വിക്രമൻ നമ്പൂതിരിയുടെ വിദേശജോലി കാലം കഴിഞ്ഞു; നാട്ടിലേക്ക് മടങ്ങുകയാണ്.
പൂര്ണമായിട്ടു വിശ്വസിക്കാൻ പറ്റണില്ല. ശരിയായിരിക്കാം, തിരിച്ചുവരുമായിരിക്കാം; അദ്ദേഹത്തിന്റെ ഇഷ്ടത്തിനും നല്ലതിനും ആയിട്ട് കാര്യങ്ങൾ നടക്കട്ടെ.
സുഹൃത്താണ്, ചാപല്യങ്ങളും ശീലക്കേടുകളും കാട്ടി പലതും പറഞ്ഞിരിക്കാൻ പറ്റിയ ആളാണ് - പലർക്കും എന്നപോലെ എനിക്കും.
രണ്ടു വ്യാഴവട്ടവും പിന്നെയും വിദേശത്തു ജോലിചെയ്യുക, കാര്യങ്ങൾ നടത്തുക, ഉറ്റവരെയും വേരുകളെയും അറ്റു ജീവിക്കുക - എളുപ്പമല്ല ! നമുക്ക് പലർക്കും നേരിട്ട് അനുഭവം ഉള്ളതുപോലെ. അത് മനുഷ്യരെ മാറ്റി തീർക്കും, പലപ്പോഴും തിരിച്ചറിയാത്തവണ്ണം. എങ്കിലും നാമെന്താണോ, ഞാനെന്താണോ, എന്നെഞാൻ ആക്കിയത് എന്താണോ, അവയെല്ലാം കെട്ടിപിടിച്ചു നില്ക്കാൻ ശ്രമിക്കുക എന്നതും എളുപ്പമല്ല. വിക്രമൻ അതിനുവേണ്ടി പരിശ്രമിച്ച ഒരാൾ തന്നെ.
എന്നാലും ചിലപ്പോൾ എങ്കിലും തിടുക്കത്തിൽ ഉൾവലിഞ്ഞു കുതറി മാറിയോ, മാറുന്നുവോ എന്ന് തോന്നാതിരിന്നിട്ടില്ല; കാരണങ്ങൾ അന്വേഷിച്ചിട്ടുമില്ല.
ചരിത്രത്തിലേക്ക് പിന്തിരിഞ്ഞു നടന്നു തിരുത്താൻ പറ്റില്ലല്ലോ; അതും നല്ലതിനായിരുന്നു എന്ന് തന്നെ കരുതാം.
ഒരുപാട് ഊർജവും, ശേഷിയും, ശേമുഷിയും ഒക്കെ ഉള്ള വിക്രമന് സകല നന്മകളും നേരുന്നു.
നന്മകളുടെ ഒരു പങ്കു അദ്ദേഹം ചുറ്റുവട്ടത്തുള്ളവരുമായി പങ്കുവെക്കും എന്നാർക്കും ഒരുസംശയവും ഉണ്ടാവില്ല, അതുതന്നെ വിക്രമാദിത്യ ചരിതം. സൗകര്യമുള്ളപ്പോൾഎല്ലാം കാണണം, വെടിപറയണം, "നല്ല നാലഞ്ച് വാക്കുകൾ ഓതി നിറയണം". നമ്പൂതിരിയെ മനുഷ്യനാക്കിയ ചെറിയമാനുഷരുടെ വലിയകൂട്ടത്തിൽ എന്നുമുണ്ടാവണം.
No comments:
Post a Comment