*ഭാഷ പാലം കെട്ടുമ്പോൾ*
ഭാഷ ഒറ്റപ്പെട്ട് സ്വതന്ത്രമായി വളരുന്ന ഒന്നല്ല. ഇന്നത്തെ കമ്പോളാധിഷ്ഠിത ലോകത്തിൽ എല്ലാം അവനവനിലേക്ക് മാത്രം കേന്ദ്രീകരിക്കുമ്പോൾ, ഭാഷയും അങ്ങിനെയാണ് എന്ന തോന്നൽ ഉണ്ടാക്കുന്നു. തോന്നൽ എന്ന വാക്കിലാണ് ഊന്നൽ, കാരണം അത് തോന്നൽ മാത്രമാണ്.
ടെലിവിഷനിൽ മൃഗങ്ങളുടെ പലായനവും, കൂടുവിട്ട് കൂടുമാറലും കാടുവിട്ട് കാടുമാറലും കാണുമ്പോൾ നാം വിചാരിക്കുക ഇവയൊക്കെ എന്തുജാതി ജന്മങ്ങളാണ് എന്നാവാം. പക്ഷെ ഇതുകാണുന്ന നമ്മളിൽ പലരും തന്നെ ഒരു പലായനം നടത്തി അന്യനാട്ടിലെ ഇടുങ്ങിയ ഒരു മുറിയിൽ, ഉറ്റവരെയും വേരുകളെയും അറ്റുപോയി ഇരിക്കുന്നവരാണ് എന്ന് മറന്നുപോകുന്നു. ഇത്തരം പ്രവാസവും ഒറ്റപ്പെടലും ഭാഷയിലും, ചിന്തയിലും, സംസ്കാരത്തിലുമൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു, പതുക്കെ പതുക്കെ ആയതിനാൽ നമ്മൾ അവയെ തിരിച്ചറിയുന്നത് പലപ്പോഴും വൈകിയാണ്, വയസ്സാവുന്നത് അറിയാത്തപോലെ !
നമ്മളും മറ്റുള്ളവരും ചേർന്ന് ഉണ്ടാക്കുന്ന ഒരുടമ്പടിയാണ് ഭാഷ. താൻ മാത്രമായോ അന്യൻ മാത്രമായോ ഭാഷയില്ല; ഉണ്ടായിട്ടുവേണ്ടേ നിലനിൽക്കാനും വളരാനും ! ഒറ്റക്കിരിക്കുമ്പോൾ പോലും ഈ ഉടമ്പടിയിലൂടെ മാത്രമേ ഭാഷ പ്രവർത്തിക്കുന്നുള്ളു, കാരണം ചിന്തപോലും ഭാഷയിലാണല്ലോ. നാം പൊതുവിൽ സമ്മതിച്ച അർത്ഥങ്ങളും, ഉപമകളും, രൂപകങ്ങളും ഒക്കെ അർത്ഥവത്താകുന്നത് ആ പൊതുസമ്മതം ഒന്നുകൊണ്ട് മാത്രമാണ്. അല്ലാതെ സെൽഫ് മെയ്ഡ്, അല്ലെങ്കിൽ സെൽഫിയോ അല്ല. സെൽഫിപോലും എടുക്കുന്നത് അപരനെ കാണിക്കാൻ ആണല്ലോ ! അപരന്മാർ ഇല്ലാത്ത ലോകത്ത് ഭാഷയുമില്ല, അതിനാൽ ചിന്തയും, സംസ്കാരവും, പ്രവർത്തിയും ഒന്നുമൊന്നുമില്ലാതെയാവും.
ആഗോളഗ്രാമം എന്ന പ്രയോഗം വിപണിക്ക് വേണ്ടിയാണ് രൂപം കൊണ്ടതെങ്കിലും, അതിൻ്റെ ഒരുപരിണിതഫലം ഭാഷയിലുമുണ്ട്. ഞാൻ എൻ്റെ ഭാഷയേയും കൂട്ടികൊണ്ടാണ് യാത്രതിരിക്കുന്നത്. മറ്റുസാമാനങ്ങൾ കെട്ടിപൊതിയുന്നപോലെ തന്നെ; അറിയാതെ എന്റെകൂടെ വരുന്നു ഭാഷയും. ഏതെങ്കിലും ഒരു ഭൂഗോളകോണിൽ ഒരുഭാഷയെ അകറ്റിനിർത്തി എന്തെങ്കിലും കാര്യമായി ചെയ്യാനാവും എന്ന് ഇന്ന് കരുതുക വയ്യ. അമേരിക്കയിൽ പൊതുവെ സ്പാനിഷ് ഉപയോഗത്തിലുണ്ട്, റഷ്യയിൽ ആംഗലവും, ഗൾഫ്‌നാടുകളിൽ മലയാളവും ഹിന്ദിയും ഉർദുവും, അങ്ങിനെഒരുപാട് ഉദാഹരണങ്ങൾ നിരത്താം, പക്ഷെ അതിനേക്കാൾ വലുതാണ് അവയുടെ സ്വാധീനവും പ്രയോഗവും. മൊത്തത്തിൽ ഉരുകിയൊലിക്കുകയും, തണുത്തുറഞ്ഞശേഷം വീണ്ടും ഉരുകിയൊന്നാവുകയും ചെയ്തുകൊണ്ടേയിരിക്കുന്ന ഒരു സ്ഥിരംപ്രക്രിയായി ഇത് പരിണമിക്കുന്നു.
ഭാഷയും കോറോണയും ഈയർത്ഥത്തിൽ ഒരുപോലെയാണ്; ഞാൻചെയുന്ന മുൻകരുതലുകൾ എനിക്കുവേണ്ടി മാത്രമല്ല. അപരനുംകൂടിയാണ്. ഞാൻ ഭാഷ ഉപയോഗിക്കുന്ന പോലെ, എനിക്കുമാത്രമായല്ല. ഞാനും അപരനും അടങ്ങുന്ന പൊതുകൂട്ടത്തിനാണ്. അല്ലാതെപോയാൽ ഒന്നുമില്ലാതെയായി തീരും, തീർച്ച.
മനുഷ്യൻ അറിവുകളും അപകടങ്ങളും തെറ്റും തിരുത്തുമൊക്കെ കൈമാറുന്നത് ഭാഷയിലൂടെ തന്നെ. അത് സമന്മാർക്കിടയിലും അല്ലാതെയും അങ്ങിനെതന്നെ. തലമുറകൾ തമ്മിൽതമ്മിലും അങ്ങിനെയേ തരമുള്ളു. അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങളോടുള്ള കൊഞ്ചലും കളിയുമൊക്കെ മാതൃഭാഷയിലാകുന്നത്. അമ്മയ്ക്കും കുഞ്ഞിനുമായിട്ട്, അവർക്കുമാത്രം മനസ്സിലാവുന്ന ഒരു ഭാഷാരൂപാന്തരപ്പെടാം, പക്ഷെ അപ്പോൾ പോലും അപരൻ ഒഴിവാകുന്നില്ല. ആദ്യനാളുകളിലെ മൊഴികളും ശബ്ദവിന്യാസങ്ങളും സൃഷ്ടികളുമോക്കെ മസ്തിഷ്കവികസനപന്ഥാവിലെ അമൂല്യമായ ഘടകങ്ങളാണ്. അതിനാൽ തന്നെ ഭാഷയില്ലാതെ വളർച്ചയില്ല.
വിപണിക്കും കച്ചവടത്തിനും ഒരു ഏകഭാഷയായി ആംഗലം വളർന്നിട്ടുമെങ്കിലും, സ്വപനങ്ങളും ചിത്രങ്ങളും കഥയും കഥയില്ലായ്മയുമൊക്കെ പങ്കുവെക്കാൻ സ്വന്തം ഭാഷാതന്നെ വേണം. അതുകൊണ്ടാണ് കൃത്രിമബുദ്ധി, ഓൺലൈൻ പരിഭാഷ എന്നിവയൊക്കെ ഒരുകാലത്തും മനുഷ്യന്റെ ഭാഷാപ്രയോഗസാമര്‍ഥ്യത്തിന്റെ ഒരുഅയല്പക്കത്തും എത്തിനോക്കാൻപോലും സജ്ജമാവാത്തത്, കഴിയാത്തത്.
അതുപോലെ തന്നെ ഒരുഭാഷാമാത്രമായി വളരുന്ന മനുഷ്യരുടെഎണ്ണവും കുറയുന്നു. മാതൃഭാഷയും വിപണിഭാഷയും, ചിലരൊക്കെ അതിൽകൂടുതലും കൊണ്ടുനടക്കുന്നു, സ്വാഭാവികമായി "അധികസ്യ അധികം ഗുണം" ഉണ്ടാവും. കാരണം ഭാഷാപരിജ്ഞാനം ചിന്തയുടെയും ഓർമയുടെയും ബുദ്ധികൂർമതയുടേയുമൊക്കെ മികവ് ഉയർത്തും. ഇതൊരു കുഴമല്ല, കാരണം ഒരുഭാഷയിലും മിടുക്കില്ലാതെയാവുന്നു എന്ന പരാതി അടിസ്ഥാനരഹിതമാകും, കാരണം ഒരുപാടു പാലങ്ങൾപണിയാൻ ഭാഷകൾക്ക് കഴിയും. ഏതെങ്കിലും ഒരുഭാഷയിൽ പ്രാവീണ്യം വേണ്ട എന്നല്ല അർത്ഥമാക്കുന്നത്, മറിച് ഭാഷകൾ കൈകാര്യം ചെയ്യുന്നതിലെ മിടുക്ക് ഗുണമേ വരുത്തൂ എന്നാണ് സൂചിപ്പിക്കുന്നത്. ഒരേയാൾ ഒരുപാട് വേഷങ്ങളിൽ വന്നാലും, വന്നത് ഒക്കെ ഒരാൾ തന്നെയെന്നപോലെ, ഭാഷകൾ തമ്മിലുള്ളപാലങ്ങൾ നിരന്തരം വെളിവാക്കപ്പെടുന്നു ബഹുഭാഷാ ഉപയോഗം.
കാലവും മനുഷ്യരുമാണ് ഭാഷയെയും വളർത്തുക, അല്ലെങ്കിൽ ഇല്ലാതാക്കുക. നമ്മെ നാം ആക്കുന്നതും മറ്റെന്തോ ആക്കിത്തീർക്കുന്നതും ഭാഷയാണ്, ഭാഷയിലൂടെയാണ്. ഭാഷ നന്നായാൽ പകുതിയലധികം നന്നായി. കാരണം സ്വബോധം, സമൂഹബോധം, ചിന്ത, മനനം, കർമം, തിരുത്ത് - വീണ്ടും ഇതിന്റെ തുടർച്ച - അങ്ങനെയാണല്ലോ കാലം മുന്നോട്ടു പോകുക ? ഇതിന് എല്ലാത്തിനും ഭാഷ വേണം, അതാകട്ടെ പൊതുസമ്മതആശയത്തിലൂന്നിയും. സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ വരുന്നത് പോലെ, ചിന്തയിലും ഉണ്ടാവാറുണ്ട്, നാം ശ്രദ്ധിക്കാറില്ല എന്നുമാത്രം. വിട്ടുപോയ കിട്ടാതെ വാക്കുകൾ കൊണ്ട് ചിന്തിച്ചുറപ്പിച് പ്രവർത്തിച്ചാൽ എന്താകുമെന്ന് ഊഹിക്കാമല്ലോ ? കട്ട പോയ പാലങ്ങൾ അപകടങ്ങൾ വിളിച്ചുവരുത്തും. കെട്ടുപോയ വാക്കുകളും അങ്ങിനെതന്നെ.
No comments:
Post a Comment