Saturday, May 27, 2023

കല്ലിൽ കൊത്തിവെച്ച കവിതേ...

 കല്ലിൽ കൊത്തിവെച്ച കവിതേ...

നിന്റെ കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..

മാറിടം തുടിയ്ക്കും പ്രതിമേ...നിന്റെ മേലാസകലം തളിരട്ടതെങ്ങിനെ...

https://youtu.be/TzYdZG1irh8?t=90


വര്‍ഷം 1970 / സംഗീതം ജി ദേവരാജന്‍ / ഗാനരചന വയലാര്‍ രാമവര്‍മ്മ / ഗായകര്‍ പി ജയചന്ദ്രന്‍ ,പി സുശീല / 

രാഗം ശുദ്ധസാവേരി [ഹിന്ദുസ്ഥാനി രാഗം ദുര്‍ഗ്ഗ / ലാജ്വന്തി]


സിനിമ [വാഴ്വേമായം] കണ്ടതായി ഓർമ്മയില്ല; പക്ഷെ പാട്ടിന്റെവരികൾ ഇന്നും തളിരിട്ടു നിൽക്കുന്നു.  വിഷയം അതല്ല; കേവലമായ ചോദ്യം നന്നെകൊച്ചായനാളുകളിൽ, തലതിരിഞ്ഞവിധം, അലട്ടിയിരുന്നു ! കല്ലിൽ എങ്ങനെയാണ് കവിത രചിക്കുക ?


പിന്നീട് [എൺപതുകളിൽ] ജോലിയുംകൂലിയും ആയപ്പോൾ പരിശീലനത്തിന് നാഗപട്ടിണത്തിന് പോയി, ഏതാണ്ട് ഒരാഴ്ച അവിടെ; വൈകുന്നേരങ്ങളിൽ ഊരുചുറ്റും വെടിപറച്ചിലുംമറ്റും.  ചുറ്റുപാടുകളൊക്കെ കണ്ടു, കേട്ടു; കൂടെ സിക്കൽ നാഥന്റെ അമ്പലത്തിലേക്കും.  [തമിഴിൽ സിക്കൽ എന്നാൽ പ്രശ്നങ്ങൾ, അപ്പോൾപിന്നെ ആ നാഥന്റെ പണിയെന്തായിരിക്കും ? അവയെ ഒഴിവാക്കൽ തന്നെ.]  

അന്ന്അത് ഏതാണ്ട് പൊളിഞ്ഞുവീഴാറായ മട്ടിലായിരുന്നു.  നിത്യശാന്തിയും മറ്റും ഉള്ളതായി തോന്നിയില്ല; മറ്റ് തമിഴ്‌നാട്ടിലെ പലഅമ്പലങ്ങളുംപോലെ; അവിടെയും സാധാരണ വേഷത്തിലൊരു പൂശാരിയും, കുറിപ്പട്ടികളും, ഒന്നോ രണ്ടോ പൂക്കാരികളും മറ്റും.  പക്ഷെ, പ്രധാന പ്രതിഷ്ഠ അമ്പരിപ്പിച്ചു ! പൂർണ്ണമനുഷ്യ വലിപ്പത്തിൽ സാക്ഷാൽ മുരുകൻ മയിൽവാഹനത്തിൽ ചാരിനിൽകുന്നതായിട്ടാണ് സൃഷ്ടി.  തമിഴ്‌നാട്ടിൽ ഗർഭഗൃഹത്തിനുള്ളിലും കയറാം; വിഗ്രഹത്തെതോടുകയും ചെയ്യാം - വളരെയടുത്തുചെന്ന് കണ്ടു; വീണ്ടും അമ്പരപ്പ് ! ഓരോമനുഷ്യ-മൃഗ ലക്ഷണങ്ങളും, തൊലിപ്പുറത്തുള്ള വിഷാദശാംശങ്ങൾവരെ കല്ലിൽ, ഒറ്റക്കല്ലിൽ, ഏതോശില്പി മെനക്കെട്ട് കവിതയായി കൊത്തിവെച്ചിരിക്കുന്നു.  മയിലിന്റെ കാലിലെ ഞരമ്പുകൾ വരെ ആ ശില്പത്തിൽ സ്പഷ്ടം.  അന്ന് വയലാർ വീണ്ടും നക്ഷത്രംപോലെ അകതാരിൽ മിന്നി - ഇന്നും മിന്നുന്നു പലപ്പോഴും [വാക്കുകളുടെ ഒടുങ്ങാത്ത ഊർജ്ജം !].

പിന്നീട്, തഞ്ചാവൂരിലെ ബ്രിഹദീശ്വരർ കോവിൽ കണ്ടപ്പോഴും അതെ വികാരമായിരുന്നു; ഒരേവേള അത്തിലുംകൂടുതൽ, കാരണം പലപ്രാവശ്യം ഈകോവിൽ മാടിവിളിച്ചു, പോയി.  

ഈരാവിൽ, ഇപ്പോൾ, ഇങ്ങനെയൊക്കെ തോന്നാനും ഓർക്കാനും എന്തെ എന്നാണെങ്കിൽ; പതിനഞ്ചാം / പതിനാറാം നൂറ്റാണ്ടുകളിൽ ഇന്നത്തെ ഗ്രീസ്/ഇറ്റലിയെന്ന് വിളിക്കാവുന്ന പ്രദേശത്തെ ചില ശില്പങ്ങളുടെ, വെണ്ണക്കല്ലിൽ തീർത്ത കവിതകളുടെ, ചിത്രങ്ങൾ വെബ്ബിടത്തിൽ കണ്ടു.  അഹോ, അപാരം. [അതില്കൂടുതൽ എന്ത് പറഞ്ഞാലും അവയുടെ സൗന്ദര്യത്തിന് കളങ്കമാവും].

ചിത്രങ്ങൾ ഇവിടെ കാണാം - bit.ly/3q7NiVK 



[സിക്കൽ നാഥന്റെ ഒരുചിത്രവും തപ്പിയിട്ട് കിട്ടാനില്ല]

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive