Saturday, September 04, 2021

ഭരതം എന്ന അധ്യാപന കല

 


'മഹാരാജാസിന്റെ മുകളില്‍ പാകിസ്താന്‍ ബോംബുകള്‍ വര്‍ഷിക്കട്ടെ', ഭരതന്‍ സര്‍ എന്ന അധ്യാപന കല

K A johny

Sep 4, 2021, 10:55 AM IST


'' അമ്മേ, ഇവിടെ നിന്നു പുറത്തിറങ്ങി ആദ്യം കാണുന്ന പള്ളിയില്‍ കയറി മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക. ഈ മഹാരാജാസ് കോളേജിന്റെ മുകളില്‍ പാകിസ്താൻ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കട്ടെ. അപ്പോള്‍ ഇവിടെ പ്രീഡിഗ്രിക്ലാസ്സുകളില്‍ ഇപ്പോള്‍ പ്രവേശനം കിട്ടിയിട്ടുള്ളവര്‍ മരിച്ച് വീഴും. അങ്ങിനെ നിരവധി ഒഴിവുകളുണ്ടാവുകയും അമ്മയുടെ മകന് പ്രവേശനം കിട്ടുകയും ചെയ്യും. പഠിക്കേണ്ട സമയത്ത് നന്നായി പഠിക്കണം. അല്ലാതെ വയസ്സായ അമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. '' ആ ഉപദേശം ആ പയ്യന്‍ ജിവിതകാലത്ത് മറന്നിട്ടുണ്ടാവില്ല.




പ്രൊഫസര്‍ കെ. എന്‍ ഭരതന്‍ എന്ന ഭരതന്‍സാര്‍ എന്റെ അദ്ധ്യാപകനായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ക്ലാസ്സിലും ഞാന്‍ ഇരുന്നിട്ടില്ല. പക്‌ഷേ, ഭരതന്‍സാറില്‍ നിന്ന് പഠിച്ചതുപോലെ മറ്റാരില്‍ നിന്നെങ്കിലും പഠിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഞങ്ങള്‍ ചേന്ദമംഗലത്തുകാര്‍ക്ക് , 70 കളിലെയും 80 കളിലെയും 90 കളിലെയും തലമുറകള്‍ക്ക് ഭരതന്‍സാറായിരുന്നു പ്രധാന വിദ്യാലയം. ഭരതന്‍ സ്‌കൂള്‍ ഒഫ് ലൈഫ് എന്ന സവിശേഷ വിദ്യാകേന്ദ്രത്തില്‍ നിന്നാണ് ഞങ്ങള്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. രൂപം കൊണ്ടും ഭാവം കൊണ്ടും ഭരതന്‍സാര്‍ സോക്രട്ടീസിനെ ഓര്‍മ്മിപ്പിച്ചു. യവന ചിന്തകന്മാര്‍ ഭരതന്‍സാറിന് ആവേശമായിരുന്നു. പ്ലേറ്റോയും അരിസ്‌റ്റോട്ടിലും  ഞങ്ങളുടെ പദശേഖരങ്ങളിലേക്ക് കടന്നുവന്നത് ഭരതന്‍ സാറിലൂടെയാണ്.


ചേന്ദമംഗലം പണ്ട്കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് പാലിയം തറവാടിലൂടെയായിരുന്നു. കൊച്ചിരാജാക്കന്മാരുടെ ദിവാന്മാരായിരുന്ന പാലിയത്തച്ചന്മാരായിരുന്നു ചേന്ദമംഗലത്തിന്റെ ഭാഗധേയം നിര്‍ണ്ണയിച്ചിരുന്നത്. ജനാധിപത്യത്തിന്റെ സുന്ദരവും സുരഭിലവുമായ സഞ്ചാരത്തില്‍ പാലിയം ഓര്‍മ്മയായി, മുസിരിസ് പദ്ധതിയില്‍ പാലിയം വലിയ വീട് മ്യൂസിയമായി. ഈ പരിണാമദശകളില്‍ ചേന്ദമംഗലത്തിന്റെ കൊടിയടയാളം ഭരതന്‍സാറായിരുന്നു. മാനവികതയുടെ മുന്നേറ്റങ്ങളില്‍ ഫ്യൂഡലിസം തകര്‍ന്നടിഞ്ഞപ്പോള്‍ ദേശങ്ങളെ മനുഷ്യര്‍ തന്നെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുകയെന്നത് സ്വാഭാവികമായ പ്രക്രിയയായിരുന്നു. എവിടെയാണ് വീടെന്നു ചോദിച്ചാല്‍ ചേന്ദമംഗലത്തെന്നും ചേന്ദമംഗലത്ത് എവിടെയെന്ന് ചോദിച്ചാല്‍ ഭരതന്‍സാറിന്റെ വീടിനടുത്തെന്നും ഞങ്ങള്‍ പറയാന്‍ തുടങ്ങിയത് അങ്ങിനെയാണ്.


എറണാകുളം മഹാരാജാസ് കോളേജായിരുന്നു ഭരതന്‍ സാറിന്റെ തട്ടകം. അദ്ധ്യാപകനായും പ്രിന്‍സിപ്പലായും ഔദ്യോഗിക ജിവിതത്തിന്റെ ഏറിയഭാഗവും ഭരതന്‍സാര്‍ മഹാരാജാസിലുണ്ടായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സായിരുന്നു സാര്‍ പഠിപ്പിച്ചിരുന്നത്. റൂസ്സോയെയും വോള്‍ട്ടയറെയും മാര്‍ക്‌സിനെയും കമ്പോടുകമ്പ് ഉദ്ധരിച്ചുകൊണ്ട് ഭരതന്‍ സാര്‍ എടുക്കുന്ന ക്ലാസ്സുകളെക്കുറിച്ച് ശിഷ്യന്മാര്‍ വാചാലരാവുന്നത് പലതവണ കേട്ടിട്ടുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സാറിനെത്തേടി വിദ്യാര്‍ത്ഥികള്‍ ചേന്ദമംഗലത്തെ വീട്ടിലെത്തുമായിരുന്നു. അദ്ധ്യയനകാലം മുഴുവന്‍ ഉഴപ്പി നടക്കുകയും പരീക്ഷാ സമയമാവുമ്പോള്‍ മാത്രം പഠിക്കുകയും ചെയ്യുന്നവരായിരുന്നു അവരില്‍ ഭൂരിപക്ഷവും. ഭരതന്‍സാറിന്റെ അടുത്തെത്തിയാല്‍ തങ്ങള്‍ ഒരിക്കലും തോല്‍ക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അഞ്ചുപേര്‍ വന്നാല്‍ അഞ്ചുപേര്‍ക്ക് അഞ്ച് വ്യത്യസ്ത നോട്ടുകള്‍ പറഞ്ഞുകൊടുക്കുന്ന ഭരതന്‍സാറിന്റെ വൈഭവം എത്രയോ തവണ നേരിട്ടുകണ്ടിരിക്കുന്നു.


വൈകുന്നേരങ്ങളിലും വാരാന്തങ്ങളിലും ഞങ്ങള്‍ കുറച്ചുപേര്‍ നസീര്‍ , ശിവകുമാര്‍ , പുത്തന്‍വേലിക്കരയില്‍ നിന്നും പുഴകള്‍ കടന്ന് വി ആര്‍ സന്തോഷ് തുടങ്ങിയവർ ഭരതന്‍സാറിന്റെ വീട്ടില്‍ പതിവുകാരായിരുന്നു. ഓരോ ദിവസം കോളേജില്‍ നിന്നു വരുമ്പോഴും സാറിന്റെ കൈയ്യില്‍ പുതിയ പുസ്തകങ്ങളുണ്ടാവും. മിഗ്വെല്‍ ഡി ഉണാമുണൊയുടെ ട്രാജിക് സെന്‍സ് ഒഫ് ലൈഫ്, കസാന്‍ദ് സാക്കിസിന്റെ റിപ്പോര്‍ട്ട് ടു ഗ്രെക്കൊ, കനേറ്റിയുടെയും നെരൂദയുടെയും ആത്മകഥകള്‍, ഉമ്പര്‍ട്ടൊ എക്കൊയുടെ ദ നെയിം ഒഫ് ദ റോസ് എന്നീ ഗ്രന്ഥങ്ങള്‍ ആദ്യമായി കണ്ടത് ഭരതന്‍ സാറിന്റെ വീട്ടിലാണ്. വില്‍ഡൂറന്റും ബര്‍ട്രന്റ് റസ്സലും ഏലിയട്ടും ഹുവാന്‍ റൂള്‍ഫോയും മാര്‍ക്കേസും ബോര്‍ഹസുമൊക്കെ ചേർന്ന് വായനയുടെ ലോകം വിശാലമാക്കുന്നതും അവിടെ നിന്നാണ്. പുസ്തകങ്ങളോട് ഭരതന്‍സാറിന് ഒരു തരം ഭ്രാന്തുതന്നെയായിരുന്നു. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കിട്ടുന്നതിന് ഏതറ്റം വരെ പോവാനും സാര്‍ തയ്യാറായിരുന്നു. ഇന്റ്‌റര്‍ നെറ്റും ഓണ്‍ലൈന്‍ കച്ചവടവുമില്ലാതിരുന്ന നാളുകളില്‍ വിദേശങ്ങളില്‍ നിന്നു വരുന്ന ശിഷ്യരാണ് സാറിന് സാഹിത്യലോകത്തെ പുതിയ നക്ഷത്രങ്ങള്‍ സമ്മാനിച്ചിരുന്നത്. വലിയ സഞ്ചികളില്‍ , ചിലപ്പോള്‍ ചാക്കുകളില്‍ വന്‍ പുസ്തകശേഖരവുമായി സാര്‍ ബസ്സിറങ്ങി വരുന്ന കാഴ്ച അപൂര്‍വ്വമായിരുന്നില്ല.


അപാരമായ ആത്മവിശ്വാസമാണ് ഭരതന്‍സാര്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത്. ഞങ്ങളുടെ ജിവിതങ്ങളില്‍ ഭരതന്‍സാറിന്റെ ഏറ്റവും വലിയ സംഭാവനയെന്താണെന്ന ചോദ്യത്തിന് ഇതുതന്നെയാവും ഉത്തരം. മഹാരാജാസിലും ഇതര കോളേജുകളിലും സാറിന്റെ ശിഷ്യരായിരുന്നവരും ഇതുതന്നെയാവും പറയുകയെന്ന് ഞാന്‍ കരുതുന്നു. ആരുടെ മുന്നിലും തലയയുയര്‍ത്തി നില്‍ക്കുന്നതിനും തന്റേടത്തോടെ സംസാരിക്കുന്നതിനും കഴിഞ്ഞത്, ഇപ്പോഴും കഴിയുന്നത് ഭരതന്‍സാറിന്റെ ശിക്ഷണത്തിന്റെ അടിത്തറയിലാണ്. 


ഗാന്ധി സര്‍വ്വകലാശാലാ യുവജനോത്സവത്തില്‍ സെന്റ്‌തെരേസസാസിനെ മലര്‍ത്തിയടിച്ച് മഹാരാജാസ് ഒന്നാം സ്ഥാനത്തെത്തിയത് ഭരതന്‍സാര്‍ പ്രിന്‍സിപ്പലായിരിക്കെയായിരുന്നുവെന്നത് യാദൃശ്ചികതയല്ല. സാറിന്റെ മകന്‍ കൃഷ്ണനുണ്ണിയും ഞാനും ആലുവ യുസി കോളേജില്‍ ഒന്നിച്ചുണ്ടായിരുന്നു. പല ഡിബേറ്റ് മത്സരങ്ങളിലും കോളേജിനെ പ്രതിനിധീകരിച്ചിരുന്നത് ഞങ്ങളായിരുന്നു. ഡിബേറ്റിന് പുറപ്പെടുംമുമ്പ് സാറുമായുള്ള ഒരു സെഷന്‍ നിര്‍ബ്ബന്ധമായിരുന്നു. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേക്ക് ഞങ്ങളെ എത്തിക്കാന്‍ സാര്‍ പറഞ്ഞിരുന്ന ഒരു ഡയലോഗ് ഇതായിരുന്നു. '' ഇന്നിപ്പോള്‍ അപ്പുറത്ത് എതിരാളികളായി പ്രൊഫസര്‍ സാനുവും സുകുമാര്‍ അഴീക്കോടും വന്നാലും നിങ്ങളെ തോല്‍പിക്കാനാവില്ല. '' പ്രസംഗമത്സരത്തില്‍ കൃഷ്ണനുണ്ണിയുടെ സ്ഥിരം എതിരാളിയായിരുന്നു ഞാനെന്നത് സാറിനെ ഒരിക്കലും അലട്ടിയിരുന്നില്ല. ശിഷ്യരുടെയെന്നല്ല തന്റെ അടുത്തുവരുന്ന ഒരാളുടെയും ജാതിയോ മതമോ സാര്‍ നോക്കിയിരുന്നില്ല. മന്നത്ത് പത്മനാഭനെ ഇഷ്ടപ്പെട്ടപ്പോഴും എന്‍ എസ് എസ്സില്‍ അംഗത്വമെടുക്കാന്‍ സാര്‍ തയ്യാറായില്ല. സമുദായത്തിലെ പ്രമാണിമാരെ നിശിതമായി പരിഹസിക്കാന്‍ സാര്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു.


കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജേര്‍ണലിസത്തിന് പഠിക്കുന്ന കാലത്ത് ഒരു ദിവസം എറണാകുളത്ത് മഹാരാജാസിലെത്തി സാറിനെ കണ്ടു. സാര്‍ അന്നവിടെ പ്രിന്‍സിപ്പലാണ്. പ്രിന്‍സിപ്പലിന്റെ വിശാലമായ മുറിയിലേക്ക് വിളിച്ചിരുത്തിയ ശേഷം സാര്‍ അറ്റന്‍ഡറെ വിളിച്ചു. '' ഇതാണ് പ്രഭാകരന്‍ . ഈ പ്രഭാകരനെപ്പോലെ ഒരു കലാകാരനെ ഞാന്‍ കണ്ടിട്ടില്ല. ഈ കഠാര കണ്ടോ , ഇതൊരു ശില്‍പമാണ് . പ്രഭാകരന്‍ സമ്മാനിച്ച ശില്‍പം. ''   മുറുക്കല്‍ ഒരു കലപോലെ കൊണ്ടു നടന്നിരുന്ന ഭരതന്‍സാറിന് പ്രഭാകരന്‍ എന്ന അറ്റന്‍ഡര്‍ അടക്ക നുറുക്കാന്‍ ഒരു കത്തി കൊടുത്തതാണ് സംഗതി. ഇന്നിപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഭരതന്‍ സാര്‍ പ്രഭാകരന് സമ്മാനിച്ച ആത്മവിശ്വാസത്തിന്റെ അളവാണ് അത്ഭുതപ്പെടുത്തുന്നത്. ഒരാളും നിസ്സാരനല്ല എന്ന സന്ദേശം എത്ര ഗംഭീരമായാണ് സാര്‍ പകര്‍ന്നുതന്നിരുന്നത്. വലതുകൈത്തണ്ട ഇടതുകൈകൊണ്ട് പിടിച്ചാണ് സാര്‍ സംസാരിക്കുക. സാധാരണരീതിയിലുള്ള സംസാരം സാറിനുണ്ടായിരുന്നില്ല. ഫോണ്‍ചെയ്യുമ്പോള്‍ പോലും പ്രസംഗിക്കുകയാണെന്ന് തോന്നും. പ്രസംഗം ഒരു കലയാണെന്ന് സുകുമാര്‍ അഴിക്കോടിന്റെ പ്രസംഗം കേള്‍ക്കും മുമ്പുതന്നെ ഞങ്ങള്‍ ചേന്ദമംഗലത്തുകാര്‍ അറിഞ്ഞിരുന്നു. ചേന്ദമംഗലത്തെ ഒരു പൊതുപരിപാടിയും ഭരതന്‍സാറിന്റെ പ്രസംഗമില്ലാതെ കടന്നുപോവുമായിരുന്നില്ല. കേരളം കണ്ടിട്ടുള്ള അഞ്ച് മഹാ പ്രഭാഷകരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ അതില്‍ ഭരതന്‍സാറിനെ ആദ്യം തന്നെ ഉള്‍പ്പെടുത്തുന്നതിന് രണ്ടുവട്ടം ആലോചിക്കേണ്ട കാര്യമില്ല.


ഭരതന്‍ സാറിനെ വ്യത്യസ്തനാക്കുന്ന വലിയൊരു ഘടകം സാറിന്റെ ജനകീയതയായിരുന്നു. സമാനമനസ്‌കരോട് മാത്രമല്ല എല്ലാവരോടും സാര്‍ ഒരുപോലെ ഇടപെട്ടു. ചേന്ദംഗലത്തെ ചായക്കടക്കാരും മുറുക്കാന്‍കടക്കാരും പച്ചക്കറിക്കാരും ഇറച്ചിവെട്ടുകാരും ചെത്തുകാരും നെയ്ത്തുകാരും ഒരുപോലെ സാറിന്റെ സുഹൃത്തുക്കളായിരുന്നു.  പേരു ചൊല്ലിവിളിക്കാന്‍ അറിയുന്ന ആഴത്തില്‍ ഇവരെയെല്ലാവരേയും സാര്‍ അറിയുകയും ചെയ്തു. കസാന്‍ദ്‌സാക്കീസിന്റെ സോര്‍ബ ദ ഗ്രീക്കിനെപ്പോലെ ജിവിതത്തിന്റെ സമസ്തമേഖലകളിലും സാര്‍ ആഹ്ലാദത്തോടെ വ്യാപരിച്ചു. ചേന്ദമംലത്തെത്തുന്ന ആനക്കാരോട് പഴങ്കഥകള്‍ പറഞ്ഞും വെടിക്കെട്ടുകാരോട് പൂരവിശേഷങ്ങള്‍ പറഞ്ഞും കഥകളിക്കാരോട് വള്ളത്തോളിനെയും കലാമണ്ഡലത്തെയുംകുറിച്ച് പറഞ്ഞും കൊട്ടുകാരോട് വാദ്യപ്രമാണിമാരെക്കുറിച്ച് പറഞ്ഞും ഭരതന്‍സാര്‍ ചുറ്റുവട്ടങ്ങള്‍ കൊഴുപ്പിച്ചു. പറവൂര്‍ പാലം തകര്‍ന്നപ്പോള്‍ പുതിയ പാലത്തിനായി ജാഥ നടത്തി.  മിനര്‍വ്വ കള്ബ്ബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളില്‍  സാര്‍ അവിഭാജ്യഘടകമായിരുന്നു. പെലെയും വാവയും ഗരിഞ്ചയും സോക്രട്ടിസും റൂഡ് ഗള്ളിറ്റുമൊക്കെ ഞങ്ങളുടെ ഫുട്‌ബോള്‍ നിഖണ്ഡുവിലേക്ക് കയറിവന്നത് സാറിലൂടെയാണ്. ചേന്ദംഗലം സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രീമിയര്‍ കേബിള്‍സിനുവേണ്ടി പട്യാല ദേവസ്സി ഇറങ്ങുമ്പോഴും ആലുവ ലക്കിസ്റ്റാറിന്റെ ഗോള്‍വലയം കാക്കാന്‍ വര്‍ക്കിയെത്തുമ്പോഴും ആള്‍ക്കൂട്ടത്തെ ത്രസിപ്പിച്ചുകൊണ്ട് ഭരതന്‍സാര്‍ ഫുട്‌ബോള്‍ കഥകള്‍ പറഞ്ഞു.


ഭരതന്‍സാറുണ്ടെങ്കില്‍ ഉത്സവത്തിന് കാശുപിരിക്കല്‍ ഒരു കലയായി മാറും. ചേന്ദമംഗലത്തും പറവൂരിലും ഏതുവിട്ടിലും ഏതുപാതിരാത്രിക്കും വാതിലില്‍ മുട്ടി പിരിവു ചോദിക്കാന്‍ ഭരതന്‍സാറിനാവുമായിരുന്നു. ഒരു ദിവസം രാവിലെ സാറിന്റെ വീട്ടിലെത്തിയപ്പോള്‍ സാറിന്റെ ഭാര്യ  പരാതി പറഞ്ഞു.  ഉത്സവപ്പിരിവിനു പോയി ദിവസവും രാത്രി വളരെ വൈകിയാണ് സാര്‍ വരുന്നതെന്നായിരുന്നു പരാതി. പിള്ളേരു വിളിച്ചാല്‍ എങ്ങിനെയാണ് പോവാതിരിക്കുന്നതെന്നും എന്നാല്‍ ഇനിയങ്ങോട്ട് ഈ പരിപാടി നിര്‍ത്തിയെന്നും സാര്‍ ഭാര്യയോട് തറപ്പിച്ചു പറഞ്ഞു. എന്നിട്ട് പച്ചക്കറി വാങ്ങാന്‍  സാര്‍ എന്നയും കൂട്ടി ഡേവിസിന്റെ കടയിലേക്കു വന്നു. ലോകത്തെ സമസ്ത പച്ചക്കറികളെക്കുറിച്ചും ഡേവിസിനോട് സംസാരിച്ചുകൊണ്ടുനില്‍ക്കെ ദാ വരുന്നു ഉത്സവക്കമ്മിറ്റിക്കാര്‍. ''സാര്‍ , ഇന്ന് നമുക്ക് പൊടിക്കണം.  കാര്‍ റെഡിയാണ്. '' ഒരു നിമിഷം സാര്‍ എന്നെ നോക്കി. എന്നിട്ട് പച്ചക്കറി സഞ്ചി കൈയ്യിലേക്ക് തന്നിട്ട് അടുത്ത പിരിവ് പരിപാടിക്കായി കാറിലേക്ക് കയറി.


സിനിമയായിരുന്നു സാറിന്റെ മറ്റൊരു ലോകം. ലോക സിനിമയിലെ ക്ലാസ്സിക്കുകള്‍ സാറിന് മനഃപാഠമായിരുന്നു. റേയുടെ പഥേര്‍ പാഞ്ചാലി തിരശ്ശീലയില്‍ കാണുംമുമ്പ് ഞങ്ങള്‍ കണ്ടത് ഭരതന്‍സാറിന്റെ വാക്കുകളിലൂടെയാണ്. ഒമര്‍ മുക്താര്‍ ദ ലയണ്‍ ഒഫ് ദ ഡെസെര്‍ട്ട്, ലോറന്‍സ് ഒഫ് അറേബ്യ, ദ റിവര്‍ ഓണ്‍ ദ ബ്രിഡ്ജ് ക്വായ് എന്നിവയൊക്കെ കാണണമെന്ന മോഹമുദിച്ചത് ഭരതന്‍സാര്‍ പറഞ്ഞതുകൊണ്ടാണ്. ചേന്ദമംഗലത്തേക്ക് ചലച്ചിത്രമേളകള്‍ വന്നതിന് പിന്നില്‍ ഭരതന്‍സാറുണ്ടായിരുന്നു.


കവിതയിലും സിനിമയിലും രാഷ്ട്രമീമാംസയിലുമെന്നപോലെ ഭക്ഷണത്തിലും ഭരതന്‍ സാര്‍ ആണ്ടിറങ്ങി. ഇത്രയും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മറ്റൊരാള്‍ ചേന്ദമംഗലത്തുണ്ടായിരുന്നില്ല. കല്യാണത്തിനും മാമ്മോദീസയ്ക്കും ആണ്ടിനുമൊക്കെ ഭരതന്‍സാര്‍ പന്തലിലുണ്ടെങ്കില്‍ നാവ് സ്വമേധയാ രൂചി വീണ്ടെടുക്കുമായിരുന്നു. കാപട്യമില്ലായ്മയായിരുന്നു സാറിന്റെ മുഖമുദ്ര. മദ്യപാനം സാറിന് ഒരിക്കലും രഹസ്യ ആചാരമായിരുന്നില്ല. രണ്ട് പെഗ്ഗടിച്ച് ക്ലാസ്സെടുക്കാനാവാതെ കുഴങ്ങിയ ഒരദ്ധ്യാപകനെ വിളിച്ച് ഒരു പൈന്റടിച്ചാലും കുലുങ്ങാതെയിരിക്കുന്നതെങ്ങിനെയാണെന്ന് സാര്‍ കാണിച്ചുകൊടുത്തത് മഹാരാജാസിലെ ഇതിഹാസകഥകളില്‍ ഒന്നാണ്.


ഒരു ദിവസം മഹാരാജാസില്‍ സാറിന്റെ മുറിയിലിരിക്കുമ്പോള്‍ ഒരമ്മയും മകനും കോളേജിലെ  ജീവനക്കാരനെയും കൂട്ടി വന്നു. മകന് പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പില്‍ അഡ്മിഷന്‍ തേടിയാണ് അമ്മയുടെ വരവ്. സാര്‍ അമ്മയെയും മകനേയും കസേരയിലിരുത്തി. പുറത്തേക്ക് പോകാനൊരുങ്ങിയ എന്നോട് അവിടെതന്നെയിരിക്കാന്‍ പറഞ്ഞു. മകന് എസ്.എസ്.എല്‍.സിക്ക് മാര്‍ക്ക് കുറവാണെന്നും എന്നാലും എങ്ങിയെങ്കിലും സെക്കന്റ്ഗ്രൂപ്പില്‍ അഡ്മിഷന്‍ വേണമെന്നും അമ്മ പറഞ്ഞു. സാറിന്റെ മറുപടി ഇതായിരുന്നു '' അമ്മേ, ഇവിടെ നിന്നു പുറത്തിറങ്ങി ആദ്യം കാണുന്ന പള്ളിയില്‍ കയറി മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക. ഈ മഹാരാജാസ് കോളേജിന്റെ മുകളില്‍ പാക്കിസ്താന്റെ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കട്ടെ. അപ്പോള്‍ ഇവിടെ പ്രീഡിഗ്രിക്ലാസ്സുകളില്‍ ഇപ്പോള്‍ പ്രവേശനം കിട്ടിയിട്ടുള്ളവര്‍ മരിച്ച് വീഴും. അങ്ങിനെ നിരവധി ഒഴിവുകളുണ്ടാവുകയും അമ്മയുടെ മകന് പ്രവേശനം കിട്ടുകയും ചെയ്യും.''  അമ്മയേയും മകനേയും കൂട്ടി വന്ന ജീവനക്കാരന്‍ എങ്ങിനെ അപ്രത്യക്ഷനായെന്നറിയില്ല. അമ്മയും മകനും ഒരു കണക്കിനാണ് മുറി വിട്ടിറങ്ങിയത്. അപ്പോള്‍ സാര്‍ മകനെ തിരിച്ചുവിളിച്ചിട്ട് പറഞ്ഞു. '' പഠിക്കേണ്ട സമയത്ത് നന്നായി പഠിക്കണം. അല്ലാതെ വയസ്സായ അമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. '' ആ ഉപദേശം ആ പയ്യന്‍ ജിവിതകാലത്ത്  മറന്നിട്ടുണ്ടാവില്ല.


അടുപ്പമുള്ളവര്‍ക്കായി വഴിവിട്ട് സഞ്ചരിക്കാന്‍ സാറിന് മടിയുണ്ടായിരുന്നില്ല. ശുപാര്‍ശക്കത്തുകള്‍ നല്‍കുന്ന കാര്യത്തില്‍ സാര്‍ ഉമ്മന്‍ചാണ്ടിയുടെ അപ്പനായിരുന്നു. അടിപിടിക്കേസുകളില്‍ പെട്ടാല്‍ ചേന്ദമംഗലത്തുകാര്‍ ആദ്യം തേടുക ഭരതന്‍സാറിനെയായിരിക്കും. ഏതു പോലീസ് സ്‌റ്റേഷനിലും ഏതു പാതിരാത്രിയിലും പോയി ആളെ ഇറക്കികൊണ്ടുവരാന്‍ സാറിനാവുമായിരുന്നു. രേഖകളില്‍ ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഒപ്പ് വേണ്ടിവരുന്നുണ്ടെങ്കില്‍ സാറിന്റെ വീട്ടിലേക്കായിരിക്കും ആദ്യമെത്തുക. അവിടെ ഒരു രേഖയും നോക്കാതെ സാര്‍ ഒപ്പിട്ടുകൊടുക്കും. സീല്‍ എടുത്ത് കൈയ്യില്‍ തന്നിട്ട് ഇഷ്ടമുള്ളിടത്തെല്ലാം പതിച്ചോളാന്‍ പറയും. എല്ലാ രേഖകളും  ശരിയാവണമെന്നില്ല എന്ന് സംശയിച്ചവരോട് ഞാന്‍ ഒപ്പിടുന്ന രേഖകള്‍ ഒരിക്കലും വ്യാജമാവില്ലെന്ന് ഉച്ചത്തില്‍ വിളിച്ചു പയും.


കാര്യമായൊന്നും സാര്‍ എഴുതിയില്ല. ആദ്യ കാലത്ത് ഒന്നോ രണ്ടോ നാടകങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് കേട്ടിരുന്നു. ഞങ്ങളറിയുന്ന ഭരതന്‍സാര്‍ എഴുത്തുകാരനായിരുന്നില്ല. വീടിന്റെ ഇറയത്തെ അരത്തിണ്ണയിലിരുന്നും ചേന്ദമംഗലത്തെ കവലകളിലും കടകളിലും ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവില്‍ നിന്നും ബസ്‌സ്‌റ്റോപ്പുകളിലും ബസ്സുകള്‍ക്കുള്ളിലും കോളേജിനും കോളേജിനു പുറത്തും സാര്‍ സദാ സംസാരിച്ചുകൊണ്ടിരുന്നു. സാറായിരുന്നു ഞങ്ങളുടെ സോക്രട്ടീസ് , സാറായിരുന്നു ഞങ്ങളുടെ ഡയോജനിസ് , സാറായിരുന്നു ഞങ്ങള്‍ ചേന്ദമംഗലത്തുകാരുടെ ആത്മവീര്യവും ആത്മാഭിമാനവും പ്രോജ്വലിപ്പിച്ച പെരിയാര്‍ രാമസ്വാമി.  സ്വന്തം ജീവിതം തന്നെയായിരുന്നു സാറിന്റെ ഏറ്റവും വലിയ കലാലയം.


Content Highlights: Journalist K A Johny About his Teacher  - Teachers day 2021


https://www.mathrubhumi.com/education-malayalam/specials/teachers-day-2021/articles/journalist-k-a-johny-about-his-teacher-teachers-day-2021-1.5968809 


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive