Thursday, December 14, 2023

വാക്കു കാണൽ—ഗദ്യത്തിലെ പഴമയും പുതുമയും

 


*വാക്കു കാണൽ—ഗദ്യത്തിലെ പഴമയും പുതുമയും*

ഡോ. സ്കറിയ സക്കറിയ


ഭാഷാസാഹിത്യപഠനത്തിൽ ആശയാവലികൾക്കും സങ്കൽപ്പനങ്ങൾക്കും സിദ്ധാന്തങ്ങൾക്കുമുള്ള പ്രാധാന്യം ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ വർദ്ധിച്ചുവരുകയാണു്.


 പുതുമയോടുള്ള പഴമയുടെ കെറുവ് പതിവു പോലെ ദുർബലമായിത്തീർന്നു. പിൽക്കാലത്തു ഭാഷാശാസ്ത്രത്തിൽ നിന്നു ഘടനാവാദം, വ്യവഹാരാപഗ്രഥനം, ചിഹ്നവിജ്ഞാനീയം തുടങ്ങിയവ സാഹിത്യമടക്കമുള്ള സാംസ്ക്കാരികമേഖലകളിലേക്കു വ്യാപിച്ചു. ഇതാണു് മാനവികവിജ്ഞാനങ്ങളിലെയും സാമൂഹികശാസ്ത്രങ്ങളിലെയും ഭാഷാഭിമുഖ്യം (linguistic turn). ഇതിനൊപ്പം വിവിധ വിജ്ഞാനങ്ങളിൽ സാംസ്ക്കാരികനിർണ്ണയനം (social determination) എന്ന ആശയം പ്രബലമായി. 


മലയാള വൈജ്ഞാനികപാരമ്പര്യത്തിൽ കളിമട്ടിലുള്ള (playful) വായനയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണു്. വെടിവട്ടശൈലി എന്നു നമുക്കതിനെ വിളിക്കാം. ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ചമ്പുക്കൾ, തുള്ളലുകൾ തുടങ്ങിയവയെല്ലാം കളിമട്ടിൽ എങ്ങനെ വായിക്കാം എന്നു് പ്രമുഖ പണ്ഡിതർതന്നെ കാട്ടിത്തന്നിട്ടുണ്ടു്.


വായന വെറും അർത്ഥഗ്രഹണ (discovery of meaning) മല്ലെന്നും വ്യാഖ്യാനത്തിനും (interpretation) നിർമ്മിതിക്കും (construction) വായനയിൽ ഇടമുണ്ടെന്നും മലയാളിക്കു സാഹിത്യചരിത്രങ്ങളിൽനിന്നു മനസ്സിലാക്കാം. എന്നാൽ ഗദ്യരചനകളിൽ പാഠലീല ഏറെ പരീക്ഷിച്ചു കണ്ടിട്ടില്ല. മാധവിക്കുട്ടി യുടെ എന്റെ കഥ, ഒ. വി. വിജയന്റെ ധർമ്മപുരാണം തുടങ്ങിയവ നിർമ്മാണപരമായ വായനയ്ക്കു് ഏറെ സാദ്ധ്യതകളുള്ളവയാണു്.


വാല്മീകി രാമായണത്തിലെ പ്രതിനായകനായ രാവണൻ ദാക്ഷിണാത്യപാരായണങ്ങളിൽ ഉജ്ജ്വലപ്രഭാവനാകുന്നതു് (കമ്പരാമായണം, ലങ്കാലക്ഷ്മി, കൂടിയാട്ടം തുടങ്ങിയവ ഓർമ്മിക്കുക) അട്ടിമറി (manipulations) യിലൂടെയാണു്. ഇതൊക്കെ വായനയുടെ ലോകത്തു സർവസാധാരണമാണെങ്കിലും സാമാന്യബുദ്ധി നൽകുന്ന പ്രതീതി പാഠത്തിൽനിന്നു അർത്ഥം ഖനനം ചെയ്തു് എടുക്കുന്നു എന്നതാണു്.


രൂപകങ്ങളെ (metaphor) ക്കുറിച്ചുള്ള തിരിച്ചറിവു് അറിവു വഴികളിലേക്കു കൂടുതൽ വെളിച്ചമടിക്കുന്നു. അനുദിന ജീവിതത്തിലെ രൂപകങ്ങൾ സജീവചർച്ചാവിഷയമാക്കുന്നു. മനുഷ്യവിഭവം (human resource) നിർദ്ദോഷ പദപ്രയോഗമല്ല. മനുഷ്യനെക്കുറിച്ചുള്ള മറ്റൊരു അറിവാണു്. അതിനു സ്വന്തമായ അറിവുശൃംഖലയുണ്ടു്. മറ്റു ഭൗതികവിഭവങ്ങളുമായി ഈ രൂപകത്തിലൂടെ മനുഷ്യൻ കണ്ണിചേർക്കപ്പെടുന്നു. മുതലാളിത്ത വ്യവസ്ഥയുടെ വിജയം വിഭവം ചുരുങ്ങിയ ചെലവിൽ സമ്പാദിച്ചു വലിയ ലാഭമുണ്ടാക്കുന്നതിലാണു്. മനുഷ്യവിഭവവും ഇങ്ങനെയാണു് ഉപയോഗിക്കേണ്ടതു് എന്ന അറിവു് പുതിയ ഉന്നങ്ങൾക്കും തന്ത്രങ്ങൾക്കും പ്രചോദനമാകുന്നു. മനുഷ്യനെ വിഭവമാക്കുന്ന ഭാഷാപ്രയോഗം ഇവിടെ ചെറുക്കപ്പെടേണ്ട സാമൂഹികബാധയായി മാറുന്നു.


 ദൃശ്യസംസ്ക്കാരത്തിന്റെ വളർച്ച മറ്റെല്ലാ സംവേദന രീതികളെയും സ്വാധീനിക്കുന്നു എന്നതു മാധ്യമയുഗത്തിന്റെ പ്രത്യേകതയാണു്. കണ്ടുകണ്ടങ്ങിരിക്കുംപോലെ തോന്നണം വായനക്കാരനും ശ്രോതാവിനും (Levin 1984). അത്തരത്തിൽ പുനർക്രമീകരിക്കപ്പെടുകയാണു് സാഹിത്യഭാഷയും പരസ്യഭാഷയും. ഇതിനു് ഏകോപന (convergence) സങ്കേതം ഉപകരിക്കും. രോഗി ഡോക്ടറോടു രോഗവിവരങ്ങൾ അറിയിക്കുന്നതും കവി കവിത ചൊല്ലുന്നതും പുരോഹിതൻ മതവിജ്ഞാനം നൽകുന്നതുമെല്ലാം മാധ്യമയുഗത്തിൽ ഏകോപനസങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയാണു്. കമ്പ്യൂട്ടറും മൊബൈലും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഇതിൽ പങ്കാളികളാകുന്നു. പഴയകാലത്തു ക്ഷേത്രങ്ങളിൽ പുരാണകഥാപ്രസംഗം നടത്തിയിരുന്നവരും കൂത്തു പറഞ്ഞിരുന്നവരും ഉപദേശിമാരും ഇരുപതാം നൂറ്റാണ്ടിലെ കഥാപ്രസംഗക്കാരും കവിയരങ്ങുകാരും പുതിയ റിയാലിറ്റി ഷോക്കാരുമെല്ലാം വചനത്തെ ഏകോപനത്തിലൂടെ മാംസമാക്കുന്നവരാണു്. വചനം മാംസമാകുമ്പോൾ ഇന്ദ്രിയതയുടെ നൂറായിരം ബന്ധങ്ങളിലേക്കു് അതു കണ്ണിചേർക്കപ്പെടുന്നു.


മലയാളിസമൂഹത്തിന്റെ ഉപഭോഗവ്യഗ്രതയിൽ ഇടപെട്ടുകൊണ്ടു് പരസ്യങ്ങൾ എങ്ങനെ കമ്പോളാധിപത്യം വളർത്തുന്നു എന്ന പഠനം സുപ്രധാനമാണു്. എന്നാൽ അതിനുമപ്പുറം സാംസ്ക്കാരികപൗരത്വം വികസിപ്പിക്കാനുള്ള ഉപാദാനമായി പരസ്യങ്ങൾ ഉപയോഗിക്കാം. മലയാളിയുടെ ഭാവനയും ലോകബോധവും ഭാഷാഭംഗിയും അഭിരുചികളും വീണ്ടുവിചാരത്തിലൂടെ മനസ്സിലാക്കാനുള്ള വൈജ്ഞാനിക ഇടമായി പരസ്യപഠനം വികസിക്കണം. മനസ്സിലാക്കൽ അതാണു് മാനവികവിജ്ഞാനങ്ങളുടെ കേന്ദ്രം. വിലയിരുത്തൽ മനസ്സിലാക്കലിന്റെ ബലത്തിലാകണം. വീണ്ടുവിചാര (reflexivity) മാണു് മാതൃകാപഠനത്തിന്റെ ലക്ഷണം. വീണ്ടുവിചാരത്തിലൂടെ സമൂഹപ്രക്രിയയുമായി കൂട്ടിയിണക്കപ്പെടുന്ന വ്യക്തി സാംസ്കാരിക പൗരത്വ (cultural citizenship) ത്തിലേക്കു വളരുന്നു.


സമകാലിക വിജ്ഞാനശൃംഖലയിൽ മലയാളത്തിനു കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണു്. ഗദ്യഗതി പരിഗണിക്കുമ്പോൾ അത്രയ്ക്കു നിരാശയ്ക്കു കാരണമില്ല. സാഹിത്യമലയാളംപോലെ വർണ്ണപ്പകിട്ടു നേടുന്നില്ലെങ്കിലും ഒരു ജീവൽഭാഷ എന്ന നിലയിൽ മലയാളം കേരളീയ ജീവിതത്തിലാകെ സന്നിഹിതമാണു്. മാധ്യമങ്ങളാണു് ഈ വഴിക്കു മലയാളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതു്. സാഹസികമായി ഭാഷയെ പുതുമണ്ഡലങ്ങളിലേക്കു നയിക്കുന്നവർ ശുദ്ധിവാദക്കാരുടെ വിമർശനത്തിനു് ഇരയാകുന്നു. പുതിയ വാക്കുകളാണു് ഏറെ വിമർശനം നേരിടുന്നതു്. ഇഷ്ടമായാലും ഇല്ലെങ്കിലും പുതുവാക്കുകൾ ഉപയോഗിച്ചേ തീരൂ. പ്രയോഗിക്കുക അല്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തുക എന്നതാണു് ദ്രുത സാങ്കേതിക വിദ്യാസമൂഹത്തിന്റെ സമീപനം.


പതിവുവിട്ടു ചിന്തിക്കാനും ശീലംവിട്ടു കാണാനും കഴിഞ്ഞാലേ ചിന്തിച്ചും കണ്ടും അറിവാളരാകാൻ കഴിയൂ. ഇതിനുള്ള ചില വിജ്ഞാനമുഹൂർത്തങ്ങൾ ഒരുക്കാൻ മലയാളഗദ്യത്തിന്റെ പാഠ്യപദ്ധതിക്കും പഠനക്രമത്തിനും കഴിയണം.



http://tinyurl.com/VaakkuKanal

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive