നിരാസം
അവാർഡുകളുടെ അത്രയും തന്നെ പഴക്കമുണ്ട് അവാർഡ് നിരാസങ്ങൾക്കും. കേരളത്തിൽ ടി. പത്മനാഭന്റെയെന്നപോലെ അഖിലേന്ത്യാ തലത്തിൽ ആദ്യം ഓർമ വരുന്നത് ഗാന്ധിജിയുടെയും രവീന്ദ്രനാഥ ടഗോറിന്റെയും ചേറ്റൂർ ശങ്കരൻ നായരുടെയും നിരാസങ്ങളാണ്.
ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലയാണ് അതിനൊക്കെ തുടക്കമിട്ടത്. ബ്രിട്ടിഷ് ഗവൺമെന്റിൽനിന്നു പണ്ടു ലഭിച്ചിരുന്ന കൈസർ ഇ ഹിന്ദ് (ഇന്ത്യയുടെ ചക്രവർത്തി) അവാർഡ് ആ കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ഗാന്ധിജി തിരിച്ചയച്ചു.
ജാലിയൻ വാലാബാഗിന്റെ പേരിൽ ടഗോർ തിരസ്കരിച്ചത് പ്രഭുസ്ഥാനമാണ്. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം വലിച്ചെറിഞ്ഞു ശങ്കരൻ നായർ. പ്രതിഷേധിച്ചു പുരസ്കാരം തിരിച്ചു നൽകിയവർക്കു രാഷ്ട്രം അതിലും വലിയ പുരസ്കാരം വീണ്ടും നൽകിയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്.
താൻ പണ്ട് സ്വീകരിച്ച പത്മഭൂഷൺ ബഹുമതി പ്രശസ്ത എഴുത്തുകാരൻ ഖുശ്‌വന്ത് സിങ് തിരിച്ചു നൽകിയതു സിക്കുകാരുടെ സുവർണ ക്ഷേത്രത്തിനെതിരെ 1984 ൽ ഉണ്ടായ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ ൽ പ്രതിഷേധിച്ചാണ്. പക്ഷേ, 2007ൽ പത്മവിഭൂഷൺ അദ്ദേഹം സ്വീകരിച്ചു.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു പ്രതിഫലം വാങ്ങുന്നതു ശരിയല്ല എന്നു പറഞ്ഞു സ്വാതന്ത്ര്യസമര പെൻഷൻ നിരസിച്ച ഇഎംഎസ് 1992 ൽ രാജ്യത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയായ പത്മവിഭൂഷണും വേണ്ടെന്നുവച്ചു. കത്തിനു മറുപടി കാണാഞ്ഞപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി എസ്.ബി. ചവാൻ ഫോണിൽ വിളിച്ച് ഒരു മണിക്കൂറിനകം തീരുമാനം അറിയിക്കണമെന്നു പറഞ്ഞു. ഇഎംഎസ് ആ നിമിഷം തന്നെ മറുപടി നൽകി: ‘‘ഇത്തരം ബഹുമതികൾ വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നന്ദിപൂർവം നിരസിക്കുന്നു.’’
ഒരിടത്തുനിന്നും അവാർഡ് സ്വീകരിക്കില്ലെന്നു പ്രതിജ്ഞ എടുത്തിട്ടുള്ളയാളാണ് മുൻ കേരള മുഖ്യമന്ത്രി എ.കെ. ആന്റണി. ഏറ്റവും നല്ല പൊതുപ്രവർത്തകനു കാഞ്ചികാമകോടി മുൻമഠാധിപതി ചന്ദ്രശേഖര സരസ്വതിയുടെ ബഹുമാനാർഥമുള്ള രണ്ടു ലക്ഷം രൂപയുടെ അവാർഡും ഇതേ കാരണത്താൽ 2001 ൽ ആന്റണി നിരസിച്ചു.
വൈകിയെത്തിയതിന്റെ പേരിൽ തിരസ്കരിച്ച ബഹുമതികളുണ്ട്. മദ്രാസിലെ വലിയ പുരസ്കാരമായ ‘സംഗീത ക ലാനിധി’ അതുല്യപ്രതിഭയായ ലാൽഗുഡി ജയരാമൻ തിരസ്കരിച്ചത് അങ്ങനെയാണ്. പ്രശസ്ത ഗായിക എസ്. ജാനകി 2013 ൽ പത്മഭൂഷൺ തിരസ്കരിച്ചതും അതുകൊണ്ടു തന്നെ.
‘‘സംഗീതരംഗത്ത് 55 വർഷം പിന്നിട്ട ഇരുപതിനായിരത്തിലേറെ ഗാനങ്ങളാലപിച്ച എനിക്ക് എഴുപത്തേഴാം വയസ്സിൽ ലഭിക്കേണ്ട ബഹുമതിയല്ല പത്മഭൂഷൺ. ഭാരതരത്നം നൽകിയാൽ സ്വീകരിക്കും’’
– ജാനകി പറഞ്ഞു.
ഇനി ഭാരതരത്നം തന്നാലും വേണ്ട എന്നു പ്രശസ്ത കഥക് നർത്തകി സിതാരദേവി 2002 ൽ പറഞ്ഞതു പത്മശ്രീ തിരസ്കരിച്ചുകൊണ്ടാണ്. ‘‘നൃത്തരംഗത്തെ എന്റെ സംഭാവന ഒരു പത്മഭൂഷൺ ലഭിക്കാൻ അർഹതയുള്ളതല്ലേ? വളരെ വൈകിക്കിട്ടിയ ഈ ചെറിയ അംഗീകാരം മാത്രമല്ല, സർക്കാരിന്റെ ഒരു അവാർഡും എനിക്കാവശ്യമില്ല’’
– അവർ പറഞ്ഞു.
സിത്താറിന് ഇന്ത്യയിൽ ഒരവാർഡ് ഉണ്ടെങ്കിൽ അത് ആദ്യം കിട്ടേണ്ട എന്നെ ഇളംതലമുറക്കാരായ പലരെയും ആദരിച്ചശേഷം പരിഗണിക്കുന്നത് അപമാനമായി കാണുന്നുവെന്നു പറഞ്ഞാണ് സിത്താർ കുലപതി ഉസ്താദ് വിലായത്ത്ഖാൻ രണ്ടായിരാമാണ്ടിൽ പത്മഭൂഷൺ വേണ്ടെന്നുവച്ചത്. ജൂനിയറായ ഒട്ടേറെപ്പേർക്കു നൽകിയശേഷം അതേ പുരസ്കാരം തനിക്കു വേണ്ടെന്ന് 1992 ൽ പത്മശ്രീ പ്രഖ്യാപിച്ചപ്പോൾ പ്രശസ്ത സംഗീത സംവിധായകൻ സലിൽ ചൗധരി പറഞ്ഞു. സംഗീതജ്ഞരുടെ യോഗ്യത നിശ്ചയിക്കാനുള്ള മാനദണ്ഡം തൃപ്തികരമല്ലെന്നായിരുന്നു 1970ൽ പത്മശ്രീ തിരസ്കരിക്കാൻ പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ധൻ ടി.ആർ. മഹാലിംഗം (മാലി) പറഞ്ഞ ന്യായം.
അവാർഡ് പ്രഖ്യാപിച്ചു വെട്ടിലായ ചരിത്രവുമുണ്ട് കേരള സാഹിത്യ അക്കാദമിക്ക്. 1991ലെ അക്കാദമി അവാർഡ് എം.പി. നാരായണപിള്ളയുടെ ‘പരിണാമ’ത്തിനു പ്രഖ്യാപിച്ചതോടെ നാരായണപിള്ള കളി തുടങ്ങി. ജനങ്ങളുടെ നികുതിപ്പണം കൊണ്ടു നൽകുന്ന അവാർഡ് തുക സ്വീകരിക്കാനാവില്ലെന്നും പണം പൊതുജനാവശ്യത്തിനായി ട്രഷറിയിലടച്ച് രസീത് ഹാജരാക്കിയാൽ ബഹുമതി പത്രവും ഫലകവും സ്വീകരിക്കാമെന്നും മറുപടി നൽകി.
അരിശംവന്ന അക്കാദമി, പരിണാമത്തിനുള്ള അ വാർഡ് തന്നെ റദ്ദാക്കി. അതോടെ അക്കാദമി വേറെയും പുലിവാലുപിടിച്ചു: ഒരിക്കൽ പ്രഖ്യാപിച്ച അവാർഡ് റദ്ദാക്കുന്നതു തെറ്റാണെന്നു പറഞ്ഞ് സുകുമാർ അഴീക്കോട് തനിക്കു പണ്ടു ലഭിച്ച രണ്ട് അക്കാദമി അവാർഡുകളും വിശിഷ്ടാംഗത്വവും വേണ്ടെന്നു വ ച്ചു.
ഡോ. കെ. എം. തരകൻ പ്രസിഡന്റായിരുന്നപ്പോൾ ചെന്നുപെട്ട ഈ കുരുക്കിൽനിന്ന് അക്കാദമി തലയൂരിയത് എട്ടുവർഷം കഴിഞ്ഞ് എംടി. വാസുദേവൻ നായർ പ്രസിഡന്റായപ്പോഴാണ്. പരിണാമത്തിനുള്ള അവാർഡ് അക്കാദമി പുനഃസ്ഥാപിച്ചു.
അഴീക്കോടിനെ അറിയാവുന്നവർ അന്നേ അക്കാദമിയെ ഉപദേശിച്ചിരുന്നു, ‘അവാർഡൊന്നും ഉരുക്കിക്കളയരുത്. അഴീക്കോട് എന്നാണ് ഇതു തിരിച്ചുവാങ്ങാൻ വരുന്നതെന്നറിയില്ല എന്ന്’. അതുകൊണ്ട് എല്ലാം ഭംഗിയായി കലാശിച്ചു. അവാർഡുകൾ അഴീക്കോട് തിരികെ വാങ്ങി; നാരായണപിള്ളയ്ക്കുള്ള അവാർഡ് ഭാര്യ പ്രഭാപിള്ളയും ഏറ്റുവാങ്ങി.അപ്പോൾ നാരായണപിള്ള പരലോകത്തിരുന്നു ചിരിച്ച ചിരി ഇവിടെവരെ കേൾക്കാമായിരുന്നു.
No comments:
Post a Comment