ബൈസിക്കിള്‍ തീവ്സ് @70
ഇറ്റലിക്കാരൻ വിറ്റോറിയോ ഡിസീക്ക സംവിധാനംചെയ്‌ത
ബൈസിക്കിൾ തീവ്സ് എന്ന ലോകോത്തര ചലച്ചിത്രകാവ്യത്തിന് 70 വയസ്സ്.
വിശ്വപ്രസിദ്ധ സംവിധായകരും നിരൂപകരും ചേർന്ന് തെരഞ്ഞെടുത്ത
എക്കാലത്തെയും ഏറ്റവും മികച്ച അമ്പത് ചിത്രങ്ങളിലൊന്നാണ് ഈ ക്ലാസിക്.
ഏഴ് പതിറ്റാണ്ടിനിടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടു. നിരന്തരം
പ്രദർശിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് ലേഖനങ്ങൾ എഴുതപ്പെട്ടു. യഥാതഥ
അവതരണ രീതിയായ നിയോ റിയലിസത്തിന്റെ വിജയപതാകയേന്തിയ സൈക്കിൾ കള്ളന്മാർ
സത്യജിത് റേ അടക്കം, പല തലമുറകളിൽപെട്ട സംവിധായകർക്ക് പ്രചോദനമേകിയ
ചിത്രംകൂടിയാണ്. ലണ്ടൻ വാസത്തിനിടെ ഈ സിനിമ കണ്ട അനുഭവമാണ് സംവിധായകനാകാൻ
റേയ്‌ക്ക് പ്രേരണയായത്. ജീവിതയാഥാർഥ്യത്തോട് അത്രമേൽ
അടുത്തുനിൽക്കുന്ന ഈ ചിത്രത്തിന് ഡോക്യുമെന്ററി സ്വഭാവമാണുള്ളതെന്ന്
പറയാം. നിത്യജീവിതദൃശ്യങ്ങൾ ഒപ്പിയെടുക്കുകയാണ് ക്യാമറ.
ലുയ്‌ഗി ബർത്തോലിനിയുടെ അതേ പേരിലുള്ള പ്രശസ്‌ത നോവൽ
ആധാരമാക്കി സീസറെ സാവട്ടിനി എഴുതിയ തിരക്കഥയാണ് ഡിസീക്ക
സിനിമയാക്കിയത്. നിയോ റിയലിസ്റ്റിക് സങ്കേതത്തിൽ അവതരിപ്പിക്കപ്പെട്ട
സമാനതകളിലാത്ത ഈ രചനയിൽ പ്രധാനമായും ഒരുദിവസത്തെ സംഭവങ്ങളാണുള്ളത് .
ലോകയുദ്ധങ്ങൾ കെടുതി വിതച്ച ഇറ്റലിയുടെ പരിതാപകരമായ അവസ്ഥയാണ് ക്യാമറയിൽ
പതിഞ്ഞത്. രൂക്ഷമായ തൊഴിലില്ലായ്‌മയും പട്ടിണിയുമായി ആയിരങ്ങൾ അലയുന്ന
റോമാനഗരം. തലസ്ഥാന നഗരക്കാഴ്‌ച ഇറ്റലിയുടെ പരിച്ഛേദംതന്നെ.
നിരന്തരമായ തൊഴിലന്വേഷണങ്ങൾക്കുശേഷം അന്റോണിയോക്ക്
ചുമരിൽ പോസ്റ്റർ പതിക്കുന്ന ജോലി കിട്ടുന്നു. സ്വന്തം സൈക്കിൾ ഉള്ളവർക്കേ
ജോലിയുള്ളൂ എന്നും അധികാരികൾ പ്രഖ്യാപിക്കുന്നു. പണയംവച്ച സ്വന്തം സൈക്കിൾ
അന്റോണിയോ തിരിച്ചെടുക്കുന്നത് ഏറെ പാടുപെട്ടാണ്. ഭാര്യ അയാളെ
ഏൽപ്പിക്കുന്ന വൃത്തിയും വെടിപ്പുമുള്ള ബെഡ്ഷീറ്റുകൾക്ക് പകരമായാണ്
അന്റോണിയോ സൈക്കിൾ തിരിച്ചെടുക്കുന്നത്. എന്നാൽ, ജോലി ആരംഭിച്ച് അധികം
കഴിയുംമുമ്പുതന്നെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു.
പൊലീസിൽ പരാതി കൊടുത്തിട്ടും പ്രയോജനമില്ലെന്ന്
മനസ്സിലാക്കുന്ന അയാൾ മകനോടൊത്ത് തെരുവുകൾതോറും സൈക്കിൾ തേടി അലയുന്നു.
കാരണം സൈക്കിളില്ലെങ്കിൽ ജോലിയില്ല. കുടുംബത്തിന്റെ നിലനിൽപ്പ്തന്നെ
അപകടത്തിലാകുന്നു. സൈക്കിളുമായി മോഷ്ടാവ് അയാളുടെ
മുന്നിലെത്തുന്നുണ്ടെങ്കിലും അവന്റെ വീട്ടുകാരും തെരുവിലെ കാഴ്‌ചക്കാരും
അവന് അനുകൂലമായി പ്രതികരിച്ച് പൊലീസിൽനിന്ന് രക്ഷിക്കുന്നു. അന്റോണിയോ
പ്രതിസ്ഥാനത്താകുന്ന അവസ്ഥയിൽ സൈക്കിൾ ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗവും
അയാൾക്കുണ്ടായിരുന്നില്ല. സൈക്കിൾ തിരിച്ചുകിട്ടുമോ എന്നറിയാൻ അച്ഛനും
മകനും പ്രവചനക്കാരിയായ ആൾദൈവത്തിനരികിലെത്തുന്നത് രസകരമായാണ് ഡിസീക്ക
ചിത്രീകരിച്ചിരിക്കുന്നത്. (യൂറോപ്യൻ നാടുകളിൽ അക്കാലത്തുണ്ടായിരുന്ന ഭാവി
പ്രവചനക്കാർ നമ്മുടെ നാട്ടിൽ ഇന്നും സജീവമായി വിലസുന്നുണ്ടല്ലോ) അന്നേദിവസം
കിട്ടിയാൽ കിട്ടി, അല്ലെങ്കിൽ പിന്നീടൊരിക്കലും സൈക്കിൾ കിട്ടില്ല എന്നാണ്
പ്രവചനക്കാരി പറയുന്നത്. അത് കേൾക്കുന്നതോടെ അന്റോണിയോക്ക് ആധി കൂടുന്നു.
വെയിലത്ത് നടന്ന് തളർന്ന മകൻ ബ്രൂണോയ്‌ക്ക് വല്ലാതെ
വിശപ്പ് അനുഭവപ്പെടുന്നതറിഞ്ഞ് അന്റോണിയോ അവനെ കൂട്ടി നിലവാരമുള്ള
റസ്റ്റോറന്റിലെത്തുന്നു. ബ്രൂണോ നൂഡിൽസ് കഴിക്കുന്നത് ചുറ്റുമുള്ള
സമ്പന്നരുടെ ഭക്ഷണരീതി ശ്രദ്ധിച്ചുകൊണ്ടാണ്. അവിടെ അച്ഛനും മകനും
അനുഭവപ്പെടുന്ന അപരിചിതത്വം സംവിധായകൻ പ്രേക്ഷകരിലേക്ക് പകരുന്നു. അതുപോലെ
ശക്തമായ മറ്റൊരു സീക്വൻസാണ് ബ്രൂണോയെ കാണാതെ അന്റോണിയോ
അന്വേഷിച്ചുനടക്കുന്നത്. കനാലിന്റെ കരയിൽ ഒരു മൃതശരീരം
അടിഞ്ഞിട്ടുണ്ടെന്നറിഞ്ഞ് അയാൾ അവിടേക്ക് ഓടിയെത്തുന്നുണ്ടെങ്കിലും
ബ്രൂണോയെ കണ്ടെത്തുന്നു. അച്ഛനും മകനുംതമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ആഴം
മനസ്സിലാക്കിത്തരുന്ന രംഗങ്ങൾ.
മഹാനഗരത്തിലെ തെരുവീഥികളിൽ അലഞ്ഞിട്ടും സൈക്കിൾ
കണ്ടെത്താനാകാതെ ഖിന്നനായി അയാളും മകനും ഫുട്ബോൾ
സ്റ്റേഡിയത്തിനടുത്തെത്തുന്നു. മത്സരത്തിന്റെ ആരവം തെരുവിലേക്ക്
ഒഴുകിയെത്തുന്നുണ്ട്. അവിടെ ഒരുഭാഗത്ത് ധാരാളം സൈക്കിളുകൾ
കൂട്ടിവച്ചിരിക്കുന്നത് കാണുന്ന അന്റോണിയോയുടെ മനസ്സിൽ ദുഷ്ചിന്ത
ഉടലെടുക്കുന്നു. അതിലൊന്ന് സ്വന്തമാക്കണമെന്ന വിചാരവുമായി ഒരു സൈക്കിൾ
മോഷ്ടിച്ച് അയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നു.
ആൾക്കൂട്ടം അയാളെ ശരിക്കും കൈകാര്യംചെയ്യുന്നു. അവശനായ അയാളെ പൊലീസിന്
കൈമാറുന്ന അവസരത്തിൽ ബ്രൂണോ പ്രത്യക്ഷപ്പെട്ട് പപ്പായെന്ന് വിളിച്ച് കരഞ്ഞ്
അയാളെ ആലിംഗനം ചെയ്യുന്നു. ബ്രൂണോയുടെ സങ്കടവും നിലവിളിയും കാണുന്ന ജനം
അയാളെ മോചിപ്പിക്കുന്നു.
പരാജിതന്റെ മൗനമുറഞ്ഞ മനസ്സുമായി അന്റോണിയോയും കൂടെ
ബ്രൂണോയും നടന്നുനീങ്ങുന്ന അന്ത്യത്തിൽ അവരുടെ മാത്രമല്ല, മറിച്ച്
രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യവും ഉയർത്തുന്നു. യുദ്ധാനന്തര
ഇറ്റലിയുടെ ദുരന്ത ജീവിതചിത്രമാണ് ഡിസീക്ക സത്യസന്ധമായി
പകർത്തുന്നത്. ബൈസിക്കിൾ തീവ്സ് ഒരു ചലച്ചിത്രമെന്നപോലെ ചരിത്രത്തിന്റെ
ഒരു അധ്യായംകൂടിയാണ്. നാനാർഥസമ്പന്നമായ ദൃശ്യബിംബങ്ങളാൽ സമൃദ്ധമായ അപൂർവവും
അനുപമവുമായ രചന.
No comments:
Post a Comment