അനുഭവത്തിലൂടെയും ശാസ്ത്രീയമായും യാഥാർഥ്യമെന്ത് എന്ന് തിരിച്ചറിഞ്ഞിട്ടും പഴയതുതന്നെ ശരിയെന്ന് ഉറച്ച് വിശ്വസിക്കുന്ന അത്ഭുത പ്രതിഭാസമാണ് അന്ധവിശ്വാസം. എത്രയൊക്കെ ധാരണയുണ്ടായിട്ടും ശരിയിലേക്ക് മനസ്സ് വരാത്ത വിചിത്ര അനുഭവവുമാണ് അന്ധവിശ്വാസം. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അത് ഗുരുതര തടസ്സം സൃഷ്ടിക്കുന്നു. പ്രതിലോമപരത നിറഞ്ഞുനിൽക്കുന്ന സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ് അന്ധവിശ്വാസം. ഈ പ്രശ്നത്തെ മറികടക്കാതെ സാമൂഹിക പുരോഗതി അസാധ്യമാണ്. വർഗീയ, പ്രതിലോമശക്തികൾ ഇതിനെ മൂർച്ചയുള്ള ആയുധമാക്കി ഉപയോഗിച്ച് വരേണ്യ യുക്തിയിലേക്ക് സമൂഹത്തെ നയിക്കുകയാണ്. അതോടെ ആ സമൂഹത്തിന്റെ കാലാനുഗതമായ വളർച്ച കൂമ്പടഞ്ഞുപോകുകയാണ്. ഈ ദുരവസ്ഥ സാമൂഹിക അവബോധമായി മാറണം. മുന്നോട്ടുപോകേണ്ട സമൂഹത്തെ പിന്നോട്ട് നയിക്കുന്നതിന്റെ ഉപകരണങ്ങളാണ് അന്ധവിശ്വാസവും അനാചാരങ്ങളും. ഫാസിസ്റ്റ് ശക്തികളുടെ ഇരുതല മൂർച്ചയുള്ള ഈ ആയുധങ്ങളെ പ്രതിരോധിച്ചുകൊണ്ടുമാത്രമേ മതനിരപേക്ഷ സംസ്കാരത്തെ വളർത്തുവാൻ കഴിയൂ.
അറിവും അന്ധവിശ്വാസവും പരസ്പര വിരുദ്ധമാണ്. അറിവിന്റെ വളർച്ച അന്ധവിശ്വാസത്തിന്റെ തളർച്ചയാണ്. അറിവുണ്ടാകുന്നതിലൂടെ തെറ്റായ ധാരണ തിരുത്തപ്പെടും, അന്ധവിശ്വാസം കുറയും.
അറിവും അന്ധവിശ്വാസവും പരസ്പര വിരുദ്ധമാണ്. അറിവിന്റെ വളർച്ച അന്ധവിശ്വാസത്തിന്റെ തളർച്ചയാണ്. അറിവുണ്ടാകുന്നതിലൂടെ തെറ്റായ ധാരണ തിരുത്തപ്പെടും, അന്ധവിശ്വാസം കുറയും. ഉദാഹരണം ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നുള്ള അറിവനുസരിച്ച് അത് ശരിയായിരുന്നു. പിന്നീട് ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനിൽ ഭൂമിയുടെ ബിംബം വൃത്താകൃതിയിലാണെന്ന് തിരിച്ചറിഞ്ഞ ശാസ്ത്ര ലോകം ഭൂമി ഉരുണ്ടതാണെന്ന് സമർഥിച്ചു. പക്ഷേ ബ്രൂണോ എന്ന ശാസ്ത്രജ്ഞനെ ഈ കണ്ടുപിടുത്തത്തിന്റെ പേരിൽ ചുട്ടുകൊന്നു. ബ്രൂണോ
ബ്രൂണോ
അന്ധവിശ്വാസത്തെ അകറ്റും എന്ന് തിരിച്ചറിഞ്ഞ പ്രതിലോമ വർഗം കൊലയിലൂടെ അറിവിന്റെ തമസ്കരണമാണ് ചെയ്തത്. പക്ഷേ ടെലസ്കോപ്പ് അടക്കം പല ഉപകരണങ്ങളും കണ്ടുപിടിച്ച ശാസ്ത്രലോകം ഭൂമി ഉരുണ്ടതാണെന്നും അതിന്റെ യുക്തി എന്താണെന്നും അതുകൊണ്ട് മനുഷ്യജീവിതത്തിന് എന്തെല്ലാം ഗുണമുണ്ടാകുമെന്നും ശക്തിയായി വാദിച്ചു. ഈ പുതിയ അറിവ് അന്ധവിശ്വാസത്തെ തിരുത്തി. ഇന്ന് ആരും ഭൂമി പരന്നതാണെന്ന് പറയുകയില്ല. ഇതാണ് അറിവിലൂടെ ഉണ്ടാകുന്ന പുരോഗതി.
അറിവ് അന്ധവിശ്വാസത്തെ അകറ്റുന്നത് എങ്ങനെയെന്നതിന്റെ ഒരു പ്രത്യക്ഷ ഉദാഹണമാണിത്. പ്രകൃതിയിലേക്കുള്ള അന്വേഷണമാണ് പുതിയ അറിവുകളെ ഉല്പാദിപ്പിക്കുന്നത്. അതായത് പ്രകൃതിയെ കൂടുതൽ കൂടുതൽ അറിയുന്നതോടെയാണ് അറിവ് പുതുക്കപ്പെടുന്നത് എന്നർഥം.
ഗ്രഹണസമയത്ത് ചന്ദ്രനെ പാമ്പ് വിഴുങ്ങുകയാണ് എന്ന് ഒരു കാലത്ത് ധരിച്ചിരുന്നു. തെറ്റായ ഈ അറിവിനെ പലതരത്തിലും അന്ന് ഉപയോഗിച്ചിരുന്നു. പക്ഷേ, സൂര്യ കേന്ദ്രീകൃതമായ വ്യവസ്ഥയിൽ സൂര്യനും ചന്ദ്രനും ഭൂമിയും ഒരു പ്രത്യേക ദിശയിലെത്തുമ്പോൾ ചന്ദ്രനിൽ വീഴുന്ന നിഴലാണ് ഗ്രഹണസമയത്ത് കാണുന്നത് എന്ന അറിവ് സമൂഹത്തിന് നൽകിയത് ശാസ്ത്ര അന്വേഷണമാണ്. പാമ്പുമായി ഒരു ബന്ധവും ഗ്രഹണത്തിനില്ല എന്ന പുതിയ അറിവ് പഴയ തെറ്റിദ്ധാരണയെ തിരുത്തേണ്ടേ? അത് പൂർണമായും ഉണ്ടായിട്ടില്ല.
സർപ്പപൂജയും സർപ്പാരാധനയും അന്ധവിശ്വാസമായി തുടരുന്നു. അറിവ് ചിലരിൽ ഒതുക്കിക്കൊണ്ട് അന്ധവിശ്വാസത്തെ നിലനിർത്തുവാനും പണ്ടുണ്ടായിരുന്ന നേട്ടങ്ങൾ നിലനിർത്തുവാനും ശ്രമിക്കുകയാണ് ചിലർ. ഇതിനെ തുടർന്ന് പല ആചാരങ്ങളും പണ്ട് നടത്തിയിരുന്നു. തെറ്റായിരുന്ന ആചാരം തുടരുമ്പോഴാണ് അത് അനാചാരമായി വരുന്നത്. അതായത് അന്ധവിശ്വാസവും അനാചാരങ്ങളും തമ്മിൽ ബന്ധമുണ്ട് എന്നർഥം.
കാര്യകാരണസഹിതം ചന്ദ്രനേയോ സൂര്യനേയോ പാമ്പ് വിഴുങ്ങുന്നില്ല എന്ന് പൂർണ അറിവുണ്ടാകുമ്പോഴെങ്കിലും അന്ധവിശ്വാസവും അനാചാരവും മാറ്റേണ്ടതല്ലേ. പക്ഷേ അത് തുടരുന്നു. ഇതിന്റെ പ്രധാന കാരണം പ്രതിലോമ രാഷ്ട്രീയമാണ് എന്ന് തിരിച്ചറിയണം.
സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്നാണ് പഴയ അറിവ്. അന്നത്തെ പരിമിതിക്കകത്തുനിന്ന് അത്രയേ അന്വേഷിക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ എല്ലാ ശാസ്ത്ര അന്വേഷണങ്ങളും ഒറ്റ ദിശയിലെത്തിയശേഷം പുതിയ ശരിയായ അറിവുണ്ടായി, സൂര്യനെയാണ് ഭൂമി ചുറ്റുന്നത്. സൗര കേന്ദ്രീകൃതമാണ് ഈ വ്യവസ്ഥ എന്ന് തിരിച്ചറിയുമ്പോൾ ജ്യോതിഷത്തിന്റെ സങ്കല്പം തിരുത്തപ്പെടേണ്ടതല്ലെ. ഭൂമിയാണ് കേന്ദ്രമെന്നും സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്നും വിശ്വസിച്ച് ഗണിച്ചെടുത്ത ജ്യോതിഷ സങ്കല്പങ്ങൾ എങ്ങനെ ശരിയാകും. ഇതേ രീതിയിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും മനുഷ്യസമൂഹത്തെ വേട്ടയാടുകയല്ലേ. പിന്നെ എന്തിനാണ് ശരിയായ അറിവ് മനുഷ്യൻ ആർജിക്കുന്നത്.
ഇടിവെട്ടുന്നത് ദൈവ കോപമാണെന്ന തെറ്റിദ്ധാരണ ഒരുകാലത്ത് ഉണ്ടായിരുന്നല്ലോ. അക്കാലത്ത് അത്രയേ അറിവുണ്ടായിരുന്നുള്ളൂ എന്ന് ആശ്വസിക്കാം. അതുകൊണ്ട് അതിന്റെ പ്രത്യാഘാതങ്ങളെ തടയുവാൻ പല ആചാരങ്ങളും നിലവിലുണ്ടായിരുന്നു. പ്രകൃതിയുടെ നിഗൂഢതയിലേക്കുള്ള ശാസ്ത്ര അന്വേഷണം പുതിയ അറിവുകൾ നല്കി. മേഘ രൂപീകരണവും അതിന്റെ ധന, ഋണ (Negative , positive) ചാർജുകളുടെ പ്രത്യേക രീതിയിലുള്ള വിന്യാസവുമാണ് ഇടിമിന്നലിന്റെയും ഇടിവെട്ടിന്റെയും കാരണമെന്ന് നൂറു ശതമാനവും തെളിഞ്ഞു.
അപ്പോൾ വിശ്വാസങ്ങളിൽ ചില മാറ്റങ്ങളുണ്ടായി. ഈ ചാർജുകളെ ഭൂമിയിലേക്ക് വിന്യസിക്കാനുള്ള എർത്തിങ് സമ്പ്രദായങ്ങളുണ്ടായി. ഈ രംഗത്തെ അന്ധവിശ്വാസങ്ങൾ കുറെയൊക്കെ അസ്തമിച്ചു. പ്രകൃതി പ്രതിഭാസങ്ങളെ ഉപയോഗിച്ച് നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബോധപൂർവം നിർമിച്ചെടുത്തിട്ടുണ്ട്. അതെല്ലാം അധികാരവും സമ്പത്തും ലക്ഷ്യംവച്ചുകൊണ്ടാണ്. അന്ധവിശ്വാസവും അനാചാരവും നിലനിർത്തുന്നത് ഒരു രാഷ്ട്രീയമാണ് എന്ന് തിരിച്ചറിയണം. അത് മനുഷ്യനന്മയ്ക്ക് പകരം ചിലരുടെ നിക്ഷിപ്ത താല്പര്യമാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ മാധ്യമങ്ങൾക്ക് കഴിയണം.
കർപ്പൂരം (camphora) ഒരു പ്രത്യേക രാസവസ്തുവാണ്. അതിന് രണ്ട് അവസ്ഥകളെ ഉള്ളൂ. (ഖരം (Solid), വാതകം (Gas). ദ്രവാവസ്ഥ ഇല്ലെന്നർത്ഥം. അതുകൊണ്ട് കർപ്പൂരത്തിന്റെ ആവി മാത്രമാണ് കത്തുക. ഈ രാസ പ്രക്രിയയെ പലവിധത്തിലും ദുരുപയോഗപ്പെടുത്തുവാനും തെറ്റിദ്ധരിപ്പിക്കുവാനും ചൂഷകർ ഉപയോഗിക്കുന്നു. അതായത് അറിവിന്റെ പല മേഖലകളേയും തെറ്റായി ഉപയോഗിച്ച് മനുഷ്യനെ ചൊൽപ്പടിയിൽ നിർത്തുന്നു. ഇതെല്ലാം പുറത്തുകൊണ്ടുവരുവാൻ ശാസ്ത്രത്തിനു മാത്രമേ കഴിയൂ, അറിവിനു മാത്രമെ കഴിയൂ.
അതുകൊണ്ട് അറിവിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുവാൻ ചൂഷകവർഗം ശ്രമിക്കുകയാണ്. അറിവ് ജനാധിപത്യവൽക്കരിക്കപ്പെട്ടാൽ ഈ ദുരുദ്ദേശ്യങ്ങളൊക്കെ വെളിപ്പെടും. അറിവിനെ ജനകീയവൽക്കരിക്കാതിരിക്കുവാൻ പലവിധത്തിലും അധീശ വർഗം ശ്രമിച്ചിട്ടുണ്ട്.
അറിവിന്റെ വളർച്ചയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു തിരിച്ചറിവാണിത്. അതുകൊണ്ടുതന്നെ അറിവിന്റെ ജനകീയവൽക്കരണത്തിനുള്ള രാഷ്ട്രീയ ഇച്ഛയാണ് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തടയുവാനുള്ള പ്രധാന വഴി. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷ്യം അറിവിന്റെ ജനകീയവൽക്കരണമാണ്.
മിസൈൽ വിക്ഷേപണത്തിനുമുന്പുള്ള പൂജ
വിദ്യാഭ്യാസനയവും ഇതോടൊപ്പം പ്രധാനമാണ്. കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയം സമൂഹത്തെ വരേണ്യയുക്തിയിലേക്കാണ് നയിക്കുന്നത്. അന്ധവിശ്വാസവും അനാചാരങ്ങളും നിലനിർത്തുവാനും വർഗീയ ചിന്ത വളർത്തുവാനും വേണ്ടിയാണ് പ്രതിലോമ വിദ്യാഭ്യാസം നടപ്പിലാക്കുന്നത്. ഇതിലൂടെ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലേയും അറിവുകളെ ഏറ്റവും പുതിയ അറിവുകളാക്കി മാറ്റുകയാണ്. അന്നത്തെ അറിവും മനുഷ്യനും സമൂഹവും എങ്ങനെ പുരോഗമിച്ചു എന്ന് തിരിച്ചറിയാതിരിക്കുവാൻ വേണ്ടി ചരിത്ര പഠന രീതി തന്നെ മാറ്റുന്നു. ചരിത്രവും ചരിത്ര ശാസ്ത്രവും മാറ്റിയെഴുതിക്കൊണ്ട് അറിവിന്റെ വളർച്ചയുടെ ചരിത്രത്തെ തമസ്കരിക്കുകയാണ്.
ശാസ്ത്രം പഠിക്കുന്നത് ശാസ്ത്രവിവരം ഉണ്ടാകുവാൻ വേണ്ടി മാത്രമല്ല, മറിച്ച് ശാസ്ത്ര ബോധം ഉണ്ടാകുവാൻ കൂടിയാണ്. ശാസ്ത്രബോധം ഉണ്ടാകുന്നത് യുക്തിയിലൂടെയാണ്. യുക്തിപൂർവമായ ചിന്തയിൽനിന്നാണ് പുതിയ അറിവുണ്ടാകുന്നത്. യുക്തിപൂർവം ചിന്തിക്കുവാനുള്ള മനസ്സിന്റെ കഴിവിൽനിന്നാണ് ശാസ്ത്രബോധമുണ്ടാകുന്നത്.
മതനിരപേക്ഷത അറിവിന്റെ വഴിയിലെ സുവർണ സംസ്കാരമാണ്. പ്രകൃതിദത്തമായ അറിവിലൂന്നിയ മതനിരപേക്ഷത മാനവ സംസ്കാരത്തിന്റെ പ്രകാശമാണ്. അതിന്റെ വളർച്ചയെയാണ് ഫാസിസം അക്ഷരാർഥത്തിൽ ഭയപ്പെടുന്നത്. അതുകൊണ്ട് ഫാസിസത്തിന്റെ ലക്ഷ്യം തന്നെ അറിവിനെ കുത്തകയാക്കുക എന്നതാണ്.
ആധുനിക സാമ്രാജ്യത്വവും ഇതേ നിലപാടുകളാണ് എടുക്കുന്നത്.
കൃത്രിമ ബുദ്ധിയും നാനോ ടെക്നോളജിയും ജനിതക എൻജിനിയറിങ്ങും എല്ലാം ചേർന്ന് അറിവിന്റെ ചക്രവാളം വാനോളം വികസിപ്പിക്കുകയാണ്. പക്ഷേ ആ അറിവിനെ പാറ്റന്റ് നയങ്ങളിലൂടെയും മറ്റും സ്വന്തമായി സൂക്ഷിച്ച് ചൂഷണ ഉപകരണമാക്കുകയാണ്. മുതലാളിത്തത്തെ തകർച്ചയിൽനിന്ന് രക്ഷിക്കുവാൻ നാളെ ഉപയോഗിക്കുവാൻ പോകുന്നത് അറിവിനെയാണ്.
കൃത്രിമ ബുദ്ധിയും നാനോ ടെക്നോളജിയും ജനിതക എൻജിനിയറിങ്ങും എല്ലാം ചേർന്ന് അറിവിന്റെ ചക്രവാളം വാനോളം വികസിപ്പിക്കുകയാണ്. പക്ഷേ ആ അറിവിനെ പാറ്റന്റ് നയങ്ങളിലൂടെയും മറ്റും സ്വന്തമായി സൂക്ഷിച്ച് ചൂഷണ ഉപകരണമാക്കുകയാണ്. മുതലാളിത്തത്തെ തകർച്ചയിൽനിന്ന് രക്ഷിക്കുവാൻ നാളെ ഉപയോഗിക്കുവാൻ പോകുന്നത് അറിവിനെയാണ്. ജ്ഞാന സമ്പദ് വ്യവസ്ഥ (knowledge economy) എന്ന് പറയുന്നത് ഇതിനെയാണ്.
അറിവിന്റെ വളർച്ച മാനവികതയുടെ വളർച്ചയ്ക്കുവേണ്ടിയായിരിക്കണം. പക്ഷേ ഇന്ന് നാം കാണുന്നത് നേരെ മറിച്ചാണ്. അറിവ് കൂടുന്തോറും മാനവികത നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ രാഷ്ട്രീയമാണ് വർത്തമാനകാല പഠന വിഷയമാകേണ്ടത്. അറിവിന്റെ ജനകീയത, സാർവത്രികത എന്നത് ഇടതുപക്ഷ രാഷ്ട്രീയ ലക്ഷ്യമാണ്. വരാൻ പോകുന്ന ജ്ഞാന ലോകത്ത് അറിവിന്റെ പശ്ചാത്തലത്തിലാണ് ഇടത് ‐ വലത് രാഷ്ട്രീയ മത്സരം നടക്കുവാൻ പോകുന്നത് .
No comments:
Post a Comment