നാലുകെട്ടും നടുമുറ്റവുമുള്ള മഹാരാജാസിലെ പല ക്ലാസ് മുറികളും ചെറിയൊരു പാതാളഛായയിൽ നേർത്ത ഇരുൾ നിറഞ്ഞുകിടന്നു. ഒന്നാം വർഷ എംഎ ക്ലാസ് അത്തരത്തിലൊന്നായിരുന്നു. എന്നാൽ ആ ഇരുട്ടകറ്റി ഹൃദ്യമായ ഒരു ചിരിയോടെയാണ് ലീലാവതി ടീച്ചർ കടന്നുവന്നത്. ടീച്ചറുടെ വാഗ്പ്രവാഹത്തിൽ ഞങ്ങൾ ഏതൊക്കെയോ കരകളിലടിഞ്ഞു.
ലീലാവതി ടീച്ചറെപ്പറ്റി ഗ്രേസി എഴുതുന്നു
എഴുപതുകളുടെ മധ്യത്തിലാണ് ഞാൻ മഹാരാജാസ് കോളേജിൽനിന്ന് പടിയിറങ്ങിയത്. ഇനി വെറുമൊരു പൂർവവിദ്യാർത്ഥിനിയായിത്തീരുമല്ലോ എന്ന നഷ്ടബോധത്തിന്റെ ഭാരം നെഞ്ചിലമർന്നു.
ഞാൻ പ്രീഡിഗ്രിക്ക് പഠിച്ചത് പ്രാർത്ഥനാനിരതമായി നിൽക്കുന്ന ഒരു കുന്നിന്റെ നെറുകയിലെ കോളേജിലാണ്. അതിന്റെ ഒരു പകുതിയിൽ മാത്രമേ പെൺകുട്ടികൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളു. മറുപകുതി ആൺകുട്ടികളുടെ വിഹാരകേന്ദ്രമായിരുന്നു. അതുകൊണ്ട് കോളേജിന്റെ ആകാശത്ത് ചുടുനെടുവീർപ്പുകൾ ഘനീഭവിച്ചുനിന്നു. മലയാളം ബിഎയ്‌ക്ക് ചേർന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജാകട്ടെ ഒരു വരൾച്ച ബാധിത പ്രദേശമായിരുന്നു.
ഡോ. എം ലീലാവതി
മഹാരാജാസിന്റെ ഗേറ്റ് കടന്നതും ഒരു കുളിർമ വന്ന് എന്നെ പൊതിഞ്ഞു. നഗരമധ്യത്തിൽ പഴമയുടെ രാജകീയ പ്രൗഢിയോടെ തലയുയർത്തിനിന്ന മഹാരാജാസിന്റെ ക്യാമ്പസിൽ പേരറിയാത്ത ഒട്ടേറെ മരങ്ങൾ ഇലമർമ്മരങ്ങൾകൊണ്ട് സ്വാഗതമോതി. മരച്ചുവടുകളിലെ ആണും പെണ്ണും ഇടകലർന്ന കൂട്ടങ്ങളിൽ ചുറ്റിയടിച്ച് സ്വാതന്ത്ര്യത്തിന്റെ കാറ്റ് പൊട്ടിച്ചിരിക്കുന്നത് കണ്ടു. നാലുകെട്ടും നടുമുറ്റവുമുള്ള മഹാരാജാസിലെ പല ക്ലാസ് മുറികളും ചെറിയൊരു പാതാളഛായയിൽ നേർത്ത ഇരുൾ നിറഞ്ഞുകിടന്നു.
മഹാരാജാസ് കോളേജ്
ഒന്നാം വർഷ എംഎ ക്ലാസ് അത്തരത്തിലൊന്നായിരുന്നു. എന്നാൽ ആ ഇരുട്ടകറ്റി ഹൃദ്യമായ ഒരു ചിരിയോടെയാണ് ലീലാവതി ടീച്ചർ കടന്നുവന്നത്. ടീച്ചറുടെ വാഗ്പ്രവാഹത്തിൽ ഞങ്ങൾ ഏതൊക്കെയോ കരകളിലടിഞ്ഞു.
ലീലാവതി ടീച്ചറും ഭർത്താവ് സി പി മേനോനും
സാഹിത്യവും വ്യാകരണവും ഒരേ വൈദഗ്‌ധ്യത്തോടെ കൈകാര്യം ചെയ്ത് ടീച്ചർ ഞങ്ങളെ വിസ്മയിപ്പിച്ചു. ആശാൻ കവിത പഠിപ്പിക്കുമ്പോഴാകട്ടെ മനോവിജ്ഞാനീയവും കലർത്തും. ക്ലാസ് തീരുമ്പോൾ ലോകസഞ്ചാരം കഴിഞ്ഞെത്തുന്ന അനുഭൂതിയാണുണ്ടാവുക. അറിവ് മാത്രമല്ല, മാതൃവാത്സല്യവും ടീച്ചർ പകർന്നുതന്നു. ഒരു കോളേജധ്യാപികയാവാനുള്ള എന്റെ മോഹം അതോടെ ഉറച്ചുകിട്ടി. ചില സ്വകാര്യവ്യഥകൾ പങ്കിടാൻ മാത്രമുള്ള ഒരടുപ്പം എനിക്ക് ടീച്ചറോടുണ്ടായിരുന്നു. സി പി മേനോൻ പ്രണയിച്ചതും ടീച്ചറുടെ പ്രാരബ്ധങ്ങൾ തീരുംവരെ കാത്തിരുന്നതുമൊക്കെ എന്നോടും സന്ദർഭവശാൽ പങ്കുവച്ചിട്ടുണ്ട്.
ഞങ്ങൾ രണ്ടാം വർഷ എംഎ ക്ലാസിലേക്ക് കടന്നപ്പോഴാണ് ടീച്ചർക്ക് ഡോക്ടറേറ്റ് കിട്ടിയത്. അന്നൊക്കെ ഗവേഷണ പ്രബന്ധം ഇംഗ്ലീഷിൽ എഴുതണം. അനുമോദന ചടങ്ങിൽ ടീച്ചറുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തെ സഹപ്രവർത്തകർ പ്രശംസിച്ചു. സംസ്‌കൃതത്തിലും ടീച്ചർക്ക് അഗാധമായ പാണ്ഡിത്യമുണ്ടെന്ന് ആരോ ഓർമപ്പെടുത്തി.
അഭിമാനപൂരിതമായ ഹൃദയത്തോടെ ഞങ്ങളതൊക്കെ കേട്ട് സദസ്സിലിരുന്നു. അതിലേറെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയും ടീച്ചറെ അനുമോദിക്കാൻ ഞങ്ങൾക്കും ഒരവസരമുണ്ടായി. ടീച്ചർക്ക് എഴുത്തച്ഛൻ പുരസ്‌കാരം കിട്ടിയപ്പോൾ വീട്ടിലെത്തി പൊന്നാടയണിയിച്ചും പഴയകാലത്തെ ഓർമകൾ പങ്കുവച്ചും ഞങ്ങളത് ആഘോഷിച്ചു. എന്റെ പഠിപ്പ് കഴിഞ്ഞപ്പോൾ ജോലിക്കുവേണ്ടിയുള്ള അലച്ചിലായി. അതിനിടയിൽ അപൂർവമായിട്ടാണെങ്കിലും ഞാൻ ടീച്ചർക്ക് കത്തുകളയച്ചിരുന്നു. ജോലിസാധ്യത കുറവായിരുന്ന അക്കാലത്ത് പലരും പാരലൽ കോളേജുകളെ ശരണം പ്രാപിച്ചു. ഞാനും അവിടെത്തന്നെ ചെന്നടിഞ്ഞു. രണ്ടുമൂന്ന് കൊല്ലം കഴിഞ്ഞപ്പോഴേക്ക് എനിക്ക് നന്നേ മുഷിഞ്ഞു. കൊടിയ ഒരു വ്യർത്ഥതാബോധം എന്നെ തീണ്ടി. കൂട്ടുകാരികളും സ്വന്തം അനുജത്തി തന്നെയും വിവാഹം കഴിഞ്ഞ് അകന്നുപോയപ്പോൾ ഞാൻ കടുത്ത ഏകാന്തതയിൽ പെട്ടുപോവുകയുംചെയ്തു. അതുവരെയും വിവാഹം കഴിക്കണോ, വേണ്ടയോ എന്ന് ശങ്കിച്ചുനിന്ന ഞാൻ മുന്നുംപിന്നും നോക്കാതെ ഒരു പുറജാതിക്കാരന്റെ ജീവിതത്തിലേക്ക് കടന്നുചെന്നു.
ലീലാവതി ടീച്ചർക്ക് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചപ്പോൾ ഗ്രേസിയുൾപ്പെടെയുള്ള 1972‐74 ബാച്ചിലെ മലയാളം എംഎ വിദ്യാർത്ഥികൾ വസതിയിലെത്തി ആദരിക്കുന്നു
പേറും പെറപ്പുമൊക്കെ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് അധ്യാപികയാവാനുള്ള മോഹം മാത്രമല്ല, എഴുത്തുകാരിയാവാനുള്ള മോഹവും ക്ലാവുപിടിച്ചുപോയി എന്ന്. ഞാൻ എല്ലാവരിൽനിന്നും ഒഴിഞ്ഞുമാറി. ടീച്ചർക്ക് കത്തെഴുതാതെയായി. എന്നിട്ടും ഒരിക്കൽ എനിക്ക് ടീച്ചറെ അഭിമുഖീകരിക്കേണ്ടിവന്നു. ആലുവയിലെ ഒരു ക്രിസ്ത്യൻ കോളേജിൽ ഇന്റർവ്യൂവിന് ചെല്ലുമ്പോൾ ലീലാവതി ടീച്ചറായിരുന്നു സബ്ജക്ട് എക്‌സ്‌പർട്ട്. പുറജാതിക്കാരനെ കല്യാണം കഴിച്ച എന്നെ കമ്യൂണിറ്റി ക്വോട്ടയിൽ പരിഗണിക്കാൻ പാടില്ലെന്ന് ആരോ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. അതുകൊണ്ട് ഇന്റർവ്യൂവിന് വരുമ്പോൾ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എനിക്ക് അറിയിപ്പ് കിട്ടി. ഞാനിപ്പോഴുമൊരു ക്രിസ്ത്യാനി തന്നെയാണോ എന്ന് മാനേജ്‌മെന്റ് പ്രതിനിധി സംശയിച്ചു. എന്റെ അപ്പൻ ഇടവക പള്ളിയിൽ നിന്നൊരു സർട്ടിഫിക്കറ്റ് വാങ്ങിച്ച് അയച്ചുതന്നിരുന്നു.
ലീലാവതി ടീച്ചർ. പഴയകാല ചിത്രം
ഞാനത് പുറത്തെടുത്ത് നീട്ടി. അതിലൊന്ന് കണ്ണോടിച്ച് ഇക്കൊല്ലം എത്രപ്രാവശ്യം പള്ളിയിൽപോയി എന്ന് ചാട്ടുളിപോലൊരു ചോദ്യം എന്റെ നേർക്കെറിഞ്ഞു.
പെൺകരുണ വഴിയുന്ന മുഖമുള്ള ക്രിസ്തുവിനോട് പ്രണയത്തോളം പോന്ന ഒരു വികാരം നെഞ്ചേറ്റിനടന്നിട്ടും ഞാൻ പള്ളിയിൽ പോകാറുണ്ടായിരുന്നില്ല. എന്റെ നിസ്സഹായത കണ്ട് ടീച്ചർ ഇടപെട്ടു. എന്നോട് ക്ലാസെടുക്കാൻ പറഞ്ഞു. ഞാൻ ഒ എൻ വി കുറുപ്പിന്റെ ചോറൂണുൽനിന്ന് ചില വരികൾ ചൊല്ലി ക്ലാസെടുത്തു. പക്ഷേ, മതത്തിന്റെ പ്രതിനിധി കൈയൊഴിഞ്ഞ എന്നെ രക്ഷിക്കാൻ ടീച്ചർക്കും കഴിഞ്ഞില്ല. എനിക്കുവേണ്ടി ടീച്ചർ നടത്തിയ ഒരേയൊരു ഇടപെടൽ അങ്ങനെ പാഴായിപ്പോയി.
എങ്കിലും ആലുവയിൽതന്നെയുള്ള മറ്റൊരു കോളേജിൽ ഞാൻ അധ്യാപികയായി. മുടങ്ങിപ്പോയ കഥയെഴുത്ത് പതുക്കെ വീണ്ടെടുത്തു. എന്റെ ആദ്യ കഥാസമാഹാരമായ ‘പടിയിറങ്ങിപ്പോയ പാർവ്വതി' എറണാകുളം പ്രസ്‌ക്ലബ്ബിൽ വച്ച് പ്രകാശനം ചെയ്തത് ടീച്ചറായിരുന്നു. കഥകളെ പ്രശംസിക്കുന്നതിൽ ടീച്ചർ ഒരു പിശുക്കും കാണിച്ചില്ല. താറാവുകളെ അരയന്നമാക്കുമെന്നാണല്ലോ ടീച്ചറെക്കുറിച്ചുള്ള പ്രധാന ആരോപണം തന്നെ! കുട്ടികൃഷ്‌ണമാരാരെ വിമർശിക്കാനുള്ള ധൈര്യം കാണിച്ച് നിരൂപണരംഗത്തേക്ക് കടന്നുവന്ന ടീച്ചർ എന്തുകൊണ്ടോ മണ്ഡനനിരൂപണത്തിലാണ് ചുവടുറപ്പിച്ചത്.
ഒ എൻ വി പുരസ്കാരം അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചപ്പോൾ
ഏത് കൃതിയുടെയും മേന്മകൾ മാത്രം തേടിപ്പിടിക്കുമ്പോൾ സമഗ്രവും യാഥാർഥവുമായ വിലയിരുത്തൽ എങ്ങനെ സാധ്യമാകും? നിരൂപകന്റെ തൂലികയ്‌ക്ക് നല്ല മൂർച്ചവേണം. അത് പക്ഷേ, ഇന്നത്തെ ചില നിരൂപകരെപ്പോലെ, അപരന്റെ നെഞ്ചത്ത് കുത്തിയിറക്കാനുള്ളതാകരുത്.
സുഗതകുമാരി
സാഹിത്യകൃതികളെ മണ്ഡനപരമായും ഖണ്ഡനപരമായും സമീപിക്കുമ്പോൾ മാത്രമേ നിരൂപണത്തിന് വിശ്വാസ്യതയുണ്ടാവുകയുള്ളൂ. ഇതൊക്കെയാണെങ്കിലും നിരൂപണരംഗത്തേക്ക് സ്ത്രീകൾ കടന്നുവരാൻ മടിച്ചിരുന്ന കാലത്ത് ടീച്ചർ ഒരു സാഹസസഞ്ചാരമാണ് നടത്തിയത് എന്ന കാര്യത്തിൽ തർക്കമൊട്ടില്ലതാനും. ഇപ്പോഴും നിരൂപണ രംഗത്ത് സ്ത്രീസാന്നിധ്യം തീരെയില്ലെന്നുതന്നെ പറയാം.
ടീച്ചറുടെ മൂത്തമകൻ വിവാഹം കഴിച്ചത് മാധവിക്കുട്ടിയുടെ ഏട്ടന്റെ മകൾ ബാലാമണിയെയാണ്. ആ വിവാഹത്തിന്റെ ക്ഷണം കിട്ടിയ അപൂർവം ശിഷ്യരിലൊരാളായിരുന്നു ഞാൻ. അവിടെവച്ചാണ് പ്രിയകവി സുഗതകുമാരിയെ ഞാൻ ആദ്യമായി കാണുന്നത്. കൗതുകാദരങ്ങളോടെ നോക്കിനിന്ന എന്നെ കവി തിരിച്ചറിഞ്ഞപ്പോൾ എന്റെ ഹൃദയം ആഹ്ലാദത്താൽ കവിഞ്ഞു. അവിടെ പ്രത്യക്ഷപ്പെട്ട വേറെയും ചില സാഹിത്യകാരന്മാരെ അകലെ നിന്ന് കണ്ടു.
മാധവിക്കുട്ടി
എന്റെ മകളുടെ വിവാഹക്ഷണം സ്വീകരിച്ച് ഒരു സഹായിയോടൊപ്പമാണ് ടീച്ചർ എത്തിച്ചേർന്നത്. ചെറുതല്ലാത്തൊരു തുക മകൾക്ക് സമ്മാനിക്കുകയും ചെയ്തു. പഴയ എംഎ ക്ലാസിലെ ശിഷ്യരോടൊപ്പംനിന്ന് ഫോട്ടോയെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കുറ്റബോധംകൊണ്ട് എന്റെ തലകുനിഞ്ഞുപോയി. ഞാൻ അങ്ങോട്ട് പറയേണ്ടതായിരുന്നുവല്ലോ അത്. പക്ഷേ, ആ തിരക്കിനിടയിൽ ഇങ്ങനെ ചില ഔചിത്യമില്ലായ്‌മയൊക്കെ പറ്റിപ്പോവുമെന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു. പോരാത്തതിന് ഒറ്റമകളെ ഏറെ ദൂരെ വിവാഹം കഴിച്ചയക്കുന്നതുകൊണ്ട് എനിക്ക് കുറച്ച് വേവലാതിയുണ്ടായിരുന്നുതാനും.
ഭർത്താവിന്റെ വിയോഗത്താൽ പകച്ചുനിന്ന ടീച്ചറെക്കുറിച്ചുള്ള ഓർമ എന്നിൽനിന്നൊരിക്കലും ഒഴിഞ്ഞുപോകുകയില്ല. ടീച്ചറുടെ കൈയിൽ മുറുകെ പിടിച്ച് ഒന്നും മിണ്ടാനാവാതെ ഇരുന്ന എന്നെ തൊട്ടടുത്തുനിന്ന ആർക്കോ പരിചയപ്പെടുത്തിയതിങ്ങനെ: ‘ഇതാരാണെന്ന് അറിയാമോ? വലിയ ഒരു കഥയെഴുത്തുകാരിയാണ്! ' സത്യമായും ഞാൻ ഞെട്ടിപ്പോയി! ടീച്ചറുടെ സമനിലതെറ്റി എന്ന് എനിക്കപ്പോൾ തീർച്ചപ്പെട്ടു.
ലീലാവതി ടീച്ചർ (നടുവിൽ) സഹപാഠികൾക്കൊപ്പം
ആശ്വസിപ്പിക്കാനറിയില്ലെങ്കിലും ഒരാഴ്‌ച കഴിഞ്ഞ് ഞാൻ ടീച്ചറെ ഫോണിൽ വിളിച്ചു. ആരാണെന്ന് ടീച്ചർ ഒച്ചപൊന്തിച്ചു. ഗ്രേസിയാണ് ടീച്ചറെ! എന്ന് ഞാൻ വിനയപൂർവം അറിയിച്ചു. ഏത് ഗ്രേസി എന്ന് ഓർമയുടെ സ്‌പർശം പോലുമില്ലാത്ത മറ്റൊരു ചോദ്യത്തിന്റെ മുനമ്പിൽ ഞാൻ സ്തബ്ധയായി നിന്നു! ടീച്ചറിന്റെ ശിഷ്യയാണെന്ന് പതറിയ ശബ്ദത്തിൽ ഞാൻ മറുപടി പറഞ്ഞു. ആ! എനിക്കറിയില്ല! എന്ന് തീരെ മയമില്ലാതെ പറഞ്ഞ് ടീച്ചർ ഫോൺ താഴെവച്ചു. ഒരു ഭാര്യയ്‌ക്ക് എങ്ങനെയാണ് സ്വയം മറന്നിത്രമേൽ ഭർത്താവിനെ സ്‌നേഹിക്കാനാവുക എന്ന് അതിശയിച്ച് ഞാൻ ഏറെനേരം നിശ്ചലയായി നിന്നുപോയി.
പ്രേംജിയുടെ മകൻ നീലൻ അമൃത ടിവിക്കുവേണ്ടി ലീലാവതി ടീച്ചറെ ഇന്റർവ്യു ചെയ്യുന്ന പരിപാടിയിൽ എന്നെയും കൂട്ടി.
ഞാൻ എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ എന്റെ ഉള്ളിൽ പകർത്തിയെടുത്താണ് ടീച്ചറെ അഭിമുഖീകരിച്ചത്. എന്റെ ചെറിയ ചോദ്യങ്ങൾക്ക് ടീച്ചർ സമൃദ്ധമായി മറുപടി തന്നു. പിന്നാലെ ചായ പകർന്ന് തന്നപ്പോൾ ടീച്ചറുടെ ചെറിയമ്മ എന്തോ പിണക്കത്തിലാണെന്ന മട്ടിൽ ഒന്നും മിണ്ടാതെ അകന്നുനിന്നു. ഭർതൃ സഹോദരിയും സ്വന്തം ചെറിയമ്മയും തന്റെ എഴുത്ത് ജീവിതത്തെ വല്ലാതെ അലോസരപ്പെടുത്തിയ കാര്യം വെളിപ്പെടുത്താൻ ടീച്ചർക്ക് അപ്പോൾ മടിയേതുമുണ്ടായില്ല. അച്ഛനമ്മമാരോടും കൂടപ്പിറപ്പുകളോടും ചെറിയമ്മയോടും ഭർതൃസഹോദരിയോട് പോലുമുള്ള കടമകളൊക്കെയും ചെയ്തുതീർത്ത ഒരപൂർവ ജന്മമാണല്ലോ ടീച്ചറുടേത്.
ഞാൻ പിന്നെ ഒരമ്മൂമ്മയുടെ ബാധ്യതകളിലേക്ക് മടങ്ങി. പേരക്കുട്ടികൾക്ക് കഥ പറഞ്ഞുകൊടുത്ത് ബാലസാഹിത്യകാരിയുമായി. ആ വിഭാഗത്തിൽ ആദ്യത്തെ കഥാസമാഹാരമായി ‘വാഴ്‌ത്തപ്പെട്ട പൂച്ച' പ്രകാശിപ്പിച്ചതും ടീച്ചർ തന്നെ. ആലുവ ടൗൺഹാളിൽ ലൈബ്രറി കൗൺസിലിന്റെ പുസ്തകമേള ഉദ്ഘാടനംചെയ്യുന്നത് ടീച്ചറാണ് എന്നറിഞ്ഞപ്പോഴാണ് എന്റെ പൂച്ചപ്പുസ്തകം പ്രകാശിപ്പിക്കുന്ന കാര്യം ആലോചനയിലെത്തിയത്.
ഡോ. എം ലീലാവതി ഫോട്ടോ: രാജേഷ് ചാലോട്
നിർഭാഗ്യവശാൽ ടീച്ചറെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. എങ്കിലും ടീച്ചറുടെ ശിഷ്യവാത്സല്യത്തിൽ വിശ്വാസമർപ്പിച്ച് ഒരു ബാനർ ഉണ്ടാക്കി ഉദ്ഘാടനവേദിയിൽ സ്ഥാപിച്ചു. ടീച്ചറെ സ്വീകരിക്കാൻ പ്രവേശന കവാടത്തിൽതന്നെ നിലയുറപ്പിക്കുകയും ചെയ്തു. ടീച്ചറുടെ കൈകൾ സ്‌നേഹപൂർവം കവർന്ന് ക്ഷമാപണത്തോടെ ബാനർ ചൂണ്ടിക്കാട്ടി. ടീച്ചർക്ക് കൈമാറിയ പുസ്തകത്തിലെ ചില കഥകൾ കിട്ടിയ സമയം കൊണ്ട് വായിക്കുന്നത് കണ്ട് ഹൃദയംകൊണ്ട് ഞാൻ നമിച്ചുപോയി.
പതിവ് രീതിയിൽ ടീച്ചർ കഥകളെ ഏറെ പ്രശംസിച്ചു. വാഴ്‌ത്തപ്പെട്ട പൂച്ച എങ്ങനെയാണ് വീഴ്‌ത്തപ്പെട്ട പൂച്ചയായിത്തീർന്നതെന്ന് വിശദീകരിച്ച് ഊറിച്ചിരിച്ചു. അങ്ങനെ ചടങ്ങ് ഭംഗിയായി കലാശിക്കുകയും ചെയ്തു. ‘വാഴ്‌ത്തപ്പെട്ട പൂച്ച'യ്‌ക്ക് 2020ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്‌കാരം കിട്ടിയപ്പോൾ ഞാൻ ടീച്ചറെ വിളിച്ചു. അപ്പോഴേക്കും ടീച്ചറുടെ ശ്രവണശേഷി മിക്കവാറും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. നിരാശയായി എനിക്ക് പിൻവാങ്ങേണ്ടിവന്നു.
ടീച്ചർ എന്നെ സങ്കടപ്പെടുത്തിയത് മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ആത്മകഥ പ്രസിദ്ധപ്പെടുത്തിയപ്പോഴാണ്. പലപ്പോഴും ആവർത്തനം കടന്നുവന്നു. ഓർമശക്തി മങ്ങിത്തുടങ്ങിയാൽപ്പിന്നെ മനുഷ്യരുടെ അവസ്ഥ എത്ര ദയനീയമാണെന്ന് എന്റെ ഉള്ള് കലങ്ങി. നിരാഭരണയും ക്ഷീണിതയുമായി ടീച്ചറെ ഒരു ഫോട്ടോയിൽ കണ്ടപ്പോഴാകട്ടെ നെഞ്ചിൽനിന്ന് കുമിളകളുയർന്ന് തൊണ്ടയിൽ തടഞ്ഞുതകർന്നു. എനിക്ക് ടീച്ചറെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി. പക്ഷേ, ഈ ഭയങ്കരവ്യാധി മനുഷ്യരെ കെട്ടിപ്പിടിക്കാനോ സന്ദർശിക്കാൻപോലുമോ അനുവദിക്കുകയില്ലല്ലോ!.
No comments:
Post a Comment