Saturday, September 25, 2021

"പഴകാൻ വിസമ്മതിക്കുന്ന ധൈഷണിക ജീവിതമാണ് പ്രൊഫസർ സ്‌കറിയാ സക്കറിയയുടേത്'



"പഴകാൻ വിസമ്മതിക്കുന്ന ധൈഷണിക ജീവിതമാണ് പ്രൊഫസർ സ്‌കറിയാ സക്കറിയയുടേത്' എന്ന വാക്യത്തിൽനിന്നാണ് സ്‌കറിയാ മാഷിന്റെ പ്രബന്ധങ്ങളുടെ ബൃഹദ്സമാഹാരമായ "മലയാളവഴി'കളുടെ ആമുഖം ആരംഭിക്കുന്നത്-. അതൊലങ്കാരവാക്യമല്ല. ബഹുസ്വരതയും നവീനതയും മാഷിന്റെ ജീവിതത്തിന്റെ മുഖമുദ്രയാണ്.


ചങ്ങനാശ്ശേരി കരിക്കമ്പള്ളിയിൽ സ്‌കറിയാമാഷിന്റെ വീട്ടിലെത്തിയാൽ ആദ്യം കണ്ണിൽപെടുക സ്വീകരണമുറിയിലെ കൈച്ചക്രമാണ്. കുട്ടനാട്ടിലെ തന്റെ വേരുകളിൽ നിന്നും മാഷിനൊപ്പം വന്നതാണ്. മറുപുറത്ത് വീടിന്റെ പിൻഭാഗത്തെ ഹാളിൽ നിരനിരയായി അടുക്കിവച്ച പുസ്തകങ്ങൾ. അഗംബനും ദെലേസും മുതൽ എആറും ഹരീഷും വരെയുള്ളവർ. 'നാനാനാദം; ഒരു ലോകം' എന്നത് പഴയൊരു പുസ്തകപ്പേരു മാത്രമല്ലെന്ന് സ്‌കറിയമാഷ് നമ്മെ നിശ്ശബ്ദമായി ഓർമ്മിപ്പിക്കും. അതൊരു ജീവിതവീക്ഷണവും രാഷ്ട്രീയനിലപാടുമാണെന്ന് പറയാതെ പറയും.


പലയിടങ്ങളിലേക്ക് തുറന്നുകിടക്കുന്ന നാൽക്കൂട്ടപ്പെരുവഴിയെ പ്രൊഫ. സ്‌കറിയാ സക്കറിയ ചിലപ്പോൾ ഓർമ്മയിൽ കൊണ്ടുവരും. അധ്യാപകൻ, ഭാഷാ പണ്ഡിതൻ, പ്രഭാഷകൻ, അക്കാദമീഷ്യൻ, സംഘാടകൻ, മതചിന്തകൻ, സാഹിത്യ‐ സാംസ്കാരിക വിമർശകൻ, ജനസംസ്കാര പഠിതാവ്... മാഷ് പല ലോകങ്ങളിൽ ഒരുമിച്ചുജീവിച്ചു. എവിടെയും അധികാരിയാകാൻ ശ്രമിച്ചില്ല. കുട്ടനാടൻ നാട്ടുവരമ്പുകളിൽ നിന്ന് കൂടെപ്പോന്ന മൊഴിവഴക്കം മാഷിന്റെ ഭാഷയിൽ എപ്പോഴും ഉണ്ടായിരുന്നു. 'നിത്യവും ജീവിതം വിതയേറ്റുന്ന' പാടപ്പരപ്പുകളെ മാഷ് പ്രസന്നമായി നോക്കി. ജീവിതത്തോടും ചുറ്റുമുള്ളവരോടും കാലുഷ്യം പുലർത്താതിരിക്കലാണ് അന്തിമമായ ജീവിതപാഠമെന്ന് ആദ്യമേ അറിഞ്ഞു. എല്ലാവരോടും പറഞ്ഞു.



കാലടി സർവക-ലാ-ശാ-ല-


'പഴകാൻ വിസമ്മതിക്കുന്ന ധൈഷണിക ജീവിതമാണ് പ്രൊഫസർ സ്‌കറിയാ സക്കറിയയുടേത്' എന്ന വാക്യത്തിൽനിന്നാണ് സ്‌കറിയാ മാഷിന്റെ പ്രബന്ധങ്ങളുടെ ബൃഹദ്സമാഹാരമായ 'മലയാളവഴി'കളുടെ ആമുഖം ആരംഭിക്കുന്നത്.

അതൊലങ്കാരവാക്യമല്ല. ബഹുസ്വരതയും നവീനതയും മാഷിന്റെ ജീവിതത്തിന്റെ മുഖമുദ്രയാണ്. ഒന്നിനോടും വിമുഖമാവാതെ, ഏതു മനുഷ്യനോടും ഏതാശയത്തോടും പ്രസാദപൂർവം സംവദിക്കാൻ അദ്ദേഹം സന്നദ്ധനായി. പലതിനോടും വിയോജിച്ചപ്പോഴും അവയെയൊന്നും കീഴടക്കാൻ മാഷ് ശ്രദ്ധിച്ചില്ല. എന്തെങ്കിലും വെട്ടിപ്പിടിക്കാനുള്ള യുദ്ധക്കളരിയല്ല ജീവിതമെന്ന് മാഷ് എത്രയോ മുൻപേ മനസ്സിലാക്കിയിരുന്നു.


എല്ലാത്തിനുമുപരി സ്‌കറിയാമാഷ് ഒരു അധ്യാപകനാണ്. അദ്ദേഹത്തിന്റെ മറ്റെല്ലാ ജീവിതാവിഷ്കാരങ്ങൾക്കും മുകളിൽ ആ അധ്യാപനവൈഭവം ശിരസ്സുയർത്തി നിൽക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. മാഷുടെ ക്ലാസ്സുകളിൽ ഏത് വിഷയവും പ്രസന്നവും ജീവിതോത്സാഹം നിറഞ്ഞതുമായി മാറി; പ്രാചീന മലയാളവും വ്യാകരണവും വരെ. അധ്യാപനത്തിന്റെ സമസ്തതലങ്ങളെയും മാഷ് സർഗാത്മകവും ഭാവനാപൂർണവുമായി പുനരാവിഷ്കരിച്ചു. പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുമ്പോഴും അതുണ്ടായിരുന്നു. ചോദ്യങ്ങൾ യാന്ത്രികമായ ഉത്തരം തിരയലുകൾ ആകരുതെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. ഒരു ആശയമോ സങ്കല്പനമോ എഴുതിയതിനുശേഷം 'വിശദീകരിക്കുക' എന്നോ 'ചർച്ച ചെയ്യുക' എന്നോ എഴുതിയ ചോദ്യം കണ്ടാൽ മാഷ് അത് തിരുത്തുവാൻ ആവശ്യപ്പെടുമായിരുന്നു. ചോദ്യങ്ങൾ ഒരു വിദ്യാർഥിയുടെ ഭാവനയെ സ്പർശിക്കുന്നതോ, അയാളുടെ ആശയലോകത്തെ പ്രചോദിപ്പിക്കുന്നതോ ആയിരിക്കണമെന്ന് മാഷിന് കരുതലുണ്ടായിരുന്നു. ഒരു പുതിയ പ്രശ്നത്തിലേക്ക് അതയാളെ കൊണ്ടുപോകണം. പഠിച്ചുവച്ച ഉത്തരം ഓർത്തെടുക്കുവാനല്ല, പഠിച്ചതിൽനിന്ന് പുതിയ ചിന്തയിലേക്ക് നീങ്ങാനാണ് ചോദ്യങ്ങൾ സഹായിക്കേണ്ടത് എന്നായിരുന്നു മാഷിന്റെ കാഴ്ചപ്പാട്.


പരീക്ഷകളെ യാന്ത്രികമായ ഓർമ്മപരീക്ഷിക്കലിനപ്പുറം വിദ്യാർഥികളുടെ സർഗാത്മകതയെ അഭിസംബോധന ചെയ്യാനുള്ള വഴിയായി മാഷ് മാറ്റിത്തീർത്തത് അങ്ങനെയാണ്. അതോടെ ചോദ്യപേപ്പർ തയ്യാറാക്കുന്നത് ഞങ്ങൾക്ക് ഒരു യാന്ത്രിക പ്രവർത്തനം അല്ലാതായി. 'ഉദയംപേരൂർ സുന്നാഹദോസിന്റെ ചരിത്രം വിശദീകരിക്കുക' എന്ന പരമ്പരാഗത ചോദ്യത്തിൽനിന്ന് 'കേരളത്തിന്റെ മതകോളനീകരണത്തിന്റെ പ്രാരംഭസ്ഥാനമാണോ ഉദയംപേരൂർ സുന്നാഹദോസ്?' എന്ന രൂപത്തിലേക്ക് ചോദ്യം മാറി. അതോടെ വിദ്യാർഥികൾക്ക് ഉത്തരമെഴുത്തിൽ ഒരു സംവാദസാധ്യത തുറന്നുകൊടുത്തു. സമാഹരിച്ചുവച്ച വിവരങ്ങളുടെ വിതരണത്തെയല്ല; വിവരങ്ങളെ മുൻനിർത്തിയുള്ള പുതിയ വ്യാഖ്യാനങ്ങളെയാണ് മാഷ് ഉത്തരമായി പരിഗണിച്ചത്. ഉത്തരക്കടലാസിൽ വിദ്യാർഥികളുടെ ഭാവനയ്ക്കും സർഗാത്മകതയ്ക്കും അതോടെ ഇടമുണ്ടായി; ചോദ്യപേപ്പറിൽ അതു തയ്യാറാക്കിയ അധ്യാപകരുടെ ഭാവനയ്ക്കും.



സുനിൽ പി ഇളയിടവും എൻ അജയകുമാറും എഡിറ്റ് ചെയ്ത സ്കറിയ സക്കറിയയുടെ തെരെഞ്ഞെടുത്ത പ്രബന്ധങ്ങൾ

ആധുനികതയുടെ കർക്കശയുക്തികളോട് (heightend rationality) മാഷ് പൊതുവെ വിമുഖനാണ്. അന്തിമസത്യത്തിന്റെ ഉടമാവകാശവുമായി വരുന്നവരോടെല്ലാം അദ്ദേഹം സ്നേഹപൂർവം വിയോജിച്ചു. ഇടവരകളുള്ള യാഥാർത്ഥ്യം (hyphenated reality) എന്നതാണ് മാഷ് എപ്പോഴും കൈക്കൊണ്ട നിലപാട്. അചാല്യവും അന്തിമവുമായ സത്യ പ്രസ്താവനകളെയും അതിന് പിന്നിലുണ്ടെന്ന് കരുതപ്പെട്ട മിക്കവാറും യാന്ത്രികമായ വസ്തുനിഷ്ഠതയെയും മാഷ് മാനിച്ചതേയില്ല. സത്യത്തിന്റെയും യാഥാർത്ഥ്യത്തിന്റെ യും സംവാദാത്മകതയിലാണ് മാഷ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. വസ്തുനിഷ്ഠതയെന്നത് യാഥാർത്ഥ്യത്തിന്റെ സംവാദാത്മകതയെ തിരിച്ചറിയലാണെന്ന വലിയ വിവേകം അതിലൂണ്ടായിരുന്നു.

കാലടി സർവകലാശാലയിൽ ഞങ്ങൾ അധ്യാപകരായി ചേർന്ന കാലത്ത് പരീക്ഷകൾ പഴയ രീതിയിൽ മാർക്ക് അടിസ്ഥാനത്തിലാണ് നടത്തിയിരുന്നത്. പിന്നീട് പ്രൊഫ. കെ എൻ പണിക്കർ വൈസ് ചാൻസലറായി വന്നതോടെയാണ് അത് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനത്തിലേക്കും ഗ്രേഡിങ്ങിലേക്കുമെല്ലാം എത്തിയത്.


കാലടി സർവകലാശാലയിൽ ഞങ്ങൾ അധ്യാപകരായി ചേർന്ന കാലത്ത് പരീക്ഷകൾ പഴയ രീതിയിൽ മാർക്ക് അടിസ്ഥാനത്തിലാണ് നടത്തിയിരുന്നത്. പിന്നീട് പ്രൊഫ. കെ എൻ പണിക്കർ വൈസ് ചാൻസലറായി വന്നതോടെയാണ് അത് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനത്തിലേക്കും ഗ്രേഡിങ്ങിലേക്കുമെല്ലാം എത്തിയത്. കേരളത്തിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനം ആദ്യമായി നടപ്പിലാക്കിയതും സംസ്കൃതസർവകലാശാലയിലാണ്. അത് അന്നുളവാക്കിയ ഉണർവിന് അതിരില്ല. ആ മാറ്റത്തിൽ പൂർണമായും പണിക്കർ മാഷിനൊപ്പം നിന്നു പ്രവർത്തിച്ച ഒരാളായിരുന്നു സ്‌കറിയാമാഷ്.


പഴയ പരീക്ഷാസമ്പ്രദായത്തിന്റെ അവസാനവേളയിൽ അവിടെയെത്തിയ ഞങ്ങളിൽ പലരും ഞങ്ങളുടെ മൂല്യനിർണയത്തിന്റെ കൃത്യതയിൽ 'അപാരബോധ്യ'മുള്ളവരായിരുന്നു. ഉത്തരങ്ങൾക്ക് രണ്ടേകാൽ മാർക്കും ആറേമുക്കാൽ മാർക്കും എല്ലാം നൽകി ഞങ്ങൾ ഞങ്ങളുടെ മൂല്യനിർണയത്തിന്റെ കൃത്യതയിൽ അഭിരമിച്ചുകൊണ്ടിരുന്നു. ഒരു ദിവസം യാദൃച്ഛികമായി എന്റെ മൂല്യനിർണയക്കടലാസ് മാഷ് കണ്ടു. 'നമ്മുടെ വ്യക്തിപരമായ മുൻവിധിക്കപ്പുറം എന്താണീ കാൽ മാർക്കിന്റെയും മുക്കാൽ മാർക്കിന്റെ യും അടിസ്ഥാനം?' എന്ന് മാഷ് മറയില്ലാതെ ചോദിച്ചു. 'ജീവിതത്തിൽ വിഷമപദപ്രശ്നം എന്തെളുപ്പമായെന്നോ?' എന്ന് വൈലോപ്പിള്ളി എഴുതിയതുപോലെ, എനിക്കത് വലിയൊരു കണ്ണുതുറക്കലായിരുന്നു. നമ്മുടെ കാർക്കശ്യങ്ങൾക്കും കൃത്യതാനാട്യങ്ങൾക്കും പിന്നിലെ അപാരമായ മുൻവിധികളും അനുതാപമില്ലായ്മയും തിരിച്ചറിയാൻ അത് സഹായിച്ചു.


മറ്റൊരു സന്ദർഭം സെമിനാറുകളുടെ ഗ്രേഡ് തീരുമാനിക്കുന്നതാണ്. സെമിനാർ അവതരണത്തെ പല ഘടകങ്ങളായി വേർതിരിച്ച് വിലയിരുത്തിയാണ് അതിന്റെ ഗ്രേഡ്‌ തയ്യാറാക്കുന്നത്. അതിലൊരു ഘടകം ഹാജർ ആണ്. എല്ലാ സെമിനാറുകളിലും പങ്കെടുക്കുന്നവർക്ക് പൂർണഗ്രേഡായ എ പ്ലസ് ലഭിക്കും. അതുകൊണ്ടുതന്നെ കുട്ടികൾ സെമിനാറുകളിൽ സംബന്ധിക്കും. പലപ്പോഴും അത് നാമമാത്രമായ പങ്കാളിത്തമാണ്. അവതരണത്തിലോ ചർച്ചയിലോ അല്പംപോലും ഇടപെടാതെ എ പ്ലസ് ഗ്രേഡിന് വേണ്ടി മാത്രമായി സെമിനാറുകളിൽ വന്നിരിക്കുന്നവർ പലരുമുണ്ടായിരുന്നു. ഇത് സെമിനാറുകൾക്ക് നൽകുന്ന ഗ്രേഡിങ്ങിനെ പലപ്പോഴും വെറുതെ പെരുപ്പിക്കുന്നതായി ഞങ്ങൾക്ക് തോന്നി. പിന്നീടൊരിക്കൽ നടന്ന ഡിപ്പാർട്ട്മെന്റ് ചർച്ചയിൽ ഈ ഘടകം ഒഴിവാക്കണം എന്ന ആവശ്യം ഉയരുകയും ചെയ്തു. മാഷ്, പക്ഷേ, മറിച്ചൊരു നിലപാടാണ് എടുത്തത്. എല്ലാ കുട്ടികൾക്കും അനുകൂലമായ അത്തരമൊരു ഘടകം സെമിനാറുകളുടെ മൂല്യനിർണയത്തിൽ ഉണ്ടാകുന്നത് നല്ലതാണെന്ന കാഴ്ചപ്പാടായിരുന്നു മാഷിന്റേത്. ഏതുകുട്ടിക്കും അത് സഹായകരമാണ്. മൂല്യനിർണയരീതി കുട്ടികൾക്ക് സഹായകരമായി എങ്ങനെ സംവിധാനം ചെയ്യാമെന്നാണ് അധ്യാപിക/അധ്യാപകൻ നോക്കേണ്ടത് എന്ന് മാഷ് പറഞ്ഞു. കാൽ നൂറ്റാണ്ട് തികയുന്ന എന്റെ അധ്യാപകജീവിതത്തിലെ വലിയ പാഠങ്ങളിലൊന്ന് അതായിരുന്നു.



പ്രൊഫ.സ്കറിയാ സക്കറിയ

പരീക്ഷയിലും ഉത്തരക്കടലാസുകളിലും അഭിമുഖങ്ങളിലും നാം തേടേണ്ടത് ഒരാൾക്ക് എന്തെല്ലാം അറിയാം എന്നാണെന്ന് മാഷ് എപ്പോഴും പറയുമായിരുന്നു. അപ്പോൾ ഏത് വിദ്യാർഥിയിലും വിലപിടിച്ചതായി എന്തെങ്കിലും കാണും. ഒരാൾക്ക് എന്തറിയില്ല എന്നു തിരക്കുന്ന പരീക്ഷകളും പരീക്ഷകരും മനുഷ്യരെ നിരർഥകവസ്തുക്കളാക്കി പുറത്താക്കുന്നു. പരീക്ഷയും മൂല്യനിർണയവും അർഥവത്താകുന്നത് ഒരാൾക്ക് എന്തറിയാം എന്നാരായുമ്പോഴാണ്. അതാണ് ഉൾക്കൊള്ളലിന്റെ മൂല്യനിർണയം. അതാണ് മൂല്യനിർണയത്തിലെ ജനാധിപത്യം. എന്തറിയില്ല എന്ന് തിരയുന്ന പരീക്ഷ ഒരാളെ പുറന്തള്ളുന്ന പരീക്ഷയാണ്. ജനാധിപത്യം എന്നത് ഒരു ജീവിതരീതിയാണെന്ന് ചോദ്യപേപ്പറുകൾ തയ്യാറാക്കുമ്പോഴും മൂല്യനിർണയം നടത്തുമ്പോഴും മാഷ് ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു.

ജനാധിപത്യം സ്‌കറിയ മാഷിന് ഒരു അടിസ്ഥാന ജീവിതമൂല്യമാണ്. ഡിപ്പാർട്ട്മെന്റ് കൗൺസിൽ പോലുള്ള ഔപചാരിക സമിതികളിലെ ഭൂരിപക്ഷഹിതമായല്ല മാഷ് ജനാധിപത്യത്തെ പരിഗണിച്ചത്. ജീവിതത്തിന്റെയും അധ്യാപനത്തിന്റെയും സമസ്ത തലങ്ങളിലേക്കും പടരേണ്ട വെളിച്ചമായാണ് മാഷതിനെ കണ്ടത്. തനിക്കപ്പുറമുള്ളവരെക്കുറിച്ചുള്ള കരുതലായിരുന്നു അതിന്റെ കാതൽ. വകുപ്പധ്യക്ഷൻ എന്ന നിലയിൽ ഓരോ തീരുമാനം കൈക്കൊള്ളുമ്പോഴും മാഷ് എല്ലാവരോടും ചർച്ചചെയ്തു. സ്വന്തമായ ഉറച്ച ബോധ്യങ്ങൾ ഉള്ളപ്പോൾ തന്നെ അതിന്റെ അധൃഷ്യതയിൽ അദ്ദേഹം അഭിരമിച്ചില്ല. തെറ്റാവരം കൈവന്ന സഭാപിതാക്കളുടെ സ്ഥാനത്ത് ഒരിക്കലും സ്വയം അവരോധിച്ചില്ല. പ്രയോഗക്ഷമത കുറഞ്ഞുപോയേക്കാമെങ്കിലും എല്ലാവരും ചേർന്നെടുക്കുന്ന തീരുമാനത്തിന് കൂടുതൽ മൂല്യമുണ്ടെന്ന് മാഷ് കരുതി. അങ്ങനെ തീരുമാനങ്ങളിലെത്താൻ എപ്പോഴും നിർബന്ധം പുലർത്തി.


ഒന്നും താൻ മാത്രമായി പണിതുയർത്തുന്നതല്ലെന്നും, താനൊരാൾ ഒരുപാടുപേരുടെ സംയോജിതസ്ഥാനമാണെന്നുള്ള വിവേകമാണ് സ്‌കറിയാമാഷിനെ നയിച്ചത്. സർവകലാശാലാ അധികാരികൾക്ക് മുന്നിൽ അദ്ദേഹം അധ്യാപകർക്കുവേണ്ടി നിലകൊണ്ടു. അധ്യാപകർക്കുമുന്നിൽ കുട്ടികൾക്കുവേണ്ടി വാദിച്ചു. അവസാനത്തെ ആളിലേക്ക് കണ്ണെത്തുമ്പോഴാണ് ജനാധിപത്യം സാർഥകമാകുന്നതെന്ന് ക്ലാസ്സുകളില്ലാതെയും മാഷ് പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് സാംസ്കാരിക മൂലധനം ക്ലാസ് മുറികളിലെ അദൃശ്യവിവേചനത്തിന്റെ ആധാരമായി മാറുമെന്ന് എപ്പോഴും ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നത്. സമത്വം കേവലമായ തുല്യതയുടെ പേരല്ലെന്ന വലിയ പാഠം അതിലുണ്ടായിരുന്നു!


1998‐ ൽ ഞങ്ങൾ മലയാളവിഭാഗത്തിൽ എത്തുമ്പോൾ മാഷായിരുന്നു അധ്യക്ഷന്റെ ചുമതലയിൽ. അപ്പോഴേക്കും സർവകലാശാല നിലവിൽ വന്നിട്ട് അഞ്ചുവർഷങ്ങളോളമായിരുന്നു. 1996‐ ലെ നിയമനവും, കോടതി ഉത്തരവ് മൂലമുണ്ടായ പിരിച്ചുവിടലും, പിന്നാലെയുള്ള പുതിയ നിയമനവും മറ്റുമായി സർവകലാശാലാ അന്തരീക്ഷം അന്ന് ഏറെ കലുഷവുമായിരുന്നു. അതിലൊന്നും സ്വയം പങ്കുചേരാതെ ഡിപ്പാർട്ട്മെന്റ് പടുത്തുയർത്താനാണ് മാഷ് ശ്രമിച്ചത്. കാലടിയിൽ ഞങ്ങൾ ആറുപേരാണ് പുതിയതായി ചേർന്നത്. പി പവിത്രൻ, കെ വി ദിലീപ്കുമാർ, എൻ അജയകുമാർ, കെ ആർ സജിത, ഷാജി ജേക്കബ്ബ് എന്നിവരും ഞാനും. വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ മറ്റ് 16 പേരും. സർവകലാശാലാ അധ്യാപനത്തിൽ വലിയ പരിചയമുള്ളവരായിരുന്നില്ല ഞങ്ങൾ. അജയനും പവിത്രനും ദിലീപും സജിതയും 1996 മുതൽ അധ്യാപനത്തിലുണ്ടായിരുന്നു. ഞാൻ കുറച്ചുകാലം സമാന്തര വിദ്യാഭ്യാസ മേഖലയിലും. ഷാജി മുഴുവൻ സമയ പത്രപ്രവർത്തകനായിരുന്നു.



എൻ അജയകുമാറും സുനിൽ പി ഇളയിടവും സ്കറിയ സക്കറിയക്കൊപ്പം

ഏറെ വ്യത്യസ്തമായ അഭിരുചികളും സാമൂഹ്യവീക്ഷണവും ആവിഷ്കാരരീതികളുമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. എങ്കിലും മാഷ് ഞങ്ങളെയെല്ലാം ചേർത്തുനിർത്തുന്ന ജൈവകേന്ദ്രമായി മാറി.

ഓരോരുത്തരുടെയും വീക്ഷണങ്ങളിലെ സാധ്യതകളെയാണ് മാഷ് കണ്ടെടുത്തത്. ഞങ്ങൾക്കിടയിലെ വ്യത്യാസങ്ങളെയും വൈരുധ്യങ്ങളെയും മാഷ് അവയുടെ പാട്ടിനു വിട്ടു. വൈരുധ്യങ്ങളെച്ചൊല്ലി വ്യാകുലമാവേണ്ടതില്ലെന്ന് പ്രവർത്തിയിലൂടെ നിശബ്ദമായി ധരിപ്പിച്ചു. അതുകൊണ്ട് അത്രവലിയ വീക്ഷണഭേദങ്ങൾക്കു നടുവിലും അഗാധമായ സ്നേഹഭാവത്തിന്റെ മുദ്രകളാൽ കൂട്ടിയിണക്കപ്പെട്ടവരായി ഞങ്ങൾ മാറിത്തീർന്നു.

ഞങ്ങൾ സർവകലാശാലയിൽ ചേർന്ന് ഏറെ കഴിയും മുൻപാണ് നിലവിലുള്ള പി ജി കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കാൻ അധികൃതർ തീരുമാനിച്ചത്. മാഷ് അതിന്റെ ഉത്തരവാദിത്തം പുതിയതായി നിയമിതരായ അധ്യാപകരെ ഏല്പിച്ചു. ഞങ്ങൾ സർവകലാശാലയിൽ നിയമിതരായി രണ്ടോ മൂന്നോ മാസം മാത്രമേ അപ്പോൾ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. സർവകലാശാലയും അവിടത്തെ അധ്യാപനരീതിയും കോഴ്സുകളുടെ ഘടനയും മറ്റും ഞങ്ങൾ പരിചയപ്പെട്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. മാഷിന് അതൊരു തടസ്സമായി തോന്നിയതേയില്ല.


പുതിയ കോഴ്സുകൾ വിഭാവനം ചെയ്യാനും അത് വിശദമായി എഴുതിത്തയ്യാറാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ലഭിച്ച ഓരോ സിലബസും സൂക്ഷ്മമായി പരിശോധിച്ച് അത് പരിഷ്കരിച്ചു. ഒരുമാസത്തോളം ആ പ്രവർത്തനങ്ങൾ നീണ്ടുനിന്നു എന്ന് തോന്നുന്നു. അതുകഴിഞ്ഞപ്പോൾ സംസ്കാരപഠനം, സാഹിത്യചരിത്രവിജ്ഞാനം, വിവർത്തനപഠനം, ചലച്ചിത്രപഠനം, സ്ത്രീവാദം, ദളിത് പഠനങ്ങൾ, മാധ്യമപഠനങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം നാലുകോഴ്സുകൾ വീതമുള്ള സിലബസുകൾ തയ്യാറായി. ആകെ അറുപതിലധികം പി ജി കോഴ്സുകളുടെ സിലബസാണ് അങ്ങനെ നിലവിൽ വന്നത്. കാലടി സർവകലാശാലയിലെ പിന്നീടുള്ള മലയാള പഠനത്തിന് അടിത്തറയൊരുക്കിയത് ആ സിലബസ് നവീകരണമാണെന്ന് തോന്നുന്നു. സർവീസിൽ പ്രവേശിച്ച് ആറുമാസം പോലും തികയാത്ത അധ്യാപകരുടെ മുൻകൈയിലാണ് അത് തയ്യാറാക്കപ്പെട്ടത് എന്നതും അതിശയകരമാണ്. സ്‌കറിയാമാഷിന്റെ നേതൃപാടവത്തിന്റെ അസാധാരണമായ ഒരാവിഷ്കാരമായിരുന്നു അത്. ചെറുപ്പത്തേയോ അതിന്റെ ആശയങ്ങളെയോ മാഷ് ഒരിക്കലും ഭയന്നില്ല. അദ്ദേഹം തന്നിലുമധികം മറ്റുള്ളവരെ വിശ്വസിച്ചു. അവർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചു. പ്രവൃത്തി മാത്രം സ്വന്തമായെടുത്തു. ഫലങ്ങളെല്ലാം അവർക്ക് നൽകി.


കാലടി സർവകലാശാലയിൽ 1997 മുതൽ സംസ്കാരപഠനത്തിനായുള്ള ഒരു സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു. പി ഗോവിന്ദപ്പിള്ളയായിരുന്നു അതിന് തുടക്കം കുറിച്ചത്. സ്‌കറിയാമാഷും പിജിയും തമ്മിൽ ആഴമേറിയ വൈജ്ഞാനികസൗഹൃദമാണ് ഉണ്ടായിരുന്നത്. ഇതേ സൗഹൃദവും ആദരവും മാഷിനും എംജിഎസ്സിനും തമ്മിലുണ്ടായിരുന്നു. വിരുദ്ധ ലോകങ്ങളിലും വിരുദ്ധ വീക്ഷണങ്ങിലും പാർപ്പുറപ്പിച്ച വലിയ മനുഷ്യരുമായി മാഷ് പുലർത്തിയിരുന്ന ഊഷ്മളമായ സൗഹൃദം അസാധാരണമായ ഒന്നാണ്. സ്വന്തം ബോധ്യങ്ങളുടെ ദൃഢത ഇതര വീക്ഷണങ്ങളെ നിരസിക്കാനുള്ള അധികാരമായി മാഷ് ഒരിക്കലും ഉപയോഗിച്ചില്ല. അദ്ദേഹത്തിന്റെ വൈജ്ഞാനികത പല ലോകങ്ങളിലേക്ക് തുറന്നുകിടക്കുന്ന വാതിലായിരുന്നു.



സ്കറിയ സക്കറിയയും ഭാര്യാ മേരി ക്കുട്ടിയും

ഉദയംപേരൂർ സുന്നാഹദോസിന്റെ കാനോനകളെ ക്കുറിച്ചുള്ള സ്‌കറിയാമാഷിന്റെ പഠനമാണ് പിജിയെയും എംജിഎസ്സിനെ യും ഒരേപോലെ മാഷിലേക്ക് ആകർഷിച്ചത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സഭാചരിത്രത്തിലെ ഒരു സംഭവം എന്നതിൽനിന്നും നമ്മുടെ സംസ്കാര ചരിത്രത്തിലെ നിർണായക സ്ഥാനങ്ങളിലൊന്നായി മാഷ് തന്റെ പഠനത്തിലൂടെ അതിനെ പുനർനിർമ്മിച്ചു.

അതൊരു പുതിയ വഴിയായിരുന്നു. കാലടിയിലെ മലയാളപഠനത്തിലേക്കും സാംസ്കാരികപഠനങ്ങളുടെ ഈ വെളിച്ചം മാഷ് കൊണ്ടുവന്നു. കാൽ നൂറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ മലയാളപഠനത്തിന്റെ മേഖലയിൽ മാഷിന്റെ ഈ ഇടപെടൽ ഒരു വിചാരമാതൃകാവ്യതിയാനത്തിന് (paradigm shift) വഴിതുറന്നു എന്നാണ് തോന്നുന്നത്. മലയാളപഠനത്തെ സാഹിത്യമാത്രവും ഭാഷാനിഷ്ഠവുമായ വഴികളിൽ നിന്ന് പുറത്തുകൊണ്ടുവരുന്നതിൽ അതിന് വലിയ പങ്കുണ്ടായിരുന്നു. വിവിധ ജീവിതപ്രയോഗങ്ങളും പ്രഭാവങ്ങളും ഒത്തിണങ്ങി നിൽക്കുന്ന ഒരു മൂർത്തസന്ദർഭമായി സാഹിത്യത്തെ കാണുകയാണ് മാഷ് ചെയ്തത്. ഭാഷയിൽ നിന്നും സാഹിത്യത്തിൽ നിന്നുമെല്ലാം സംസ്കാരത്തിലേക്കുള്ള വഴികൾ മാഷ് തുറക്കുന്നത് അനായാസമായിട്ടായിരുന്നു. സജീവതയും സ്വകീയതയും എപ്പോഴും അതിനൊപ്പം ഉണ്ടായിരുന്നു.


സാംസ്കാരികപഠനങ്ങളെ അതേക്കുറിച്ചുള്ള പടിഞ്ഞാറൻ ആശയങ്ങളുടെ കേവലാവർത്തനമാക്കുന്നതിനോട് സ്‌കറിയാ മാഷ് ഒട്ടും യോജിച്ചിരുന്നില്ല. പാശ്ചാത്യ ആശയങ്ങളുടെ തെളിച്ചം സ്വീകരിക്കുവാൻ മടികാണിക്കാതിരുന്നപ്പോഴും സ്വന്തം ജീവിതാനുഭവങ്ങളുടെ അടിപ്പടവിലേ അവയെ പ്രതിഷ്ഠിക്കാവൂ എന്നതായിരുന്നു മാഷിന്റെ വീക്ഷണം. മലയാള സാഹിത്യപാഠങ്ങളെ സംസ്കാരപഠനവുമായി ചേർത്തുവയ്ക്കുമ്പോഴും മാഷിന് ഈ കരുതലുണ്ടായിരുന്നു. സാമൂഹ്യചരിത്രത്തിന്റെ അനുബന്ധ മേഖലയായി സാഹിത്യത്തെ പരിഗണിക്കാൻ മാഷ് ഒരിക്കലും തുനിഞ്ഞില്ല. സാഹിത്യപാഠങ്ങൾ സാമൂഹ്യചരിത്രത്തിന്റെ തെളിവുശേഖരങ്ങളല്ല എന്നദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. സാഹിത്യത്തിന്റെ സ്വകീയജീവിതത്തെ മാനിച്ചുകൊണ്ടേ സാംസ്കാരിക വിമർശത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാവൂ എന്നതായിരുന്നു മാഷിന്റെ കാഴ്ചപ്പാട്. സാഹിത്യപാഠമാകട്ടെ, ചലച്ചിത്രഗാനമാകട്ടെ, നാടൻപാട്ടോ പഴഞ്ചൊല്ലുകളോ കഥകളിസംഗീതമോ ആകട്ടെ, ഓരോ ആവിഷ്കാരപ്രകാരത്തിനും അതിന്റേതായ അനന്യജീവിതമുണ്ട്. ആ അനന്യതയെ വകവച്ചുകൊടുത്തുകൊണ്ടേ അവയെ പഠനവിഷയമാക്കാവൂ. സിദ്ധാന്തശാലകളിലെ അസംസ്കൃതവസ്തുക്കളായി കലാ‐ സാഹിത്യപാഠങ്ങളെ ചുരുക്കിയെഴുതുന്നതിനെ സംസ്കാരവിമർശനമായി മാഷ് കണ്ടതേയില്ല. അത്തരം പരിപ്രേക്ഷ്യങ്ങൾക്കായുള്ള നിർബന്ധം സർവകലാശാലയിലെ ചില കോണുകളിൽ നിന്ന് ഉയർന്നപ്പോൾ മാഷ് സംസ്കാരപഠന സ്കൂളിന്റെ ഔദ്യോഗിക ചുമതല ഒഴിയുകയാണ് ചെയ്തത്. പിന്നാലെ ആ പഠനകേന്ദ്രവും അപ്രസക്തമായി. എങ്കിലും മാഷ് തുടങ്ങിവച്ച വഴി അവിടെ അടഞ്ഞുപോയില്ല. ധാരാളം പേർ പിന്നീടതിലൂടെ നടന്നു; ഇപ്പോഴും നടക്കുന്നു.


സ്‌കറിയാമാഷ് സർവീസിൽ നിന്ന് വിരമിക്കുന്ന സന്ദർഭത്തിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുന്ന അധ്യാപക സംഘടനയായ ASSUT അദ്ദേഹത്തിന് യാത്രയയപ്പും ഉപഹാരവും നൽകുകയുണ്ടായി. 1998 ൽ ASSUT രൂപീകരിച്ച കാലം മുതൽ 2006 ൽ വിരമിക്കുന്നതുവരെ മാഷ് സംഘടനയിൽ ഉണ്ടായിരുന്നു. മാഷൊരിക്കലും ഒരു സജീവ സംഘടനാപ്രവർത്തകനായിരുന്നില്ല. എന്നാൽ എന്നും അടിയുറപ്പുള്ള സംഘടന അംഗമായിരുന്നു. സംഘടനകളുടെ ആവശ്യകതയെയോ അവയുടെ പ്രസക്തിയെയോ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. കുറവുകളെയും പോരായ്മകളെയും പരസ്യമായി അധിക്ഷേപിച്ചുമില്ല. സ്വന്തം ബൗദ്ധികതയെ പ്രപഞ്ചകേന്ദ്രമായി കാണുന്ന മഹാജ്ഞാനികളിൽ ഒരാളായിരുന്നില്ല അദ്ദേഹം. തന്റെ അഭിപ്രായങ്ങൾ ആക്ഷേപമില്ലാതെ അവതരിപ്പിച്ചുകൊണ്ടും തിരുത്തലുകളെക്കുറിച്ച് എപ്പോഴും സൂചിപ്പിച്ചുകൊണ്ടും മാഷ് സംഘടനയോടൊപ്പം നിന്നു.



സ്കറിയ സക്കറിയ ആദ്യകാല ചിത്രം


യാത്രയയപ്പ് സമ്മേളനത്തിൽ ഉപഹാരങ്ങൾ ഏറ്റുവാങ്ങിയതിനുശേഷം മാഷ് മറുപടിപ്രസംഗത്തിന് എഴുന്നേറ്റു. ഞങ്ങൾ ധാരാളം പേർ സദസ്സിലുണ്ട്. പലരും മാഷിന്റെ നേരിട്ടുള്ള ശിഷ്യന്മാർ. ഞങ്ങളെപ്പോലെ പലരും സഹപ്രവർത്തകരെങ്കിലും ശിഷ്യരെപ്പോലെ മാഷിൽ നിന്ന് പലതും പഠിച്ചവർ. അത്തരമൊരു സദസ്സിനോട് മാഷ് എന്താവും പറയുക എന്നൊരു കൗതുകം എനിക്കുണ്ടായിരുന്നു. മാഷിന്റെ എല്ലാ സംഭാഷണങ്ങളിലും മൗലികതയുടെ പ്രകാശം പരന്നിരിക്കും എന്നറിയാവുന്ന സദസ്സ് ശ്രദ്ധാപൂർവം മാഷിനെ നോക്കി.

അസാധാരണമായ ഒരു ചോദ്യത്തിൽ നിന്നാണ് മാഷ് തുടങ്ങിയത്. ''നിങ്ങൾ നൽകിയ ഈ ഉപഹാരം സ്വീകരിക്കാൻ എനിക്കുള്ള അർഹതയെന്താണ്?'' അതിന് മുൻപും പിൻപുമുള്ള എത്രയോ യാത്രയയപ്പ് സമ്മേളനങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിലും അത്തരമൊരു ചോദ്യം ആരും സ്വയം ചോദിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അത്തരമൊരു മുഹൂർത്തത്തിൽ തന്നിലേക്കു തന്നെ തിരിഞ്ഞുനോക്കുക എളുപ്പമല്ല. എന്നാൽ അത്തരമൊരു ആത്മപ്രതിഫലനക്ഷമത (self reflexivity) മാഷ് ജീവിതത്തിലുടനീളം നിലനിർത്തിയിരുന്നു. വിജയങ്ങളിലും പരാജയങ്ങളിലും മാഷ് പൊതുവെ സമതുലിതത്വം പാലിച്ചു. അപ്പോഴെല്ലാം തന്നിലേക്കും ലോകത്തിലേക്കും തിരിഞ്ഞുനോക്കി. അതിൽ നിന്നും എന്തു പഠിക്കാനുണ്ടെന്ന് ആരാഞ്ഞുകൊണ്ടിരുന്നു. വിരമിക്കുന്ന വേളയിലും മാഷ് ആ ചോദ്യംതന്നെയാണ് ഉന്നയിച്ചത്.


തന്റെ ചോദ്യത്തിന് സ്വയം കണ്ടെത്തിയ ഉത്തരം മാഷ് പിന്നാലെ പറഞ്ഞു. ''നിങ്ങളെല്ലാവരും പുറത്തു സമരം ചെയ്യുമ്പോൾ ഞാൻ അകത്തിരുന്നിട്ടില്ല എന്നതാണ് എന്നെ ഇത് സ്വീകരിക്കാൻ യോഗ്യനാക്കുന്നത് എന്നു തോന്നുന്നു''. സാഹോദര്യഭാവനയ്ക്ക് (camraderie) കൈവന്ന അത്രമേൽ ലളിതവും സരളവുമായ ഒരു വിശദീകരണമായിരുന്നു അത്. തന്റെ സൂക്ഷ്മമായ അഭിപ്രായഭേദങ്ങളെക്കാൾ ഒരു കൂട്ടായ്മയുടെ സാഹോദര്യബോധം എത്രയോ വലുതാണെന്ന തിരിച്ചറിവ് മാഷിന് എപ്പോഴുമുണ്ടായിരുന്നു. സംഘടനകളെയും സാമൂഹ്യ രാഷ്ട്രീയ പ്രക്രിയകളെയും അങ്ങേയറ്റം അവജ്ഞയോടെ കാണുന്ന ധൈഷണിക ഹുംകൃതികൾക്കും പാണ്ഡിത്യഗർവിനും ഞങ്ങളുടെ സർവകലാശാലയിലും കുറവൊന്നുമുണ്ടായിരുന്നില്ല. അവരെക്കാളൊക്കെ വലിയ പണ്ഡിതനായിരുന്നപ്പോഴും മാഷ് സംഘടനയുടെ സാഹോദര്യഭാവനയെ വിലമതിച്ചു.


മാഷിന്റെ സർവകലാശാലാ ജീവിതത്തിന്റെ അവസാനകാലത്ത് സർവകലാശാല സംഘർഷനിർഭര

മായിരുന്നു. കോൺഗ്രസ്സുകാരനായി അഭിനയിക്കുന്ന ഒരാളായിരുന്നു അന്നത്തെ വൈസ് ചാൻസലർ. പല വഴികളിലൂടെ അദ്ദേഹം സർവകലാശാലയെ കാവിപുതപ്പിക്കാൻ ശ്രമിക്കുന്ന കാലം (പിന്നീടദ്ദേഹം സംഘപരിവാർ പാളയത്തിൽ എത്തി). വി സി സ്ഥാനമേറ്റതിനു പിന്നാലെ, സർവകലാശാലയിൽ ജ്യോതിഷം കോഴ്സ് തുടങ്ങാൻ തീരുമാനിച്ചുകൊണ്ടും, പ്രകടനങ്ങൾ നിരോധിച്ചുകൊണ്ടും പുതിയ ഉത്തരവുകൾ ഒന്നൊന്നായി വന്നു. തന്റെ ഉഗ്രശാസനകൾ വിദ്യാർഥികളും അധ്യാപകരും ശിരസ്സേറ്റുമെന്ന് അദ്ദേഹം എങ്ങനെയോ ധരിച്ചു. തീവ്രമായ പ്രതിഷേധവും ചെറുത്തുനിൽപ്പുമാണ് വിദ്യാർഥികളും അധ്യാപകരും കൈകോർത്തുനിന്ന് ഉയർത്തിയത്. ജ്യോതിഷം കോഴ്സ് തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടു.


സർവകലാശാല സമരമുഖരിതമായി. മാഷ് അക്കാലത്തൊന്നും നിസംഗത പാലിച്ചില്ല. സമരദിവസങ്ങളിലൊന്നിൽ അന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടിയായിരുന്ന സഖാവ് പിണറായി വിജയൻ സർവകലാശാലയിലെത്തി. സർവകലാശാലയുടെ മുഖ്യകവാടത്തിനു മുന്നിൽ പിണറായി പ്രസംഗിക്കുമ്പോൾ മുന്നിലെ റോഡിൽ മാഷ് ഞങ്ങൾക്കൊപ്പം കുത്തിയിരുന്നു. ട്യൂബിംഗൻ സർവകലാശാലയും ഹീബ്രു സർവകലാശാലയും മുതൽ ഓക്സ്ഫഡിലേക്കു വരെ ക്ഷണിക്കപ്പെട്ടിട്ടുള്ള ഒരാളാണ് സ്‌കറിയാമാഷ്.


അവിടങ്ങളിലെ പ്രൗഢവേദി




യിലെന്നപോലെ പൊള്ളുന്ന റോഡരികിലും സ്‌കറിയാമാഷ് ശാന്തമായി ഇരുന്നു. സമരത്തിനും അതിന്റെ സംഘാടനത്തിനുമായി പണിപ്പെട്ടുനടന്ന ഞങ്ങൾക്ക് അതു നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. അങ്ങനെ എത്രയോ സന്ദർഭങ്ങളിൽ മാഷ് തന്റെ അടിയുറച്ച ബോധ്യങ്ങളിൽ അഷോഭ്യനായി നിന്നു. ഒരു വ്യാഴവട്ടത്തിനിപ്പുറം ശബരിമല പ്രശ്നം തീ പിടിച്ചു നിൽക്കുമ്പോൾ ചങ്ങനാശ്ശേരിയിൽ ഞാൻ കൂടി പങ്കെടുത്ത നവോത്ഥാന സമ്മേളനത്തിൽ മാഷ് മടിയേതുമില്ലാതെ വേദിയിലെത്തി. അതൊരു നിശബ്ദമായ പ്രസ്താവനയായിരുന്നു. ഉറപ്പിച്ചുപറയേണ്ട കാര്യങ്ങൾ മാഷ് ഉറപ്പിച്ചു തന്നെ പറഞ്ഞു. ''നിങ്ങൾ പുറത്തു സമരം ചെയ്യുമ്പോൾ ഞാൻ ഒറ്റക്ക് അകത്തിരുന്നിട്ടില്ല'' എന്ന ചെറിയ വാക്യം അത്തരം എത്രയോ സന്ദർഭങ്ങളിലൂടെ ഉണ്ടായിവന്നതാണ്.

1998‐ൽ സംസ്കൃത സർവകലാശാലയിലെ ജോലിക്കായുള്ള ഇന്റർവ്യൂവിന് ചെല്ലുമ്പോൾ സ്‌കറിയാമാഷാണ് വകുപ്പധ്യക്ഷൻ. മാഷിനെ അന്നെനിക്ക് വ്യക്തിപരമായി പരിചയം ഉണ്ടായിരുന്നില്ല. അതിനു മുൻപൊരിക്കൽ, 1996 ലോ മറ്റോ, തിരുവനന്തപുരത്ത് വച്ച് മാഷിനെ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. എങ്കിലും അന്ന് മാഷിനോട് സംസാരിക്കാൻ അവസരം ലഭിച്ചില്ല. പ്രഗത്ഭനായ അധ്യാപകൻ, ഗവേഷകൻ, നിരൂപകൻ, ഭാഷാപണ്ഡിതൻ എന്നെല്ലാമുള്ള നിലകളിൽ മാഷ് അപ്പോഴേക്കും പ്രസിദ്ധനായിരുന്നു.


ട്യൂബിങ്ങൻ സർവകലാശാലയിലെ ഗ്രന്ഥശേഖരം പുറത്തുകൊണ്ടുവരുന്ന വലിയ ദൗത്യം മാഷ് അതിനകം തന്നെ ആരംഭിച്ചിരുന്നു. തലശ്ശേരി രേഖകളും പഴശ്ശിരേഖകളും പയ്യന്നൂർ പാട്ടും അഞ്ചടി ജ്ഞാനപ്പാനയും മറ്റുമായി പുരാരേഖകളുടെയും പ്രാചീന രചനകളുടെയും വലിയൊരു ശേഖരം അതിലൂടെ വെളിച്ചം കണ്ടു. പിൽക്കാല മലയാളപഠനത്തിൽ അതുളവാക്കിയ സ്വാധീനം സമാനതകളില്ലാത്ത ഒന്നായിരുന്നു.


ഇന്റർവ്യൂ ബോർഡ് വലിയൊരു പണ്ഡിതസഭ പോലെയായിരുന്നു. മദ്രാസ് സർവകലാശാലയിലെ വകുപ്പധ്യക്ഷൻ ഡോ. കെ എം പ്രഭാകരവാര്യർ, ഡൽഹി സർവകലാശാല വകുപ്പ് തലവൻ ഡോ. ഒ എം അനുജൻ, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എൻ പി ഉണ്ണി, ഡോ. എൻ വി പി ഉണിത്തിരി, ഡോ. കെ ജി പൗലോസ്, സ്‌കറിയാമാഷ് എന്നിവരാണ് ബോർഡിൽ ഉണ്ടായിരുന്നത്. അഭിമുഖത്തിന് ചെന്നപ്പോൾ തന്നെ മാഷ് ചിരസൗഹൃദം ഉള്ളതുപോലെ ഊഷ്മളമായി ചിരിച്ചു. അത് വലിയൊരു ആശ്വാസമായിരുന്നു. പെട്ടെന്ന് അന്തരീക്ഷത്തിന് ലാഘവം വന്നു. അന്ന് ഞാൻ യു ജി സി ഫെല്ലോഷിപ്പോടെ ഗവേഷണം ചെയ്യുന്നുണ്ട്. അതിനെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ ഉണ്ടായി. സംസ്കാരപഠനം എനിക്ക് താല്പര്യമുള്ള മേഖലയാണെന്ന് പറഞ്ഞപ്പോൾ നമ്പ്യാർ കവിതയെക്കുറിച്ച് അക്കാലത്ത് പുറത്തുവന്ന പഠനത്തെക്കുറിച്ച് മാഷ് ചോദിച്ചു. 'നമ്പ്യാർ: വാക്കും സമൂഹവും' എന്ന ഡോ. കെ എൻ ഗണേശിന്റെ ഗ്രന്ഥം ഞാൻ അപ്പോൾ നന്നായി വായിച്ചിട്ടുണ്ടായിരുന്നു.


നമ്പ്യാർ കവിതയിലെ പാഠാന്തരബന്ധങ്ങളെക്കുറിച്ചുള്ള ഇ വി രാമകൃഷ്ണൻ മാഷിന്റെ പഠനവും അപ്പോൾ പുറത്തുവന്നിട്ടുണ്ട് എന്നാണെന്റെ ഓർമ്മ. അവയെല്ലാം ചേർത്താണ് ഞാൻ മറുപടി പറഞ്ഞത്. അറിയാവുന്ന കാര്യങ്ങൾ ആത്മവിശ്വാസത്തോടെയും യുക്തിഭദ്രമായും പറയാൻ അവസരം ലഭിച്ച ഇന്റർവ്യൂ ആയിരുന്നു അത്.



പ്രൊഫ.സ്കറിയ സക്കറിയ ജർമൻ സന്ദർശനത്തിനിടെ ,പി ഗോവിന്ദപ്പിള്ള ,ഓ എൻ വി , ഡി സി കിഴക്കേമുറി,എൻ . പി മുഹമ്മദ് തുടങ്ങിയവർക്കൊപ്പം

ഒരാൾക്ക് എന്തറിയില്ല എന്ന് അന്വേഷിക്കുന്നതിനു പകരം, അയാൾക്ക് എന്തറിയാം എന്നാരായുന്ന അഭിമുഖം. അതിനകം ഞാൻ പല കോളേജുകളിലായി ആറേഴ് ഇന്റർവ്യൂകളിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. ജ്ഞാനാധികാരത്തിന്റെ ഗർവാണ് അവയിൽ പലതിന്റെയും മുഖമുദ്രയായി എനിക്ക് അനുഭവപ്പെട്ടത്. ഒന്നുരണ്ടിടത്ത് ബോർഡിലെ അംഗങ്ങളോട് കയർത്തു സംസാരിക്കേണ്ടിയും വന്നിട്ടുണ്ട്.

കാലടിയിലേത് അതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവമായിരുന്നു. അത് വലിയൊരു ജീവിതപാഠമായി. പിന്നീട് സർവകലാശാലയിൽ പലതരം അഭിമുഖ പരീക്ഷകളിൽ മാഷിനൊപ്പവും അല്ലാതെയും പങ്കാളിയാകാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ ഈ അഭിമുഖത്തിന്റെ ഓർമ്മ എനിക്കുണ്ടായിരുന്നു. മറുഭാഗത്തുള്ളത് എല്ലാ മനുഷ്യാന്തസ്സും അവകാശപ്പെട്ട ഒരാളാണെന്ന ബോധത്തോടെ പെരുമാറാൻ അതെപ്പോഴും എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ജനാധിപത്യം ഒരു സൂക്ഷ്മ ജീവിതാനുഭവമാണെന്ന പാഠം ആ ഓർമ്മയിലുണ്ടായിരുന്നു. സഹപ്രവർത്തകരിൽ ചിലർ അഭിമുഖത്തിനെത്തിയ വിദ്യാർഥികളോട് പരുഷമായി സംസാരിച്ചപ്പോൾ അതിനോട് കലഹിക്കാനും എനിക്കത് പ്രേരണയായി.


മാഷിന്റെ ഇടപെടലുകളിൽ വലിയ ഫലമുളവാക്കിയത് താപസത്തിന്റെ പ്രവർത്തനങ്ങളാണെന്ന് തോന്നിയിട്ടുണ്ട്. താരതമ്യ പഠനസംഘം എന്നതിന്റെ ചുരുക്കപ്പേരായാണ് താപസം എന്ന് ഉപയോഗിച്ചുവരുന്നത്. താപസത്തിന്റെ വാർഷിക സമ്മേളനങ്ങൾ യുവത്വത്തിന്റെ വലിയ ഊർജ്ജപ്രവാഹമായിരുന്നു. കാലടിയിലെ ജസ്യൂട്ട് ആശ്രമമായ സമീക്ഷയിലും ചങ്ങനാശ്ശേരിയിലുമായി നടന്നിരുന്ന ത്രിദിന വാർഷിക സെമിനാറുകൾ. കേരളത്തിനകത്തും പുറത്തും നിന്ന് മുതിർന്നവരും ചെറുപ്പക്കാരുമായ ഗവേഷകർ അവിടെ ഒത്തുചേർന്നു.


ആൾക്കൂട്ടമോ ആരവമോ ഇല്ല. മുപ്പതോ നാല്പതോ പേർ മാത്രം. എല്ലാവരും ഒത്തുചേരുന്ന പൊതു അവതരണങ്ങൾ. പ്രത്യേക വിഷയങ്ങൾക്കായുള്ള സമാന്തരസെഷനുകൾ. പകലും രാത്രിയും തുടരുന്ന ആലോചനകൾ. മാഷുടെ വൈജ്ഞാനികതയ്ക്കുള്ള വലിയ അംഗീകാരമെന്നതുപോലെ കേരളത്തിലെ തലമുതിർന്ന ഗവേഷകരും എഴുത്തുകാരുമെല്ലാം അതിൽ സംബന്ധിച്ചിരുന്നു. ശാഠ്യങ്ങളും കാർക്കശ്യങ്ങളുമില്ലാത്ത തുറന്ന സംവാദത്തിന്റെ വേദിയായിരുന്നു അത്. 'അറിയാനും അറിയിക്കാനും' എന്ന പഴയ പ്രമാണത്തിന് അർഥം കൈവന്ന സന്ദർഭങ്ങൾ.


താപസത്തിന്റെ വാർഷിക സമ്മേളനങ്ങൾ ഇപ്പോൾ പഴയതുപോലെ തുടർച്ചയായി നടക്കുന്നില്ല. കാലം അതിനെ കുറച്ചൊന്ന് ക്ഷീണിതമാക്കി. എങ്കിലും താപസം ജേണൽ ഊർജ്ജസ്വലമായി ഇപ്പോഴുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി കാമ്പുറ്റ ഗവേഷണ പ്രബന്ധങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ട്. വിജ്ഞാനമേഖലയിലെ കൂട്ടായ്മയെക്കുറിച്ചുള്ള മാഷിന്റെ കാഴ്ചപ്പാടിന്റെ പ്രകാശനം കൂടിയാണ് താപസം. വൈജ്ഞാനികതയെന്നത് ഒരാളുടെ ഒറ്റതിരിഞ്ഞ പഠനാന്വേഷണങ്ങളല്ലെന്ന് മാഷ് എപ്പോഴും പറയുമായിരുന്നു. വൈജ്ഞാനിക പ്രതിഭകളുടെ അലൗകികതയിൽ മാഷിന് വലിയ വിശ്വാസം ഉണ്ടായിരുന്നില്ല. ഒരുമിച്ചു ജീവിക്കുന്ന മനുഷ്യരിലേക്കാണ് മാഷ് ഉറ്റുനോക്കിയത്; അറിവിലും ജീവിതത്തിലും.


അതിവിപുലമായ വൈജ്ഞാനികതാത്പര്യങ്ങളോടെയാണ് സ്‌കറിയമാഷ് എപ്പോഴും ജീവിച്ചത്. തന്റെ ധൈഷണികജീവിതത്തെ അദ്ദേഹം ഒരു ഒറ്റയടിപ്പാതയാക്കിയില്ല. നാലു പതിറ്റാണ്ടുകാലത്തെ അധ്യാപനവും പഠനഗവേഷണങ്ങളും പൈതൃകപഠനം, പാഠനിരൂപണം, സംസ്കാരപഠനം, ഭാഷാശാസ്ത്രം, വ്യാകരണം, സാഹിത്യനിരൂപണം, ഫോക്ലോർ, വിവർത്തനപഠനം, സാഹിത്യചരിത്രവിജ്ഞാനം, പ്രാദേശികചരിത്രം എന്നിങ്ങനെ എത്രയോ പഠനമേഖലകൾ.


എട്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പര, അഞ്ചു വാല്യമായി പ്രസിദ്ധീകരിച്ച ട്യൂബിങ്ങൻ സർവകലാശാല മലയാളം ഹസ്തലിഖിത പരമ്പര, മലയാള സർവകലാശാല രണ്ടു വാല്യമായി പ്രസിദ്ധീകരിച്ച മലയാളവും ഹെർമൻ ഗുണ്ടർട്ടും, ഇസ്രായേലിലെ ഹീബ്രു സർവകലാശാല പ്രസിദ്ധീകരിച്ച കാർകുഴലി, ഉദയംപേരൂർ സുനഹദോസിന്റെ കാനോനകൾ എന്നുതുടങ്ങി ഇരുപതിലധികം ഗ്രന്ഥങ്ങൾ. ഓശാനാ ബൈബിളിന്റെ ഭാഷാപരിശോധകൻ, ജർമ്മനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിലെ ഹെർമൻ ഗുണ്ടർട്ട് ചെയർ പ്രൊഫസർ, അലക്സാണ്ടർ ഫോൺ ഹുംബോൾട്ട് ഫെലോ എന്നനിലയിൽ ജർമ്മനിയിലെയും സ്വിറ്റ്സർലന്റിലെയും രേഖാശേഖരങ്ങളിൽ നടത്തിയ പഠനങ്ങൾ, ഹീബ്രു സർവകലാശാലയിലെ ജൂതമലയാള ഗവേഷണം... മാഷിന്റെ വൈജ്ഞാനികസഞ്ചാരത്തിന്റെ വഴികൾക്ക് അസാധാരണമായ വ്യാപ്തിയുണ്ട്. അതിലൂടെ സഞ്ചരിക്കുമ്പോൾ അദ്ദേഹം തനിക്കൊപ്പമുള്ളവരെയും കൂടെക്കൂട്ടി. താൻ പ്രസാധനം ചെയ്ത ഗ്രന്ഥങ്ങളുടെയെല്ലാം എഡിറ്റർമാരായി യുവഗവേഷകരെയും അധ്യാപകരെയും നിയോഗിച്ചു. തന്റെ അറിവുകളും തന്റെ മികവുകളും തന്റേതു മാത്രമല്ലെന്ന വിവേകം മാഷൊരിക്കലും കൈവിട്ടിട്ടില്ല. മതനിരപേക്ഷതയും മനുഷ്യവംശ സാഹോദര്യബോധവും മാഷിന്റെ വിജ്ഞാനജീവതത്തിന്റെ അടിപ്പടവുകളായിരുന്നു.


സ്‌കറിയാമാഷിനെ മുൻനിർത്തി രണ്ട് ബൃഹദ്ഗ്രന്ഥങ്ങളുടെ നിർമ്മിതിയിൽ പങ്കുചേരാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മാഷ് സർവകലാശാലയിൽ നിന്ന് വിരമിക്കുന്ന വേളയിൽ മലയാള പഠനസംഘത്തിനു വേണ്ടി ഞങ്ങൾ തയ്യാറാക്കിയതാണ് ആദ്യഗ്രന്ഥം.



ഇ . പി രാജഗോപാലൻ, സുനിൽ പി ഇളയിടം, സ്കറിയ സക്കറിയ, പി പി രവീന്ദ്രൻ

സ്‌കറിയാമാഷിനെ മുൻനിർത്തി രണ്ട് ബൃഹദ്ഗ്രന്ഥങ്ങളുടെ നിർമ്മിതിയിൽ പങ്കുചേരാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മാഷ് സർവകലാശാലയിൽ നിന്ന് വിരമിക്കുന്ന വേളയിൽ മലയാള പഠനസംഘത്തിനു വേണ്ടി ഞങ്ങൾ തയ്യാറാക്കിയതാണ് ആദ്യഗ്രന്ഥം. കെ വി ദിലീപ്കുമാർ, എൻ അജയകുമാർ, പി പവിത്രൻ, ഷാജി ജേക്കബ്ബ് പിന്നെ ഞാനും. സംസ്കാരപഠനമേഖലയെക്കുറിച്ചുള്ള പ്രബന്ധങ്ങളുടെ സമാഹാരമായിരുന്നു ആ ഉപഹാരഗ്രന്ഥം.

സംസ്കാരപഠനം: ചരിത്രം, സിദ്ധാന്തം, പ്രയോഗം എന്നപേരിൽ. പിജി യും. എംജിഎസ്സും, നിസാർ അഹമ്മദും, പി പി രവീന്ദ്രനും, ടി വി മധുവും, ഇ വി രാമകൃഷ്ണനും, കെ എൻ ഗണേശും ഉൾപ്പെടെ കേരളത്തിന് അകത്തും പുറത്തുമുള്ള വലിയൊരു നിര പണ്ഡിതർ അതിലെഴുതി. എറണാകുളത്ത് സാഹിത്യപരിഷത്ത് ഹാളിൽ ഒരു ദിവസം നീണ്ടുനിന്ന സെമിനാറിലാണ് ആ ഗ്രന്ഥം പ്രകാശിപ്പിച്ചത്. ഇപ്പോൾ നാലു പതിപ്പായിരിക്കുന്നു. ഒന്നരപ്പതിറ്റാണ്ടിനു ശേഷവും സംസ്കാരപഠനത്തിലേക്കുള്ള മികച്ച പ്രവേശകങ്ങളിലൊന്നായി അതു തുടരുന്നുണ്ട്. വിഷയസമീപനത്തിൽ മാഷെപ്പോഴും നിലനിർത്താൻ ശ്രമിച്ചിട്ടുള്ള സംവാദാത്മകത ആ ഗ്രന്ഥത്തിനും ഉണ്ടെന്ന് തോന്നുന്നു. അന്തിമവിധി പറയാതെ, സാംസ്കാരികപഠനങ്ങളുടെ ബഹുസ്വര പ്രകൃതത്തിലേക്ക് അതിന്റെ വാതിലുകൾ തുറന്നുകിടക്കുന്നു.


രണ്ടാമത്തേത് സ്‌കറിയാമാഷിന്റെ ഗവേഷണപ്രബന്ധങ്ങളുടെയും ലേഖനങ്ങളുടെയും ബൃഹദ്സമാഹാരമാണ്‐ മലയാളവഴികൾ. 2016 ലോ മറ്റോ ആണ് അത്തരമൊരു സമാഹാരത്തെക്കുറിച്ച് ഞാനും അജയനും (പ്രൊഫ. എൻ അജയകുമാർ) ആലോചിച്ചത്. വൈകാതെ ആ ആശയവുമായി ഞങ്ങൾ ചങ്ങനാശ്ശേരിയിൽ മാഷുടെ വീട്ടിലെത്തി. അത്തരമൊരു സമാഹാരത്തിന്റെ കാര്യത്തിൽ മാഷ് ആദ്യം വിമുഖനായിരുന്നു. പഴയ പഠനങ്ങൾ പലതും പുതുക്കിയെഴുതണം എന്നായിരുന്നു മാഷിന്റെ അഭിപ്രായം. കുറെയേറെ ശ്രമങ്ങൾക്കു ശേഷമാണ് ഞങ്ങളുടെ ആശയത്തിന് മാഷ് സമ്മതം തന്നത്.


സാഹിത്യപഠനം, ഭാഷാവിചാരം, മതവിചിന്തനം, സംസ്കാരപഠനം, ജനസംസ്കാരവും പൈതൃകപഠനവും എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ 84 പ്രബന്ധങ്ങൾ ഉൾപ്പെടുത്തിയ സമാഹാരമാണ് ഞങ്ങൾ വിഭാവനം ചെയ്തത്. ഓരോ ഭാഗത്തിനും പ്രത്യേകം ആമുഖങ്ങൾ തയ്യാറാക്കി. ഡോ. ബാബു ചെറിയാൻ, ഡോ. അജു നാരായണൻ, ഡോ. പി ആന്റണി, ഡോ. ജോസഫ് സ്‌കറിയ, ഡോ. കെ വി ശശി എന്നിവർ തയ്യാറാക്കിയ വിശേഷപഠനങ്ങൾ. അജയനും ഞാനും ചേർന്ന് പൊതുവായ ഒരാമുഖ പഠനവും എഴുതി. പ്രതീക്ഷിച്ചതിനെക്കാൾ ഒന്നര വർഷത്തോളം കഴിഞ്ഞാണ് സാഹിത്യപ്രവർത്തക സഹകരണ സംഘം വഴി ആ ഗ്രന്ഥം പുറത്തിറക്കാനായത്. എങ്കിലും, 1200 ഓളം പുറങ്ങളിൽ പടർന്നുകിടക്കുന്ന അത്യന്തവിപുലവും അങ്ങേയറ്റം വൈവിധ്യസമൃദ്ധവുമായ ഒരാശയ പ്രപഞ്ചം ആ സമാഹാരത്തിൽ പഠിതാക്കളെ ഇപ്പോൾ വരവേൽക്കുന്നു.


'മലയാളവഴി'കളിലെ പഠനങ്ങളിലൂടെ കടന്നുപോകുമ്പോൾ മാഷ് സഞ്ചരിച്ച വിജ്ഞാനലോകത്തിന്റെ വൈവിധ്യം നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. അവയുടെ അത്യസാധാരണമായ നവീനതയും. മാധവിക്കുട്ടിയുടെ രചനകളിലെ അലിയുന്ന കർതൃത്വത്തെക്കുറിച്ചുള്ള പഠനം എൺപതുകൾക്കൊടുവിലേതാണ്. ഘടനാവാദാനന്തര ചിന്തയുടെ ഉൾക്കാഴ്ചകൾ ഉപയോഗപ്പെടുത്തിയാണ് മാഷ് അതെഴുതിയത്. അങ്ങനെയാണ് താൻ എഴുതിയതെന്ന കാര്യം മാഷ് തന്നെ മറന്നിരിക്കുന്നു. അതെവിടെയും പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. മറ്റു നിരവധി ലേഖനങ്ങളും മാഷിന്റെ ഓർമ്മയിൽ നിന്നുതന്നെ പിൻവാങ്ങിയിരുന്നു. പലതും ഒട്ടും പ്രസിദ്ധമല്ലാത്ത ചെറുമാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയായിരുന്നു.


മലയാളം കമ്പ്യൂട്ടിങ്‌ മുതൽ മതവിജ്ഞാനം വരെയും, മാവേലിപ്പാട്ട് മുതൽ മിഖായേൽ ബഖ്തിൻ വരെയുമായി, മനുഷ്യജീവിതത്തിന്റെ ബഹുസ്വരാത്മകതയിലേക്ക് അത്രമേൽ തുറന്നുകിടക്കുന്നതായിരുന്നു മാഷിന്റെ രചനാജീവിതം. അവയെ ചേർത്തുവച്ചപ്പോൾ നമ്മുടെ കാലത്തെ തികവുറ്റ ബൗദ്ധികജീവിതങ്ങളിലൊന്നിലേക്കുള്ള പ്രകാശപൂർണമായ വഴികൂടിയാണ് തെളിഞ്ഞുകിട്ടിയത്. ആ വഴിയിലൂടെ ഇപ്പോൾ ധാരാളം പേർ നടന്നുതുടങ്ങിയിരിക്കുന്നു.

സ്‌കറിയാമാഷിന്റെ ക്ലാസ്സുകൾ എപ്പോഴും പ്രസാദം നിറഞ്ഞതായിരുന്നു. അതൊരിക്കലും പാണ്ഡിത്യത്തിന്റെ പ്രദർശനശാലയായില്ല. കുട്ടികൾക്ക് മാഷ് ഭയപ്പെടുത്തുന്ന ഒരാളായിരുന്നില്ല.


കഥയുടെ അതിസങ്കീർണമായ ഉൾപ്പിരിവുകളിലേക്ക് അത്രമേൽ അനായാസം വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന ചെക്കോവിന്റെ കഥനശൈലിയെ ഓർമ്മിപ്പിക്കുന്ന ക്ലാസ്സുകളായിരുന്നു അത്. ഒരറിവിനെയും കേവലവിവരമായോ, വസ്തുതാവിവരണമായോ അവസാനിക്കാൻ മാഷ് അനുവദിച്ചില്ല. കഠിനമായ സിദ്ധാന്തങ്ങൾ ദുർഗ്രഹതയുടെ പാഠശാലകളോ പാചകപ്പുരകളോ ആയതുമില്ല. ജീവിതബന്ധങ്ങളുടെ മൂർത്തതയിൽ നിന്ന് മാഷ് അറിവിലേക്കും ആശയങ്ങളിലേക്കും സഞ്ചരിച്ചു; തിരിച്ചും. അതുകൊണ്ട് അമൂർത്തതയുടെ കേവലഭാരമായി, ആ അറിവുകളൊന്നും വിദ്യാർഥികളെ ഭയപ്പെടുത്തിയില്ല. ജനാധിപത്യത്തിന്റെ സംവാദസദസ്സുകളായി തന്റെ ക്ലാസ്സുകളെ മാറ്റിത്തീർക്കാൻ മാഷ് എപ്പോഴും ശ്രദ്ധാലുവായിരുന്നു. മാഷുടെ ക്ലാസ്സുകൾ ഏകമുഖമായ പ്രഭാഷണങ്ങളായിരുന്നില്ല. കുട്ടികളോട് നിരന്തരം സംസാരിച്ചാണ് മാഷിന്റെ ക്ലാസ്സുകൾ മുന്നേറിയത്. ശാഠ്യങ്ങളും അന്തിമമായ വിധീതീർപ്പുകളും ഇല്ലാത്ത, വാദങ്ങളുടെയും എതിർവാദങ്ങളുടെയും സൗമ്യവും സ്നേഹഭരിതവുമായ ലോകമായിരുന്നു ആ ക്ലാസ്സുകൾ. ആശയങ്ങൾ അവിടെ ചിറകുവിരിച്ച് പറന്നു.



വിദ്യാഭ്യാസം മനുഷ്യന് ബൗദ്ധികശ്രേഷ്ഠതയാണോ ധാർമ്മികശ്രേഷ്ഠതയാണോ പകരേണ്ടത് എന്നത് വളരെ പഴയൊരു ചോദ്യമാണ്. പ്ലേറ്റോയുടെ കാലം മുതൽക്കേ അതുന്നയിക്കപ്പെടുന്നുണ്ട്. പിൽക്കാലത്ത് പലതരം ചോദ്യങ്ങളും ഉത്തരങ്ങളും അതിനെച്ചൊല്ലി ഉയർന്നുവരികയും ചെയ്തു. അറിവിലെ ധാർമ്മികമൂല്യം എന്ന ആശയം നമ്മുടെ കാലത്ത് കാര്യമായൊന്നും മാനിക്കപ്പെടുന്ന ഒന്നല്ല. സാങ്കേതികതയും വിവരവിതരണവും വിഴുങ്ങുന്ന ഒന്നായി നമ്മുടെ വിജ്ഞാനപരിസരം കൂടുതൽ കൂടുതൽ പരിണമിച്ചുകൊണ്ടിരിക്കുന്നു. വിജ്ഞാനത്തിന്റെ ധാർമ്മികമാനത്തെക്കുറിച്ച് പറയുന്നവർ മിക്കവാറും പഴയ ലോകത്തിന്റെ അവശേഷിപ്പുകളായിത്തീർന്നിരിക്കുന്നു.

സ്‌കറിയാമാഷ് പക്ഷേ, അതിൽ നിന്ന് വ്യത്യസ്തനാണ്. ഏറ്റവും പുതിയ അറിവിനോട് സംവാദ സന്നദ്ധനായിരിക്കെത്തന്നെ, അതിന്റെ നൈതികാധാരങ്ങളെക്കുറിച്ച് മാഷ് എപ്പോഴും ഉത്കണ്ഠ പുലർത്തുകയും ചെയ്തു. ക്ലാസ്സ് മുറിയിലെ ചെറിയ വിഷയാവതരണമായാലും, പടിഞ്ഞാറൻ സർവകലാശാലകളിലെ പ്രബന്ധാവതരണമായാലും മാഷ് ഇക്കാര്യത്തിൽ ഒരേ നിഷ്കർഷ പുലർത്തി. അധ്യാപകൻ എന്ന തന്റെ ജോലിയിൽ അദ്ദേഹം ഒരിക്കലും വീഴ്ച വരുത്തില്ല. എല്ലാ ക്ലാസ്സുകളിലും അദ്ദേഹം കൃത്യമായി ചെന്നു; അത്രമേൽ സുഭഗമായി ക്ലാസ്സുകൾ എടുത്തു.


സർവകലാശാലയിലെ ഏറ്റവും മുതിർന്ന പ്രൊഫസർമാരിൽ ഒരാളായതിനു ശേഷവും ഒന്നാം വർഷ ബിരുദക്ലാസ്സിൽ പഠിപ്പിക്കുവാൻ പോയിരുന്ന മാഷിനെ എനിക്കോർമ്മയുണ്ട്. 'കോപ്പിടും നൃപതിപോലെയും / കളിക്കോപ്പെടുത്ത ചെറുപൈതൽ പോലെയും' എന്ന കവിവാക്യം മാഷിനും ഇണങ്ങുമായിരുന്നു. അറിവിനെ മനുഷ്യരോടുള്ള അനുതാപമായി മാറ്റാൻ സ്‌കറിയാമാഷിന് കഴിഞ്ഞു. അനുകമ്പയായിത്തീരാത്ത ദൈവബോധമെന്നപോലെ അനുതാപമില്ലാത്ത അറിവും പാഴാണെന്ന് മാഷിനറിയാമായിരുന്നു.


എഴുപത്തിയഞ്ചാം വയസ്സിലേക്കെത്തുമ്പോഴും, ചങ്ങനാശ്ശേരിയിൽ മാഷ് പ്രവർത്തനനിരതനാണ്. ശാരീരികമായ വൈഷമ്യങ്ങൾ മാഷിന്റെ വിജ്ഞാനോന്മുഖതയെ ബാധിച്ചിട്ടില്ല. സ്‌കറിയാമാഷിനെ നമ്മുടെ കാലം വേണ്ടപോലെ മനസ്സിലാക്കിയോ? ഇല്ലെന്ന തോന്നലാണ് എനിക്കുള്ളത്. നമ്മുടെ സാംസ്കാരിക‐വൈജ്ഞാനിക ജീവിതത്തിന്റെ ആഘോഷനിർഭരമായ പൂമുഖങ്ങളിൽ മാഷ് ഏറെയൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ബഹുതലസ്പർശിയായ വൈജ്ഞാനിക ജീവിതവും അതിലദ്ദേഹം പുലർത്തിയ വിഷയാന്തര സമീപനവും അതിനു പിന്നിലെ സാമൂഹികജാഗ്രതയും പഴമയ്ക്കും പുതുമയ്ക്കും ഇടയിലെ നിരന്തര സഞ്ചാരങ്ങളുമെല്ലാം വരുംകാലത്തിന്റെ ആലോചനകളിൽ കൂടുതൽ ഇടംപിടിക്കുമെന്നാണ് ഞാൻ കരുതുന്നത്. മലയാള വൈജ്ഞാനികതയുടെ ഭാവിജീവിതത്തിന്റെ വഴികളിലൊന്ന് അതായിരിക്കുമെന്നും .


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive