കൂടാരത്തിലെ ഒരു സർക്കസും ആരും കണ്ടുതീർത്തിട്ടുണ്ടാകില്ല. തലമുറകളുടെ മനസ്സിൽ അത്ഭുതങ്ങളുടെ ട്രപ്പീസുകളി തുടരുകയാണ് ഇന്നും. ചരിത്രവും സാഹസികതയും ഇഴചേർന്ന അതേ അത്ഭുതങ്ങളുടെ ജീവിതത്തുടർച്ചയാണ് ഇന്ത്യൻ സർക്കസിന്റെ ഇതിഹാസനായകൻ ജെമിനി ശങ്കരന്റേത്. കളിക്കാരനായി തുടങ്ങി ജെമിനി, ജംബോ സർക്കസുകളുടെ ഉടമയായി തിളങ്ങിയ സർക്കസ് ആചാര്യന്റെ ജീവിതത്തിലൂടെ...
കീലേരിയുടെ ശങ്കരൻ
ആധുനിക ഇന്ത്യൻ സർക്കസിന്റെ പിതാവ് കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ കാൽതൊട്ട് വന്ദിച്ച് കളരിയിൽ ഇറങ്ങിയതാണ് എം വി ശങ്കരൻ. സാഹസികമായ അഭ്യാസമുറകളിലൂടെ കാണികളെ എന്നും വിസ്‌മയിപ്പിച്ചു. കണക്ക് തെറ്റാത്ത ചാട്ടത്തിലൂടെയും മലക്കംമറിഞ്ഞും തമ്പിന്റെ കൈയടി നേടി. ജീവിതത്തിലും സർക്കസിലും ഒരിക്കലും ചുവടുതെറ്റിയില്ല. അഞ്ചുവർഷം സർക്കസിലെ ട്രപ്പീസ് താരമായിരുന്നു. സർക്കസ് ഉടമയുടെ വേഷത്തിലും തിളങ്ങി. സർക്കസ് കൂടാരവുമായി സഞ്ചരിക്കാത്ത നഗരങ്ങളില്ല. ഇന്ത്യൻ സർക്കസിന്റെ അംബാസഡറായി ഒട്ടേറെ വിദേശരാജ്യങ്ങളും സന്ദർശിച്ചു. ഇപ്പോൾ സർക്കസ് നടത്തിപ്പ് മക്കളായ അജയ് ശങ്കറിനെയും അശോക് ശങ്കറിനെയും രേണു ശങ്കറിനെയും ഏൽപ്പിച്ച് വിശ്രമത്തിലാണ് അദ്ദേഹം.
ഇന്ത്യൻ സർക്കസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഷോമാന്മാരിൽ ഒരാളാണ് നമ്മുടെ മുന്നിൽ. ആധുനിക ഇന്ത്യൻ സർക്കസിന്റെ ആചാര്യൻ. ജംബോ, ജെമിനി സർക്കസ് സ്ഥാപകൻ എം വി ശങ്കരൻ. ഇന്ത്യൻ സർക്കസിന്റെ 125–-ാം വാർഷികം ഡൽഹി താൽകത്തോറ സ്‌റ്റേഡിയത്തിൽ ആഘോഷിച്ചപ്പോൾ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി രാജ്യം ആദരിച്ചയാൾ.
കൊളശേരി ബോർഡ് സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ നാട്ടിൽ പ്രദർശനത്തിനെത്തിയ കിട്ടുണ്ണി സർക്കസാണ് തമ്പിനോട് ശങ്കരന്റെ മനസ്സ് അടുപ്പിച്ചത്. ഒറ്റത്തൂണുള്ള ചെറിയൊരു തമ്പ്. ഒരണയാണ് കിട്ടുണ്ണി സർക്കസിന്. കത്തിയേറാണ് വലിയ അഭ്യാസം. അതിനു മാത്രം ഭാര്യയെ കൂട്ടുപിടിക്കും. പെട്രോമാക്‌സിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട അഭ്യാസം മനസ്സിൽ തട്ടി. വെസ്‌റ്റേൺ സർക്കസുമായി എത്തിയ കണാരൻ അഭ്യാസിയുടെ തവളക്കളിയായിരുന്നു മറ്റൊരു കൗതുകം. ഒരു ദിവസം ടിക്കറ്റെടുക്കാതെ തമ്പിലേക്ക് പാഞ്ഞുകയറി. കളികണ്ടുകൊണ്ടിരിക്കെ തമ്പിൽനിന്ന് പുറത്താക്കി. സർക്കസിൽ കമ്പംകയറാൻ അതും കാരണമായി.
കളരി ശങ്കരൻ
കളരി അഭ്യസിക്കലാണ് സർക്കസിലേക്കുള്ള എളുപ്പവഴിയെന്ന് തോന്നിയപ്പോൾ വീടിനടുത്ത കുഞ്ഞമ്പു ഗുരുക്കളുടെ കളരിയിലാണ് ആദ്യമെത്തിയത്. മെയ്‌ക്കരുത്തു നേടി വല്യ സർക്കസുകാരൻ ആകണമെന്നായിരുന്നു ആഗ്രഹം. ഏഴാംക്ലാസ് കഴിഞ്ഞപ്പോൾ കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ അരികിലേക്ക്. തലശേരി ബാസൽ മിഷൻ സ്‌കൂളിലെ കായിക അധ്യാപകനായിരുന്നു കീലേരി. ശരീരം വളഞ്ഞ് ബാലൻസ് എടുപ്പിക്കുന്നതാണ് ആദ്യപാഠം. വളയാം, നിവരാം, പറക്കാം, മലക്കുത്തം മറിയാം... മനസ്സ് വിചാരിക്കുന്നതുപോലെ ശരീരംകൊണ്ട് ചെയ്യാവുന്ന വിദ്യയാണ് സർക്കസ് എന്ന് തിരിച്ചറിയുന്നത് കീലേരിയുടെ കളരിയിൽനിന്നാണ്.
‘‘സർക്കസുകാർ അന്ന് വല്യപൈസക്കാരാണ്. 100 രൂപയുടെ നോട്ട് കീശയിലുണ്ടാകും. സർക്കസ് പഠിക്കാൻ പോകുന്നതുകൊണ്ട് വീട്ടിൽ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. അച്ഛൻ കവിണിശേരി രാമൻനായർ സ്‌കൂൾ അധ്യാപകനായിരുന്നു. ഏഴുരൂപയാണ് ശമ്പളം. മാഷുടെ ശമ്പളത്തേക്കാൾ കൂടുതൽ സർക്കസുകാർക്ക് കിട്ടുമെന്ന് അച്ഛനും അറിയാമായിരുന്നു’’–-ശങ്കരേട്ടൻ സർക്കസിലേക്കുള്ള വഴി ഓർത്തെടുത്തു.
പട്ടാളം ശങ്കരൻ
അന്നത്തെ പല ചെറുപ്പക്കാരെയുംപോലെ ജെമിനി ശങ്കരനും പട്ടാളത്തിൽ ചേർന്നു. മദ്രാസിലായിരുന്നു ആദ്യ നിയമനം. വയർലെസ് ഒബ്‌സർവർ പോസ്റ്റിൽ. അലഹബാദിൽ ആറുമാസം ട്രെയിനിങ്. രണ്ടാംലോക യുദ്ധം നടക്കുന്ന സമയമാണ്. വിമാനത്തിന്റെ ഒച്ച കേൾക്കുമ്പോൾ അറിയിക്കണം. തുടക്കത്തിൽ 18 രൂപയായിരുന്നു ശമ്പളം. 15 രൂപയും വീട്ടിലയക്കും. പിന്നീട് ശമ്പളം 55 രൂപയായി. അലഹബാദിലെ പരിശീലനംകഴിഞ്ഞ് കൊൽക്കത്ത ഡയമണ്ട് ഹാർബറിൽ നിയമനം. ജപ്പാൻ ഇട്ട ബോംബ് ചെളിയിൽ വീണതിനാൽ അപകടം സംഭവിക്കാതെ പോയതാണ് അക്കാലത്തെ ഓർമ.
പട്ടാളത്തിൽനിന്ന് നേരെ മടങ്ങിയത് കീലേരിയുടെ ശിഷ്യൻ എം കെ രാമൻ ടീച്ചറുടെ സർക്കസ് കളരിയിലേക്ക്. ജെമിനി ശങ്കരന്റെ പിറവി അവിടെയാണ്. ഒരു വർഷം അഭ്യാസം പഠിച്ചശേഷം തിരികെ കൊൽക്കത്തയിലേക്ക്. കൊൽക്കത്തയിലെ ബോസ് ലയൺ സർക്കസിൽ അരങ്ങേറ്റം. ബാർകളി, ട്രപ്പീസ് തുടങ്ങി പ്രധാന നമ്പരുകളെല്ലാം അവതരിപ്പിച്ചു. 300 രൂപ ശമ്പളം. നാട്ടിലെ തഹസിൽദാർക്കു പോലും അത്രയും വലിയ ശമ്പളം അന്നുണ്ടായിരുന്നില്ല.
കൊൽക്കത്ത തെരുവുകളിൽ വിഭജനത്തിന്റെ പേരിൽ ഹിന്ദുവും മുസ്ലിമും പരസ്പരം വെട്ടിമരിച്ച നാളുകളായിരുന്നു അത്. ആ കറുത്ത നാളുകൾക്ക് സാക്ഷിയാണ് ശങ്കരേട്ടൻ. ഹിന്ദു–-മുസ്ലിം ലഹളയുടെ കൊടുംഭീതിയിൽ കൊൽക്കത്ത വിറങ്ങലിച്ചു നിന്നപ്പോഴും സർക്കസ് പ്രദർശനത്തെ അത് കാര്യമായി ബാധിച്ചില്ല. എം വി ശങ്കരന്റെ പ്രകടനംകണ്ട് റെയ്മൺ ഗോപാലൻ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്‌തു. അങ്ങനെ രണ്ടു വർഷം നാഷണൽ സർക്കസിൽ.
സർക്കസ് ഉടമ ശങ്കരൻ
1951 ആഗസ്‌ത് 15ന് ഗുജറാത്തിലെ സൂറത്തിനടുത്ത ബില്ലിമോറയിൽനിന്നാണ് സ്വന്തം സർക്കസുമായുള്ള യാത്ര ജെമിനി ശങ്കരൻ തുടങ്ങിയത്. ശമ്പളത്തിൽനിന്ന് മിച്ചംവച്ച തുകകൊണ്ട് സുഹൃത്ത് സഹദേവനൊപ്പം 6000 രൂപയ്‌ക്ക് വാങ്ങിയ സർക്കസ് കമ്പനി. തന്റെ നക്ഷത്രത്തെ അനുസ്‌മരിച്ച് സർക്കസിന് ജെമിനിയെന്ന പേരും നൽകി. ആദ്യ പ്രദർശനം വൻവിജയമായി. പിന്നീടങ്ങോട്ട് അതിശയകരമായ വളർച്ച. ഓരോ വർഷവും പുതിയ ഐറ്റവും ആരും കാണാത്ത മൃഗങ്ങളെയും തമ്പിലെത്തിച്ചു. സൈക്ലിസ്റ്റ് കുഞ്ഞിക്കണ്ണൻ, സർക്കസ് ഉടമ കെ എസ് മേനോൻ എന്നിവരെല്ലാം പിന്നീട് പാർട്‌ണർമാരായി. ഓരോ സ്ഥലത്തും ഒന്നും ഒന്നരയും മാസം നീളുന്ന പ്രദർശനം.
ട്രപ്പീസിലെ അപകടകരവും അത്ഭുതപ്പെടുത്തുന്നതുമായ മുഹൂർത്തങ്ങളിൽ തനിക്ക് ശ്വാസംനിലച്ചു പോകുന്നതായി തോന്നിയെന്ന് ജെമിനി ശങ്കരനോട് പറഞ്ഞത് പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു. ഡൽഹിയിലെ പ്രദർശനം ഉദ്‌ഘാടനം ചെയ്‌താണ് നെഹ്‌റു സർക്കസ് കണ്ടത്. എല്ലാ മന്ത്രിമാരോടും സർക്കസ് കാണാൻ നെഹ്‌റു അഭ്യർഥിച്ചതും ചരിത്രം. മദ്രാസിൽ പ്രദർശനം ഉദ്‌ഘാടനം മുഖ്യമന്ത്രി എം ജി ആർ. ബംഗാളിൽ മൈതാനം കിട്ടാതെ വന്നപ്പോൾ ജ്യോതി ബസുവിന് ഇ എം എസ് നൽകിയ കത്താണ് തുണയായത്.
സർക്കസിലെ അഭ്യാസമുറകൾ കണ്ട് തുള്ളിച്ചാടി ആഹ്ലാദം പങ്കിട്ട ഒരു രാഷ്‌ട്രത്തലവൻ ശങ്കരേട്ടന്റെ സ്‌മരണയിലുണ്ട്. സാംബിയൻ പ്രസിഡന്റ് കെന്നത്ത്‌കൗണ്ടയാണ് അത്. പല ഐറ്റവും അവതരിപ്പിച്ചാൽ എഴുന്നേറ്റു നിന്ന് കുട്ടിയെപ്പോലെ തുള്ളിച്ചാടും. മാർട്ടിൻ ലൂഥർകിങ്, ഇന്ദിര ഗാന്ധി, എ കെ ജി, ജ്യോതിബസു, യൂറി ഗഗാറിൻ, രാജേന്ദ്രപ്രസാദ്, എസ് രാധാകൃഷ്‌ണൻ, സാക്കിർ ഹുസൈൻ, ലാൽ ബഹാദൂർ ശാസ്‌ത്രി, മൊറാർജി ദേശായി, ദലൈലാമ... ശങ്കരേട്ടന്റെ തമ്പിൽ എത്തിയവരിൽ ചിലർ മാത്രമാണ് ഇത്. ആഫ്രിക്ക, കെനിയ, കുവൈത്ത്, ഇറാഖ്, ഇറാൻ, ഇറ്റലി, ഫ്രാൻസ്, ലബനൺ, ജപ്പാൻ തുടങ്ങി എത്രയോ രാജ്യങ്ങളിൽ സർക്കസുമായി യാത്രചെയ്‌തു. റഷ്യ, ബെൽജിയം, ഇറ്റലി, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെ ഇന്ത്യൻ സർക്കസിലെ അഭ്യാസികളാക്കിയതും ശങ്കരേട്ടൻ തന്നെ.
മോസ്കോ ഇന്റർനാഷണൽ സർക്കസ് ഷോയിൽ പങ്കെടുക്കാൻ രാജ്യം നിയോഗിച്ച 12 അംഗസംഘത്തിൽ ശങ്കരേട്ടനും ഉണ്ടായിരുന്നു. നയതന്ത്ര പാസ്‌പോർട്ട് നൽകിയാണ് റഷ്യ ഇന്ത്യൻ സർക്കസ് താരങ്ങളെ സ്വീകരിച്ചത്. പട്ടിണിപ്പാവങ്ങളായ കലാകാരന്മാർക്ക് വിഐപി പരിഗണനയായിരുന്നു സോവിയറ്റ് യൂണിയനിൽ. വലിയ ഹോട്ടലിലായിരുന്നു താമസ സൗകര്യം. മൂന്നു മാസം റഷ്യയിൽ സർക്കസ് അവതരിപ്പിച്ചു.
അക്കാലത്ത് തമ്പിൽ അഞ്ഞൂറോളം കലാകാരന്മാരും ഉണ്ടായിരുന്നു. 18 ആന, 40 സിംഹം, 15 പുലി, സീബ്ര, ഒറാങ്കുട്ടാൻ, ഹിപ്പപൊട്ടാമസ് തുടങ്ങി അനേകം മൃഗങ്ങളും. ജാംനഗർ രാജാവ് സമ്മാനിച്ചതായിരുന്നു നാല് കുതിരയും നാല് സിംഹത്തെയും. പ്രത്യേക ട്രെയിനിലായിരുന്നു പുതിയ കളിസ്ഥലത്തേക്കുള്ള സർക്കസ് ട്രൂപ്പിന്റെ യാത്ര. ജെമിനിയുടെ ജൈത്രയാത്രയ്‌ക്കിടെ തകരാൻ തുടങ്ങിയ മറ്റൊരു സർക്കസ് കമ്പനികൂടി ഏറ്റെടുക്കേണ്ടിവന്നു. അതാണ് പിന്നീട് പ്രസിദ്ധമായ ജംബോ സർക്കസായത്.
തമ്പിന്റെ മനസ്സ് തൊട്ട സർക്കസിന്റെ തമ്പുരാനാണ് എല്ലാ അർഥത്തിലും ജെമിനി ശങ്കരൻ. കൂടാരത്തിലെ കളിക്കാരുമായി വലുപ്പച്ചെറുപ്പമില്ലാതെ അദ്ദേഹം ഇടപഴകി. ഓരോ ചെറിയ പ്രശ്‌നത്തിലും ശ്രദ്ധപതിഞ്ഞു. മൃഗങ്ങളെയും ഗാഢമായി സ്നേഹിച്ചു. കേരള ഹോസ്‌പിറ്റൽ ഫെഡറേഷൻ എംഡി ടി ഹരിദാസ് പറയുന്നത് കേൾക്കുക: ‘‘സർക്കസിൽ മൃഗങ്ങളുടെ പ്രദർശനം നിരോധിച്ച കാലം. സർക്കസ് തമ്പുകളിലെ എല്ലാ മൃഗങ്ങളെയും അദ്ദേഹം വയനാട്ടിലേക്ക് കൊണ്ടുവന്നു സംരക്ഷിച്ചു. ഒരു ദിവസം ശങ്കരേട്ടനൊപ്പം അവിടെ പോയി. ശങ്കരേട്ടനെ കണ്ടപ്പോൾ സിംഹവും പുലിയുമെല്ലാം പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് സ്നേഹം പ്രകടിപ്പിച്ചു. വയനാട്ടിലെ സ്വന്തം എസ്‌റ്റേറ്റിൽ ലക്ഷങ്ങൾ മുടക്കിയാണ് നാലുവർഷം മൃഗങ്ങളെ പരിപാലിച്ചത്. അതിനും നിയന്ത്രണം വന്നതോടെ പ്രതിഫലം വാങ്ങാതെ വനംവകുപ്പിന് കൈമാറി. ഒരു മൃഗശാലയിൽ ഉള്ളതിനേക്കാൾ മൃഗങ്ങളുണ്ടായിരുന്നു.
സിനിമാ ശങ്കരൻ
ജെമിനിയുടെയും ജംബോയുടെയും തമ്പുകളിൽ സിനിമക്കാർ പലരും എത്തിയിട്ടുണ്ട്. രാജ് കപൂറിന്റെ മേരാ നാം ജോക്കർ സിനിമ ചിത്രീകരണം മൂന്നു മാസത്തോളം ജെമിനിയുടെ ടെന്റിലായിരുന്നു. കമലഹാസന്റെ അപൂർവ സഹോദരങ്ങൾ ചിത്രീകരിച്ചത് ശങ്കരേട്ടന്റെ തമ്പിൽത്തന്നെ. സർക്കസ് തമ്പിൽ മൂന്നു മാസം രാമു കാര്യാട്ടും താമസിച്ചു. പി ഭാസ്‌കരനുമായി ചേർന്ന് ‘ശ്രീമദ് ഭഗവത്‌ഗീത’ എന്ന സിനിമ എടുത്തതും മറ്റൊരു സാഹസികത. സാമ്പത്തിക നേട്ടമൊന്നും സിനിമ സമ്മാനിച്ചില്ലെങ്കിലും നിർമാതാവ് എന്ന പേര് ലഭിച്ചു.
എ കെ ജിയുടെ നിർദേശപ്രകാരം ഡി എം പൊറ്റക്കാടുമായി ചേർന്ന് മറ്റൊരു സിനിമയ്‌ക്കും പദ്ധതിയിട്ടു; കരാറുമായി. ചങ്ങമ്പുഴയുടെ രമണനെ ആസ്‌പദമാക്കിയുള്ള കഥയായിരുന്നു. പല കാരണത്താൽ ആ സിനിമ ഉപേക്ഷിച്ചെന്ന് ശങ്കരേട്ടൻ പറഞ്ഞു. കവി പി ഭാസ്‌കരനുമായി ഗാഢസൗഹൃദമായിരുന്നു. സർക്കസ് കണ്ടശേഷം വയലാർ എഴുതിയ പാട്ടും കാസറ്റും എവിടെയോ നഷ്ടപ്പെട്ടു. എ കെ ജി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. 1992ൽ സർക്കസിൽനിന്ന് ശങ്കരേട്ടൻ പൂർണമായും വിടപറഞ്ഞു. വല്ലപ്പോഴും സർക്കസ് ടെന്റിൽ പോയി, ഓർമകൾ അഴിച്ചുപണിയും.
No comments:
Post a Comment