200 വര്‍ഷങ്ങള്‍ക്കു മുന്‍പ് (1822 ല്‍) തിരുവിതാംകൂര്‍ റീജന്റ് റാണി ഗൗരി പാര്‍വതി ബായി ഹൈറേഞ്ചില്‍ ഏലക്കൃഷി വ്യാപകമാക്കുവാനായി 997 മേടം 15നു പുറപ്പെടുവിച്ച തിരുവെഴുത്തു വിളംബരത്തില്‍നിന്നുള്ള വിവരങ്ങളിലേക്കാണ്.
ഈ രാജകീയ വിളംബരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
'ROYAL PROCLAMATION
Dated 15th Medam 997 M. E. (28 April 1822)
(Huzur Central Vernacular Records, page 337,338)
997-മാണ്ട് മേടമാസം 15, തിരുവെഴുത്തു വിളംബരം
ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസില്‍ദാരനും തൊടുപുഴ മണ്ഡപത്തുംവാതുക്കല്‍ തഹസില്‍ദാരനും കൂടിയിരുന്നു മേലെഴുതിയ മലകളിലുള്ള ഏലത്തോട്ടം ഇടപെട്ട കാര്യങ്ങളും മലഞ്ചരക്ക് ഇടപെട്ട കാര്യങ്ങളും വ്യാജ ചരക്കുകള്‍ ഇടപെട്ട കാര്യങ്ങളും വിചാരിച്ചു വഴുക്കപ്പാറ, കൂടല്ലൂര്‍, കമ്പം തലമല, കൊമ്പാതലമല, തേവാര തലമല ബൊഡിനായ്ക്കന്‍ തലമല ഈ ആറു വഴികളിലും കൂടെ വ്യാജച്ചരക്കുകള്‍ പോകയും പുകയില മുതലായതു വരാതെയും കാവലിന് നിയമിച്ചിരിക്കുന്നത് ആളുകളെയും അതാതു സ്ഥലങ്ങളില്‍ ആക്കി അടിയാര്‍ കുടിയാര്‍ മുതലായ ആളുകള്‍ക്ക് ഒന്നിനും മുട്ട് കൂടാതെ അവര്‍ക്കു ആവശ്യമുള്ള കോപ്പുകള്‍ ഒക്കെയും വരുത്തി തൊടുപുഴ പെരിയാറു നേര്യമംഗലം മഞ്ഞപ്പാറ മല ഈ മൂന്നു സ്ഥലത്തും മെട്ടും ഇട്ടു കൊടുപ്പിക്കത്തക്കവണ്ണം കച്ചവടക്കാരെയും ആക്കി പണ്ടാരവക കാര്യങ്ങള്‍ നേരും വിശ്വാസത്തോടും കൂടെ കുടിയാനവന്മാര്‍ ഉള്‍പ്പെട്ട ആളുകള്‍ നടക്കുന്നത് വിചാരിച്ചു യാതൊരു വകക്കും ഒരു കുറവ് കൂടാതെ വേണ്ടും പ്രകാരം അവരെ രക്ഷിച്ചു കൊള്ളത്തക്കവണ്ണവും തഹസില്ദാരന്മാര്‍ മുതലായ ഉദ്യോഗസ്ഥന്മാര്‍ക്ക് ഒക്കെയും ഉത്തരവ് കൊടുത്തു ശട്ടം കെട്ടിയിരിക്കുന്നു.
പണ്ടാരവകക്ക് മുതല്‍ക്കൂടി വരുവാന്‍ തക്കവണ്ണം ഏലത്തോട്ടത്തില്‍ വര്‍ധനയായിട്ടു വരേണ്ടുന്നത് കുടിയാനവന്മാരുടെ പ്രയത്‌നത്താല്‍ വേണ്ടുന്നതാകകൊണ്ടു വര്‍ഷകാലം തുടങ്ങുന്നതിനു മുമ്പില്‍ കാടുവെട്ടുവാനുള്ളതും തോട്ടം വീശുവാനുള്ളതും വഴി വെട്ടുവാനുള്ളതും മറ്റും ഏതെല്ലാം വേലകള്‍ ചെയ്‌വാനുണ്ടോ ആയതു ഒന്നിനും കുറവ് കൂടാതെ ചെയ്തു വിളവെടുപ്പിനു സമയമായാല്‍ മുന്‍പില്‍ക്കൂടി തഹസില്ദാരന്മാര്‍ മുതലായവരെ ബോധിപ്പിച്ചു വിളവെടുത്തു നല്ലതുപോലെ ഉണക്കി രാശിമേനിയാക്കി പണ്ടകശാലയില്‍ ഏല്പിച്ചു പറ്റുചീട്ടി വാങ്ങിച്ചുകൊള്ളുകയും വേണം.
കുടിയാനവന്മാര്‍ ഏല്‍പ്പിക്കുന്ന ഏലക്കയ്ക്കും മലഞ്ചരക്കുകള്‍ക്കും വിലയുടെ തിട്ടം മുന്‍പില്‍ നടന്നുവന്നതിന്‍വണ്ണം തന്നെ ഇനിയും നടത്തിക്കയും ചെയ്യും.
മേലെഴുതിയ കുടിയാനവന്മാരുള്‍പ്പെട്ട ആളുകളെ നല്ലപോലെ രക്ഷിക്കണമെന്ന് നമുക്ക് ഏറ്റവും മനസ്സായിരിക്കുന്നതിനാല്‍ അവര്‍ക്കു വേണ്ടുന്ന വസ്തുക്കള്‍ക്ക് ദൂരദേശങ്ങളില്‍ ചെന്ന് ബുദ്ധിമുട്ടി വാങ്ങിച്ചു കൊണ്ടുവരുവാന്‍ ആവശ്യമില്ലാഴികകൊണ്ടു ആയതിനു മേലെഴുതിയ പ്രകാരം കച്ചവടക്കാരെ ആക്കി അവര്‍ക്കു വേണ്ടുന്ന അരി ജൗളി ഉപ്പു കറുപ്പു കഞ്ചാ മുതലായ സകലമാന വസ്തുക്കളും ഒട്ടും മുടക്കം കൂടാതെ കൊടുക്കത്തക്കവണ്ണം ചട്ടം കെട്ടിയിരിക്കുന്നതാകകൊണ്ടു അതില്‍ എന്തെങ്കിലും കുറവ് വന്നു എങ്കില്‍ ഉടന്‍തന്നെ തഹസില്‍ദാരന്‍ മുതല്‍ പേരെ ബോധിപ്പിച്ചാല്‍ ഒരു വകക്കും കുറവ് വരാതെ അയാളുകള്‍ വിചാരിച്ചു ചട്ടം കെട്ടുകയും ചെയ്യും.
നാട്ടില്‍ ഉണ്ടാകുന്ന മലഞ്ചരക്കുകളും മുളകും മറുനാട്ടില്‍ പോകാതെയും മറുനാട്ടിന്‍ നിന്ന് പുകയില ഈ നാട്ടില്‍ വരാതെയും സൂക്ഷിക്കുന്നത് വലിയ കാര്യമാകകൊണ്ടു അപ്രകാരം യാതൊന്നും നടക്കാതെ ഇരിക്കത്തക്കവണ്ണം കുടിയാനവന്മാര്‍ ഏറിയ താല്പര്യത്തോടുംകൂടെ ദൃഷ്ടി വെച്ച് സൂക്ഷിച്ചു മലവഴികളില്‍ ആക്കിയിരിക്കുന്ന കാവല്‍ക്കര്‍ക്കു വേണ്ടുന്ന സഹായങ്ങളും ചെയ്തു ജാഗ്രതയായിട്ടു വിചാരിച്ചു നടന്നുകൊള്ളുകയും വേണം.ഇതില്‍ യാതൊരു വ്യത്യാസങ്ങളും നടത്തിയാല്‍ ആയാളുകളെ കഠിനമായിട്ടുള്ള ശിക്ഷ ചെയ്യിക്കയും ചെയ്യും.
മേലെഴുതിയ മലകളില്‍ ഏലത്തോട്ടങ്ങള്‍ വെട്ടി ഉണ്ടാക്കുന്നതിനു ഏറിയ സ്ഥലങ്ങള്‍ കിടപ്പുള്ള പ്രകാരം കേള്‍വിപ്പെട്ടിരിക്കകൊണ്ടും കുടിയാനവന്മാര്‍ നല്ലതുപോലെ പ്രയാസപ്പെട്ടു പണ്ടാരവകക്ക് കൂടുതല്‍ വരുവാന്‍ തക്കവണ്ണം കാടുകള്‍ വെട്ടി തോട്ടങ്ങള്‍ അധികമായിട്ടു ഉണ്ടാക്കിയാല്‍ അതിനു തക്കവണ്ണമുള്ള അനുഭവങ്ങള്‍ അവര്‍ക്കു ചെയ്യുന്നതുമല്ലാതെ കുടിയാനവന്മാര്‍ പണ്ടാരവകക്ക് ഗുണമായിട്ടു നടക്കുന്നതിനു തക്കപോലെ അവരെ വളരെ മാനമായിട്ടു രക്ഷിക്കയും ചെയ്യും.''
No comments:
Post a Comment