങ്ങളോടു ചേരുന്നത്. ഉ കാര ദീർഘമാകട്ടെ ഒരു വ്യഞ്ജനത്തോടു തന്നെ പല മട്ടിൽ ചേരും. കുനിപ്പിട്ട വളപ്പ്, കുനിപ്പിട്ട വാല്, ചുരുട്ടു വാല്, ഇരട്ടക്കുണുക്ക് എന്നിങ്ങനെയാണ് ഉ കാരദീർഘം വ്യഞ്ജനത്തോടു ചേരുന്ന മാതൃകകൾ. ക്ലമന്റ് പാതിരി, ഡ്രമ്മണ്ട്, ജോസഫ് പീറ്റ്, മാത്തൻ തുടങ്ങിയവർ വളരെ മുമ്പേ ഇത് ഈ പേരുകളോടെയല്ലെങ്കിലും കൃത്യമായിത്തന്നെ പട്ടികപ്പെടുത്തിയിരുന്നതാണ്.
പഴയ ലിപിയിൽ വ്യഞ്ജനങ്ങളോട് സ്വരം കൂട്ടിച്ചേർക്കുമ്പോൾ പുതിയ ലിപിരൂപം ഉണ്ടാവുന്നത് ഉ, ഊ, ഋ എന്നിവക്കു മാത്രമായിരുന്നു. ആ (ഠാ), ഇ (ഠി), ഈ (ഠീ), എ (ഠെ), ഏ (ഠേ), ഐ (ഠൈ), ഒ (ഠൊ), ഓ (ഠോ), ഔ (ഠൗ), അം (ഠം), അഃ (ഠഃ) എന്നിവക്കെല്ലാം പഴയ ലിപിയിലും സ്വരചിഹ്നം വേറിട്ടുതന്നെയാണ് എഴുതിയിരുന്നത്. 1971ലെ പുതിയ ലിപിയിൽ അവക്കൊപ്പം ഉ, ഊ, ഋ എന്നിവ ചേരുന്ന ചിഹ്നങ്ങൾ കൂടി വേർപെടുത്തി എന്ന വ്യത്യാസമേ വരുത്തിയിരുന്നുള്ളൂ.
ഇപ്പോൾ നിർദേശിച്ചിട്ടുള്ള മാറ്റത്തിലും ഉ, ഊ എന്നിവയെ മറ്റു സ്വരങ്ങൾപോലെ വ്യഞ്ജനത്തിൽനിന്ന് വേർപെടുത്തി ഒരേ മട്ടിൽ എഴുതാമെന്നാണ് പറയുന്നത്. മറ്റു പിടിവാശികളൊന്നുമില്ലെങ്കിൽ സാധാരണ നിലക്ക്, സ്വീകാര്യമായ നിർദേശമാണിത്.
ഋ, യ, ര, റ
ഋ വിന്‍റെ ഉപലിപി (ഠൃ) മാത്രം വേർപെടുത്താതെ, ചേർത്തെഴുതാനാണ് ഇപ്പോളത്തെ നിർദേശം. ബാക്കിയെല്ലാ സ്വരങ്ങളും വിട്ടെഴുതാമെങ്കിൽ ഋ മാത്രം വിടാതെ ചേർത്തെഴുതുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല! ഋ വിന്‍റെ ചിഹ്നവും (ഠൃ) യയുടെ ചിഹ്നവും (ഠ്യ) തമ്മിൽ തെറ്റിപ്പോകാനുള്ള സാധ്യത ഒഴിവാക്കാനാണെത്ര ഇത്.
റ്/ര് എന്നതിന്‍റെ ഉപചിഹ്നവും ചേർത്തെഴുതാനാണ് പറയുന്നത് (ഠ്ര) കൂട്ടക്ഷരങ്ങൾ ചേർത്തെഴുതാൻ നിർദേശിക്കുന്നിടത്ത് ഇത് വലിയൊരു കൂട്ടിക്കുഴച്ചിലല്ലേ ഉണ്ടാക്കുക എന്ന് സംശയം. സ്ത്രീ, രാഷ്ട്രീയം, പൗണ്ഡ്രകം തുടങ്ങി പല വാക്കുകളിലും നെടുങ്കൻ കൂട്ടക്ഷരമാവും. പാഠപുസ്തകങ്ങളിൽ അവ ചേർത്തുവരുകയും ചേർത്തുമാത്രമേ എഴുതാവൂ എന്ന് കുട്ടികൾ പഠിക്കുകയും ചെയ്യുന്നതിലേ ഒരു രസക്കേടുള്ളൂ. ചേർത്തും എഴുതാം എന്നായാൽ തരക്കേടില്ല. സകല കൂട്ടക്ഷരങ്ങളും കൂട്ടിത്തന്നെ എഴുതുമ്പോൾ, പഠിച്ചുതുടങ്ങുന്നവർക്ക് ഒരു പ്രശ്നമുണ്ടാവാം. ഇന്ന ഇന്ന അക്ഷരങ്ങൾ കൂടിച്ചേർന്നുണ്ടായ കൂട്ടക്ഷരത്തിന്‍റെ ലിപിയാണിത് എന്ന് പ്രത്യേകം മനസ്സിലാക്കണം. ഉദാഹരണത്തിന്: ണ്+ട=ണ്ട എന്ന് മനസ്സിലാക്കുന്നത് ഉച്ചാരണത്തിലും അർഥബോധനത്തിലും പ്രധാനംതന്നെയാണ്. കൂട്ടക്ഷരങ്ങൾ ഓരോന്നിന്‍റെയും കൂട്ട് മലയാളം പഠിക്കുന്നവർക്ക് അറിയാൻ കഴിയണം.
ചില വാദമുഖങ്ങളൊക്കെ തുറക്കുന്നതാണെങ്കിലും, ലിപിരൂപങ്ങളുടെ കാര്യത്തിൽ പൊതുവേ സ്വീകരിക്കാവുന്നവയാണ് സമിതിയുടേതായി വന്ന നിർദേശങ്ങളിലുള്ളത്.
മാധ്യമത്തിന്‍റെ വൈദഗ്ധ്യം
മാധ്യമം, അധ്യാപകൻ, വിദഗ്ധൻ, വിദ്യാർഥി, പ്രാർഥന തുടങ്ങിയ വാക്കുകളിലൊക്കെ ഉച്ചാരണത്തിലോ അർഥത്തിലോ വ്യത്യാസങ്ങളുണ്ടാക്കാത്ത അക്ഷരങ്ങൾ ഒഴിവാക്കാം എന്ന് നിർദേശിക്കുന്നുണ്ട്. പി.കെ. ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ 'മാധ്യമം' വളരെ മുമ്പേ സ്വീകരിച്ചതാണ് ഈ രീതി. മിക്ക പത്രസ്ഥാപനങ്ങളും ഇപ്പോൾ ഇങ്ങനെയാണ് എഴുതുന്നതും. ഉച്ചാരണമില്ലാത്തതും അർഥപരമായി ആവശ്യമില്ലാത്തതുമായ അക്ഷരങ്ങൾ ഒരു വാക്കിൽ വേണ്ടെന്നു വെക്കുന്നതുകൊണ്ട് എന്തെങ്കിലും തകരാറുള്ളതായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഗൃധ്രം എന്നെഴുതിയാലും ഗൃദ്ധ്രം എന്നെഴുതിയാലും സംഭവം കഴുകൻതന്നെയായിരിക്കും. അന്യൻ, ശക്തി, രക്തം, തത്വം തുടങ്ങി നിരവധി വാക്കുകളിൽ ''അക്ഷരം ഒറ്റയായി എഴുതപ്പെടുകയും ഇരട്ടയായി ശബ്ദിക്കപ്പെടുകയും നടപ്പാകുന്നു'' എന്നാണ് ജോർജ് മാത്തൻ എഴുതിയിട്ടുള്ളത്. തത്വം, മഹത്വം, മിതത്വം, ബഹുത്വം, സ്വത്വം തുടങ്ങിയവയിൽ ഇരട്ടിപ്പ് ആവശ്യമില്ല എന്ന് സർക്കാർ ഉത്തരവുണ്ട് എന്നു പറയാം ഇനി എന്നത് ഒരു സൗകര്യമാണ്. പലതും പലമട്ടിലുള്ളവയിൽ, എവിടെയെങ്കിലും ഒരു തീർപ്പു വേണം എന്നുള്ളവർക്ക് അതിനുള്ള ഇടമായി ഔദ്യോഗിക നിർദേശങ്ങൾ സ്വീകരിക്കാം എന്നതാണ് വലിയൊരു സൗകര്യം.
മലയാള ലിപികളെക്കുറിച്ചോ അക്ഷരങ്ങളെക്കുറിച്ചോ പറയുമ്പോൾത്തന്നെ ഝ, ഋ തുടങ്ങി പ്രായേണ ഉപയോഗം കുറഞ്ഞ ചിലവയെക്കുറിച്ചു പറഞ്ഞ് പരിഹാസമുണർത്താനുള്ള ശ്രമങ്ങൾ കാണാറുണ്ട്. എന്തിനാണ് ഇത്തരം 'യൂസ്ലെസ്' ലിപികൾ എന്നാണ് അത്തരക്കാരുടെ ചോദ്യം. ഝഷം ൈഫ്ര എന്നും ഋഷഭം റോസ്റ്റ് എന്നുമൊക്കെയുള്ള യൂസ്ലെസ് പരിഹാസങ്ങൾ അങ്ങനെ വരുന്നതാണ്. ഋവിന്‍റെ ദീർഘം, ...ലു... അതിന്‍റെ ദീർഘം എന്നിങ്ങനെ അക്ഷരപ്പട്ടികയിൽനിന്നും ലിപിമാലയിൽനിന്നും മാറ്റിനിർത്തിയാൽ തരക്കേടൊന്നുമില്ലാത്തവയെ മാറ്റിനിർത്തിയത് ഔദ്യോഗിക തീരുമാനത്തിന്‍റെകൂടി ഫലമായിട്ടാണ്. ഇടപെടലുകൾ വെറുതേയല്ല എന്നർഥം. അതേസമയം, യൂണികോഡിൽ അവയും എൻകോഡ് ചെയ്തിട്ടുണ്ട് എന്നത് പഠന, ഗവേഷണ കാര്യങ്ങളിൽ വലിയ നേട്ടവുമാണ്.
സ്വർണവും വർഗവും കൽപ്പനയും
ർ, ൽ, ൾ എന്നിവക്കു ശേഷം വരുന്ന അക്ഷരങ്ങളിൽ ഇരട്ടിപ്പു വേണോ വേണ്ടയോ എന്നതിൽ അഭിപ്രായ ഭേദങ്ങൾ ഒട്ടേറെയുണ്ട്. ർ കഴിഞ്ഞ് ഇരട്ടിപ്പ് വേണ്ട എന്ന അഭിപ്രായക്കാരനായിരുന്നു ഇ.എം.എസ്. 'ദേശാഭിമാനി'യുടെ സ്റ്റൈൽ പാർടി, ചർച എന്നൊക്കെ ആയിരുന്നല്ലോ.
ഇക്കാര്യത്തിൽ പുതിയ സമിതി ചില നിർദേശങ്ങൾ വെക്കുന്നുണ്ട്.
1. ർ, ൽ, ൾ എന്നിവക്കു ശേഷം ഖരാക്ഷരങ്ങൾ വരുമ്പോൾ ഉച്ചാരണത്തിൽ ഇരട്ടിപ്പുണ്ടെങ്കിൽ അവ എഴുതിക്കാണിക്കണം. ഉദാ: തമ്മിൽച്ചേരുക, നീർത്തുള്ളി, കർക്കശം, നീർക്കുമിള, കർത്തവ്യം, കർപ്പൂരം, ഇവൾക്ക്, അവൾക്ക്, കൽക്കരി.
2. പദങ്ങൾക്ക് ഉച്ചാരണത്തിൽ ഇരട്ടിപ്പില്ലെങ്കിൽ അവ ഒഴിവാക്കണം.
ഉദാ: വാർതിങ്കൾ, വേർപാട്, പുലർകാലം, തുടർപഠനം.
3. ർ കഴിഞ്ഞാൽ അതിഖരം, മൃദു, ഘോഷം എന്നിവ പ്രധാന അക്ഷരമായി വന്നാൽ ഇരട്ടിപ്പ് ആവശ്യമില്ല.
ഉദാ: സർവകലാശാല, പോർവിളി, അർഥം, വിദ്യാർഥി, പ്രാർഥന, മൂർഛ, നിർധനൻ.
4. ർ എന്നതിനു ശേഷം അനുസ്വാരത്തിന് ഇരട്ടിപ്പ് വേണം.
ഉദാ: കവർന്നു, വിടർന്നു, മർമ്മ, ധർമ്മ, വർണം...
ർ കഴിഞ്ഞാൽ ഖരാക്ഷരങ്ങൾക്കും നകാരത്തിനും മാത്രമേ ഇരട്ടിപ്പ് വേണ്ടൂ എന്നാണ് ഇപ്പോൾ കൂടുതൽ പ്രചാരമുള്ള രീതി. വർമ, സ്വർണം, വർഗം എന്നൊക്കെ. 'ദേശാഭിമാനി'യുടെ സ്റ്റൈൽ പ്രഭാവർമ എന്നാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ പുസ്തകങ്ങളിൽ പ്രഭാവർമ്മ എന്നും.
ഇക്കാര്യങ്ങളിലൊക്കെ മാറിയും മറിഞ്ഞുമുള്ള രീതികളാണ് കാലങ്ങളായി പ്രചാരത്തിലുള്ളത്.
അര നൂറ്റാണ്ടിന്‍റെ ഇടവേളക്കു ശേഷം
ലിപി പരിഷ്കരണത്തിന് പുതിയൊരു സമിതി വന്നു എന്നതും അവർ ചില നിർദേശങ്ങൾ വെച്ചു എന്നതും നല്ലൊരു കാര്യമാണെന്നാണ് തോന്നുന്നത്. അരനൂറ്റാണ്ടിന്‍റെ നെടുങ്കൻ ഇടവേളക്കു ശേഷമേ അങ്ങനെയൊന്നുണ്ടായുള്ളൂ എന്നതാണ് സങ്കടകരം. ഈ നിർദേശങ്ങൾ ആചന്ദ്രതാരം നിലനിൽക്കാനുള്ളവയോ സമ്പൂർണമോ ആണെന്ന് ആരും കരുതുകയില്ലല്ലോ. ഭാഷ നാൾ തോറും വളരുന്നതാണ്. നവയൗവനത്തിൽ തുടരുന്നതുമാണ്. കാമധേനുവിനു പിന്നാലെ നടന്ന ദിലീപനെപ്പോലെ ഭാഷക്കൊപ്പം നടക്കുകയാണ് ഭാഷാപ്രവർത്തകരുടെ രീതി. ഞങ്ങളുണ്ടാക്കിയ രീതിയാണ് ഏറ്റവും മികച്ചത്, അതു കാണാൻ ഭയങ്കര ഭംഗിയാണ് എന്നൊക്കെ പലർക്കും തോന്നിയേക്കും. നളചരിതത്തിൽ പറയുന്നുണ്ട്:
ഞാനെന്നുമെനിക്കുള്ളതെന്നും എല്ലാവർക്കും തോന്നും
അതുമായം, അതമേയം, അതു മായുന്നതുമല്ലുലകിൽ.
ഡിജിറ്റൽ മലയാളത്തിന് സമിതി വേണം
ഇപ്പോഴത്തെ നിലക്ക് ഇത്തരത്തിലൊരു ലിപി പരിഷ്കരണ സമിതി മതിയാവില്ല നമുക്ക് എന്നതാണ് പ്രധാനമായി തോന്നുന്നത്. ഡിജിറ്റൽ മലയാളത്തിനായി ഒരു വിദഗ്ധ സമിതിയുണ്ടാവുകയാണ് വേണ്ടത്. പല മട്ടിൽ ഉപയോഗിക്കാവുന്ന ഫോണ്ടുകൾ തയാറാക്കുക, വിക്കിപോലുള്ള വലിയ പ്ലാറ്റ്ഫോമുകളിൽ മലയാളത്തിന്‍റെ നില മെച്ചപ്പെടുത്തുക, സ്വതന്ത്ര ഉപയോഗം അനുവദിക്കുന്ന സ്പെൽചെക്ക് പോലുള്ള സൗകര്യങ്ങൾ വികസിപ്പിക്കുക, പഴയ രേഖകളുടെയും പുസ്തകങ്ങളുടെയുമൊക്കെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുക തുടങ്ങി ഡിജിറ്റൽ മലയാളത്തിന് ഊടുറപ്പ് നൽകുന്ന പ്രവൃത്തികൾക്ക് സർക്കാറും അക്കാദമികളും ഇനിയെങ്കിലും ശ്രദ്ധ നൽകേണ്ടതാണ്.
സന്നദ്ധപ്രവർത്തകരും സാങ്കേതികവിദഗ്ധരും വൈകാരികോത്സാഹത്തോടെ വലിയ കാര്യങ്ങൾ ചെയ്തതുകൊണ്ടു മാത്രമാണ് ഡിജിറ്റൽ മലയാളം ഇന്ന് തല ഉയർത്തി നിൽക്കുന്നത്. സ്വന്തംനിലക്ക് ഫോണ്ടുകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും തയാറാക്കാൻ ശേഷിയുള്ള വളരെക്കുറച്ച് സ്ഥാപനങ്ങളേ മലയാളത്തിലുള്ളൂ. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളിൽ സർക്കാറിന്‍റെ ശ്രദ്ധയുണ്ടാവുന്നത് സ്വാഗതാർഹമാണ്. ഇനി അഥവാ സർക്കാറിന്‍റെ ഇടപെടൽ അധികാരപരമാണെന്നു വന്നാൽ ആര് വകവെക്കാൻ! ലിപി തെറ്റിച്ചെഴുതിയാൽ പെറ്റിക്കേസ് എടുക്കുകയൊന്നുമില്ലല്ലോ!
No comments:
Post a Comment