Tuesday, September 07, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷത - 2

 

സാഹിത്യത്തിനു വ്യാകരണം ആവശ്യമാണോ? സാഹിത്യം ഭാഷയിലാണെന്നതുകൊണ്ടുതന്നെ ചില വ്യാകരണനിയമങ്ങളെ അനുസരിച്ചാലേ അത് ഉദ്ദേശിച്ച വിധത്തില്‍ മനസ്സിലാക്കപ്പെടൂ. വ്യാകരണമറിയാതെ 'ആന പുറത്തുകയറി' എന്നെഴുതിയാല്‍ 'ആനപ്പുറത്തുകയറി' എന്ന അര്‍ത്ഥം കിട്ടില്ലല്ലോ. 'അറബി കടലില്‍ചാടി' എന്നെഴുതിയാല്‍ 'അറബിക്കടലില്‍ ചാടി' എന്നഅര്‍ത്ഥവും കിട്ടില്ല. ഇവിടെയാണ് വ്യാകരണം ആവശ്യമായി വരുന്നത്.

ഇത് ഒരു വശം. എന്നാല്‍ സാഹിത്യത്തെ നയിക്കേണ്ടതു വ്യാകരണമാണോ? അല്ല എന്നതാണുത്തരം. വ്യാകരണനിയമങ്ങളെ ലംഘിച്ചുകൊണ്ട് ഉദാത്തമായ പ്രയോഗങ്ങള്‍ ഭാഷയിലുണ്ടാക്കിയ ആളാണു ഷേക്‌സ്പിയര്‍!

'The most unkindest' എന്ന് ഒരു കുട്ടി ഉത്തരക്കടലാസില്‍ എഴുതിയാല്‍ നമ്മള്‍ ആ പ്രയോഗത്തെ ചുവന്ന മഷികൊണ്ടു വെട്ടിക്കളയും. എന്നാല്‍ ഇതേ പ്രയോഗം എത്ര ഭംഗിയായി ഷേക്‌സ്പിയര്‍ നടത്തി! ഭാവാത്മകം എന്നല്ലാതെ അതിനെക്കുറിച്ചു പറയാനാവില്ല. most ഉം unkindest ഉം ചേര്‍ന്നു വരുന്നതിലെ വൈകാരികതീവ്രത വ്യാകരണം നോക്കി എഴുതിയാല്‍ കിട്ടുമോ? ഇല്ല. ഷേക്‌സ്പിയറുടെ ജൂലിയസ് സീസറിലാണ് ഈ വ്യാകരണ ലംഘനം സര്‍ഗ്ഗാത്മകദീപ്തിയോടെ തെളിയുന്നത്. സീസറെ ബ്രൂട്ടസ് കുത്തിയതിനെക്കുറിച്ചാണു പറയുന്നത്. മറ്റാരുമല്ല, ഏറ്റവും പ്രിയപ്പെട്ടവനെന്നു കരുതിയ ബ്രൂട്ടസ്! അങ്ങേയറ്റം മനുഷ്യത്വഹീനമായ ആ പ്രവൃത്തിയെ അനുവാചകന്റെ മനസ്സിലേക്ക് ആഴത്തില്‍ പതിപ്പിക്കാനാണ് ഷേക്‌സ്പിയര്‍ വ്യാകരണ ലംഘനം നടത്തിയത്, സൂപ്പര്‍ലേറ്റീവ് ഡിഗ്രികളുടെ ഒരേ വാക്യത്തിലെ ആവര്‍ത്തനത്തിലൂടെ - The most unkindest cut!

'Much ado about nothing'ലും കാണാം ഇതുപോലുള്ള വ്യാകരണ ലംഘനം. 'Stop his mouth with a kiss and let him not speak neither? ഇവിടെ ഡബിള്‍ നെഗറ്റീവിന്റെ പ്രയോഗമാണു ഷേക്‌സ്പിയര്‍ നടത്തുന്നത്. 'I dont know nothing'  എന്നു പറഞ്ഞയാളെ കളിയാക്കി ചിരിച്ചിട്ടുള്ള എനിക്ക് ഷേക്‌സ്പിയറെ ഡബിള്‍ നെഗറ്റീവിന്റെ പ്രയോഗം മുന്‍നിര്‍ത്തി ആക്ഷേപിക്കാന്‍ തോന്നാത്തതെന്തുകൊണ്ടാണ്? ആ Phrase കള്‍ വളരെ സ്വാഭാവികമായി വരുന്നതായതുകൊണ്ട്,സര്‍ഗ്ഗാത്മകതയുടെ സൗരഭം പടര്‍ത്തുന്ന രീതിയിലായതുകൊണ്ട്, ആശയത്തെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതിന് അതല്ലാതെ മറ്റൊരു പ്രയോഗവും ശരിയാവില്ല എന്നു തിരിച്ചറിയുന്നതുകൊണ്ട്.

മാര്‍ക്ക് ആന്റണി ജനവികാരത്തെ ജ്വലിപ്പിച്ചെടുക്കാനാണ് ബ്രൂട്ടസിന്റെ കുത്തിനെക്കുറിച്ച് അത്ര ശക്തവും തീവ്രതരവുമായി സംസാരിക്കുന്നത് എന്നോര്‍ക്കണം. "The most unkindest cut" എന്നല്ലാതെ അവിടെ ആന്റണി മറ്റെന്തു പറയാന്‍, പ്രത്യേകിച്ചും ചെയ്തത് ബ്രൂട്ടസ് ആകുമ്പോള്‍. വ്യാകരണം പിന്‍വാങ്ങി നില്‍ക്കട്ടെ.

ഷേക്‌സ്പിയര്‍ അയാംബിക് പെന്റാമീറ്ററില്‍ (iambic pentameter) ആണ് ഈ ഭാഗം എഴുതുന്നത്. ആ വൃത്തം തികയാന്‍ പത്തു സിലബിള്‍ ഉള്ള ഒരു വരിവേണമായിരുന്നു. മലയാളത്തില്‍ വൃത്തം ഒപ്പിക്കാന്‍ 'ഹ ഹ, അഹോ, ശിവ ശിവ' എന്നൊക്കെ എഴുതുമ്പോള്‍ അരോചകത്വമാണ് തോന്നുന്നതെങ്കില്‍ ഇംഗ്ലീഷില്‍ ഷേക്‌സ്പിയര്‍ ഇതു ചെയ്യുമ്പോള്‍ തീവ്രതയേറുകയാണു ഭാവത്തിന്! ആധുനിക വ്യാകരണം ഷേക്‌സ്പിയര്‍ക്കു  ശേഷമേ ഇംഗ്ലീഷില്‍  ഉരുത്തിരിഞ്ഞിട്ടുള്ളു എന്നതും ഓര്‍മിക്കണം. വൃത്തത്തിന്റെ വഴിക്കു കവിതയല്ല, കവിതയുടെ വഴിക്കു വൃത്തം. അതാണു വേണ്ടത്. പാണിനിക്ക് എത്രയോ മുമ്പാണ്  വേദങ്ങളുണ്ടായത്; അതിലെ വൃത്തങ്ങളും. ഛാന്ദസം എന്നു പറഞ്ഞ് പാണിനീയം അതിനെ അംഗീകരിച്ചു.  

'പോയി നാമിത്തിരി വ്യാകരണം
നാവിലാക്കീട്ടു വരുന്നു മന്ദം.
നാവില്‍ നിന്നെപ്പോഴേ പോയ്ക്കഴിഞ്ഞൂ
നാനാജഗന്മനോരമ്യഭാഷ' എന്ന് ഇടശ്ശേരി!

വ്യാകരണം നാവിലിട്ടു വരുമ്പോഴേക്ക് നാനാ ജഗത്തിനും മനോരഞ്ജകമായ ഭാഷ നാവില്‍ നിന്നു പോയ് മറയും. നാനാജഗ്മനോരമ്യഭാഷയിലുള്ളതായിരുന്നു ഷേക്‌സ്പിയറുടെ പ്രയോഗങ്ങള്‍.
ഷേക്‌സ്പിയറുടെ എത്രയെത്ര Phrase കള്‍ ആണ് അദ്ദേഹത്തിന്റെതാണെന്നറിയുക പോലും ചെയ്യാതെ നമ്മള്‍ ഇംഗ്ലീഷ് ഭായില്‍ ഉപയോഗിക്കന്നത്!

Second to none, cold comfort, Full circle, Fast and Loose, Bated breath; Budge an inch, Tongue tied, cruel to be kind, short shrift, Tower of strength, Milk of human kindness, Lie low, Heart of gold, Vanished into thin air,  in a pickle, Foregone conclusions, Too much of a good thing   എന്നിവയൊക്കെ രൂപപ്പെടുത്തിയതു  ഷേക്‌സ്പിയറാണ്. Cold comfort എന്നത് അപര്യാപ്തമായ സാന്ത്വനമാണ്. The hike in DA, against the backdrop of the ongoing inflation was just a cold comfort for the government employees.

The Tempest, The taming of the Shrew, King John എന്നിവയിലൊക്കെ ഷേക്‌സ്പിയര്‍ cold comfort  എന്ന phrase  ഉപയോഗിച്ചിരിക്കുന്നു. 'Fast and Loose' ആയി ഒരാള്‍ പെരുമാറുന്നു എന്നു പറഞ്ഞാല്‍, വഞ്ചനാപരമായോ ഉത്തരവാദരഹിതമായോ കളിപ്പിക്കുന്ന രീതിയിലോ പെരുമാറുന്നു എന്നാണ് അര്‍ത്ഥം.

During the period of pandemic, people are not allowed to play fast and loose with the rules!

'Bated breath' ആകാംക്ഷയോടെ കാത്തിരിക്കലാണ്. We waited for the results with bated breath! 'The merchant of Venice' ല്‍ ഷേക്‌സ്പിയര്‍ ഉപയോഗിച്ച പ്രയോഗമാണിത്. ഇംഗ്ലീഷില്‍ അതുവരെ ഇതില്ല. abated എന്നതിന്റെ ചുരുക്ക രൂപത്തിലാണ് bated  വന്നത്. 'Tongue tied'  എന്നത് സംസാരിക്കാന്‍ കഴിയാതെ വരികയോ, സംസാരിക്കാന്‍ താല്പര്യമില്ലാത്ത അവസ്ഥയിലാവുകയോ ആണ്. He was tongue  tied during the course of interrogation. ഷേക്‌സ്പിയര്‍ ഒരു സോണറ്റിലാണ് ഇത് പ്രയോഗിച്ചിട്ടുള്ളത്. വാക്കിന്റെ ശക്തിയെ കടന്ന് ഭാവന സഞ്ചരിച്ചപ്പോള്‍ കവി 'tongue  tied' ആയിപോവുകയായിരുന്നു. "ഇന്നു ഭാഷയിതപൂർണമിങ്ങഹോ " എന്ന് മഹാകവി കുമാരനാശാൻ !  85-ാമത് സോണറ്റിലാണ് ഷേക്സ്പിയർ tongue tied എന്ന് ഉപയോഗി യിട്ടുള്ളതെന്നാണെന്നാണ് ഓര്‍മ്മ.

'Fair play' നേരാം വഴിക്ക് കാര്യങ്ങള്‍ ചെയ്യലാണ്. We really thought that there would be a fair play on the part of the authorities.  ഷേക്‌സ്പിയര്‍ The Tempest' ല്‍ (V:I):
Miranda: 'Sweet Lord, you play me false.'
Ferdinand: 'No, my dearest love, I would not for the world'
Miranda: 'Yes, for a score of Kingdoms you should wrangle, and I would call it fair play'

ഷേക്‌സ്പിയര്‍ മക്‌ബേത്തില്‍ 'Fair is foul and Foul is Fair'  എന്ന് എഴുതിയിട്ടുണ്ട്. മറന്നുകൂട. King John  ലും ഉണ്ട് 'Fair play'. 'According to the Fair play of the world, let me have audience, I am sent to speak' എന്നതാണ്  അതിലെ വാചകം. Troilus and Cressida'യില്‍ 'O,it is fair play'  എന്നു ഹെക്റ്ററെക്കൊണ്ട് ഷേക്‌സ്പിയര്‍ പറയിച്ചിരിക്കുന്നു.

'Budge an inch' നെക്കുറിച്ചു നേരത്തേ ഈ പംക്തിയില്‍ പരാമര്‍ശിച്ചിരുന്നു. He was not prepared to budge an inch. He was adamant എന്നു പറയാം. നിലപാട് അല്പം പോലും മാറ്റായ്കയാണിത്. ഷേക്‌സ്പിയറുടെ 'The Taming of the shrew'  വിലേതാണ് 'budge an inch'.

'സൂചി കുത്തുവതിന്നവ -
കാശമിദ്ധരണീതലേ
വാശിയോടെ വസിച്ചിടുന്നതു-
പാണ്ഡവര്‍ക്കുകൊടുത്തിടാ' എന്ന ദുര്യോധന വധം കഥകളിയിലെ കൗരവരുടെ നിലപാട് കൃത്യമായും  'Not to budge an inch' എന്നതുതന്നെയാണ്.

  'Cruel to be kind' ഷേക്‌സ്പിയറുടെ Hamlet ല്‍ നിന്നുള്ളതാണ്. വലിയ അനീതി ഒഴിവാക്കാന്‍ ചെറിയ അനീതി ചെയ്യലാണിത്.
'This will hurt me more than it hurts you' എന്നു പറഞ്ഞ് ടീച്ചര്‍ കുട്ടിയെ തെറ്റിനു ശിക്ഷിക്കുമല്ലോ. അതുതന്നെ! 'I must be cruel only to be kind' എന്നതു ഹാംലറ്റില്‍ നമുക്കു വായിക്കാം.

'Milk of human kindness' എന്ന പ്രയോഗം ഷേക്‌സ്പിയര്‍ മക്‌ബേത്തിലൂടെ  ഇംഗ്ലീഷ് ഭാഷയ്ക്കു സമര്‍പ്പിച്ചതാണ്. Lady Macbeth പറയുന്നുണ്ട്, her husband is too full of 'the milk of human kindness' to kill his rivals എന്ന്. സ്വാഭാവിക ദയയും കരുണയും സഹതാപവും  നിറഞ്ഞ മനസ്സ്!
'Vanish into thin air' എന്നത് വളരെ പെട്ടെന്ന്  അത്ഭുതകരമാം വിധം അപ്രത്യക്ഷമാകലാണ്. to disappear without even a trace! 'The tempest' ല്‍ ഷേക്‌സ്പിയര്‍ മറ്റൊരു രൂപത്തിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്.  'Those our actors, as I foretold you, were all spirits and are melted in to air; into thin air'  എന്നാണ് ഷേക്‌സ്പിയര്‍ എഴുതിയത്.

'Too much of a good thing' എന്ന Phrase ഷേക്‌സ്പിയറുടെ 'As you like it' ല്‍ ആണു നാം ആദ്യമായി കാണുന്നത്. 'Why then, can one desire too much of a good thing?'  ഷേക്‌സ്പിയര്‍ 'The Comedy of Errors'  ല്‍ ആണ് 'Second to none'  ആദ്യമായി പ്രയോഗിക്കുന്നത്. അങ്ങനെ അതും ഭാഷയിലേക്കു വന്നു. 'Of credit infinite, highly beloved second to none that lives here!'

'Foregone conclusions' ഒഥല്ലോയിലൂടെയാണു ഭാഷയിലേക്കു കടന്നു വരുന്നത്. ഇത് ഒരു idiom അല്ല, ഒരു term മാത്രം. അനിവാര്യമായ ഫലത്തെ സൂചിപ്പിക്കുന്ന പ്രയോഗമാണിത്. It is a foregone conclusion that he will be convicted, as all evidences were against him?  ഇയാഗോയുമായുള്ള സംഭാഷണമധ്യേ ഒഥല്ലോയാണ് ഈ പ്രയോഗം നടത്തിയത്.

'In a pickle' 'The Tempest' ല്‍ നിന്നുവന്ന idiom ആണ്. Pickled with Alcohol, drunk  എന്നൊക്കെയുള്ള അര്‍ത്ഥത്തിലാണു ഷേക്‌സ്പിയര്‍ ഇതു പ്രയോഗിച്ചതെങ്കില്‍ വൈഷമ്യത്തില്‍ എന്ന അര്‍ത്ഥത്തിലാണ് ഇന്ന് ആധുനിക ഇംഗ്ലീഷില്‍ ഈ idiom ഉപയോഗിക്കപ്പെടുന്നത്.
'Heart of gold' നല്ല മനനസ്സുതന്നെയാണ്. Someone who is Genuinely kind and compassionate. ഷേക്‌സ്പിയറുടെ Henry V ല്‍ ഈ പ്രയോഗം കാണാം.

'Much ado about nothing' ല്‍ Antonio പറയുന്നു: 'If he could right himself with quarreling, some of us would lie low'. ആദ്യകാലത്ത് മരിക്കുക എന്ന അര്‍ത്ഥമുണ്ടായിരുന്ന ഈ പ്രയോഗത്തിന് പുതിയ കാലത്ത്, ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിക്കഴിയുക എന്ന അര്‍ത്ഥമായി. They lay low for a while to avoid being caught എന്നു പറയാവുന്ന മട്ടില്‍

Full circle എന്ന phrase ഒരു പ്രക്രിയ തുടങ്ങിയേടത്തെത്തി സമാപിക്കുന്നതിനെയാണു സൂചിപ്പിക്കുന്നത്. The wheel of fortune has completed its full circle. ഷേക്‌സ്പിയറുടെ കിങ്‌ ലിയറില്‍ നിന്നു വന്ന പ്രയോഗം!

'Tower of Strength' എന്ന പ്രയോഗം 'Richard the third' ല്‍ റിച്ചാഡ് രാജാവു പറയുന്നതാണ്: 'Besides, the king's name is a tower of strength'. അതും ഷേക്‌സ്പിയറുടെ തൂലികയില്‍ നിന്ന് മലയാള ഭാഷയിലേക്കുവരെ ഒഴുകിയെത്തിയ പ്രയോഗമായി; ശക്തിഗോപുരം എന്ന നിലയില്‍.

'Short shrift' എന്നത് quick work എന്ന അര്‍ത്ഥത്തിലും അപര്യാപ്തമായ സമയം എന്ന അര്‍ത്ഥത്തിലും പ്രയോഗിക്കപ്പെടുന്നുണ്ട്. 'To make a short shrift' എന്നതിന് ചെറിയ ഒരു കുറ്റസമ്മതം നടത്തുക എന്നും അര്‍ത്ഥമുണ്ട്. Shrive എന്ന verb ല്‍ നിന്നുണ്ടായതാണത്. 'A priest shrives someone' എന്നാല്‍, അച്ചന്‍ കുമ്പസാരിപ്പിക്കുന്നു എന്നര്‍ത്ഥം. (The Tragedy of King Richard the IIIrd). 'Make a short shrift, he longs to see your head'


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive