ഇന്ത്യയുടെ ആത്മാവിന്റെ ഘടന വരച്ച എൻജിനിയർ; മലയാള സാഹിത്യത്തിന്റെ ദിശമാറ്റിയ "ആൾക്കൂട്ട’ ത്തിന് അരനൂറ്റാണ്ട്
ആനന്ദിന്റെ ആൾക്കൂട്ടം പുസ്‌തകമായി പിറന്നത് 1970ൽ. ആ കണക്കനുസരിച്ച് അരനൂറ്റാണ്ടിന്റെ വായനാജീവിതം ആ കൃതി പൂർത്തിയാക്കുകയാണ്. അമ്പതു വർഷം ഒരു സമൂഹത്തിന്റെ സജീവ വായനയിൽ നിലകൊള്ളുക എന്നത് ചെറിയ കാര്യമല്ല. തലമുറകളായി മലയാളിയുടെ സർഗാത്മക സമീപനത്തിലും ആശയാന്വേഷണ രീതികളിലും സ്വാധീനം ചെലുത്തിയ കൃതിയാണ് ആൾക്കൂട്ടം. ആനന്ദ് എന്ന എഴുത്തുകാരനെ സൃഷ്ടിച്ചതും ആ രചനയാണ്.
എഴുത്തുകാരനാകണമെന്ന ആഗ്രഹമോ, പുസ്‌തകമെഴുതുകയാണെന്ന ചിന്തയോ ഇല്ലാതെ അദ്ദേഹം എഴുതിത്തുടങ്ങിയ രചനയാണ് ആൾക്കൂട്ടം. 1958ലെ ഒരു ദിവസമാണ് ആനന്ദ് ബോംബെയിലെ വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയത്. കേരളത്തിന്റെ മണ്ണിൽനിന്നുള്ള ഒരു മലയാളി യുവാവിന്റെ പറിച്ചുനടൽ. ഗൗരവമായ വായനയും ചിന്തയുമുള്ള ഒരു ചെറുപ്പക്കാരന്റെ മഹാനഗരത്തിലേക്കുള്ള പറിച്ചുനടൽ. ആ നഗരജീവിതം അയാളുടെ ചിന്തയെ ജ്വലിപ്പിച്ചു. അയാൾ ജീവിതത്തിന്റെ ആഴങ്ങളെ അടുത്തറിയുകയായിരുന്നു. സ്വന്തം രാജ്യത്തിന്റെ വേദനകളെ അറിയുകയായിരുന്നു. അന്നും ഇന്നും ബോംബെ ഒരു മിനി ഇന്ത്യയാണ്. വിക്‌ടോറിയ ടെർമിനസ്സിലെ പ്ലാറ്റ്ഫോമിൽ ഓരോ വണ്ടി വന്നുനിൽക്കുമ്പോഴും അവിടെ ഇന്ത്യക്കാർ വന്നു നിറയുകയായിരുന്നു. പലയിടങ്ങളിൽനിന്ന്, പല ഭാഷകൾ സംസാരിച്ച്, പല സംസ്‌കാരങ്ങളിൽ വളർന്ന ഇന്ത്യക്കാർ. പല ചരിത്രത്തിന്റെ പ്രതിനിധികൾ. പല പ്രശ്നങ്ങളുടെ വേദനകൾ കടിച്ചുതിന്നുന്നവർ. അങ്ങനെ വന്നുചേർന്നു നിർമിക്കപ്പെട്ടുകൊണ്ടിരുന്ന ആൾക്കൂട്ടത്തെയാണ് നഗരമധ്യത്തിലെ ഒരു ഒറ്റമുറി താവളത്തിലിരുന്ന് ആനന്ദ് നോക്കിക്കണ്ടത്. ബോംബെയിൽ അധികകാലം തങ്ങിയില്ലെങ്കിലും ചെറിയ ചെറിയ ഇടവേളകളിൽ അദ്ദേഹം അവിടേക്ക് തിരിച്ചുവന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ ആ മനസ്സിൽ ആൾക്കൂട്ടമുണ്ടായിരുന്നു. അത് വാക്കുകളിലേക്ക് പകർന്നു തുടങ്ങിയത് 1960ൽ ബറോഡയിൽ വച്ച്. ആനന്ദ് ആ തുടക്കം ഓർത്തെടുക്കുന്നു.
"1960-ൽ ഒരു ദിവസം, ഒരു കട്ടിൽ മാത്രമുള്ള ബറോഡയിലെ എന്റെ മുറിയിൽ, കട്ടിലിൽ കടലാസ് വച്ച്, നിലത്തിരുന്ന് ഞാൻ ആദ്യത്തെ അധ്യായമെഴുതി. ആ അധ്യായം മാറ്റിയെഴുതേണ്ടി വന്നില്ല. കാട്ടിലും നാട്ടിലും ക്യാമ്പുകളിലും പലായനങ്ങളിലുമായി കഴിഞ്ഞ അടുത്ത എട്ടു കൊല്ലങ്ങളിൽ നോട്ടുബുക്കുകൾ നഷ്‌ടപ്പെടാതെ പോന്നു. കഥാപാത്രങ്ങളും എഴുത്തുകാരനും വായനക്കാരുമായി മാറിമാറിക്കളിച്ച, വേദനിച്ച, വേദനിപ്പിച്ച അർധരാത്രികളിൽ ഒരു ടൈം ഫ്രെയിമും കഥയും ഉണ്ടായി വന്നു.’
ആ മനസ്സിൽ പതിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വലിയൊരു ചിത്രം അക്ഷരങ്ങളിലൂടെ പുനർജനിക്കുകയായിരുന്നു. നീണ്ട എട്ടു വർഷംകൊണ്ടാണ് അദ്ദേഹമത് പൂർത്തിയാക്കിയത്.
എവിടെയെല്ലാമോവച്ച് ആ എഴുത്ത് തുടർന്നു. ആനന്ദ് അക്കാലത്ത് ജോലി സംബന്ധമായി പലയിടങ്ങളിൽ താമസിച്ചിരുന്നു. ആൾക്കൂട്ടം എപ്പോഴും എല്ലായിടത്തും അദ്ദേഹത്തെ പിൻതുടർന്നു. നോവലെഴുതുകയാണെന്നോ, പുസ്‌തകമെഴുതുകയാണെന്നോ ആലോചിക്കാതെ മനസ്സിലെ ഭാരം ഒരു ഡയറിയിലെന്നതുപോലെ എഴുതിപ്പോയി. എന്നാൽ, ഓരോ വാക്കും വ്യക്തതയോടെയും കൃത്യതയോടെയും കുറിച്ചവയായിരുന്നു. നോട്ടുബുക്കിന്റെ മുകളിലും വലതു വശത്തുമായി ഇതിൽ പരാമർശിക്കേണ്ട സംഭവങ്ങളും കാലക്രമവും തെറ്റാതെ രേഖപ്പെടുത്തിയാണ് എഴുതാൻ തുടങ്ങിയത്. ഒരു എൻജിനിയറുടെ കൃത്യതയോടെ എന്തെഴുതണം, എങ്ങനെയെഴുതണം എന്ന കാര്യത്തിൽ മുൻ നിശ്ചയങ്ങളോടെ തുടർന്ന എഴുത്ത് അവസാനിക്കുമ്പോൾ 1968 ആയി. അവസാന അധ്യായം എഴുതി തീർത്തത് അരുണാചൽപ്രദേശിൽവച്ചാണ്. അന്നദ്ദേഹം അവിടെയാണ് ജോലി നോക്കിയിരുന്നത്, സൈന്യത്തിൽ. ആ വർഷം രണ്ടുമാസത്തെ അവധിക്ക് നാട്ടിൽ വരുമ്പോൾ എഴുതിയ നോട്ടുബുക്കുകൾ കൈയിലെടുത്തിരുന്നു. ആൾക്കൂട്ടം എന്ന രചനയുടെ സഞ്ചാരം അവിടെ തുടങ്ങുന്നു.
യാത്രയിൽ വഴിക്കുവച്ച് മദിരാശിയിൽ വണ്ടിയിറങ്ങി ആൾക്കൂട്ടത്തിന്റെ കൈയെഴുത്തുപ്രതിയുമായി എം ഗോവിന്ദനെ കാണാൻ ചെല്ലുന്നു. ഗോവിന്ദൻ വീട്ടിലില്ലായിരുന്നു. ഒരു കുറിപ്പോടെ ‘ആൾക്കൂട്ടത്തെ' ആനന്ദ് അവിടെ ഏൽപ്പിക്കുന്നു. ഗോവിന്ദനെ നേരിട്ട് പരിചയുണ്ടായിരുന്നില്ല. ഗോവിന്ദൻ നടത്തിവന്ന സമീക്ഷ മാസികയിൽ ഇടയ്‌ക്ക് ചില കത്തുകൾ എഴുതിയിട്ടുണ്ട്. അങ്ങനെയൊരു ബന്ധംമാത്രം. ഗോവിന്ദൻ തന്റെ കൃതി വായിക്കണം എന്ന് തോന്നിയതിനാൽ അത് അദ്ദേഹത്തെ ഏല്പിച്ചു. അപ്പോഴും പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹമോ നിശ്ചയമോ മനസ്സിലുണ്ടായിരുന്നില്ല. അവധി കഴിഞ്ഞ് തിരിച്ചെത്തി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഗോവിന്ദന്റെ കത്തു വന്നു. ആൾക്കൂട്ടം വായിച്ചതിന്റെ ആവേശം നിറഞ്ഞ കത്ത്. അങ്ങനെ ആൾക്കൂട്ടത്തിന് ഒരാദ്യ വായനക്കാരനുണ്ടാവുന്നു. ഇത് പ്രസിദ്ധീകരിക്കേണ്ടതാണെന്നും അതിനു വേണ്ടതെല്ലാം താൻ ചെയ്യാമെന്നും ഗോവിന്ദൻ എഴുതി. അങ്ങനെ ഗോവിന്ദൻ വഴി അത് സമീക്ഷയുടെ സുഹൃത്തുക്കളിൽ പലരും വായിക്കാനിടയായി. പ്രസിദ്ധീകരണത്തിനു മുമ്പേ നടന്ന തീക്ഷ്ണവായനകൾ. അതിനുമുമ്പ് ഒന്നും എഴുതാത്ത ഒരാളിന്റെ നോവൽ ചെറിയൊരു കൂട്ടം വലിയ വായനക്കാരാൽ ആസ്വദിക്കപ്പെടുകയായിരുന്നു. മലയാള സാഹിത്യത്തിൽ ഒരു സർഗാത്മക വിപ്ലവം അരങ്ങേറ്റം കുറിക്കപ്പെടുന്നു. ഗോവിന്ദനും കാരൂരും കൂടി അത് സാഹിത്യപ്രവർത്തക സഹകരണ സംഘത്തിലൂടെ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടു. ചെലവിന്റെ പണം കൊടുക്കാമെങ്കിൽ പ്രസിദ്ധീകരിക്കാം എന്നാണ് എസ്‌പിസിഎസ് ആനന്ദിനെ അറിയിച്ചത്. പണവും കൈയിലില്ല അങ്ങനെ പ്രസിദ്ധീകരിക്കണം എന്ന ആശയും ഇല്ലാത്തതിനാൽ തിരിച്ചയച്ചോളൂ എന്ന് ആനന്ദ് അവരെ അറിയിച്ചു. എന്നാൽ, കാരൂർ അത് തിരിച്ചയച്ചില്ല. തൊട്ടടുത്ത വർഷം, 1970-ൽ എസ്‌പിസിഎസ് ആൾക്കൂട്ടം എന്ന നോവൽ പ്രസിദ്ധീകരിച്ചു. മലയാള സാഹിത്യത്തിന്റെ ആധുനികതാ സഞ്ചാരത്തിൽ പുതിയൊരു വഴിത്തിരിവിന് ഈ കൃതിയുടെ പ്രസിദ്ധീകരണം സാധ്യതയൊരുക്കി. കെ പി അപ്പനെപ്പോലുള്ള നിരൂപകർ ആൾക്കൂട്ടത്തെ ആവേശത്തോടെ വരവേറ്റു. അങ്ങനെ ആനന്ദിന്റെ ആൾക്കൂട്ടം മലയാളി വായനയുടെ ഭാഗമായി.
പരിചിതമല്ലാത്ത ഒരു ലോകത്തെ, പരിചിതമല്ലാത്ത ഒരാഖ്യാനരീതിയിലൂടെ വായിക്കാൻ മലയാളി നിർബന്ധിതനായി. ശുഷ്‌കമായ ആ വായന മുന്നോട്ടുപോവുമോ എന്ന് പലരും അന്ന് സംശയിച്ചു. എന്നാൽ, ആൾക്കൂട്ടത്തിന് വായനക്കാരുണ്ടായി. ഇടതടവില്ലാതെ അരനൂറ്റാണ്ടായി അത് വായിക്കപ്പെട്ടു.
നിശിതമായ സാമൂഹ്യവിമർശനത്തിനാണ് ആനന്ദ് ഈ കൃതിയിലൂടെ ശ്രമിച്ചത്. ഇതിൽ മാത്രമല്ല, ഇതിലൂടെ സൃഷ്ടിക്കപ്പെട്ട ആനന്ദ് എന്ന എഴുത്തുകാരൻ പിന്നീടിങ്ങോട്ട് എഴുതിയ ഓരോ വാക്കിലും ഓരോ വരിയിലും ഈ സാമൂഹ്യവിമർശനം നിറഞ്ഞുനിന്നു. ഇരുണ്ട യാഥാർഥ്യങ്ങളുടെ നേർക്കാഴ്‌ചകളായി ആനന്ദിന്റെ എഴുത്ത്. സാഹിത്യത്തിന്റെ ലക്ഷ്യത്തെ പുതുക്കിപ്പണിയാൻ അദ്ദേഹം ശ്രമിച്ചു. മുൻ മാതൃകകളെ പാടേ അവഗണിച്ചുകൊണ്ട് തനിക്കു പറയാനുള്ള കാര്യത്തിന് ചേരുന്ന ഒരു രീതി നിർമിച്ചെടുത്തു . എല്ലാവരും ഭയന്നതുപോലെ സംഭവിച്ചില്ല. ആ എഴുത്ത് വായനാസമൂഹം തള്ളിക്കളഞ്ഞില്ല. ആധുനിക മലയാളിയെ ഇരുത്തി ചിന്തിപ്പിക്കുവാനും തീവ്രമായ അസ്വസ്ഥതകളിലേക്ക് തളച്ചിടാനും ആ സാഹിത്യത്തിന് കഴിഞ്ഞു. ആധുനിക നഗരങ്ങളിലെ സാമൂഹ്യജീവിതം മനുഷ്യരെ എങ്ങനെയാണ് വെറുമൊരാൾക്കൂട്ടമായി മാറ്റുന്നത് എന്ന് വേദന നിറഞ്ഞ രോഷത്തോടെ വായനക്കാർ മനസ്സിലാക്കി. നിസ്സഹായതയിൽ അഭയം തേടുന്ന മുഖമില്ലാത്ത ഒരാൾക്കൂട്ടം കാണാത്ത ചങ്ങലകൾകൊണ്ട് അവർ വരിഞ്ഞുകെട്ടപ്പെട്ടിരിക്കുന്നു. ഇതൊക്കെ വായിച്ചറിഞ്ഞവർ സ്വന്തം നിസ്സഹായതയെക്കൂടി തിരിച്ചറിയുകയായിരുന്നു. അവന്റെ ചിന്തകൾക്ക് അത് തീപിടിപ്പിച്ചു. പുതിയ സമൂഹത്തിലെ മനുഷ്യബന്ധങ്ങളെ ആഴത്തിൽ നോക്കിക്കാണാനാണ് ആനന്ദ് ശ്രമിച്ചത്. നിരാശയാൽ നിലനിൽക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ മനസ്സാണ് അദ്ദേഹം തുറന്നുകാട്ടിയത്. അതിന് മറ്റൊരു രചനാരീതിയും ചേരുകയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പൂർണ ബോധ്യത്തോടെ തെരഞ്ഞെടുത്ത രീതിയാണ് പിന്തുടർന്നത്. അദ്ദേഹം തന്നെ അത് വ്യക്തമാക്കുന്നു.
"‘എഴുതിയതൊന്നും മാറ്റണമെന്നോ തിരുത്തണമെന്നോ തോന്നിയിട്ടില്ല. എല്ലാം എനിക്കെങ്ങനെയാണോ വേണ്ടിയിരുന്നത് അതുപോലെയാണ് എഴുതിയിട്ടുള്ളത്.’’
ആശയങ്ങളുടെ ധാരാളിത്തം അതും ഗഹനമായ ചിന്തകൾ ആ നോവലിനെ ഏറെ ഭാരമുള്ളതാക്കി. വായനക്കാരന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒന്നായി അത് മാറി. എഴുത്തുകാരനും വായനക്കാരും ഒരു പുതിയ വെല്ലുവിളിയെ ഏറ്റെടുക്കുകയായിരുന്നു. ആനന്ദിന്റെ സർഗാത്മകതയെ മുന്നോട്ടു നയിച്ചത് ആശയങ്ങളായിരുന്നു. പ്രത്യേകിച്ചും നീതിബോധം. ചരിത്രബോധത്തോടെ തന്റെ മുന്നിലെ പ്രശ്നത്തെ നേരിട്ട എഴുത്തുകാരന് ഇങ്ങനെ മാത്രമേ എഴുതാൻ കഴിയൂ. നീതിയുടെ ദർശനത്തെയാണ് അദ്ദേഹം നെയ്‌തെടുക്കാൻ ശ്രമിച്ചത്. ആൾക്കൂട്ടത്തിലെന്നല്ല, നാളിതുവരെയുള്ള എല്ലാ രചനകളിലും. നീതിബോധത്തിൽ നിന്നുടലെടുത്ത ദാർശനികമായ അസ്വസ്ഥതകളാണ് ആനന്ദ് മുന്നോട്ടുവച്ച സർഗാത്മകതയുടെ കേന്ദ്രബിന്ദു.
ഇന്ത്യയെന്ന സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന രോഗത്തെയാണ് അമ്പതു വർഷംമുമ്പ് ആനന്ദ് ആൾക്കൂട്ടമെന്ന നോവലിലൂടെ രേഖപ്പെടുത്തിയത്. ആ ആൾക്കൂട്ടത്തിന് ഇപ്പോഴും ശ്വാസംമുട്ടുന്നു. ആൾക്കൂട്ടത്തിലേക്ക് കൂടുതൽ കൂടുതൽ നിസ്സഹായർ വന്നുകൊണ്ടിരുന്നു എന്നതല്ലാതെ മറ്റെന്ത് മാറ്റമാണുണ്ടായത്? ആ ശ്വാസംമുട്ടലുകളെ അവഗണിക്കാൻ സമൂഹം കരുത്താർജിച്ചുകൊണ്ടിരുന്നു. മനുഷ്യാന്തസ്സിനെ വിലമതിക്കാതെ പുതിയ പുതിയ ഭരണകർത്താക്കൾ ആൾക്കൂട്ടത്തെ ചവിട്ടിമെതിച്ച് അധികാരത്തിന്റെ പുതിയ ശക്തികേന്ദ്രങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവരോടൊപ്പം ഇന്ത്യ ചരിത്രത്തിലേക്ക് നടന്നുകൊണ്ടേയിരുന്നു. വേദനയുടെ ചരിത്രത്തിലേക്ക്. ദുരന്തങ്ങളും പുതിയ ദുരന്തങ്ങളും ഏറ്റുവാങ്ങിക്കൊണ്ട്.
ആനന്ദിനു പിഴച്ചില്ല. ആനന്ദിന്റെ ആൾക്കൂട്ടത്തിന് അമ്പതു വർഷത്തിനിപ്പുറവും ഇന്ത്യക്കാരനോട് പലതും പറയുവാൻ കഴിയുന്നു. നമുക്കു ചുറ്റുമുള്ള ലോകവുമായി വിയോജിച്ചുകൊണ്ട് സമരസപ്പെടാൻ അത് ഊർജം നൽകുന്നു. ആൾക്കൂട്ടമെന്ന നോവൽ പകർന്നുതന്ന ഊർജം പഴക്കംകൊണ്ട് അവസാനിക്കുന്നില്ല. അതിന് തലമുറകളുടെ ചിന്തകളെ ജ്വലിപ്പിക്കുവാനുള്ള കരുത്തുണ്ട്. എനിക്കു ചുറ്റുമുള്ള സമൂഹത്തിൽ എന്റെയിടം കാണിച്ചുതന്നതിന് ഞാൻ ആ നോവലിനോട് കടപ്പെട്ടിരിക്കുന്നു. വരാനുള്ള തലമുറയ്‌ക്കും ഇതുതന്നെ പറയുവാൻ കഴിയും. ആൾക്കൂട്ടവും ആൾക്കൂട്ടത്തിന്റെ വായനയും അവസാനിക്കുന്നില്ല.
No comments:
Post a Comment