Saturday, July 18, 2020

സിനിമയുടെ ദീർഘചരിത്രം; 95 പിന്നിട്ട്‌ ജി കെ പിള്ള

ആ ആത്മകഥ പറയും സിനിമയുടെ ദീർഘചരിത്രം; 95 പിന്നിട്ട്‌ ജി കെ പിള്ള

ജി കെ പിള്ളയ്‌ക്ക്‌ 95 വയസ്സ്‌ പിന്നിട്ടിരിക്കുന്നു. ഈ പ്രായത്തിലും സീരിയലുകളിൽ അഭിനയം തുടരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രായമുള്ള നടൻ  ആത്മകഥ എഴുതുന്ന തിരക്കിലാണ്‌. സിനിമാ ജീവിതവും വിശ്വസിച്ച രാഷ്‌ട്രീയ പാർടിയിലെ നേതാക്കളുടെ വഞ്ചനകളും ആത്മകഥയിലെ ഉള്ളടക്കത്തിലുണ്ട്‌

മലയാള സിനിമയുടെ ചരിത്രത്തിനൊപ്പമുണ്ട്‌ ഈ നടൻ. തൊണ്ണൂറ്റഞ്ചുകാരനായ ജി കെ പിള്ളയുടെ  അഭിനയജീവിതം 65 വർഷം പിന്നിട്ടിരിക്കുന്നു.  പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴാണ്‌ ജി കേശവപിള്ളയെന്ന ജി കെ പിള്ളയുടെയും നാട്‌. ഇരുവരും ശാർക്കര ദേവീക്ഷേത്രമൈതാനിയിൽ  ഒരുമിച്ചു കളിച്ചുവളർന്നവർ. പ്രേംനസീർ 1926 ഏപ്രിൽ ഏഴിനാണ്‌ ജനിച്ചതെങ്കിൽ ജി കെ പിള്ള ജനിച്ചത്‌ തലേവർഷം ജൂലൈ ആറിന്‌. ജി കെ പിള്ള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും നസീർ നായകനായ സിനിമകളിൽ. സിനിമയിൽ പ്രേംനസീറാണ്‌ പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ്‌ സിനിമാപ്രവേശം.
14–-ാം വയസ്സിൽ സ്വാതന്ത്ര്യസമരക്കാർക്കൊപ്പം കൂടിയ വിദ്യാർഥി. കർക്കശക്കാരനായ അച്ഛന്റെ എതിർപ്പിനെ തുടർന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ്‌ പട്ടാളത്തിൽ. സ്വാതന്ത്ര്യാനന്തരം വർഗീയകലാപങ്ങളിൽ  മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും നിയോഗിക്കപ്പെട്ടവരിൽ ജി കെയും ഉണ്ടായിരുന്നു.
‘പത്മശ്രീ' തുടങ്ങിയപുരസ്‌കാരങ്ങൾ പടിവാതിൽവരെ എത്തി പിൻവലിഞ്ഞ ചരിത്രങ്ങളൊക്കെ ആത്മകഥയിൽ എഴുതുന്നുണ്ട്‌. വിദ്യാർഥിയായിരിക്കെ തന്നെ കോൺഗ്രസുകാരൻ. ചലച്ചിത്രജീവിതത്തിലെ തിരക്കുകൾക്കിടയിലും അടിയുറച്ച കോൺഗ്രസുകാരനായി തുടർന്നു. തെരഞ്ഞെടുപ്പുകളിൽ വേദികളിൽ പ്രസംഗിച്ചു. പിൽക്കാലത്ത് ചില‌ നേതാക്കൾ ‘കറിവേപ്പില'പോലെ വലിച്ചെറിഞ്ഞതിന്റെ തീരാവേദനയുണ്ട്‌ ജി കെ പിള്ളയ്‌ക്ക്‌.  
തിക്കുറിശ്ശി മുതൽ ദിലീപുവരെയുള്ള നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്‌. സീരിയലുകളിൽ ഇന്നും അഭിനയം തുടരുന്നു ഇദ്ദേഹം. സത്യൻ, നസീർ, കൊട്ടാരക്കര, കെ പി ഉമ്മർ, മധു, രാഘവൻ, വിൻസന്റ്, സുധീർ, സുകുമാരൻ, സോമൻ, ജയൻ,  മമ്മൂട്ടി, മോഹൻലാൽ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷിയായിരുന്നു ജി കെ. കാര്യസ്ഥൻ എന്ന സിനിമയിൽ മധുവിനൊപ്പമുള്ള കാരണവർ വേഷമാകും പുതിയ തലമുറയ്‌ക്ക്‌ പരിചിതം. എത്രയോ വടക്കൻപാട്ട് സിനിമകളിൽ യോദ്ധാവായും തിളങ്ങി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാൾപ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയുമൊക്കെ  അനായാസം നടത്താൻ  പ്രത്യേക വൈദഗ്‌ധ്യമുണ്ടായിരുന്നു. സിനിമയോളംതന്നെ അനുഭവങ്ങളും തിരിച്ചടികളും രാഷ്‌ട്രീയരംഗത്തും ലഭിച്ചിട്ടുണ്ട്. ഒപ്പംനിന്ന നേതാക്കൾ തന്നോടു കാട്ടിയ നീതികേടുകൾ ആത്മകഥയിൽ തുറന്നെഴുതണം.
വിമുക്തഭടനായ പിള്ള 15 വർഷം കോൺഗ്രസ്‌ നേതൃത്വത്തിലുള്ള എക്‌സ്‌ സർവീസ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. പക്ഷേ, ഇന്നും പെൻഷൻ കിട്ടിയിട്ടില്ല. നൽകിയിട്ടില്ല. പെൻഷന് മിനിമം 15 വർഷത്തെ സൈനികസേവനം നിർബന്ധം.  പിള്ളയ്‌ക്ക്‌ 13 വർഷത്തെ സേവനമേയുള്ളൂ–- ജി കെ പിള്ളയെന്ന മുതിർന്ന നടൻ ജീവിതം പറഞ്ഞുതുടങ്ങുകയാണ്‌.
‘‘പണ്ടത്തെ പല പല ചട്ടങ്ങളും നമ്മൾ സൗകര്യമനുസരിച്ചു മാറ്റിയിട്ടും ഈ ചട്ടം ഇന്നുവരെ മാറ്റിയിട്ടില്ല. എന്നെപ്പോലുള്ള പട്ടാളക്കാരുടെ പെൻഷൻ പാസാക്കാൻ കോൺഗ്രസ്‌ നേതാക്കന്മാരുടെ  ഓഫീസിൽ വർഷങ്ങൾ  കയറിയിറങ്ങിയിട്ടും കാമരാജ് സ്റ്റൈലിൽ ‘പാക്കലാം' പറഞ്ഞൊഴിയുകയായിരുന്നു അവർ. എ കെ ആന്റണി പ്രതിരോധമന്ത്രി ആയിരിക്കെ കണ്ടു. എനിക്ക് വേണ്ടിയല്ല. എനിക്ക് ജീവിക്കാനുള്ളത് സിനിമയിൽനിന്നു കിട്ടും. ഒരു നിവൃത്തിയുമില്ലാത്ത ഒട്ടേറെ മുൻ പട്ടാളക്കാരുടെ ഗതികേട് കണ്ടിട്ടാണ് ശ്രമിച്ചത്.’’ 
കോൺഗ്രസിലെ മുതിർന്ന എല്ലാ നേതാക്കന്മാരുമായും വലിയ അടുപ്പവും സൗഹൃദവും സൂക്ഷിച്ചിരുന്ന ജി കെ പിള്ളയ്‌ക്ക്‌ ഇന്നത്തെ നേതാക്കളോട്‌   മതിപ്പില്ല. തനിക്ക് പത്മശ്രീ ശുപാർശ ചെയ്‌ത്‌ കത്തയച്ച നേതാക്കൾ തന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കൊണ്ട്‌ വേറൊരാൾക്കുവേണ്ടി ശുപാർശ ചെയ്യിച്ചു.  
രമേശ് ചെന്നിത്തല  25 വയസ്സുള്ളപ്പോഴാണ് ആദ്യം നിയമസഭയിലേക്ക് മത്സരിക്കുന്നത്, ഹരിപ്പാട് നിന്ന്‌.   അപ്പോഴും പിന്നീടത്തെ എല്ലാ തെരഞ്ഞെടുപ്പുകളിലും അവിടെയൊക്കെ പോയി ഞാൻ  പ്രസംഗിച്ചു. പഴയ പാർടിക്കാരനായ എന്നെ കലാകാരനെന്ന നിലയിൽ ഇന്നുവരെ ഇവരൊന്നും തിരിഞ്ഞുനോക്കിയിട്ടില്ല. എന്നെ പേരിനുപോലും ഒന്ന് ഫോൺ ചെയ്‌തിട്ടില്ല –- ജി കെ  പറയുന്നു.
 കോൺഗ്രസ് സർക്കാർ ഭരിച്ചപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ്‌, ഫിലിം ഡെവലപ്‌മെന്റ്‌‌ കോർപറേഷൻ ചെയർമാൻ  തുടങ്ങിയ പദവികളിലൊക്കെ എന്നെ നിയോഗിക്കുമെന്ന് അടുപ്പമുള്ള ചില നേതാക്കന്മാർ വാക്കുതന്നിരുന്നു. ആ സമയത്ത് വേറെ യോഗ്യന്മാരെയാണ് നിയമിച്ചത്. നിയമനം ലഭിച്ചവരിൽ പഴയ ഇടതുപക്ഷക്കാരനുമുണ്ടായിരുന്നു. ഒരിക്കൽ തിരുവല്ല മണ്ഡലത്തിൽ മത്സരിക്കാൻ കെ കരുണാകരൻ തന്നോട്‌ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നിരസിച്ചു. കോൺഗ്രസിലെ നേതാക്കൾ വേണ്ടപ്പെട്ടവർക്ക്‌ പല സഹായവും ചെയ്യും.  മക്കളെയും സിൽബന്ധികളെയുമൊക്കെ ഓരോരോ സ്ഥലത്ത് പ്രതിഷ്‌ഠിക്കും. പാർടിയിൽ ഇല്ലാത്തവർക്കും പദവികൾ നൽകും–-  രാഷ്ട്രീയത്തിലെ അനുഭവങ്ങളെക്കുറിച്ച് വേദനയോടെ  അദ്ദേഹം പറഞ്ഞു.
ഞാൻ തെരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ ഇടതുപക്ഷത്തെയാണ് ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത്. പക്ഷേ, അവർ എന്നോടു കാണിക്കുന്ന സ്‌നേഹവും അംഗീകാരവും ബഹുമാനവും വളരെ വലുതാണ്. പ്രത്യേകിച്ച്  നാട്ടുകാരായ ഇടതുപക്ഷക്കാരും (1965 മുതൽ ഭാര്യയുടെ നാടായ വർക്കല നിയോജക മണ്ഡലത്തിലെ ഇടവയിലാണ് താമസം) ഇപ്പോഴത്തെ എംഎൽഎ വി ജോയിയുമൊക്കെ. അദ്ദേഹം ഇവിടെ എന്നെ കാണാൻ പലതവണ വന്നിട്ടുണ്ട്.
ഇന്ന് കോൺഗ്രസിന് തെരഞ്ഞെടുപ്പു സമയത്തെ പ്രവർത്തനങ്ങളും അതു മുന്നിൽ കണ്ടിട്ടുള്ള നയങ്ങളും മാത്രമാണുള്ളത്.  തെരഞ്ഞെടുപ്പു സമയത്താണ് കോൺഗ്രസുകാർ എന്നെയൊക്കെ അന്വേഷിക്കുന്നത്. ഈ പ്രദേശത്ത് എന്തെങ്കിലും സംഭവം നടന്നാൽ പോലും ഇവരാരെയും പൊടിയിട്ടു നോക്കിയാൽപ്പോലും കാണാനാകില്ല.
‘‘കൊറോണ മഹാവ്യാധി പടർന്നുപിടിച്ചപ്പോൾ മുഖ്യമന്ത്രി പിണറായിയും സർക്കാരും ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണ്. ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും ഊർജസ്വലരായി തന്നെയാണ് നിലകൊള്ളുന്നത്. എന്നാൽ പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന കാര്യങ്ങളെ എപ്പോഴും വിമർശിക്കാനേ കോൺഗ്രസ്‌ നേതാക്കൾക്ക്‌ നേരമുള്ളൂ. തങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുന്നതിന്റെ പ്രയാസം അവർക്കുണ്ട്‌. അതുകൊണ്ട് എല്ലാ കാര്യത്തിന്റെയും നന്മ ഇല്ലായ്‌മ ചെയ്യാനാണ്‌ അവരുടെ ശ്രമം.  ഭരിക്കുന്നവർ നല്ലതു ചെയ്താൽ അതൊക്കെ അംഗീകരിക്കേണ്ടത്  ജനാധിപത്യമര്യാദയാണ്. ഇതൊക്കെ പറഞ്ഞാൽ പലരും പ്രകോപിതരാകും.
മറ്റൊരാളെ വേദനിപ്പിക്കാതിരിക്കുക. പറ്റുമെങ്കിൽ സഹായിക്കുക.  ജീവിതത്തിൽ ഇത്തരം നിഷ്‌ഠകളൊക്കെ ഇന്നും വച്ചുപുലർത്തുന്നു–- ജീവിതസായാഹ്നത്തിൽ ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ ജി കെ പിള്ള ഇപ്പോഴും പഴയ യോദ്ധാവിന്റെ വേഷമെടുത്തണിയും.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive