ഇന്നും ആദ്യമൊരു കഥ പറയാം. അണ്ണാൻകുന്നിലെ കഥയാണ്. അണ്ണാൻകുന്ന് എന്നാല് സി.എം.എസ് കോളേജിരിക്കുന്ന കുന്ന്. പണ്ട് അവിടെ അണ്ണാന്മാര് മാത്രമായിരുന്നോ താമസം? അങ്ങനെയാണോ ഈ നല്ല പേരു കിട്ടിയത്? അറിയില്ല. ഇന്നും അവിടെ അനേകം അണ്ണാന്മാര് ഉണ്ട്. നാനാതരം പക്ഷികളുണ്ട്. കാലൻ കോഴിയുടെ സംഗീതം വരെ മിക്ക ദിവസവും കേൾക്കാം. പാമ്പുകളും വേണ്ടത്രയുണ്ട്. ഉടുമ്പ് ധാരാളം. കീരികളും അനേകം. പെരുമ്പാമ്പ് വരെ പണ്ടുണ്ടായിരുന്നു. കോളേജിന്റെ കെട്ടിടങ്ങൾക്കിടയിലും ചുറ്റുപാടും അകന്നു മാറിയും മരങ്ങൾ കാവലുണ്ട്. എങ്ങും പച്ചപ്പ്. അണ്ണാൻകുന്നിന്റെ കിഴക്കേ വശത്താണ് ഞങ്ങളുടെ വീട്. വീടിനു ചുറ്റും കോളേജ്കുന്നിലെ മരങ്ങളാണ്. സായ്പ്പന്മാർ വന്നു കോളേജ് കെട്ടും മുമ്പേ ഞങ്ങളിവിടെ ഉണ്ടായിരുന്നു എന്ന മട്ടാണ് മരങ്ങൾക്ക്. വലിയ തണൽ മരങ്ങൾ. ഉറക്കം തൂങ്ങികൾ എന്നാണ് സുമടീച്ചർ ഓമനിച്ചു വിളിക്കുന്നത്. അവ അങ്ങ് ആകാശത്തേക്കു വളർന്നുയർന്നു നില്ക്കുന്നു. ഇരുട്ടു പരക്കുമ്പോള് അവയ്ക്കൊരു ഗംഭീരമായ ഭാവം വരും. ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച കൈകളുമായിട്ടുള്ള ആ നില്പുകണ്ടാൽ ആരും നോക്കി നിന്നുപോകും. ആകാശത്തിന്റെ ആത്മാവിനെ ആലിംഗനം ചെയ്യാനെന്ന വണ്ണം ഗംഭീരമായിട്ടാണ് അവരുടെ നില്പ്. എന്നും നേരം വെളുക്കും മുമ്പ് തുടങ്ങും ഒരു സംഗീതസദസ്സ്. അനേകം പക്ഷികൾ ഒന്നിച്ചു പാടുമ്പോഴുള്ള അനുപമസുന്ദരമായ ഒരു സിംഫണി. അതു കേട്ടാണ് ഞങ്ങൾ ഉണരുക. ഇതൊക്കെ അനുഭവിച്ച് ആനന്ദിച്ചാണ് ഞങ്ങളുടെ അണ്ണാൻകുന്നിലെ താമസം.
അണ്ണാൻകുന്നിന്റെ ഈ ഭംഗിയും ശാന്തതയും ആസ്വദിച്ചു ജീവിക്കാൻ കിട്ടിയ അവസരത്തെ ഭാഗ്യം എന്നാണ് എന്റെ പല സുഹൃത്തുക്കളും വിശേഷിപ്പിക്കാറ്. ഒരു സുഹൃത്ത് കണ്ടിട്ടു പറഞ്ഞു. "ഓ വെറുതെയല്ല സാറ്, കീയോ കീയോ എഴുതിയത് ഇവിടെ താമസിച്ചാൽ ആരും പ്രകൃതിയെ അറിയും പ്രകൃതിയെപ്പറ്റി എഴുതും."
ഞങ്ങളുടെ മക്കള് കൊച്ചു കുട്ടികളായിരുന്നപ്പോൾ ഈ അണ്ണാൻകുന്നായിരുന്നു അവരുടെ കളിസ്ഥലം. കാട്ടിലിറങ്ങാനും കാഴ്ചകൾ കാണാനും അവര് നേരം കണ്ടു. അല്പം വളർന്നപ്പോൾ അവർക്ക് കാടൊരു പാഠശാലയുമായി. വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ പക്ഷിനിരീക്ഷകനുമായിരുന്ന ശ്രീകുമാറുമൊത്ത് അവർക്ക് അണ്ണാൻകുന്നിലെ പക്ഷികളെ കാണാനും പഠിക്കാനും ഭാഗ്യം ലഭിച്ചു. പില്ക്കാലത്ത് ശ്രീകുമാർ ഡോക്ടറായി. ഞങ്ങളുടെ മക്കൾ എഞ്ചിനീയർമാരുമായി. പക്ഷേ, അവരുടെയെല്ലാം പ്രകൃതി സ്നേഹം തളർന്നില്ല. ഇന്നും വളർന്നുകൊണ്ടിരിക്കുന്നു. അതാണ് അണ്ണാൻകുന്നിന്റെ സ്വാധീനം.
മക്കൾ വിവാഹിതരായി. അവർക്കും മക്കളുണ്ടായി. ഞങ്ങളുടെ ആ രണ്ടുകൊച്ചുമക്കൾക്കും അണ്ണാൻകുന്ന് രഹസ്യങ്ങൾ നിറഞ്ഞ ഒരു മാന്ത്രിക വനമായി. പാറുവും വാവക്കുട്ടിയും ഉടുമ്പുകളുടെ പുറകെ നടന്നാണ് വളർന്നത്. ഒരു വലിയ വെക്കേഷന് അണ്ണാൻകുന്നിലെ താമസം കഴിഞ്ഞ് തിരിച്ച് ബാംഗ്ലൂരിൽ ചെന്ന് വാവക്കുട്ടി അച്ഛനോടു പറഞ്ഞു. "അച്ഛാ, അണ്ണാൻകുന്ന് ഒരു റിസോർട്ടാണ്. ഒറ്റക്കുറവേ ഉള്ളൂ. അവിടെയൊരു സ്വിമ്മിങ് പൂള് ഇല്ല". വാസ്തവത്തില് അണ്ണാൻകുന്നിലെ കാട്ടിലൊരു 'പൂള്' ഉണ്ട്. കോളേജിനു മുഴുവൻ ജലം ദാനം ചെയ്യുന്ന വലിയൊരു പൂള്. കാടിന്റെ മദ്ധ്യത്തില്. അതിൽ സ്വിമ്മിങ് പറ്റില്ല എന്നത് സത്യം.
ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറു ഭാഗത്തെ അണ്ണാൻകുന്നിന്റെ വശത്തൊരു വിള്ളലിൽ ഒരു ഉടുമ്പുണ്ട്. അവൻ (അവൾ) വലുതാകുന്നതിനനുസരിച്ച് കുന്നിന്റെ വശത്തെ വിള്ളൽ കക്ഷി തന്നെ വലുതാക്കുന്നുമുണ്ട്. അതിനെ അവിടെ നിന്നും ഓടിച്ചിട്ട് വിള്ളൽ കല്ലുകൊണ്ട് അടക്കാൻ ഒരാൾ ഉപദേശിച്ചു. ഞങ്ങൾ സമ്മതിച്ചില്ല. എന്നും മുറ്റത്ത് കുന്നു കൂടുന്ന കല്ലും മണ്ണും വാരിക്കളഞ്ഞു ജീവിക്കുകയാണ്. വിള്ളല് അടച്ചാല് ഉടുമ്പുകുട്ടൻ എവിടെപ്പോകും? അവന്റെയും കൂടിയാണല്ലോ ഈ അണ്ണാൻകുന്ന്? രാവിലെ അദ്ദേഹം തലകുത്തിക്കിടന്ന് വെയില് കൊള്ളുന്നത് നല്ലൊരു കാഴ്ചയാണ്.
എന്നാൽ ലോകം ഭിന്നരുചിക്കാരുടെയാണല്ലോ."അയ്യോ, സാറേ ഈ കാട്ടിലെങ്ങനെയാണ് കഴിയുന്നത്? പേടിയാവുകയില്ലേ? " അങ്ങനെയായിരുന്നു ഞങ്ങളെ സന്ദര്ശിക്കാൻ വന്ന ഒരു നഗരവാസിച്ചേച്ചിയുടെ കമന്റ്. "ഈ കോളേജുകാർക്ക് ഈ കാടൊക്കെ ഒന്നു വെട്ടി വൃത്തിയാക്കി ഇവിടെ റബ്ബർ വക്കാൻ വയ്യേ"? എന്നായിരുന്നു ഒരു ചേട്ടന്റെ അത്ഭുതപ്രകടനം. കാടെന്നു പറഞ്ഞാല് ശരിക്കും കാടാണേ. വലിയ മരങ്ങൾ .. താഴെ ചെറിയ മരങ്ങൾ. എല്ലാറ്റിലും കയറിപ്പടർന്നു വളർന്നിരിക്കുന്ന ഇഞ്ച. നാനാതരം വള്ളികൾ വേറെ. എല്ലാം കൂടിയൊരു അചുംബിത നിത്യഹരിത വനം. ഞങ്ങളുടെ തെക്കേയതിരിലാണ് ഈ കാട്. അതിന്റെ വിലയറിയാവുന്ന സിഎസ്ഐ സഭ അത് വെട്ടാതെ നിലനിർത്തിയിരിക്കുന്നത് ഞങ്ങളുടെ ഭാഗ്യം. കോട്ടയം നഗരത്തിന് ഓക്സിജൻ നല്കുകയും നഗരവായുവിലെ മാലിന്യമായ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുകയും ചെയ്യുന്ന ഈ കാട് നിലനിർത്തുന്നതിന് കോട്ടയം നഗരസഭ കോളേജിന് ഇതുവരെ ഒരു രൂപാ പോലും പ്രതിഫലം നല്കാനുള്ള വിവേകം പ്രദർശിപ്പിച്ചിട്ടുമില്ല
വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ വീട്ടീൽ ജോലിക്കു നില്ക്കാൻ ഒരു സ്ത്രീ വന്നു. വീട്ടിനുള്ളിലെ വൃത്തിയൊക്കെ അവർക്കു ബോധിച്ചു. പിന്നെയവര് പുറത്തിറങ്ങി. പരിസരം ചുറ്റി നടന്നു കണ്ടു. പഴയതരം വീടാണല്ലോ. ചുറ്റും മുറ്റം. മുറ്റത്തേക്ക് കൈകള് നീട്ടി നില്ക്കുകയാണ് അണ്ണാൻകുന്നിലെ മരങ്ങൾ. അവർ നിരന്തരമായ സ്നേഹപ്രകടനം കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുന്നത് അവര് കണ്ടു. രാപ്പകൽ അവ താഴേക്ക് ഇലകൾ വീഴ്ത്തിയാണ് സ്നേഹപ്രകടനം. ഇടയ്ക്ക് ഉണക്കക്കമ്പുകളും താഴേക്ക് ഇടും. നല്ല കാറ്റു വന്നാൽ കുറെ തരികളും പൊടികളും പ്രത്യേകമായി താഴേക്ക് ഇട്ടുതരും. അതു സ്പെഷ്യൽ ആണ്. എപ്പോഴും ഇല്ല. ഉറക്കം തൂങ്ങികൾ പൂക്കുന്ന കാലം താഴെ ഞങ്ങളുടെ മുറ്റത്ത് പൂക്കളുടെ പരവതാനി വിരിച്ചും മരങ്ങൾ ഞങ്ങളെ അനുഗ്രഹിക്കും. പിന്നെ ഉറക്കം തൂങ്ങികളിൽ നിറയെ കായകളുണ്ടാകും. അവ പഴുത്താൽ പക്ഷികൾക്ക് സദ്യ. ഞങ്ങളുടെ മുറ്റത്തേക്കാണ് മിച്ചമുള്ളതൊക്കെ ഇട്ടു തരുന്നത്. പഴങ്ങൾ. പൊട്ടിയവയും പൊട്ടാത്തവയുമൊക്കെ. കാട്ടില് മരങ്ങളെ ചുറ്റിപ്പിടിച്ചു സ്നേഹിച്ചു കൊല്ലുന്ന ഇഞ്ചകൾ അനേകം ഉണ്ട്. അവ പൂക്കുന്ന കാലമായാലോ ഞങ്ങളുടെ മുറ്റം ഇഞ്ചപ്പൂക്കളമാകും. ഇഞ്ചപ്പൂക്കളെത്തേടി നൂറു കണക്കിനു ചിത്രശലഭങ്ങളുമെത്തും. മനോഹരമായ കാഴ്ച! ഇങ്ങനെ പലവിധമാണ് ഞങ്ങൾക്കു കാടു നല്കുന്ന അനുഗ്രഹങ്ങൾ. അക്കൂട്ടത്തില് തണലും തണുപ്പും തരുന്നതാണ് ഞങ്ങളുടെ ജീവിതത്തെ സുഖകരമായി നിലനിർത്തുന്നത്.
ഇങ്ങനെയൊക്കെ പശ്ചാത്തലമുള്ള ഞങ്ങളുടെ വലിയ മുറ്റത്തിലൂടെ ആ ചേച്ചി തലങ്ങും വിലങ്ങും ഒന്നു നടന്നു. പിന്നെ ചോദിച്ചു "ഈ മരങ്ങളൊന്നും വെട്ടാറില്ലേ ചേച്ചീ". "ഇല്ലില്ല അതൊക്കെ ഞങ്ങളുടെയല്ലല്ലോ. കോളജിന്റെയല്ലേ?". ടീച്ചർ ഭവ്യതയോടെ മറുപടി പറഞ്ഞു.
അപ്പോൾ അവർ ഗൗരവഭാവത്തിൽ ഒന്നു ചിന്തിച്ചു നിന്നു. പിന്നെ പറഞ്ഞു. "ഈ മുറ്റം മുഴുവൻ അടിച്ചു വാരേണ്ടതാണോ?".ഉത്തരം പറയാൻ മിനക്കെടാതെ ടീച്ചർ നിന്നു. ഉത്തരം പറയാതെ തന്നെ കാര്യം വ്യക്തമായിരുന്നല്ലോ. മുറ്റം മുഴുവൻ അടിച്ചു വാരണം. എന്നും അടിച്ചു വാരി വൃത്തിയാക്കുന്നുമുണ്ട് അതു മുറ്റം കണ്ടപ്പോൾ തന്നെ അവർക്കു മനസ്സിലായിരുന്നു. അവർ വെറുപ്പോടെ ചുറ്റും തലയുയർത്തിപ്പിടിച്ചു നില്ക്കുന്ന മരങ്ങളെ നോക്കി. "നാശങ്ങള് , എന്തു കരിയിലകളാണ് താഴേക്ക് ചാടിക്കുന്നത്!" അവള് തന്നോടു തന്നെയെന്ന വണ്ണം അങ്ങനെ പറഞ്ഞിട്ട് തിരിഞ്ഞു ടീച്ചറോടു പറഞ്ഞു. "ടീച്ചറേ , ഈ മുറ്റം അടിച്ചു വാരി വൃത്തിയാക്കണമെങ്കിൽ എനിക്ക് ഈ വീട്ടിൽ നില്ക്കാൻ പറ്റില്ല. ഒരു കാടിനോടു മല്ലടിച്ചു ജീവിതം നശിപ്പിക്കാൻ ഞാനില്ല."
അണ്ണാൻകുന്നിലെ മരങ്ങൾ അതുകേട്ടിട്ടും അനങ്ങാതെ നിന്നു. പക്ഷേ, അണ്ണാന്മാര് കലപിലചിലച്ചു പ്രതിഷേധിച്ചു. ടീച്ചർ ചിരിച്ചു നിന്നതേയുള്ളു. അവർ പുതിയ ജോലിയിൽ പ്രവേശിക്കാതെ തിരിച്ചും പോയി.
ഈ കോവിഡ് കാലത്ത് ഈ കഥ ഓർത്തെടുത്ത് ഞാർ എഴുതിയതെന്തിനായിരുന്നു എന്നു നിങ്ങൾ ഊഹിച്ചു കാണും. എല്ലാറ്റിനും രണ്ടു വശമുണ്ട്. ഗുണവും ദോഷവും. അതു പക്ഷേ കാണുന്നവരുടെ കണ്ണിനെ ആശ്രയിച്ചാണിരിക്കുന്നത്. ഞങ്ങൾക്ക് അണ്ണാൻകുന്നിലെ മരങ്ങളും കാടും പ്രിയപ്പെട്ടതാണ്. അതിന്റെ മനോഹാരിതയും കുളിർമയും അതിലെ ജൈവവൈവിധ്യവുമെല്ലാം ഞങ്ങൾക്ക് ഹരം പകരുന്നു. മറ്റു ചിലരോ അതു വെട്ടിക്കളിയാത്തതെന്തെന്നു വിലപിക്കുന്നു. ആ മരങ്ങൾ വീഴ്ത്തുന്ന കരിയിലകളെ വരെ ചിലർ ശപിക്കുന്നു. അപ്പോൾ കാണുന്ന കണ്ണിനനുസരിച്ച് കാഴ്ചയും കാഴ്ചപ്പാടും മാറും.
കോവിഡ് കാലത്ത് നമുക്ക് വലിയ അസൗകര്യങ്ങളുണ്ടായി. സ്വാതന്ത്ര്യം കുറഞ്ഞു. അടിച്ചു പൊളിച്ചു ജീവിച്ചിരുന്നവർക്ക് ആ പതിവുശൈലി മാറ്റേണ്ടി വന്നു. എന്നാലും നമ്മെ ആ രോഗം കയറിപ്പിടിച്ചില്ലല്ലോ എന്നല്ലേ രോഗികളാകാത്തവർ ചിന്തിക്കേണ്ടത്. രോഗം പിടിപെട്ടിട്ട് ഭേദമായവരോ അതിൽ സന്തോഷിക്കണം. കോവിഡ് മൂലം സഹിക്കേണ്ടി വന്ന തടവുകാലത്തെപ്പോലും സർഗ്ഗാത്മകമായി ഉപയോഗിച്ചവരെ അഭിനന്ദിക്കുക തന്നെ വേണം.
ഇതാണു ജീവിതം. അഥവാ ഇതൊക്കെ കൂടിയതുമാണ് ജീവിതം. എനിക്ക് സന്തോഷം മതി, സന്താപം വേണ്ട എന്ന മനോഭാവം മാറ്റണം. എത്രയോ പേര് എത്രയോ തരത്തിൽ കഷ്ടപ്പെട്ടു. രോഗം പിടിപെട്ട് നരകയാതന അനുഭവിച്ചവർ എത്ര! ജീവൻ നഷ്ടപ്പെട്ടവരോ അനേകം. അവരുടെയൊക്കെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗം പിടിപെടാത്തവരുടെ അവസ്ഥ എത്രയോ മെച്ചം. ഈ പോസിറ്റീവ് ആയ ചിന്തയാണ് നാം വളർത്തിയെടുക്കേണ്ടത്.
കാടിനെയായാലും പ്രകൃതിയെയായാലും കോവിഡിനെയായാലും ജീവിതത്തെത്തന്നെയായാലും ആരോഗ്യകരമായ പോസിറ്റീവ് മനോഭാവത്തിൽ സമീപിക്കുന്നവർക്കേ ജീവിതം ജീവിക്കാൻ കൊള്ളുന്നതാകൂ. നെഗറ്റീവ് മനോഭാവത്തിൽ ജീവിച്ച് ജീവിതം നരകമാക്കാതിരിക്കാൻ പ്രിയ സുഹൃത്തുക്കളേ ശ്രദ്ധിക്കണേ.....
No comments:
Post a Comment