ഇഞ്ചിക്കറിയില്ലാത്ത ഒരു ഓണസദ്യയെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാനേ കഴിയില്ല. അടുത്ത ഓണക്കാലത്തേക്കുള്ള ഇഞ്ചി ഇപ്പോള്‍ നടാവുന്നതാണ്. ശരാശരി 100ഗ്രാം ഇഞ്ചി ഒരു വീട്ടില്‍ ഉപയോഗിക്കുന്നുവെന്ന് കരുതിയാല്‍ത്തന്നെ ഓണക്കാലത്ത് ഏതാണ്ട് 700 ടണ്‍ പച്ച ഇഞ്ചി വേണം.
കേരളത്തില്‍ ഇഞ്ചിക്കൃഷിക്ക് ഏറ്റവും പറ്റിയ സമയം ഏപ്രില്‍ അവസാനമാണ്. വേനല്‍മഴ ലഭിച്ച് മണ്ണ് കിളച്ച് പണകോരിയാണ് ഇഞ്ചി നടുന്നത്. ഇത് പൂര്‍ണമായും മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ്. അങ്ങനെ ചെയ്യുന്ന ഇഞ്ചി നവംബര്‍-ഡിസംബറില്‍ വിളവെടുക്കാം. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഫെബ്രുവരി ആദ്യവാരത്തോടെ ഇഞ്ചി നടാന്‍ തയ്യാറെടുക്കാം.
കൃഷി രീതി
വരദ, റിയോഡി ജനിറോ, ചൈന എന്നീയിനങ്ങള്‍ തെരഞ്ഞെടുക്കാം. കുമ്മായം/ഡോളമൈറ്റ് എന്നിവ സെന്റിന് രണ്ട് കിലോ എന്ന അളവില്‍ ചേര്‍ത്ത് കിളച്ച് കട്ടയുടച്ച് മിതമായ ഈര്‍പ്പം ഉറപ്പുവരുത്തി രണ്ടാഴ്ച ഇടുക. 5 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും 30 സെന്റീമീറ്റര്‍ പൊക്കവുമുള്ള വാരത്തില്‍ 120 കിലോ ട്രൈക്കോഡര്‍മയാല്‍ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ഇടേണ്ടതുണ്ട്. 110 കിലോ ചാണകപ്പൊടിയും 10 കിലോ പൊടിച്ച വേപ്പിന്‍പിണ്ണാക്കും ഒരു കിലോ ട്രൈക്കോഡര്‍മയും ചേര്‍ത്ത് മിശ്രിതമുണ്ടാക്കണം.
വാരങ്ങളില്‍ 20 സെ.മീ അകലത്തില്‍ ചെറുകുഴികളെടുത്ത് മേല്‍പ്പറഞ്ഞ ജൈവവളങ്ങളും അല്‍പം എല്ലുപൊടിയും ചേര്‍ത്തിളക്കി സ്യൂഡോമൊണാസ് ലായനിയില്‍ മുക്കി തണലത്തുണക്കിയ ഇഞ്ചി വിത്ത് നടുക.
വിത്തിന്റെ വണ്ണത്തില്‍ മണ്ണിട്ടതിന് ശേഷം നന്നായി ഉണങ്ങിയ കരിയിലകളിട്ട് തെങ്ങോല കൊണ്ട് പുതയിടുക. നട്ട് കഴിഞ്ഞാലുടന്‍ മിതമായി നനയ്ക്കാം. പിന്നീട് ആഴ്ചയിലൊന്ന് എന്ന രീതിയില്‍ മഴ ലഭിക്കുന്നത് വരെ നനയ്ക്കണം.
നട്ട് ഒന്നര മാസത്തിന് ശേഷം മേല്‍വളം നല്‍കാം. സെന്റിന് 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നല്‍കാം. ജൈവകൃഷിരീതിയില്‍ ചാണകപ്പൊടിയും ചാമ്പലും ചേര്‍ത്ത് പുതയിട്ടുകൊടുക്കാം. വാരങ്ങള്‍ക്കിടയില്‍ നിന്നും മണ്ണി കോരി ചെടിക്ക് ചുറ്റുമായി ഇടാം. വീണ്ടും ഒന്നര മാസം കഴിയുമ്പോള്‍ മേല്‍പ്പറഞ്ഞ അളവില്‍ ഒരുവളം കൂടി നല്‍കി നന്നായി പുതയിടാം.
പച്ചച്ചാണകം നീട്ടിക്കലക്കി ഒഴിക്കുന്നത് കൂടുതല്‍ ചിനപ്പുകള്‍ പൊട്ടാന്‍ സഹായിക്കും. വെള്ളം കെട്ടിനില്‍ക്കാനിടയായാല്‍ ഇഞ്ചി അഴുകിപ്പോകും. നട്ട് 180 ദിവസം കഴിഞ്ഞാല്‍ പച്ചക്കറിയാവശ്യത്തിനായി വിളവെടുക്കാം. ശാസ്ത്രീയ കൃഷിരീതികള്‍ പാലിച്ചാല്‍ ഒരു സെന്റില്‍ നിന്നും 100 കിലോ വരെ വിളവ് ലഭിക്കും. ഒരു സെന്റിലേക്ക് ആറ് കിലോഗ്രാം ഇഞ്ചി വിത്ത് വേണ്ടി വരും. 20-25 ഗ്രാം തൂക്കമുള്ള രണ്ട് മുകുളങ്ങളെങ്കിലുമുള്ള ഇഞ്ചിക്കഷണങ്ങളാണ് തടങ്ങളില്‍ നടേണ്ടത്.
https://www.mathrubhumi.com/agriculture/best-tips-for-farmers/ginger-cultivation--1.3526374
No comments:
Post a Comment