നാടുവിട്ടവരുടെ ആത്മസങ്കടങ്ങൾ
ടാൻസനിയയിൽ ജനിച്ച നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർന 2021ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയെന്ന നൊബേൽ കമ്മിറ്റിയുടെ പ്രഖ്യാപനത്തിൽ ഇപ്രകാരം പറയുന്നു: കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും സംസ്കാരങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ഇടയിൽപെട്ട അഭയാർഥികളുടെ ഭാവിയെക്കുറിച്ചും ഒരൊത്തുതീർപ്പിനും മുതിരാതെ, എന്നാൽ ആർദ്രത കൈവിടാതെ അദ്ദേഹം നടത്തിയ തീക്ഷ്ണമായ പരിശോധനയ്ക്കാണു സമ്മാനം.
ഗുർനയും ഒരു അഭയാർഥിയായിരുന്നു. അദ്ദേഹം ജനിച്ച സാൻസിബാർ ദ്വീപ് ബ്രിട്ടനിൽനിന്ന് 1963ൽ സ്വതന്ത്രമായി. സമാധാനപരമായിരുന്നു അധികാരക്കൈമാറ്റം. സ്വാതന്ത്ര്യത്തിനു തൊട്ടുപിന്നാലെ, അബൈദ് കരുമ അവിടെ പ്രസിഡന്റായി സ്ഥാനമേറ്റശേഷം, അറബ് വംശജരെ ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങി; ഒട്ടേറെ കൂട്ടക്കൊലകൾ നടന്നു. അറബ് ന്യൂനപക്ഷത്തിൽപെട്ട ഗുർന, സ്കൂൾ പഠനത്തിനുശേഷം സ്വന്തം നാടിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് അഭയാർഥിയായി ഇംഗ്ലണ്ടിലെത്തി.
1964ൽ സാൻസിബാർ, റിപ്പബ്ലിക് ഓഫ് ടാൻസനിയയുടെ ഭാഗമായി. 36 വയസ്സ് ആകുന്നതു വരെ ഗുർനയ്ക്കു ടാൻസനിയയിൽ തിരിച്ചുചെല്ലാൻ പറ്റിയില്ല. 1984ൽ അച്ഛൻ മരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപാണു ഗുർന നാട്ടിൽ വീണ്ടും കാലുകുത്തിയത്.
ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം കെന്റ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി. അടുത്തിടെയാണ് അദ്ദേഹം ഇംഗ്ലിഷ് ആൻഡ് പോസ്റ്റ് കൊളോണിയൽ ലിറ്ററേച്ചറിന്റെ പ്രഫസർ സ്ഥാനത്തുനിന്നു വിരമിച്ചത്. അധീശത്വത്തിനു ശേഷമുള്ള കാലത്തെക്കുറിച്ചെഴുതിയ സൽമാൻ റുഷ്ദി, വോൾ സോയിങ്ക, എങുഗി വ തിയോങ്, വി.എസ്. നയ്‌പോൾ തുടങ്ങിയവരെക്കുറിച്ചാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. റുഷ്ദിയെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം അദ്ദേഹം എഡിറ്റ് ചെയ്തിട്ടുമുണ്ട്.
ഈ നൊബേൽ ഇംഗ്ലിഷിനാണു ലഭിച്ചിട്ടുള്ളതെങ്കിലും ഗുർനയുടെ മാതൃഭാഷ സ്വാഹിലിയാണ്. സാൻസിബാറിലെ കുട്ടിക്കാലത്തു സ്വാഹിലിയിലെ സാഹിത്യഗ്രന്ഥങ്ങളൊന്നും വായിക്കാൻ കിട്ടിയില്ലെന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. മാതൃഭാഷ ഇംഗ്ലിഷല്ലാത്ത മറ്റു പല എഴുത്തുകാരെപ്പോലെ ഗുർനയ്ക്കും ആത്മാവിഷ്കാരത്തിന്റെ ഭാഷയായി ഇംഗ്ലിഷ് മാറി. ഇംഗ്ലണ്ടിൽ അഭയാർഥിയായി ജീവിക്കവേ, 21–ാം വയസ്സിലാണ് എഴുത്തു തുടങ്ങിയത്. ഷേക്സ്പിയർ തൊട്ട് വി.എസ്.നയ്പോൾ വരെയുള്ളവരിൽനിന്ന് അദ്ദേഹം പ്രചോദനം കണ്ടെത്തി. ഇംഗ്ലിഷിനു മുൻപ് അദ്ദേഹത്തിന്റെ സ്രോതസ്സുകൾ അറബിക്കാണ്: “ആയിരത്തിയൊന്ന് രാവുകളും” ഖുർആനും ആദ്യകാലത്തു ഗുർനയെ സ്വാധീനിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ 10 നോവലുകളും കുറെ ചെറുകഥകളുമാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഞാൻ വായിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടു നോവലുകളിൽ എന്നെ ആകർഷിച്ച ഘടകം എഴുത്തുകാരന്റെ കാഴ്ചപ്പാടാണ്. പാശ്ചാത്യ ഭാഷകളിൽ, പ്രത്യേകിച്ച് ഇംഗ്ലിഷിൽ, മറ്റു സംസ്കാരങ്ങളെക്കുറിച്ച് എഴുതുമ്പോൾ നോട്ടം മിക്കവാറും പാശ്ചാത്യരുടെ കണ്ണുകളിലൂടെയായിരിക്കും. അബ്ദുൽറസാഖ് ഗുർന ഇതു തകിടംമറിക്കുന്നു: നോവലുകളുടെ കാഴ്ചയും സ്വരവും എല്ലാം തദ്ദേശീയരുടേതാണ്. ആ രീതിയിൽ പറഞ്ഞാൽ ഗുർനയ്ക്കു മുൻഗാമികൾ കുറവാണ്.
അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് ഈ നൊബേൽ കിട്ടുന്നത്. സാഹിത്യത്തിന്റെ നൊബേൽ പ്രഖ്യാപിക്കുന്നതിനു ദിവസങ്ങൾക്കുമുൻപ് ലാഡ്ബ്രോക്സ് തുടങ്ങിയ ലണ്ടനിലെ വാതുവയ്പു സ്ഥാപനങ്ങൾ സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കും. ഇത്തവണ അവയിലൊന്നും ഗുർനയുടെ പേരില്ല! ഞാൻ അദ്ദേഹത്തെ കണ്ടെത്തിയത് അദ്ദേഹം ബുക്കർ പ്രൈസിനുള്ള സാധ്യതപ്പട്ടികയിൽ ഒരിക്കൽ കടന്നുകൂടിയതുകൊണ്ടാണ്. അത്തരം എഴുത്തുകാർക്കു ബ്രിട്ടിഷ് കൗൺസിൽ ലൈബ്രറി പ്രചാരം നൽകുമായിരുന്നു.
അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവൽ ‘പരിത്യാഗ’ത്തിന്റെ (Desertion) ആഖ്യാതാവ് ന്യൂനപക്ഷത്തിൽപെട്ട റഷീദാണ്. പരന്ന വായനയ്ക്കും ലോകപരിചയം ആർജിച്ചതിനും ശേഷം അവൻ നാടുപേക്ഷിക്കാൻ ഒരുങ്ങുന്നു. അവൻ പറഞ്ഞു: ‘‘കാര്യം കാണാനുള്ള ഈ കാലുപിടിക്കൽ, ഈ വല്ലാത്ത മതപരത, ഈ കാപട്യം, ഈ സ്ഥലം എന്നെ വീർപ്പുമുട്ടിക്കുന്നു.” റഷീദ് അവന്റെ സംസ്കാരത്തെ പൂർണമായും പരിത്യജിക്കുന്നു. എന്നാൽ അബ്ദുൽറസാഖ് ഗുർനയാകട്ടെ ആഫ്രിക്കയെ മുറുകെപ്പിടിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ കഥകൾ തീരുന്നില്ല.
സത്യത്തോടുള്ള സമർപ്പണം
അബ്ദുൽറസാഖ് ഗുർനയുടെ ഇംഗ്ലിഷിൽ മാതൃഭാഷയായ സ്വാഹിലിയുടെയും അറബിക്, ഹിന്ദി, ജർമൻ ഭാഷകളുടെയും മുദ്രകൾ കാണാം. വിഭിന്നവും വിപുലമായ കുടിയേറ്റക്കാരുടെ ലോകമാണ് അവിടെയുള്ളത്. നൈരാശ്യത്തെക്കാൾ മാറിയ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഇച്ഛയാണ് ഗുർനയുടെ കഥാപാത്രങ്ങൾക്കുള്ളത്.
സത്യത്തോടുള്ള സമർപ്പണവും ലളിതവൽക്കരണത്തോടുള്ള വിമുഖതയുമാണു ഗുർനയെ വ്യത്യസ്തനാക്കുന്നതെന്നു നൊബേൽ സമ്മാന സമിതി ചൂണ്ടിക്കാട്ടുന്നു. യുദ്ധവും കോളനിവാഴ്ചയും എങ്ങനെയാണു ജീവിതത്തെ രൂപപ്പെടുത്തുന്നത് എന്നാണു താൻ അന്വേഷിച്ചതെന്നു ഗുർന പറയുന്നുണ്ട്.
പലായനം, പ്രവാസം, സ്വത്വം, ദേശം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണു താൻ എപ്പോഴും അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. .
മുൻപു നൽകിയ 117 നൊബേൽ സമ്മാനങ്ങളിൽ 95 എണ്ണവും യൂറോപ്യൻ എഴുത്തുകാർക്കായിരുന്നു. 16 പേർ മാത്രമാണു സ്ത്രീകൾ. 1986 ൽ നൈജീരിയയിലെ വോൾ സോയിങ്കയ്ക്കുശേഷം ഇതാദ്യമാണ് ഒരു ആഫ്രിക്കൻ കറുത്തവർഗക്കാരന് സാഹിത്യനൊബേൽ കിട്ടുന്നത്. ആഫ്രിക്കൻ വംജരായ മറ്റു ജേതാക്കൾ: നജീബ് മഹ്ഫൂസ് (ഈജിപ്ത്–1988), നദിൻ ഗോർഡിമർ (ദക്ഷിണാഫ്രിക്ക–1991) ജെ.എം.കൂറ്റ്സി (ദക്ഷിണാഫ്രിക്ക–2003), ഡോറിസ് ലെസ്സിങ് (സിംബാബ്‌വെ–2007) ഇംഗ്ലിഷിലെഴുതുന്ന സാഹിത്യത്തിനു തുടർച്ചയായ രണ്ടാം വട്ടമാണു പുരസ്കാരം.യുഎസ് കവി ലൂയീസ് ഗ്ലൂക്കിനാണു കഴിഞ്ഞ വർഷം നൊബേൽ ലഭിച്ചത്.
No comments:
Post a Comment