Monday, September 28, 2020

രാജശ്രീയെന്നും ഷൈനയെന്നും പേരായ രണ്ട്‌ നോവലിസ്‌റ്റുകളുടെ കഥ

നാട്ടുഭാഷയുടെ നാരായം കൊണ്ട്‌ എഴുതുന്ന രണ്ടു സ്‌ത്രീകൾ. ദേശത്തിന്റെയും ചരിത്രത്തിന്റെയും അവകാശികളായ പെണ്ണുങ്ങളെക്കുറിച്ചാണ്‌ ഷൈനയും രാജശ്രീയും എഴുതുന്നത്. എഴുത്തു ജീവിതത്തിൽ ഒരുപാടു സമാനതകൾ ഉള്ള രണ്ടു നോവലിസ്റ്റുകൾ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നു സംസാരിക്കുന്നു

 

‘‘നീയീ മയിപ്പീലിന്റാത്ത് കൊറച്ച് കൊറച്ച് കുട്ടിക്കൂറ പൗഡ്ര് ഇട്ട് കൊടുക്ക് കുഞ്ഞൂട്ടി. അന്നേരം അത് വേം പെറും’’–- ഷൈനയുടെ ‘ആവിലാക്കരയിലെ പെൺവൃത്താന്തങ്ങളി’ൽനിന്നാണ് ഇത്‌. 

 ‘‘അല്ലാ, നമ്മള കതയാന്ന്‌ ബിച്ചാരിച്ചാ നമ്മളത്‌ അളക്കാനും ചൊരിയാനും നിക്കും. ആരാന്റതാന്ന്‌ ബിച്ചാരിച്ചാ സുകായിറ്റ്‌ കേക്കാലാ! അല്ലണേ ദാച്ചാണീ’’–- ആർ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടുസ്‌ത്രീകളുടെ കത’യിൽനിന്നാണിത്‌. നാട്ടുഭാഷയുടെ നാരായംകൊണ്ട്‌ നോവലെഴുതിയവരാണ്‌ രാജശ്രീയും ഷൈനയും. ഷൈനയുടെ ആറ്‌ കൃതി ഇതിനകം പുറത്തിറങ്ങി. രാജശ്രീയുടെ നോവലിന്‌ 11 മാസത്തിൽ 13 പതിപ്പ്‌.  ഇരുവരും കണ്ണൂർ സ്വദേശികൾ, സമകാലികർ. കോളേജുകാലം തീരുംവരെ എഴുതി, കുടുംബജീവിതത്തിലേക്ക് പിൻവാങ്ങി ഒന്നര പതിറ്റാണ്ടിനുശേഷം ആകസ്‌മികമായി എഴുത്തിലേക്ക് തിരിച്ചെത്തിയവർ. നാട്ടുഭാഷയെയും എഴുത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും ഇവർ പറയുന്നു: 

ഒരുഘട്ടം കഴിയുമ്പോൾ ചരിത്രമാകും

ചില സാഹചര്യങ്ങളിൽ നമുക്ക്‌ നേരിട്ട്‌ ആരോടെങ്കിലും എന്തെങ്കിലും കാര്യം പറയേണ്ടി വന്നാൽ, അതത്ര സുഖകരമല്ലെങ്കിൽ, അതിനായി മാനകഭാഷ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്‌ പ്രാദേശികഭാഷ സ്വീകരിക്കുന്നതാകും. സോഷ്യൽമീഡിയ ഇടക്കാലത്ത് സ്വീകരിച്ച തന്ത്രങ്ങളിലൊന്നാണത്. പ്രാദേശികഭാഷ ഓരോ മനുഷ്യന്റെയും ഉള്ളിൽചെന്ന്‌ തട്ടും. നോവലിനെക്കുറിച്ച്‌ ചിന്തിക്കുംമുമ്പേ ചെറുസംഭാഷണങ്ങളിൽ ‘കല്യാണി’യുണ്ടായിരുന്നു. 
 
 മാനകഭാഷയിൽ ‘ഞാൻ ’ സംസാരിക്കുമ്പോൾ കല്യാണിയേച്ചി നാടൻ ഭാഷയിലായിരിക്കും സംസാരിക്കുക. രണ്ടുവർഷത്തോളം ഇത്തരം എഴുത്ത് നീണ്ടു. നോവൽഭാഗങ്ങൾ തുടർച്ചയായി‌ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റുചെയ്‌തു. തുടർച്ച ആളുകൾ ചോദിക്കുന്ന സ്ഥിതിയുണ്ടായി.  എഴുതുകയെന്നത്‌ ബാധ്യതയായി‌. സോഷ്യൽമീഡിയയിലെ തുടരനെഴുത്തിൽ റിസ്‌കുണ്ട്‌. സമയം, ഇടവേളയൊക്കെ പ്രധാനം. വായനക്കാർ പേജിൽ വന്ന്‌ നോക്കി കണ്ടില്ലെങ്കിൽ അനന്തമായി കാത്തിരിക്കയൊന്നും ചെയ്യില്ല. ഈ നോവലിന്റെ കാര്യത്തിലാണെങ്കിൽ ഓരോ കഥാപാത്രത്തിന്റെയും ഒപ്പം നടക്കേണ്ട കാര്യംമാത്രമേ ഉണ്ടായുള്ളൂ. ഓരോ അധ്യായം ഓരോ ദിവസം എന്ന നിലയിലാണ്‌ വന്നത്‌. നോവൽ പുസ്‌തകരൂപത്തിലാക്കിയപ്പോൾ അഞ്ചധ്യായംകൂടി ചേർത്തു. തെക്കൻ ജില്ലകളിൽനിന്ന്‌ കുടിയേറ്റമല്ലാതെ ജോലികൾക്കും മറ്റുമായി വടക്കൻ ജില്ലയിലേക്ക്‌ വന്നവരുണ്ട്‌. എനിക്ക്‌ അങ്ങനെയൊരു പശ്ചാത്തലമുണ്ട്‌. അതുകൊണ്ട്‌ പുറത്തുനിന്നും അകത്തുനിന്നും കാഴ്‌ചകൾ കാണാൻ കഴിയും. അച്ഛനും അമ്മയും തെക്കൻതിരുവിതാംകൂറുകാർ. മറ്റൊരർഥത്തിൽ പൂർണമായി കണ്ണൂരുകാരിയോ തിരുവിതാംകൂറുകാരിയോ അല്ലാത്തതിനാൽ രണ്ടിനോടും സെന്റിമെന്റ്‌സില്ല.
 
വടക്കരുടെ ഭാഷ മോശമെന്നാണ്‌ തെക്കുള്ളവർ വിചാരിക്കുക, തെക്കരെ വിശ്വസിക്കരുതെന്ന് വടക്കരും. അങ്ങനെ ഇരുകൂട്ടരും കരുതുന്നതിന്റെ കാരണം അവർ ഒന്നിന്റെ ഉള്ളിൽമാത്രം ജീവിക്കുന്നതുകൊണ്ടാണ്‌.
 
അമ്പത്‌ വർഷംമുമ്പുള്ള കണ്ണൂരിലെ സ്‌ത്രീകളിൽ ഭൂരിഭാഗവും മറ്റൊരുഭാഷയും സംസാരിക്കില്ല. എഫ്‌ബിയിൽ നോവൽ എഴുതുന്ന സമയത്ത്‌ കമന്റുകൾ ശ്രദ്ധിക്കുമായിരുന്നു. ഒന്നുപോലും വായിക്കാതിരുന്നിട്ടില്ല. എഫ്‌ബിയിൽ നോവൽ ഭാഗങ്ങൾ പോസ്റ്റുചെയ്യുമ്പോൾ ‌നാടകത്തിന് സ്റ്റേജിൽ നിൽക്കുന്നപോലയാണ്‌. 
 
കണ്ണൂർ സ്വദേശികളായ പ്രവാസികൾ വായനക്കാരായി ഉണ്ടായിരുന്നു. പറശിനിക്കടവുകാരായ അവരിൽ പലരും നോവലിനെ പിന്തുടർന്നു.     നൊസ്റ്റാൾജിയയാകണം കാരണം. പലവട്ടം ആവർത്തിച്ചപോലെ പേനയും കടലാസുംകൊണ്ടുണ്ടാക്കിയ നോവലല്ലിത്‌. ഗൂഗിൾ ഹാൻഡ്‌ റൈറ്റിങ്‌ ഉപയോഗിച്ച് നോട്ട് പാഡിൽ എഴുതുകയായിരുന്നു. കണ്ണൂരിന്റെ സംഭാഷണഭാഷ കൃത്യമായി ഫോണിൽ എഴുതാൻ എളുപ്പമല്ല. പല അക്ഷരങ്ങളുടെയും ഉച്ചാരണഭേദങ്ങൾ കിട്ടില്ല.
 
സോഷ്യൽമീഡിയ പത്തുവർഷത്തിനുള്ളിൽ എല്ലാ വിഭാഗത്തിനും പ്രത്യേകിച്ച്‌ സ്‌ത്രീകൾക്ക്‌ വലിയ സ്വാതന്ത്ര്യമാണ്‌ നൽകിയത്‌. ആർക്കും എങ്ങനെ വേണമെങ്കിലും എഴുതാം, വായിക്കാം. എഴുത്തിന്‌ കിട്ടിയ തുറസ്സുകൾ ‌ വലുതാണ്‌. വിവിധ വിഷയങ്ങളിൽ സ്വന്തം അഭിപ്രായം പറയാനുള്ള ധൈര്യംകൂടി അത് സ്‌ത്രീകൾക്ക്‌ നൽകി. അതല്ലെങ്കിൽ പ്രിവിലേജുകൾക്ക് പുറത്തുനിൽക്കുന്ന ശരാശരി മലയാളിസ്‌ത്രീക്ക്‌ ജോലികൂടി ഇല്ലെങ്കിൽ എവിടെയാണ്‌ അവസരം? സോഷ്യൽമീഡിയയിലാണെങ്കിൽ അവർക്ക്‌ സാഹിത്യം, സിനിമ, കല, രാഷ്‌ട്രീയം തുടങ്ങി എന്തിനെക്കുറിച്ചാണെങ്കിലും അഭിപ്രായം പറയാം. 
 
നോവൽ അധ്യായമായി പോസ്റ്റുചെയ്യുമ്പോൾ‌ വായനക്കാരെ ആകർഷിക്കാൻ ഓരോ പഞ്ച്‌ ആവശ്യമുണ്ടായിരുന്നു. നൊസ്റ്റാൾജിയ വേണ്ടവരെ, ജീവിതാനുഭവങ്ങളിൽ സമാനത തോന്നിയവരെ, ഭാഷയിൽ താൽപ്പര്യം തോന്നിയവരെ, വായനയെ ഗൗരവത്തിലെടുക്കുന്നവരെ എല്ലാം നോവൽ സമീപിച്ചിട്ടുണ്ട്‌. ലൈംഗികതയും തെറിയും തപ്പിപ്പോയവർ അതും കണ്ടിട്ടുണ്ടാകും. പല തട്ടിലുള്ള വായനക്കാരെ പല തട്ടിൽത്തന്നെ പിടിക്കാനായി. 
 
നന്നായി തെറി വിളിക്കുന്ന, തെറി മടക്കുന്ന സ്‌ത്രീകളുണ്ട്‌. ഡബ്‌ൾ മീനിങ്‌ ഉപയോഗിക്കുന്നതിലും മനസ്സിലാക്കുന്നതിലും നല്ല ധാരണയുള്ളവരുണ്ട്. നോവലിലെ ആഖ്യാതാവ്‌ പുതിയ കാലത്തിലെ ആളാണ്‌. അവൾ അങ്ങനെയൊന്നും സ്വാതന്ത്ര്യമെടുക്കുന്ന ആളല്ല. കുടുംബം നിലനിർത്താനുള്ള ബാധ്യതയേറ്റെടുത്ത് പലകുറി പരിക്കേറ്റവൾ. ആത്യന്തികമായി ഒരു വ്യക്തിക്ക്‌ അവരോടുമാത്രമേ സ്‌നേഹമുണ്ടാകൂ. നിലവിലെ കുടുംബഘടന അപാരമായ ആത്മബലികൾ ആവശ്യപ്പെടുന്നുണ്ട്. ജൈവികതയെ ഞെക്കിഞെരുക്കുന്ന ഒന്നായി ആധുനിക കുടുംബവ്യവസ്ഥ മാറി. പഴയകാലത്ത്‌ കുടുംബഘടനകൾ അയഞ്ഞതാണ്. ‌താൽപ്പര്യമുള്ള ഇണകളെ സ്വീകരിക്കാനും അല്ലാത്തവരെ വിട്ടുകളയാനും ‌കഴിഞ്ഞിരുന്നു. അതിൽ വലിയ തെറ്റുണ്ടെന്ന്‌ കുടുംബങ്ങളും കരുതിയിരുന്നില്ല. ലൈംഗിക സദാചാരത്തിന്റെ അടിത്തറയിൽ കുടുംബത്തെ ഉറപ്പിക്കലാണ്‌ അന്തസ്സെന്ന്‌ ആധുനിക കുടുംബം കരുതാൻ തുടങ്ങി. വ്യക്തിയെ കുടുംബം വിഴുങ്ങുകയാണ് ഇപ്പോൾ. അതുകൊണ്ടാണ്‌ ദുരഭിമാനക്കൊലകളെക്കുറിച്ച്‌ സംസാരിക്കേണ്ടി വരുന്നത്‌.
 
നോവലിൽ തെക്കിന്റെയും വടക്കിന്റെയും ചരിത്രത്തിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല. പേരുകൾ മാറ്റുകമാത്രമാണ്‌ ചെയ്‌തത്‌. കണ്ണൂരിന്റെ ചരിത്രം പറയുമ്പോൾ ഇങ്ങനെയുള്ള ദാക്ഷായണിമാരുടെയും കല്യാണിമാരുടെയും നിശ്ശബ്ദചരിത്രങ്ങളും അതിനുള്ളിലുണ്ടാകും. അരനൂറ്റാണ്ടുമുമ്പ്‌ കണ്ണൂരിന്റെ സ്‌ത്രീജീവിതം എങ്ങനെയാണെന്ന്‌ ചോദിച്ചാൽ ഇങ്ങനെകൂടി ആയിരുന്നു. അവർ സഹനടിമാർ മാത്രമായിരുന്നില്ല. ദേശത്തിന്റെയും ചരിത്രത്തിന്റെയും അവകാശികൾകൂടിയായിരുന്നു.

ചരിത്രത്തിന്റെ പകർത്തിവെപ്പല്ല എഴുത്ത്‌



ആദ്യെഴ്തിയെത് ‘അഗ്നിശയനം’ന്ന് പേരുള്ള ഒരു നോവലേനു. അത് പുസ്‌തകായി വെര്ന്നേലും മുമ്പെന്നെ കുട്ടിക്കാലത്തെ കൊറച്ച് ഓർമകള് ഫെയ്‌സ്ബുക്കില് എഴ്തീന്. അത് വായിച്ചോർക്കെല്ലം ഓറെ കുട്ടിക്കാലത്തേക്ക് ചെല്ലാങ്കയിഞ്ഞ്ന്‌. എന്നേരംതന്നെ ചെലരെല്ലം പ്രാദേശികമായ വാക്കുകളും പ്രയോഗങ്ങളും മനസ്സിലാക്‌ന്ന്‌ല്ലാന്ന് പരിഭവോം പറഞ്ഞിനപ്പ. ഉദാഹരണായിറ്റ്, ഞാൻ കൈമ്മലുള്ളത് ചാടി എന്നെഴ്തിയേരം ഞാനുദ്ദേശിച്ച അർഥല്ല തെക്കുള്ളോർക്ക് കിട്ടിയത്. അവരിക്ക് ‘ചാടുക’ എന്നു പറഞ്ഞാൽ ‘തുള്ളുക’ എന്നാ. നമ്മക്കോ എറിയുക എന്നും. എന്ത്ന്നായാലും എന്റെ നാട്ടുഭാഷേല് എഴുതാന്തെന്നെ ഞാന്തീരുമാനിച്ച്.
 
ചെറ്തിലേ ഞാങ്കൊറേ വായിക്കുഏനു. ആറാം ക്ലാസില് പഠിക്കുമ്പോ ആകാശം കണ്ടപ്പോ മനസ്സില് തോന്നിയ നാലുവരി കവിതയാന്നൊന്നും അറിയാണ്ട് നോട്ട് ബുക്കിലെഴ്തിവെച്ച് മൂളിക്കൊണ്ട് നടന്നിന്. കോളേജില്  കഥയെഴ്‌ത്തിന് ഒന്നാംസമ്മാനം കിട്ടി. പിന്നപ്പെളോ എഴുത്ത് നിന്നുപോയി. വായനേം നിന്നുപോയി. മനസ്സില് മരുഭൂമി ഉണ്ടായി. അപ്പളെല്ലാം മനസ്സ്ന്ന് ആരോ പറഞ്ഞോണ്ടിര്ന്ന് കരയണ്ട ഒന്നും തീർന്നിറ്റില്ല എന്തോ ചെയ്യാൻ ബാക്കിണ്ട്ന്ന്. ഇപ്പോ എഴുത്ത് വന്ന്. ഇപ്പോ എഴുതാണ്ട്ക്കാങ്കയ്യൂലാന്നതാ സത്യം. എഴ്തിക്കഴിഞ്ഞത് ഞാമ്പിന്ന അധികം ഓർമിക്കലേ ഇല്ല. എന്റത് പുസ്‌തകമായിക്കഴിഞ്ഞാ ഞാൻ വായിക്കൂല. എന്നും എഴുതാൻ എത്ര കെടക്ക്ന്ന് എന്ന്‌ മനസ്സ് പറയ്ന്ന്ണ്ട്.
 
പുരുഷകേന്ദ്രീകൃതമായ കുടുംബഘടനേല്  സ്‌ത്രീ എഴുത്വാന്നുള്ളത് അത്രയെളുപ്പൊന്നല്ല കേട്ടാ. എഴ്ത്കാന്ന് പറഞ്ഞാ ശെരിക്കും  സ്‌ത്രീകൾടെ ഒര് സ്വാതന്ത്ര്യപ്രഖ്യാപനംതെന്നയാ. ആദ്യെല്ലം കുറ്റം പറച്ചില് കേട്ട് തളർന്നു പോയിറ്റ്ണ്ട് കേട്ടാ. ഇപ്പോ വിമർശനങ്ങള് ഊർജം കൂട്ടുകയേ ഉള്ളൂ. അത് മുകളിലേക്കുള്ള ഏണിപ്പടികളാന്ന്‌. സർ‌ഗാത്മകതയുടെ ആന്തരികലോകം വലിയ വാതിലാണ് മുന്നില് തൊറന്ന് വെച്ചിര്ക്ക്ന്നത്. അത് നമ്മളെ സൊന്തം ലോകം. നമ്മളെയിഷ്‌ടത്തിന് എത്ര ജീവിതങ്ങളെ വേണ്ടിക്കിലും നമ്മക്ക്ണ്ടാക്കാ. എത്ര കഥാപാത്രങ്ങളെ വേണങ്കിലും ചിരിപ്പിക്കാ, കരയിപ്പിക്കാ, ആരോട് വേണെങ്കിലും ചോദ്യങ്ങള് ചോയിക്കാ പറയാ... എന്റെ പിടച്ചിലുകളിൽനിന്നും ബാഹ്യലോകത്തിന്റെ സംഘർഷങ്ങളിൽനിന്നും ഞാനോടി വന്ന് അഭയം തേടുന്നത് എന്റെ കഥാപാത്രങ്ങളോടൊപ്പമാണ്. ഉള്ളടക്കത്തിൽ ഇല്ലാണ്ടിര്ന്ന ചെല കഥാപാത്രങ്ങള്  പെട്ടെന്നെടക്ക് കേരിവന്ന് കഥയുടെ ഗതി മാറ്റിക്കളയും.
 
ഇപ്പെഴ്തിക്കയ്ഞ്ഞ പേരിട്ടിറ്റില്ലാത്ത നോവലില് അങ്ങെൻത്തെ ഒരാള്ണ്ട്. ഒര്കള്ളൻ. ഉള്ളവരിൽനിന്ന് മാത്രം കക്കുന്ന, അങ്ങനെ അവകാശം ഉണ്ടെന്ന് വിശ്വസിക്കുന്നയാൾ. പെരുന്തച്ചന്റെ പിൻമുറക്കാരനായ, മരത്തിൽ കവിത കൊത്തുന്ന രാമൻ തച്ചനാണ്  കേന്ദ്രകഥാപാത്രം.
 
‘ജലനയനി’ നോവലാണ്‌ ഒടുവില്‌‌ പുറത്ത്‌റങ്ങിയത്‌. 2018ലെ പ്രളയാന്ന് നോവലെഴ്താൻ പ്രേരിപ്പിച്ചത്. ഇടുക്കിപോലത്തൊരു സ്ഥലം ഞാനിങ്ങ്ന മ്മളെ വട്ടപ്പാറേല്ണ്ടാക്കി വച്ച്. ആട നമ്മളെയീട ആദ്യണ്ടായ കരിമ്പാലമ്മാരെപ്പറ്റി  ഞാനെഴ്തീറ്റ്ണ്ട്. കുടിയേറ്റം, പുഴ, ഡാം, മഹാപ്രളയം ഇങ്ങന നാല് ഭാഗായിറ്റാ നോവല്ള്ളത്. തിരുവിതാംകൂറ്ന്ന് ഗോപാലൻന്നും അവുതാന്നും പേരുള്ള രണ്ട് പേര് വട്ടപ്പാറേലെത്ത്ന്നേനോടെയാ നോവല് തൊടങ്ങ്ന്നെ. വട്ടപ്പാറ കുടിയേറ്റ ഗ്രാമമായും പിന്ന പട്ടണമായും മാറ്ന്ന്ണ്ട്.  മഹാപ്രളയത്തിനുശേഷം ചളിമൂടിയ ആ നഗരം നമ്മളെ നാട് കണ്ടപ്പോലത്തെ അതിജീവന പ്രക്രിയയിലാണ്. ഈ നോവല് അടിസ്ഥാനാക്കി ഞാനതിന്റെ തിരക്കഥയും എഴ്തീറ്റ്ണ്ട്. ബാലസാഹിത്യ നോവലിന്റെ രചനേലാന്ന്പ്പം. ജിഗ്‌സോ എന്നാണ്‌ പേര്‌. ‘ആൻമേരിയുടെ ചായക്കൂട്ടുകൾ’ എന്ന പേരിലുള്ള അഞ്ച്‌ നോവല്ലകളുടെ സമാഹാരം ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിക്ക്‌ന്ന്‌ണ്ട്‌. അഞ്ച്‌ തരത്തിൽപ്പെട്ട സ്‌ത്രീകളുടെ ജീവിതമാണ്‌ അതില്‌.
 
‘ചരരാശി' 2018ൽ എറങ്ങിയ നോവലാന്ന്. പൈപ്പിൻ കുന്ന്ന്ന് പേരുള്ള ഒര് കോളനില് നടക്ക്ന്ന സംഭവങ്ങളാണതില്. അയ്യൻകാളിയെ മാതൃകയാക്ക്ന്ന കുഞ്ഞിരാമൻ മാഷ് ഇതിലെ ഒരു കഥാപാത്രമാണ്. പത്ത് പെറ്റ കുമ്പയമ്മയാണ് കോളനി സ്ഥാപക. വട്ടിയൻ ഗുരിക്കൾ കോളനി പ്രജാപതി. കുട്ടിക്കാലത്തെപ്പളോ പാടവരമ്പത്തൂടെ ഓടിപ്പോകുമ്പോ പാളത്തൊപ്പി വച്ച് കഷണം തോർത്തുടുത്ത് നിലമുഴുതുന്ന കാരിമൂപ്പനെ കണ്ടിരുന്നു. കാരിമൂപ്പൻ മുമുമു തി തിതി കാളേ എന്ന് ഒച്ചയിട്ടിരുന്നു. കാരി മൂപ്പന്റെ മോള് ജാനു മെടയ്ന്ന പായ അമ്മ വാങ്ങുന്നത് ഓർമേല്ണ്ട്. ആ പുത്യ പായേന്റെ മണം ഇപ്പളും മൂക്കിനുള്ളില്ണ്ട്. അതിന് അവര്ടെ സ്‌നേഹംപോലത്തെ കുളിർമ ഇണ്ടായിര്ന്ന്. ഉസ്‌കൂള് വിട്ട് വരുമ്പോ കാതിൽ കൂക്കി ഓടിപ്പോക്‌ ന്ന ഉച്ചാറപ്പൊട്ടനും നിറയെ ചെമ്പകപ്പൂ പൊഴിഞ്ഞ് വീണ കൗതുകത്തിന് മീതെ തീപ്പന്തം കത്തിയമറുന്ന കൊറ്റാളിക്കാവിലെ ഘണ്ടാകർണൻ തെയ്യവുമെല്ലാം എന്റെ നാടിന്റെ മങ്ങാത്ത ഓർമച്ചിത്രങ്ങൾ.
 
സാറാ ജോസഫ് എഴുതിയത് വായിക്കുമ്പോ ഇതെന്റെ ഉള്ളിലുണ്ടായിര്ന്നല്ലോ എന്ന് തോന്നാറുണ്ട്. ഇങ്ങനെയെഴുതാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിക്കാറുണ്ട്. എന്നെ വീണ്ടും വീണ്ടും വായിപ്പിക്കുന്ന പുസ്‌തകം സ്വീഡിഷ് എഴുത്തുകാരനായ തോർഗ്നി ലിൻഡ്ഗ്രെന്റെ ‘മധുരം’, ‘സർപ്പത്തിന്റെ വഴി’ എന്നീ  നോവലുകളാണ്.'
 
പഴമയും പുതുമയും ഇഴചേർത്താണ് ഞാനെഴുതാറ്. നാട്ടുഭാഷയോടൊപ്പം മാനകഭാഷയും ഞാനെഴുതാറുണ്ട്. ആദ്യമെല്ലാം പരിചിതലോകത്തുനിന്നാണ് കഥാപാത്രങ്ങളെ ഞാൻ കണ്ടെടുത്തിരുന്നതെങ്കിൽ ഇപ്പോ പുതിയ നോവലിലെ കഥാപാത്രങ്ങളും ആഖ്യാന ഭൂമികയും എല്ലാം സാങ്കൽപ്പികങ്ങളാണ്. ദേശചരിത്രം നോവലാകുമ്പോൾ വെറും പകർത്തിവയ്‌ക്കൽ മാത്രമാകരുതെന്ന് ഞാൻ കരുതുന്നു. പ്രാദേശികഭാഷയിൽ സംസ്‌കാരത്തിന്റെ ഈടുവയ്‌പുകൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു.





Thursday, September 17, 2020

വരയില്‍ നര വീഴാത്ത നമ്പൂതിരി; കേരളത്തിന്റെ 'വര'പ്രസാദത്തിന് 95

 


Artist Namboothiri

കേരളത്തിന്റെ 'വര'പ്രസാദമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ഇന്ന് 95. കരുവാട്ട് മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിക്ക് തലയിലും താടിരോമങ്ങളിലും മാത്രമമേ വെള്ളി'രേഖ'കളുള്ളൂ. വിവിധ പ്രതലങ്ങളില്‍ അദ്ദേഹം മഷികൊണ്ടും ചായംകൊണ്ടും ഉളികൊണ്ടും കോറിയിടുന്ന കഥാപാത്രങ്ങള്‍ക്ക് പക്ഷേ എന്നുമെപ്പോഴും നവയൗവ്വനം.

മലയാള കലാചരിത്രത്തില്‍ കാലം വരച്ച സുവര്‍ണരേഖയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ രണ്ടാമൂഴത്തിലെ ഭീമനെപോലെ തകഴിയുടേയും എംടിയുടേയും ഉറൂബിന്റെയും എസ്‌കെ പൊറ്റക്കാടിന്റെയും എം മുകന്ദന്റെയും പുനത്തിലിന്റേയുമൊക്കെ മാനസസന്തതികളെപ്പോലെ കാലങ്ങള്‍ അതിജീവിക്കുകയാണ്.

അഞ്ചാംവയസ്സില്‍ മനയ്ക്കലെ മുറ്റത്തും അമ്പലച്ചുവരിലും കോറിവരഞ്ഞ ഒരു ബാലനുണ്ടായിരുന്നു. അതേ വരക്കമ്പം 95-ല്‍ എത്തിയിട്ടും കൂടുന്നതേയുള്ളൂ. നമ്പൂതിരിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അനസ്യൂതം തുടരുന്ന വര'. അതാണ് കാഴ്ചയില്‍പ്പോലും പ്രായമേശാത്ത ഈ ഊര്‍ജ്ജ പ്രവാഹത്തിന്റെ ഉറവിടം. അലസമെന്നോണമുള്ള വരകളെ ജീവസ്സുറ്റതാക്കുന്ന ചൈതന്യരഹസ്യവും വിശ്രമമില്ലാത്ത സാധന തന്നെ.

പൊന്നാനി കരുവാറ്റ മനയില്‍ 1925 സെപ്തംബര്‍ 13 നാണ് (1191 ചിങ്ങം 25, ആയില്യം) കെഎം വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ജനനം. വീടിനടുത്തുള്ള ശുകപുരം ക്ഷേത്രത്തിലെ കൊത്തുപണികളാണ് വരയ്ക്കാനും ശില്‍പ്പങ്ങള്‍ ചമയ്ക്കാനുമുള്ള ആദ്യ പ്രചോദനം.

മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ വിഖ്യാത ചിത്രകാരന്‍ കെസിഎസ് പണിക്കരുടെ ശിഷ്യനായിരുന്നു. ദേവിപ്രസാദ് റോയ് ചൗധരി, എസ്. ധനപാല്‍ തുടങ്ങിയവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, സമകാലിക മലയാളം വാരിക തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ രേഖാ ചിത്രകാരനായിരുന്ന നമ്പൂതിരിയുടെ 'നാണിയമ്മയും ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഏറെ ശ്രദ്ധേയമായിരുന്നു.

'വരയുടെ പരമശിവ'നെന്നാണ് സാക്ഷാല്‍ വികെഎന്‍ നമ്പൂതിരിയെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. നമ്പൂതിരിയുടെ വിരലുകള്‍ക്ക് വര മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം അതിസുന്ദരമായി വഴങ്ങും. രാമായണം, സ്വാതന്ത്ര്യ സമരം, അവസാനത്തെ അത്താഴം, സൂര്യനും കുതിരകളും തുടങ്ങി ചെമ്പുപാളികളില്‍ തീര്‍ത്ത ശില്‍പ്പങ്ങളും ആരാധകരുടെ പ്രശംസ നേടിയവയാണ്. കഥകളിപ്പദക്കച്ചേരിക്കൊപ്പം കഥാപാത്രങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തിയും കാണികളില്‍ വിസ്മയം തീര്‍ത്തു.

സംഘാടകനായും അദ്ദേഹം മികവ് കാട്ടി. നമ്പൂതിരി ചെയര്‍മാനായിരിക്കേയാണ് കേരളാ ലളിതകലാ അക്കാദമിക്കു തൃശൂരില്‍ സ്വന്തമായി ആസ്ഥാനമന്ദിരം നിര്‍മ്മിച്ചത്. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയാക്കി മാറ്റുന്നതിലും മുഖ്യ പങ്ക് വഹിച്ചു.

അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയുടെ കലാസംവിധാനത്തിന് 1974 ല്‍ സംസ്ഥാന പുരസ്‌ക്കാരം. കുട്ടികളുടെ രാമായണത്തിന്റെ ചിത്രീകരണത്തിന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്‌ക്കാരം, 2003 ല്‍ രാജാ രവിവര്‍മ്മ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ വരുടെ കുലപതിയെ തേടിയെത്തി

Sunday, September 06, 2020

കേശവാനന്ദ ഭാരതി കേസ്‌‌: നിയമ പുസ്‌തകത്തിലെ തിളങ്ങുന്ന ഏട്‌

 

കാസർകോട് > എടനീർ മഠാധിപതി കേശവാനന്ദ ഭാരതി വിടവാങ്ങുന്നത്ഇന്ത്യൻ നിയമചരിത്രത്തിലെ സുപ്രധാന ഏടിന്റെ സ്മരണകൾ ഉണർത്തി‌. ഭൂപരിഷ്കരണ നിയമത്തിനെതിരെ ഇഎംഎസ്സർക്കാരുമായി സുപ്രീംകോടതിയിൽ കേശവാനന്ദഭാരതി നടത്തിയ കേസ്ചരിത്രത്തിന്റെ ഭാഗമാണ്‌. "കേശവാനന്ദഭാരതി വേഴ്സസ്സ്റ്റേറ്റ്ഓഫ്കേരളനിയമപുസ്തകങ്ങളിൽ അധ്യായമാണ്‌‌‌.

ഭൂമിക്കേസാണെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ സംരക്ഷിക്കാനുള്ള ഇടപെടൽ എന്ന നിലയിലാണ്കേസ്‌‌ ചരിത്രത്തിന്റെ ഭാഗമായത്‌. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി മാറി‌.

ഭൂപരിഷ്കരണ നിയമപ്രകാരം സംസ്ഥാന സർക്കാർ എടനീർ മഠത്തിന്റെ മുന്നൂറോളം ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ സാധുതയെ ചോദ്യംചെയ് കേസ്‌ 68 ദിവസത്തെ വാദമാണ്കേട്ടത്‌. ഇത് മറ്റൊരു ചരിത്രമായി. ഭൂമി തിരിച്ചുകിട്ടിയില്ലെങ്കിലും ഇടപെടൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ സംബന്ധിച്ച്സുപ്രധാന തീർപ്പായി. പൊതു ആവശ്യങ്ങൾക്കുവേണ്ടിയും ഭരണഘടനയുടെ നിർദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതിവിധിച്ചു. അതേസമയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, ഫെഡറൽ സ്വഭാവം തുടങ്ങിയവയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിന് ഇല്ലെന്നും കണ്ടെത്തി.

വാദം നയിച്ചവരിൽ പ്രമുഖൻ നാനി പാൽഖിവാലാ ആയിരുന്നു. 13 അംഗ ഭരണഘടനാ ബെഞ്ചാണ് കേസ് കേട്ടത്. പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റി മറിച്ചുകൊണ്ടാവരുത് എന്ന വിധി പ്രഖ്യാപനത്തിലേക്ക് സുപ്രീം കോടതി എത്തിയെന്നതാണ് കേസിന്റെ സവിശേഷത. 1973 ഏപ്രിൽ 24നായിരുന്നു‌ 7:6 ഭൂരിപക്ഷത്തിൽ വിധി പ്രഖ്യാപിച്ചത്‌. കേരള സർക്കാരിനുവേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനും ഭരണഘടനാവിദഗ്ധനുമായ എച്ച്എം സീർവായിയാണ്‌.

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive