Sunday, December 13, 2020

നന്ദി ചൊല്ലി പറന്നെത്തിയ ‘ആലില’

 

നന്ദി ചൊല്ലി പറന്നെത്തിയ ‘ആലില’: വൃക്ഷഡോക്ടർ കഥ പറയുന്നു, ജീവിതവും

Interview with Environmentalist and Tree Doctor Binu Kottayam

പ്രകൃതിസ്നേഹം വാക്കുകളിൽ മാത്രമൊതുക്കാതെ മണ്ണിനെയും മരങ്ങളെയും നെഞ്ചോടു ചേർത്ത സാത്വികൻ. മനുഷ്യർക്കു മാത്രമല്ല മരങ്ങൾക്കും രോഗങ്ങള്‍ പിടിപെടാറുണ്ടെന്നും അവയ്ക്ക് കൃത്യമായ ചികിത്സയുണ്ടെന്നും മലയാളക്കരയ്ക്കു വ്യക്തമാക്കിത്തന്ന വൃക്ഷഡോക്ടർ. കരുണയില്ലാത്തവർ വെട്ടിമാറ്റാനൊരുങ്ങുന്ന മരങ്ങള്‍ക്കു വേണ്ടി പൊരുതുന്ന വൃക്ഷസ്നേഹി, അങ്ങനെ വിശേഷണങ്ങളേറെയുണ്ട് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ വാഴൂർ സ്വദേശി ബിനു മാഷിന്. വൃക്ഷായുർവേദത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും അദ്ദേഹം മനോരമ ഓൺലൈനുമായി സംസാരിക്കുന്നു

നിയോഗം പോലെ വൃക്ഷചികിത്സയിലേക്ക്

ഏഴു വർഷം മുൻപ് സുഹൃത്ത് ഡോ. സീതാരാമനൊപ്പം ആലുവയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഒരു വ്യാപാരി അടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ തീയിടുന്നത് കണ്ടത്. ആ ദൃശ്യം മനസ്സിനെ നോവിച്ചു. സീതാരാമനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ പോയി മടങ്ങി വന്നത് ചില ഔഷധക്കൂട്ടുകളുമായിട്ടായിരുന്നു. മരത്തിന്റെ കത്തിയ ഭാഗങ്ങൾ കഴുകി വൃത്തിയാക്കി മരുന്നു വച്ചിട്ടാണ് അവർ അന്നു മടങ്ങിയത്.  ഡോ. സീതാരാമനാണ് വൃക്ഷായുർവേദം എന്ന ശാഖയുണ്ടെന്നും അതിനെക്കുറിച്ചു കൂടുതല്‍ കാര്യങ്ങൾ അന്വേഷിച്ചു കണ്ടെത്തണമെന്നും  നിർദ്ദേശിച്ചത്.

Interview with Environmentalist and Tree Doctor Binu Kottayam

പിന്നീട് വൃക്ഷായുർവേദത്തെക്കുറിച്ചുള്ള പുസ്തകങ്ങൾക്കായി അന്വേഷണം തുടങ്ങി. ഒടുവിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ പ്രബന്ധമായി അവതരിപ്പിച്ച ‘വൃക്ഷായുർവേദം വിവിധ ഗ്രന്ഥങ്ങളിലൂടെ’ എന്ന പുസ്തകം കണ്ടെത്തി. ഗ്രന്ഥത്തില്‍ ചികിത്സാ രീതികളെക്കുറിച്ചും മരുന്നുകൂട്ടുകളെക്കുറിച്ചും വിശദീകരിച്ചിരുന്നെങ്കിലും അളവു വിവരങ്ങൾ ലഭ്യമായിരുന്നില്ല. ലഭ്യമായ അറിവുകൾ വച്ച് മരങ്ങളിൽ നടത്തിയ ചികിത്സാ പരീക്ഷണങ്ങൾ വിജയിച്ചപ്പോൾ ആത്മവിശ്വാസമേറി. ഇപ്പോൾ ഏതു മരം കണ്ടാലും അതിനെന്തു രോഗമാണെന്നും മരത്തിന്റെ വലുപ്പമനുസരിച്ച് എത്ര അളവ് ഔഷധക്കൂട്ട് ആവശ്യമാണെന്നും കൃത്യമായി പറയാൻ കഴിയും.

മരങ്ങൾക്ക് അസുഖമോ?

Interview with Environmentalist and Tree Doctor Binu Kottayam
വൃക്ഷചികിത്സയിൽ

മനുഷ്യർക്കു മാത്രമല്ല മരങ്ങൾക്കും അസുഖം ബാധിക്കാറുണ്ട്. വൃക്ഷായുര്‍വേദത്തിൽ മരങ്ങളെ ബാധിക്കുന്ന ത്രിദോഷങ്ങളെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മനുഷ്യരെപ്പോലെ തന്നെ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളാണ് മരങ്ങളെയും ബാധിക്കുക. പല കാരണങ്ങൾ കൊണ്ടാണ് മരങ്ങൾക്ക് രോഗമുണ്ടാകുന്നത്. കൊമ്പ് ചീയൽ, വേര് ചീയൽ, ഇല കൊഴിച്ചിൽ, ഇടിവെട്ടേറ്റുണ്ടാകുന്ന പൊള്ളൽ, തൊലി അടർന്നു പോവുക, ആനകളും മറ്റും മരത്തിന്റെ വശങ്ങളില്‍ ശരീരം ഉരസുമ്പോൾ തൊലി അടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ, ആണിയടിക്കുന്നതു മൂലമുണ്ടാകുന്ന മാറ്റങ്ങൾ, ഫംഗസ് ബാധ മൂലമുണ്ടാകുന്ന രോഗങ്ങൾ, സമീപത്തു നിൽക്കുന്ന മറ്റു വൃക്ഷങ്ങൾ തട്ടുമ്പോഴുണ്ടാകുന്ന രോഗങ്ങൾ, മരത്തിൽ പടർന്നു കയറുന്ന പരാഗ സസ്യങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾ എന്നിങ്ങനെ മരങ്ങളെ ബാധിക്കുന്ന രോഗങ്ങൾ നിരവധിയാണ്.

തുടക്കം ‘കോവിൽ പ്ലാവിൽ’

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്ര മതിൽകെട്ടിനുള്ളിൽ നിൽക്കുന്ന പ്ലാവിനാണ് ആദ്യം ചികിത്സ നൽകിയത്. ഇടിവെട്ടേറ്റു ശിഖരങ്ങൾ ഉണങ്ങിയ പ്ലാവ് പിളർന്നു തുടങ്ങിയിരുന്നു. ശിഖരങ്ങൾ ഭീഷണിയായതോടെ പ്ലാവ് മുറിച്ചു മാറ്റാന്‍ ദേവസ്വം തീരുമാനിച്ചു. തീരുമാനം അറിഞ്ഞെത്തിയ പരിസ്ഥിതി പ്രവർത്തകർ ഇടിവെട്ടേറ്റ പ്ലാവിനെ ചികിത്സിക്കാൻ ആറു മാസത്തെ കാലാവധി നൽകണമെന്നാവശ്യപ്പെട്ടു. ദേവസ്വം അത് അനുവദിച്ചു. പൊൻകുന്നം ശ്രീ ധർമശാസ്താ എൽപി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമൊക്കെ ചേർന്ന് ജനകീയ പങ്കാളിത്തത്തോടെയായിരുന്നു ആദ്യ ചികിത്സ. സ്കൂളിലെ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ നിന്നാണ് ഔഷധക്കൂട്ടിനാവശ്യമായ വസ്തുക്കൾ കൊണ്ടുവന്നത്. അവർ കൊണ്ടുവന്ന മണ്ണും ചാണകവും പാലുമൊക്കെ ചേർത്ത് ഔഷധക്കൂട്ട് തയാറാക്കുന്നത് കണ്ടപ്പോൾ ചികിത്സ കാണാനെത്തിയ കുട്ടികളും ഒപ്പം കൂടി. ചികിത്സ ഫലിച്ചതോടെ പ്ലാവിന് പുതിയ ശിഖരങ്ങൾ വന്നു. ആരോഗ്യം വീണ്ടെടുത്ത പ്ലാവിന്റെ ഒരു ശിഖരം ഇപ്പോള്‍ ക്ഷേത്രനടയിലേക്കും ഒരെണ്ണം ദേവസ്വം ബോർഡിന്റെ ഓഫിസിലേക്കുമാണ് വളർന്നു നില്‍ക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി ഇതുവരെ 56 മരങ്ങൾക്ക് ചികിത്സ നൽകി. ഇതിൽ 4 മരങ്ങളെ മാത്രമാണ് രക്ഷിക്കാൻ കഴിയാതെ പോയത്. കാരണം ഏറെ വൈകിയാണ് അവയുടെ ചികിത്സ തുടങ്ങിയത്. തിരുവനന്തപുരത്തും കൊല്ലത്തുമൊക്കെ മാഷിന്റെ കൈപ്പുണ്യമറിഞ്ഞ വൃക്ഷങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ട്.

ചികിത്സാ സഹായം തേടിയ മഴമരം

Rain Tree
തിടനാട്ടെ മഴമരം

കേരള ചരിത്രത്തിലാദ്യമായാണ് ഒരു മരം ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെ ചികിത്സാ സഹായം തേടിയത്. തിടനാടുള്ള മഴമരമായിരുന്നു അത്. പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ചിലരുടെ സ്വാർഥ താൽപര്യങ്ങൾക്കായി മരത്തിന്റെ ശിഖരങ്ങൾ മുഴുവൻ മുറിച്ചു മാറ്റപ്പെട്ടു. പതിയെ മരം ഉണങ്ങിപ്പോകുമെന്നാണ് അവർ കരുതിയത്. മരിക്കാറായ ആ മരത്തിനു വേണ്ടിയാണ് ധനസമാഹരണം നടത്തിയത്. എട്ട് ദിവസത്തിനകം ചികിത്സക്കാവശ്യമായ പണമെത്തി. ഉടൻ തന്നെ ചികിത്സയും ആരംഭിച്ചു. ചികിത്സ കഴിഞ്ഞ് 10 ദിവസത്തിനകം തന്നെ മഴമരത്തിന് മുളകൾ പൊട്ടി. ആറു മാസം കൊണ്ട് 3 അടിയിലേറെ ഉയരത്തിൽ ഇപ്പോൾ ആ ശിഖരങ്ങൾ നീണ്ടിരിക്കുന്നു.

നന്ദി ചൊല്ലി പറന്നെത്തിയ ‘ആലില’

Peepal Leaf

കോട്ടയത്തെ കൊടങ്ങൂർ പള്ളിക്കത്തോട് റോഡിൽ തലയുയർത്തി നിൽക്കുന്ന ഒരു വലിയ ആൽമരമുണ്ട്. കല്ലാൽ വിഭാഗത്തിൽപ്പെട്ട മരമാണിത്. സമീപത്തുള്ള വീടിനു ഭീഷണിയാണെന്നു കാണിച്ച് വീട്ടുടമസ്ഥൻ മരം മുറിക്കാൻ പരാതി നൽകി. എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഇതിനെ എതിർത്തു. ഒടുവിൽ പരാതി ഹൈക്കോടതിയിലെത്തി. കേസ് 3 വർഷത്തോളം നീണ്ടു. കേസാവശ്യത്തിനായി ഇരുപത്തയ്യായിരത്തിലധികം രൂപയും ചെലവായി. ഒടുവിൽ മരം മുറിക്കരുതെന്ന കോടതി വിധിയെത്തിയതോടെ ആ പോരാട്ടം വിജയം കണ്ടു. പിന്നീടൊരിക്കൽ ആ വഴി ബസിൽ സഞ്ചരിച്ചപ്പോൾ വെറുതെ ആൽമരത്തിലേക്കു നോക്കി. ഞങ്ങൾ എത്ര പോരാട്ടം നടത്തിയിട്ടാണ് ഇന്നിങ്ങനെ നിൽക്കുന്നതെന്നറിയാമോ എന്ന് മനസ്സിലോർത്തു. അപ്പോൾത്തന്നെ, ബസിനുള്ളിലിരുന്ന മാഷിന്റെ മടിയിലേക്ക് പഴുത്ത ഒരാലില നന്ദിസൂചകമായി പറന്നു വീണു. കണ്ണു നിറഞ്ഞു പോയ സന്ദർഭമാണതെന്ന് മാഷ് ഇന്നുമോർക്കുന്നു. ഒരു നിധി പോലെ ആ ആലില മാഷ് സൂക്ഷിച്ചു വച്ചിട്ടുണ്ട്; ആൽമരത്തിന്റെ സമ്മാനമായി.

കടൽ കടന്ന് ഫ്രാൻസിലേക്ക്

Interview with Environmentalist and Tree Doctor Binu Kottayam
ഫ്രഞ്ച് ടെലിവിഷൻ സംഘത്തിനൊപ്പം

കേരളത്തിൽ മാത്രമല്ല, കടൽ കടന്ന് ഫ്രാൻസിലേക്കുമെത്തിയിരിക്കുന്നു വൃക്ഷചികിത്സയുടെ പ്രശസ്തി. അവിടൊരു ദിനപത്രത്തിൽ വന്ന വാർത്തയറിഞ്ഞാണ് ഫ്രഞ്ച് ടെലിവിഷൻ സംഘം ഹ്രസ്വചിത്രം തയാറാക്കാനായി വൃക്ഷ ഡോക്ടറെ തേടി കേരളത്തിലെത്തിയത്. വൃക്ഷായുർവേദത്തെക്കുറിച്ച് ചോദിച്ചറിഞ്ഞും ചികിത്സാ രീതികള്‍ നേരിട്ടു കണ്ടും പകർത്തിയും ദിവസങ്ങളോളം മാഷിനൊപ്പം ചെലവഴിച്ചിട്ടാണ് അവർ മടങ്ങിയത്.

കേരളത്തിനു പുറത്തേക്കും വേരു പടർത്തിയ വൃക്ഷവൈദ്യം

മുംബൈയിലെ നാഗ്പുരിലെ ടെക്കിടി ഗണേശ ക്ഷേത്രത്തിലെ നാല് ആൽമരങ്ങളുടെ ചികിത്സയും മാഷിന്റെയും കൂട്ടാളികളുടെയും കരുതലിലായിരുന്നു. ഇതിൽ രണ്ടു മരങ്ങൾക്ക് ചികിത്സ ഫലിച്ചില്ലെങ്കിലും മറ്റു രണ്ട് ആൽമരങ്ങൾ ഇന്നും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നില്‍ക്കുന്നു. യോഗി ആദിത്യനാഥിന്റെ നാട്ടിലേക്കും വൃക്ഷചികിത്സയ്ക്കായി മാഷിനെ വിളിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ദുർഗാപുരിലുള്ള ഈ ആൽമരത്തിന്റെ ചികിത്സയ്ക്കു പോകാനുള്ള ശ്രമത്തിലാണിവർ. നിയന്ത്രണങ്ങൾക്ക് ഇളവ് വന്നാൽ ഉടൻ യാത്ര തിരിക്കും.

ഔഷധക്കൂട്ടിന്റെ ചേരുവകൾ

നാടൻ പശുവിന്റെ പാൽ, ചാണകം, നെയ്യ്, ശുദ്ധമായ ചെറുതേൻ, കദളിപ്പഴം, എള്ള്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, കൃഷിയുള്ള കണ്ടത്തിലെ ചെളിമണ്ണ്, ചിതൽപ്പുറ്റ്, തെള്ളിയ മണ്ണ്, അരിപ്പൊടി എന്നിവ കുഴച്ച് പരുവത്തിലാക്കി മരത്തിൽ പുരട്ടിയ ശേഷം കോറത്തുണി അതിനു മുകളിലൂടെ ചണനൂലുപയോഗിച്ച് കെട്ടും. തുണിയുൾപ്പെടെ മരത്തോടു ചേരും. ചിലയവസരങ്ങളിൽ പഞ്ചദ്രവ്യ ധാന്യക്കൂട്ട് ഉപയോഗിച്ച് തരു ലേപനവും താമര സമൂലം വെള്ളം ചേർക്കാതെ അരച്ച് താമരക്കുഴമ്പും തയാറാക്കാറുണ്ട്. കേടുവന്ന മരത്തിൽ തൊട്ടാൽ അതിന്റെ ഊഷ്മാവിൽ വ്യതിയാനമുണ്ടാകുമെന്നും. കൃത്യമായി രോഗം കണ്ടുപിടിക്കാൻ കഴിയുമെന്നും വൃക്ഷ ഡോക്ടർ വ്യക്തമാക്കുന്നു. വൃക്ഷ ചികിത്സയിൽ മാഷിന്റെ സഹായികളായി നാലു പേർ കൂടിയുണ്ട്. സുനിൽ വാഴൂർ, ഗോപകുമാർ കങ്ങഴ, എസ് ബിജു, വിജയകുമാർ ഇത്തിത്താനം എന്നിവരാണ് നിഴൽ പോലെ വൃക്ഷചികിത്സയിൽ മാഷിനെ പിന്തുടരുന്നത്.

വൃക്ഷചികിത്സ തന്റെ ജീവിത നിയോഗമായി കാണുന്നതിനാൽത്തന്നെ ഫീസ് കണക്കുപറഞ്ഞ് വാങ്ങാറില്ല. ദക്ഷിണയായി നൽകുന്നത് സ്വീകരിക്കും. ചികിത്സയ്ക്കായി ആളുകൾ വിളിക്കുമ്പോൾ ഔഷധക്കൂട്ടിനാവശ്യമായ സാധനങ്ങൾ തയാറാക്കി വയ്ക്കാൻ നിർദേശിക്കാറുണ്ട്. 25000 രൂപയോളം ചെലവു വരാറുണ്ട്. എന്നാൽ ഇത്രകാലം മരം ചെയ്ത പുണ്യങ്ങളോർക്കുമ്പോഴും ഇനി ചെയ്യാനിരിക്കുന്ന കാര്യങ്ങളോർക്കുമ്പോഴും അതൊരു വലിയ തുകയേ അല്ലെന്നതാണ് യാഥാർഥ്യം.

പരിസ്ഥിതി സ്നേഹവും അധ്യാപന ജീവിതവും

Interview with Environmentalist and Tree Doctor Binu Kottayam

25 വർഷമായി പരിസ്ഥിതി സംരക്ഷണരംഗത്ത് പ്രവർത്തിക്കുന്നു. ഒരു ലേഖനം തയാറാക്കുന്നതിന്റെ ഭാഗമായി കാസർകോട് എൻഡോസൾഫാൻ ദുരിതം വിതച്ച മേഖലയിൽ പോകേണ്ടി വന്നു. അവിടെ കണ്ട ദുരിതപൂർണമായ കാഴ്ചകളാണ് പരിസ്ഥിതി രംഗത്തേക്കിറങ്ങാൻ പ്രേരിപ്പിച്ചത്. ഉള്ളായം യുപി സ്കൂളിലെ അധ്യാപന ജീവിതത്തിനൊപ്പം പരിസ്ഥിതിസംരക്ഷണവും വൃക്ഷചികിത്സയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഇതിലൂടെ, വളർന്നു വരുന്ന തലമുറയ്ക്ക് പരിസ്ഥിതി സ്നേഹം പകർന്നു നൽകാൻ കഴിയുന്നുണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം. അതിന്റെ തെളിവാണ് മാഷ് പഠിപ്പിച്ച കുട്ടികളുടെ പ്രവർത്തനം കണ്ട് ‘പരിസ്ഥിതി തീവ്രവാദികൾ’ എന്ന് നാട്ടുകാര്‍ അവരെ വിളിച്ചത്. എവിടെ പരിസ്ഥിതിക്ക് നിരക്കാത്ത പ്രവൃത്തികൾ കണ്ടാലും ഇപ്പോൾ കുട്ടിപ്പട്ടാളം പ്രതികരിക്കും.

തേടിയെത്തിയ പുരസ്കാരങ്ങൾ

അൻപതിലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ 2015 ലെ വനമിത്ര അവാർഡും, 2016 ലെ പ്രകൃതി മിത്ര അവാർഡും മാഷിനായിരുന്നു. ഇലഞ്ഞി മുത്തശ്ശി അവാർഡും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ ഈ വർഷത്തെ പരിസ്ഥിതി മിത്ര അവാർഡും പ്രകൃതിയെ നെഞ്ചോടു ചേർക്കുന്ന ഈ അൻപതുകാരനു തന്നെ.

നിലവിൽ കേരള സർക്കാരിന്റെ വനം വന്യ മിത്ര ബോർഡ് മെമ്പറും ജില്ലാ ട്രീ അതോറിറ്റി അംഗവുമാണ്. വൃക്ഷ, പരിസ്ഥിതി സംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ്  ബിനുമാഷിന്റെ കുടുംബം. പൊൻകുന്നത്തെ ‘കോവിൽ പ്ലാവിൽ’ തുടങ്ങി കൊല്ലത്തെ കോളച്ചിറ നാട്ടുമാവിൽ എത്തി നിൽക്കുന്നു വൃക്ഷ ഡോക്ടറുടെ ചികിത്സാ പാടവം. വൃക്ഷ ചികിത്സ ജീവിത നിയോഗമായി കാണുന്ന ഈ കറകളഞ്ഞ പ്രകൃതി സ്നേഹി യാത്ര തുടരുകയാണ്, ഇനിയുമേറെ വൃക്ഷങ്ങൾക്ക് പുതുജീവൻ നൽകാനായി. 

English Summary:  Interview with Environmentalist and Tree Doctor Binu Kottayam


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive