രാരിച്ചൻ എന്ന നവലോകപൗരൻ- സി എസ് വെങ്കിടേശ്വരൻ എഴുതുന്നു
Updated: Monday Jun 12, 2023
![](https://www.deshabhimani.com/images/news/large/2023/06/cover-1092664.jpg)
രാമു കാര്യാട്ടിനൊപ്പം ചെയ്ത നീലക്കുയിലിന്റെ വമ്പിച്ച വിജയം നൽകിയ ആത്മവിശ്വാസവും പരീക്കുട്ടിയുടെ ചന്ദ്രതാര പ്രൊഡക്‌ഷൻസ് പോലുള്ള നിർമാണസംവിധാനത്തിന്റെ പിൻബലവുമാണ് രാരിച്ചൻ എന്ന പൗരൻ എന്ന ചിത്രമെടുക്കാൻ പി ഭാസ്‌കരനെ പ്രേരിപ്പിക്കുന്നത്.
![സി എസ് വെങ്കിടേശ്വരൻ](https://www.deshabhimani.com/images/inlinepics/C%20S%20VENKITESWAAN%20128(6).jpg)
സി എസ് വെങ്കിടേശ്വരൻ
1950കളിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലെല്ലാം തന്നെ കേരളം എന്ന ദേശത്തെയും ദേശീയതയെയും കുറിച്ചുള്ള പ്രതീക്ഷകളും നവ മാനവികതയെക്കുറിച്ചുള്ള ഭാവനയും തുടിച്ചുനിൽക്കുന്നതു കാണാം.
നമ്മളെ (കാണികളെ അഥവാ പൗരസമൂഹത്തെ) കൗതുകത്തോടെയും പ്രതീക്ഷകളോടെയും മുഖാമുഖം നോക്കുന്ന രാരിച്ചൻ എന്ന ബാലന്റെ സമീപദൃശ്യത്തോടെയാണ് രാരിച്ചൻ എന്ന പൗരൻ ആരംഭിക്കുന്നത്. ആ ദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ നമ്മൾ കേൾക്കുന്ന അശരീരിയാണ് (വോയ്സ് ഓവർ) മുകളിൽ കൊടുത്തിട്ടുള്ള വാചകങ്ങൾ.
അത് ഈ കഥാപാത്രത്തിനെ പരിചയപ്പെടുത്തലും ഒപ്പം ചിത്രത്തിനുള്ള ഒരു ആമുഖവുമാണ്. ചിത്രത്തിന്റെ കേന്ദ്രകഥാപാത്രമായ രാരിച്ചൻ എന്ന കുട്ടിയെ പരിചയപ്പെടുത്തുമ്പോൾത്തന്നെ ഈ വാചകങ്ങൾ രാരിച്ചൻ എന്ന ബാലനെയോ കഥാപാത്രത്തെയോ കുറിച്ചു മാത്രമല്ല; തന്റെ ഭാവി മുഴുവൻ മുന്നിലുള്ള, അതിനെക്കുറിച്ച് ഏറെ അനിശ്ചിതത്വങ്ങളും പ്രതീക്ഷകളും പുലർത്തുന്ന, ഒരു കിശോരപൗരനെക്കൂടിയാണ് ഇവിടെ അവതരിപ്പിക്കുന്നത്;
![രാരിച്ചൻ എന്ന പൗരൻ സിനിമയിൽ നിന്ന്](https://www.deshabhimani.com/images/inlinepics/balan(2).jpg)
രാരിച്ചൻ എന്ന പൗരൻ സിനിമയിൽ നിന്ന്
എല്ലാ അർഥത്തിലും അവരുടെകൂടി സഹോദരനാണ് രാരിച്ചൻ. ചിത്രത്തിന്റെ പരസ്യവാചകം കൂടി ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്: “കേരളീയർ അഭിമാനപൂർവം ആകാംക്ഷിച്ചിരുന്ന ആ സുദിനം… അതേ, ഇന്നാണ്, നിങ്ങളുടെ ‘രാരിച്ചൻ’ നിങ്ങളുടെ പ്രതീക്ഷകളെ സാക്ഷാൽക്കരിക്കാൻ നിങ്ങളുടെ ഇടയിൽ ആഗതനാകുന്നത്. അവന്റെ പൊട്ടിയ പിച്ചച്ചട്ടിയും ഒട്ടിയ വയറും കരഞ്ഞുകലങ്ങിയ കണ്ണുകളും നിങ്ങളുടെ നയനദ്വയങ്ങളിൽ അശ്രുബിന്ദുക്കൾ സൃഷ്ടിച്ചേക്കാം... ജന്മിമുതലാളി കൂട്ടുകെട്ടും യാഥാസ്ഥിതികത്വവും അവനെ അമ്പരപ്പിക്കുമ്പോൾ നിങ്ങൾ അന്ധാളിച്ചേക്കാം. എന്നാൽ അന്യായമായ നിയമത്തിന്റെ ശൃംഖലകൾ തല്ലിത്തകർത്ത്, ഓരോരുത്തരെയും മനുഷ്യത്വത്തിന്റെ മണിമേടയിലേക്ക് മാടിവിളിച്ചുകൊണ്ട് അവൻ കുതിച്ചുകയറുമ്പോൾ നിങ്ങളുടെ പൗരബോധം തലകുലുക്കി സമ്മതിക്കും ‘അവിടെ ഞങ്ങൾ യഥാർഥ പൗരനെ കാണുന്നു എന്ന്’
![ഉറൂബ്](https://www.deshabhimani.com/images/inlinepics/uroob.jpg)
ഉറൂബ്
2
പി ഭാസ്കരന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഇത്. രാമു കാര്യാട്ടിനൊപ്പം ചെയ്ത നീലക്കുയിലിന്റെ വമ്പിച്ച വിജയം നൽകിയ ആത്മവിശ്വാസവും പരീക്കുട്ടിയുടെ ചന്ദ്രതാര പ്രൊഡക്‌ഷൻസ് പോലുള്ള നിർമാണ സംവിധാനത്തിന്റെ പിൻബലവുമാണ് രാരിച്ചൻ എന്ന പൗരൻ എന്ന ചിത്രമെടുക്കാൻ പി ഭാസ്‌കരനെ പ്രേരിപ്പിക്കുന്നത്. നീലക്കുയിലിന്റെ കാര്യത്തിലെന്നപോലെ ഉറൂബ് തന്നെയാണ് രാരിച്ചൻ എന്ന പൗരന്റെയും കഥയും തിരക്കഥയും ഒരുക്കിയത്.
1956 ഫെബ്രുവരി 10ന് പുറത്തിറങ്ങിയ ഈ ചിത്രം മദിരാശിയിലെ വാഹിനി സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്. ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ടി ആർ ശ്രീനിവാസുലുവും, ഛായാഗ്രാഹകൻ ബി ജെ റെഡ്ഡിയും കലാസംവിധാനം ആർ ബി എസ് മണിയുമായിരുന്നു. ഈ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ലത്തീഫ്, കെ പി ഉമ്മർ, കുഞ്ഞാവ, വിലാസിനി, പ്രേമ, പത്മനാഭൻ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ജെ എ ആർ ആനന്ദ്, മണവാളൻ ജോസഫ്, രാമു കാര്യാട്ട്, ടി പി ഗോപാലൻ തുടങ്ങിയവരിൽ പലരും മലബാർ കേന്ദ്രകലാസമിതിയിലും മറ്റും തങ്ങളുടെ നാടകാഭിനയമികവ് തെളിയിച്ചവരായിരുന്നു.
കെ പി ഉമ്മർ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് രാരിച്ചൻ. ചിത്രത്തിന്റെ ഒടുവിൽ വക്കീലിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് രാമു കാര്യാട്ട് ആണ്.
രാരിച്ചൻ എന്ന പൗരൻ എന്ന പേരുതന്നെ വളരെ പുതുമയുള്ള ഒന്നാണ്; 1941ൽ ഓർസൺ വെൽസ് സംവിധാനം ചെയ്ത ‘സിറ്റിസൻ കെയ്ൻ' എന്ന വിഖ്യാതചിത്രത്തെ നമ്മുടെ ഓർമയിലേക്ക് കൊണ്ടുവന്നേക്കാമെങ്കിലും പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും കാര്യത്തിൽ തികച്ചും കേരളീയമായ സിനിമയാണ് രാരിച്ചൻ എന്ന പൗരൻ.
![കെ പി ഉമ്മർ](https://www.deshabhimani.com/images/inlinepics/ummer.jpg)
കെ പി ഉമ്മർ
ആദ്യത്തെ അശരീരിക്കുശേഷമുള്ള രംഗത്തിൽ നമ്മൾ കാണുന്നത് രാരിച്ചൻ എന്ന കുട്ടി ഒരു ചക്കിനു ചുറ്റും കാളയെ ഓടിച്ചുകൊണ്ട് എണ്ണയാട്ടുന്നതാണ്. ചോഴി എന്ന എണ്ണയാട്ടുകാരന്റെ മകനാണവൻ. ആ രംഗത്തിൽ രാരിച്ചൻ പാടുന്ന പാട്ട് (തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി വന്ന് തക്കത്തിലിവിടെ ഞാന്‍ കുഴിച്ചിട്ടല്ലോ കുഴിച്ചിട്ടല്ലോ...) വളരെ പ്രസക്തമായ ഒന്നാണ്; അത് കേരളത്തിന്റെ ഭൂമിശാസ്ത്രത്തെയും വിഭവസമ്പന്നതയെയും അതിന്റെ വൈവിധ്യത്തെയും വിവരിക്കുന്ന ഒന്നാണ്. തെക്കുനിന്ന് ചക്കും വാണീയംകുളത്തുനിന്ന് മണിക്കാളകളും വാങ്ങിയതിൽനിന്ന് തുടങ്ങി കാളയ്ക്ക് വൈക്കം കായലിൽനിന്നും വൈക്കോൽ, കൊച്ചീലഴിമുഖത്തെ പച്ചപ്പുല്ല്, തവിടുവാങ്ങാൻ കാശില്ലാത്തതിനാൽ കാടിയിൽ കലക്കുവാൻ കന്യാകുമാരിയിലെ കാറ്റോ, കണ്ണൂർ കടപ്പുറത്തെ മണ്ണോകൊണ്ടുതരാമെന്നും ഈ പാട്ടിൽ പറയുന്നു.
തുടർന്ന് കോഴിക്കോട്ടങ്ങാടിയിലെ വാഴക്ക ചുട്ടതും, കൊല്ലത്ത് കൊയ്തെടുത്ത നെല്ലുമെല്ലാം ഈ ഗാനത്തിൽ കടന്നുവരുന്നുണ്ട്. മുഖ്യകഥാപാത്രത്തെ ഒരു ഗാനത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുക എന്നത് അന്നത്തെ സിനിമകളിലെ ഒരു സ്ഥിരം സങ്കേതമായിരുന്നു എങ്കിലും ഇവിടെ രാരിച്ചൻ എന്ന കഥാപാത്രത്തെ മാത്രമല്ല നമ്മൾ പരിചയപ്പെടുന്നത്; മറിച്ച് ആ കുട്ടിയുടെ ജീവനോപാധിയും അതിനാവശ്യമായ വിവിധ വിഭവങ്ങളും അവയൊക്കെ വിളയുന്നതും ഉല്പാദിപ്പിക്കപ്പെടുന്നതുമായ കേരളം എന്ന ദേശവും അതിന്റെ ഭൂമിശാസ്ത്രവൈവിധ്യവും എല്ലാം ഇവിടെ ഒരു ഭൂപടത്തിലെന്നവണ്ണം വരച്ചിടപ്പെടുന്നു. ഒരു നവദേശത്തെക്കുറിച്ചുള്ള പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഈ പാട്ട് ആവാഹിക്കുന്നുണ്ട്.
![രാരിച്ചൻ എന്ന പൗരനിൽ നിന്നൊരു രംഗം](https://www.deshabhimani.com/images/inlinepics/rarichan%20pic%201.jpg)
രാരിച്ചൻ എന്ന പൗരനിൽ നിന്നൊരു രംഗം
രാരിച്ചൻ എന്ന പൗരന്റെ കഥയുടെ ചുരുക്കം ഇങ്ങനെയാണ്: തന്റെ നാടൻ എണ്ണച്ചക്ക് ആട്ടിക്കിട്ടുന്ന എണ്ണ വിറ്റ് ജീവിതം പുലർത്തുന്ന ചോഴിയുടെ മൂത്തമകനാണ് രാരിച്ചൻ. അവനെക്കൂടാതെ രണ്ടു ഇളയകുട്ടികൾ കൂടി ആ കുടുംബത്തിലുണ്ട്. ഒരുവശത്ത് യന്ത്രസംവിധാനങ്ങളുള്ള പുതിയ ഓയിൽ മില്ല് വന്നതോടെ അവരുടെ ജീവനോപാധി അപകടത്തിലാകുന്നു; മറുവശത്ത് തന്റെ സ്വകാര്യ ആവശ്യത്തിനായി ജന്മി ചോഴിയുടെ കൂര ഒഴിപ്പിക്കാനുള്ള ശ്രമത്തിലുമാണ്.
ചതിയിലൂടെ അയാളുടെ കുടിൽ ജന്മി നശിപ്പിക്കുന്നതോടെ ചോഴിക്കുമുന്നിലുള്ള എല്ലാ വഴികളുമടയുന്നു; തന്റെ ജീവനോപാധിയും പാർപ്പിടവും തകർത്ത ജന്മിയെ കൊല്ലുന്ന അയാൾക്ക് കോടതി വധശിക്ഷ വിധിക്കുന്നു, അതോടെ ആ കുടുംബം തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും രാരിച്ചന്റെ അമ്മ നാരായണിയ്ക്ക് അവരുടെ മാനസികനില തെറ്റുകയും ചെയ്യുന്നു, അവരും മരിക്കുന്നതോടെ രാരിച്ചനും അനുജൻ കുട്ടിരാമനും അനാഥരായിത്തീരുന്നു. തുടർന്ന് നിർഭാഗ്യകരമായ സാഹചര്യത്തിൽ തന്റെ അനിയനെക്കൂടി നഷ്ടപ്പെടുന്നു. അതോടെ രാരിച്ചൻ തന്റെ ഗ്രാമം വിട്ട് ഒരു ലൈൻ ബസ്സിലെ സഹായിയായി ജോലി ചെയ്തുകൊണ്ട് അടുത്തുള്ള ഒരു ചെറുപട്ടണത്തിലെ തെരുവുകളിൽ അഭയം തേടുന്നു.
അവിടെ വെച്ച് അയാൾ കണ്ടുമുട്ടുന്ന ചായക്കടക്കാരി ബിയ്യാത്തുമ്മയുടെ കുടുംബത്തിന്റെയും ആ പട്ടണത്തിലെ തെരുവുജീവിതത്തിന്റെയും ഭാഗമായി അവൻ മാറുന്നു. രാരിച്ചനുചുറ്റും ഇപ്പോഴുള്ളത് പുതിയ ഒരു ലോകമാണ്: ചായക്കട നടത്തുന്ന ബിയ്യാത്തുമ്മ, മകൾ ഖദീജ, ശവപ്പെട്ടിക്കടക്കാരൻ കറിയാച്ചൻ, അയാളുടെ മകൾ അന്നമ്മ, ബിയ്യാത്തുവിന്റെ അയൽക്കാരനായ മുഹമ്മദലി അയാളുടെ ബാപ്പ സെയ്താലി, ദല്ലാളുകാരനായ ഖാദർ, പിന്നെ തെരുവിലലയുന്ന ചങ്ങാതിമാർ തുടങ്ങിയവരാണവർ.
സമ്പന്നകുടുംബത്തിൽ ജനിച്ച മുഹമ്മദലി ഖദീജയുമായി പ്രണയത്തിലാണ്. പക്ഷേ അയാളുടെ ബാപ്പയ്ക്ക് തന്റെ മകൻ ഒരു ചായക്കടക്കാരിയുടെ മകളെ സ്നേഹിക്കുന്നതിനോട് എതിർപ്പുണ്ട്. ശവപ്പെട്ടി വിൽപ്പനക്കാരനായ കറിയാച്ചന്റെ മകൾ അന്നമ്മയ്ക്കും മുഹമ്മദലിയോട് നിശ്ശബ്ദപ്രണയം ഉണ്ട്. എന്നാൽ അപ്പൻ കറിയാച്ചൻ അന്നമ്മയെ സ്വന്തം മതത്തിൽപ്പെട്ട ആർക്കെങ്കിലും വിവാഹം ചെയ്തുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ്.
ഖദീജയുടെ കാര്യം അതിലും പരിതാപകരമാണ്; ഖദീജയെത്തേടി വരുന്നത് അഞ്ചുവട്ടം വിവാഹിതനും നാലുവട്ടം മൊഴി ചൊല്ലിയവനുമായ ഹൈദ്രോസ് ഹാജിയുടെ വിവാഹാഭ്യർഥനയാണ്. സ്വാഭാവികമായും ഖദീജയ്ക്ക് ആ ബന്ധത്തിൽ ഒട്ടും താല്പര്യമില്ല. മറുവശത്ത് മുഹമ്മദലിയെ വിവാഹം ചെയ്തുകൊടുക്കണമെങ്കിൽ മുന്നൂറു രൂപ സ്ത്രീധനം വേണമെന്ന് അയാളുടെ ബാപ്പ ശാഠ്യം പിടിക്കുന്നു.
![](https://www.deshabhimani.com/images/inlinepics/rarichan%20286.jpg)
അതോടെ മുഹമ്മദലിയുമായുള്ള ഖദീജയുടെ വിവാഹം നടക്കുന്നു. മോഷണക്കുറ്റത്തിന് രാരിച്ചന്റെ ചങ്ങാതിയായ ശങ്കരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതോടെ ആ കുറ്റബോധം താങ്ങാനാവാതെ രാരിച്ചൻ കുറ്റം ഏറ്റുപറഞ്ഞ് നിയമത്തിനുമുന്നിൽ കീഴടങ്ങുന്നു. വൈകിയാണെങ്കിലും രാരിച്ചന്റെ ത്യാഗവും സ്നേഹവും തിരിച്ചറിയുന്ന മുഹമ്മദാലി പണം തിരിച്ചുകൊടുക്കുന്നുണ്ട് എങ്കിലും കോടതി നിയമപ്രകാരം രാരിച്ചനെ ശിക്ഷിക്കുന്നു. രാരിച്ചന് നീതിലഭിക്കണമെന്ന് വാദിക്കുന്ന അഭിഭാഷകൻ സമൂഹമനഃസാക്ഷിയെ ഉന്നംവയ്ക്കുന്ന രൂക്ഷമായ ചില ചോദ്യങ്ങൾ കോടതിമുറിയിൽ ഉന്നയിക്കുന്നുണ്ട് എങ്കിലും രാരിച്ചനെ നീതിന്യായവ്യവസ്ഥ ദുർഗുണപരിഹാരശാലയിലേക്ക് അയക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
3
ചിത്രത്തിന്റെ തുടക്കത്തിലുള്ള അശരീരിയും ഒടുവിലുള്ള ചോദ്യങ്ങളും പരസ്പരപൂരകങ്ങളാണ്: രാരിച്ചൻ എന്ന കിശോരബാലനെക്കുറിച്ചുള്ള വിവരണമാണ് തുടക്കത്തിലുള്ളത്; പിന്നീട് നമ്മൾ കാണുന്നത് സ്വന്തം കിടപ്പാടവും കുടുംബവും ജീവിതായോധനവും നഷ്ടപ്പെടുന്ന രാരിച്ചൻ സ്വന്തം നിലയിൽ ഒരു ജീവിതം കണ്ടെത്താനുള്ള ശ്രമങ്ങളാണ്. ഉത്തരവാദിത്തവും ആത്മാഭിമാനവുമുള്ള ഒരു പൗരനായിത്തീരാനുള്ള ആ യാത്രയിൽ, തന്റെ സഹജീവികളുടെ ദുഃഖം സഹിക്കാനാവാതെ ചെയ്യുന്ന കളവിനു ശിക്ഷയായി ഒടുവിൽ അവൻ എത്തിച്ചേരുന്നത് ഒരു ദുർഗുണപരിഹാര പാഠശാലയിലാണ്. അവന്റെ കുടുംബവും അവനും അവരുടെ ജീവിതത്തിൽ നേരിടുന്നത് ഏറ്റവും പ്രാഥമികമായ മാനുഷികാവശ്യങ്ങളാണ്: ഭക്ഷണം, പാർപ്പിടം, തൊഴിൽ, താനും തന്നെയും സ്നേഹിക്കുന്ന സഹജീവികളുടെ സൗഖ്യം, സന്തോഷം തുടങ്ങിയവയാണ്.
പട്ടണത്തിലെത്തുന്ന രാരിച്ചനെ ചൂഴ്ന്നുനിൽക്കുന്നത് തൊഴിലില്ലായ്മയും ദാരിദ്ര്യവും സൃഷ്ടിക്കുന്ന നിവൃത്തികേടിന്റേതായ ഒരു അന്തരീക്ഷമാണെങ്കിലും നൈതികമായ ജീവിതത്തെയും ജീവനത്തെയും കുറിച്ചുള്ള ഉത്കണ്ഠകൾ അതിൽ ആവർത്തിക്കപ്പെടുന്നതു കാണാം. ദാരിദ്ര്യത്തിന്റെ വക്കിൽ ജീവിക്കുന്ന ശവപ്പെട്ടിക്കടക്കാരൻ കറിയാച്ചനും ചായക്കട നടത്തുന്ന ബീയാത്തുമ്മയും രാരിച്ചനോട് പറയുന്നത് കളവു പറയരുത്, ഒരിക്കലും മോഷ്ടിക്കരുത് എന്നുമാണ്. പക്ഷേ ആ കിശോരപൗരന് നിലനിൽക്കുന്ന സമൂഹവ്യവസ്ഥയ്ക്കകത്ത് പ്രാഥമികാവശ്യങ്ങളും നൈതികജീവിതവുമെല്ലാം സ്വപ്നങ്ങൾ മാത്രമാണ്.
സമൂഹവും നിയമവ്യവസ്ഥയും കുറ്റകൃത്യം എന്നു വിശേഷിപ്പിക്കുന്ന ഒരു കൃത്യത്തിലേക്കാണ് അവൻ ഒടുവിൽ എത്തിപ്പെടുന്നത്.
(വാസ്തവത്തിൽ അവൻ ചെയ്യുന്നത് അന്യായമായി സമ്പാദിച്ച മുതൽ അതർഹിക്കുന്നവർക്ക് തിരിച്ചുനൽകുക മാത്രമാണ്) മനുഷ്യനായി ജീവിക്കാൻ ആഗ്രഹിക്കുന്ന അവനെ ചൂഴ്‌ന്നുനിൽക്കുന്നത് നീതിയില്ലാത്ത നിയമവ്യവസ്ഥയും കരുണയില്ലാത്ത സമ്പദ് വ്യവസ്ഥയും ആണ്. നിലനിൽക്കുന്ന നിയമവ്യവസ്ഥയാണ് തന്റേതായ രീതിയിൽ നീതി നടപ്പാക്കുന്ന രാരിച്ചനെ ശിക്ഷിക്കുന്നത്: ഏറ്റവും അടിസ്ഥാനപരമായ മാനുഷികതയും നീതിബോധവുമാണ് രാരിച്ചനെ നയിക്കുന്നത് എങ്കിൽ നിയമത്തിന്റെ യുക്തി നിലനിൽക്കുന്ന വ്യവസ്ഥയെ സംരക്ഷിക്കുന്ന ഒന്നാണ്. നിയമവും നീതിയും തമ്മിലുള്ള സംഘർഷം, നിലനിൽക്കുന്നതും നിലനിൽക്കേണ്ടതും തമ്മിലുള്ള വൈരുധ്യം ഇവയൊക്കെയാണ് ഈ ആഖ്യാനത്തിന്റെ സംഘർഷബിന്ദുക്കളായിത്തീരുന്നത്.
സാമൂഹികസാമ്പത്തികവ്യവസ്ഥകളിൽ വരുന്ന മാറ്റങ്ങളും അതിലകപ്പെടുന്ന മനുഷ്യാവസ്ഥകളും ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിലുണ്ട്: കുടിയാന്മാർക്ക് അനുകൂലമായ നിയമം ഉണ്ടെങ്കിലും (കാര്യസ്ഥനോട് ചോഴിയുടെ വീട് തകർക്കാൻ കല്പിക്കുമ്പോൾ അത് നിയമവിരുദ്ധമാണ് എന്നയാൾ പറയാൻ ശ്രമിക്കുന്നുണ്ട്). പരമ്പരാഗതമായ തൊഴിലുകൾക്കും അതുപജീവിച്ചു കഴിയുന്ന മനുഷ്യജീവികൾക്കും സംഭവിക്കുന്ന ദുരന്തം (മില്ലു വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന പരമ്പരാഗത തൊഴിലാളിയായ ചോഴി, അതുപോലെ യന്ത്രവൽക്കരണം മൂലം ജോലിനഷ്ടഭീഷണി നേരിടുന്ന മില്ല് തൊഴിലാളികൾ), ജന്മിത്വ വ്യവസ്ഥയിലെ അനീതി, തൊഴിലന്വേഷിച്ച് ഗ്രാമം വിട്ട് നഗരങ്ങളിലേക്കുള്ള പ്രയാണം, സ്നേഹത്തിന് വിലങ്ങായിത്തീരുന്ന വിശ്വാസങ്ങൾ, മതവും പുരുഷാധിപത്യവും അടിച്ചേല്പിക്കുന്ന അനാചാരങ്ങൾ തുടങ്ങി പല പ്രമേയങ്ങളും ഈ ആഖ്യാനത്തിൽ കടന്നുവരുന്നു.
സാമൂഹ്യനീതിയേയും അസമത്വങ്ങളേയും മനുഷ്യബന്ധങ്ങളിന്മേൽ സമൂഹം അടിച്ചേല്പിക്കുന്ന വിലങ്ങുകളേയും കുറിച്ച് അസ്വസ്ഥതയുളവാക്കുന്ന ഒട്ടേറെ ചോദ്യങ്ങൾ ഈ ചിത്രം കാണികളോട് ചോദിക്കുന്നുണ്ട്; ഇപ്പോഴും പല ചോദ്യങ്ങൾക്കും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നു മാത്രമല്ല പലതും പുതിയ മുഴക്കങ്ങൾ ആർജിക്കുന്നുമുണ്ട്.
4
ചിത്രീകരണരീതിയിലും അഭിനയശൈലികളിലും മറ്റും നാടകത്തിന്റേതായ രീതികൾ പിന്തുടരുന്നുണ്ട് എങ്കിലും അതിന്റെ പ്രമേയംകൊണ്ടും സാമൂഹികപ്രസക്തമായ കാഴ്ചപ്പാടുകളും നൈതികമായ നിലപാടുകളും കൊണ്ടും അതീവശ്രദ്ധേയമായ ഒരു ചിത്രമാണ് രാരിച്ചൻ എന്ന പൗരൻ. ഈ ചിത്രത്തിലെ രണ്ടു രംഗങ്ങൾ അവയുടെ ചിത്രീകരണരീതികൊണ്ടും ശബ്ദവിന്യാസം കൊണ്ടും ശ്രദ്ധേയമാണ്.
ആദ്യരംഗം ചോഴി തന്റെ കുടിലു തകർത്ത ജന്മിയെ കൊല ചെയ്യാനായി രാത്രി അയാളുടെ വീട്ടിലേക്ക് പോകുന്നതാണ്: വരാന്തയുടെ തറയിൽ രണ്ടു വേലക്കാർ കിടക്കുന്നുണ്ട്; അവർക്കു പിന്നിൽ ലോഹത്താഴിട്ട വാതിലും മുകളിൽ ചുമരിൽ തൂക്കിയിട്ട ദൈവചിത്രങ്ങളും കാണാം. തറയിൽ പുതച്ചുമൂടിയുറങ്ങുന്ന വേലക്കാരെ ഒഴിവാക്കി വാതിലിനടുക്കലേക്ക് ചോഴി പമ്മിനീങ്ങുമ്പോൾ തൂക്കിയിട്ട റാന്തൽ വിളക്കിന്റെ മൂട്ടിൽ അയാളുടെ തല തട്ടുന്നു.
ചുറ്റുമുള്ള ഇരുട്ടിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും ആടുന്ന ആ റാന്തൽ വെളിച്ചത്തിലാണ് പിന്നെയുള്ള ദൃശ്യങ്ങൾ അരങ്ങേറുന്നത്: വാതിലിൽനിന്ന് താഴെക്കിടക്കുന്ന വേലക്കാരിലേക്ക് നീങ്ങുന്ന പ്രകാശക്കീറിന്റെ ഇടതുവശത്തുനിന്നാണ് ചോഴി കത്തിയുമായി അകത്തേക്ക് കയറുന്നത്; കത്തിയുടെ പ്രകാശവും വാതിലിൽ പതിപ്പിച്ചിട്ടുള്ള മാവിൽമുക്കിപ്പതിച്ച കൈപ്പത്തികളും ആ ആടുന്ന വെളിച്ചത്തിൽ നമുക്കു കാണാം.
മെല്ലെ ആടി നിശ്ചലമാകുന്ന റാന്തൽ വിളക്കിന്റെ സമീപദൃശ്യത്തിലാണ് ഈ രംഗപംക്തി അവസാനിക്കുന്നത്. ചോഴിയുടെ ചഞ്ചലവും ഭ്രാന്തവുമായ മാനസികാവസ്ഥ, ഒരു കൊലപാതകത്തിന് തൊട്ടുമുമ്പുള്ള വലിഞ്ഞുമുറുകിയ അന്തരീക്ഷം; കൊലക്കത്തിയുമായി പതുങ്ങിനീങ്ങുന്ന ചോഴി, ഒന്നുമറിയാതെ താഴെയുറങ്ങുന്ന വേലക്കാർ, ചോഴിക്കും ശത്രുവിനുമിടയിലുള്ള ലോഹത്താഴിട്ട വാതിൽ, അതിൽ തെളിയുന്ന വെളുത്ത കൈപ്പത്തിമുദ്രകൾ, ഈ നാടകീയസംഘർഷങ്ങൾക്കുമുകളിൽ എല്ലാറ്റിനും മൂകസാക്ഷിയായി നിലകൊള്ളുന്ന ദൈവപടങ്ങൾ (ഇതിനു തൊട്ടുമുമ്പുള്ള രംഗത്തിൽ തന്റെ തകർന്നടിഞ്ഞ കൂരയ്ക്കു മുന്നിൽനിന്നുകൊണ്ട് ചോഴി “മേലെ ഒരുത്തനുണ്ടല്ലോ? നീ അവിടെയില്ലേ?” എന്ന് രോഷത്തോടെ ചോദിക്കുന്നുണ്ട്). ചുറ്റും രാത്രിശബ്ദങ്ങൾമാത്രം ഭഞ്ജിക്കുന്ന ഇരുണ്ട നിശ്ശബ്ദത. നിഴലും ഇരുട്ടും വെളിച്ചവും, മനുഷ്യരും വസ്തുക്കളും നിശ്ചലതയും ചലനങ്ങളും ശബ്ദവും അശബ്ദവുമെല്ലാം ഇവിടെ ഈ രംഗത്തിന്റെ നാടകീയതയുടെ ഘടകങ്ങളായി മാറുന്നു.
![](https://www.deshabhimani.com/images/inlinepics/rarichan%20poster.jpg)
ഇപ്പോൾ തെരുവിന്റെ ഒരറ്റത്ത് മലയ്ക്കുപോകാൻ മാലയിട്ട ഒരാൾ അകലെ കോണിയുമായിച്ചെന്ന് തെരുവുവിളക്കുകൾ അണച്ചുകൊണ്ടിരിക്കയാണ്. രാരിച്ചൻ തെരുവോരത്തുള്ള ഒരു വിളക്കുകാലിന് താഴെ ഇരിക്കുന്നു; വിളക്കുകാരൻ നടന്നുവന്ന് കോണിയിൽ കയറി ആ വിളക്കണയ്‌ക്കുന്നു; സമീപദൃശ്യത്തിലേക്ക് കട്ട് ചെയ്യുമ്പോൾ വിളക്കണയ്ക്കുന്നതോടെ രാരിച്ചന്റെ മുഖത്ത് ഇരുട്ടുപരക്കുന്നതു കാണാം. ക്യാമറ അകലെനിന്ന് സൂം ചെയ്യുമ്പോൾ അവന്റെ അരികിൽ ഒരു തെരുവുപട്ടിയുമുണ്ട്. പെട്ടെന്ന് അവനരികെ രണ്ടു കൈയുകൾ പ്രത്യക്ഷപ്പെടുന്നു: ഒന്നിൽ രൂപാനോട്ടുകളുണ്ട്, അതിനു താഴെയുള്ള കൈകൾ ആ കാശിനായി കൈനീട്ടുകയാണ്.
കൈകളുടെ ചലനത്തിനൊപ്പം രാരിച്ചന്റെ മുഖവും ശരീരവും സംഘർഷഭരിതമായി ചലിക്കുമ്പോൾ, താഴെയുള്ള കൈകൾ മറ്റേ കൈകളിൽനിന്ന് കാശു തട്ടിപ്പറിക്കയും അപ്പോൾത്തന്നെ ആ കൈകളിൽ വിലങ്ങുവീഴുന്നതും കാണാം. ആ ദുഃസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന് രാരിച്ചൻ തന്റെ കൈകളിൽ നോക്കുന്നതിനെ തുടർന്നുള്ളത് അവന്റെ മുഖത്തിന്റെ സമീപദൃശ്യങ്ങളുടെ ഒരു മൊണ്ടാഷ് ആണ്. ആ സമയത്ത് പശ്ചാത്തലത്തിൽ സംഗീതമുയരുന്നു; അത് ഒരു ഗാനത്തിന്റെ വരികളിലേക്ക് 'ഹല്ലാ ഹല്ലാ ഹല്ലല്ലാ /ഭാരം തിങ്ങിയ ജീവിതം /പ്രാണന്‍ തകരും ജീവിതം /ഏന്തിവലിച്ചു കിതച്ചു വിയര്‍പ്പില്‍ /നീന്തിത്തളരും ജീവിതം /കാലുകള്‍ തളരും ജീവിതം / കണ്ണീര്‍ ചൊരിയും ജീവിതം’ പുരോഗമിക്കുമ്പോൾ ദുഃഖിതരായിരിക്കുന്ന ബീയാത്തുമ്മയുടെയും ഖദീജയുടെയും ദൃശ്യങ്ങൾ കാണാം.
തുടർന്നുവരുന്നത് ഭാരമേറിയ കല്ലുകൾ കയറ്റിയ ഒരു വണ്ടിയുന്തുന്ന ഒരു കൂട്ടം തൊഴിലാളികളുടെ ശരീരത്തിന്റെയും മറ്റും പല ദൂരങ്ങളിൽനിന്നുള്ള ദൃശ്യങ്ങളാണ്. അവർ കടന്നുപോകുമ്പോൾ രാരിച്ചൻ വിളക്കിൻ കാലിന്റെയടുത്തുനിന്ന് എഴുന്നേൽക്കുന്നു. അപ്പോൾ അല്പമകലെ ഒരു തിണ്ണയിലിരുന്ന് പഴ്സിലെ കാശെണ്ണുന്ന കാര്യസ്ഥനെ അവൻ കാണുന്നു. പാട്ടിന്റെ താളവും ഈണവും മുറുകുമ്പോൾ കാര്യസ്ഥൻ ബസ്സിൽ കയറാനുള്ള തിരക്കിനിടയിലേക്ക് കയറുകയും രാരിച്ചൻ അയാൾക്കുപിന്നിലെത്തുകയും ചെയ്യുന്നു; പാട്ടിന്റെ ഗതിയും വേഗവും താളവും മൂർധന്യത്തിലേക്കുയരുമ്പോൾ കീശയിലിരിക്കുന്ന പഴ്സിന്റെയും രാരിച്ചന്റെ സംഘർഷഭരിതമായ മുഖത്തിന്റെയും മാറിമാറിയുള്ള ദൃശ്യങ്ങൾ കാണാം. തുടർന്ന് രാരിച്ചൻ മുന്നോട്ടുചെന്ന് പഴ്സ് തട്ടിയെടുത്ത് ഓടുന്നു. അതോടെ ഉച്ഛസ്ഥായിയിലെത്തിയ പാട്ടും അവസാനിക്കുന്നു.
രാരിച്ചന്റെ ആന്തരികസംഘർഷത്തിനൊപ്പിച്ചുള്ള ആ പാട്ടിന്റെ വരികളും മുറുകിവലിയുന്ന താളവും ഈ രംഗത്തിന് അതീവമായ തീവ്രതയണയ്ക്കുന്നു. അധ്വാനത്തിന്റെയും മനുഷ്യപേശികളുടെയും വിയർപ്പിന്റെയും ദൃശ്യങ്ങൾക്കകമ്പടിയായുള്ള ഈ പാട്ടിന്റെ വരികൾ അങ്ങേയറ്റം ചടുലവും ഒരു വിലാപം പോലെ വിങ്ങിപ്പൊട്ടുന്നതുമാണ്: അധ്വാനത്തെയും ജീവിതക്ലേശങ്ങളെയും അതിജീവനത്തെയും കുറിച്ചാണ് അത്: ‘ഉപ്പുപിടിച്ച വിയര്‍പ്പിന്‍ കടലില്‍ തപ്പിത്തടയും ജീവിതം /വിശപ്പിലെരിയും ജീവിതം /വിങ്ങിപ്പൊട്ടും ജീവിതം / കൂരിരുൾ തിങ്ങിയ വഴിയല്ലോ /മാരിക്കാറു നിറഞ്ഞല്ലോ / ഹല്ലാ ഹല്ലാ ഹല്ലല്ലാ/ ചാരം ചുറ്റും ചുഴലിക്കാറ്റ്/ ചങ്ങലപൊട്ടിച്ചലറുന്നു / ഹല്ല ഹല്ലാ ഹല്ലല്ലാ മുന്നിലെവഴിയിലു വലിയൊരു മിന്നലു/ചിന്നിച്ചിന്നിപ്പിടയുന്നു... ’
ഈ ചിത്രത്തിന്റെ മുഖ്യാകർഷണമായിരുന്നു പി ഭാസ്കരൻ കെ രാഘവൻ കൂട്ടുകെട്ട് ഒരുക്കിയ പാട്ടുകൾ: ശാന്താ പി നായർ
![ശാന്താ പി നായർ](https://www.deshabhimani.com/images/inlinepics/shantha%20p%20nair.jpg)
ശാന്താ പി നായർ
അതിനുപുറമെ ഗായത്രി പാടിയ ‘തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങിയല്ലോ' എന്ന ആമുഖഗാനം, പി ലീല പാടിയ ‘ചൂട്ടുവീശി പാതിരാവിൽ..., കല്ലേ കനിവില്ലേ... ' തുടങ്ങിയ ഗാനങ്ങൾ കെ രാഘവൻ മാസ്റ്റർ തന്നെ പാടിയ മുമ്പു സൂചിപ്പിച്ച' ഭാരം തിങ്ങിയ ജീവിതം, പ്രാണൻ തകരും ജീവിതം..', മെഹ്ബൂബ് പാടിയ 'പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട്... ' എന്നിവയെല്ലാം അക്കാലത്ത് ജനപ്രീതി നേടിയ ഗാനങ്ങളായിരുന്നു.
ഭാസ്കരന്റെ കാല്പനികഗീതകങ്ങൾക്ക് ഇവിടെ രാഘവൻ മാസ്റ്റർ നാടൻശീലുകളിലൂടെ രാഗവും ഈണവും പകർന്നു;
ഹിന്ദി തമിഴ് സിനിമാഗാനരീതികളിൽനിന്നും അതിന്റേതായ രാഗഗാനശൈലികളിൽനിന്നും സ്വതന്ത്രമായി, മലയാളസിനിമ അതിന്റെ സ്വന്തം ഈണവും ശബ്ദവും കണ്ടെത്തുന്നത് രാരിച്ചൻപോലുള്ള ചലച്ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ്.
ഹിന്ദി തമിഴ് സിനിമാഗാനരീതികളിൽനിന്നും അതിന്റേതായ രാഗഗാനശൈലികളിൽനിന്നും സ്വതന്ത്രമായി, മലയാളസിനിമ അതിന്റെ സ്വന്തം ഈണവും ശബ്ദവും കണ്ടെത്തുന്നത് രാരിച്ചൻപോലുള്ള ചലച്ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ്.
5
സാമ്പത്തിക പരിണാമങ്ങൾക്കിടയിൽപ്പെട്ട് ജീവിതവും ജീവനോപാധിയും നഷ്ടപ്പെടുന്ന മനുഷ്യരുടെയും സമൂഹത്തിന്റെയും കഥ രാരിച്ചൻ എന്ന പൗരൻ അവതരിപ്പിക്കുന്നു. ഒരു കുറ്റിയ്ക്കു ചുറ്റും കറങ്ങാൻ വിധിക്കപ്പെട്ട ചക്കുകാള അകപ്പെട്ടിരിക്കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽനിന്ന് തെറിച്ചുപോകുന്ന രാരിച്ചൻ എന്ന ബാലൻ എത്തിപ്പെടുന്നത് മനുഷ്യത്വരഹിതമായ മറ്റൊരു സാമൂഹ്യ സമ്പദ് വ്യവസ്ഥയിലേക്കാണ്. സ്വാതന്ത്ര്യത്തിലേക്കും പൗരത്വത്തിലേക്കുമുള്ള അവന്റെ യാത്ര അവസാനം എത്തിച്ചേരുന്നത് ഒരു ദുർഗുണപരിഹാരപാഠശാലയിലാണ്. ചിത്രത്തിൽ ഉള്ളടങ്ങിയ രൂക്ഷമായ ഈ സാമൂഹ്യവിമർശനമായിരിക്കാം ഒരു പക്ഷേ അന്നത്തെ സെൻസർ ബോർഡിനെയും അസ്വസ്ഥരാക്കിയത്.
![പി ഭാസ്കരൻ](https://www.deshabhimani.com/images/inlinepics/p%20baskeran.jpg)
പി ഭാസ്കരൻ
ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത ഇതിലെ കഥാപാത്രങ്ങളുടെ സംഭാഷണഭാഷയിലുള്ള വൈവിധ്യമാണ്: വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന നാട്ടുകാർക്കിടയിൽ തൃശൂർ ഭാഷ സംസാരിക്കുന്ന മത്തായിമാപ്ലയെയും കൊച്ചിഭാഷ സംസാരിക്കുന്ന മണവാളനെയും തിരുവിതാംകൂർ ഭാഷ പറയുന്ന കറിയാച്ചനുമുണ്ട്. ഇവർക്കിടയിൽ രാരിച്ചൻ സംസാരിക്കുന്ന സങ്കരഭാഷ അതിൽ പലവിധ ഇംഗ്ലീഷ് പദങ്ങളും ഭാഷാപ്രയോഗങ്ങളും ശൈലികളും കടന്നുവരുന്നു: കേരളം എന്ന പലമയുടെ സങ്കരഭാഷയാണ് രാരിച്ചന്റേത്. അവന് ചുറ്റുമുള്ളവർ പല മതങ്ങളിലും ജാതിയിലും. ഇവരുടെ ജീവിതങ്ങൾ പല കാരണങ്ങൾകൊണ്ട് കെട്ടുപിണയുന്ന ഒരിടമാണ് ആ ചെറുപട്ടണം.
അതിനു സമാനമായ ഒന്നാണ് ഗ്രാമത്തിനും പട്ടണത്തിനുമിടയിൽ ഓടുന്ന, രാരിച്ചന് ജോലി നൽകുന്ന, ആ ലൈൻബസ്. അത് ആധുനികമതേതര സമൂഹത്തിന്റെ രൂപകം തന്നെയാണ് ഈ ചിത്രത്തിൽ; വണ്ടിക്കൂലി നൽകാൻ പാങ്ങുള്ളവർക്കെല്ലാം അതിൽ കയറാം: ജാതി, മതം, സ്ഥാനം, സ്ഥിതി, വർഗം, പ്രായം, ലിംഗം തുടങ്ങിയ വേർതിരിവുകൾ അവിടെയില്ല. അതിലേക്ക് കയറാൻ ബദ്ധപ്പെടുകയും പ്രയാസപ്പെടുകയും ചെയ്യുന്ന പലരെയും നമുക്കു കാണാം: കച്ചവടക്കാർ, നാനാജാതിമതസ്ഥരായ യാത്രക്കാർ, ഓലക്കുടയും കുട്ടികളുമായി കയറാൻ ശ്രമിക്കുന്ന സ്ത്രീകൾ, മോട്ടോർ വാഹനത്തിന്റെ വേഗത താങ്ങാനാവാതെ ഛർദിക്കുന്നവർ തുടങ്ങി ഒരു ആധുനികവും മതേതരവുമായ ഒരു ബഹുലതയെ സ്വീകരിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന ആധുനികതയുടെ യന്ത്രം തന്നെയാണ് ആ ലൈൻബസ്.
6
രാരിച്ചൻ എന്ന പൗരൻ ഇറങ്ങുമ്പോഴേക്കും വിക്ടർ ഹ്യൂഗോയുടെ
![വിക്ടർ ഹ്യൂഗോ](https://www.deshabhimani.com/images/inlinepics/hugo.jpg)
വിക്ടർ ഹ്യൂഗോ
“എന്റെ കക്ഷി രാരിച്ചൻ എന്ന ഈ കുട്ടി കുറ്റം ചെയ്തിട്ടില്ല എന്ന് ഞാൻ വാദിക്കുന്നില്ല… എന്നാൽ ഇവൻ ശിക്ഷാർഹനാണോ എന്നത് മറ്റൊരു പ്രശ്നമാണ്... രാരിച്ചൻ കട്ടത് ശരിയാണ് പക്ഷേ സ്വതവേ അവൻ ഒരു കള്ളനല്ല... പിന്നെ എന്തിനീ കുട്ടി ആ കളവു ചെയ്തു? ഈ രാരിച്ചൻ ആരാണ്? അവൻ എവിടെനിന്നു വന്നു? സമുദായം ഏതുനിലയ്ക്കാണ് അവനെ എടുത്തത്? ഒരനാഥക്കുട്ടി, അമ്മയില്ല, അച്ഛനില്ല. ആരോ ദയാപൂർവം എറിഞ്ഞുകൊടുത്ത അല്പം ആഹാരം കഴിച്ചുകൊണ്ട് അവൻ വളർന്നു. അവന് വികാരങ്ങളേയുള്ളൂ, ചിന്തകളില്ല, വാക്കുകളേയുള്ളൂ ആശയങ്ങളില്ല, കണ്ണുകളേയുള്ളൂ ദൂരക്കാഴ്ചയില്ല.
![രാമു കാര്യാട്ട്](https://www.deshabhimani.com/images/inlinepics/ramukaryattu.jpg)
രാമു കാര്യാട്ട്
ഇവനിങ്ങനെയായത് ഇവന്റെ കുറ്റമാണോ?... കുറ്റം നടന്നുവന്ന വഴി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം കേസുകളിൽ പ്രതിയുടെ ജീവിതപരിതസ്ഥിതികൾക്ക് വലിയൊരു പങ്കുണ്ട്... ഈ പരിതസ്ഥിതിയിൽ എന്റെ കക്ഷി ശിക്ഷാർഹനല്ല എന്നതാണെന്റെ വാദം. മർദനവും സ്നേഹശൂന്യതയും മാത്രം അനുഭവപ്പെട്ടിട്ടുള്ള ഒരു കൊച്ചുകുട്ടിക്ക് ദൗർഭാഗ്യകരമായ വിധത്തിൽ ഒരു താൽക്കാലിക മാനസികവിക്ഷോഭം ഉണ്ടായി. അവനെന്തോ ചെയ്തു. പണത്തിനു വേണ്ടി കട്ടതല്ലെന്ന് വ്യക്തമാണ്... അതുകൊണ്ട് ഒരു താക്കീതോടുകൂടി അവനെ വിട്ടയക്കേണ്ടതാണെന്നും ഒരു സ്വതന്ത്രപൗരനായി വളരാൻ അവനെ അനുവദിക്കേണ്ടതാണെന്നും ബഹുമാനപ്പെട്ട കോടതിയെ ബോധിപ്പിച്ചുകൊള്ളട്ടെ”.
റഫറൻസ്:
എം ജയരാജ്, മലയാളസിനിമ പിന്നിട്ട വഴികൾ, 2018, മാതൃഭൂമി ബുക്സ്
പി ഭാസ്കരൻ, ആത്മകഥ, 2015 മാതൃഭൂമി ബുക്സ്
No comments:
Post a Comment