ജോയി സെബാസ്റ്റ്യൻ
കോവിഡ് കാലത്ത് യോഗം ചേരാൻ വീഡിയോ കോൺഫറൻസിങ് അല്ലാതെ വേറെ മാർഗമില്ല. അതിനു സൂം പോലുള്ള ആപ്ലിക്കേഷനുകളെ ആശ്രയിക്കുകയാണ് നമ്മൾ. പലതിനും പലതരം പരിമിതികൾ. വീഡിയോ കോൺഫറൻസിങ് ടൂളുകളുടെ സുരക്ഷയെക്കുറിച്ചും ആശങ്കകൾ. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പഴുതില്ലാത്ത ഒരു വീഡിയോ കോൺഫറൻസിങ് ടൂളിനുവേണ്ടിയുള്ള ഇന്നൊവേഷൻ ചലഞ്ച് പ്രഖ്യാപിച്ചത്. 2000 കമ്പനികളെ പിന്തള്ളി ആലപ്പുഴയിലെ ടെക്ജെൻഷ്യയുടെ വി കൺസോൾ വെന്നിക്കൊടി നാട്ടി. ആലപ്പുഴയുടെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഇടപെടുന്ന തനി സാധാരണക്കാരനായ ജോയ് സെബാസ്‌റ്റ്യന്റെ ഈ സംരംഭത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ ധനമന്ത്രി ടി എം തോമസ് ഐസക്
“പുള്ളിക്കാരൻ പണ്ടേ കംപ്യൂട്ടറിലുള്ള എന്തോ ഒക്കെ ആണ് എന്നറിയാം. ഇപ്പം എന്തോ നേടിയതായി അറിഞ്ഞു”. ഇന്ത്യാ ഇന്നൊവേഷൻ ചലഞ്ചിൽ ജോയ് സെബാസ്റ്റ്യൻ വിജയിയായ വിവരമറിഞ്ഞ് നൗഷാദ് പുതുവീട് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിന്റെ ആദ്യവരികൾ. അത് സത്യമാണ്. ഒരു കംപ്യൂട്ടർ പുലിയാണ് ജോയിയെന്നും ചേർത്തല ഇൻഫോപാർക്കിൽ കൊള്ളാവുന്ന ഒരു ഐടി കമ്പനിയുടെ ഉടമയാണ് അദ്ദേഹമെന്നും നാട്ടുകാരിൽ പലർക്കും അറിയില്ല. കാരണം ജോയി അങ്ങനെ ഭാവിച്ചിട്ടേയില്ല. ജാടയുടെ കിരീടം ഇയാൾക്ക് ചേരില്ല. പുറംമോടിയുടെ പളപളപ്പും. സുഹൃത്തും ചേട്ടനും മകനുമൊക്കെയായി പൂങ്കാവിലും ചുറ്റുവട്ടത്തും അതിസാധാരണ ജീവിതം നയിക്കുന്ന ചെറുപ്പക്കാരൻ. ചിലനേരത്ത് ജനകീയ ഭക്ഷണശാലയിൽ വിളമ്പുകാരന്റെ വേഷത്തിൽ. പിറ്റേന്ന് പ്രതിഭാതീരത്തിന്റെ ക്ലാസുകളിൽ പ്രത്യക്ഷപ്പെടും. അടുത്ത ദിവസം ഔവർ ലൈബ്രറിയിലെ ശാസ്‌ത്രപരിപാടിയിലാകാം. അതുമല്ലെങ്കിൽ പാതിരാപ്പള്ളിയിലെ ജനകീയലാബിലാകാം. ചുരുക്കിപ്പറഞ്ഞാൽ നാട്ടുകാരിൽ ഒരാളായി, എന്നും എപ്പോഴും ജോയിയുണ്ട്. അങ്ങനെയൊരാളെ കംപ്യൂട്ടർ വിദഗ്ധനായി അവർ ‘തെറ്റി’ദ്ധരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. നാട്ടിലെ ഇത്തരം ഇടപെടലുകൾ അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളിൽ വായിച്ചെടുക്കാം.
സംഭാവന കിട്ടിയ കംപ്യൂട്ടറുകളിൽ തുടക്കം
ജനനം പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിൽ. പഠിച്ചതെല്ലാം പൊതുപള്ളിക്കൂടങ്ങളിൽ. അതുകൊണ്ടാവാം, പൊതുവിദ്യാലയങ്ങളോട് ഒരു പ്രത്യേക മമത. പഠനമികവ് ജോയിയെ ടികെഎം എൻജിനിയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാക്കി. രണ്ടാം സെമസ്റ്ററിനു പഠിക്കുമ്പോൾ മെക്കാനിക്കൽ എൻജിനിയറായ ചേട്ടൻ ജോബിന്റെ അപ്രതീക്ഷിത മരണം. അതോടെ പഠനം നിർത്തേണ്ടി വരുമെന്ന സ്ഥിതി. ആലപ്പുഴ രൂപതയിലെ സിസ്റ്റർ കൊർണേലിയയും ജോബിന്റെ സുഹൃത്തുക്കളുമൊക്കെ ചേർന്നാണ് എംസിഎ പൂർത്തിയാക്കാൻ സഹായിച്ചത്. പിന്നെ ട്യൂഷൻ എടുക്കാനും പോകും. വീടിനെയും സഹായിക്കണമല്ലോ. എംസിഎ പൂർത്തിയാക്കിയപ്പോൾ ഹോസ്റ്റലിലെ സുഹൃത്തുക്കൾ രണ്ട് കംപ്യൂട്ടറുകൾ സംഭാവന നൽകി. എന്തെങ്കിലും സംരംഭം തുടങ്ങാൻ ഒരു കൈത്താങ്ങ്. അങ്ങനെ പൂങ്കാവിൽ ഒരു സോഫ്‌റ്റ്‌വെയർ സംരംഭം തുടങ്ങി. ആ യാത്രയാണ് ചേർത്തല ഇൻഫോപാർക്കിലെത്തിയത്. നാം ഇന്നു കാണുന്ന ടെക്ജെൻഷ്യയുടെ തുടക്കം ആ രണ്ടു കംപ്യൂട്ടറുകളിൽ നിന്നായിരുന്നു. ഇന്നൊവേഷൻ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ചലഞ്ചിന്റെ മുൻനിരയിലെത്തിയവരിൽ പലരും ജോയിയെപ്പോലെ ഗ്രാമീണ മേഖലയിൽ നിന്നുള്ളവർ. നഗരമേഖലയിലെ പകിട്ടോ ഐടി ഹബ്ബുകളുടെ വമ്പോ അവർക്കില്ല. പക്ഷേ, മണ്ണിൽ ചുവടൂന്നിനിന്ന് ആകാശത്തിനുമപ്പുറത്തേക്ക് ഉയരാൻ അവർക്കു കഴിയും. ഇന്നൊവേഷൻ ചലഞ്ച് തെളിയിച്ചത് അതാണ്. ചെറുതല്ല ഈ നേട്ടം. ലോകത്ത് ശതകോടികൾ മുതൽമുടക്കി തയ്യാറാക്കിയ വീഡിയോ കോൺഫറൻസിങ് ടൂളുകളുണ്ട്. അവയോട് കിടപിടിക്കുന്ന ഒരു പ്രോഡക്ട് ഉണ്ടാക്കാൻ ചലഞ്ചിന്റെ ഭാഗമായി അനുവദിച്ചത് വെറും നാലു മാസത്തെ സമയം. പങ്കെടുത്തത് രണ്ടായിരത്തോളം പേർ. അതിലാണ് ആലപ്പുഴയുടെ നാട്ടിൻപുറത്തുള്ള ജോയിയുടെ ടെക്ജെൻഷ്യ വെന്നിക്കൊടി നാട്ടിയത്. രാജ്യത്തെ ഐടി കമ്പനികളിൽ നല്ല പങ്കും കുറഞ്ഞ ചെലവിൽ ഐടി സേവനങ്ങൾ വിദേശത്തുനിന്നും സബ് കോൺട്രാക്ട് എടുത്തു ചെയ്യുന്നവയാണ്. നൂതനമായ ഐടി പ്രോഡക്ടുകൾ താരതമ്യേന വളരെ കുറവു മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളൂ. ചൈനയുടെ നില ഇതിനു നേർവിപരീതമാണ്. നോക്കൂ എത്ര ചൈനീസ് ആപ്പുകളാണ് നമ്മുടെ നാട്ടിൽ നിരോധിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, ചൈനയ്‌ക്കു പകരം വീട്ടാൻ ഒരു ഇന്ത്യൻ ആപ്പും ചൈനയിൽ ഇല്ല.
സ്‌നേഹജാലകത്തിന്റെ ജനകീയ ഭക്ഷണശാലയുടെ ഉദ്‌ഘാടനത്തിന് സച്ചിൻ ടെണ്ടുൽക്കറിനെ ക്ഷണിക്കാൻ മന്ത്രി ടി എം തോമസ് ഐസക്കും ജോയ് സെബാസ്റ്റ്യനും കൊച്ചിയിൽ എത്തിയപ്പോൾ
ഇന്നൊവേഷൻ ചലഞ്ച്
ഈ പശ്ചാത്തലത്തിലാണ് വീഡിയോ കോൺഫറൻസിങ്ങിന് ഉപയോഗിക്കുന്ന സൂമിനും മറ്റും പകരം രാജ്യത്തിനു തനതായി ഒരു ടൂൾ ഉണ്ടാക്കാൻ ഇന്ത്യാ സർക്കാർ തീരുമാനിച്ചത്. കമ്പോളത്തിൽ ഇന്ന് നിലവിലുള്ള വീഡിയോ കോൺഫറൻസിങ് ടൂളുകൾക്ക് പലവിധ പരിമിതികളുണ്ട്. ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന ചെലവു കുറഞ്ഞ സൂം പോലുള്ളവയുടെ സുരക്ഷയെക്കുറിച്ച് കേന്ദ്രസർക്കാർ തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കോൺഫറസിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുന്തോറും ക്വാളിറ്റി കുറയുന്നതാണ് മറ്റൊരു പ്രശ്നം. ഇതുമൂലം ഓഡിയോയെങ്കിലും വ്യക്തതയോടെ ലഭിക്കാനായി വീഡിയോ ഓഫാക്കാൻ പലപ്പോഴും നിർദേശിക്കാറുണ്ട്. സുരക്ഷിതവും കൂടുതൽ ആളുകൾക്ക് പങ്കെടുക്കാവുന്നതും ക്വാളിറ്റിയുള്ള ചിത്രങ്ങൾ ലഭിക്കുന്നതുമായ ടൂളുകൾക്ക് വലിയ വില നൽകേണ്ടിവരും. പുതിയ വീഡിയോ കോൺഫറൻസിങ് ടൂളിന് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിബന്ധനകൾ ഇവയായിരുന്നു. സ്വകാര്യതയ്‌ക്കും സുരക്ഷയ്‌ക്കും മുൻതൂക്കം വേണം. ആപ്പിൽ മികച്ച വീഡിയോ റെസലൂഷനും ഓഡിയോ ക്വാളിറ്റിയും സാധ്യമാകണം. എല്ലാ ഉപകരണങ്ങളിലും പ്രവർത്തിക്കണം. ഒട്ടേറെപ്പേരുമൊത്ത് ഒരേ സമയം വീഡിയോ കോൺഫറൻസുകൾ നടത്താൻ സാധിക്കണം. കുറഞ്ഞതും, കൂടിയതുമായ ബാൻഡ് വിഡ്ത്തിൽ പ്രവർത്തിക്കണം. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന ലോകോത്തര നിലവാരമുള്ള വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോം ആർക്ക് ഉണ്ടാക്കാം? ഇതായിരുന്നു ഇന്നൊവേഷൻ ചലഞ്ച്. മൂന്നു ഘട്ടങ്ങളിലായാണ് വിജയികളെ തെരഞ്ഞെടുത്തത്. രണ്ടായിരത്തോളം മത്സരാർഥികളിൽനിന്ന് 12 കമ്പനികളെ തെരഞ്ഞെടുത്ത് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നൽകി. ഇവരിൽനിന്ന് മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. അന്തിമ ഉൽപ്പന്നം വികസിപ്പിച്ചെടുക്കാൻ മൂന്നു കമ്പനികൾക്കും 20 ലക്ഷം രൂപ വീതം നൽകി. ഇവയെ വിശദമായി പരിശോധിച്ചാണ് ജൂറി ടെക്ജെൻഷ്യയെ തെരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് സമ്മാനം.
വി കൺസോളിന്റെ മികവ്
ടെക്ജെൻഷ്യയുടെ വി കൺസോളിനെ മറ്റു വീഡിയോ കോൺഫറൻസിങ് ടൂളുകളിൽ നിന്നും വ്യത്യസ്‌തമാക്കുന്ന നൂതനത്വം എന്താണ്? മറ്റുള്ള ടൂളുകളിൽ പങ്കെടുക്കുന്ന ഓരോ ആളിന്റെയും വീഡിയോ പ്രത്യേകമായാണ് സ്ട്രീം ചെയ്യുക. അതുകൊണ്ട് വലിയ ബാൻഡ്‌വിഡ്ത് വേണം. വി കൺസോളിൽ എല്ലാ വീഡിയോയും ഒറ്റ സ്ട്രീമാണ്. അപ്പോൾ കുറഞ്ഞ ബാൻഡ്‌വിഡ്ത് മതിയാകും. ചെലവ് കുറയും. നല്ല ക്ലാരിറ്റിയും ഉണ്ടാകും. ധാരാളം പേർക്ക് ഒരേ സമയം പങ്കെടുക്കാം. 30 പേർക്ക് ഒരേ സമയം പങ്കെടുക്കാൻ കഴിയണമെന്നായിരുന്നു ചലഞ്ചിന്റെ നിബന്ധന. എന്നാൽ വി കൺസോളിൽ 300 പേരെ പങ്കെടുപ്പിക്കാം. 1000 പേർക്ക് പാസീവായും പങ്കെടുക്കാം. ലക്ഷ്യത്തിന് എത്രയോ അപ്പുറത്തേക്കാണ് ജോയിയും സംഘവും സഞ്ചരിച്ചത്. ജോയി ഒറ്റയ്‌ക്കല്ല. ഒന്നാന്തരം സഹപ്രവർത്തകരുടെ സംഘംതന്നെയുണ്ട് ടെക്ജെൻഷ്യയിൽ. അവരിൽ പലരെയും ജോയിയുടെ വീട്ടിൽവച്ച് കാണാറുണ്ട്. അങ്ങനെ പലവട്ടം കണ്ടുമുട്ടിയിട്ടുള്ള ഒരു ചങ്ങാതിയാണ് ബിഹാറുകാരൻ അങ്കൂർ ദീപ് ജെയ്സ്വാൾ. ടെക്ജെൻഷ്യയുടെ ചീഫ് ടെക്‌നോളജി ഓഫീസർ. ഇവരൊക്കെ ഒരു വീട്ടുകാരെപ്പോലെയാണ്. മുഴുവൻ ജീവനക്കാരുടെയും വാർഷിക കൂടിച്ചേരൽ ഒരു വിശേഷം തന്നെയാണ്.
ജോയ് സെബാസ്റ്റ്യൻ ഭാര്യ ലിൻസി ജോർജ്, മകൻ അലൻ ബാസ്റ്റിൻ ജോയ്, മകൾ ജിയ എൽസ ജോയ്, മാതാപിതാക്കളായ സെബാസ്റ്റ്യൻ, മേരി എന്നിവർക്കൊപ്പം
സ്റ്റാർട്ടപ്പുകൾക്ക് പ്രചോദനം
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ മുന്നേറ്റത്തിന് ടെക്ജെൻഷ്യയുടെ വിജയം ഉത്തേജകമാകും. സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനത്തിനു വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. കേന്ദ്രസർക്കാരിന്റെ വ്യവസായ വാണിജ്യ മന്ത്രാലയം 2018ൽ നടത്തിയ റാങ്കിങ്ങിൽ സ്റ്റാർട്ടപ്പുകൾക്കുള്ള ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളമാണ് ടോപ്പ് പെർഫോർമർ. ഒരു സംരംഭകന് നല്ലൊരു പ്രോട്ടോടൈപ്പ് ഉണ്ടെങ്കിൽ അത് പ്രോഡക്ടായി വികസിപ്പിക്കുന്നതിന് ഒരു ഈടും ഇല്ലാതെ ഒരുകോടി രൂപ വരെ ധനസഹായം ലഭിക്കും. ഒരു സംരംഭത്തിന് സർക്കാരിൽനിന്നോ മറ്റേതെങ്കിലും കോർപറേറ്റ് സ്ഥാപനത്തിൽ നിന്നോ ഉറച്ച ഓർഡർ ഉണ്ടെങ്കിൽ, ഓർഡറിന്റെ 90 ശതമാനം (പരമാവധി 10 കോടി രൂപ) പ്രത്യേകിച്ച് ഈടില്ലാതെ വായ്‌പ ലഭിക്കും. സ്റ്റാർട്ടപ് മിഷനെയോ കെഎഫ്സിയെയോ ബന്ധപ്പെടുക. കെഎഫ്സി അഞ്ചുവർഷം കൊണ്ട് 5000 നവസംരംഭകരെ വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഐടിയെ നാട്ടിലെ ഉൽപ്പാദനത്തിലും സേവനപ്രദാനത്തിലും സന്നിവേശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആലപ്പുഴയിൽ നടക്കുന്ന ഏതാണ്ട് എല്ലാ വികസനപ്രവർത്തനങ്ങളിലും ജോയിയുടെ ഐടി കൈയൊപ്പുണ്ട്. ഏറ്റവും പ്രധാനം ആലപ്പുഴയിലെ മ്യൂസിയങ്ങൾ തന്നെ. അവയുടെ ഐടി കൺസൾട്ടന്റ് ജോയി ആണ്. സ്റ്റാർട്ടപ്, കൺസൾട്ടന്റ് എന്നൊക്കെ കേട്ടാൽ ആരോപണവുമായി ഇറങ്ങുന്ന ചിലരോട് അഡ്വാൻസായി തന്നെ പറയട്ടെ, ഒരു സാമ്പത്തിക ആനുകൂല്യങ്ങളും ജോയി കൈപ്പറ്റുന്നില്ല. ഓണററി കൺസൾട്ടന്റാണ്. സെപ്തംബറിൽ ആദ്യത്തെ മ്യൂസിയം – കയർ യാൺ മ്യൂസിയം - ഉദ്ഘാടനം ചെയ്യും. അവിടുത്തെ പല അവതരണങ്ങളും ഐടി വിദ്യയുടെ ജാലവിസ്‌മയങ്ങളായിരിക്കും.
No comments:
Post a Comment