Thursday, January 05, 2023

അരവിന്ദന്റെ വരയിൽ 
അനശ്വരനായ ശബരിനാഥ്‌


 ശബരിനാഥ്‌ (ഇടത്തേയറ്റം) അരവിന്ദനും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം 


കൊച്ചി 

 പ്രതിഭാധനനായ ചിത്രകാരനും കാർട്ടൂണിസ്‌റ്റും ആയിരുന്നിട്ടും മാതൃഭൂമി ആഴ്‌ചപ്പതിപ്പിലൂടെ ജനപ്രീതി നേടിയ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ കാർട്ടൂൺ പരമ്പരയിലെ രാമുവായാണ്‌ ശബരിനാഥ്‌ അറിയപ്പെട്ടത്‌. ജി അരവിന്ദൻ അനശ്വരമാക്കിയ രാമുവുമായി ശബരിനാഥിനുണ്ടായിരുന്ന രൂപ–-ഭാവ സാമ്യം അത്രയേറെയായിരുന്നു. ഇരുവരും അയൽക്കാരും സഹപാഠികളും ആത്മബന്ധുക്കളുമായിരിക്കെ ശബരിനാഥിന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ്‌ അതേ പ്രതിഛായയിൽ അരവിന്ദൻ രാമുവിനെ സൃഷ്‌ടിച്ചത്‌. കുരുവിക്കൂടുപോലുള്ള മുടിയും കൂർത്തതാടിയുള്ള മുഖവും മാത്രമായിരുന്നില്ല ശബരിനാഥിൽനിന്ന്‌ അരവിന്ദൻ രാമുവിലേക്ക്‌ സംക്രമിപ്പിച്ചത്‌. 

തിരുനക്കര വെടിവട്ടത്തിൽ അരവിന്ദൻ ഉൾപ്പെടെ യുവസംഘം കണ്ടതും പറഞ്ഞതും ആശങ്കപ്പെട്ടതുമെല്ലാം കടന്നുകൂടി. രാമുവിന്റെ ഇടത്തരം കുടുംബത്തിലെ ആകുലതകൾക്കൊപ്പം അക്കാലത്തിന്റെ പൊങ്ങച്ചങ്ങൾ, രാഷ്‌ട്രീയം, സിനിമ, സംഗീതം ഒക്കെ വന്നുപോയി. അരവിന്ദനും ശബരിനാഥും ട്യൂട്ടോറിയൽ കോളേജ്‌ അധ്യാപകരായിരുന്ന കാലത്തെ ഓർത്താകണം, നീയൊരു ചെറിയ റിട്ടയേർഡ്‌ പ്രൊഫസറാണെന്ന്‌ കേൾക്കുന്നല്ലോ എന്ന്‌ കാർട്ടൂണിൽ ഒരിടത്ത്‌ രാമുവിനോട്‌ സുഹൃത്ത്‌ പറയുന്നു. അതിനോട്‌, ‘ലോർക എവിടെയോ ഓന്തിനെ ഒരുതുള്ളി മുതല എന്ന്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌’ എന്നാണ്‌ അരവിന്ദന്റെ ആത്മഛായയുള്ള ഗുരുജിയുടെ പ്രതിവചനം. അരവിന്ദനും ശബരിനാഥും ഉൾപ്പെട്ട വലിയ ലോകത്തുനിന്ന്‌ അത്തരം എത്രയോ സന്ദർഭങ്ങൾ 13 വർഷം ആഴ്‌ചപ്പതിപ്പിൽ തുടർന്ന കാർട്ടൂൺ പരമ്പരയിൽ കണ്ടെടുക്കാം. 


ചെറിയ മനുഷ്യരും വലിയ ലോകവും കാർട്ടൂൺ 
പരമ്പരയിൽ ശബരിയുടെ ഛായയിൽ അരവിന്ദൻ 
വരച്ച രാമു 


താനും അരവിന്ദനും ചേർന്ന കൂടിയാലോചനയിലാണ്‌ അത്തരമൊരു കാർട്ടൂൺ പശ്‌ചാത്തലം രൂപപ്പെട്ടതെന്ന്‌ പിൽക്കാലത്ത്‌ ശബരിനാഥ്‌ വിശദീകരിച്ചിട്ടുണ്ട്‌. റബർ ബോർഡ്‌ ഉദ്യോഗസ്ഥനായി അരവിന്ദൻ കോതമംഗലത്ത്‌ ജോലി ചെയ്യുന്ന 1960 കാലത്താണത്‌. ശബരിയുടെ അഭിപ്രായത്തിൽ, കാർട്ടൂണിൽ കണ്ടവരെല്ലാം ചുറ്റുമുള്ളവരുടെ പ്രതിഛായയുള്ളവരാണ്‌. തന്റെ സഹോദരൻ എൻ ഗോപാലകൃഷ്‌ണനും സഹപാഠി ഡോ. ഗോപിയും ചേർന്നതാണ്‌ കാർട്ടൂണിലെ ഗോപി. ഡോ. ഗോപിയുടെ ഭാര്യയായിരുന്ന മധ്യപ്രദേശുകാരിയാണ്‌ അപൊർണ എന്ന ബംഗാളി. നാട്ടിൽ കച്ചവടം നടത്തിയിരുന്ന മുഹമ്മദാണ്‌ അബുവായത്‌. കോട്ടയംകാരനായ ശബരിനാഥ്‌ ഫാക്‌ടിൽ കൊമേഴ്‌സ്യൽ ആർട്ടിസ്‌റ്റായാണ്‌ കൊച്ചിയിലെത്തിയത്‌. തോഷിബ ആനന്ദിൽ ഉദ്യോഗസ്ഥയായിരുന്ന സരോജത്തെ വിവാഹം കഴിച്ച്‌ ഏലൂരിൽ താമസമാക്കി. പിന്നീട്‌ ആലുവയിലും ഒടുവിൽ തൃക്കാക്കരയിലും താമസിക്കുമ്പോൾ പഴയ കുരുവിക്കൂട്‌ തലമുടിയുടെയും കൂർത്ത താടിയുള്ള മുഖത്തിന്റെയും സ്ഥാനത്ത്‌ തോളൊപ്പം നീണ്ട തലമുടിയും നരച്ച ഊശാൻ താടിയുമായി. എന്നിട്ടും, തിരുനക്കര മാതൃകയിൽ തൃക്കാക്കരയിൽ രൂപപ്പെട്ട സായാഹ്ന വെടിവട്ടത്തിൽ പലരും പഴയ രാമുവിനെ തിരിച്ചറിഞ്ഞു.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive