ചിരിയുടെ മുഖപടമണിഞ്ഞ്‌ വേദനയുടെയും വികാരങ്ങളുടെയും കഥ പറഞ്ഞു ബഷീര്‍. പട്ടിണിക്കാരും ദിവ്യന്മാരും യാചകരും വേശ്യകളും പോക്കറ്റടിക്കാരും ക്രിമിനലുകളും വിഡ്‌ഢികളും ആനക്കാരും പ്രണയിനികളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും നിറഞ്ഞ ആ കഥാലോകം ജീവിതവും എഴുത്തും തമ്മിലുള്ള അടുപ്പത്തെപ്പറ്റിയും അകലത്തെപ്പറ്റിയും പറഞ്ഞുതരുന്നു. 1908 ജനുവരി 21 ന്‌ വൈക്കം താലൂക്കിലെ തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍ അലയാത്ത നാടില്ല. ചെയ്യാത്ത ജോലിയില്ല. പാചകക്കാരന്‍, മാജിക്കുകാരന്റെ സഹായി, കൈനോട്ടക്കാരന്‍, ഹോട്ടല്‍ തൊഴിലാളി, പഴക്കച്ചവടക്കാരന്‍, ന്യൂസ്‌ പേപ്പര്‍ ഏജന്റ്‌...

യാചകന്റെ കൂടെയും കുബേരന്റെ അതിഥിയായും ജീവിച്ചു. സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരന്‍, പ്രകൃതി സ്‌നേഹി... ഇനി എത്ര എത്ര വിശേഷണങ്ങള്‍. ഇതിനെല്ലാമുപരി ഒരു തികഞ്ഞ മനുഷ്യസ്‌നേഹി. അതായിരുന്നു ബഷീര്‍. ഈ പ്രപഞ്ചത്തിലെ സമസ്‌ത ജീവജാലങ്ങളെയും അദ്ദേഹം സ്‌നേഹിച്ചിരുന്നു.
'കാന്തീ'നെ തൊട്ട ബഷീര്‍
1924 ല്‍ വൈക്കം ഇംഗ്ലീഷ്‌ സ്‌കൂളില്‍ അഞ്ചാം ഫാറത്തില്‍ (ഇന്നത്തെ ഒമ്പതാം ക്ലാസ്‌) പഠിക്കുമ്പോള്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജിയെ കാണുകയും തൊടുകയും ചെയ്‌തു. ഇതു ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളില്‍ ഒന്നാണെന്നു ബഷീര്‍തന്നെ എഴുതിയിട്ടുണ്ട്‌.്. "ഗാന്ധിജിയെതൊട്ട എന്ന കണ്ടോളിന്‍ നാട്ടാരെ..." എന്നു അഭിമാനത്തോടെ പറഞ്ഞ ബഷീര്‍ സ്വാതന്ത്ര്യസമരരംഗത്തേക്ക്‌ എടുത്തു ചാടി.

1930 ല്‍ ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ വീടുവിട്ടിറങ്ങി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു കോഴിക്കോട്‌ കടപ്പുറത്തുപോയി ഉപ്പു കുറുക്കുന്നതില്‍ പങ്കാളിയായി. ഇതേത്തുടര്‍ന്നു പോലീസ്‌ മര്‍ദനത്തിന്‌ ഇരയായി. ജയില്‍വാസം അനുഭവിക്കുകയും ചെയ്‌തു. മദിരാശി, കോഴിക്കോട്‌, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജയിലുകളില്‍ കിടന്നിട്ടുണ്ട്‌. ഫിഫ്‌ത്ത്‌ ഫോമില്‍ പഠിക്കുമ്പോള്‍ നാടുവിട്ട ബഷീര്‍ ഒമ്പതുവര്‍ഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. ഒരെഴുത്തുകാരനാകാന്‍ ബഷീറിനെ സഹായിച്ച യാത്രയായിരുന്നു അത്‌.
സകല ചരാചരങ്ങളെയും സ്‌നേഹിച്ച ബഷീര്‍

ബേപ്പൂരില്‍ ബഷീര്‍ സ്വന്തമായി വാങ്ങിയ രണ്ടേക്കര്‍ പറമ്പില്‍ ഭൂമിമലയാളത്തിലുള്ള സര്‍വമരങ്ങളും വച്ചുപിടിപ്പിച്ചു. കൂട്ടത്തില്‍ വിദേശികളും ഉണ്ടായിരുന്നു. അതിലൊന്നാണ്‌ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാങ്കോസ്‌റ്റൈന്‍.

തന്റെ പറമ്പില്‍ വൃക്ഷലതാദികള്‍ക്കു പുറമെ കാക്കകള്‍, പരുന്തുകള്‍, പശുക്കള്‍, ആടുകള്‍, കോഴികള്‍, പൂച്ചകള്‍, പൂമ്പാറ്റകള്‍, തീരുന്നില്ല... അണ്ണാനുകള്‍, വവ്വാലുകള്‍, കീരികള്‍, കുറുക്കന്മാര്‍, എലികള്‍... നീര്‍ക്കോലി മുതല്‍ മൂര്‍ഖന്‍ പാമ്പുകള്‍ വരെയുള്ളവയെയും ജീവിക്കാന്‍ അനുവദിച്ചു. ഇവയെല്ലാം ഭൂമിയുടെ അവകാശികളാ യിരുന്നു. പട്ടാപ്പകല്‍പോലും കുറുക്കന്മാര്‍ ബഷീറിന്റെ അടുത്തു വരാറുണ്ടെന്ന്‌ അദ്ദേഹം എഴുതിയിട്ടുണ്ട്‌.
കരിന്തേളിനെപ്പോലും കൊല്ലാന്‍ അനുവദിക്കാത്ത ബഷീറിന്റെ ഉമ്മയുടെ നന്മയുടെ പൈതൃകം പ്രസിദ്ധമത്രേ. കാരണം അതും അല്ലാഹുവിന്റെ സൃഷ്‌ടിയത്രേ.

ബഷീറിന്‌ ചെടികളും പൂക്കളും സംഗീതവും എന്നും ഇഷ്‌ടമായിരുന്നു. എവിടെച്ചെന്നാലും എവിടെച്ചെന്നാലും അത്‌ ജയിലായാലും പോലീസ്‌ സ്‌റ്റേഷനായാലും താന്‍ കഴിഞ്ഞുകൂടുന്നിടത്ത്‌ പൂച്ചെടികളും പൂമിറ്റവും ബഷീറുണ്ടാക്കുമായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ജീവിതകാലത്താണ്‌ ഇന്ത്യന്‍ സാഹിത്യത്തിന്‌ മനോഹരമായ ഒരു കഥ ലഭിച്ചത്‌- മതിലുകള്‍. സെന്‍ട്രല്‍ ജയിലില്‍ ബഷീറിന്റെ ഹോബി പൂന്തോട്ടമുണ്ടാക്കലായിരുന്നു. ഒരു ചെടി നട്ടു പിടിപ്പിക്കുന്നത്‌ ഒരു പുണ്യകര്‍മമാണെന്നു ബഷീര്‍ വിശ്വസിച്ചിരുന്നു. വാടിത്തളര്‍ന്ന ചെടി, ദാഹിച്ചുവലഞ്ഞ പക്ഷി അല്ലെങ്കില്‍ മൃഗം, അതുമല്ലെങ്കില്‍ മനുഷ്യന്‌ ഒരിത്തിരി ദാഹജലം കൊടുത്ത്‌ ആശ്വസിപ്പിക്കുന്നത്‌ മഹത്തായ ഈശ്വര പൂജ തന്നെയാണെന്ന്‌ ബഷീര്‍ കരുതിയിരുന്നു.
ബഷീര്‍ സാഹിത്യം

1930- കളില്‍ ഉജ്‌ജീവനത്തിലെഴുതിയ തീപ്പൊരിലേഖനങ്ങളാണ്‌ ബഷീറിന്റെ ആദ്യകാല കൃതികള്‍. "പ്രഭ" എന്ന തൂലികാനാമമാണ്‌ അന്ന്‌ അദ്ദേഹം സ്വീകരിച്ചിരുന്നത്‌. പത്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേരള"യില്‍ പ്രസിദ്ധീകരിച്ച "തങ്കം" ആണ്‌ ആദ്യം പ്രസിദ്ധീകരിച്ച കഥ. കരുത്തിരുണ്ട്‌ വിരൂപിയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ കഥയാണു തങ്കം. കൊല്ലം കസബ പോലീസ്‌ ലോക്കപ്പില്‍വച്ച്‌ എഴുതിയ കഥകളാണ്‌ ടൈഗര്‍, കൈവിലങ്ങ്‌, ഇടിയന്‍ പണിക്കര്‍, എന്നിവ. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ശിക്ഷ അനുഭവിക്കുമ്പോഴാണു "പ്രേമലേഖനം" എന്ന ആദ്യനോവല്‍ എഴുതിയത്‌. പില്‍ക്കാലത്ത്‌ ഈ അനുഭവം മതിലു(1965)കളായി പുനരവതരിച്ചു.

1944 - ല്‍ ബാല്യകാലസഖി പുറത്തുവന്നു. കഥാബീജം (നാടകം), ജന്മദിനം (ചെറുകഥ), പാത്തുമ്മയുടെ ആട്‌, ആനവാരിയും പൊന്‍കുരിശും, അനുരാഗത്തിന്റെ നിഴല്‍, സ്‌ഥലത്തെ പ്രധാന ദിവ്യന്‍, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, മാന്ത്രികപ്പൂച്ച, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ഭൂമിയുടെ അവകാശികള്‍... എന്നിങ്ങനെ നീളുന്നു ബഷീറിന്റെ കൃതികള്‍. എട്ടുകാലി മമ്മൂഞ്ഞ്‌, പൊന്‍കുരിശ്‌ തോമ, മണ്ടന്‍ മുത്തപ്പ, ആനവാരി രാമന്‍ നായര്‍, കൊച്ചുത്രേസ്യാ, പാത്തുമ്മ, അബ്‌ദുള്‍ഖാദര്‍, ശിങ്കിടിമുങ്കന്‍ തുടങ്ങിയ എത്രയെത്ര അനശ്വര കഥാപാത്രങ്ങളെയാണു ബഷീര്‍ സാഹിത്യം സമ്മാനിച്ചത്‌.
കൃതികളുടെ പരിഭാഷകള്‍
അതീവ ലളിതവും എന്നാല്‍ ശൈലികള്‍ നിറഞ്ഞതുമായിരുന്നു ബഷീറിന്റെ രചനകള്‍. നമുക്ക്‌ ഇത്‌ വായനാസുഖം നല്‍കിയെങ്കിലും പരിഭാഷകര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്‌, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌ എന്നീ നോവലുകള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജമ ചെയ്‌തിട്ടുണ്ട്‌. ഈ കൃതികള്‍ സ്‌കോട്ട്‌ലണ്ടിലെ എഡിന്‍ബറോ സര്‍വകലാശാല ഒറ്റപ്പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ഡോ. റൊണാള്‍ഡ്‌ ആഷര്‍ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌തത്‌. ഫ്രഞ്ച്‌, മലായ്‌, ചൈനീസ്‌, ജാപ്പനീസ്‌ ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട്‌. ഇതിനു പുറമേ മതിലുകള്‍, ശബ്‌ദങ്ങള്‍, പ്രേമലേഖനം എന്നീ നോവലുകളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ്‌ ലോങ്‌മാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.
ബഷീറിന്റെ കൃതികള്‍
പ്രേമലേഖനം (നോവല്‍)
ബാല്യകാലസഖി (നോവല്‍)
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌
ആനവാരിയും പൊന്‍കുരിശും (നോവല്‍)
പാത്തുമ്മയുടെ ആട്‌ (നോവല്‍)
മതിലുകള്‍ (നോവല്‍)
ഭൂമിയുടെ അവകാശികള്‍ (ചെറുകഥകള്‍)
ശബ്‌ദങ്ങള്‍ (നോവല്‍)
അനുരാഗത്തിന്റെ ദിനങ്ങള്‍
സ്‌ഥലത്തെ പ്രധാന ദിവ്യന്‍ (നോവല്‍)
വിശ്വവിഖ്യാതമായ മൂക്ക്‌ (ചെറുകഥകള്‍)
ഭാര്‍ഗ്ഗവീനിലയം (സിനിമയുടെ തിരക്കഥ; 'നീലവെളിച്ചം' എന്ന ചെറുകഥയില്‍നിന്നും)
കഥാബീജം (നാടകത്തിന്റെ തിരക്കഥ)
ജന്മദിനം (ചെറുകഥകള്‍)
ഓര്‍മ്മക്കുറിപ്പ്‌ (ചെറുകഥകള്‍)
അനര്‍ഘനിമിഷം (ലേഖനങ്ങള്‍)
വിഡ്‌ഢികളുടെ സ്വര്‍ഗ്ഗം (ചെറുകഥകള്‍)
മരണത്തിന്റെ നിഴല്‍ (നോവല്‍)
മുച്ചീട്ടുകളിക്കാരന്റെ മകള്‍
(നോവല്‍)
പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകള്‍)
ജീവിതനിഴല്‍പാടുകള്‍ (നോവല്‍)
വിശപ്പ്‌ (ചെറുകഥകള്‍)
ഒരു ഭഗവദ്‌ഗീതയും കുറെ മുലകളും (ചെറുകഥകള്‍)
താരാ സ്‌പെഷ്യല്‍സ്‌ (നോവല്‍)
മാന്ത്രികപ്പൂച്ച (നോവല്‍)
നേരും നുണയും
ഓര്‍മ്മയുടെ അറകള്‍ (ഓര്‍മക്കുറിപ്പുകള്‍)
ആനപ്പൂട (ചെറുകഥകള്‍)
ചിരിക്കുന്ന മരപ്പാവ (ചെറുകഥകള്‍)
എം.പി. പോള്‍ (ഓര്‍മക്കുറിപ്പുകള്‍)
ശിങ്കിടിമുങ്കന്‍ (ചെറുകഥകള്‍)
ചെവിയോര്‍ക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയില്‍ കാലിക്കറ്റ്‌ സര്‍വകലാശാല ഡി.ലിറ്റ്‌. ബിരുദം നല്‍കിയപ്പോള്‍ നടത്തിയ പ്രഭാഷണം)
യാ ഇലാഹി! (ചെറുകഥകള്‍; മരണശേഷം പ്രസിദ്ധീകരിച്ചത്‌)
സര്‍പ്പയജ്‌ഞം (ബാലസാഹിത്യം)
ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകള്‍ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.