Wednesday, April 15, 2020

മനോരഥങ്ങളിലെ യാത്രക്കാർ - ഷാങ് പോള്‍ സാര്‍ത്ര് - അബ്‌സേഡായ മരണം




ഈ ശതാബ്ദത്തിലെ പ്രമുഖനായ തത്ത്വചിന്തകന്‍ ആരു്? ഈ ചോദ്യത്തിനു ഷാങ് പോള്‍ സാര്‍ത്ര് എന്ന ഒരുത്തരമേയുള്ളു. അദ്ദേഹം പ്രചരിപ്പിച്ച അസ്തിത്വവാദം–existentialism– (എക്സിസ്റ്റെന്‍ഷ്യലിസം) എന്ന തത്ത്വചിന്താപദ്ധതിയോടു യോജിക്കാത്തവര്‍ക്കും ആ പേരല്ലാതെ മറ്റൊരു പേരു പറയാനാവില്ല. അത്ര കണ്ടു ധിഷണാശാലിയാണ് സാര്‍ത്ര്. അദ്ദേഹത്തിന്റെ പ്രഖ്യാതമായ ഒരു ചെറുകഥയാണ് The Wall എന്നതു്. ഫ്രാങ്കോ എന്ന സ്വേച്ഛാധിപതിയുടെ ഭടന്മാര്‍ പാവ്‌ലോ ഇവൈറ്റയെയും വേറെ രണ്ടുപേരെയും അറസ്റ്റുചെയ്തു ഒരാശുപത്രിയിലെ നിലവറയില്‍ ഇട്ടിരിക്കുകയാണ്. നേരം വെളുക്കുമ്പോള്‍ അവരെ വെടിവച്ചുകൊല്ലും. ഇവൈറ്റയെ ഒരുപാധിയാല്‍ മോചിപ്പിക്കന്‍ ഫാസ്സിസ്‌റ്റ് ഭടന്മാര്‍ സന്നദ്ധരാണ്. അയാളുടെ സ്നേഹിതനായ റേമന്‍ ഗ്രീസ് എവിടെ ഒളിച്ചിരിക്കുന്നുവെന്നു പറഞ്ഞാല്‍ മതി. ഇവൈറ്റ മോചനം പ്രാപിക്കും. ഗ്രീസ് എവിടെയാണുള്ളതെന്നു് ഇവൈറ്റയ്ക്ക് അറിയാം. എങ്കിലും ഫാസ്സിസ്റ്റുകാരെ പറ്റിക്കുന്നതിനുവേണ്ടി അയാള്‍ പറഞ്ഞു ഗ്രീസ് ശവപ്പറമ്പില്‍ ഉണ്ടെന്നു്. ഗ്രീസ് താന്‍ താമസിച്ചിരുന്ന വീട്ടിലെ ബന്ധുക്കളോടു വഴക്കുകൂടി ശവപ്പറമ്പില്‍വന്നു് ഒളിച്ചിരിക്കുകയായിരുന്നു. അതറിയാതെയാണ് ഇവൈറ്റ അങ്ങനെ ഭടന്മാരോടു പറഞ്ഞതു്. ഫാസ്സിസ്റ്റുകള്‍ ശവപ്പറമ്പില്‍ച്ചെന്നു് പരിശോധന നടത്തിയപ്പോള്‍ ഗ്രീസ് അവിടെയിരിക്കുന്നതു് കണ്ടു. അറസ്റ്റ് തടഞ്ഞ ഗ്രീസിനെ അവര്‍ വെടിവച്ചുകൊന്നു. സ്നേഹിതന്റെ മരണം മറ്റൊരു സുഹൃത്തില്‍ നിന്നറിഞ്ഞ ഇവൈറ്റ നിലത്തിരുന്നു. കരയുന്നതുവരെ അയാള്‍ ചിരിച്ചു. കഥ ഇവിടെ അവസാനിക്കുന്നു. ജീവിതത്തില്‍നിന്നും സ്വയം മാറി, എല്ലാത്തരത്തിലുള്ള ബന്ധങ്ങളും ഉപേക്ഷിച്ചു മരിക്കാന്‍ തയ്യാറായിരുന്ന തടവുകാരനാണ് ഇവൈറ്റ. തന്നെ ചേര്‍ത്തുനിറുത്തി വെടിവയ്ക്കാന്‍ പോകുന്ന ചുവരിനെ (wall) മാത്രമേ അയാള്‍ക്കു ചിന്തിക്കേണ്ടതുള്ളു. അബ്സേഡായ–പൊരുത്തക്കേടുള്ള ഈ ലോകത്തു് ജീവിച്ചാലെന്ത്? മരിച്ചാലെന്ത്? അതുകൊണ്ടു് ഭടന്മാരെ പറ്റിച്ച് ഒന്നു ചിരിക്കാനായിരുന്നു ഇവൈറ്റയുടെ വിചാരം. പക്ഷേ അബ്സേഡായ ലോകത്തു് ഇമ്മട്ടിലുള്ള സംഭവ സംയോഗങ്ങള്‍ ഉണ്ടാകും. മരണത്തിന്റെ യുക്തിരാഹിത്യം കണ്ട് ഇവൈറ്റ ചിരിക്കുന്നു. ചിരിച്ചുചിരിച്ചു അയാള്‍ കരയുന്നു.
സാര്‍ത്രിന്റെ തത്ത്വചിന്തയെ സ്ഫുടീകരിക്കുന്ന കഥയാണിതു്. മരണത്തെക്കുറിച്ചു് അദ്ദേഹത്തിനുള്ള ഈ സങ്കല്പം കുറെക്കൂടി വിശദ സ്വഭാവമാര്‍ന്നു് അദ്ദേഹത്തിന്റെ Nausea എന്ന നോവലില്‍ കാണാം. മുപ്പതാമത്തെ വയസ്സിലാണ് സാര്‍ത്ര് ഈ നോവല്‍ പ്രസിദ്ധപ്പെടുത്തിയതു്. മുപ്പതു വയസ്സുള്ള ആങ്ത്വന്റെ (Antoine Roquentin) ഡയറി എന്ന രീതിയിലാണ് നോവലിന്റെ രചന. താനെഴുതുന്ന ഒരു ജീവചരിത്രത്തിനു വേണ്ട വിവരങ്ങള്‍ ശേഖരിക്കാനായി ആങ്ത്വന്‍ ഫ്രാന്‍സിലെ ബൂവില്‍ പട്ടണത്തിലെത്തിയിരിക്കുകയാണ്. അവിടെ താമസിച്ചുകൊണ്ടു് അയാള്‍ ഡയറിയെഴുതുന്നു. ആ ഡയറിയാണ് ‘നോസിയാ’ എന്ന നോവല്‍. തുടക്കം തൊട്ട് അയാള്‍ക്കു് നോസിയാ — മനംമറിക്കല്‍ — അനുഭവപ്പെടുന്നു. കുട്ടികള്‍ കടല്‍ക്കരയിലിരുന്നു കളിക്കുന്നതുകണ്ട ആങ്ത്വനു് അവരെപ്പോലെ കളിക്കാന്‍ കൊതി. അയാള്‍ ഒരു കല്ലെടുത്തു. അതോടെ മനംമറിക്കലുമുണ്ടായി. എടുത്ത വസ്തുവിന്റെ പേരു കല്ല് എന്നു്. എന്നാല്‍ അതിന്റെ എസ്സന്‍സും–സത്തും–അതുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നാണ് ആങ്ത്വനു് തോന്നുന്നതു്. കല്ലിനു വെറും അസ്തിത്വമേയുള്ളു. സത്തും അസ്തിത്വവും തമ്മിലുള്ള ഈ ബന്ധമില്ലായ്മയാണ് മനംമറിപ്പ് ജനിപ്പിക്കുന്നതു്. അങ്ങനെ ഈ ജീവിതത്തിനു് ഒരര്‍ത്ഥവുമില്ല, യുക്തിപരമായ ക്രമമോ വ്യവസ്ഥയോ ഇല്ല; അതിനു രൂപവുമില്ല എന്ന നിഗമനത്തില്‍ അയാള്‍ എത്തുന്നു.
ബസ്സില്‍ സഞ്ചരിക്കുന്ന ആങ്ത്വനു് വല്ലാത്ത മനം മടുപ്പു് ഉണ്ടായി. അയാള്‍ അതില്‍നിന്നു ചാടിയിറങ്ങി പാര്‍ക്കിലേക്കു് ഓടി. പാര്‍ക്കില്‍ വൃക്ഷങ്ങളുണ്ടു്, ബഞ്ചുകളുണ്ടു്, ജലധാരായന്ത്രമുണ്ടു്. ഇവയ്ക്കൊന്നിനും അവിടെ സാംഗത്യമില്ലെന്നു് അയാള്‍ക്കു തോന്നി. അപ്പോള്‍ അസ്തിത്വത്തിന്റെയും വമനേച്ഛയുടെയും കാര്യമെന്തെന്നു് അയാള്‍ക്കു പിടികിട്ടി. അതാണ് അബ്സേഡിറ്റി — പൊരുത്തക്കേടു്. വസ്തുക്കളിടേയും വ്യക്തികളുടെയും സാന്നിദ്ധ്യത്തിനു് ഒരു യുക്തിയുമില്ല. അവ ഇവിടെ–ഈ ലോകത്തു്–ഉണ്ടു് എന്നതേയുള്ളു. ലോകമുള്ള അവസ്ഥയും ലോകമില്ലാത്ത അവസ്ഥയും തുല്യം. ജീവിതത്തെക്കുറിച്ചു ഈ ചിന്താഗതിയുള്ള സാര്‍ത്രിന്റെ മരണസങ്കല്പം ഏതു വിധത്തിലായിരിക്കുമെന്നു് നമുക്കു് ഊഹിക്കാവുന്നതേയുള്ളു. അബ്‌സേഡിറ്റിയുടെ പര്യവസാനമാണ് മരണം. ജീവിതം അബ്‌സേഡിറ്റി ആയതുപോലെ മരണവും അബ്‌സേഡിറ്റിയായിരിക്കുന്നു. മരണത്തിനു് ഒരു പ്രാധാന്യവുമില്ല. (John Macquarrie എഴുതിയ Existentialism എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ഖണ്ഡികയിലെ ഒടുവിലത്തെ രണ്ടു വാക്യങ്ങളില്‍ അടങ്ങിയ ആശയം.)
തത്ത്വചിന്താത്മകമായി മരണത്തെ ഈ നിലയില്‍ കണ്ട സാര്‍ത്ര് പ്രയോഗിക ജീവിതത്തില്‍ അതിനെ ഏതു രീതിയില്‍ ദര്‍ശിച്ചുവെന്നുകൂടി നമ്മള്‍ അറിയേണ്ടതുണ്ടു്. “ഞാന്‍ അതിനെക്കുറിച്ച് (മരണത്തെക്കുറിച്ചു്) ഒരിക്കലും വിചാരിക്കാറില്ല; പക്ഷേ അതു വരുന്നുണ്ടെന്നു് എനിക്കറിയാം.” എന്നാണ് അദ്ദെഹം സന്തതസഹചാരിണിയായ സീമോന്‍ ദെ ബൊവ്വാറിനോടു പറഞ്ഞതു് (Adieux — A farewell to Sartre, Penguin Books, Page 84). തന്റെ പൂര്‍വ്വികരുടെ ജീവിത ദൈര്‍ഘ്യത്തെ അവലംബിച്ചു് പല കണക്കുകൂട്ടലുകള്‍ നടത്തിയതിനുശേഷം സാര്‍ത്ര് ഒരു അനുമാനത്തിലെത്തി; എണ്‍പത്തൊന്നു വയസ്സുവരെ താന്‍ ജീവിച്ചിരിക്കുമെന്നു്. “ശരി. എനിക്കു ചെയ്യാനുള്ളതു് ഞാന്‍ ചെയ്തു കഴിഞ്ഞു. ദുഃഖിക്കാനൊന്നുമില്ല. വാര്‍ദ്ധക്യമായി എന്നൊരു തോന്നലും എനിക്കില്ല. എന്നെ ചലനം കൊള്ളിക്കുന്ന കാര്യങ്ങള്‍ വളരെയില്ല. ഒരുന്നതതലത്തിലാണ് ഞാന്‍ എന്നെ പ്രതിഷ്ഠിച്ചിരിക്കുന്നതു്.” എന്നും അദ്ദേഹം പറഞ്ഞു. മരണം വന്നാല്‍ സമചിത്തതയോടെ അതിനു് അഭിമുഖീഭവിച്ചു നില്ക്കാന്‍ തനിക്കു കഴിയുമെന്നാണ് സാര്‍ത്ര് സ്പഷ്ടമാക്കിയതു്.
തുടരെത്തുടരെയുള്ള കവര്‍ച്ചകളുടെയോ ദുരിതാനുഭവങ്ങളുടെയോ രൂപമാര്‍ന്നാണ് മരണംതന്നെ സമീപിക്കുന്നതെന്നു സാര്‍ത്രിനുതോന്നി. ഉദാഹരണം. സാര്‍ത്ര് അതിമദ്യപനായിരുന്നു. കുടിക്കരുതെന്നു ഡോക്ടര്‍മാര്‍ അനുശാസിച്ചതുകൊണ്ടു് മദ്യം അദ്ദേഹം ഉപേക്ഷിച്ചു. അതു് ഒരുതരത്തിലുള്ള അപഹരണമാണ് അല്ലെങ്കില്‍ കവര്‍ച്ചയാണ്. അങ്ങനെ തന്നില്‍നിന്നു് എല്ലാമെടുത്തു മാറ്റുമ്പോള്‍ മരണമായി. മരണം തീര്‍ച്ചയായും ഗൗരവാവഹമായ കാര്യംതന്നെ. പക്ഷേ അതു് അദ്ദേഹത്തെ പേടിപ്പിച്ചില്ല. സ്വാഭാവികമായ ഒന്നിനെ പേടിച്ചിട്ടെന്തുകാര്യം? ഈ മതമറിഞ്ഞ യഥാര്‍ത്ഥമായ കാലം മരണത്തോടൊത്തു് അവസാനിക്കുന്നു?” സാര്‍ത്ര് മറുപടി പറഞ്ഞതിങ്ങനെ: “അതേ, പക്ഷേ ഒരര്‍ത്ഥത്തില്‍ അതു് അവസാനിക്കുന്നില്ല. ജീവിതം പര്യവസാനത്തില്‍ എത്തുന്നില്ല. താന്‍ പൂര്‍ണ്ണമാക്കാത്ത അനേകം പദ്ധതികളുടെ നടുവിലാണ് മനുഷ്യന്‍ മരിക്കുക. പക്ഷേ മരണത്തിനുശേഷം താന്‍ എന്റെ പുസ്തകങ്ങളില്‍ ജീവിക്കും. എന്റെ ഗ്രന്ഥങ്ങളില്‍ ഞാന്‍ വീണ്ടും കാണപ്പെടും. അതാണ് ശാശ്വതമായ ജീവിതം. ശരീരവും ബോധവും വേണ്ടാത്ത യാഥാര്‍ത്ഥ ജീവിതം. ബാഹ്യലോകത്തിനു യോജിച്ച മട്ടില്‍ മാറുന്ന വസ്തുതകളും അര്‍ത്ഥങ്ങളും നല്കിക്കൊണ്ടിരിക്കുന്ന ജീവിതം.” (Adieux, Page 413).
ഇമ്മട്ടില്‍ മരണത്തെ വീക്ഷിച്ച ഈ മഹാചിന്തകന്റെ അന്ത്യംകൂടെ കണ്ടാലും. “ശവസംസ്കാരത്തിന്റെ ചെലവിനു് എന്തുചെയ്യും?” എന്നാണ് സാര്‍ത്ര് സീമോനോടു ചോദിച്ചതു്. അവര്‍ ആ ചോദ്യത്തില്‍ പ്രതിഷേധിച്ചു. മരണത്തില്‍ അദ്ദേഹത്തിനു ഭയമില്ലാതിരുന്നെങ്കിലും പണക്കുറവ് അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. മുന്‍പൊക്കെ എവിടെപ്പോകുമ്പോഴും മില്യന്‍ കണക്കിനു കറന്‍സിനോട്ടുകള്‍ കൂടെകൊണ്ടുനടന്നിരുന്ന സാര്‍ത്രിനു് ജീവിതാന്ത്യത്തില്‍ ദാരിദ്യം വന്നു. ഈ ചോദ്യം ചോദിച്ചതിന്റെ അടുത്തദിവസം അടഞ്ഞ കണ്ണുകളോടെ സീമോന്റെ കൈത്തണ്ടയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു: “എന്റെ പ്രിയപ്പെട്ടവളേ നിന്നെ ഞാന്‍ എന്തെന്നില്ലാത്ത വിധത്തില്‍ സ്നേഹിക്കുന്നു.”
1980 ഏപ്രില്‍ 15. ചൊവ്വാഴ്ച. സാര്‍ത്ര് നല്ല പോലെ ഉറങ്ങിയോയെന്നു് സീമോന്‍ നഴ്‌സിനോടു ചോദിച്ചു. “ഉറങ്ങി പക്ഷേ…” എന്നു് ഉത്തരം. അവര്‍ സാര്‍ത്രിന്റെ അടുക്കല്‍ ഓടിയെത്തി. പഴയതു പോലെതന്നെയായിരുന്നു സാര്‍ത്ര്. പക്ഷേ ശ്വസിക്കുന്നില്ലായിരുന്നു. സീമോന്‍ മൃതദേഹത്തിന്റെ പുറത്തുവീണു വിലപിച്ചു, “ ‘ഗാങ്ഗ്രീന്‍’ (അഴുകിയ ശരീരഭാഗം) ഉണ്ടു്. സൂക്ഷിക്കണം” എന്നു് നഴ്‌സ് മുന്നറിയിപ്പു നല്കി.
അങ്ങനെയായിരുന്നു ആ മഹനീയമായ ജീവിതത്തിന്റെ അവസാനം. സീമോന്‍ പിന്നീടെഴുതി: “അങ്ങ് അങ്ങയുടെ കൊച്ചു പെട്ടിയിലാണ്. അതില്‍നിന്നു് അങ്ങു പുറത്തുവരില്ല. ഞാന്‍ അതിലേക്കു വന്നു് അങ്ങയുമായി കൂടിച്ചേരുകയുമില്ല. ഞാന്‍ അങ്ങയുടെ അടുത്തുതന്നെ സംസ്കരിക്കപ്പെട്ടാലും എന്റെയും അങ്ങയുടേയും ചാരങ്ങള്‍ക്കു് തമ്മില്‍ ഒരാശയ വിനിമയവും ഉണ്ടാകില്ല.” സീമോനും പോയി. രണ്ടുപേരുരെയും ഭൗതികാവശിഷ്ടങ്ങള്‍ രണ്ടിടത്തു്. അവയ്ക്കുതമ്മില്‍ ആശയങ്ങള്‍ പകരാനാവില്ല. അബ്സേഡായ ജീവിതം! അബ്സേഡായ മരണം! തത്ത്വചിന്താത്മകമായി മരണത്തെ അവര്‍ എങ്ങനെ കണ്ടുവോ അതേ മട്ടില്‍ പ്രായോഗിക ജീവിതത്തിലും അവര്‍ അതിനെ ദര്‍ശിച്ചു. സാര്‍ത്രിന്റെ ആത്മകഥയില്‍നിന്നു് (‘Words’) ചില വാക്യങ്ങള്‍ എടുത്തെഴുതിക്കൊണ്ട് ഞാനിതു് അവസാനിപ്പിക്കട്ടെ:–“ഞാന്‍ മരണത്തെ കണ്ടു. അഞ്ചാമത്തെ വയസ്സില്‍: അതു് എന്നെ ഉറ്റുനോക്കുകയായിരുന്നു; സായാഹ്നവേളകളില്‍ അതു് മുഖപ്പില്‍ പതുങ്ങി നടന്നു. ജന്നലില്‍ അതു മൂക്കമര്‍ത്തി. ഞാന്‍ പതിവായി അതിനെകണ്ടു. പക്ഷേ ഒന്നും പറയാന്‍ ധൈര്യപ്പെട്ടില്ല. ഒരിക്കല്‍ കെവൊള്‍ തോറില്‍ (Quai Voltaire) ഞാനതിനെ കണ്ടു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച പൊക്കംകൂടിയ ഭ്രാന്തിയായ കിഴവിയായിരുന്നു അതു്. പോകുന്ന വേളയില്‍ അസ്പഷ്ടമായി അതു പറഞ്ഞു: “ഞാന്‍ ആ കുട്ടിയെ എന്റെ കീശയില്‍ ഇടും” ശൈശവകാലത്തെ ഈ പേടി പ്രായമെത്തിയകാലത്തു സാര്‍ത്രിനില്ലായിരുന്നു. 1905-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. എഴുപത്തഞ്ചാമത്തെ വയസ്സില്‍ മരിച്ചു. എണ്‍പത്തൊന്നു വയസ്സുവരെ താന്‍ ജീവിച്ചിരിക്കുമെന്നു് കണക്കുകൂട്ടിയ സാര്‍ത്രിനു് ജീവിച്ചിരിക്കാന്‍തന്നെ അബോധാത്മകമായ അഭിലാഷമുണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ത്തന്നെയും കുറ്റംപറയാനെന്തിരിക്കുന്നു? പൊരുത്തക്കേടുള്ള ജീവിതത്തിന്റെ പൊരുത്തക്കേടാര്‍ന്ന പര്യവസാനമാണ് മരണമെന്ന തന്റെ തത്ത്വചിന്തയ്ക്കു് അനുരൂപമായിട്ടാണല്ലോ അദ്ദേഹം ജീവിച്ചതും മരിച്ചതും!


കടപ്പാട് : സായാഹ്‌ന 



No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive