ധാരാളം ചരിത്രവും ചരിത്ര സ്മാരകങ്ങളും ഉറങ്ങുന്ന നഗരമാണ് ഡല്‍ഹി. തിരക്കാര്‍ന്ന സിറ്റിയുടെ ഹൃദയഭാഗത്തായി കോണാട്ട് പ്ലേസിനരികില് ഹെയ്ലീ റോഡിലായി ആര്‍ക്കിയോളജിക്കല്‍ സവ്വേയുടെ സംരക്ഷിത സ്മാരകമായ അഗ്രസെന്റെ പടവുകിണര്‍ സ്ഥിതി ചെയ്യുന്നു. രാജാവായ അഗ്രസെന്‍ നിര്‍മ്മിച്ചതും 14-ാം നൂറ്റാണ്ടില്‍ അഗര്‍വാള്‍ സമുദായക്കാര്‍ പുതുക്കി പണിതതുമായ ഒരു പുരാതന വാസ്തുവിദ്യാഅത്ഭുതമാണ് ഈ പടവുകിണര്‍.
മനോഹരമായ വാസ്തുശില്പചാരുതയില് മൂന്നു തട്ടിലായി ചുമന്ന മണല്‍ക്കല്ലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന 108 പടവുകള്‍ ചെന്നെത്തുന്നത് അടിയിലുള്ള ഒരു വലിയ പാതാളക്കിണറിലേയ്ക്കാണ് കിണറിന്റെ മുകള്‍ ഭാഗം തുറന്ന നിലയിലാണ്. വരള്‍ച്ചക്കാലത്ത് ജലം സംഭരിച്ച വയ്ക്കാനായി ഇത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഭംഗിയായി നിര്‍മ്മിച്ചിരിക്കുന്ന പടവുകളുടെ രണ്ടു വശങ്ങളിലായി മനോഹരമായ നിരവധി കമാനങ്ങളും കാണാം. പൂജയ്ക്കും, ആചാരങ്ങള്‍ക്കും, വിശ്രമിക്കുവാനും, സാമൂഹിക ഒത്തു ചേരലുകള്‍ക്കും ഈ സ്ഥലം ഉപയോഗിച്ചിരുന്നതായി കരുതുന്നു.
നഗരമദ്ധ്യത്ത് സ്ഥിതിചെയ്യുന്ന ശില്പചാരുതയുടെ പ്രതീകമായ ഈ പടവുകിണര്‍ അനേകം സിനിമാഗാന രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അമീര്‍ഖാന്റെ പി. കെ., പൃഥിരാജിന്റെ 9 എന്നീ ചിത്രങ്ങളില്‍ ഇത് ദൃശ്യമാകുന്നുണ്ട്.
സമാനമായി ഇവിടെ കേരളത്തില്‍ എ.കെ.ജി.യുടെ ജന്മസ്ഥലമായ കണ്ണൂര്‍ പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തോട് ചേര്‍ന്ന് മനോഹരമായ ഒരമ്പലക്കുളമുണ്ട്. നിര്‍മ്മിതിയിലും വാസ്തുശില്പ ചാരുതയിലും ഏറെ മുന്നില്‍ നില്ക്കുന്ന ഈ കുളപ്പടവുകള്‍ ഏകദേശം ഒരു ലക്ഷത്തോളം ചുവന്ന വെട്ടുകല്ലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്നു. വിശ്രമസ്ഥലമായും, ഒത്തുചേരലുകളുടെ ഇടമായും ഈ അമ്പലക്കുളപ്പടവുകള് ഇതിനകം പ്രശസ്തമാണ്.
No comments:
Post a Comment