തിരുവിതാംകൂർ ദേശത്തിന്റെ പ്രധാന ആസ്ഥാനമായ പത്മനാഭപുരം കൊട്ടാരം ഇന്ന് കന്യാകുമാരി ജില്ലയിൽ. അതിനടുത്തുണ്ടായിരുന്ന ഒരു ചുറ്റുമാളിക, കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഥയാണിത്. സ്വകാര്യ വ്യക്തിയുടെ കൈയിലുണ്ടായിരുന്ന ആ പതിനാറുകെട്ട് ടി എസ് അഭിലാഷ് എന്ന ചരിത്രാന്വേഷി 11 വർഷം കൊണ്ട് നെയ്യാറ്റിൻകര അമരവിളയിൽ മാറ്റി സ്ഥാപിച്ചു. മാളിക അതേപോലെ, അതേ ദിശയിൽ ഒരംഗുലം പൊടിക്ക് പോലും മാറാതെ. ഇവിടെ വരൂ. ഈ ചരിത്രക്കടത്ത് കാണൂ; വായിക്കു....
അഭിലാഷ് ചരിത്രമാളികയിൽ
വിസ്‌തരിച്ചൊരു ചരിത്ര നോട്ടുപുസ്‌തകത്തിൽ നമുക്ക് എന്തെല്ലാം വായിക്കാം. വർഷങ്ങളുണ്ടാകും. മഹച്ചരമങ്ങളുണ്ടാകും. മഹാന്മാരുടെ വീരകൃത്യങ്ങൾ എന്തായാലും ഉണ്ടാകും. വായിച്ചു വായിച്ചുപോയാൽ നമ്മൾ മനസ്സിലൊരു ചരിത്രക്കോട്ട കെട്ടും. അതിന് അധ്യാപകർ മാർക്കിടും. നാം നല്ല മാർക്ക് വാങ്ങുന്ന കുട്ടിയായി ചരിത്രപുസ്‌തകം അടച്ചുവയ്‌ക്കും. തീർന്നു, ചരിത്രവുമായുള്ള നമ്മുടെ ഇടപാടുകൾ. നാം കണ്ട ഇന്നലെകൾ നമുക്കൊപ്പം കൂട്ടിയില്ലെങ്കിൽ, പിന്നെ നമ്മളെന്ത് നമ്മൾ എന്ന് കാണിക്കുന്നൊരു സ്ഥലമുണ്ട് ഇങ്ങിവിടെ തെക്കനതിർത്തിയിൽ. സ്ഥാപനത്തിന്റെ പേര്: ചരിത്രമാളിക. സ്ഥലം: തിരുവനന്തപുരം–-കന്യാകുമാരി റൂട്ടിൽ അമരവിള പ്രധാനപാതയ്‌ക്കടുത്ത്. നടത്തിപ്പുകാരൻ: ടി എസ് അഭിലാഷ് 9495939797.
മാർത്താണ്ഡവർമ എവിടെയാണ്?
തിരുവിതാംകൂറിന്റെ വീരാപദാനങ്ങളിലെല്ലാം നമ്മൾ മാർത്താണ്ഡവർമയെ കേട്ടിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതാന്ത്യം എങ്ങനെയെന്ന് അറിയാമോ? അദ്ദേഹത്തെ എവിടെയാണ് സംസ്‌കരിച്ചത് എന്നറിയാമോ? കേവലമായ ഇത്തരം അറിവുപോലും തിരുവിതാംകുറിന്റെ ചരിത്രത്തിൽ കാണാനില്ല. അങ്ങിങ്ങായി കിടക്കുന്ന ചരിത്രത്തിലെ ഇത്തരം തമോഗർത്തത്തിന് പിന്നാലെ നടന്ന് നടന്നാണ് അഭിലാഷിലെ ചരിത്രാന്വേഷി രൂപംകൊണ്ടത്. യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദാനന്തര ബിരുദ പഠനകാലത്തെ അറിവ് ആയുധമായി. അയാൾ കന്യാകുമാരിദേശത്തേക്ക് മാർത്താണ്ഡവർമയെ തേടി വച്ചുപിടിച്ചു.
അന്നുമിന്നും കന്യാകുമാരി തമിഴ്‌നാടിനോട് ചേരേണ്ടതല്ല എന്നാണ് അഭിലാഷിന്റെ ചരിത്രബോധ്യം. വിരിഞ്ഞ കുളിരിൽ കുയിൽപ്പാട്ടിനൊപ്പം വിരിയുന്ന സഹ്യപർവത താഴ്‌വരകളും പ്രഭാതത്തിൽ കുമ്പിട്ടുനിന്നഴകെഴും കതിർമണികൾ വിരിയുന്ന നാഞ്ചിനാടും മലയാളത്തോടാണ് ഏറെ അടുപ്പം കാട്ടുന്നതെന്ന് സാംസ്‌കാരിക ചരിത്രംതൊട്ട് അഭിലാഷ് സമർഥിക്കും. ഭൂപ്രകൃതിയാൽ സമ്പന്നമായ ഇന്ത്യയുടെ കാൽപ്പാദം മാത്രമല്ല കേരളത്തിന്റേത് അല്ലാതായിത്തീർന്നത്. ഒമ്പത് പ്രമുഖ കൊട്ടാരങ്ങൾ (ഇരണിയൽ, പത്മനാഭപുരം (കൽക്കുളം), നാഗർകോവിൽ കൊട്ടാരം, ചാവറക്കൊട്ടാരം, നാഗർകോവിൽ സേതുലക്ഷ്‌മി കൊട്ടാരം, മുപ്പന്തൽ, മരുന്നുകോട്ട...അങ്ങനെയങ്ങനെ), മുപ്പത്തിരണ്ടോളം പുരാതന മാളികകൾ, പതിനെട്ടോളം പുരാതന ആശ്രമങ്ങൾ, 490 അമ്പലങ്ങൾ (ഇതിൽ 64 എണ്ണം ഏറെ ചരിത്ര പ്രാധാന്യമുള്ളത്), തക്കലയിലെ (ഏഴരപ്പള്ളിയിലെ) അരപ്പള്ളി, മരുത്വാമലയ്‌ക്ക് സമാനമായ 108 സഹ്യപർവത ശിഖരങ്ങൾ, കാവുകൾ, ആയിരത്തെട്ടോളം നീരുറവകൾ പൊടിയുന്ന നാഞ്ചിനാട്ടിലെ വയലേലകൾ!
അഭിലാഷ് ചരിത്രമാളികയിൽ
അതിന്റെ ചെലവ് അഭിലാഷ് പറയില്ല. കുടുംബസ്ഥലവും തിരുവനന്തപുരം നഗരത്തിലടക്കം സ്വന്തമായുണ്ടായിരുന്ന സ്ഥലവുമെല്ലാം വിറ്റ്, കോടിയിൽ കൂടുതൽ ചെലവിടേണ്ടിവന്നു. മാറ്റി സ്ഥാപിച്ചപ്പോൾ 36 സെന്റ് ഭൂമിയുടെ മുകൾഭാഗം കൊട്ടാരത്തിന് വേണ്ടിവന്നു. അത്രതന്നെ ഭൂമിക്കടിയിലും ഉണ്ട്. കളരിത്തറ, അതിനരികത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കെടാവിളക്ക്, ആയുർവേദ ചികിത്സാലയം, പത്തായം തുടങ്ങിയവ ഭൂമിക്കടിയിലാണ്. ചികത്സയ്‌ക്കുള്ള കട്ടിലുകൾ അടക്കം ഭൂമിക്കടിയിൽ സ്ഥാപിച്ച ശേഷമാണ് മറ്റുനിർമിതികൾ കെട്ടിയുയർത്തിയത്. കെടാവിളക്ക് പോലും കെടാതെ എത്തിച്ചാണ് കളരിത്തറയ്‌ക്കടുത്ത് സ്ഥാപിച്ചത്.
കാണാൻ വരാം; പഠിക്കാം
‘ചരിത്രമാളിക–-കേരള സാംസ്‌കാരിക പഠന ഗവേഷണ ചരിത്ര മ്യൂസിയം’ എന്നാണ് ഇപ്പോൾ ഈ മാളികയുടെ പേര്. നിബന്ധനകൾ ഇനിയുമുണ്ട്–- പ്രവേശനം: രാവിലെ ഒമ്പതുമുതൽ നാലുവരെ. സന്ദർശനം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മുൻകൂട്ടിയുള്ള അനുമതിയോടെമാത്രം. മ്യൂസിയങ്ങളെല്ലാം ടിക്കറ്റെടുത്ത് കാണാൻ മാത്രമുള്ളതാണെന്ന നമ്മുടെ അനുഭവത്തെ തിരുത്തുകയാണിവിടെ. വിനിമയ വിലയ്‌ക്കപ്പുറമുള്ളതാണ് ഈ മാളികയുടെ പൗരാണികമൂല്യം. ‘ആന്റിക്ക് വാല്യു’ എത്രയെന്ന് രൂപയിൽ ചോദിക്കരുത്. അഭിലാഷ് മറുപടി തരില്ല. ചരിത്രം എത്ര സമ്പന്നമാണെന്ന് ചോദിക്കൂ. അയാൾ അണുകിട തെറ്റാതെ വാചാലനാകും.
4800ലധികം പുരാവസ്‌തുശേഖരമാണ് ഈ ചരിത്രമാളികയിലുള്ളത്. ശില, താമ്ര, ലോഹയുഗങ്ങളിലെയും ആധുനികതയുടെ തുടക്കത്തിലുള്ളതുമായ കാർഷികോപകരണങ്ങൾ, വൈദ്യുതി വിളക്കുകൾ വരുന്നതിന് മുമ്പുവരെയുള്ള പലകാലത്തെ ദീപങ്ങൾ, 12,800 തരം താളിയോലകൾ (ചുരുണകളടക്കമുള്ളവ), മരപ്പലകകൾ, ശാസനങ്ങൾ, ചെമ്പു തകിടുകൾ, മുള ഫലകങ്ങൾ തുടങ്ങിയവ സംസ്‌കരിച്ച് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. എണ്ണയാട്ടുന്ന ചക്കൊരെണ്ണം നടുമുറ്റത്തുണ്ട്. എള്ളുമായി വരുന്ന സ്‌കൂൾ കുട്ടികൾക്ക് ചക്കിലാട്ടി എണ്ണയും ചരിത്രത്തിന്റെ നീരുമെടുക്കാം. അരികിൽ, ഗാന്ധിജി നാഗർകോവിലിലെത്തിയപ്പോൾ സഞ്ചരിച്ച കാളവണ്ടിയുണ്ട്. കവാടപ്പുരയുടെ മേൽമാളികയിൽ ഗാന്ധിജി സംസാരിച്ച മൈക്കും കാമരാജിന് സമ്മാനമായി കിട്ടിയ പുസ്‌തകങ്ങളുടെയും ശേഖരം. ഇവിടത്തന്നെ പകിട, ഊരാക്കുടുക്ക്, ചതുരംഗം, ഏടാകൂടം തുടങ്ങിയ പ്രാചീന കേളികളിലും വേണമെങ്കിൽ ഏർപ്പെടാം.
ഓലകളിലും തകിടുകളിലും കുറിച്ചുവച്ചവ വായിച്ചെടുക്കാൻ ഇവിടെ ഞായറാഴ്‌ചകളിൽ ക്യാമ്പുകൾ വയ്‌ക്കും. ഓലയെഴുത്ത് അറിയുന്ന ആശാന്മാർ ചരിത്രത്തെ വായിക്കും. കളരി, മർമചികിത്സ എന്നിവയെക്കുറിച്ചുള്ള ശാസനങ്ങളാണ് ഓലയിൽ മിക്കതും.
തലക്കുളത്ത് വേലപ്പനാശാൻ എന്ന കളരിവിദഗ്‌ധൻ ഇവിടെ കുട്ടികളെ കളരി പഠിപ്പിക്കുന്നുണ്ട്. മുന്നൂറോളം കുട്ടികളാണ് മാളികയുടെ നടുമുറ്റത്ത് കളരിച്ചുവടുകൾ അഭ്യസിക്കുന്നത്.
കാക്കണം ശേഷിപ്പുകളെ
ചരിത്രമാളികയിലെ അമൂല്യമായ പുരാവസ്‌തു ശേഖരങ്ങൾ
ഇനിയും ശേഷിപ്പുകൾ അഭിലാഷിന്റെ കൈവശമുണ്ട്. പലദിക്കിൽ നിന്നും ശേഖരിച്ചവ. കാർത്തികവിളക്കുമുതൽ കൂറ്റൻ ശിലാവ്യാളി വരെയുള്ളവ. സ്ഥലം പോരാഞ്ഞ്, അമരവിളയിൽത്തന്നെയുള്ള സ്വന്തം വീടിന്റെ മുകൾത്തട്ടിൽ പ്ലാസ്‌റ്റിക്കിൽ പൊതിഞ്ഞുവച്ചിരിക്കുകയാണ് പലതും. കന്യാകുമാരിയിൽനിന്ന് വിലയ്‌ക്കെടുത്ത കൽമണ്ഡപങ്ങൾ കൊണ്ടുവരാൻ കഴിയാതെ അവിടെത്തന്നെ സൂക്ഷിച്ചിട്ടുണ്ട്.
ഇനിയൊരു സ്വപ്‌നമുള്ളത്, ചരിത്രമാളികയുടെ ഔദ്യോഗികമായ തുറന്നുകൊടുപ്പാണ്. അതിന് അഭിലാഷ് കാത്തിരിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെയാണ്.
https://www.deshabhimani.com/special/news-weekendspecial-24-11-2019/836335