![](https://pocket-image-cache.com//filters:no_upscale()/https%3A%2F%2Fwww.deshabhimani.com%2Fimages%2Finlinepics%2Fhareesh%2520pic%25203.jpg)
രാഗവിസ്താരത്തിന്റെ
പതിഞ്ഞ തുടക്കമല്ല, അകമ്പടിയില്‍ വയലിന്റെയും മൃദംഗത്തിന്റെയും മുഖര്ശംഖിന്റെയും പെരുക്കങ്ങളല്ല, തനിയാവര്ത്തനത്തിലൂടെ ആസ്വാദകരെ രസിപ്പിക്കുന്ന പരമ്പരാഗത രീതിയുമല്ല. പാശ്ചാത്യ സംഗീതത്തിലെപ്പോലെ, ഗിറ്റാറും ഡ്രംസും കീബോര്ഡും കലരുന്ന തീവ്രതാളമാണ്.
അരങ്ങിന് തെയ്യക്കോലത്തിന്റെ രൗദ്രഭംഗിയുണ്ട്. നിറയെ പച്ചകുത്തിയ കൈകളും അഴിച്ചിട്ട മുടിയുമായി ഗായകന്‍. ദ്രാവിഡ സംസ്കൃതിയുടെ ഊര്ജമുള്ക്കൊണ്ടപോലെ.
പാടുന്നത് പക്ഷേ, കര്ണാടക സംഗീതമാണ്,
ത്യാഗരാജ കൃതിയാണ്. പക്ഷേ, പരമ്പരാഗത ചിട്ടവട്ടങ്ങളെയാകെ മറികടന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അലിഞ്ഞിരുന്ന കര്‍ണാടക സംഗീതത്തിന്
പുതിയ രുപവും ഭാവവും നല്‍കുകയായിരുന്നു ബാംഗ്ലൂരില്‍
നിന്ന് ഒഴുകിത്തുടങ്ങിയ ‘അകം' സംഗീത ബാന്‍ഡ്.
![](https://pocket-image-cache.com//filters:no_upscale()/https%3A%2F%2Fwww.deshabhimani.com%2Fimages%2Finlinepics%2Fharish%2520pic%25202.jpg)
ഈ പരീക്ഷണങ്ങളെ ആസ്വാദകര്‍ സ്വീകരിച്ചു. ബാന്‍ഡിലെ ഗായകന്‍
ഹരീഷ് ശിവരാമകൃഷ്ണന്‍, രംഗപുരവിഹാര...പാടിത്തുടങ്ങുമ്പോള്‍ സദസ്സ് ഏറ്റുപാടുന്നത് അതിന് തെളിവാണ്. കര്ണാടക സംഗീതത്തിനൊപ്പം
സിനിമാഗാനങ്ങളും നാടന്‍പാട്ടുകളും ‘അക'ത്തിന്റെ വേദികളിലുയര്‍ന്നപ്പോള്‍ ബാന്‍ഡ് കൂടുതല്‍
ജനപ്രിയമായി. ഗായകന്‍ സാധാരണക്കാരുടെ മനസ്സിലെ സാന്നിധ്യവുമായി...പത്ത് വര്‍ഷത്തിനിപ്പുറം ‘അകം'
വളര്‍ന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികള്‍.
അകം
ബാൻഡിലെ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനെ സാധാരണക്കാർ ഏറ്റെടുത്തത് ഈയടുത്താണ്. ഓഫീസിലെ സഹപ്രവര്ത്തകര്ക്ക് മുന്നില്‍, കാര്‍
പാര്‍ക്കിങ് ഏരിയയില്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും
സിനിമാ ഗാനങ്ങള്‍ പാടിയതോടെ ‐ ആ പാട്ടുകള്‍ സാമൂഹ്യ
മാധ്യമങ്ങളില്‍ തരംഗമായതോടെ ‐ ആണ് ഹരീഷിന്റെ കരിയറിൽ
ഈ മാറ്റം സംഭവിച്ചത്. ഷൊർണൂർ സ്വദേശിയായ ഹരീഷ്, ബാംഗ്ലൂരിൽ സുഹൃത്തുക്കളുമായി ചേർന്ന് ക്രെഡ് എന്ന സ്റ്റാർട്ടപ്പ് നടത്തുകയാണ്.
രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ നിന്ന്
കെമിക്കൽ എൻജിനീയറിങ് പൂര്ത്തിയാക്കിയ ഹരീഷ്
നേരത്തെ അഡോബി, സ്നാപ്ഡീൽ,
ഗൂഗിൾ എന്നീ കമ്പനികളിൽ ജോലി ചെയ്തു. എൻജിനീയറിങ്
കോളേജിലെ സഹപാഠികളാണ് സംഗീത ബാന്ഡിലെയും സഹയാത്രികര്‍.
![](https://pocket-image-cache.com//filters:no_upscale()/https%3A%2F%2Fwww.deshabhimani.com%2Fimages%2Finlinepics%2Fhareesh%2520pic%25205.jpg)
രാഗഭാവങ്ങളെ
തങ്ങളുടേതായ രീതിയില്‍ ആസ്വാദകരിലേക്ക് എത്തിക്കാനുള്ള പരീക്ഷണങ്ങളാണ് ഗായകനും കൂട്ടുകാരും നടത്തുന്നത്. ഹരീഷ് ശിവരാമകൃഷ്ണന്‍ പാടുമ്പോള്‍ കൈയടികളുയരുന്നതിനൊപ്പം വിമര്‍ശന ശരങ്ങളും പായുന്നുണ്ട്.
പരമ്പരാഗത ചട്ടക്കൂടുകളെ വെല്ലുവിളിക്കാന്‍ ശ്രമിക്കുമ്പോഴുള്ള അസഹിഷ്ണുതയാണോ വിമര്ശനങ്ങള്? കര്ണാടക സംഗീതത്തെ
നവീകരിക്കാന്‍, അതിനെ കൂടുതല്‍ ജനകീയമാക്കാന്‍ നടക്കുന്ന ശ്രമങ്ങളോടുള്ള സമീപനമെന്താണ്? പാട്ടും രാഷ്ട്രീയവും ജീവിതവും സംസാരിക്കുകയാണ് ഹരീഷ്. കേട്ടുപരിചയിച്ച പാട്ടുകളെ ആലാപന രീതിയിലെ മാറ്റം കൊണ്ട് കൂടുതല്‍ പ്രിയങ്കരമാക്കിയ പാട്ടുകാരന്റെ കാഴ്ചപ്പാടുകളിലുമുണ്ട് വ്യത്യസ്തത.
? കർണാടക
സംഗീതത്തിന് വേറിട്ടൊരു മുഖം നൽകുകയായിരുന്നു അകം
മ്യൂസിക് ബാൻഡ്. പത്തു വയസ്സ് പിന്നിടുന്നു. അതൊരു വിപ്ലവകരമായ തുടക്കമായിരുന്നു എന്ന് പറയാനാവുമോ.
= അങ്ങനെ
പറയാൻ പറ്റില്ല. എല്ലാ സംഗീത ശാഖകളിലും ശൈലിയില്‍ കാലാകാലങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇനിയങ്ങോട്ടുമുണ്ടാകും. ഒരു ശൈലീമാറ്റത്തിന്റെ ഭാഗമാകാൻ പറ്റിയെന്ന്
ഉറപ്പായും പറയുന്നു. പക്ഷേ വിപ്ലവകരമായ മാറ്റമൊക്കെ വരണമെങ്കിൽ കലയുടെ ഫോർമാറ്റിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകണം.
അപ്പോഴാണ് അതിനെ വിപ്ലവകരമായി നവീകരിക്കേണ്ടിവരുന്നത്. അങ്ങനെയല്ലാതെ നവീകരണത്തിന്റെ ആവശ്യം ഒരു കലാരൂപത്തിനും ഉണ്ടായിട്ടില്ല.
ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് കലാകാരന്റെ ലക്ഷ്യം. അങ്ങനെയുള്ള നവീകരണങ്ങൾക്ക് കാലം ചെല്ലുന്തോറും സ്വീകാര്യത
കിട്ടും. ചിലത് സ്വീകരിക്കപ്പെടാതെ പോകും. അകത്തെ സംബന്ധിച്ച് പത്ത് വർഷമായി ചെയ്ത പരീക്ഷണങ്ങൾക്ക് കുറച്ചു സ്വീകാര്യതയും കുറച്ച് ഫോളോവർഷിപ്പും കിട്ടി. അതിനപ്പുറം സംഗീതത്തില്‍, പ്രത്യേകിച്ച് കർണാടക സംഗീതത്തില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ മാത്രമുള്ള കാര്യങ്ങളൊന്നും ഞങ്ങൾ ചെയ്തിട്ടില്ല. ഞങ്ങളുടേതായ വ്യക്തിത്വവും രീതികളുമുണ്ടായിട്ടുണ്ട്. സമാന്തരമായ അവതരണശൈലി കൊണ്ടുവരാൻ തീർച്ചയായും സാധിച്ചിട്ടുമുണ്ട്.
? കർണാട്ടിക്
പ്രോഗ്രസീവ് റോക്ക് ബാൻഡ് എന്ന ടാഗ്‌ലൈനില്‍
വന്ന അകം ബാൻഡിലേക്ക് എപ്പോഴാണ്
ഫോക്കും സിനിമ പാട്ടുകളും കടന്നുവരുന്നത്.
= കർണാടക
സംഗീതത്തിലെ കൃതികളെ വ്യത്യസ്തമായ ഓർക്കസ്ട്രേഷൻ നൽകി ഉള്ള പരീക്ഷണങ്ങളായിരുന്നു
തുടക്കത്തില്‍ കൂടുതലും. അതുകൊണ്ടാണ് കർണാട്ടിക് പ്രോഗ്രസ്സിവ് റോക്ക് എന്ന് അറിയപ്പെട്ടത്. പിന്നീട് മറ്റ് ശൈലികൾ പരിചിതമായപ്പോഴാണ് ഫോകും മുഖ്യധാരാ സിനിമാഗാനങ്ങളും വന്നു തുടങ്ങുന്നത്. അതിന് പ്രത്യേക കാലഘട്ടം എന്നില്ല. as a musician as
we grow... live act എന്ന
രീതിയിൽ ആസ്വാദകരിലേക്ക് ഞങ്ങളുടെ പാട്ടുകൾ എത്തിക്കുമ്പോൾ ഉണ്ടായ സ്വാഭാവികമായ പ്രോഗ്രഷൻ ആണത്. നമ്മൾ ഇത്ര ചെയ്തു, ഇനി
പുതുതായി എന്തെങ്കിലും ചെയ്താലോ, ഒരു സിനിമാഗാനം എടുത്തു
നമ്മുടേതായ രീതിയിൽ പ്രസന്റ് ചെയ്താലോ എന്ന കൗതുകമാണ് പുതിയ
സംഗീതത്തിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. പത്തു വർഷത്തിനിടയിൽ നമ്മുടെ ഇൻസ്പിരേഷൻസ് മാറിമറിഞ്ഞപ്പോൾ
സംഭവിച്ചതാണ് അത്. മുൻനിശ്ചയപ്രകാരം ചെയ്തതല്ല.
അങ്ങനെ ഒരു ചട്ടക്കൂടിൽ നിന്ന്
കലാകാരന് മെച്ചപ്പെടാനാകില്ല. വിശാലമായ കാഴ്ചപ്പാടിൽ സംഗീതത്തെ പിന്തുടരുക എന്നതാണ്
നമ്മുടെ ലക്ഷ്യം. ചിലർക്ക് നവീകരണത്തിന്റെ ഭാഗമാകേണ്ട എന്നുതോന്നും. എന്താണോ ഉള്ളത് അത് പ്രാക്ടീസ് ചെയ്താല്‍
മതി. ആ കാഴ്ചപ്പാടിൽ തെറ്റില്ല.
ചിലർക്ക് നവീകരണത്തിന്റെ ഭാഗമാകണം. അതില്‍ നമുക്കും പങ്കുണ്ടാകണം എന്നു വിചാരിക്കും. ഞാൻ ആ ഗണത്തിൽ
പെടും. ഞാനില്ലെങ്കിലും ഉണ്ടെങ്കിലും കല നവീകരിക്കപ്പെടും. അത് കാലാകാലങ്ങളിൽ
സംഭവിച്ചിട്ടുണ്ട്. ഇനിയുള്ള നൂറുകൊല്ലവും ഇരുനൂറു കൊല്ലവും അത് സംഭവിച്ചുകൊണ്ടിരിക്കും. ആ നവീകരണം
ഉണ്ടാകണമെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് അകം ബാന്‍ഡില്‍
ഉള്ളവര്‍. ചെയ്തു വെച്ച ഒരു പാട്ടിനെ അതുപോലെ
അവതരിപ്പിക്കാൻ ഒരുപാട് ബാൻഡുകൾ ഉണ്ട്. പുതിയ പാട്ടുകൾ ഉണ്ടാക്കുന്നവരും ഉണ്ട്. അകം പുതിയ ശബ്ദം
സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ അറിയാവുന്ന സംഗീത ശാഖകളിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ട് പുതിയ അവതരണ രീതി ഉണ്ടാക്കുക. അങ്ങനെ
വിശ്വസിക്കുന്ന ഏഴ് പേരാണ് അകം
ബാൻഡിനു പിന്നിൽ. ഞങ്ങളുടെ ചിന്തകളുടെ പ്രതിഫലനം പാട്ടുകളിലുമുണ്ട്.
? ബാന്ഡിന് സ്വന്തമായൊരു സംഗീത
സംസ്കാരമുണ്ടാകണമെങ്കിലും
അതില്‍ തുടർന്നുകൊണ്ടു തന്നെ നവീന ആശയങ്ങള്‍ സ്വീകരിച്ച്
സഞ്ചരിക്കണമെങ്കിലും ബാന്‍ഡിലെ അംഗങ്ങള്‍ക്കിടയില്‍ സംഗീത അഭിരുചിക്കപ്പുറത്തുള്ള ഐക്യമുണ്ടാകണം. ആ കൂടിച്ചേരല്‍ എങ്ങനെയായിരുന്നു.
= എല്ലാറ്റിനും
മുകളിൽ സൗഹൃദം നിലനിൽക്കുമ്പോൾ നമുക്ക് വലിയ ഇടം കിട്ടും.
ഒരു കലാകാരന്റെ ഏറ്റവും വലിയ പ്രശ്നം ക്രിയേറ്റീവ്
സ്പേസ്, ക്രിയേറ്റീവ് ലിബർട്ടി, ക്രിയേറ്റീവ് ഡിഫറൻസ് ഒക്കെയാണ്. ക്രിയേറ്റീവ് സ്പേസ് കുറയുംതോറും
ആർട്ടിസ്റ്റ് അസ്വസ്ഥനാകും. നമ്മുടെ ക്രിയേറ്റീവ് വ്യൂ ആണോ വേറൊരാളുടേതാണോ
അംഗീകരിക്കപ്പെടുന്നത്,
ഏതാണ് ശരി, ഏതാണ് തെറ്റ്
എന്ന് ചിന്തിച്ചു തുടങ്ങും. ഇങ്ങനെയൊക്കെയാണ് കൂട്ടായ്മകളിൽ വിള്ളല്‍ ഉണ്ടാകുന്നത്. ഒരു മ്യൂസിക് ബാൻഡ്
തുടങ്ങുന്നത് ഒരിക്കലും അത് ഡിസ്ബാന്ഡ്
ചെയ്യണമെന്ന് ആഗ്രഹിച്ചല്ല. അകത്തെ സംബന്ധിച്ച് ഞങ്ങളുടെ സംഗീതത്തിന് മുകളിൽ നിൽക്കുന്നതാണ് സൗഹൃദം. സംഗീതത്തിന് ഉപരിയായി സംസാരിക്കാൻ ഒരുപാട് വിഷയങ്ങൾ ഉണ്ട്. ഒന്നിൽ കൂടുതൽ കാര്യങ്ങളില്‍ ആശയപ്പൊരുത്തമുണ്ട്. അതുകൊണ്ടാണ് ഇത്രയും കാലം ഒത്തുപോകാൻ കഴിഞ്ഞതും.
? സംഗീതത്തിന്
അതിരുകളില്ലെന്ന് പറയുമെങ്കിലും ഏതാണ്ടെല്ലാവരും ഏതെങ്കിലും ഒരു ധാര, കര്ണാട്ടിക്കോ ഹിന്ദുസ്ഥാനിയോ പോലെ പിന്തുടരുന്നവരാണ്. ഏതെങ്കിലും ഒരു
ശൈലിയില്‍ ചേര്‍ന്നു നില്‍ക്കുന്നവരും. മ്യൂസിക് ബാന്‍ഡുകള്‍ പക്ഷേ
ഇതില്‍ നിന്ന് ഭിന്നമാണ്. കുറേക്കൂടി ആസ്വാദകരുമായി സംവദിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഭിന്നമായ അഭിരുചികളെ കണക്കിലെടുക്കാന്‍ ശ്രമിക്കുന്നു. അത്തരം ശ്രമങ്ങളെ പത്ത് വര്ഷത്തിനിടെ അകം
എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോയത്
= ശാസ്ത്രീയ
സംഗീത വിഭാഗങ്ങളെല്ലാം ഭാഷ പോലെയാണ്. ഭാഷയ്ക്ക് വ്യാകരണമുണ്ട്, പദ
സമ്പത്തുണ്ട്. അതിന്റേതായ നിബന്ധനകളും രീതികളുമുണ്ട്. എഴുത്ത് തന്നെ അങ്ങനെയൊരു വ്യാകരണ നിബന്ധനയുടെ അകത്തു നിന്നാണ്. എന്നാൽ വാമൊഴി അല്ലെങ്കിൽ സംസാരഭാഷയിൽ ഡയലറ്റിക്കൽ കൺസ്ട്രക്റ്റ് ആണ്.
ഓരോ സ്ഥലങ്ങളിൽ ഉള്ളവർ സംസാരിക്കുന്നത്, വാക്കുകള്‍ ഉച്ചരിക്കുന്നത് വരെ വ്യത്യസ്തമാണ്. സംഗീതം
അല്ലെങ്കിൽ വേറിട്ട് സഞ്ചരിക്കുന്ന സംഗീതം എന്നു പറയുന്നതു വാമൊഴിപോലെയാണ്. വാമൊഴിക്കു വ്യാകരണം ഉണ്ട്. പക്ഷേ എഴുത്തിന്റെ വ്യാകരണത്തിലല്ല സഞ്ചാരം. അത്രമാത്രമേ സംഗീതത്തിലും ഉള്ളൂ. ഓരോ ഭൂപ്രകൃതി അനുസരിച്ച്
ഓരോ ഭക്ഷണസംസ്കാരം അനുസരിച്ച് ഓരോ പ്രദേശത്തിന്റെ സംസ്കാരം
അനുസരിച്ച് വാമൊഴികൾക്ക് മാറ്റം വരുന്നതുപോലെ തന്നെയാണ് സംഗീതവും. കേരളത്തിലെ ഫോക് സംഗീതമല്ല തമിഴ്നാട്ടിൽ.
കേരളത്തിലെ കർണാടക സംഗീതം പോലുമല്ല തമിഴ്നാട്ടിലേത്. ആ ബോധ്യം ഉണ്ടായാൽ
മതി. വ്യാകരണം ആവശ്യം വരുന്നത് നമ്മളിൽനിന്ന് അടുത്ത തലമുറയിലേക്ക് പകർന്നുകൊടുക്കുമ്പോഴാണ്. വ്യാകരണം ഇല്ലാതെ മലയാളം പഠിപ്പിക്കാൻ പറ്റില്ല. ഒരു ലിറ്റററി പീസ്
എഴുതാൻ പറ്റില്ല. പണ്ട് സംസാരിച്ചിരുന്ന ഭാഷയാണ് പിന്നീട് വ്യാകരണത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. വ്യാകരണത്തിൽ നിന്നല്ല വാമൊഴി ഉണ്ടായത്, വാമൊഴിയില്‍ നിന്നാണ് വ്യാകരണം ഉണ്ടായത്. സംഗീതവും അത്രയേ ഉള്ളൂ.
? പക്ഷേ
വേറിട്ട ഈ ശ്രമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
= വ്യാകരണത്തെ
സ്നേഹിക്കുന്നവരില്ലേ? ഒരു ഔദ്യോഗിക യോഗത്തില്‍
വാമൊഴി ഉപയോഗിച്ചാല്‍ അത് ബുദ്ധിമുട്ടുണ്ടാക്കുന്ന ആൾക്കാരില്ലേ? വളരെ
ശുദ്ധമായ ഭാഷ എന്ന് വിശ്വസിക്കുന്ന
ആൾക്കാർ ഇല്ലേ? അതുപോലെയാണ് സംഗീതവും. പക്ഷേ സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ അതിന്റേതായ രീതിയും മട്ടും ഭാവവുമൊക്കെ ഉണ്ടാകണം. അല്ലാത്തതിനെ സ്വീകരിക്കില്ല എന്നത് വ്യക്തികളുടെ മനോഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. മനുഷ്യൻ ഉള്ളടത്തോളം കാലം ആ വ്യത്യാസമുണ്ടാകും.
? മലയാളികളുടെ
സംഗീതാസ്വാദന രീതി, വായ്പാട്ടിനെ സംബന്ധിച്ച്,
സംഗീതത്തിനൊപ്പം സാഹിത്യത്തിന് കൂടി പ്രാധാന്യം കല്പ്പിക്കുന്നതാണ്. സംഗീതത്തെ അതു മാത്രമായി ആസ്വദിക്കാന്‍
കഴിയാത്തതാണോ കൃതിയുടെ അർഥമുള്ക്കൊണ്ടല്ല പാടുന്നത് എന്നത് പോലുള്ള വിമര്ശനത്തിന് കാരണം
= വളരെ
പ്രാഗ്മാറ്റിക്ക് ആയി മറുപടി പറയേണ്ട
കാര്യമാണിത്. സംഗീതത്തിനും സാഹിത്യത്തിനും തുല്യസ്ഥാനമാണ്. ഉപകരണ സംഗീതത്തിൽ മാത്രമേ നമുക്ക് സാഹിത്യമില്ലായ്മയെ കൂട്ടുപിടിക്കാൻ പറ്റൂ. വാമൊഴി സംഗീതത്തിന് സാഹിത്യം പ്രധാനം തന്നെയാണ്. എന്നാൽ അതിന്റെ നിബന്ധനകൾ ആണ് വിഷയം. സംഗീതത്തിലാണോ
സാഹിത്യത്തിലാണോ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നതിൽ കേൾവിക്കാരന് എത്രത്തോളം ആഗ്രഹങ്ങളുണ്ടോ അതുപോലെ പാടുന്ന ആൾക്കും ഉണ്ട്. ചില ഗായകർ സമീപിക്കുന്നത്
സംഗീതാത്മകമായി ആയിരിക്കും. സംഗീതത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സാഹിത്യത്തിന് കോട്ടം തട്ടാതെ സംഗീതവൽക്കരിക്കുന്ന ഗായകരും ഉണ്ട്. സാഹിത്യം കഴിഞ്ഞേ സംഗീതത്തിന് സ്ഥാനമുള്ളൂ എന്ന് വിശ്വസിക്കുന്ന മൂന്നാമതൊരു കൂട്ടരുണ്ട്. ഇതിലെവിടെയാണ് നമ്മൾ എന്നത് ഒരൊറ്റ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാൻ പറ്റില്ല. ചില വാക്കുകൾ സംഗീതാത്മകമായി
ഉച്ചരിച്ചാല്‍ അത് ഭാഷയുടെ കാഴ്ചപ്പാടില്‍
കൃത്യം ആകണമെന്നില്ല. അതുപോലെ കഠിനമായ ചില വാക്കുകൾ ഭാഷയുടെ
നിഷ്ഠ അനുസരിച്ച് ഉച്ചരിച്ചു പാടിയാല്‍ പാട്ട് അരോചകമാകും. അതൊരു ഗ്രേ ഏരിയ ആണ്.
അടിസ്ഥാനപരമായി മനസ്സിന്റെ പരപ്പും വ്യാപ്തിയുമാണ് കലാസ്വാദനത്തില്‍ പ്രധാനം. നമുക്ക് പരിചിതമല്ലാത്ത കാര്യം കേൾക്കുമ്പോൾ രണ്ടുതരത്തിൽ പ്രതികരിക്കാം. നമുക്കറിയാത്ത ആളുകളെ കാണുമ്പോൾ പ്രതിരോധിക്കുന്ന ആളുകൾ ഉണ്ട്. കൗതുകമുണരുന്നവരുമുണ്ട് (ക്യൂരിയോസിറ്റി). കൗതുകമുണരുന്നവര്ക്ക് പുതിയ കാര്യങ്ങളോ
ഉച്ചാരണരീതികളോ പുതിയ സംഗീതമോ കേട്ടാൽ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല.
? അപ്പോൾ
ക്യൂരിയോസിറ്റിയോടെ കാര്യങ്ങളെ കാണുക എന്നതാണോ ശരിയായ രീതി.
= അങ്ങനെ
പറയാൻ കഴിയില്ല. ആപേക്ഷികമായ ഒന്നല്ലേ കലാസ്വാദനം. ശരിയും തെറ്റും പറയാൻ കഴിയുമോ? അതിൽ പക്ഷേ നിലപാടുകളുണ്ട്.
എന്റെ നിലപാട് ക്യൂരിയോസിറ്റിയാണ്. ഭയമല്ല. അതിനനുസരിച്ചാണ് ഞാൻ പാടുന്നത്. എല്ലാ
പുതുമയും ഇഷ്ടമാണ്. എല്ലാ മാറ്റങ്ങളും ഇഷ്ടപ്പെടുന്നു. പിന്നെ മാറി ചിന്തിച്ചാൽ മാത്രമേ
അത് ശരിയാണോ തെറ്റാണോ എന്ന് പറയാൻ കഴിയൂ. മാറി ചിന്തിക്കുന്നതിന് മുമ്പ് ഒരു
ധാരണയിൽ എത്താൻ സാധിക്കില്ല. ട്രെയിനിൽ പോകുന്നതാണ് സുരക്ഷിതം, ബസ്സുകൾക്ക് കണ്ടമാനം അപകടം ഉണ്ടാകുന്ന കാലമാണ് എന്ന വാദം പോലെ
ആണത്. എല്ലാ ബസ്സുകൾക്കും അപകടം ഉണ്ടാകുന്നില്ല. എല്ലാ ട്രെയിനുകളും സുരക്ഷിതവും അല്ല. സുരക്ഷിതത്വത്തെക്കുറിച്ചുള്ള
ബോധം തന്നെയാണ് ആദ്യം വരുന്നത്. ഈ പാട്ട് ഇങ്ങനെയാണ്
കേട്ടിട്ടുള്ളത്, ഇങ്ങനെ തന്നെ മതി. മാറ്റിക്കഴിഞ്ഞാൽ എന്താകുമെന്ന്
അറിയില്ല. അപ്പോൾ എന്തിനു വെറുതെ മാറ്റിയിട്ട് എന്ന ചിന്ത. അത്
എനിക്കില്ല.
? അതുപോലെ
തന്നെയാണ് ഉച്ചാരണശുദ്ധിയുടെ പേരില്‍ താങ്കള്‍ അടക്കം ചില സംഗീതജ്ഞര്‍ നേരിടുന്ന
വിമര്‍ശനം. സംഗീതത്തിൽ ഉച്ചാരണശുദ്ധിയേക്കാൾ
പ്രാധാന്യം താളാത്മകതയ്ക്കാണെന്നത് തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടോ? അതുകൊണ്ടാണോ വിമര്ശനം നേരിടേണ്ടി വരുന്നത്.
=അക്ഷരസ്ഫുടത
എന്നത് ക്യാവ്യാത്മകമായ നിര്മിതിയാണ്. ‘എന്നതാടാ
ഉവ്വേ', 'എന്തരടേ' എന്ന് കേട്ടാൽ എന്താണ് പറഞ്ഞത് എന്ന് നമുക്ക് മനസ്സിലാകും. അതിനു പ്രതികരണവുമുണ്ടാകും. ഇവരെന്താ ഇങ്ങനെ സംസാരിക്കുന്നത്, എന്താ ഇവരുടെ ഭാഷ ഇങ്ങനെ എന്നൊക്കെ
തോന്നാം. പക്ഷേ ഉദ്ദേശിക്കുന്ന വികാരമോ കാര്യമോ കൃത്യമായി വിനിമയം ചെയ്യുമല്ലോ. എന്റെ നിലപാട് അക്ഷരസ്ഫുടത വേണ്ട എന്നല്ല. എന്നുപറഞ്ഞ് വേണം എന്ന് വെച്ച്
കുഴച്ചുമറിച്ച് പാടുന്നത് ഒരു പ്രൊട്ടസ്റ്റിങ് നിലപാടാണ്.
അതു ഞാൻ വിശ്വസിക്കുന്നില്ല. അക്ഷരസ്ഫുടതക്ക് വേണ്ടി
സര്ഗാത്മക പ്രകടനത്തെ ചുരുക്കുന്നതില്‍ വിശ്വസിക്കുന്നില്ല. മലയാളത്തിൽ ‘ധ', ‘ഭ' പോലത്തെ
ശബ്ദങ്ങൾ ഉണ്ട്. ആ ശബ്ദങ്ങളെ അതുപോലെ
പിന്തുടരണമെന്നില്ല. ‘ദ', ‘ബ' എന്ന്
പാടിയാലും മതി. കാരണം പൊട്ടുന്ന
ആ ശബ്ദങ്ങൾ മ്യൂസിക്കൽ നോട്സിന്റെ ഭംഗി ഒരുപാട് കുറയ്‌ക്കും. ഇപ്പോൾ ‘കണ്ഠത്തില്‍ ഉണരുന്ന' എന്നത് അധികം കടുപ്പിക്കാതെ ‘കണ്ടത്തിൽ ഉണരുന്ന' എന്ന് പാടിയാലും മതി. കണ്ടം എന്നുപറഞ്ഞാൽ
വയൽ അല്ലേ എന്ന് ചോദിക്കുന്നതിൽ കാര്യമില്ല. പാടുന്നതും പാട്ട് ആസ്വദിക്കുന്നതും ഒരു കോണ്ടെക്സ്റ്റ്
ഇല്ലാതെയല്ലല്ലോ. ഓരോ വാക്കും ചികഞ്ഞെടുത്ത്
അല്ലല്ലോ പാട്ട് ആസ്വദിക്കുന്നത്. ‘ശ്രീരാഗമോ
തേടുന്നു നീ ഈ വീണതൻ
പൊൻതന്ത്രിയിൽ' എന്ന് പാടിയാൽ തന്ത്രി എന്നത് പൂജാരി അല്ലേ എന്ന് ചോദിക്കുന്നത് അസംബന്ധം അല്ലേ? അവിടെ തംബുരുവിലെ തന്ത്രി ആണെന്ന് മനസ്സിലാക്കിയാൽ മതി. പാട്ടിൽ തന്തി
എന്നാണ്. പക്ഷേ തന്ത്രി എന്ന് പറഞ്ഞാലും അർഥവ്യത്യാസമില്ല. ‘അമ്പലത്തിലെ തന്ത്രിയാണോ ശ്രീരാഗം തേടുന്നത്' എന്ന് ചോദിക്കുന്നത് വരട്ടു തത്വവാദം ആണ്.
? പാട്ടറിഞ്ഞും
പാട്ടറിയാതെയും വിമർശകർ രണ്ടുതരം.
= അങ്ങനെയല്ല
ഞാൻ അതിനെ കാണുന്നത്. വീണ്ടും ഭാഷയുടെ ഉപമ എടുക്കുകയാണ്. ഭാഷ
അറിഞ്ഞു സംസാരിക്കുന്നവരും അറിയാതെ സംസാരിക്കുന്നവരും ഉണ്ട്. ഭാഷ എന്നാൽ എഴുത്തുഭാഷ.
പുസ്തകം വായിച്ചു പഠിക്കാതെ പഴയ തലമുറ ഭാഷ
സംസാരിച്ചിരുന്നു. പേര് മലയാളത്തിൽ എഴുതാൻ
പറഞ്ഞാൽ അവര്ക്കറിയില്ല. അതുപോലെ
മലയാളത്തില്‍ പിഎച്ച്ഡി എടുത്ത് സംസാരിക്കുന്നവരും ഇല്ലേ. രണ്ടുപേരുടെയും ലക്ഷ്യം ആശയവിനിമയമാണ്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് ആശയങ്ങൾ എത്തിക്കുകയാണ് ഭാഷയുടെ പ്രാഥമിക ലക്ഷ്യം. ബാക്കിയെല്ലാം രണ്ടാമതോ മൂന്നാമതോ ആണ്. അതുപോലെയാണ് കലയിലും.
പാടുന്ന ആളില്നിന്ന് അല്ലെങ്കിൽ പദ്യം വായിക്കുന്ന ആളിൽനിന്ന് കേൾക്കുന്ന ആളിലേക്ക് ആ മ്യൂസിക്കൽ എക്സ്പ്രഷൻ
എത്തിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ആസ്വദിക്കാന്‍ പറ്റാത്തവർ, അല്ലെങ്കിൽ പാട്ട് അവരിലേക്ക് എത്താതിരിക്കുമ്പോള്‍ വിമർശിക്കാറുണ്ട്. ഞാൻ ചെയ്തത് അവരിലേക്ക്
എത്തിയില്ല. ‘നിങ്ങൾ ഉദ്ദേശിച്ചത് എന്നിലേക്ക് എത്തിയില്ല' എന്നത് പ്രാധാന്യമുള്ള വിമർശനം ആണ്. ആ വിമർശനങ്ങളോട്
പ്രതികരിക്കണം. അത് മറികടക്കാന്‍ യത്നിക്കണം.
കാരണം കലാകാരന്റെ ലക്ഷ്യം അയാളുടെ കല ആസ്വാദകരിലേക്ക് എത്തിക്കുക
എന്നതാണ്. പാട്ടു പഠിച്ചവരും പഠിക്കാത്തവരും അങ്ങനെ വിമർശിക്കാറുണ്ട്. ഹരീഷ് പാടിയതിൽ എനിക്കൊന്നും ഫീൽ ചെയ്തില്ലെന്ന് ചിലര്‍
പറയും. രണ്ടാമതൊരു വിഭാഗം, ഇത് നേരത്തേ യേശുദാസ്
പാടിയത് അല്ലേ, ഇവന് അങ്ങനെ തന്നെ
പാടിയാൽ പോരേ എന്നു വിമർശിക്കും.
ഞാൻ എന്തു ചെയ്യുന്നു എന്നതല്ല, അവർക്ക് അറിയാവുന്ന പോലെ പാട്ട് കിട്ടിയില്ല
എന്നതാണ് പ്രശ്നം. അത് ഒരു ജില്ലക്കാരന്
മറ്റൊരു ജില്ലക്കാരന്റെ ഭാഷ കേൾക്കുമ്പോൾ ഉണ്ടാകുന്ന
ചൊരുക്ക് പോലെയാണ്. ‘ഇവിടെ എല്ലാവരും ഇങ്ങനെയാണ് സംസാരിക്കുന്നത്, താനെന്താ മാറി സംസാരിക്കുന്നത്’ എന്ന ചോദ്യംപോലെ. മാറ്റം
ഉൾക്കൊള്ളാനാവാത്ത സ്ഥിതിയിൽ നിന്ന് വരുന്ന വിമർശനമാണത്. കലാസ്വാദനത്തില്‍ അതിന് സ്ഥാനമില്ല. മുമ്പ് ഒരു വ്യക്തി പാടിയതിന്റെ
അനുകരണം മറ്റൊരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിച്ച്, അതുപോലെ ആയില്ല എന്ന് പറയുന്നതിൽനിന്ന് കിട്ടുന്ന വൈകാരിക സംതൃപ്തി എന്താണെന്ന് എനിക്ക് ഇന്നേവരെ മനസ്സിലായിട്ടില്ല. കേൾക്കുന്ന ആർക്കും അറിയാമല്ലോ പാടുന്നത് യേശുദാസ് അല്ല എന്ന്. യേശുദാസിനു
സമം അദ്ദേഹം മാത്രമാണെന്നതും, അദ്ദേഹത്തെ അനുകരിക്കുന്നത് ഒരു വൃഥാ ശ്രമം
ആണെന്ന ഉത്തമബോധ്യം ഉള്ള ആരും തന്നെ
അനുകരണത്തിനു മുതിരില്ല എന്നതാണ് എന്റെ പക്ഷം. എന്നിട്ടും അതുതന്നെ പ്രതീക്ഷിച്ച്, അത് വന്നില്ല എന്ന്
വിമര്ശിക്കുന്നത് ശ്രദ്ധിച്ചാൽ സമയനഷ്ടം എന്നല്ലാതെ കലാകാരനെന്ന നിലയിൽ അതിൽ ഉൾക്കൊള്ളാൻ ഒന്നുമില്ല.
ഞാൻ പാടുമ്പോൾ ക്രിയാത്മകമായി വിമർശിക്കുന്നത് എന്നെ ഭേദപ്പെട്ട കലാകാരനാക്കും. അത് തുടർന്നും വേണം.
കാരണം ഞാനും വിമർശിക്കാറുണ്ട്. അത്തരം വിമർശനങ്ങൾക്ക് ആരും അതീതരല്ല. വിമർശകരെ
ഒക്കെ തിരുത്തി എന്റെ സംഗീതം ആസ്വദിപ്പിക്കാമെന്ന് ഞാൻ വിചാരിക്കുന്നുമില്ല
? കർണാടക
സംഗീതത്തിൽ സാമ്പ്രദായിക രീതികളെ പൊളിച്ചു പണിയാൻ നടത്തുന്ന ശ്രമങ്ങളിൽ ഗുരുക്കന്മാരുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോ.
= സാമ്പ്രദായിക
രീതികളെ പൊളിച്ചു പണിയുക എന്നതല്ല ലക്ഷ്യം. - സാമ്പ്രദായിക രീതികളെ കൂടാതെ മറ്റെന്തൊക്കെ സാധ്യതകൾ ഉണ്ട് എന്ന അന്വേഷണം ആണ്
ലക്ഷ്യം. ആ അന്വേഷണം തന്നെ
അനുവദനീയമല്ല എന്ന സ്വത്വ / മൗലിക
വാദത്തിനെതിരെ പ്രതിഷേധമുണ്ട് എന്ന് മാത്രം. വളരെ ബഹുമാന്യരായ രണ്ടു
പേരിൽ നിന്ന് സംഗീതം പഠിച്ച ആളാണ് ഞാൻ. ചെമ്പൈ കോദണ്ഡ
ഭാഗവതരും ആയാംകുടി മണിസാറും. ഇരുത്തി പഠിപ്പിച്ചവരുടെ സ്വാധീനമില്ലാതെ നല്ല ഗായകൻ ആകാനാവില്ല.
ഗുരുക്കന്മാരാണ് അടിസ്ഥാനവും. അവരുടെ ശൈലിയിൽനിന്ന് മാറുമ്പോഴും അവർ പഠിപ്പിച്ചതിനെ ആധാരമാക്കുന്നുണ്ട്.
വീട് വെയ്‌ക്കുന്നപോലെയാണത്. അടിസ്ഥാനത്തില്‍ ഉറപ്പുണ്ടെങ്കിൽ
രണ്ടോ മൂന്നോ നാലോ നില കെട്ടിപ്പടുക്കാം.
എന്റെ
സംഗീതത്തെ മികവുറ്റതാക്കാന്‍ പാകത്തിലുള്ളതായിരുന്നു അവരുടെ ഫീഡ് ബാക്ക്. ഞാൻ
എന്ത് പരീക്ഷിച്ചാലും അതിന്റെ അന്തസ്സത്ത ഉൾക്കൊണ്ടിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാറുണ്ട്. എന്റെ സര്‍ഗാത്മകതയെ പോഷിപ്പിക്കാന്‍
പാകത്തിലേ അവര്‍ പ്രതികരിച്ചിട്ടുള്ളൂ. ‘ഞങ്ങൾ പഠിപ്പിച്ചത് അല്ലല്ലോ മോനെ നീ പാടുന്നത്'
എന്ന് ചോദിക്കാന്‍ പാകത്തില്‍ മനോവ്യാപ്തി ഇല്ലാത്തവര്‍ അല്ല എന്റെ ഗുരുക്കന്മാർ.
അവർ വളരെ ഉയരത്തിൽ നിൽക്കുന്ന
ആളുകളാണ്
? പഠിച്ചത്
കർണാടക സംഗീതമാണ്. ഹിന്ദുസ്ഥാനിയോട് വലിയ അഭിനിവേശം ഉണ്ട്.
അതിലും സമ്പന്നമാണ് ഇന്ത്യൻ ഫോക് സംഗീതം. അതിനെ
എത്രമാത്രം അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ട്? അവയൊക്കെ നല്കുന്ന ആലാപന
സ്വാതന്ത്ര്യം എത്രത്തോളമാണ്.
= ഇന്ത്യന്‍
ഫോക് പഠിക്കാൻ ശ്രമിക്കുകയാണ്. ഉൾക്കൊള്ളാൻ ഇനിയും സമയമെടുക്കും. പലതും കേട്ട് തുടങ്ങിയിട്ടേയുള്ളൂ.ഇന്റർനെറ്റ് വന്നതിനുശേഷം കൂടുതല്‍ അറിയാന്‍ സാധിക്കുന്നുണ്ട്. ഫോണെടുത്ത് ടൈപ്പ് ചെയ്താൽ പാട്ട് കിട്ടും. 15 വർഷം മുമ്പ് അങ്ങനെയല്ല.
ഇപ്പോൾ ഒരുപാട് കേൾക്കുന്നുണ്ട്. അകത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുമുണ്ട്. അതിന് ഇനിയും സമയമെടുക്കും. വൈകി തുടങ്ങുമ്പോൾ അത്
മനസ്സിലാക്കാന്‍ സമയമെടുക്കുക സ്വാഭാവികമാണ്.
? മലയാളത്തിനും
നാടന്‍ പാട്ട് പാരമ്പര്യമുണ്ട്. ഇതുപക്ഷേ നമ്മുടെ പൊതുധാരയില്‍ നിന്ന് പിന്നീട് അകന്ന് പോയി. കര്ണാടക സംഗീതത്തിന്റെ
അധിനിവേശത്തോടെ എന്ന് വേണമെങ്കില്‍ പറയാം. സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായോ, സിനിമയിലും മറ്റും പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടോ ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന് മാത്രം. അത്തരം ഈണങ്ങളിലേക്ക് അകത്തിന്റെ ശ്രദ്ധ പതിയാറുണ്ടോ.
= കർണാടക
സംഗീതത്തിന്റെ അധിനിവേശത്തെക്കാൾ, ഇത് കൂടുതൽ മഹത്തരമാണ്
എന്ന മനോഭാവം ചില ആളുകൾ പുലര്ത്തുന്നതാണ് കാരണം. ശാസ്ത്രീയ സംഗീതം കൂടുതൽ ഉൽകൃഷ്ടമാണ് എന്ന ബോധം ഉണ്ടായപ്പോൾ
കൂടുതൽപേർ അതിലേക്ക് തിരിഞ്ഞു. മനുഷ്യന്റെ അടിസ്ഥാന സ്വഭാവവും അതാണല്ലോ. ഭേദപ്പെട്ടത് എന്ന് സമൂഹം പറയുന്നതിലേക്ക് സഞ്ചരിക്കുന്നതാണ് സമൂഹത്തിലെ പതിവ്. നാടൻ പാട്ടുകൾ വാമൊഴി
സംഗീതം ആയതുകൊണ്ടും അതിന് വ്യാകരണം ഇല്ലാത്തതു കൊണ്ടും അത് പാടിയവരുടെ സാമൂഹ്യ
ചുറ്റുപാടുകൾ വ്യത്യസ്തമായതുകൊണ്ടും അത് തരത്തിൽ കുറഞ്ഞതാണ്
എന്ന ചിന്താഗതി ഉണ്ടായി. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളമുണ്ടായ പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ നാടന്‍ പാട്ടുകൾ പാടിയിരുന്നവർ പോലും മുഖ്യധാരയിലേക്ക് സഞ്ചരിച്ചു. തനത് കലാരൂപങ്ങൾക്ക് ലഭിക്കേണ്ട
ശ്രദ്ധയോ അവയ്ക്ക് വേദികളുണ്ടാക്കാനുള്ള ശ്രമമോ ഉണ്ടായില്ല. വര്ഗം, ജാതി
എന്നിവയെ ആധാരമാക്കി സമൂഹത്തില്‍ നിലനില്‍ക്കുന്ന മുൻവിധികളുടെ ഇടയിലാണ് നാടന്‍ കലകള്‍ക്ക് അതിജീവിക്കേണ്ടത്. അത് അവതരിപ്പിക്കുന്ന
പലരും ജാതി ശ്രേണിയില്‍ ഉയർന്നു
നിൽക്കുന്നവരല്ല എന്നതുകൊണ്ട് അവരുടെ ശ്രമം പരാജയപ്പെട്ടിട്ടുണ്ട്. ജനിച്ച സാഹചര്യം കൊണ്ടും ഞാൻ ജീവിച്ച ചുറ്റുപാടുകൾ
കൊണ്ടും പഠിച്ച സംഗീതം കൊണ്ടും കേരളത്തിലെ നാടൻകലകളെക്കുറിച്ച് അറിവ് വളരെ പരിമിതമാണ്. ഒരുപാട്
പഠിക്കേണ്ട വിഷയമാണിത്. കർണാടകസംഗീതം പഠിക്കുന്നതിലും വ്യാപ്തിയിൽ പഠിക്കേണ്ടത്. നാടൻ കലാരൂപങ്ങള്ക്ക്
അതിന്റേതായ ചടുലമായ താളമുണ്ട്. ഭാഷാസ്വാധീനം ഉണ്ട്. ഓരോ ഭൂവിഭാഗങ്ങൾക്കും അനുസരിച്ച്
വായ്ത്താരിയിലും സംഗീതാത്മകതയിലും വ്യത്യാസമുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ അകം എന്നല്ല ഒരു
ബാൻഡിനും ഇതിനെ ഉദ്ധരിക്കാൻ പറ്റില്ല. അവിയൽ ബാൻഡ് പോലെ, കരിന്തലക്കൂട്ടം പോലെ, വയലി പോലെ പല
നൂതന പരീക്ഷണങ്ങളും നാടൻ പാട്ടു രംഗത്ത്
ഉണ്ടായി എന്നത് വളരെ ഏറെ സ്വാഗതാർഹമാണ്.
സിനിമാ ഗാനങ്ങളിലും ഇത്തരം പരീക്ഷണങ്ങൾ ഉണ്ടാവേണ്ടതാണ് എന്ന് വിശ്വസിക്കുന്നു. - പണ്ട് കലാഭവൻ മണി ചേട്ടൻ പാടിയ
പാട്ടുകളിലും മറ്റും മാത്രമാണ് നാടൻ പാട്ടുകൾക്ക് മുഖ്യധാരാ
സ്വീകാര്യത കുറച്ചെങ്കിലും ലഭിച്ചത് . ഇനിയും ഏറെ ദൂരം പോകാനുണ്ട്
എന്നതാണ് എന്റെ കാഴ്ചപ്പാട്.
? നാടന്‍
ഈണങ്ങളെ പിന്തുടരുന്നവര്‍ കുറവല്ലെങ്കിലും മലയാളിക്കിടയില്‍ അതിന് കൂടുതല്‍ പ്രചാരമുണ്ടാക്കിയ ഒരാള്‍ കലാഭവന്‍ മണിയായിരുന്നു. ഗായകന്‍ എന്ന നിലയില്‍ മണി
അംഗീകരിക്കപ്പെട്ടിരുന്നുവെന്ന്
തോന്നുന്നുണ്ടോ.
= മണി
ചേട്ടൻ പാടിയ പല ഗാനങ്ങളും സാധാരണ
ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശാസ്ത്രീയ സംഗീതവുമായി
തട്ടിച്ചു നോക്കി ആ ഗാനങ്ങൾ ‘intellectually stimulating' അല്ല എന്ന ധാരണ
പലരും വെച്ച് പുലർത്തിയിട്ടും ഉണ്ട്. ഒരേ മാനദണ്ഡത്തിൽ അളക്കേണ്ടതല്ല
സംഗീത ശാഖകൾ എന്ന തിരിച്ചറിവില്ലായ്മയിൽ നിന്നുണ്ടാവുന്നതാണ് അത്. എന്ത്
തന്നെ പറഞ്ഞാലും അദ്ദേഹത്തിന്റെ പാട്ടുകൾ ഒരു തവണയെങ്കിലും കേട്ട്
ആസ്വദിക്കാത്തവർ കുറവായിരിക്കും.- hypocrisy കൊണ്ട് പുറത്തു പറയാൻ പലരും വിസമ്മതിച്ചേക്കും എന്ന് മാത്രം... ഇപ്പോൾ ചാലക്കുടി പ്രസീദയെയും പുഷ്പവതിയെയും ഒക്കെ നല്ലപോലെ കേള്ക്കുന്നുണ്ട്. പക്ഷേ
പുറത്തു സമ്മതിക്കില്ല. കലാഭവൻ മണി നാടൻപാട്ട് മാത്രമല്ല
ഭക്തി ഗാനങ്ങളും സിനിമാപാട്ടുകളും പാടിയിട്ടുണ്ട്. നല്ല ഗായകനാണ്. ഒരു
മുഖ്യധാരാ സിനിമാ നടൻ അല്ലായിരുന്നെങ്കിൽ മണിച്ചേട്ടന്റെ പാട്ടുകൾക്ക്
ഇപ്പോൾ ലഭിച്ച സ്വീകാര്യത ലഭിക്കുമായിരുന്നോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. അത്രയും ശ്രദ്ധ കിട്ടാതെ നല്ല രീതിയിൽ നാടൻ
പാട്ടുകൾ പാടുന്ന പലരുടെയും പേരുകൾ താങ്കൾക്കും എനിക്കും അറിയില്ല. സാമുദായികമായി അവരുടെ സാഹചര്യം, നമ്മുടെ സമൂഹം അവരുടെ കലയെ എങ്ങനെയാണ് സ്വീകരിക്കുന്നത്
എന്നതൊക്കെ വലിയ വിഷയമാണ്. എനിക്ക്
ഇതൊക്കെ തെളിഞ്ഞുവന്നത് മുപ്പത്തിയെട്ടാം വയസ്സിലാണ്. അഞ്ചുകൊല്ലം മുമ്പ് ഞാൻ ചിന്തിച്ചത് ഇങ്ങനെയല്ല.
എനിക്ക് ഈ പ്രായത്തിൽ തിരിച്ചറിയാൻ
കഴിയുന്നുണ്ടെങ്കിൽ 20 വയസ്സുള്ള ഒരാൾക്ക് കൂടുതൽ തിരിച്ചറിയാൻ കഴിയും. കാരണം എക്സ്പോഷര്‍ കൂടുതലുണ്ട്. അതുകൊണ്ട് വരുന്ന നാളുകളില്‍ നാടൻ പാട്ടുകളും നാടൻ
കലാരൂപങ്ങളും കൂടുതൽ സ്വീകരിക്കപ്പെടും. ഉറപ്പ്.
? ആസ്വാദകരെ
സംഗീതത്തില്‍ ലയിപ്പിക്കുന്നതില്‍ മണിക്കുണ്ടായിരുന്ന പ്രത്യേക കഴിവ് എപ്പോഴെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ.
= ഇല്ല.
അദ്ദേഹം പാടുന്ന രീതിയിലുള്ള പാട്ടുകളല്ല ഞാൻ പാടുന്നത്. അദ്ദേഹത്തിന്റെ
ശൈലിയിലുമല്ല. അദ്ദേഹത്തിന്റെ വോക്കൽ texture അല്ല എന്റേത്. നല്ല
നാടൻ പാട്ടുകൾ പാടണം എങ്കിൽ നല്ല ജീവിതാനുഭവങ്ങൾ ഉണ്ടാകണം.
അല്ലെങ്കിൽ അത്രയും സമയം അതിനുവേണ്ടി ചെലവഴിക്കണം.
എനിക്ക് മണിച്ചേട്ടന്‍ പാടുന്നത് കേട്ട് അനുകരിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ ഒരു നാടൻപാട്ട് കേട്ട്
അതുപോലെ സൃഷ്ടിക്കാന്‍ കഴിയില്ല. കലാഭവൻ മണി പാടിയത് അദ്ദേഹത്തിന്റെ
ജീവിത സാഹചര്യങ്ങളിൽനിന്നും ജീവിതാനുഭവങ്ങളിൽനിന്നുമാണ്. കേട്ടുവളർന്ന സംഗീതത്തിന്റെ വ്യാപ്തി അദ്ദേഹത്തിലുണ്ട്. എനിക്ക് അതില്ല.
? പരിഷ്കരണത്തിനുള്ള
ശ്രമമുണ്ട് കര്ണാടക സംഗീതത്തില്‍.
അതിനെ ബ്രാഹ്മണാധിപത്യത്തില്‍നിന്ന് പുറത്തെത്തിക്കാന്‍ ശ്രമിച്ചവര്‍ പലരുമുണ്ട്. ബാലമുരളീകൃഷ്ണയെപ്പോലുള്ള അതികായര്‍ വരെ. അതുപക്ഷേ വലിയ
തോതില്‍ ഫലം കണ്ടുവെന്ന് പറയാനാകില്ല.
എത്രത്തോളം ബ്രാഹ്മണികമാണ് ഇപ്പോഴും കർണാടക സംഗീതം. സർവ അതിരുകളെയും ഇല്ലാതാക്കുന്ന
സംഗീതത്തില്‍ തന്നെ സവര്‍ണാധിപത്യമെന്നതില്‍ വൈരുധ്യമുണ്ട്? അതവസാനിക്കുമോ.
= കർണാടക
സംഗീതത്തിൽ ബ്രാഹ്മണാധിപത്യമുണ്ട് എന്നത് സത്യമാണ്. സങ്കീർണമായ വിഷയമാണത്. കല ഒരു സാമൂഹ്യ
നിർമിതിയുടെ ഭാഗമാണ്. വ്യവസ്ഥിതികളെ കല സ്വാധീനിക്കുന്നപോലെ കലയെ വ്യവസ്ഥിതികളും
സ്വാധീനിക്കുന്നുണ്ട്. രണ്ടും വല്ലാതെ കെട്ടുപ്പിണഞ്ഞു കിടക്കുകയാണ്. കണ്ണും മനസ്സും തുറന്നു വയ്ക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് അത് തിരിച്ചറിയാനായത്. ചിലപ്പോൾ വൈകിവന്ന
വെളിപാട് ആകാം. പ്രായം കൂടുമ്പോഴും ലോകപരിചയം കൂടുമ്പോഴും കുറേ കാര്യങ്ങൾ നമ്മൾ
മനസ്സിലാക്കും. നവോത്ഥാന കാലഘട്ടത്തിനു മുമ്പ്, അല്ലെങ്കിൽ നമ്മൾ ഇന്ന് അറിയുന്ന ഇന്ത്യ ആകുന്നതിനു മുമ്പ് വ്യത്യസ്ത രൂപത്തിലാണ് കർണാടക സംഗീതം നിലനിന്നിരുന്നത്. മനോഹരമായ ഭക്തി സംഗീതം മാത്രമായിരുന്നില്ല, ജാവളി പോലെ കുറച്ചുകൂടി ഗോചരം
ആയ ഉള്ളടക്കമുള്ള കവിതകള്‍ ഉണ്ടായിരുന്നു. ഭരതനാട്യം അവതരിപ്പിച്ചിരുന്നപ്പോള്‍ അതിനൊപ്പമുണ്ടായിരുന്ന സംഗീതവും അന്നത്തെ കണക്കിൽ ശാസ്ത്രീയസംഗീതമാണ്. പിന്നീടെപ്പോഴോ വെറും ഡിവോഷണൽ ഉള്ളടക്കം മാത്രമായി മുഖ്യധാരാ കർണാടക സംഗീതം ചുരുക്കപ്പെട്ടു എന്ന് വേണം പറയാൻ. കർണാടക
സംഗീതത്തിലെ ഹിന്ദു ഭക്തി അധിഷ്ഠിതമായ ഉള്ളടക്കം എല്ലാം മനോഹരമാണ്. പക്ഷേ ആ ഉള്ളടക്കത്തിൽ മാത്രം
ഒതുങ്ങേണ്ടതല്ല കർണാടകം സംഗീതം. കാലാകാലങ്ങളിൽ ചില പ്രത്യേക സാമുദായിക
സാമ്പത്തിക ശ്രേണിയിൽ ഉള്ളവർക്ക് മാത്രം പ്രാപ്യമായ ഒന്നായി അത്. അവര്‍ അതിന്റെ
ഉടമസ്ഥാവകാശികള്‍ ആയി. ഉദാഹരണത്തിന് നല്ല
ജുബ്ബയും മുണ്ടും ഉടുത്തു പോയി പാടണം എന്നത്
കച്ചേരിയിൽ അലിഖിത നിയമം പോലെയാണ്. അപ്പോൾ ജുബ്ബയും മുണ്ടും വാങ്ങിക്കാൻ ശേഷി ഇല്ലാത്തവർ കച്ചേരി
പാടരുത് എന്നാണോ? അല്ലെങ്കിൽ അവരുടെ തനതായ വേഷം ധരിച്ച് ഒരു
ത്യാഗരാജ കീർത്തനം പാടാൻ പാടില്ല എന്നാണോ? കലയോടനുബന്ധിച്ചുള്ള ഫോർമാറ്റുകളും rituals ഉം ശ്രദ്ധിക്കപ്പെടുമ്പോൾ dilute ചെയ്യപ്പെടുന്നത് ആ കല തന്നെയാണ്.
രാഷ്ട്രീയ മത സാമൂഹിക വ്യത്യാസങ്ങൾക്കെല്ലാം
മുകളിൽ സഞ്ചരിക്കാൻ കലാകാരൻ പ്രാപ്തനാകുമ്പോളാണ് കല വളരുന്നത് എന്ന്
ഞാൻ വിശ്വസിക്കുന്നു. അതിന് ആ വ്യത്യാസങ്ങളെ തിരിച്ചറിഞ്ഞ്,
അവ നിലനിൽക്കുന്നുണ്ട് എന്ന സത്യത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള
ഒരു നിലപാട് കലാകാരൻ എടുക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ രംഗങ്ങളിലും കാലഘട്ടങ്ങൾക്ക് അനുസൃതമായ തിരുത്തലുകൾ ആവശ്യമാണ്.
? കർണാടക
സംഗീതത്തെ സാമൂഹിക പരിവർത്തനത്തിന് ഉപയോഗിച്ച വ്യക്തിയാണ് ടി എം കൃഷ്ണ.
ഒരുപരിധിവരെ അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിജയകരമായിരുന്നു. എങ്ങനെ കാണുന്നു ഈ പ്രവർത്തനങ്ങളെ.
= അദ്ദേഹത്തിന്റെ
പ്രയത്നങ്ങളെയും അദ്ദേഹം നയിക്കുന്ന ശ്രമങ്ങളെയും ഏറെ സന്തോഷത്തോടെ കാണുന്ന
ഒരാളാണ് ഞാൻ. കർണാടക സംഗീതത്തിൽ
നിലനിൽക്കുന്ന ഉച്ച നീചത്വങ്ങളെ മുഖ്യധാരയിൽ
എത്തിക്കാൻ ടി എം കൃഷ്ണ
നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന്റെ എല്ലാ രീതികളോടും പക്ഷേ യോജിപ്പില്ല. ഉദാഹരണത്തിന്, സഭ എന്ന സദസ്സിനെ
എടുക്കാം. - അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതുപോലെ ചില സമുദായങ്ങൾ കൈയടക്കിവച്ചിരിക്കുന്നു
എന്നതുകൊണ്ട് ആ സദസ്സുകളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ
എത്തിക്കുക എന്നതാണ് എന്റെ അഭിപ്രായത്തിൽ ചെയ്യേണ്ടത്. സഭകളെ ബഹിഷ്കരിക്കുക എന്നത് ഒരു സമരരീതി അല്ലെങ്കിൽ
പ്രതിഷേധം എന്ന നിലയിൽ ശ്രദ്ധേയമാണ്
എങ്കിലും ഒരു ലോങ് െടെം
പരിഹാരമല്ല. ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർക്ക് ആ അധികാരം സാധ്യമാക്കുന്നതാണ്
നവോത്ഥാനം, മറിച്ച് അവർക്ക് പ്രത്യേക ക്ഷേത്രങ്ങൾ നിർമിക്കുക എന്നതല്ല എന്നതാണ് എന്റെ പക്ഷം. സാധ്യമായ എല്ലാ സ്ഥലങ്ങളിലും സംഗീതം മുഴങ്ങട്ടെ. എല്ലാ കലാകാരന്മാർക്കും എല്ലാ സദസ്സുകളും പ്രാപ്തമാകട്ടെ. സംഗീതത്തിനെ കാലാകാലമായി പ്രോത്സാഹിപ്പിച്ചുവന്ന സദസ്സുകളിൽനിന്ന് പരിപൂർണമായി സംഗീതത്തെ പറിച്ചു മറ്റൊരിടത്തു നട്ടു കൊണ്ടുള്ള ഒരു നോൺ inclusive രീതികൊണ്ട്
കർണാടക സംഗീതത്തിൽ ഒരു ദീർഘ കാല
ഉന്നമനം ഉണ്ടാക്കാൻ സാധിക്കില്ല എന്നാണ് എന്റെ പക്ഷം. പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് പ്രധാനമെന്ന് വിശ്വസിക്കുന്നു.
? സഭകളിൽ
തന്നെ ഇത് എത്തിക്കണമെന്നത് ഒരു സവർണബോധം
അല്ലേ. പ്രിവിലേജ്ഡ് ആകണമെങ്കിൽ അവിടേക്ക് എത്തണമെന്ന സവർണബോധം.
= സഭകളിൽ
മാത്രം കർണാടക സംഗീതം അവതരിപ്പിക്കപ്പെടണം എന്ന വാദം തീർത്തും
സവർണ ബോധത്തിൽനിന്ന് ഉണ്ടാവുന്നതാണ്. അതല്ല എന്റെ നിലപാട്. എന്റെ പക്ഷം, സഭകളിലും ബീച്ചിലും പബ്ബിലും പൊതു സ്ഥലങ്ങളിലും എല്ലാം
കർണാടക സംഗീതം മുഴങ്ങണം എന്നാണ് . കർണാടക സംഗീതത്തിൽ തിരുത്തലുകൾ വരുത്താൻ സഭകളിൽനിന്ന് വിട്ടു നിൽക്കണം എന്ന alternate solutioning നോട് എന്റെ വിയോജിപ്പ്
രേഖപ്പെടുത്തി എന്നേ ഉള്ളൂ. സഭകളിൽനിന്ന് പറിച്ചെടുത്തു കടലോരത്തിൽ അവതരിപ്പിച്ചതു കൊണ്ടോ, ഒരു കലയ്ക്കു പരമാവധി
patronage ലഭിക്കുന്ന ഒരു സദസ്സിനെ പരിപൂർണമായി
ബഹിഷ്കരിച്ചുകൊണ്ടോ ഒരു തിരുത്തൽ സാധ്യമല്ല
എന്ന് ഉറച്ച് വിശ്വസിക്കുന്നു. എന്റെ ബാൻഡ് അകം ചെന്നൈയിലെ കർണാടക
സംഗീത സഭകളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്;- നിറഞ്ഞ സദസ്സുകളിൽ. ഒരുപാടു വർഷത്തെ ശ്രമംകൊണ്ട് സാധ്യമായ ഒന്നാണത്. ഇന്ന് ഞങ്ങൾക്കുശേഷം വന്ന ഒട്ടേറെ സംഗീത
സംഘങ്ങൾക്ക് അത് ഒരു പ്രചോദനം
ആവുന്നുമുണ്ട്. സഭയിൽ ഒതുങ്ങിനിൽക്കാതെ മറ്റു സദസ്സുകളിലേക്കും ഞങ്ങളുടെ സംഗീതത്തെ വ്യാപിപ്പിക്കുന്നതിൽ കുറച്ചെങ്കിലും ഞങ്ങൾ വിജയിച്ചിട്ടുമുണ്ട്. ഏറെ ദൂരം സഞ്ചരിക്കാനുണ്ട്,
ശ്രമം തുടർന്നുകൊണ്ടേയിരിക്കും.
? താങ്കളുടെ
രാഷ്ട്രീയം എന്താണ്.
centrist - അല്ലെങ്കിൽ
ലെഫ്റ്റ് ഓഫ് സെന്റർ രാഷ്ട്രീയം
ആണ് എന്റേത്. വലതുപക്ഷ രാഷ്ട്രീയത്തോട് ഒട്ടും പ്രതിപത്തി ഇല്ല, വിയോജിപ്പാണ്. ഫ്രീ മാർക്കറ്റ് principles ഇൽ വിശ്വസിക്കുന്ന
ഒരാൾ എന്ന നിലയ്ക്ക് പരിപൂർണ
ഇടതു പക്ഷവും അല്ല. ജാതിസംവരണം നിലനിൽക്കണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾ പരിപൂർണമായും സൗജന്യമാവണം എന്ന പക്ഷക്കാരനാണ്. ഉദാരവൽക്കരണത്തിന്റെയും
ഗ്ലോബലൈസ്ഡ് സമ്പദ്വ്യവസ്ഥയുടെയും ഗുണഭോക്താവ് എന്ന നിലയിൽ സ്വകാര്യ
സംരംഭങ്ങളെ അനുകൂലിക്കുന്ന ഒരാളുമാണ്. ഇടതോ വലതുമായ ബൈനറി
അല്ലാത്ത എല്ലാരെയും അരാഷ്ട്രീയവാദി എന്ന് വിളിക്കുന്ന രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പുള്ള ആളാണ്. പൊളിറ്റിക്കൽ centrism ഒരു legitimate ആയ രാഷ്ട്രീയ കാഴ്ചപ്പാടാണ്
എന്ന് വിശ്വസിക്കുന്ന ആളാണ്.
? ടെക്കി
മ്യൂസിഷ്യൻ എന്നാണ് ഹരീഷ് അറിയപ്പെടുന്നത്. രണ്ടും രണ്ട് തലങ്ങളിലാണ് നിൽക്കുന്നത്. പ്രൊഫഷനു വേണ്ടി പാഷനെ ബലികൊടുക്കാതിരിക്കുക എന്നുള്ളത് ബോധപൂർവമായിരുന്നോ.
= വളരെ
ആത്മാർഥമായി മറുപടി പറയാം. സംഗീതത്തില്‍ നിന്നുണ്ടാകുന്ന പൈസ കൊണ്ടല്ല, എന്റെ
പ്രൊഫഷൻ വഴിയാണ് ഞാൻ അരി വാങ്ങുന്നത്.
കുടുംബം നോക്കുന്നതും. ജോലി ചെയ്ത ഇൻഡസ്ട്രിയിൽ
നിന്നുള്ള ശമ്പളവും ഞാൻ തുടങ്ങിയ കമ്പനികളില്നിന്ന് ഉണ്ടാക്കിയ പണവും കൊണ്ടാണ് കറണ്ട് ബില്ല് അടയ്ക്കുന്നതും കുട്ടിയുടെ
ഫീസ് കൊടുക്കുന്നതും മരുന്നു വാങ്ങിക്കുന്നതും. എനിക്ക് വളരെ കൊമേഴ്സ്യൽ
മൈൻഡ് സെറ്റ് ആണുള്ളത്. പണം ഉള്ളതും ഇല്ലാത്തതുമായ
സാഹചര്യം ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതുകൊണ്ട് പ്രൊഫഷന് മുന്ഗണന നല്കിയാണ് ജീവിക്കുന്നത്. അത് മനസ്സിലാക്കി ഞാൻ
ജഡ്ജ് ചെയ്യപ്പെടാറുണ്ട്. പാഷൻ ആയ സംഗീതത്തിന്
മുഴുവന്‍ സമയവും മാറ്റിവയ്‌ക്കാത്തത് പ്രൊഫഷൻ തരുന്ന സ്റ്റെബിലിറ്റി വളരെ പ്രധാനമാണെന്നതുകൊണ്ടാണ്. മാസാമാസം ശമ്പളം കിട്ടുന്ന ജോലി ഇല്ലാതെ സംഗീതം
ഉണ്ടാക്കാൻ പറ്റില്ല.
? കെ
എസ് ജോര്ജ്, കെ
പി എ സി സുലോചന,
കമുകറ പുരുഷോത്തമന്‍, എ എം രാജ,
ബ്രഹ്മാനന്ദന്‍, പി ലീല തുടങ്ങി
ശബ്ദത്തിന്റെ പ്രത്യേകതകൊണ്ടും ആലാപന ശൈലിയുടെ വ്യത്യസ്തതകൊണ്ടും മലയാള ഗാനശാഖയില്‍ തിളങ്ങി നിന്നവരുണ്ട്. പിന്നീടേറെക്കാലം സുഭഗമായ ശബ്ദത്തിന്റെ മാത്രം ഇടമായി മലയാള ഗാനശാഖ ചുരുങ്ങിയോ? ഇപ്പഴതിലൊരു മാറ്റം കാണുന്നുണ്ടോ.
= സിനിമാ
സംഗീതത്തിന്റെ കാര്യത്തിൽ മാത്രമാണിത്. മറ്റ് സംഗീതശാഖകളിൽ എല്ലാകാലത്തും വ്യത്യസ്തമായ ശബ്ദമുള്ളവർ പാടിയിട്ടുണ്ട്. നെയ്യാറ്റിൻകര വാസുദേവൻ സാർ ആണെങ്കിലും മോഹനചന്ദ്രന്‍
സാര്‍ ആണെങ്കിലും ഓമനക്കുട്ടി ടീച്ചർ ആണെങ്കിലും. കർണാടക സംഗീതത്തിലും മറ്റ് പാര്ശ്വധാരാ സംഗീതത്തിലും
എക്കാലത്തും വ്യത്യസ്തമായ ശബ്ദങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമ കമേഴ്സ്യൽ ആയിട്ടുള്ള ഇൻഡസ്ട്രിയാണ്. ലാഭം മുന്നിര്ത്തി പ്രവര്ത്തിക്കുന്നത്.
ലാഭമുണ്ടാകുന്ന എല്ലാ ഘടകങ്ങളും അവിടെ സ്വീകരിക്കപ്പെടും. നമ്മുടെ ഭാഗ്യം, ഈ പ്രത്യേക രീതിയിലുള്ള
ഒട്ടേറെ ഗാനങ്ങളുടെ ആലാപനം നടത്തിയിരുന്നത് ഏതോ ഒരു ഗായകനല്ല,
ഇന്ത്യ മൊത്തം ആരാധിക്കപ്പെട്ട, സ്വീകരിക്കപ്പെട്ട യേശുദാസ് എന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ
സംഗീതത്തോട് യോജിക്കാം വിമർശിക്കാം.അതിനെക്കാളും ഭേദമായി പാടുന്നവർ ഉണ്ടായിരുന്നു എന്ന് വാദിക്കാം. അതൊക്കെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ്. അന്ന് ഇറങ്ങിയിരുന്ന സിനിമകളിൽ അഭിനയിച്ചിരുന്ന നായകനടന്മാരുടെ ശബ്ദത്തിന് അനുയോജ്യമായിരുന്നു യേശുദാസിന്റെ ശബ്ദം. അദ്ദേഹം പരിപൂർണ ആത്മാർഥതയോടെ അത് ചെയ്തു, ആ
ഗാനങ്ങൾക്ക് വർഷങ്ങളുടെ ആയുസ്സും സൗന്ദര്യവും പകർന്നു നൽകി. പിന്നെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച
ഗായകർ ഉണ്ടായിരുന്ന (ഉള്ള) ഒന്നാണ് മലയാള സിനിമാ ഗാനശാഖ. ദാസേട്ടൻ, ജയചന്ദ്രൻ സാർ, എം ജി
ശ്രീകുമാർ സാർ, വേണുഗോപാൽ സാർ,
ബിജു നാരായണൻ സാർ, മധു ബാലകൃഷ്ണൻ
സാർ, ജാനകി അമ്മ, ചിത്ര ചേച്ചി, സുജാത ചേച്ചി അങ്ങനെ ഒട്ടേറെ പ്രതിഭാധനരായ ഗായകർ കെട്ടിപ്പടുത്ത ഒരു അസ്ഥിവാരമാണ് മലയാള
സംഗീതശാഖക്കുള്ളത്. അതുകൊണ്ടാണ് ഇന്ന് എന്നെ പോലുള്ള ആളുകൾ അന്നത്തെ പാട്ടുകളുടെ കവറുകൾ പാടുന്നത്. സമൂഹ മാധ്യമങ്ങളുടെ വരവോടെയും
സിനിമാരംഗത്തുണ്ടായ മാറ്റങ്ങളുടെയും പരിണിത ഫലമായി ഒരുപാട് മാറ്റങ്ങൾ സംഗീതത്തിന് വന്നിട്ടുണ്ട്. കൂടുതൽ പരീക്ഷണങ്ങൾ ഇപ്പോൾ നടക്കുന്നു, വ്യത്യസ്ത ശബ്ദമുള്ള ഗായകർ വരികയും പ്രശസ്തരാവുകയും ചെയ്യുന്നു. പുതിയ sound scapes ഉരുത്തിരിഞ്ഞുവരുന്നു. എല്ലാം കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളാണ്. അവ സമയാസമയങ്ങളിൽ സംഭവിച്ചു
കൊണ്ടേയിരിക്കും.
? വലിയ
സംഗീതപാരമ്പര്യമുണ്ട് താങ്കൾക്ക്. താങ്കളുടെ സംഗീതത്തിൽ പൂർവികരുടെ സ്വാധീനം എത്രമാത്രമുണ്ട്.
= വളരെ
അനുഗ്രഹീതനായ ഹാര്മോണിസ്റ്റ് ആയിരുന്നു
അച്ഛച്ഛന്‍ ഹസ്തഗിരി ശിവരാമകൃഷ്ണൻ.
അദ്ദേഹത്തിന്റെ
സംഗീതത്തിന്റെ സ്വാധീനം എന്നിലുണ്ട്. അച്ഛൻ ശിവരാമകൃഷ്ണൻ കലാകാരൻ എന്നതിലുപരി കൂടെ നിൽക്കുന്ന ആളായിരുന്നു.
കലാകാരന് ഏറ്റവും ആവശ്യം കൂടെ നില്‍ക്കാന്‍
ഒരാളാണ്. അച്ഛന്‍ അദ്ദേഹത്തിനു താങ്ങാവുന്നതിലും അപ്പുറം സമയവും പണവും ചെലവിട്ട് കൂടെ നിന്നിട്ടുണ്ട്. ഇല്ലാത്ത
പൈസ ഉണ്ടാക്കി എന്നെ പാട്ട് പഠിപ്പിച്ചിട്ടുണ്ട്. എസ്ബിഐയില്‍ ഉദ്യോഗസ്ഥനായിരുന്നു. കൊൽക്കത്തയിൽനിന്നും നാഗാലാൻഡിൽനിന്നുമൊക്കെ റിസർവേഷന്പോലുമില്ലാതെ യാത്ര ചെയ്തുവന്ന് എന്നെ യൂത്ത് ഫെസ്റ്റിവലിനും മറ്റും കൊണ്ടുപോയിട്ടുണ്ട്. പലപ്പോഴും ശമ്പളമില്ലാത്ത അവധിയെടുത്ത്. എട്ടാം ക്ലാസിലെ യൂത്ത് ഫെസ്റ്റിവലിന് രാവിലെയാണ് അച്ഛൻ കൊൽക്കത്തയിൽനിന്ന് റിസർവേഷനില്ലാതെ ഷൊർണൂരിൽ വന്നിറങ്ങുന്നത്. അന്നെനിക്ക് ശ്രുതി ബോക്സില്ല. എല്ലാവർക്കും ഇലക്ട്രോണിക് ശ്രുതി ബോക്സ് ഉള്ള കാലമാണ്. ഞങ്ങളുടെ
സാമ്പത്തിക സ്ഥിതിവച്ച് ശ്രുതി ബോക്സ് വാങ്ങാനുള്ള സാഹചര്യവുമില്ല. അച്ഛച്ഛന്റെ പഴയ ഹാർമോണിയപ്പെട്ടി ഇടം
കൈകൊണ്ട് ചുമന്നുകൊണ്ടുപോയി. എന്റെ മാഷ്, ചന്ദ്രശേഖരൻ കോട്ട് മാഷ്, അദ്ദേഹമാണ് എനിക്ക് അത് വായിച്ചുതന്നത്. അങ്ങനെ
ഒരുപാട് പേരുടെ പേഴ്സണൽ സാക്രിഫൈസസ് ഉണ്ട് എന്റെ സംഗീതത്തിൽ. ചെറുതായിട്ടെങ്കിലും എനിക്ക് ഒരു ഇംപാക്ട് ഉണ്ടാക്കാൻ
കഴിഞ്ഞിട്ടുണ്ടെങ്കിൽ അവരൊക്കെ അവരുടെ നല്ല സമയത്ത് നിസ്വാർഥമായി നിന്നതുകൊണ്ടാണ്. അവർക്ക് അതിൽനിന്ന് ഒന്നും കിട്ടിയിട്ടില്ല. ഗുണം കിട്ടിയത് എനിക്കാണ്.
സംഗീത പാരമ്പര്യത്തെക്കാൾ എന്റെ സ്കൂളിനാണ് കൂടുതൽ
പ്രാധാന്യം കൊടുക്കുന്നത്. ഷൊര്‍ണൂര്‍ കെ
വി ആര്‍ സ്‌കൂൾ,
അവിടുത്തെ അധ്യാപകർ, എന്റെ സഹപാഠികൾ, ഷൊർണൂരുള്ള കലാസ്നേഹികൾ, കലാമണ്ഡലത്തിലെ ആശാൻമാർ അങ്ങനെ കുറെപ്പേര്‍. എന്തെങ്കിലും ക്രെഡിറ്റ് കൊടുക്കണമെങ്കിൽ അത് അവർക്കാണ്. അവരില്ലെങ്കിൽ
ഇതൊന്നും സാധിക്കില്ലായിരുന്നു.
? സംഗീതം
എങ്ങനെയാണ് ജീവിതത്തിൽ സ്വാധീനിക്കുന്നത്.
= ജീവിതത്തിൽ
കുറേ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. ആരോഗ്യപരമായും മറ്റും. അപ്പോൾ സംഗീതം വഴി രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ്
ഞാന്‍. മുന്നോട്ടു നയിക്കുന്നത് എന്നിലെ കലാകാരനാണ്. എനിക്ക് സ്വീകാര്യത ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സംഗീതം എനിക്കിഷ്ടമാണ്. എന്റെ പാട്ടുകൾ കേൾക്കാത്ത ആളുകളാണ് കൂടുതൽ. എന്റെ പാട്ടുകൾ കേൾക്കാത്ത കാലവുമാണ്. 40 വയസ്സിൽ 36 വർഷം എന്റെ പാട്ട്
ആരും കേട്ടിട്ടില്ല. കഴിഞ്ഞ നാലു വർഷത്തിലാണ് ആരെങ്കിലുമൊക്കെ
പാട്ട് കേട്ടിട്ടുള്ളത്. സംഗീതം എന്നത് എന്റെ ആത്മസംതൃപ്തിക്കുള്ള ഉപാധിയാണ്. ആരും കേൾക്കാൻ ഇല്ലാത്തപ്പോഴും
ഞാൻ പാടിയിട്ടുണ്ട്. ഇപ്പോൾ കുറച്ചു പേർ കേൾക്കുമ്പോഴും പാടുന്നു.
? ആവർത്തിച്ചു
കേൾക്കുന്ന പാട്ടുകൾ, ഗായകർ, സംഗീതജ്ഞൻ ആരൊക്കെ. അവരെല്ലാം എങ്ങനെയാണ് ഹരീഷിനെ സംഗീതത്തെ പരുവപ്പെടുത്തിയെടുത്തത്.
= ഓരോ
കാലത്തും ഓരോരുത്തരുടെ പാട്ടുകളാണ് കേൾക്കുക. ചിലരില്‍ നമ്മള്‍ പ്രചോദിതര്‍ ആകുന്നു. ചിലരെ കേള്‍ക്കുമ്പോള്‍ ഇങ്ങനെ
പാടാന്‍ പറ്റിയെങ്കില്‍ എന്ന് തോന്നും. ചിലരെ കേൾക്കുമ്പോൾ ഇങ്ങനെ പാടേണ്ട എന്ന് തോന്നും. ചിലരെ കേൾക്കുമ്പോൾ ഇങ്ങനെയും പാടാൻ പറ്റുമോ എന്ന് വിസ്മയിക്കും. ആ വിസ്മയം എന്നുമുണ്ട്.
എന്ത് കേട്ടാലും ഇതിൽനിന്ന് എന്താണ് എനിക്ക് ഉൾക്കൊള്ളാൻ കഴിയുക എന്ന് ചിന്തിക്കും. അതേ, സ്വയം നവീകരിക്കണം,
തെറ്റുകളുണ്ടെങ്കിൽ തിരുത്തണം എന്ന് കരുതുന്നു. നിലപാടുകൾ പോസിറ്റീവായി മാറുകയാണെങ്കിൽ അതുകൊണ്ട് തെറ്റില്ലല്ലോ. ഇന്നലത്തെ നിലപാടിനെക്കാളും നാളത്തെ നിലപാട് ഭേദമാണെങ്കിൽ അതിലേക്ക് പോകണം. കലയിലും അങ്ങനെതന്നെ. ഇന്നത്തെക്കാളും മികച്ച കലാകാരന്‍ ആകണം നാളെ. മറ്റന്നാൾ
കൂടുതല്‍ മെച്ചപ്പെട്ട കലാകാരന്‍. അങ്ങനെയാണ് ഞാൻ കലയെ സ്വാംശീകരിക്കുന്നത്.
? അതിവൈകാരികമാണോ
ഹരീഷിന് ജീവിതം.
= ഞാൻ
ഇമോഷണലാണ്. മറ്റുള്ളവരെക്കാൾ കൂടുതൽ ആണോ എന്ന് പറയാനറിയില്ല.
വൈകാരികതയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. എല്ലാവർക്കും അവരുടേതായ വൈകാരികമായ നിമിഷങ്ങൾ ഉണ്ടാകും. എനിക്കും അതെ. അത് മറ്റുള്ളവരേക്കാൾ
കൂടുതലാണോ എന്നതിന് മറുപടി ആധികാരികമായി പറയാൻ കഴിയില്ല.
? ജീവിതത്തിന്റെ
നിർണായകഘട്ടത്തിൽ ഹൃദയം ഹരീഷിനെ വെല്ലുവിളിക്കുകയുണ്ടായി. ഹൃദയാഘാതത്തിന് മുമ്പും പിമ്പുമുള്ള ജീവിതം.
= അതിനു
മുമ്പുള്ള ജീവിതം സാധാരണ 30 വയസ്സുള്ള വ്യക്തിയുടെ ജീവിതംപോലെയാണ്. മകൾ ശ്രേയ 2012ല്‍
ജനിച്ചു. അവളുടെ കൂടെ സമയം ചിലവഴിക്കും,
കുറച്ച് പാട്ടുപാടും, ജോലിക്ക് പോകും, തിരിച്ചുവരും, കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കും.
സന്തോഷമുള്ള ഒരു മനുഷ്യന്റെ ജീവിതം.
ഒരു പ്രത്യേക സന്ദർഭത്തിൽ നമുക്ക് തിരിച്ചറിവുണ്ടാകുകയാണ്, നാളെ ഒരുപക്ഷേ നമ്മൾ
ജീവിച്ചിരിക്കില്ല എന്ന്. അത് വല്ലാതെ അലട്ടുന്ന
പ്രശ്നമാണ്. ആ നിമിഷത്തിന് ശേഷം
വളരെ സമയമെടുത്താണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. വളരെയേറെ ഡിപ്രസ്ഡ് ആയിട്ടുള്ള, വളരെ ബുദ്ധിമുട്ടുള്ള സമയം
തരണം ചെയ്തിട്ടുണ്ട്. ഇപ്പോഴും മറികടക്കുകയാണ്. രണ്ട് സന്ദർഭങ്ങളിലായുണ്ടായ ഹൃദയാഘാതങ്ങൾ വല്ലാതെ സ്ലോഡൗണ്‍ ചെയ്തു. ആത്മവിശ്വാസം തകർത്തു. തിരിച്ചുവരിക എന്നത് ശ്രമകരമായ കാര്യമായിരുന്നു. അത് ചെയ്തുകൊണ്ടിരിക്കുകയാണ്. ഉണ്ടായ ഗുണപരമായ മാറ്റം കുറച്ചുകൂടി നന്ദിയുണ്ടായി എന്നതാണ്. കലയിലും രാഷ്ട്രീയത്തിലുമുള്ള നിലപാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾപോലും ഈ രണ്ട് പ്രശ്നങ്ങളാല്‍
സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.
എനിക്ക് ഉണ്ടായിരുന്ന, ഞാൻ സ്വായത്തമാക്കിയ പല
കാര്യങ്ങളും അർഹിച്ചതാണ് എന്ന് വിശ്വസിച്ചിരുന്നു. അങ്ങനെയെങ്കിൽ ഈ രണ്ട് ഹൃദയാഘാതങ്ങളും
അര്ഹിച്ചത് ആയിരിക്കുമല്ലോ. അത് വരുമ്പോൾ മാത്രം
ഞാനിത് അർഹിക്കുന്നില്ല, എനിക്ക് എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന ചോദ്യം
വൈരുധ്യമുള്ളതായിരുന്നു.
നല്ലതെല്ലാം ഞാൻ അര്ഹിച്ചതും
നല്ലതല്ലാത്തതെല്ലാം ഞാൻ ആര്ഹിക്കാത്തതും
എന്ന് തോന്നിയിട്ടുണ്ട്. അപ്പോൾ നമുക്ക് ഉള്ളതിനോട് എല്ലാം, നമ്മൾ അര്ഹിച്ചതിനോട് എല്ലാം
കുറച്ചുകൂടി നന്ദിയുണ്ടാകും. ഇന്നിപ്പോൾ ഞാൻ ജീവനോടെയുണ്ട്, താങ്കളോട്
സംസാരിക്കുന്നുണ്ട്. അതിനൊക്കെ എനിക്ക് വലിയ നന്ദിയുണ്ട്.
? ഇച്ഛാശക്തിയാണോ
ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്? ഇനി പാടരുത് വേണമെങ്കില്‍
കുട്ടികളെ പാട്ട് പഠിപ്പിച്ചോളൂ എന്നെല്ലാം ഡോക്ടര്‍മാര്‍ പറഞ്ഞതല്ലേ.
= അങ്ങനെ
തന്നെയാണ്. പാടാന്‍ പറ്റില്ല എന്ന് തന്നെയാണ് പറഞ്ഞത്. ഇനി പാടേണ്ട, ജീവിതമാണല്ലോ
പ്രധാനം. ജീവിച്ചിരിക്കുക എന്നതിൽ കൂടുതലായി ഒരാൾക്ക് ഒന്നും ജീവിതത്തോട് ആവശ്യപ്പെടാനില്ലല്ലോ. ഓരോ ദിവസവും എനിക്ക്
ഇപ്പോൾ പ്രധാനമാണ്. ഇന്നത്തെ ദിവസം എനിക്ക് വളരെ പ്രധാനമാണ്. ഇന്നലെയും
അതുപോലെതന്നെ. നാളെ എന്നൊന്നുണ്ടെങ്കിൽ അതും പ്രധാനമാണ്.
ആ ചിന്തയിലാണ് വീണ്ടും പരിശീലനം തുടങ്ങിയത്. ഇന്ന് പാടാൻ പറ്റിയാൽ ഇന്ന് കഴിഞ്ഞു. നാളെ പാടാൻ പറ്റുമോ
എന്നത് നമ്മൾ ഉറങ്ങി എഴുന്നേറ്റ് പാടി നോക്കുമ്പോൾ മാത്രം
ഉറപ്പുള്ള കാര്യമാണ്. ആ ഇമ്മീഡിയസ്സിയിലേക്ക് മാറിയിട്ടുണ്ട്. വലിയ
സ്വപ്നങ്ങൾ വിട്ട്, ആഗ്രഹങ്ങൾ വിട്ട്, അടുത്തവർഷം അതിനടുത്ത വർഷം എന്ന പ്ലാനുകൾ
എല്ലാം അവസാനിപ്പിച്ച് ഇന്ന് എന്നെ പാടാന്‍ വിളിച്ചിട്ടുണ്ട്, ഇന്ന് എനിക്ക് പാടാൻ കഴിയുമെന്നൊരു ബിന്ദുവിലാണ് ഞാന്‍ ഇപ്പോള്‍.സത്യത്തിൽ ഇച്ഛാശക്തിയല്ല ഭയമാണ് സ്ഥായിയായ മാനസികാവസ്ഥ. ഒരുപാട് ധൈര്യം കാണിക്കുന്നവർ എല്ലാം വളരെ ഭയപ്പെട്ടവർ ആയിരിക്കും.
ഞാൻ കാണിക്കുന്ന ധൈര്യം സത്യം പറഞ്ഞാൽ ഭയത്തിൽ നിന്ന് ഉണ്ടാകുന്നതാണ്. സ്റ്റേജിൽ കയറുമ്പോൾ ഭയമാണ്. രണ്ടുതവണയും പാടിക്കൊണ്ടിരുന്നപ്പോഴാണ് കുഴഞ്ഞുവീണത്. ഇപ്പോഴും ഒരു പരിപാടിക്ക് കയറുമ്പോൾ
പരിപാടി മുഴുമിപ്പിക്കാന്‍ കഴിയുമോ, ഈ പരിപാടിക്ക് ഇടയ്‌ക്ക് വീണു മരിച്ചു പോകുമോ
എന്നൊക്കെ ചിന്തിക്കാറുണ്ട്. അങ്ങനെ സംഭവിക്കാത്തപ്പോള്‍ കിട്ടുന്ന ധൈര്യമാണ് അടുത്തദിവസം പാടാൻ പ്രേരിപ്പിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെയെ പറ്റൂ.
? തൊണ്ണൂറുകളുടെ
പ്രതിനിധി എന്ന നിലയിൽ സോഷ്യൽമീഡിയയെ
എങ്ങനെയാണ് കാണുന്നത്.
= നമ്മുടെ
കലയും അഭിപ്രായങ്ങളും ആരിലേക്കൊക്കെ എത്തിക്കാൻ കഴിയുമോ, എങ്ങനെയൊക്കെ എത്തിക്കാൻ കഴിയുമോ അത് പ്രത്യക്ഷമായും പരോക്ഷമായും
നമുക്ക് ഗുണം ചെയ്യും. ഇതുവരെ
സോഷ്യൽ മീഡിയയുടെ ഗുണഭോക്താവാണ് ഞാൻ. എന്റെ പാട്ടുകള്‍
ആളുകൾ കേട്ടത് സോഷ്യൽ മീഡിയ വഴിയാണ്. യൂട്യൂബും ഫേസ്ബുക്കും വാട്സാപ്പും ഇല്ലെങ്കിൽ
ഇപ്പോഴും ഞാൻ ചെറിയ ചെറിയ
വേദികളിൽ പാടിക്കൊണ്ടിരിക്കുമായിരുന്നു.
ഇനിയുള്ള കാലത്ത് സോഷ്യൽ മീഡിയ തന്നെയായിരിക്കും അഭിപ്രായങ്ങളും കലയും പ്രതിധ്വനിപ്പിക്കാന്‍ സഹായിക്കുക. ഫേസ്ബുക്കില്‍നിന്ന് ഇൻസ്റ്റഗ്രാമിലേക്ക് മാറിയിട്ടുണ്ട് ഇപ്പോൾ. പുതിയത് വരുമ്പോൾ അതിലേക്ക് മാറും.
? അകത്തിന്റെ
പുതിയ പദ്ധതികള്‍.
= പുതിയ
പാട്ടുകൾ പഠിക്കുക. പുതിയ പാട്ടുകൾ ചെയ്യുക. ഇപ്പോൾ വളരെ വ്യത്യസ്തമായ സംഗീതം
കേൾക്കുന്നുണ്ട്. ഞങ്ങള്ക്ക് ഓരോരുത്തർക്കും ഒാരോ
സമയത്തും ഒാരോ ടേസ്റ്റ് ആണ്.
കീബോഡിസ്റ്റും ഗിറ്റാറിസ്റ്റും ഒരുപാട് ഫങ്ക് മ്യൂസിക്കുകൾ കേൾക്കുന്നുണ്ട്. ഞാൻ കഴിഞ്ഞ കുറച്ചു
വർഷങ്ങളായി ഗസലുകളിൽ ആണ് സമയം ചെലവഴിക്കുന്നത്.
തൊണ്ണൂറുകളിലെ സിനിമാ സംഗീതത്തിലും ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്. മലയാളം, തെലുങ്ക്,
തമിഴ് എല്ലാമുണ്ട്. തൊണ്ണൂറുകളുടെ ഒരു ശബ്ദം വേറെയായിരുന്നു.
എനിക്കിപ്പോഴും 1990 എന്ന് പറയുമ്പോൾ പത്തുകൊല്ലം മുമ്പാണ് എന്ന് തോന്നാറുണ്ട്. പഴയ പാട്ടുകൾ എന്നുപറഞ്ഞാൽ
എനിക്ക് ബാബുക്കയുടെ പാട്ടുകളാണ്. 16 വയസ്സുള്ള കുട്ടികൾക്ക് ഒക്കെ 94-- -‐ 95 കാലത്തെ പാട്ടുകള്‍ പഴയപാട്ടുകളാണ്. ആ തിരിച്ചറിവിലാണ് നല്ല
പാട്ടുകളിലേക്ക് തിരിച്ചുപോയത്. അതിന്റെ സ്വാധീനം അകത്തിന്റെ പാട്ടുകളില്‍ വരുമായിരിക്കാം .
(ദേശാഭിമാനി
വാരികയില്‍ നിന്ന്)
No comments:
Post a Comment