Thursday, December 24, 2020

സാമ്രാജ്യത്വം വിറച്ച ആദ്യ ക്രിസ്‌മസ്‌ - ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌

 ആദ്യത്തെ ക്രിസ്‌മസ്‌ അന്ന്‌ നിലവിലിരുന്ന റോമാ സാമ്രാജ്യത്തിനേറ്റ ശക്‌തമായ പ്രഹരമായിരുന്നു. മർദിതരുടെയും പീഡിതരുടെയും വിമോചകനായിട്ടാണ്‌ യേശു പിറവിയെടുത്തത്‌ എന്നറിഞ്ഞ റോമാ ചക്രവർത്തി, യേശു എന്ന പുതിയ രാജാവ്‌ തങ്ങളുടെ അധീശത്വ താൽപ്പര്യങ്ങൾക്ക്‌ ഭീഷണിയാകും എന്ന തിരിച്ചറിവിൽ യേശുവിനെ കൊല്ലാൻ പദ്ധതി തയ്യാറാക്കി. ആ നിഗൂഢപദ്ധതിയിൽ പക്ഷേ യേശുവിനെ വധിക്കാൻ സാമ്രാജ്യത്വശക്‌തികൾക്ക്‌ സാധിച്ചില്ലെങ്കിലും ആയിരക്കണക്കിന്‌ ശിശുക്കൾ കൊല്ലപ്പെട്ടു. അധിനിവേശ ശക്‌തികൾ എല്ലാ കാലത്തും തങ്ങൾക്ക്‌ ഭീഷണിയാകുന്ന ജനകീയ വിമോചന നേതാക്കളെ നിഗ്രഹിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. അത്തരം ശ്രമങ്ങളിൽ ആയിരക്കണക്കിന്‌ നിരപരാധികളുടെ ജീവനും ബലിയർപ്പിക്കേണ്ടി വന്നിട്ടുണ്ട്‌.

യേശു പിറന്ന ബെത്‌ലഹേം (പലസ്‌തീൻ) ഇന്ന്‌ നവ സാമ്രാജ്യത്വത്തിന്റെ അധിനിവേശം നേരിടുകയാണ്‌. പലസ്‌തീൻകാരുടെ മാതൃഭൂമി ഇസ്രയേൽ എന്ന ആധുനിക രാജ്യം തങ്ങളുടെ കോളനിയാക്കി ഭരിക്കുകയാണ്‌. പലസ്‌തീൻ ജനതയുടെ ഭൂമിയും വിഭവങ്ങളും ഇസ്രയേൽ ഒന്നൊന്നായി കൈയടക്കിക്കൊണ്ടിരിക്കുന്നു. അധീശത്വമൂല്യങ്ങളെ ഇല്ലാതാക്കി നീതിയും സമാധാനവും പുനഃസ്ഥാപിക്കാൻ ഈ ലോകത്തിൽ പിറവിയെടുത്ത യേശുക്രിസ്‌തുവിന്റെ ജന്മസ്ഥലംപോലും ഇന്ന്‌ നവ കൊളോണിയലിസത്തിന്റെ ഭൂമികയായി മാറിയിരിക്കുന്നു. ഇത്തരം അധിനിവേശ ശക്‌തികൾക്കും സംസ്‌കാരങ്ങൾക്കും എതിരെയുള്ള ജനകീയപ്രതിരോധമായി ക്രിസ്‌മസ്‌ ആഘോഷങ്ങൾ മാറണം. ഈ ക്രിസ്‌മസ്‌ നാളുകളിൽപ്പോലും തങ്ങളുടെ അതിജീവനത്തിനായും കാർഷികരംഗത്തെ കോർപറേറ്റ്‌ അധിനിവേശത്തിൽനിന്ന്‌ സംരക്ഷിക്കുന്നതിനുംവേണ്ടി നടത്തുന്ന കർഷകസമരങ്ങൾക്ക്‌ ഐക്യദാർഢ്യം നൽകുന്നതാണ്‌ ഈ കാലത്തെ അർഥവത്തായ ക്രിസ്‌മസ്‌ ആചരണം.

നവജാതശിശുവായ യേശുവിനെ സ്വേച്ഛാധിപത്യശക്‌തികളുടെ നിഗ്രഹ വാൾമുനയിൽനിന്ന്‌ രക്ഷിക്കാൻ മാതാപിതാക്കളായ മറിയക്കും ഔസേഫിനും ഈജിപ്‌തിലേക്ക്‌ പലായനം ചെയ്യേണ്ടി വന്നു. സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയേണ്ടി വരുന്നവരുടെയും ആഭ്യന്തര യുദ്ധങ്ങൾമൂലവും ജാതി, മത, വർണ, ലിംഗ ഭേദങ്ങളുടെയും വൈരങ്ങളുടെയും പേരിൽ സ്വന്തം നാട്ടിൽനിന്ന്‌ അഭയംതേടി മറ്റു രാജ്യങ്ങളിലേക്ക്‌ പലായനം ചെയ്യേണ്ടിവരുന്ന ലക്ഷക്കണക്കിന്‌ അഭയാർഥികളുടെയും പ്രതിനിധിയും പ്രതീകവും കൂടിയാകുന്നു യേശു എന്ന ശിശു. ഡോണൾഡ്‌ ട്രംപ്‌ അമേരിക്കയുടെ അതിർത്തിയിൽ മെക്‌സിക്കോക്കാർ പ്രവേശിക്കാതിരിക്കാൻ മതിൽകെട്ടി തടയുമെന്ന്‌ പ്രഖ്യാപിച്ചതും പലസ്‌തീൻ ഭൂമിയിൽ ഇസ്രയേൽ വിവേചനത്തിന്റെ കൂറ്റൻ മതിൽ സ്ഥാപിച്ചതും ആ പ്രക്രിയ തുടരുന്നതും ജാതിമത വർണ ലിംഗ വ്യത്യാസങ്ങളുടെ പേരിൽ സമൂഹങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും ജനങ്ങളെ ബഹിഷ്‌കരിക്കുന്നതും എല്ലാം മനുഷ്യപുത്രന്‌–- യേശുവിന്‌ പിറക്കാൻ ഇടം നിഷേധിച്ച ക്രിസ്‌മസ്‌ സംഭവത്തിന്റെ കാലിക ആവിഷ്‌കാരങ്ങളാണ്‌. ഏറ്റവും അടുത്ത കാലത്ത്‌ നമ്മുടെ രാജ്യത്ത്‌ ചില പ്രത്യേക രാജ്യങ്ങളിൽനിന്ന്‌ വരുന്ന മുസ്ലിം അഭയാർഥികൾക്ക്‌ പൗരത്വം നിഷേധിക്കുന്ന നിയമമൊക്കെ ഈ ഇടം നിഷേധിക്കലിന്റെ ക്രിസ്‌മസ്‌ ആവർത്തനങ്ങളാകുന്നു. ഇത്തരം വിവേചനത്തിന്റെയും വിഭജനത്തിന്റെയും മതിലുകൾ തകർത്ത്‌ തൽസ്ഥാനത്ത്‌ സാഹോദര്യത്തിന്റെയും സമഭാവനയുടെയും മനുഷ്യത്വത്തിന്റെയും പാലങ്ങൾ രൂപപ്പെടുമ്പോഴാണ്‌ ക്രിസ്‌മസ്‌ സാർഥകമാകുന്നത്‌.
ജിബ്രാൻ പറഞ്ഞിട്ടുണ്ട്‌–-‘‘ക്രിസ്‌തുവിന്റെ മനുഷ്യാവതാരം ലോകത്തിലെ ഏറ്റവും വലിയ പ്രോട്ടോകോൾ ലംഘനമാണ്‌ ’’.

ലോകത്തിന്റെ പ്രോട്ടോകോൾ പ്രകാരം കൊട്ടാരത്തിൽ പിറക്കേണ്ട രാജാവ്‌ പശുത്തൊഴുത്തിൽ ജനിക്കുന്നു. ദാരിദ്ര്യത്തിന്റെയും ഇല്ലായ്‌മകളുടെയും പശ്‌ചാത്തലത്തിൽ പിറക്കുന്നു. ഈ പ്രോട്ടോകോൾ ലംഘനം യേശുവിന്റെ ജീവിതത്തിൽ ഉടനീളം കാണുന്നു. അശ്വാരൂഢനായി എഴുന്നെള്ളി വരേണ്ട രാജാവ്‌ കഴുതയെ വാഹനമാക്കുന്നു. യഹൂദ മതത്തിന്റെ പ്രോട്ടോകോളുകൾ ഒന്നൊന്നായി ഉല്ലംഘിച്ച്‌ കുഷ്‌ഠരോഗിയ തൊടുകയും ശമര്യ സ്‌ത്രീയോട്‌ സംസാരിക്കുകയും വെള്ളം വാങ്ങി കുടിക്കുകയും ഒക്കെ ചെയ്‌തു യേശുക്രിസ്‌തു. ഈ യേശുവിന്റെ പിറവിയായ ക്രിസ്‌മസ്‌ ആഘോഷിക്കേണ്ടത്‌ സാധാരണക്കാരിൽ, ദരിദ്രരിൽ, ബഹിഷ്‌കൃതരിൽ യേശുവിനെ ദർശിച്ചും അനുഭവിച്ചും ആകണം. ടാഗോർ പറഞ്ഞതുപോലെ, ഓരോ പിറവിയും ദൈവത്തിന്‌ മനുഷ്യനെക്കുറിച്ചുള്ള പ്രതീക്ഷ ഇനിയും അസ്‌തമിച്ചിട്ടില്ല എന്ന സൂചനയാണ്‌. ആ പ്രതീക്ഷയാകട്ടെ ക്രിസ്‌മസിന്റെ സന്ദേശവും ലക്ഷ്യവും. എല്ലാ അധീശത്വ, ചൂഷക ശക്‌തികളും ഇല്ലാതാകും–-നീതി പുലരും എന്ന പ്രതീക്ഷ.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive