‘‘അങ്ങ‌്ട‌് തിരിഞ്ഞ‌്നിന്ന‌് പഞ്ചവാദ്യവും ഇങ്ങ‌്ട‌് തിരിഞ്ഞ‌്നിന്ന‌് മേളവും കൊട്ടിയാൽ നേരം വെളിച്ചായി’’‐ വാദ്യകലയിൽ അറുപതാണ്ട് പിന്നിട്ട കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ ഈ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ സമർപ്പണമത്രയും. പ്രമാണങ്ങളുടെ വലുപ്പമില്ലാതെ വീരശൃംഖലകളുടെ അമിതഭാരമില്ലാതെ എഴുപത്തെട്ടാം വയസ്സിലും അവിശ്രമം തുടരുന്ന കലാജീവിതത്തിലെ നഷ്‌ടക്കണക്കുകളെക്കുറിച്ച് ഒരിക്കലും ഉൽക്കണ്‌ഠപ്പെട്ടിട്ടില്ല കേളത്ത്
ഓട്ടിറമ്പിൽനിന്ന‌് മുറ്റത്തെ വെള്ളത്തിൽ വീണ മഴത്തുള്ളിക്ക‌് ഇടന്തലയുടെ നാദം. നേർകോലുകൾ പെരുമ്പറമുഴക്കി ഇറങ്ങിയകന്ന മേളാരവംപോലെ മഴയൊഴിഞ്ഞു. എടക്കുന്നിയിലെ വീട്ടിലിരുന്ന‌് കേളത്ത‌് അരവിന്ദാക്ഷൻ മുറ്റത്തെ കുഞ്ഞോളങ്ങളിൽ ചെവിയോർക്കുകയായിരുന്നു. താളസ്ഥാനങ്ങൾ വേറിട്ടെടുക്കുന്നതുപോലെ തോന്നി.
തിരുവില്വാമലയിൽ വില്വാദ്രിനാഥസന്നിധിയിൽ നിറമാലയുടെ പതികാലവും തിമിലവറവും പുതിയ കാലം കുറിച്ചിരിക്കുന്നു. ഈ വർഷത്തെ പൂരക്കാലത്തിന‌് നാന്ദി. പൂരവും വേലയും പൊടിപാറും തുള്ളൽപ്പാടങ്ങളാക്കുന്ന വാദ്യപ്രണയിയാണ‌് മുന്നിൽ. ആരാധകർ ആവേശത്തോടെമാത്രം ഉച്ചരിക്കുന്ന പേരുകാരൻ, ‘കേളത്ത‌്’. അടുത്ത അങ്കത്തിനുള്ള പുറപ്പാടിലാണ‌് കേളത്ത് അരവിന്ദാക്ഷൻമാരാർ.
പ്രമാണങ്ങളുടെ വലിപ്പമില്ലാതെ, വീരശൃംഖലകളുടെ അമിതഭാരമില്ലാതെ കൊലുന്നനെ ഒരു മനുഷ്യൻ ! എത്രഭാരമുള്ള ചെണ്ടയായാലും തോളിലേറ്റിയാൽ ഈ 78ാം വയസ്സിലും മണിക്കൂറുകളോ ദിവസങ്ങളോ അറിയാത്ത കൊട്ടുകാരൻ !
‘‘അറുപതുകൊല്ലം കഴിഞ്ഞു, കൊട്ടാൻ തുടങ്ങീട്ട‌്. ഇപ്പൊഴും ആര‌് വിളിച്ചാലും പോകും. സ്ഥാനവും പ്രതിഫലവുമൊ ന്നും നോക്കില്ല. കൊട്ട്വാന്നുള്ളതാണ‌് പ്രധാനം. ഇപ്പൊഴും ഒരു ഹരാ. പാണ്ടിയായാലും പഞ്ചാരിയായാലും. ’’
ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പുഞ്ചപ്പാടത്തും തൃപ്പൂണിത്തുറയിലും മാത്രമല്ല, പൂഴിപടർന്ന‌് മുഖം മറയുന്ന പാലക്കാടൻ വേലകളിലും കേളത്തിനെ കാണാം. പ്രമാണം ആരുടേതായാലും മുൻനിരയിൽ കേളത്തുണ്ടോയെന്ന‌് നോക്കുന്ന മേളാസ്വാദകരുണ്ട‌്. മെലിഞ്ഞ‌് കൂനുള്ള ഈ മനുഷ്യന്റെ മേളപ്പകർച്ച ആസ്വാദകർക്ക‌് മാത്രമല്ല, സഹമേളക്കാർക്കും ആവേശം പകരുന്നു.
തൃശൂർ പൂരംപോലെ അനവധി മേളങ്ങളുള്ള പറമ്പുകളിലായാലും ഒരു മേളം കഴിഞ്ഞാൽ ചെണ്ട പൊതിഞ്ഞുകെട്ടി സ്ഥലംവിടുന്ന മേളക്കാരാണ‌് ഭൂരിപക്ഷവും. ചിലർമാത്രം ഒന്നോ രണ്ടോ മേളത്തിനുകൂടി നിൽക്കും. എന്നാൽ, കേളത്ത‌് ഇന്നും ആ കൂട്ടത്തിലുള്ളയാളല്ല. അദ്ദേഹം പറയുന്നു:‘‘ആറാട്ടുപുഴയിൽ ഒരു ദേശക്കാരുടെ മേളം കഴിഞ്ഞാൽ അടുത്ത ദേശക്കാരുടെ മേളത്തിന‌് നിൽക്കും. അതുകഴിഞ്ഞാൽ അടുത്തത‌്. ഇങ്ങനെ സന്ധ്യക്ക‌് തുടങ്ങി പുലർച്ചെവരെ കൊട്ടിയിട്ടുണ്ട‌്. ഇന്നും കൊട്ടാം, കൊട്ടി മതിവരില്ല. ’’
പക്ഷേ, അദ്ദേഹത്തിന‌് മതിയാവോളം കൊട്ടാൻ അവസരം നൽകാനുള്ള ദേശക്കാരില്ല പല പൂരത്തിനും എന്നതാണ‌് സത്യം. അതിദ്രുതത്തിൽപോലും ഓരോ കോലുവീഴുമ്പോഴും അതിന്റെ സ്ഥാനവും കനവും കൃത്യമാക്കുന്ന മഹാമാന്ത്രികത.
മൂന്നിൽനിന്ന‌് ചാടി, സന്തോഷത്തോടെ
മൂന്നാംക്ലാസിൽ പഠിക്കുമ്പോ അച്ഛൻ മാക്കോത്ത‌് ശങ്കരൻകുട്ടിമാരാർ പറഞ്ഞു; ഇനി സ‌്കൂളിൽ പോകണ്ട. കാരണം എടക്കുന്നി ക്ഷേത്രത്തിലെ അടിയന്തിരം ചെയ്യണം. അടിയന്തിരമെന്നാൽ നിത്യവും ക്ഷേത്രാചാരങ്ങൾക്ക് കൊട്ടുക. അതോടെ പഠിപ്പ‌് അവസാനിപ്പിച്ചു. അരവിന്ദന‌് വലിയ സന്തോഷം. ഇഷ്ടപ്പെട്ട മേഖലയിൽ വട്ടമെത്തിക്കാലോ. തായമ്പക പഠിച്ച‌് അരങ്ങേറി. എടയ‌്ക്ക, ചെണ്ട, തിമില എല്ലാം പ്രയോഗിക്കുമെന്നായി. ബാക്കി നടന്നാണ‌് പഠിക്കുക. തിരക്കേറിയ മേളക്കാരനായിരുന്ന അച്ഛൻതന്നെ ഗുരു. മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകയ്‌ക്കും കൂട്ടത്തിൽ പോകാൻ തുടങ്ങി; ‘‘പാലിയേക്കര ക്ഷേത്രത്തിൽ് പറയ്‌ക്ക‌് പോകും. ധനു പതിനഞ്ചിന‌് പറ പുറപ്പെട്ടാൻ എടവത്തിൽ എറക്കും വരെ പറയ‌്ക്ക‌് നടപ്പാണ‌്. ഏതാണ്ട‌് അഞ്ച‌്മാസം. അതൊക്കെ നല്ല അവസരമായിരുന്നു. ഇപ്പൊന്നും പറ അത്ര കാലമില്ല. അതിനിടയിൽ മേളത്തിനു പോകും. അങ്ങനെ നടന്ന‌് മേളത്തിലും പഞ്ചവാദ്യത്തിലുംമറ്റും പരിചയമായി. ചേന്ദംകുളങ്ങരയിലും എടക്കുന്നി പൂരത്തിനും ആറാട്ടുപുഴയിലും കൊട്ടാൻ പോയിത്തുടങ്ങി. ’’ ‐ അദ്ദേഹം ഓർക്കുന്നു.
ചെല്ലുന്നത‌് മേളത്തിനാണെങ്കിലും പൂരക്കമ്മിറ്റിക്കാർ അരവിന്ദനെ കണ്ടാൽ പഞ്ചവാദ്യത്തിന‌് തിമില കൊട്ടാൻ പറയും. സന്ധ്യയായാൽ ഒരു തായമ്പകകൂടി കൊട്ടിക്കും. ഇതായിരുന്നു കേളത്ത‌് അരവിന്ദാക്ഷൻ എന്ന കറതീർന്ന മേളക്കാരന്റെ അടിത്തറ.
കേളത്തിന്റെ ശൈലിയിൽ പറഞ്ഞാൽ; ‘‘അങ്ങ‌്ട‌് തിരിഞ്ഞ‌്നിന്ന‌് പഞ്ചവാദ്യവും ഇങ്ങ‌്ട‌് തിരിഞ്ഞ‌്നിന്ന‌് മേളവും കൊട്ടിയാൽ നേരം വെളിച്ചായി.’’
തിരക്കേറിയതോടെ ക്രമേണ മേളത്തിൽമാത്രമായി ശ്രദ്ധ. ഇരിങ്ങാലക്കുട, കുട്ടനല്ലൂർ, ഉത്രാളി, വടക്കാഞ്ചേരി, തിരുവില്വാമല, നെന്മാറ, കണ്ണമ്പ്ര, മടപ്പള്ളിക്കാവ‌്, പുത്തൂർ... മേള ലിസ്റ്റ് നീളും. പക്ഷേ, തെക്കോട്ട് എറണാകുളം വടക്കോട്ട് പാലക്കാട്, അതിനപ്പുറത്തേക്ക് കൊട്ടാൻ കൊണ്ടുപോകുക ശ്രമകരം. കാരണം ട്രെയിനിൽ കയറാൻ പേടി.
‘‘വിമാനത്തിന്റെ കാര്യം പറയേംകൂടി വേണ്ട.’’ അതുകൊണ്ടുള്ള നഷ്ടങ്ങളെ കേളത്ത് കണക്കാക്കിയിട്ടുമില്ല. വിദേശത്ത് പോകാൻ അവസരം ലഭിച്ചപ്പോഴും പറഞ്ഞു: ‘ഞാനില്ല.’ എങ്കിലും മുംബൈ കേളി അവാർഡ് അവിടെ പോയി സ്വീകരിക്കാൻ പെരുവനം കുട്ടൻമാരാർ തീവ്രശ്രമം നടത്തിയിരുന്നു. ഒടുവിൽ വിമാനം പറ്റില്ല, ട്രെയിൻ ആകാം എന്നായി. പക്ഷേ, ആ സമയമായപ്പോഴേക്കും ചെറിയ പൊള്ളലേറ്റ് യാത്ര ഉപേക്ഷിക്കേണ്ടിവന്നു. ഒടുവിൽ അവാർഡ് വീട്ടിലെത്തിച്ചു.
മുൻനിരതന്നെ വേണം
മേളരംഗത്ത‌് ഗന്ധർവൻ എന്നറിയപ്പെട്ട പരിയാരത്ത‌് കുഞ്ഞൻമാരാർ പ്രമാണം നിൽക്കുന്ന കാലത്താണ‌് ആദ്യമായി തൃശൂർ പൂരത്തിന‌് കൊട്ടുന്നത‌്. ‘‘അച്ഛനെ കാണാൻ അദ്ദേഹം വീട്ടില‌് വന്നപ്പോൾ എന്നോട‌് ചോദിച്ചു പൂരത്തിന‌് കൊട്ടണോന്ന‌്. ഞാൻ അച്ഛനോട‌് പറഞ്ഞു കൊട്ടാം, മുൻനിരേല‌് വേണം.’’
പിന്നെ തിരിഞ്ഞുനോക്കീട്ടില്ല, പാറമേക്കാവിനും തിരുവമ്പാടിക്കും മാറി മാറി പാണ്ടികൊട്ടി. അങ്ങനെയിരിക്കെ പാറമേക്കാവിന്റെ പ്രമാണം മാറുന്ന ഘട്ടമായി. ആരായാലും കേളത്ത‌് ഒപ്പമുണ്ടാകണം എന്നായി. പെരുവനം കുട്ടൻമാരാർ പ്രമാണിയായി. കേളത്ത‌് വലംകൈയായി 21 വർഷം, ഇപ്പോഴും തുടരുന്നു.
‘‘എവിടെ കൊട്ടിയാലും തൃശൂർ പൂരത്തിന്റെ പാണ്ടിയാകില്ല. അത‌് ആ സ്ഥലത്തിന്റെ പ്രത്യേകതയാണ‌്. പഞ്ചാരി ഇരിങ്ങാലക്കുടയിലും പെരുവനത്തും തൃപ്പൂണിത്തുറയിലും കൊട്ടുന്നതുപോലെയാകില്ല മറ്റിടങ്ങളിൽ. അതൊരു കേമത്തമാണ‌് ’’ –- കേളത്ത് പറയുന്നു.
പണ്ടത്തെ മേളവും ഇപ്പോഴത്തെ മേളവും ഏതെങ്കിലും വിധം വ്യത്യസ‌്തമാണോ ?
‘‘കൊട്ടുന്നതൊക്കെ ഒന്നുതന്നെ. അന്ന‌് മഹാരഥന്മാരുടെ നിരയായിരുന്നു. പിന്നെ കാലം വരുത്തിയ വ്യത്യാസങ്ങളുണ്ട‌്. വേഗം നടന്നാലും ലക്ഷ്യത്തിലെത്താം, പതുക്കെ നടന്നാലും എത്താം. അത്രേ ഇപ്പൊ പറയന്നുള്ളൂ. ’’
ചേന്ദംകുളങ്ങര ഭരണിക്ക‌് ഒന്നര രൂപയ‌്ക്കും തൃശൂർ പൂരത്തിന‌് പത്തു രൂപയ‌്ക്കും കൊട്ടിത്തുടങ്ങിയ ആളാണ‌്. ഭേദപ്പെട്ട പ്രതിഫലം കിട്ടാൻ തുടങ്ങിയിട്ട് അധിക കാലമൊന്നുമായിട്ടില്ല. വിവാഹിതനല്ല. മരുമക്കളോടൊപ്പം എടക്കുന്നിയിൽ താമസം.
ലൈഫിൽ ഒരു വീട്
തൃശൂർ ടൗൺഹാളിൽ ഏതാനും മാസം മുമ്പ‌് സംസ്ഥാന സർക്കാരിന്റെ ലൈഫ‌് പദ്ധതിപ്രകാരം അർഹരായവർക്ക‌് വീട‌് നൽകുന്ന ചടങ്ങ‌് നടന്നിരുന്നു. മന്ത്രി വി എസ‌് സുനിൽകുമാറായിരുന്നു ഉദ‌്ഘാടനം. ചടങ്ങ‌് ആരംഭിച്ചപ്പോൾ സദസ്സിലിരിക്കുന്ന ഒരാളെ കണ്ട‌് മന്ത്രി തെല്ല‌് അത്ഭുതം കൂറി. താഴേക്ക‌് ഇറങ്ങി വന്നു. ലിസ്റ്റിൽ നോക്കിയപ്പോൾ വീടിന‌് അർഹരായവരുടെ കൂട്ടത്തിൽ മേളപ്രമാണി കേളത്തും. ആദ്യത്തെ പ്രമാണപത്രം മന്ത്രി കേളത്തിനുതന്നെ സമ്മാനിച്ചു.
എടക്കുന്നിയിൽനിന്ന് ഞങ്ങളിറങ്ങുമ്പോഴും മഴ കാലംനോക്കാതെ കൊട്ടിയിറങ്ങുന്നുണ്ടായിരുന്നു. പുതിയ വീടുപണി തകൃതിയായി നടക്കുന്നു. അവസാന ഘട്ടത്തിലാണ്. വലന്തലയുടെ മുഴക്കങ്ങൾ ഇനി പുതിയവീട്ടിലും പ്രതിധ്വനിക്കും.
അച്ഛൻ പറഞ്ഞു: ‘കേളത്തിന്റെ കൂടെ നിന്നോ’
ഇലഞ്ഞിത്തറമേളത്തിന‌് രണ്ട് പതിറ്റാണ്ടിലേറെയായി പ്രമാണം നിൽക്കുന്ന ലോകപ്രശസ‌്ത മേളകലാകാരൻ പെരുവനം കുട്ടൻമാരാർക്ക് മുതിർന്ന കലാകാരനായ കേളത്തിനെക്കുറിച്ചു പറയാൻ നൂറുവാക്കുകൾ.
‘‘എന്നേക്കാൾ സീനിയറായ കലാകാരനാണ‌്. തൃശൂർ പൂരത്തിന് സാഹചര്യവശാൽ പ്രമാണം വഹിക്കുന്നുവെന്നേയുള്ളൂ. ഞാൻ മേളം കൊട്ടാൻ തുടങ്ങിയപ്പോൾമുതൽ കേളത്തിന്റെ അടുത്തുനിന്ന‌് അത‌് നോക്കിത്തന്നെയാണ‌് പരിശീലിച്ചത്.’’
അച്ഛൻ പ്രശസ‌്ത വാദ്യപ്രമാണി പെരുവനം അപ്പുമാരാർ മകനോട‌് പറഞ്ഞുകൊടുത്തതും അതായിരുന്നു. അനവധിപേർനിന്ന‌് മേളം കൊട്ടുന്നതിനിടയിലും കാഴ്‌ചയിലും കൊട്ടിലും ശ്രദ്ധിക്കപ്പെടുന്നയാളാണ് കേളത്ത്. പ്രമാണം നിൽക്കുന്ന ആളുടെ താൽപ്പര്യമനുസരിച്ച‌് കൊട്ടുമ്പോഴാണ് മേളം നന്നാവുക. എല്ലാവരും എല്ലായിടത്തും കൊട്ടുന്നത‌് ഒന്നു തന്നെയാണെങ്കിലും സ്ഥലവും പ്രമാണവും അനുസരിച്ച‌് ആസ്വാദ്യത മാറുന്നു. അത‌് നന്നായി അറിയാവുന്ന കലാകാരനാണ‌് കേളത്ത് അരവിന്ദാക്ഷൻ. കലയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അത്ഭുതകരമാണെന്നും പെരുവനം പറഞ്ഞു.
ദിനേശ‌്‌വർമ ckdvarma@gmail.comUpdated: Sunday Nov 3, 2019
https://www.deshabhimani.com/special/news-03-11-2019/831920
https://www.deshabhimani.com/special/news-03-11-2019/831920
No comments:
Post a Comment