എം.എൻ. കാരശ്ശേരി
3 Mar 2020 മാതൃഭൂമി
ബാലചന്ദ്രൻ ചുള്ളിക്കാട് ഈയിടെ, തന്റെ രചനകളൊന്നും സ്കൂളിലോ കോളേജിലോ പഠിപ്പിച്ചുപോകരുത് എന്ന് പ്രഖ്യാപിച്ചത് വലിയ പുക്കാറാവുകയുണ്ടായി. അക്ഷരം എഴുതാനറിയാത്ത അധ്യാപകരും അത്തരം സംഗതികൾ ശ്രദ്ധിക്കാത്ത പാഠ്യപദ്ധതിയും എന്നതായിരുന്നു കവിയുടെ വിശദീകരണം. എം.ടി.യും സുഗതകുമാരിയുംമറ്റും ബാലചന്ദ്രൻ പറഞ്ഞതിലും കാര്യമുണ്ട് എന്ന നിലപാട് വ്യക്തമാക്കിയതോടെയാണ് കോലാഹലം ശമിച്ചത്.
അധ്യാപകരെല്ലാം അക്ഷരം തിരിയാത്തവരാണ് എന്നത് അത്യുക്തിയാണ്; അവർക്കിടയിൽ അത്തരക്കാരൊന്നുമില്ല എന്നത് അസത്യവും.
ഇപ്പോൾ ബിരുദധാരികളായി പുറത്തിറങ്ങുന്ന പലരും അക്ഷരത്തെറ്റും വ്യാകരണപ്പിശകും വരുത്തുമെന്ന് എനിക്ക് അനുഭവംകൊണ്ടറിയാം. അത്തരക്കാരെ 26 കൊല്ലം എം.എ. പഠിപ്പിച്ചവനാണ് ഞാൻ. 15 കൊല്ലം പഠിച്ചിട്ടും മര്യാദയ്ക്ക് മലയാളമെഴുതാൻ പ്രാപ്തിനൽകാത്ത നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പോരായ്മയ്ക്ക് ആരെല്ലാം സമാധാനംപറയണം?
അക്ഷരപ്പിശകോ വ്യാകരണത്തെറ്റോ ഒന്നും തിരുത്തിക്കൂടാ എന്ന് നിലപാടുള്ളവർ അധ്യാപകർക്കിടയിലുണ്ട്. കുട്ടി സ്വാഭാവികമായി എഴുതുന്നതിന് 'അതിന്റേതായ ഒരു പ്രത്യേകഭംഗി'യുണ്ട് എന്നത്രെ സിദ്ധാന്തം! അതിനാൽ തിരുത്തൽവാദം പിന്തിരിപ്പനാകുന്നു.
(ഒരു സീക്രട്ട്: ഇംഗ്ലീഷ് വേർഡ്സോ സെന്റൻസോ എഴുതുമ്പോൾ സ്പെല്ലിങ് മിസ്റ്റേക്കോ ഗ്രമാറ്റിക്കൽ എററോ വരാതെ നോക്കണം, കെട്ടോ).
തിരുത്തൽ വിരോധവാദികളോട് ചില ചോദ്യങ്ങൾ: സർ, പിന്നെ നിങ്ങൾക്കെന്താണ് പണി? ആ 'പ്രത്യേകഭംഗി' ആസ്വദിക്കുന്നതിനാണോ നിങ്ങൾ ശമ്പളംവാങ്ങുന്നത്? മറക്കുക, മറയ്ക്കുക എന്നീ പദങ്ങൾ ഒരേപോലെ എഴുതിയാൽ കാര്യം തിരിയുമോ? അത് വിദ്യാർഥി എങ്ങനെ മനസ്സിലാക്കും?
'ആന പുറത്തുകയറി' എന്നതും 'ആനപ്പുറത്തുകയറി' എന്നതും വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിദ്യാർഥിക്ക് എങ്ങനെ വ്യക്തമാകും? 'കഥാകാരിയുടെ ആ കൃതി നന്ന്' എന്ന വാക്യം രണ്ട് വാക്കുകൾക്കിടയിലെ അകലം (സ്പേസ്) ഒഴിവാക്കി 'കഥാകാരിയുടെ ആകൃതി നന്ന്' എന്ന് എഴുതിയാൽ സാഹിത്യവിമർശനം ശൃംഗാരമായി കോലംകെടും എന്നതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും?
വിദ്യാലയത്തിലും കലാലയത്തിലും സർവകലാശാലയിലും തോൽക്കാതെ നോക്കുക, കഴിയുന്നത്ര പേരെ പാസാക്കുക എന്നതാണ് ഇപ്പോഴത്തെ പരീക്ഷാനയം! അല്ലാത്തത് വിദ്യാർഥികളോടുകാണിക്കുന്ന ക്രൂരതയാണത്രെ. പിന്നെ എന്തിനാണ് സർ, പരീക്ഷ?
ഒന്നാംക്ലാസിൽ എല്ലാവരെയും പാസാക്കുക എന്നൊരു നയം മുമ്പ് ചാക്കീരി അഹമ്മദ്കുട്ടി സംസ്ഥാനവിദ്യാഭ്യാസമന്ത്രി (1973-77)യായിരിക്കുമ്പോൾ കൊണ്ടുവന്നു. നാട്ടുകാർ അതിനെ പരിഹസിച്ച് 'ചാക്കീരിപ്പാസ്' എന്നുവിളിച്ചിരുന്നു. എങ്കിലും സംഗതി നിലനിന്നു. അത് കാലംചെല്ലുന്തോറും ക്ലാസുകയറ്റംകിട്ടി മേലോട്ടുമേലോട്ടു പോയി...
.....................
വാൽക്കഷണം: ചോദ്യം: ഒറ്റവാക്കിൽ ഉത്തരമെഴുതുക, രണ്ടുമാർക്ക്.
കരയിലെ ഏറ്റവും വലിയ ജീവി ഏതാണ്?
കുട്ടി ഉത്തരമെഴുതി: ആമ.
അതിന് ഒരു മാർക്ക് കിട്ടി. ശരിയുത്തരമായ 'ആന'യിലെ പകുതിഭാഗമായ 'ആ' ഉത്തരത്തിൽ ഉണ്ട്. ആ വകയിൽ പകുതി മാർക്ക്!
[ പൂർണമായ പകർപ്പ് അല്ല ]
No comments:
Post a Comment