Monday, February 11, 2019

നാടകത്തിന്റെ നാട്ടുമൂപ്പന്‍..



തുപ്പേട്ടനെപ്പറ്റി പി പി രാമചന്ദ്രന്‍

February 1st, 2019
പി പി രാമചന്ദ്രന്‍

പാഞ്ഞാളില്‍ ഡ്രോയിങ്മാഷ് എന്നറിയപ്പെട്ടിരുന്ന തുപ്പേട്ടന്‍ എന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരി ചിത്രകാരനും നാടകകൃത്തുമായിരുന്നു. ആശയത്തിലും ആവിഷ്കാരത്തിലും ഏറെ വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ രചനകള്‍. നിലവിലുള്ളതിന്റെ പൊളിച്ചെഴുത്താണ് അദ്ദേഹത്തിന്റെ എഴുത്ത്. വഴക്കങ്ങളെ വണങ്ങാത്ത വാമൊഴിയുടെ നാടന്‍ ചുണയും ചൊടിയുമാണ് അവയെ രസനീയമാക്കുന്നത്. 

 Image result for thupettan



പാഞ്ഞാള്‍ വായനശാലയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കു വേണ്ടിയാണ് തുപ്പേട്ടന്‍ നാടകങ്ങളെഴുതിയത്. അന്ന്, മുതിര്‍ന്നവരുടെ ദൈര്‍ഘ്യമേറിയ മുഖ്യനാടകത്തിനു മുമ്പായി, ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് തുപ്പേട്ടന്റെ ലഘുനാടകങ്ങള്‍ അരങ്ങേറിയിരുന്നത്. പഠിപ്പുള്ളവരും പണിയില്ലാത്തവരും പെണ്ണുകെട്ടാത്തവരുമായ ആ ചെറുപ്പക്കാരുടെ സംഘം "ഇ.യു.ബി.എ" എന്നറിയപ്പെട്ടു. (Educated Unemployed Bachlors Association!)


മുഖ്യധാരാ നാടകത്തിന്റെ നാടകീയഗൗരവത്തെ പരിഹാസം കൊണ്ടു തൊലിയുരിക്കുന്ന സമാന്തര നാടകപ്രവര്‍ത്തനമായിരുന്നു തുപ്പേട്ടന്റേത്. പെരുന്തച്ചന്റെ പാവയോട് മകന്‍ തച്ചന്റെ പാവയെന്നപോലെ, നാടകത്തെ നാടകംകൊണ്ടു നേരിടുകയായിരുന്നു തുപ്പേട്ടന്റെ വിനോദം. ഘടനയില്‍ മാത്രമല്ല, പ്രമേയത്തിലും പാത്രസൃഷ്ടിയിലും വാര്‍പ്പുമാതൃകകളെ തുപ്പേട്ടന്‍ പൊളിച്ചെഴുതി. കഥയില്ലായ്മയെ കഥയാക്കി. അസംബന്ധചിന്തകളില്‍നിന്ന് ഇതിവൃത്തം മെനഞ്ഞെടുത്തു. പപ്പടം കാച്ചണോ ചുടണോ എന്ന ശങ്ക പെരുകിപ്പെരുകി, വലിയൊരു ദാര്‍ശനികവ്യഥയായി, മൂര്‍ദ്ധന്യാവസ്ഥയില്‍ രണ്ടായി പൊട്ടിപ്പിളര്‍ന്നുപോകുന്ന കുഞ്ഞമ്പു (ഡബിളാക്ട്), അസാധ്യമായ നിബന്ധനകള്‍ മുന്നോട്ടുവെച്ച് ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥ മേധാവികള്‍ക്കു നേരെ, പുലിയേയും കൊണ്ട് അയ്യപ്പന്‍ എന്നപോലെ, ജീവനുള്ള ആനയേയും കൊണ്ടു വരുന്ന മാര്‍ത്താണ്ഡന്‍ (മോഹനസുന്ദരപാലം), ഒരു വിപരീതചിന്തയിലൂടെ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരെ സ്വന്തം ആജ്ഞാനുവര്‍ത്തികളാക്കുന്ന തൊഴില്‍രഹിതനായ വീരഭദ്രന്‍ (ഭദ്രായനം) - ഇങ്ങനെ പോകുന്നു വിചിത്രസ്വഭാവികളായ തുപ്പേട്ടന്റെ നായകന്മാര്‍.
ഇക്കൂട്ടത്തില്‍ അല്പം വ്യത്യസ്തമാണ് "തനതുലാവണം". നഗരജീവിതത്തിന്റെ യാന്ത്രികതയില്‍ ഊരും പേരും നഷ്ടപ്പെട്ട് കേവലം തസ്തികയാക്കപ്പെടുന്ന വ്യക്തിയുടെ പരിണാമമാണ് അതീവസൂക്ഷ്മതയോടെ ഇതില്‍ ആവിഷ്കരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതപ്പെട്ട ഈ നാടകങ്ങള്‍ വീണ്ടും വായിക്കുമ്പോള്‍ അവയിലനുഭവപ്പെടുന്ന സമകാലത്തിന്റെ സാന്നിദ്ധ്യം നമ്മെ അത്ഭുതപ്പെടുത്തും.
എഴുത്തിലെന്നപോലെ വരയിലും തുപ്പേട്ടന്റെ ശൈലി അനന്യമാണ്. സിഗരറ്റുകൂടിന്റെ ഒഴിഞ്ഞ പുറത്ത് പേനകൊണ്ടാണ് വര. വക്രിച്ചും ഏങ്കോണിച്ചുമുള്ള 'മുഖ'ചിത്രങ്ങളാണ് എല്ലാം. അതും പുരുഷമുഖങ്ങള്‍ മാത്രം. തീക്ഷ്ണമായ ഭാവപ്രകടനംകൊണ്ട് അവ ഏതോ നാടകത്തിലെ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കും.
വര്‍ഷങ്ങള്‍ക്കുമുമ്പ് പാഞ്ഞാള്‍ കാട്ടില്‍ക്കാവിലെ ആലിന്‍ചുവട്ടില്‍ വിചിത്രമായ ഒരേകാംഗ നാടകം കാണാന്‍ ചെന്നപ്പോള്‍, കാണികള്‍ക്കിടില്‍ ശങ്കരപ്പിള്ളസ്സാറിന്റെ അടുത്തായിരിക്കുന്ന നാടകത്തിന്റെ ഈ നാട്ടുമൂപ്പനെ എനിക്ക് ആദ്യം കാണിച്ചുതന്നത് ശിവകരനായിരുന്നു. അകാലത്തില്‍ ശിവകരന്‍ അണഞ്ഞുപോയി.
അദ്ദേഹത്തിന്റെ നാടകങ്ങളുടേതുമാത്രമായ ഒരുത്സവം പാഞ്ഞാളില്‍ സംഘടിപ്പിച്ചിരുന്നു. ശിവകരന്റെ ഓര്‍മ്മയ്ക്കു സമര്‍പ്പിച്ച 'പാഞ്ഞാള്‍ നാടകവേല'. തുപ്പേട്ടനോടുള്ള പുതിയ തലമുറയുടെ ആദരപ്രകടനം കൂടിയായിരുന്നു ഈ വേല

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive