ഉത്തരങ്ങളല്ല; ചോദ്യങ്ങൾ
ശബരിമലക്കേസിലെ റിവ്യൂ ഹർജികളിൽ സുപ്രീംകോടതിയുടെ വിധി ആ പ്രശ്നത്തിലെ അവസാന വാക്കായിരിക്കുമെന്നാണ് പൊതുവെ എല്ലാവരും കരുതിയിരുന്നത്. എന്നാൽ, അങ്ങേയറ്റം ആശയക്കുഴപ്പങ്ങളും പുതിയ കീഴ്‌വഴക്കങ്ങളും സൃഷ്ടിക്കുന്ന വിധിയാണ് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷത്തിന്റേത്. സാധാരണ സുപ്രീംകോടതിയുടെ വിധി അവസാനവാക്കാണ്. ആ കേസിൽ ഉന്നയിക്കപ്പെടുന്ന പ്രശ്നം അതോടുകൂടി അടഞ്ഞ അധ്യായമായി. പുനഃപരിശോധനയുടെയും തിരുത്തലിന്റെയും അത്യപൂർവ സാധ്യതകൾ മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ടാണ് സുപ്രീംകോടതി വിധികൾ പുതിയ പ്രശ്നങ്ങളിലേക്കുകൂടി വാതിൽ തുറക്കുന്നവയായി മാറുമെന്ന് ആരും കരുതാത്തത്.
ശബരിമല കേസിലെ വിധി വ്യക്തതയാർന്ന പരിശോധനയുടെയും പ്രഖ്യാപനത്തിന്റേതുമായിരുന്നു. അന്നത്തെ വിധിയായാലും ഏകാംഗ വിയോജനമായാലും അവരവരുടെ നിഗമനങ്ങൾ വ്യക്തമായി നിർവചിക്കുന്നതായിരുന്നു. എന്നാൽ, പുനഃപരിശോധനയിലെ വിധി ചോദ്യങ്ങൾ മാത്രം അവസാനിപ്പിക്കുന്നതും അസാധാരണവും മുൻമാതൃകകൾ ഇല്ലാത്തതുമാണെന്ന് എല്ലാവരും തന്നെ ചൂണ്ടിക്കാണിക്കുന്നു. എളുപ്പത്തിൽ യോജിച്ച നിഗമനത്തിൽ എത്താൻ ഭരണഘടനാ വിദഗ്‌ധർക്കു പോലും കഴിയുന്നില്ല. എന്നാൽ, എളുപ്പത്തിൽ വ്യാഖ്യാനിച്ച് പൊതുനിഗമനത്തിൽ എത്താൻ പറ്റുംവിധം ലളിതമല്ല കേവലം ഒമ്പതു ഖണ്ഡിക മാത്രമുള്ള ഭൂരിപക്ഷ വിധി. ഇതിൽനിന്ന് വിയോജിച്ചുകൊണ്ടും സുപ്രീംകോടതിയുടെ ആധികാരികത്വം പ്രഖ്യാപിച്ചുകൊണ്ടും ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് ചന്ദ്രചൂഡിനു കൂടി എഴുതിയ വിധി 66 ഖണ്ഡികയാണ് എന്നതുകൂടി പ്രസക്തം.
സുപ്രീംകോടതിക്ക് പുനഃപരിശോധന നടത്താനുള്ള അധികാരം ലഭിക്കുന്നത് ഭരണഘടനയിലെ 137 അനുച്ഛേദത്തിൽനിന്നാണ്. എന്താണ് പുനഃപരിശോധനയ്‌ക്ക് അടിസ്ഥാനമാകുന്നതെന്നും എന്തെല്ലാം ആകുന്നില്ലെന്നും സുപ്രീംകോടതി വിവിധ കേസുകളിൽ ആധികാരികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യരുടെ ചന്ദ്രകാന്ത കേസിൽ ഒറ്റ ഖണ്ഡികയിൽ മനോഹരമായി നിർവചിച്ചത് ജസ്റ്റിസ് നരിമാൻ ഈ വിധിയിൽ ഉദ്ധരിക്കുന്നുണ്ട്. അതുൾപ്പെടെ അഞ്ച് സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചാണ് എന്തുകൊണ്ട് പുനഃപരിശോധന സാധ്യമല്ലെന്ന് വിയോജനവിധി പ്രഖ്യാപിക്കുന്നത്. എന്നാൽ, എന്തുകൊണ്ട് പുനഃപരിശോധനയാകാമെന്ന് പരിശോധിക്കുന്നില്ലെന്നു മാത്രമല്ല, അത് ഭരണഘടനാ ബഞ്ചിന്റെ പരിശോധനയ്‌ക്കുശേഷം വേണമെങ്കിൽ ആകാമെന്ന് അസാധാരണ നിലപാട് ഭൂരിപക്ഷവിധി സ്വീകരിക്കുന്നു.
യഥാർഥത്തിൽ പുനഃപരിശോധനയും റിട്ട് ഹർജികളും ഒന്നിച്ച് പരിഗണിക്കുന്നതുതന്നെ പുതിയ കീഴ്‌വഴക്കമാണെന്നു തോന്നുന്നു. പുനഃപരിശോധനാ ഹർജികളിൽ, വിധിയിൽ എന്തെങ്കിലും ഗൗരവമായ തെറ്റു സംഭവിച്ചോയെന്നോ പുതിയ പ്രധാന തെളിവുകൾ ഉണ്ടായിട്ടുണ്ടോ എന്നൊക്കെയാണ് സുപ്രീംകോടതി പരിശോധിക്കുന്നതെങ്കിൽ റിട്ടിന്റെ പരിഗണനാരീതി തീർത്തും വ്യത്യസ്‌തമാണ്. ഒരു ഭരണഘടനാ ബഞ്ച് റിട്ട് ഹർജികൾ നേരിട്ടുകേൾക്കുന്നതും പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കലാണെന്ന് തോന്നുന്നു. രണ്ടുംകൂടി ഒരേ കണ്ണിൽ നോക്കാൻ ഭരണഘടനയും സുപ്രീംകോടതിയുടെ വിധികളും സാധാരണഗതിയിൽ അനുവദിക്കുന്നില്ല.
ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടിയതുപോലെ ഭരണഘടനയുടെ 145 (3) പ്രകാരം അഞ്ചിൽ കുറയാത്ത അംഗങ്ങളുള്ള ബെഞ്ചിന്റെ വിധി ഭരണഘടനാ വിഷയങ്ങളിൽ അവസാനവാക്കും എല്ലാവർക്കും ബാധകമായതുമാണ്. എന്നാൽ, അത്തരം വിധി ഏഴംഗ ബെഞ്ചിനു വിടുന്നതും പുതിയ രീതിയാണ്. സുപ്രീംകോടതിയിൽ ഏഴു ജഡ്‌ജിമാരുള്ളപ്പോഴാണ് അഞ്ചംഗങ്ങളെങ്കിലും എന്ന വ്യവസ്ഥ വന്നതെന്നും അമേരിക്കയിൽ ഫുൾ ബെഞ്ചാണ് ഗൗരവമായ കേസുകൾ കേൾക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഒമ്പതുപേരാണ് ഇപ്പോൾ ഉള്ളതെന്നത് വേറെ കാര്യം. എന്നാൽ. നമ്മുടെ സുപ്രീംകോടതിയുടെ ചട്ടം നിർമിക്കുന്നത് ഭരണഘടനയ്‌ക്ക് അനുസൃതമായാണ്. ഭരണഘടന തന്നെ അഞ്ചിൽ കുറയാത്ത എന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ട്. അതിൽ കൂടുതൽ അംഗങ്ങളുള്ള ബെഞ്ചുകൾ രൂപീകരിക്കാൻ സുപ്രീംകോടതിക്ക് ഭരണഘടനാപ്രകാരം തന്നെ അവകാശമുണ്ട്. പക്ഷേ, അഞ്ചിൽ കുറയാത്ത അംഗങ്ങളുള്ള ബെഞ്ചാണ് വിധി പ്രഖ്യാപിക്കുന്നതെങ്കിൽ അത് ഭരണഘടനാപ്രകാരം അവസാനത്തെ വാക്കാണ്. അത് ഏഴംഗമാക്കണമെന്ന് സുപ്രീംകോടതിക്ക് തോന്നിയാൽ പാർലമെന്റിനോട് ഭരണഘടന ഭേദഗതി ചെയ്യാൻ ആവശ്യപ്പെടാൻ മാത്രമേ കഴിയൂ.
പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ അതുമായി ബന്ധപ്പെടാത്തതും മറ്റു ബെഞ്ചുകൾ പരിഗണിക്കുന്നതുമായ വിഷയങ്ങൾ ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്ന റഫറൻസ് നടത്താൻ സാധാരണഗതിയിൽ അധികാരമില്ല. ആ കേസ് പരിഗണിക്കുന്ന ബെഞ്ചുകൾക്ക് മാത്രമേ അവരുടെ മുമ്പിൽ അവതരിക്കപ്പെടുന്ന വാദങ്ങളുടെയും മെറിറ്റിന്റെയും സുപ്രീംകോടതിയുടെ തന്നെ വിധിന്യായങ്ങളുടെയും അടിസ്ഥാനത്തിലും അത്തരം തീരുമാനം എടുക്കാൻ അവകാശമുള്ളൂ. അതുകൊണ്ടുതന്നെയാണ് മറ്റു ബെഞ്ചുകളുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ വേറെ ഏതെങ്കിലും ബെഞ്ച് പ്രഖ്യാപിക്കുന്നത് വിധിയാകില്ലെന്നും നിരീക്ഷണം മാത്രമാണെന്നും അതുതന്നെ പുതിയ രീതിയാണെന്നും പറയുന്നത്. ഇന്ത്യൻ ഭരണഘടന അത്തരം സവിശേഷ അധികാരം ചീഫ് ജസ്റ്റിസിനു നൽകുന്നുമില്ല.
പുതുതായി ഉത്തരം കണ്ടെത്തേണ്ടതാണെന്ന് ആവശ്യപ്പെടുന്ന ഏഴു പ്രശ്നങ്ങളിൽ പലതും നേരത്തെ തന്നെ പരിശോധിച്ച് തീർപ്പ് കൽപ്പിച്ചതാണെന്ന് വിയോജനക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. യഥാർഥത്തിൽ അനുച്ഛേദം 25ഉം 26ഉം മൗലികാവകാശങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു നിൽക്കുന്നുവെന്ന പ്രശ്നമാണ് പ്രധാനമായും ശബരിമല കേസ് തന്നെ പരിശോധിച്ചത്. അതിൽ സുപ്രീംകോടതിയുടെ നിരവധി വിധി ഉദ്ധരിക്കുന്നുണ്ട്. അതിലൊന്ന് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ് തന്നെ ജസ്റ്റിസ് രമണയ്‌ക്കുംകൂടി വേണ്ടി എഴുതിയ ആദി ശൈവക്കേസിലെ വിധിയാണ്. ഈ വിധിയിലാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ജാതിയുടെ വിവേചനമില്ലാതെ ഏതൊരാൾക്കും പൂജാരിയാകാമെന്ന് പ്രഖ്യാപിച്ചത്. ശിരൂർ മഠക്കേസും അജ്‌മീർ ദർഗ കേസും ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിശോധിച്ചിരുന്നു. അങ്ങനെ വ്യക്തതയുണ്ടാക്കിയ വിധിയുടെ പുനഃപരിശോധനയിൽ എങ്ങനെയാണ് പുതിയ വിഷയമായി വരുന്നതെന്നതും ചോദ്യം തന്നെ.
നേരത്തെ സ്ത്രീപ്രവേശനമാകാമെന്ന നിലപാട് അന്നത്തെ ചീഫ്ജസ്റ്റിസിന് ഒപ്പമെടുത്ത ജസ്റ്റിസ് ഖാൻവിൽക്കർ പുനഃപരിശോധനാ ഹർജിയിൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന്റെ ഒപ്പം വ്യത്യസ്‌ത നിലപാട് സ്വീകരിച്ചു. പുതുതായി കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തെ സ്വീകരിച്ച നിലപാട് മാറ്റാനുള്ള അത്യപൂർവ അവകാശം സുപ്രീംകോടതി ജഡ്‌ജിമാർക്ക് പുനഃപരിശോധനാ ഹർജികൾ നൽകുന്നുണ്ട്. അതിന് ആധാരമായ പുതിയ പ്രശ്നങ്ങൾ കാര്യകാരണസഹിതം വിശദീകരിക്കലാണ് വേണ്ടത്. പക്ഷേ, ഇവിടെ അതും വ്യക്തമല്ല.
നേരത്തെ സ്ത്രീപ്രവേശനമാകാമെന്ന നിലപാട് അന്നത്തെ ചീഫ്ജസ്റ്റിസിന് ഒപ്പമെടുത്ത ജസ്റ്റിസ് ഖാൻവിൽക്കർ പുനഃപരിശോധനാ ഹർജിയിൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന്റെ ഒപ്പം വ്യത്യസ്‌ത നിലപാട് സ്വീകരിച്ചു. പുതുതായി കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തെ സ്വീകരിച്ച നിലപാട് മാറ്റാനുള്ള അത്യപൂർവ അവകാശം സുപ്രീംകോടതി ജഡ്‌ജിമാർക്ക് പുനഃപരിശോധനാ ഹർജികൾ നൽകുന്നുണ്ട്. അതിന് ആധാരമായ പുതിയ പ്രശ്നങ്ങൾ കാര്യകാരണസഹിതം വിശദീകരിക്കലാണ് വേണ്ടത്. പക്ഷേ, ഇവിടെ അതും വ്യക്തമല്ല.
വിശ്വാസമാണ് പ്രധാനമെന്ന് ഭൂരിപക്ഷ വിധി പറയുന്നുണ്ട്. എന്നാൽ, ഭരണഘടനയാണ് വിശുദ്ധ പുസ്‌തകമെന്ന് ന്യൂനപക്ഷവിധിയും പറയുന്നു. യഥാർഥത്തിൽ സുപ്രീംകോടതിക്കു തന്നെ പുനഃപരിശോധനാ ഹർജി ഉൾപ്പെടെ കേൾക്കുന്നതിനും വിധി പ്രഖ്യാപിക്കുന്നതിനും അവകാശം നൽകുന്നത് ഭരണഘടന തന്നെയാണ്. അത് മതനിരപേക്ഷത അടിസ്ഥാന ശിലയാക്കിയിട്ടുള്ളതുമാണ്. അതേസമയം, ഇന്ത്യൻ ഭരണഘടന ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കുന്നതിനു മാത്രമല്ല അത് പ്രചരിപ്പിക്കുന്നതിനുകൂടി അവകാശം നൽകുന്നതുമാണ്. വിശ്വാസമാണ് പ്രധാനമെന്ന് ഇപ്പോൾ പല കേസിലും പറയുന്നുണ്ട്. മുത്തലാഖ് കേസിൽ ഭരണഘടനയാണ് പ്രധാനമെന്നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ശരിയായ വിധിയും പ്രഖ്യാപിച്ചത്. ഏക സിവിൽ കോഡ് വേണമെന്ന് വാദിക്കുന്നവർ, അക്കാര്യത്തിൽ വിശ്വാസമല്ല പ്രധാനമെന്നും അടുത്ത ശ്വാസത്തിൽ തന്നെ പറയുന്നുണ്ട്.
സ്ത്രീകൾക്ക് ശബരിമലയിലേക്ക് പ്രവേശിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന പ്രഖ്യാപനത്തിലേക്ക് നയിച്ച വ്യഖ്യാനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്‌ക്കായി തുറന്നിടുകയും ചെയ്‌ത അത്യസാധാരണമായ സ്ഥിതിയാണ് ഉള്ളത്.
വിശ്വാസമാണ് പ്രധാനമെങ്കിൽ വ്യത്യസ്‌ത വിശ്വാസങ്ങൾ തമ്മിലുള്ള തർക്കം പരിശോധിക്കുന്നതിനുള്ള അളവുകോൽ ഏതു വിശ്വാസത്തിന്റേതായിരിക്കും? ഭൂരിപക്ഷത്തിന്റെ വിശ്വാസമാണ് ശരിയെന്ന നിലപാടിലേക്ക് എത്തിയോ എന്ന പ്രശ്നം അയോധ്യാ വിധിയിലും ഉയർന്നുവരികയുണ്ടായി. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ പുനഃപരിശോധനാ ഹർജികൾ തൊടാതെ ഭൂരിപക്ഷവിധി അവസാനിപ്പിക്കുകയും ചെയ്‌തു. ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ കേൾക്കാമെന്ന് വിധിച്ച സന്ദർഭത്തിൽ സ്റ്റേ ഇല്ലെന്ന് വ്യക്തമായി പറയുകയും ചെയ്‌തു. എന്നാൽ, ഈ വിധി അതിനെ സംബന്ധിച്ച് നിശ്ശബ്ദത പാലിക്കുന്നു. എങ്ങനെയും വ്യാഖ്യാനിക്കാനുള്ള വാതിലുകൾ തുറന്നിട്ടിരിക്കുന്നു. അതേസമയം, സ്ത്രീകൾക്ക് ശബരിമലയിലേക്ക് പ്രവേശിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന പ്രഖ്യാപനത്തിലേക്ക് നയിച്ച വ്യഖ്യാനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്‌ക്കായി തുറന്നിടുകയും ചെയ്‌ത അത്യസാധാരണമായ സ്ഥിതിയാണ് ഉള്ളത്.
സുപ്രീംകോടതി വിധി അന്നുമുതൽ തന്നെ നടപ്പിലാക്കുന്നതിന് സർക്കാർ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഭരണഘടനാപരമായ ചുമതലയുണ്ടെന്നും അത് അനുസരിക്കുകയെന്നത് എല്ലാ പൗരൻമാരുടെയും മൗലികമായ കടമയാണെന്നും ഭരണഘടനയിലെ വ്യത്യസ്ത അനുച്ഛേദങ്ങളും വിധികളും ഉദ്ധരിച്ച് ന്യൂനപക്ഷവിധി വിശദീകരിക്കുന്നു. തന്റെ വിധിയിലെ 66 ഖണ്ഡികകളിൽ 36ഉം ഇതിനായാണ് ജസ്റ്റിസ് നരിമാൻ മാറ്റിവച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് കേരളത്തിലെ സർക്കാർ നിർവഹിക്കാൻ അന്ന് ശ്രമിച്ചത്. ലിംഗസമത്വത്തിനായ നിലപാട് ഉയർത്തിപ്പിടിക്കുമ്പോൾ തന്നെയാണ് നായനാരുടെ നേതൃത്വത്തിലും വി എസിന്റെ നേതൃത്വത്തിലും പിണറായിയുടെ നേതൃത്വത്തിലുമുള്ള സർക്കാരുകൾ 2018 സെപ്തംബർ 28 വരെ പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിരോധിച്ച ഹൈക്കോടതി ഉത്തരവും ശക്തമായി നടപ്പിലാക്കിയത്. ആർക്കും പിടികിട്ടാത്തവിധം പ്രഹേളികയായി സുപ്രീംകോടതി വിധി പ്രഖ്യാപിക്കുമ്പോൾ അതുസംബന്ധിച്ച് ആശയ വ്യക്തത വരുത്തുകയെന്നത് സങ്കീർണമായമായ കാര്യമാണ്.
No comments:
Post a Comment