കേരളത്തിന്റെ 'വര'പ്രസാദമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ഇന്ന് 95. കരുവാട്ട് മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിക്ക് തലയിലും താടിരോമങ്ങളിലും മാത്രമമേ വെള്ളി'രേഖ'കളുള്ളൂ. വിവിധ പ്രതലങ്ങളില്‍ അദ്ദേഹം മഷികൊണ്ടും ചായംകൊണ്ടും ഉളികൊണ്ടും കോറിയിടുന്ന കഥാപാത്രങ്ങള്‍ക്ക് പക്ഷേ എന്നുമെപ്പോഴും നവയൗവ്വനം.
മലയാള കലാചരിത്രത്തില്‍ കാലം വരച്ച സുവര്‍ണരേഖയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ രണ്ടാമൂഴത്തിലെ ഭീമനെപോലെ തകഴിയുടേയും എംടിയുടേയും ഉറൂബിന്റെയും എസ്‌കെ പൊറ്റക്കാടിന്റെയും എം മുകന്ദന്റെയും പുനത്തിലിന്റേയുമൊക്കെ മാനസസന്തതികളെപ്പോലെ കാലങ്ങള്‍ അതിജീവിക്കുകയാണ്.
അഞ്ചാംവയസ്സില്‍ മനയ്ക്കലെ മുറ്റത്തും അമ്പലച്ചുവരിലും കോറിവരഞ്ഞ ഒരു ബാലനുണ്ടായിരുന്നു. അതേ വരക്കമ്പം 95-ല്‍ എത്തിയിട്ടും കൂടുന്നതേയുള്ളൂ. നമ്പൂതിരിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അനസ്യൂതം തുടരുന്ന വര'. അതാണ് കാഴ്ചയില്‍പ്പോലും പ്രായമേശാത്ത ഈ ഊര്‍ജ്ജ പ്രവാഹത്തിന്റെ ഉറവിടം. അലസമെന്നോണമുള്ള വരകളെ ജീവസ്സുറ്റതാക്കുന്ന ചൈതന്യരഹസ്യവും വിശ്രമമില്ലാത്ത സാധന തന്നെ.
പൊന്നാനി കരുവാറ്റ മനയില്‍ 1925 സെപ്തംബര്‍ 13 നാണ് (1191 ചിങ്ങം 25, ആയില്യം) കെഎം വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ജനനം. വീടിനടുത്തുള്ള ശുകപുരം ക്ഷേത്രത്തിലെ കൊത്തുപണികളാണ് വരയ്ക്കാനും ശില്‍പ്പങ്ങള്‍ ചമയ്ക്കാനുമുള്ള ആദ്യ പ്രചോദനം.
മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ വിഖ്യാത ചിത്രകാരന്‍ കെസിഎസ് പണിക്കരുടെ ശിഷ്യനായിരുന്നു. ദേവിപ്രസാദ് റോയ് ചൗധരി, എസ്. ധനപാല്‍ തുടങ്ങിയവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, സമകാലിക മലയാളം വാരിക തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ രേഖാ ചിത്രകാരനായിരുന്ന നമ്പൂതിരിയുടെ 'നാണിയമ്മയും ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഏറെ ശ്രദ്ധേയമായിരുന്നു.
'വരയുടെ പരമശിവ'നെന്നാണ് സാക്ഷാല്‍ വികെഎന്‍ നമ്പൂതിരിയെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. നമ്പൂതിരിയുടെ വിരലുകള്‍ക്ക് വര മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം അതിസുന്ദരമായി വഴങ്ങും. രാമായണം, സ്വാതന്ത്ര്യ സമരം, അവസാനത്തെ അത്താഴം, സൂര്യനും കുതിരകളും തുടങ്ങി ചെമ്പുപാളികളില്‍ തീര്‍ത്ത ശില്‍പ്പങ്ങളും ആരാധകരുടെ പ്രശംസ നേടിയവയാണ്. കഥകളിപ്പദക്കച്ചേരിക്കൊപ്പം കഥാപാത്രങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തിയും കാണികളില്‍ വിസ്മയം തീര്‍ത്തു.
സംഘാടകനായും അദ്ദേഹം മികവ് കാട്ടി. നമ്പൂതിരി ചെയര്‍മാനായിരിക്കേയാണ് കേരളാ ലളിതകലാ അക്കാദമിക്കു തൃശൂരില്‍ സ്വന്തമായി ആസ്ഥാനമന്ദിരം നിര്‍മ്മിച്ചത്. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയാക്കി മാറ്റുന്നതിലും മുഖ്യ പങ്ക് വഹിച്ചു.
അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയുടെ കലാസംവിധാനത്തിന് 1974 ല്‍ സംസ്ഥാന പുരസ്‌ക്കാരം. കുട്ടികളുടെ രാമായണത്തിന്റെ ചിത്രീകരണത്തിന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്‌ക്കാരം, 2003 ല്‍ രാജാ രവിവര്‍മ്മ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ വരുടെ കുലപതിയെ തേടിയെത്തി
No comments:
Post a Comment