Monday, July 13, 2020

കടലിനെ സംബന്ധിക്കുന്ന അന്താരാഷ്‌ട്ര നിയമങ്ങളെ പരിചയപ്പെടുത്തുകയാണ്

ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ 'എന്‍റിക്ക ലെക്സി'യിലെ ഇറ്റാലിയന്‍ നാവികര്‍  രണ്ടു ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ  കേസിലെ വിധിയുടെ പൂര്‍ണ്ണരൂപം ലഭ്യമായിട്ടില്ല. വിധി  മുഴുവനായി വരുന്നതിന് മുൻപ് കടലിനെ സംബന്ധിക്കുന്ന അന്താരാഷ്‌ട്ര നിയമങ്ങളെ പരിചയപ്പെടുത്തുകയാണ് ജനീവയിൽ അന്താരാഷ്‌ട്ര നിയമം പ്രാക്‌ടീസ് ചെയ്യുന്ന ദീപക് രാജു

1. അൽപം ചരിത്രം
രാജ്യങ്ങൾ ഒരു നിശ്ചിത ഭൂപ്രദേശത്തിനുള്ളിൽ പരമാധികാരികളാണ്. കരയിൽ അധികാരം സ്ഥാപിച്ച രാജ്യങ്ങൾ അധികം വൈകാതെ ആ അധികാരം കടലിലേയ്ക്കും വ്യാപിപ്പിച്ച് തുടങ്ങി. തങ്ങളുടെ കരയോട് അടുത്ത് കിടക്കുന്ന കടലിൽ മത്സ്യബന്ധത്തിനും ഗതാഗതത്തിനും മറ്റുമുള്ള അവകാശങ്ങൾ തങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയോ തങ്ങളുടെ നിയന്ത്രണത്തിലാക്കിയോ രാജ്യങ്ങൾ നിയമങ്ങൾ കൊണ്ടുവന്നു. കടലിൽ എത്രത്തോളം ദൂരത്തിലും വിസ്തൃതിയിലുമാണ് ഈ അധികാരം പ്രയോഗിക്കാൻ കഴിയുന്നത്, എന്താണ് ആ അധികാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത് എന്നതിനെക്കുറിച്ച് ഒക്കെ പല രാജ്യങ്ങൾക്കും പല നയങ്ങളായിരുന്നു. കരയോട് അടുത്ത് കിടക്കുന്ന മൂന്ന് നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ എന്നാൽ 1.151 സാധാ മൈൽ ദൂരമാണ്), ആറ് നോട്ടിക്കൽ മൈൽ, പന്ത്രണ്ട് നോട്ടിക്കൽ മൈൽ, തുടങ്ങി പല അളവുകളിലും അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടു. രസകരമായ ഒരു വസ്തുത മൂന്ന് മൈൽ അവകാശവാദം ഉന്നയിച്ച പലരാജ്യങ്ങളുടെയും അവകാശ വാദത്തിന്റെ അടിസ്ഥാനം അക്കാലത്തെ പീരങ്കിയുടെ പരിധി ഏതാണ്ട് ആ ദൂരം ആയിരുന്നു എന്നതാണ്.

യൂറോപ്യൻമാർ കടൽമാർഗമുള്ള ദീർഘദൂര കച്ചവടത്തിലേയ്ക്ക് തിരിഞ്ഞതോടെ കരയോട് അടുത്ത് കിടക്കുന്ന കടലിൽ ഉള്ള അവകാശ വാദങ്ങൾ കരയിൽ നിന്ന് ദൂരേയ്ക്ക് സഞ്ചരിച്ചു. വ്യാപാരത്തിന് ഉപയോഗിക്കുന്ന കടൽ മാർഗങ്ങളുടെ നിയന്ത്രണത്തിനായി യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ വലിയ മത്സരം ഉണ്ടായി. ഈ മത്സരത്തിൽ 1400കൾ മുതൽ 1600കൾ  വരെ മുൻപിൽ നിന്നത് പോർച്ചുഗൽ ആയിരുന്നു. ഏഷ്യയിലേക്കുള്ള കടൽ മാർഗങ്ങളിൽ പലതിലും പോർച്ചുഗൽ അധീനത സ്ഥാപിച്ചു.

പോർച്ചുഗലിന്റെ ആധിപത്യം ചോദ്യം ചെയ്ത ഡച്ചുകാർ 1603-ഇൽ സാന്റാ കാതറീന എന്ന പോർച്ചുഗീസ് കപ്പൽ പിടിച്ചെടുത്തു.  പോർച്ചുഗലും ഡച്ചുകാരും തമ്മിൽ നടന്നിരുന്ന യുദ്ധം കൂടുതൽ ഊർജിതമായി. തങ്ങളുടെ അവകാശവാദങ്ങൾ വിശദീകരിക്കാൻ ഡച്ചുകാർ ഹ്യൂഗോ ഗ്രോഷ്യസ് എന്ന പയ്യനെ (അന്നദ്ദേഹത്തിന് ഇരുപത്തിയാറ് വയസ്) ഏർപ്പെടുത്തി.

1609-ഇൽ ഗ്രോഷ്യസ് കടൽ എല്ലാ രാജ്യങ്ങളുടെയും പൊതുസ്വത്താണ് എന്നും, അതിലൂടെ യാത്ര ചെയ്യാനും വ്യാപാരത്തിനും എല്ലാ രാജ്യങ്ങൾക്കും അവകാശം ഉണ്ട് എന്നും പറഞ്ഞ് ഒരു പുസ്തകം എഴുതി - മേർ ലിബേറം (സ്വതന്ത്ര സമുദ്രം). ഗ്രോഷ്യസിനെയാണ് അന്താരാഷ്‌ട്ര നിയമത്തിന്റെ പിതാവായി കരുതുന്നത്.

ഗ്രോഷ്യസിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ പോർച്ചുഗീസുകാർ സെൽഡൻ എന്ന ആളെ ഏർപ്പെടുത്തി. അദ്ദേഹം “മേർ ക്ളോസം” (അടഞ്ഞ സമുദ്രം) എന്ന ആശയത്തിലൂടെ കടലിൽ രാജ്യങ്ങൾക്ക് പരമാധികാരം സ്ഥാപിക്കാം എന്ന് വാദിച്ചു.

കടൽ അടഞ്ഞതാണോ തുറന്നതാണോ എന്ന സംവാദം പിന്നെയും കാലങ്ങൾ നീണ്ട് നിന്നു. പതുക്കെ കരയോട് അടുത്ത് കിടക്കുന്ന കടലിന്റെ ഒരു ഭാഗം രാജ്യങ്ങൾക്ക് പരമാധികാരം സ്ഥാപിക്കാനാകുന്നതും (അടഞ്ഞത്) ബാക്കിയുള്ള പുറം കടൽ (ഹൈസീസ്) ആർക്കും പരമാധികാരമില്ലാത്ത ഇടമാണ് (തുറന്നത്) എന്ന കാഴ്ചപ്പാടിലേയ്ക്ക് മിക്ക രാജ്യങ്ങളും എത്തിച്ചേർന്നു.

2. കരാർ
മുകളിൽ പറഞ്ഞ സംഭവങ്ങൾക്ക് ശേഷം രാജ്യങ്ങൾ തമ്മിൽ കടലിലെ അവകാശങ്ങൾ നിജപ്പെടുത്തുന്ന അനേകം കരാറുകൾ ഉണ്ടായി. 1982-ഇൽ പ്രാബല്യത്തിൽ വന്ന  ഐക്യരാഷ്ട്ര സഭയുടെ കടലിനെ സംബന്ധിക്കുന്ന കരാർ (യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ലോ ഓഫ് ദ സീ - അൺക്ളോസ്) ആണ് ഈ വിഷയത്തിലെ ഏറ്റവും വിശദമായതും ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്നതുമായ കരാർ.

കരാർ അനുസരിച്ച്, ഓരോ രാജ്യത്തിനും തങ്ങളുടെ തീരത്തോട് ചേർന്ന് കിടക്കുന്ന പന്ത്രണ്ട് നോട്ടിക്കൽ മൈലിൽ പരമാധികാരം ഉണ്ട് (ടെറിട്ടോറിയൽ സീ). അവിടെ നിയമം ഉണ്ടാക്കാനും നടപ്പാക്കാനും ഒക്കെയുള്ള അധികാരം ആ രാജ്യത്തിനുണ്ട്. എന്നാൽ ആ പ്രദേശത്തുകൂടി യാത്ര ചെയ്യാൻ (ഇന്നസെന്റ് പാസേജ്) മറ്റെല്ലാ രാജ്യങ്ങളുടെയും കപ്പലുകളെ വിവേചനം ഇല്ലാതെ അനുവദിക്കണം.

ഒരു രാജ്യത്തിന്റെയും പരമാധികാരത്തിൽ വരാത്ത പുറം കടൽ സ്വതന്തമാണ്. അവിടെ എല്ലാ രാജ്യങ്ങളുടെയും കപ്പലികൾക്കും മറ്റും സ്വതന്ത്ര വിഹാരം നടത്താം. ഒരു കപ്പൽ ഏത് രാജ്യത്തിന്റെ പതാക വഹിക്കുന്നുവോ ആ രാജ്യത്തിന് മാത്രമാണ് കപ്പൽ പുറം കടലിൽ ആയിരിക്കുമ്പോൾ അതിനുമേൽ അധികാരം.

പരമാധികാരമുള്ള കടലിനോട് അടുത്ത് കിടക്കുന്ന ഇരുനൂറ് നോട്ടിക്കൽ മൈലിൽ (എക്സ്ക്ലൂസീവ് എക്കണോമിക്ക് സോൺ) രാജ്യങ്ങൾക്ക് ചില പ്രത്യേക അധികാരങ്ങൾ ഉണ്ട്.

ഈ പറഞ്ഞത് പൊതു തത്വങ്ങൾ ആണ്. രാജ്യങ്ങൾ കൃത്യമായ ചതുരങ്ങൾ അല്ല എന്നതുകൊണ്ട് ഈ പറഞ്ഞ അളവുകൾ എല്ലായ്പ്പോഴും പ്രായോഗികമല്ല. പലപ്പോഴും ഒരു രാജ്യത്തിന്റെ കരയിൽനിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ അളന്നാൽ മറ്റൊരു രാജ്യത്തിന്റെ കരയിലെത്തും. ഇത്തരം പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചില വ്യവസ്ഥകൾ കരാറിൽ ഉണ്ട്. ഇവ പലപ്പോഴും തർക്കങ്ങൾക്ക് കാരണമാകാറുമുണ്ട്.

ഇതുകൂടാതെ, കരയിലേക്ക് കയറിക്കിടക്കുന്ന കടലിടുക്കുകൾ, ദ്വീപുകൾ, കടൽത്തറ, തുറമുഖങ്ങൾ തുടങ്ങി കടലിനെ സംബന്ധിക്കുന്ന മിക്ക കാര്യങ്ങളെയും കുറിച്ച് കരാറിൽ വ്യവസ്‌ഥ ഉണ്ട്.

3. ഏതാണീ കോടതി?
അൺക്‌ളോസ് പ്രകാരമുള്ള തർക്കങ്ങൾ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിക്കോ, ഹാംബർഗിൽ സ്ഥാപിതമായ ഇന്റർനാഷണൽ ട്രൈബ്യൂനൽ ഫോർ ലോ ഓഫ് ദ സീ (ഇറ്റ്ലോസ്) വഴിയോ, ആർബിട്രേഷൻ വഴിയോ പരിഹരിക്കാം.

കരാർ ഒപ്പിടുന്ന സമയത്ത് ഇവയിൽ ഏതാണ് തിരഞ്ഞെടുക്കുന്നത് എന്ന് ഓരോ രാജ്യവും വ്യക്തമാക്കണം.രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു തർക്കം ഉണ്ടായാൽ, അവ രണ്ടും തിരഞ്ഞെടുത്തിട്ടുള്ളത് ഒരേ കോടതി ആണെങ്കിൽ കേസ് ആ കോടതിക്ക് പോകും. രണ്ട് രാജ്യങ്ങളും തിരഞ്ഞെടുത്തിരിക്കുന്നത് ഒരേ കോടതി അല്ലെങ്കിൽ തർക്കം ആർബിട്രേഷൻ വഴി പരിഹരിക്കും. അത്തരം ആർബിട്രേഷനുള്ള നടപടി ക്രമങ്ങൾ അൺക്ളോസിന്റെ ഏഴാം അനുബന്ധത്തിൽ കൊടുത്തിട്ടുള്ളതുകൊണ്ട് ഇതിനെ ”അനെക്സ് സെവൻ ആർബിട്രേഷൻ” എന്നാണ് വിളിക്കുന്നത്.

അഞ്ച് ആർബിട്രേറ്റർമാരാണ് കേസ് കേൾക്കുന്നത്. ഓരോ രാജ്യവും ഓരോ ആർബിട്രേറ്ററെ നിയമിക്കുന്നു. ബാക്കി മൂന്ന് പേരെ കക്ഷികൾ ഒന്നിച്ച് നിയമിക്കുന്നു. അത് സാധിച്ചില്ലെങ്കിൽ അവരെ ഇറ്റ്ലോസിന്റെ പ്രസിഡന്റ് നിയമിക്കുന്നു.

ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി അന്തിമമാണ്. കക്ഷികൾ മുൻകൂട്ടി സമ്മതിച്ചിട്ടില്ലെങ്കിൽ വിധിയിൽനിന്ന് അപ്പീൽ ഇല്ല. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള എൻറിക്ക ലെക്സി തർക്കം ഇത്തരം ഒരു അനെക്സ് സെവൻ ട്രൈബ്യൂനൽ ആണ് കേട്ടത്. ആ കേസിലെ വിധി മുഴുവനായി പുറത്ത് വന്നുകഴിഞ്ഞ് അതിനെക്കുറിച്ച് എഴുതാം.

അനുബന്ധമായി ഒരു കഥ കൂടി.

1926-ഇൽ “ലോട്ടസ്“ എന്ന ഫ്രഞ്ച് കപ്പൽ “ബോസ് കുർട്ട്“ എന്ന ടർക്കിഷ് കപ്പലുമായി കൂട്ടിയിടിച്ചു. സംഭവം നടന്നത് ആർക്കും പരമാധികാരം ഇല്ലാത്ത പുറംകടലിലാണ്. ബോസ് കുർട്ട് മുങ്ങി എട്ടുപേർ മരിച്ചു. ബാക്കിയുള്ളവരെ രക്ഷിച്ച ലോട്ടസ് ടർക്കിയിൽ കരയ്ക്കടുത്തു.

അശ്രദ്ധ മൂലം ജീവനാശം ഉണ്ടാക്കി എന്നാരോപിച്ച് ടർക്കി രണ്ടു കപ്പലുകളിലേയും ഓരോ ഓഫീസർമാർക്കെതിരെ കേസെടുത്തു. എന്നാൽ ലോട്ടസ് ഫ്രഞ്ച് പതാക വഹിച്ചിരുന്നത് കൊണ്ടും കപ്പൽ പുറംകടലിൽ ആയിരുന്നതിനാലും അതിന്റെ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ ഉള്ള അധികാരം ഫ്രാൻസിന് മാത്രമാണ് എന്ന് ഫ്രാൻസ് വാദിച്ചു.

സംഭവം പെർമനന്റ് കോർട്ട് ഓഫ് ഇന്റർനാഷണൽ ജസ്റ്റിസിന് (ഇപ്പോഴത്തെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ മുൻഗാമി) മുൻപിൽ എത്തി. അന്ന് കടലിനെ സംബന്ധിക്കുന്ന അന്താരാഷ്‌ട്ര കരാർ നിലവിൽ വന്നിട്ടില്ല.

കേസ് കേട്ടത് പന്ത്രണ്ട് ജഡ്ജിമാരാണ്.

അതിൽ ആറുപേർ ടർക്കിക്ക് അനുകൂലമായി വിധിച്ചു. രാജ്യങ്ങൾ പരമാധികാരികളാണ്, അതുകൊണ്ട് പ്രത്യേക നിയമം വഴി നിരോധിച്ചിട്ടിലാത്ത എന്തും അവർക്ക് ചെയ്യാം എന്നതായിരുന്നു അവരുടെ വാദം.

മറ്റേ ആറുപേർ ഫ്രാൻസിന് അനുകൂലമായി വിധിയെഴുതി. രാജ്യങ്ങളുടെ പരമാധികാരം അവയുടെ ഭൂപരിധിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നു, അതുകൊണ്ട് പ്രത്യേക നിയമം വഴി അനുവദിച്ചിട്ടില്ലാത്ത അധികാരങ്ങൾ അവർ ആ ഭൂപരിധിക്ക് പുറത്തെ കാര്യങ്ങളിൽ പ്രയോഗിക്കരുത് എന്നതായിരുന്നു ഇവരുടെ വാദം.

അവസാനം കോടതിയുടെ പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ട് വഴി ടർക്കി ജയിച്ചു.

പിന്നെയും പതിറ്റാണ്ടുകൾ കഴിഞ്ഞാണ് കടലിനെ സംബന്ധിക്കുന്ന അന്താരാഷ്‌ട്ര കരാർ ഉണ്ടാകുന്നത്. ഇതുപോലെ ഉള്ള ഒരു തർക്കത്തിൽ ആ കരാർ എങ്ങനെയാണ് നിയമത്തെ മാറ്റിമറിച്ചത് എന്ന് എൻറിക്കാ ലെക്സിയിലെ വിധി വരുമ്പോൾ കൂടുതൽ വ്യക്തമാകും.

ഏതായാലും മേൽപ്പറഞ്ഞ സംഭവങ്ങൾ കഴിഞ്ഞ് കുറെ വർഷം കൂടി ലോട്ടസ് യാത്ര ചെയ്തു. 1931-ഇൽ അതിലെ ഒരു യാത്രക്കാരൻ കപ്പലിൽ നിന്ന് കപ്പലിന്റെ ചിത്രമുള്ള ഒരു പോസ്റ്റ് കാർഡ് അമേരിക്കയിലെ മേരിലാന്റിൽ ഉള്ള ഒരു സുഹൃദത്തിന് അയച്ചു. എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് ആ പോസ്റ്റ് കാർഡ് ഈബേയിൽ എത്തി. അവിടെനിന്ന് വെറും പത്ത്‌ ഡോളർ ചിലവിൽ ഈയുള്ളവന്റെ കയ്യിലും. അന്താരാഷ്‌ട്ര നിയമത്തിലെ ഏറ്റവും പ്രമാദമായ കേസുകളിൽ ഒന്നിന്റെ ഈ തിരുശേഷിപ്പ് ഇപ്പൊ എന്റെ മേശപ്പുറത്തിരിക്കുന്നു. അതിന് പുറകിൽ മഷിപ്പേനകൊണ്ട് എഴുതിയ കത്ത് ഇതുവരെ പൂർണമായി വായിക്കാൻ കഴിഞ്ഞിട്ടില്ല. എഴുതിയ ആൾ ഏതോ ഡോക്ടർ ആയിരുന്നെന്ന് തോന്നുന്നു.

Read more: https://www.deshabhimani.com/from-the-net/deepak-raju-on-laws-of-the-sea/881174

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive